കേരളത്തെ വ്യവസായ ഭൂപടത്തിൽ അടയാളപ്പെടുത്തിയ സി.ആർ. കേശവൻ വൈദ്യർ

സി.ആർ കേശവൻ വൈദ്യരുടെ 23 -ാം സ്മരണ ദിവസമായിരുന്നു നവംബർ 6

വിനയമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. എളിമയും ലാളിത്യവും പുലർത്തിയ അദ്ദേഹത്തെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടായിരുന്നില്ല. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അമരക്കാരനായി പ്രവർത്തിച്ച അദ്ദേഹത്തിന് ഒരു കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നിട്ടുണ്ട്. പൊതുപ്രവർത്തനത്തിലൂടെ നേടുകയല്ല, മറ്റുള്ളവർക്ക് കൊടുക്കയാണ് വൈദ്യർ ചെയ്തത്.

സി.ആർ. കേശവൻ വൈദ്യരും സഹധർമ്മിണി കാർത്ത്യായനി അമ്മയും

‘അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം’ എന്ന ഗുരുദേവ വചനങ്ങൾ സ്വജീവിതത്തിൽ പ്രാവർത്തികമാക്കിയ കർമ്മ ശ്രേഷ്ഠനും വ്യവസായ പ്രമുഖനുമായിരുന്നു സി.ആർ കേശവൻ വൈദ്യർ. കേരളത്തിൽ അധികം വ്യവസായ സ്ഥാപനങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത് ‘ചന്ദ്രിക’ സോപ്പ് എന്ന ബ്രാൻഡിലൂടെ കേരളത്തെ ഇന്ത്യൻ വ്യവസായ ഭൂപടത്തിൽ അടയാളപ്പെടുത്തിയ വ്യവസായി. എസ്.എൻ.ഡി.പി യോഗം അദ്ധ്യക്ഷൻ, എസ്.എൻ ട്രസ്റ്റ് ഭാരവാഹി, ചന്ദ്രിക ഗ്രൂപ്പ് സ്ഥാപകൻ,
സിദ്ധവൈദ്യൻ, ഗ്രന്ഥകർത്താവ് എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്ന സി.ആർ കേശവൻ വൈദ്യരുടെ 23 -ാം സ്മരണ ദിവസമായിരുന്നു നവംബർ 6.
കോട്ടയം മീനച്ചിൽ രാമപുരം കൊണ്ടാടു ഗ്രാമത്തിൽ 1904 ആഗസ്റ്റ് 26 ന് മർമ്മ ചികിത്സകനും കർഷകനുമായ ചുള്ളിക്കാട് രാമന്റെയും വിഷവൈദ്യ ചികിത്സകയായ കുഞ്ഞിളയിച്ചിയുടെയും ആറാമത്തെ പുത്രനായാണ് കേശവൻ വൈദ്യരുടെ ജനനം.

ചെറുപ്പ കാലം മുതലേ പൊതുപ്രവർത്തനത്തിൽ ആകൃഷ്‌ടനായ അദ്ദേഹത്തിന്റെ വഴികാട്ടി ശ്രീനാരായണ ഗുരുദേവനായിരുന്നു. വിദ്യാർത്ഥിയായിരിക്കുമ്പോഴേ ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. ശ്രീനാരായണ സേവാ സംഘവും ഭജനമഠവും സ്ഥാപിച്ചു. നാട്ടിനടുത്തുള്ള സ്ഥലങ്ങൾ കൂടാതെ തൊടുപുഴ, മീനച്ചൽ താലൂക്കുകളിലും എസ്.എൻ.ഡി.പി ശാഖകൾ സ്ഥാപിക്കാനായി യത്നിച്ചു. വൈക്കം സത്യാഗ്രഹത്തിലും ഗുരുവായൂർ സത്യാഗ്രഹത്തിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 25-ാം വയസ്സിൽ കാർത്ത്യായനിയമ്മയെ വിവാഹം കഴിച്ചു. പൊതുപ്രവർത്തനം വലിയ കടബാദ്ധ്യതയിലാണ് കാര്യങ്ങളെത്തിച്ചത്. നാട്ടിൽ സ്വന്തം പേരിലുണ്ടായിരുന്ന വീടും പുരയിടവും വിറ്റ് കടം വീട്ടിയ ശേഷം മിച്ചമുള്ളതും കൊണ്ട് സ്ഥലം വിടുകയേ നിവൃത്തി ഉണ്ടായിരുന്നുള്ളൂ. സഹകരണസംഘം സെക്രട്ടറി, ആധാരം എഴുത്ത്, കൊപ്രകച്ചവടം, പലചരക്ക് കച്ചവടം തുടങ്ങിയവയെല്ലാം നഷ്ടത്തിലാണ് കലാശിച്ചത്. കടക്കെണിയിൽ നിന്ന് രക്ഷനേടാൻ രാമപുരത്തു നിന്ന് വൈക്കത്തേയ്ക്കും അവിടെ നിന്ന് എറണാകുളം, ആലുവ വഴി ചുറ്റിത്തിരിഞ്ഞ് 1934 നവംബറിൽ തൃശൂരിലെത്തി. ഈ കാലയളവിലാണ് വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം എന്നിവയിൽ പങ്കെടുത്തത്. ശ്രീനാരായണഗുരുവിനെ നേരിൽ കാണാനുള്ള സൗഭാഗ്യവും വൈദ്യർക്കുണ്ടായി. ജീവിതത്തിൽ അദ്ദേഹം പിന്നിട്ട പാതകൾ അതികഠിനവും കല്ലും മുള്ളും നിറഞ്ഞതുമായിരുന്നു. ജീവിത പ്രാരാബ്ധങ്ങളെയും വെല്ലുവിളികളെയും കഠിന പ്രയത്നത്താൽ പോരാടി ജയിച്ച ജീവിതകഥ പുതിയ തലമുറയ്ക്ക് ജീവിത വിജയം കൈവരിക്കാനുള്ള മാതൃകയാണ്.

ഒരു പൈസ പോലും കയ്യിലില്ലാതായപ്പോൾ വൈദ്യർ തന്റെ ഷർട്ടിൽ തുന്നിപ്പിടിപ്പിച്ചിരുന്ന സ്വർണ്ണബട്ടൺ വിറ്റ് വിശപ്പും ദാഹവും അടക്കിയ അനുഭവം അദ്ദേഹം തന്നെ പിൽക്കാലത്ത് തന്റെ സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്. തൃശൂരിൽ എത്തിയ വൈദ്യർ ആദ്യം പോയത് കൂർക്കഞ്ചേരിയിലുള്ള രാമാനന്ദ സ്വാമിയുടെ സിദ്ധവൈദ്യാശ്രമത്തിലേയ്ക്കാണ്. വൈദ്യരിലെ നന്മ മനസ്സിലാക്കിയ സ്വാമി ആദ്യം കലവറ സൂക്ഷിപ്പുകാരനായും, പിന്നീട് മാനേജരായും ജോലി നൽകി. സിദ്ധവൈദ്യവും അവിടെനിന്ന് പഠിച്ചു.

വലിയ മുതൽ മുടക്കോ ഉന്നതവിദ്യാഭ്യാസമോ ഇല്ലാത്തവർക്കും ഭൂമിയിൽ പലതും ചെയ്യാനാകുമെന്ന് സ്വാമിയാണ് വൈദ്യരെ ഉപദേശിച്ചത്. തുടർന്ന് സ്വാമിയുടെ അനുഗ്രഹാശിസ്സുകളോടെ ഇരിങ്ങാലക്കുടയിൽ സിദ്ധവൈദ്യശാല ആരംഭിച്ചു. ചികിത്സയോടൊപ്പം സോപ്പ് നിർമ്മാണവും തുടങ്ങി. വൈദ്യരും ഭാര്യയും കൂടി ഉണ്ടാക്കിയിരുന്ന സോപ്പാണ് ‘ചന്ദ്രിക സോപ്പ്’. അത് ഇരുമ്പ് പെട്ടികളിലാക്കി തലയിൽ ചുമന്ന് നടന്നാണ് ആദ്യകാലത്ത് വില്പന നടത്തിയത്. ത്വക്ക് രോഗ നിവാരണത്തിനായി ഉപയോഗിച്ചിരുന്ന സോപ്പിൽ ആവശ്യമായ ചേരുവകൾ കൂട്ടിച്ചേർത്താണ് സ്‌നാനസോപ്പാക്കി വിപണനം തുടങ്ങിയത്. കുടിൽ വ്യവസായമെന്ന രീതിയിൽ യന്ത്രസഹായമില്ലാതെ ശുദ്ധമായ വെളിച്ചെണ്ണയും ഔഷധക്കൂട്ടും ചേർത്തുണ്ടാക്കുന്ന സോപ്പിന് പ്രചാരമേറി. സംസ്ഥാനം കടന്ന് ഇന്ത്യ ഒട്ടാകെയും വിദേശരാജ്യങ്ങളിലും സോപ്പിന് വലിയ പ്രചാരം ലഭിച്ചതോടെ വൻവ്യവസായമായി. മുംബൈ വ്യവസായ മേഖലയിലെ കുത്തകകൾക്കൊപ്പം ചന്ദ്രിക സോപ്പിന്റെ പ്രചാരം എത്തിക്കാൻ കഴിഞ്ഞത് വൈദ്യരുടെ ബുദ്ധിപൂർവമായ നീക്കങ്ങൾ കൊണ്ടായിരുന്നു. വൈദ്യർ സമ്പന്നനായി, സമ്പത്ത് വർദ്ധിക്കുന്തോറും വൈദ്യരുടെ എളിമയും ഗുരുഭക്തിയും വർദ്ധിച്ചു. ഗുരുദേവ ദർശനം സ്വന്തം ജീവിതത്തിലൂടെ പകർന്ന് നൽകിയ അദ്ദേഹം തന്റെ സമ്പാദ്യത്തിന്റെ ഒരു പങ്ക് സമുദായ നന്മയ്ക്കും സമൂഹ ഉദ്ധാരണത്തിനുമായി ചിലവഴിച്ചു.

വിദ്യാഭ്യാസം സാധാരണക്കാരിലെത്തിക്കാൻ ‘ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റ്’ സ്ഥാപിച്ചു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സ്‌കൂളുകൾക്ക് പുറമെ ടി.ടി.സി, നഴ്‌സിംഗ് കോളേജ്, ലൈബ്രറി, മതമൈത്രി നിലയം, ആതുര ശുശ്രൂഷാകേന്ദ്രങ്ങൾ, ലാൽ ഹോസ്പിറ്റൽ തുടങ്ങിയ സംരംഭങ്ങളെല്ലാം സാധുജനങ്ങളെക്കൂടി ഉദ്ദേശിച്ചുള്ളതാണ്.
ഇരിങ്ങാലക്കുടയിലെ മുകുന്ദപുരം എസ്.എൻ.ഡി.പി യൂണിയൻ ഓഫീസും അതിനുവേണ്ട സ്ഥലവും വൈദ്യർ സംഭാവനയായി നിർമ്മിച്ച് സമർപ്പിച്ചിട്ടുള്ളതാണ്.

ഇരിങ്ങാലക്കുട മതമൈത്രീ നിലയത്തിന് മുന്നിൽ സ്ഥാപിച്ച ഗുരുദേവ വചനങ്ങൾ കൊത്തിയ സ്തൂപവും അരുവിക്കരയിൽ സ്ഥാപിച്ചിട്ടുള്ള സ്തൂപവും വൈദ്യരുടെ സംഭാവനകളാണ്.

വിനയമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. എളിമയും ലാളിത്യവും പുലർത്തിയ അദ്ദേഹത്തെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടായിരുന്നില്ല. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അമരക്കാരനായി പ്രവർത്തിച്ച അദ്ദേഹത്തിന് ഒരു കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നിട്ടുണ്ട്. പൊതുപ്രവർത്തനത്തിലൂടെ നേടുകയല്ല, മറ്റുള്ളവർക്ക് കൊടുക്കയാണ് വൈദ്യർ ചെയ്തത്.

ചന്ദ്രിക സോപ്പ് ഇന്ത്യയൊട്ടാകെ പ്രശസ്തമായതോടെ കേശവൻ വൈദ്യരുടെ ഭാഗ്യം തെളിഞ്ഞു. പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റായും എസ്.എൻ. ട്രസ്റ്റ് ഭാരവാഹിയായും പ്രവർത്തിച്ച അദ്ദേഹം ചന്ദ്രിക വിദ്യാഭ്യാസ ട്രസ്റ്റ് പ്രസിഡന്റ്, കലാമണ്ഡലം ഭരണസമിതി അംഗം, ഗുരുവായൂർ ക്ഷേത്രപുനരുദ്ധാരണ സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഇരിങ്ങാലക്കുടയിലെ ഉണ്ണായി വാര്യർ കലാനിലയത്തിന്റെ വളർച്ചയിലും വൈദ്യരുടെ കയ്യൊപ്പുണ്ട്. എസ്.എൻ. എഡ്യൂക്കേഷണൽ സൊസൈറ്റി, ഇരിങ്ങാലക്കുട എസ്.എൻ ക്ലബ് എന്നിവയെല്ലാം വൈദ്യർ നേതൃത്വം നൽകി രൂപീകരിച്ച സ്ഥാപനങ്ങളാണ്. 1953 ൽ സാമൂതിരി രാജാവ് വൈദ്യരത്നം ബഹുമതി നൽകി ആദരിച്ചു. പ്രത്യൗഷധ ചികിത്സയും പ്രഥമ ചികിത്സയും എന്നൊരു വൈദ്യശാസ്ത്ര ഗ്രന്ഥം അദ്ദേഹം എഴുതി. ശ്രീനാരായണ ഗുരുവും കുമാരനാശാനും, ഡോ. പൽപ്പു മുതൽ മുണ്ടശ്ശേരി വരെ, വിചാരദർപ്പണം, ശ്രീനാരായണഗുരുവും സഹോദരൻ അയ്യപ്പനും തുടങ്ങി ഏതാനും ഗ്രന്ഥങ്ങളുടെയും കർത്താവാണ് അദ്ദേഹം. 1966 കാലഘട്ടത്തിലാണ് അദ്ദേഹം എസ്.എൻ.ഡി.പി യോഗം പ്രസിഡന്റായി പ്രവർത്തിച്ചത്. രാഷ്ട്രീയ,സാമൂഹിക രംഗത്തെ പ്രധാന നേതാക്കളുമായെല്ലാം നല്ല സൗഹൃദത്തിലായിരുന്ന അദ്ദേഹം
1999 നവംബർ ആറിനാണ് വിടവാങ്ങിയത്. മണിലാൽ, ഡോ. രവി, ജിനൻ, ലീല, നളിനി, ശാന്ത എന്നിവർ മക്കളാണ്.

Author

Scroll to top
Close
Browse Categories