അവാർഡുകളുടെ കാളയോട്ടം

വയലാർ അവാർഡിൻ്റെ ചരിത്രത്തിൽ ഒരാൾക്കു മാത്രമാണ് ജീവചരിത്രത്തിനുള്ള അവാർഡ് ലഭിച്ചിട്ടുള്ളത്.രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിൻ്റെ ദീർഘകാല അംഗവും സെക്രട്ടറിയുമായിരുന്നിട്ടുള്ള പ്രൊഫ.എം.കെ.സാനുവിൻ്റെ ‘ചങ്ങമ്പുഴ കൃഷ്ണപിള്ള:നക്ഷത്രങ്ങളുടെ സ്നേഹഭാജനം’ എന്ന കൃതിക്ക്. എത്ര ചെറിയ അവാർഡായാലും അതിൻ്റെ സംഘാടകർ പാലിക്കേണ്ട ഒരു മര്യാദയുണ്ട്. അതിൻ്റെ ഉടമസ്ഥരോ ജൂറി അംഗങ്ങളോ ആയിരിക്കുന്നവർ അത് സ്വീകരിക്കാതിരിക്കുക. വയലാർ അവാർഡിൻ്റെ ഉടമസ്ഥർക്ക് ഇല്ലാതെ പോയത് അതാണ്. ഉടമസ്ഥരായിരിക്കുമ്പോൾ തന്നെ അവാർഡ് സ്വീകരിക്കാൻ അവർക്ക് യാതൊരുളുപ്പുമുണ്ടായില്ല.

കേരള സാഹിത്യ അക്കാദമിയുടെ കഴിഞ്ഞ വർഷത്തെ കവിതാ പുരസ്കാരം എൻ.ജി.ഉണ്ണികൃഷ്ണനായിരിക്കുമെന്ന് അവാർഡ് പ്രഖ്യാപനത്തിന് രണ്ടു മാസം മുൻപ്, അതായത് അവാർഡു കൃതികൾ ക്ഷണിച്ചുതുടങ്ങിയ ഘട്ടത്തിൽ തന്നെ ഞാൻ അറിഞ്ഞിരുന്നുവെന്ന് സൂചിപ്പിച്ച് ഞാൻ ഒരു എഫ്. ബി പോസ്റ്റിട്ടിരുന്നു. അക്കാദമി അവാർഡു കിട്ടുക എന്നത് ജീവിതത്തിന്റെ മോക്ഷപ്രാപ്തിയായി കരുതുകയും അതിനു വേണ്ടി എന്തുമാത്രം വിധേയത്വം സ്വീകരിക്കാനും തയ്യാറായി നിൽക്കുകയും ചെയ്യുന്ന ചെറുപ്പക്കാരായ ചില കവികളുടെ നേർക്ക് അല്പം പരിഹാസം നിറഞ്ഞ സഹതാപം പ്രകടിപ്പിക്കുക മാത്രമായിരുന്നു എന്റെ പോസ്റ്റിന്റെ ലക്ഷ്യം.എന്നാൽ എന്റെ പരിഹാസം അക്കാദമി പ്രസിഡന്റായ സച്ചിദാനന്ദനിൽ ചെന്നു തറയ്ക്കുകയും അതിൽ ക്ഷുഭിതനായ അദ്ദേഹം ഞാൻ പറയുന്നത് പച്ചക്കള്ളമാണെന്നും വെറും ഊഹം മാത്രമാണെന്നും അന്ന് പറയുകയുണ്ടായി.

അക്കാദമി അവാർഡ് ആർക്കു കിട്ടിയാലും എനിക്ക് യാതൊരു വിഷമവുമില്ല. കാരണം ഒരുകാലത്തും അക്കാദമി അവാർഡിനോട് എനിക്ക് യാതൊരു മമതയും ബഹുമാനവും തോന്നിയിട്ടില്ല. പക്ഷേ, അതിനകത്തു നടക്കുന്ന അവാർഡു കളികളെക്കുറിച്ച് പറയാതിരിക്കാനും കഴിയില്ല. കാരണം അത് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്. എല്ലാക്കാലത്തും അത് ഇഷ്ടക്കാർക്ക് സംഘടിപ്പിച്ചു കൊടുക്കുന്ന ഒന്നായി മാത്രമേ എനിക്ക് തോന്നിയിട്ടുള്ളു.

സച്ചിദാനന്ദൻ പറയുന്നത് നോക്കുക:
“ഇത് പച്ചക്കള്ളം. വളരെ കർശനമാണ് അക്കാദമിയുടെ പുരസ്കാര നിർണ്ണയ രീതി. ഏഴ് പേര് ചേർന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യുന്നു, മൂന്നു ജഡ്ജിമാർ പരസ്പരം അറിയാതെ മാർക്ക് ഇടുന്നു. അക്കാദമി ബോർഡ് കൂടുന്നതിന്റെ അൽപ്പം മുൻപ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ലൈബ്രേറിയൻ എന്നിവർ ഒന്നിച്ചിരുന്ന് സീൽ ചെയ്ത കവറുകൾ തുറക്കുന്നു, ഗ്രേഡുകൾ യാന്ത്രികമായി കൂട്ടിയിടുന്നു. കൂടുതൽ ഗ്രേഡ് ഉള്ളയാൾക്ക് അവാർഡ് കിട്ടുന്നു.അക്കാദമിക്ക്.ഇതിൽ പങ്കില്ല. സമഗ്ര സംഭാവനയും ഫെല്ലോഷിപ്പും അക്കാദമി ബോർഡ് ചർച്ച ചെയ്ത് തീരുമാനിക്കുന്നു. ഇതിൽ ഒരാൾക്കും ഇടപെടാൻ ആവില്ല. പ്രസ്സ് കോൺഫറൻസ് നടത്തും മുൻപ് , അന്ന് രാവിലെ ബോർഡ് അംഗങ്ങൾ മാത്രമാണ് ഫലം അറിയുക. നിശ്ചയമായും പേര് പറയണം. അകത്ത് നിന്ന് ചോർന്നെങ്കിൽ നടപടി എടുക്കും. അത് പോലും സാദ്ധ്യമല്ല. ഊഹങ്ങൾ നടത്തുന്നവരാണ് പ്രവച്ചിച്ചതെങ്കിൽ. ഒന്നും പറയാനില്ല.”

എം.കെ.സാനു

വളരെ കർശനമാണ് അക്കാദമിയുടെ പുരസ്‌കാര നിർണ്ണയ രീതി എന്നാണ് അക്കാദമി പ്രസിഡന്റ് പറയുന്നത്. എന്നാൽ ഈ അവകാശ വാദം യാതൊരടിത്തറയുമില്ലാത്തതാണ്. പ്രശ്നം ഷോർട്ട് ലിസ്റ്റ് ചെയ്യുന്നിടത്ത് തുടങ്ങുന്നു. അയച്ചു കിട്ടുന്ന നൂറോ ഇരുനൂറോ അല്ലെങ്കിൽ എത്രയെങ്കിലുമോ പുസ്തകങ്ങൾ മുഴുവൻ വായിച്ചു നോക്കിയിട്ടാണോ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നത്? അങ്ങനെ ഏല്പിക്കപ്പെടുന്ന ആ ഏഴു പേർ ആരെല്ലാമാണ്? അത് മറച്ചുവയ്ക്കേണ്ട കാര്യമില്ല. അങ്ങനെ ഏല്പിക്കപ്പെട്ടവർ കൃത്യമായി കവിത വായിക്കുന്നവരും അത് വിലയിരുത്താൻ ശേഷിയുള്ളവരുമാണോ? ഇവർ ഷോർട് ലിസ്റ്റ് ചെയ്ത പുസ്തകങ്ങൾ വായിച്ചു നോക്കിയിട്ടു തന്നെയാണോ അതോ ഇഷ്ടക്കാരുടെ പുസ്തകങ്ങളാണോ അവർ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നത്. അതോ അവാർഡ് കൊടുക്കാൻ ആഗ്രഹിക്കുന്ന ആളിന്റെ പുസ്തകവും ആ പുസ്തകത്തെ മറികടക്കാൻ ശേഷിയില്ലെന്ന് തോന്നുന്ന പുസ്തകങ്ങളുമാണോ തെരഞ്ഞെടുക്കുന്നത് ?ഇതൊക്കെ ഉറപ്പു വരുത്താൻ അക്കാദമിക്കു കഴിയാറുണ്ടോ? പുസ്തകങ്ങൾ ഷോർട്ട് ലിസ്റ്റ് ചെയ്തു കഴിഞ്ഞ ശേഷം ജൂറിയംഗങ്ങൾ നൽകുന്ന മാർക്കിനെക്കുറിച്ചും അവാർഡ് പ്രഖ്യാപിക്കുന്നതിനെക്കുറിച്ചും മാത്രമാണ് സച്ചിദാനന്ദൻ പറയുന്നത്.പ്രശ്നം തുടങ്ങുന്നതു തന്നെ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നിടത്തു നിന്നാണ്.
ജൂറിയുടെ കവറുകൾ തുറക്കുമ്പോൾ മാത്രമാണ് സച്ചിദാനന്ദൻ അറിയുന്നതെന്ന് അദ്ദേഹം പറയുന്നു. അത് സത്യമായിരിക്കാം. അങ്ങനെയെങ്കിൽ സച്ചിദാനന്ദൻ അറിയാതെയാണ് അവിടെ കാര്യങ്ങൾ നടക്കുന്നതെന്ന് പറയേണ്ടി വരും. സംഭവം ഇതാണ്: ആദ്യം അവാർഡ് ആർക്ക് കൊടുക്കണമെന്ന് തീരുമാനിക്കുന്നു. പിന്നീട് അതനുസരിച്ച് സ്ക്രീനിംഗ് നടത്തുന്നു.എന്നിട്ട് കാര്യങ്ങൾ സുതാര്യമാണെന്ന് പറയുന്നു.പുറമേ നിന്നു നോക്കുമ്പോൾ കാര്യങ്ങൾ കിറുകൃത്യം.ഇതല്ലേ സംഭവിക്കുന്നത് ?
അക്കാദമി നൽകിയ ഈ വർഷത്തെ വിലാസിനി പുരസ്കാരം തന്നെ നോക്കൂ. ഒറ്റ ദിവസം കൊണ്ട് മൂന്നംഗ ജൂറി പതിനൊന്ന് പുസ്തകങ്ങൾ വായിച്ച് വിലയിരുത്തി അവാർഡും നിശ്ചയിച്ചു എന്നാണ് വിവരാവകാശ പ്രകാരം ലഭിച്ച മറുപടി.എങ്ങനുണ്ട് അക്കാദമിയുടെ, സച്ചിദാനന്ദൻ പറയുന്ന കർശനമായ പുരസ്കാര നിർണയ രീതി!

വയലാർ അവാർഡ് എം.കെ.സാനു സ്വീകരിക്കുന്നു

വയലാർ അവാർഡ്
അവാർഡുതുകയുടെ കാര്യത്തിലും അവാർഡ് ഏർപ്പെടുത്തിയിരിക്കുന്ന കവിയുടെ പ്രാധാന്യം കൊണ്ടും മലയാളത്തിലെ വലിയ അവാർഡായ വയലാർ അവാർഡിന്റെ കാര്യം പരിശോധിച്ചാൽ ഇതിലും ദയനീയമാണ് കാര്യങ്ങൾ. വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിൽ അംഗങ്ങളായിരുന്ന എഴുത്തുകാർ സ്വന്തമായി അവാർഡ് കരസ്ഥമാക്കിയ ചരിത്രമാണ് അതിനുള്ളത്.
വയലാറിന്റെ ഒന്നാം ചരമവാർഷിക ദിനമായ 1976 ഒക്ടോബർ 27നാണ് വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് രൂപീകരിക്കുന്നത്. പിറ്റേ വർഷം മുതലാണ് അവാർഡ് നൽകിത്തുടങ്ങുന്നത്. തികച്ചും ജനാധിപത്യപരമായ രീതിയിൽ കേരളത്തിലെ സാഹിത്യകാരൻമാരിൽ നിന്നും സാഹിത്യ സ്നേഹികളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നുമൊക്കെ പിരിച്ചെടുത്ത പണം കൊണ്ടാണ് അവാർഡ് നൽകുന്നത്.25000/- രൂപയായിരുന്നു അവാർഡ് തുക.എന്നാൽ ഗവൺമെന്റിന്റെ കൂടി സഹായത്തോടെ അവാർഡ് തുക 2015 മുതൽ 100000/- രൂപയായി വർദ്ധിപ്പിച്ചു. ഇപ്പോഴത്തെ അവാർഡുതുക ഒരു ലക്ഷം രൂപയാണ്.

അവാർഡ് കൃതി തെരഞ്ഞെടുക്കുന്നത്
തികച്ചും ജനാധിപത്യപരമായ രീതിയിലാണ് ഇത് രൂപീകരിച്ചതെന്ന് ആദ്യമേ സൂചിപ്പിച്ചുവല്ലോ. അവാർഡിന് കൃതികൾ തെരഞ്ഞെടുക്കുന്നതും അങ്ങനെ തന്നെയാണെന്നാണ് വയലാർ രാമവർമ്മ ട്രസ്റ്റ് അവകാശപ്പെടുന്നത്. ഓരോ വർഷവും കേരളത്തിലെ മികച്ച വായനക്കാരെന്ന് ട്രസ്റ്റ് വിശ്വസിക്കുന്ന 250 പേർക്ക് അവാർഡ് കൃതിയുടെ പേര് നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കത്തയയ്ക്കുന്നു. അങ്ങനെ അയച്ചു കിട്ടുന്ന കൃതികളിൽ നിന്ന് ഭൂരിപക്ഷം നോക്കി ആറ് പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നു. അത് 20 പേർക്ക് അയച്ചു കൊടുക്കുന്നു. അതിൽ ഭൂരിപക്ഷം നോക്കി മൂന്ന് പുസ്തകങ്ങൾ തെരഞ്ഞെടുത്ത്, മൂന്നു പേരടങ്ങുന്ന ജൂറിയെ ഏൽപ്പിക്കുന്നു. അവരാണ് അവാർഡ് കൃതി തീരുമാനിക്കുന്നത്.

കേൾക്കുമ്പോൾ സത്യസന്ധവും നിഷ്‌പക്ഷവും പോരായ്‌മകളറ്റതുമെന്ന് പ്രത്യക്ഷത്തിൽ തോന്നുന്ന ഈ രീതിയുടെ ആധികാരികത ആദ്യം തന്നെ ചോദ്യം ചെയ്യേണ്ടി വരുന്നു.ഒന്നാമത് മികച്ച വായനക്കാരെന്ന് ട്രസ്റ്റ് വിശ്വസിക്കുന്ന ഇരുനൂറ്റമ്പത് വായനക്കാർ കൃത്യമായി വായിക്കുന്നവരാണോ ?ആണെങ്കിൽ തന്നെ അവർ ഏതുതരം വായനാരി രുചി ഉൾക്കൊള്ളുന്നവരാണ് ? കൃത്യമായി വായിക്കുന്നവരല്ലെങ്കിൽ അവർ ആകെക്കൂടി വായിക്കുന്നതും നിർദ്ദേശിക്കുന്നതും അവരുടെ ഇഷ്ടക്കാരുടെ പുസ്തകം മാത്രമായിരിക്കില്ലേ ? ജനപ്രിയത മികച്ച കൃതിയുടെ മാനദണ്ഡവുമല്ല.രണ്ടായാലും ജനാധിപത്യപരമായ തെരഞ്ഞെടുപ്പിന്റെ ആദ്യപടി തന്നെ തെറ്റുന്നു.

വയലാർ രാമവർമ്മ

തെറ്റായ ഈ അടിത്തറയിൽ നിന്നാണ് രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും ആരംഭിക്കുന്നത്. അപ്പോൾ അതിന്റെ നിലവാരം എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു. അല്ലെങ്കിൽ ആദ്യപടിയായി ട്രസ്റ്റ് തെരഞ്ഞെടുക്കുന്ന ഇരുനൂറ്റമ്പത് പേരിൽ നിന്ന് അവർ ഓരോ വർഷവും വായിച്ച പുസ്തകങ്ങളുടെ ലിസ്റ്റും അത് സത്യസന്ധമാണോ എന്നറിയാൻ അവർക്ക് ഒരു ചെറിയ പരീക്ഷയും ഏർപ്പെടുത്തേണ്ടതാണ്. ഇരുനൂറ്റമ്പതു പേരിൽ എത്ര പേർ പ്രതികരിക്കുമെന്ന് അപ്പോൾ കാണാം.

ട്രസ്റ്റ് അംഗങ്ങൾ
അവാർഡ് കരസ്ഥമാക്കുന്നു:

വയലാറിന്റെ ഓർമ്മയ്ക്കായി രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് രൂപീകരിക്കുന്നതിനും അവാർഡ് നൽകുന്നതിനുമുള്ള തുക കണ്ടെത്തുന്നതിനും വേണ്ടി താൻ അനുഭവിച്ചിട്ടുള്ള കഷ്ടപ്പാടുകളെക്കുറിച്ച് മലയാറ്റൂർ രാമകൃഷ്ണൻ തന്റെ സർവീസ് സ്റ്റോറിയിൽ വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്‌. എന്തായാലും താൻ അനുഭവിച്ച കഷ്ടപ്പാടുകൾക്ക് തക്ക പ്രതിഫലം അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി ! തന്റെ പ്രിയപ്പെട്ട കൂട്ടുകാരന്റെ ഓർമ്മയ്ക്കായി, താൻ കഷ്ടപ്പെട്ട് രൂപീകരിച്ച അവാർഡ് തനിക്കു തന്നെ ലഭിച്ചു ! മൂന്നാമത്തെ വയലാർ അവാർഡ് മലയാറ്റൂരിന്റെ “യന്ത്ര”ത്തിനാണ് ലഭിച്ചത്.അത് നേടിയെടുക്കുന്നതിൽ അദ്ദേഹത്തിന് യാതൊരു മനസ്സാക്ഷിക്കുത്തും ഉണ്ടായില്ല. തകഴിയും ബഷീറും ജീവിച്ചിരിക്കുമ്പോഴാണ് മലയാറ്റൂരിന് ഈ അപൂർവ നേട്ടം കൈവരിക്കാനായത്. എന്തായാലും തകഴിയുടെ കയറിന് പിറ്റേക്കൊല്ലം അവാർഡ് ലഭിച്ചു.അതോടെ തകഴിക്ക് മലയാറ്റൂരിന്റെ തൊട്ടു പിറകിലെങ്കിലും സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞു.

ഒ. എൻ.വി കുറുപ്പ്

ഇക്കാര്യത്തിൽ ഒ.എൻ.വി.യെ നമ്മൾ ആദരിക്കണം. അദ്ദേഹം ട്രസ്റ്റംഗം മാത്രമല്ല, അതിന്റെ എല്ലാമെല്ലാമായിരുന്നു.എന്നിട്ടും വൈലോപ്പിളളിയുടെ മകരക്കൊയ്‌ത്തിന് കൊടുത്തിട്ടേ സ്വന്തം കൃതിയായ ഉപ്പിന് അദ്ദേഹം സ്വന്തമായി അവാർഡേറ്റെടുത്തുള്ളു. 1982 ൽ ഉപ്പിനും 1984 ൽ സുഗതകുമാരിയുടെ അമ്പലമണിക്കും അവാർഡ് ലഭിക്കുമ്പോൾ കവിതയിലെ ശക്തമായ പരീക്ഷണങ്ങളുമായി ഡോ.അയ്യപ്പപ്പണിക്കർ മലയാള കവിതയെ ഉഴുതുമറിക്കുകയായിരുന്നു. മലയാള കവിതയെ ലോക നിലവാരത്തിലെത്തിച്ച പണിക്കരുടെ പുസ്തകം ഈ കാലത്ത് ഉണ്ടായിരുന്നു താനും ! എന്നിട്ടും പണിക്കർ വയലാർ അവാർഡിൻ്റെ ഏഴയലത്തുപോലും എത്തിയില്ല.

പ്രൊഫ.എം.കെ.സാനു അവാർഡ് സ്വയമേറ്റെടുക്കുന്നു
വയലാർ അവാർഡിന്റെ ചരിത്രത്തിൽ ഒരാൾക്കു മാത്രമാണ് ജീവചരിത്രത്തിനുള്ള അവാർഡ് ലഭിച്ചിട്ടുള്ളത്.രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ ദീർഘകാല അംഗവും സെക്രട്ടറിയുമായിരുന്നിട്ടുള്ള പ്രൊഫ.എം.കെ.സാനുവിന്റെ ചങ്ങമ്പുഴ കൃഷ്ണപിള്ള:നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന കൃതിക്ക്. 92 ൽ ഈ പുസ്തകത്തിന് അവാർഡ് ലഭിച്ച ശേഷം ഇതേ നിലവാരത്തിലുള്ള ജീവചരിത്രമെഴുതാൻ ആർക്കും കഴിയില്ല എന്ന് രാമവർമ്മ ട്രസ്റ്റിന് ഉത്തമ ബോധ്യമുള്ളതുകൊണ്ടായിരിക്കാം അവാർഡിന് ജീവചരിത്രം പിന്നീടിതുവരെ പരിഗണിച്ചിട്ടില്ല.
പ്രൊഫ.എം.കെ.സാനുവിന് വയലാർ അവാർഡ് ലഭിക്കാനുള്ള യോഗ്യതയില്ലെന്ന് ആരും പറയില്ല. പക്ഷേ, എത്ര ചെറിയ അവാർഡായാലും അതിന്റെ സംഘാടകർ പാലിക്കേണ്ട ഒരു മര്യാദയുണ്ട്. അതിന്റെ ഉടമസ്ഥരോ ജൂറി അംഗങ്ങളോ ആയിരിക്കുന്നവർ അത് സ്വീകരിക്കാതിരിക്കുക എന്നതാണത്.വയലാർ അവാർഡിന്റെ ഉടമസ്ഥർക്ക് ഇല്ലാതെ പോയത് അതാണ്. ഉടമസ്ഥരായിരിക്കുമ്പോൾ തന്നെ അവാർഡ് സ്വീകരിക്കാൻ അവർക്ക് യാതൊരുളുപ്പുമുണ്ടായില്ല. ട്രസ്റ്റംഗമായിരുന്നിട്ടും അവാർഡ് സ്വന്തമാക്കാൻ ശ്രമിക്കാത്ത ഒരേയൊരാൾ തോപ്പിൽ ഭാസി മാത്രമാണ്.വയലാർ അവാർഡ് ലഭിക്കാൻ യോഗ്യതയില്ലാത്ത നാടകങ്ങളും ആത്മകഥയുമാണ് അദ്ദേഹം എഴുതിയിട്ടുള്ളതെന്ന് ആരും പറയില്ല. അവിടെയാണ് എഴുത്തുകാരുടെ അന്തസ്സിന്റെയും നിലപാടുകളുടേയും പ്രസക്തി. സ്വന്തമായി അവാർഡ് കരസ്ഥമാക്കിയ എഴുത്തുകാർക്കില്ലാതെ പോയതും അതുതന്നെയാണ്.

അയ്യപ്പപ്പണിക്കര്‍

രണ്ടുതരം അവാർഡുകൾ
കേരളത്തിൽ ഇന്ന് രണ്ടു തരത്തിലുള്ള അവാർഡു കച്ചവടമാണ് നടന്നു വരുന്നത്. ഒന്ന്:താരപദവിയിൽ നിൽക്കുന്ന എഴുത്തുകാർ മരിക്കുമ്പോൾ അവരുടെ പേരിൽ അവാർഡ് ഏർപ്പെടുത്താനായി എഴുത്തുകാർ ഓടിയെത്തും.ആരെയെങ്കിലും മുന്നിൽ നിർത്തിയായിരിക്കും കളി.അവാർഡ് തുക ഉൾപ്പെടെ എല്ലാ ചെലവുകളും എഴുത്തുകാർ തന്നെ വഹിക്കും. ന്യൂസ് വാല്യു ലഭിക്കാനായി ഇരുപത്തയ്യായിരമോ അൻപതിനായിരമോ അവാർഡ് തുകയും നിശ്ചയിക്കും.അവാർഡ് ദാനച്ചടങ്ങിന്റെ ചെലവു മുഴുവനും എഴുത്തുകാർ തന്നെ വഹിക്കും. അങ്ങനെ വിപുലമായ ചടങ്ങിൽ വച്ച് മന്ത്രിമാരിൽ നിന്നോ വലിയ എഴുത്തുകാരിൽ നിന്നോ അവാർഡ് ഏറ്റുവാങ്ങും. അങ്ങനെ അവാർഡ് ഏ റ്റുവാങ്ങിക്കഴിഞ്ഞാൽ ആ പേരിലുള്ള അവാർഡു തന്നെ നിലവിലുണ്ടാവില്ല. ആദ്യത്തെയും അവസാനത്തെയും അവാർഡായി അതു മാറും. കുഞ്ചൻ നമ്പ്യാർ പുരസ്കാരം, അയ്യപ്പപ്പണിക്കർ പുരസ്കാരം, കെ.പി.അപ്പൻ പുരസ്കാരം എന്നിവയൊക്കെ അങ്ങനെയുണ്ടായതാണ്.അവാർഡുകളെ ഏഴയലത്തടുപ്പിക്കാതിരുന്ന കെ.പി.അപ്പനു പോലും ഈ ദുർഗതിയുണ്ടാകുന്നു എന്നതാണ് വൈരുദ്ധ്യം.

രണ്ട്: അവാർഡ് കച്ചവട സംഘങ്ങൾ.അവർ അവാർഡ് ജേതാക്കളെ നിശ്ചയിക്കുന്നത് എഴുത്തുകാരിൽ നിന്ന് പണം വാങ്ങിയാണ്. ഒരെഴുത്തുകാരന്റെ പേരിൽ തന്നെ ഒരു പ്രാവശ്യം പത്തും പതിനഞ്ചും പേർക്ക് അവാർഡ് നൽകും.ഓരോ എഴുത്തുകാരന്റെ കയ്യിൽ നിന്നും അവർ നിശ്ചയിക്കുന്ന തുക വാങ്ങിക്കൊണ്ടായിരിക്കും അവാർഡ് പ്രഖ്യാപനം. വർഷത്തിൽ പല പ്രാവശ്യം ഈ അവാർഡ് പ്രഖ്യാപനങ്ങൾ വന്നുകൊണ്ടിരിക്കും. അതിന് ഏറ്റവും കൂടുതൽ ഇരയായിക്കൊണ്ടിരിക്കുന്നത് പി.കുഞ്ഞിരാമൻ നായരാണ്. ഇപ്പോൾ സുകുമാർ അഴീക്കോടും അതിൻ്റെ ഇരയായിക്കൊണ്ടിരിക്കുകയാണ്.

Author

Scroll to top
Close
Browse Categories