വീണ്ടും പറന്നെത്തി പക്ഷിപ്പനി
ജന്തുക്കളില്‍ അത്യന്തം മാരകമായ ഇത് മനുഷ്യരിലേക്കും പടരാന്‍ ഇടയുള്ളതാണ്. ഇന്‍ഫ്‌ളുവന്‍സാ വൈറസുകള്‍ മാരകമല്ലാത്ത സ്വഭാവം കൈവരിച്ച് പക്ഷികളെ ബാധിക്കാറുണ്ട്. തീവ്രത കൂടിയ ജനിതകമാറ്റം സംഭവിച്ച ഈ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്നതായി കണ്ടിട്ടില്ല. എന്നാല്‍ ഒരു ജനിതകമാറ്റം വഴി പകരുന്ന സ്വഭാവം ഇതിന് കിട്ടി.
ഒരു ഇടവേളയ്ക്ക് ശേഷം പക്ഷിപ്പനി മടങ്ങി വന്നിരിക്കുന്നു. മരണങ്ങള്‍ ഇതുവരെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും അല്പം ഗുരുതര സാംക്രമിക രീതിയിലേക്ക് മാറുകയാണ് ഇത്. മുഹമ്മയില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമെന്ന് സംശയിക്കുന്നു. ഇതുവരെ താറാവ് കൂട്ടങ്ങളില്‍ ഒതുങ്ങി നിന്നത് ഇപ്പോള്‍ മറ്റു പക്ഷികൂട്ടങ്ങളിലേക്കും വ്യാപിക്കുന്നുണ്ട്. കാക്കകള്‍ വഴി വളര്‍ത്തു പക്ഷികളിലേക്കും അതുവഴി മനുഷ്യരിലേക്ക് വ്യാപിക്കാം. ഇതിന്റെ അടിസ്ഥാനത്തിലാണ് പക്ഷിപ്പനി കണ്ട ഭാഗത്ത് നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്ലാ പക്ഷികളെയും കൊന്ന് സംസ്‌കരിക്കുന്നത്.
കേരളത്തില്‍ 2014 നവംബര്‍ അവസാനം കൂട്ടനാട്ടില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തതായിരുന്നു രോഗം ഇവിടെ എത്തിയതിന്റെ ആദ്യ സൂചന. തുടര്‍ന്ന് 2016-ല്‍ H5N8രോഗവും താറാവുകളില്‍ പടര്‍ന്നു പിടിച്ചു. ഇപ്പോള്‍ 2024ലും ആലപ്പുഴയില്‍ ഇത് സ്ഥിരീകരിച്ചു. ദേശാടനപക്ഷികള്‍ വഴിയോ, കാട്ടുതാറാവ് വഴിയോ കുട്ടനാടന്‍ പാടത്ത് എത്തിയ വൈറസാണ് രോഗത്തിനു കാരണമായി കണക്കാക്കുന്നത്. ഇതോടനുബന്ധിച്ച് 10 ലക്ഷത്തിലധികം താറാവുകളെ ആലപ്പുഴ, കോട്ടയം ജില്ലകളില്‍ രോഗ നിയന്ത്രണത്തിന്റെ ഭാഗമായി കൊന്നൊടുക്കി.
വൈറസ്
ഓര്‍ത്തോ വിക്‌സോവിരിഡേ കുടുംബത്തില്‍പ്പെട്ട ഇന്‍ഫ്‌ളുവന്‍സാ വൈറസ് മൂന്ന് തരമാണ് ഉള്ളത്. എ,ബി,സി. എ വിഭാഗത്തില്‍പ്പെട്ട 16തരം എച്ച് ഉപവിഭാഗത്തില്‍പ്പെട്ട H5N1ഉപവിഭാഗമാണ് കേരളത്തില്‍ 2014-ല്‍ രോഗം ഉണ്ടാക്കിയത്. ജന്തുക്കളില്‍ അത്യന്തം മാരകമായ ഇത് മനുഷ്യരിലേക്കും പടരാന്‍ ഇടയുള്ളതാണ്. ഇന്‍ഫ്‌ളുവന്‍സാ വൈറസുകള്‍ മാരകമല്ലാത്ത സ്വഭാവം കൈവരിച്ച് പക്ഷികളെ ബാധിക്കാറുണ്ട്. തീവ്രത കൂടിയ ജനിതകമാറ്റം സംഭവിച്ച ഈ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്നതായി കണ്ടിട്ടില്ല. എന്നാല്‍ ഒരു ജനിതകമാറ്റം വഴി പകരു ന്ന സ്വഭാവം ഇതിന് കിട്ടി.
1918ല്‍ പടര്‍ന്നു പിടിച്ച ഇന്‍ഫ്‌ളുവന്‍സാ തരംഗം 5 കോടി ആള്‍ക്കാരെ കൊന്നൊടുക്കി. കാലാകാലങ്ങളില്‍ ജനിതകമാറ്റം സംഭവിക്കുന്ന ഈ വൈറസുകള്‍ക്ക് അതുകൊണ്ടു തന്നെ പ്രതിരോധ കുത്തിവെയ്പ്പുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കാതെ വരുന്നു.
രോഗലക്ഷണങ്ങള്‍
താറാവിന്‍ കൂട്ടങ്ങളിലും പക്ഷിക്കൂട്ടങ്ങളിലും ഇത് രണ്ട് രീതിയില്‍ സംഭവിക്കാം. തീവ്രത കൂടിയതും തീവ്രത കുറഞ്ഞതും. തീവ്രത കുറഞ്ഞ തരത്തിലുള്ള പക്ഷികള്‍ തൂങ്ങി ഇരിക്കുക, ചിറകുകള്‍ തൂക്കിയിടുക, മുട്ട ഉത്പാദനം കുറയുക, തുടങ്ങിയ രീതിയിലും. കുറച്ചെണ്ണം ചത്തുപോവുകയും ചെയ്യും. എന്നാല്‍ തീവ്രത കൂടിയ തരത്തിലുള്ളത് വളരെ പെട്ടെന്ന് പക്ഷിക്കൂട്ടത്തെ മുഴുവന്‍ ബാധിക്കുകയും 48 മണിക്കൂറിനുള്ളില്‍ 100% വരെ പക്ഷികള്‍ ചത്തുപോകുകയും ചെയ്യും.
മനുഷ്യരില്‍ രോഗാവസ്ഥയുള്ള പക്ഷിയുമായി സമ്പര്‍ക്കത്തില്‍ വന്ന ശേഷം 18 മുതല്‍ 82 മണിക്കൂറിനുള്ളില്‍ രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. അപൂര്‍വ്വമായി 17 ദിവസം വരെയും നീളാം. സാധാരണ ഫ്‌ളൂ പനിയേക്കാള്‍ കഠിനമായ പനി, തൊണ്ടവേദന, കുളിര്, ശരീരം വേദന, ചുമ, ശ്വാസം മുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. വയറിളക്കം, വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, മൂക്കില്‍ കൂടി രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങള്‍ ചിലര്‍ക്ക് ഉണ്ടാകാം. തുടര്‍ന്ന് ന്യൂമോണിയ ലക്ഷണങ്ങളായ കഠിനമായ ശ്വാസതടസ്സം, നെഞ്ചുവേദന, ചുമച്ച് കഫം തുപ്പല്‍, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങളും വൃക്ക, ശ്വാസകോശം, തലച്ചോര്‍ എന്നിവയെ ബാധിക്കുകയും പ്രവര്‍ത്തന ക്ഷമത നശിക്കുകയും ചെയ്യും. തുടര്‍ന്നു മരണവും സംഭവിക്കാം. വെന്റിലേറ്റര്‍, ഓക്‌സിജന്‍ തുടങ്ങിയ ജീവന്‍രക്ഷാ ഉപാധികളുടെ ഉപയോഗത്തോടെ മരണനിരക്ക് 40% വരെ കുറയ്ക്കാനാകും. ആസ്പിരിന്‍, പ്രഡ്‌നിസലോണ്‍ പോലുള്ള സ്റ്റിറോയിഡുകള്‍ എന്നിവ ഒരിക്കലും രോഗിക്ക് നല്‍കരുത്. ശക്തിയേറിയ ആന്റിബയോട്ടിക്കുകള്‍ ന്യൂമോണിയ ചികിത്സയ്ക്ക് അത്യാവശ്യമാണ്.
ചികിത്സയും
പ്രതിരോധവും
ന്യൂറാമിണിഡേസ് ഗ്രൂപ്പില്‍പ്പെട്ട ഓസിന്‍ ടാമിവിർ, സനാവിമിര്‍ എന്നിവ ആരംഭത്തില്‍ തന്നെ നല്‍കിയാല്‍ രോഗകാഠിന്യം കുറയ്ക്കാനാകും. ആദ്യം 48 മണിക്കൂറിനുള്ളില്‍ നല്‍കിയാലാണ് ഏറ്റവും പ്രയോജനകരം. ഇതേ മരുന്നുകള്‍ കുറഞ്ഞ ഡോസില്‍ രോഗം വരാതിരിക്കാനായി രോഗസാദ്ധ്യത ഏറിയ ആരോഗ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും പക്ഷികളെ കൈകാര്യം ചെയ്യുന്നവര്‍ക്കും നല്‍കാം. 75MG ഗുളിക രണ്ട് നേരം വീതം 7-10 ദിവസം വരെ രോഗം വരാതിരിക്കാനും രണ്ട് നേരം വീതം 10 ദിവസം വരെ രോഗത്തിനു ചികിത്സയ്ക്കായും നല്‍കാറുണ്ട്. ഛര്‍ദ്ദില്‍, മനംപുരട്ടല്‍, വയറ് വേദന തുടങ്ങിയ അപൂര്‍വം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം. കുട്ടികള്‍ക്ക് അമാന്റിഡിന്‍ , റിമാന്റിഡിന്‍ തുടങ്ങിയ മരുന്നുകള്‍ രോഗം വരാതിരിക്കാനായി നല്‍കാറുണ്ട്.
H5N1രോഗണുവിന്റെ സാന്നിദ്ധ്യം ഒരു പ്രദേശത്ത് കണ്ടുകഴിഞ്ഞാല്‍ അതിനു മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ രോഗം വരാന്‍ സാദ്ധ്യതയുള്ള എല്ലാ പക്ഷികളെയും നശിപ്പിക്കുകയാണ് ആദ്യ നടപടി. രോഗാണു വാഹകരായ എല്ലാ വസ്തുക്കളും അണുവിമുക്തമാക്കി നശിപ്പിക്കണം. കത്തിക്കുകയാണ് ഏറ്റവും ഉചിതം. മനുഷ്യരിലേക്ക് പകരുന്നുവോ എന്ന് ദിനംപ്രതി വീടുവീടാന്തരം കയറി അന്വേഷിക്കുന്ന ‘ആക്ടീവ് സര്‍വൈലന്‍സ്’ എന്ന നടപടി ഈ 3 കി.മീ. ചുറ്റളവില്‍ 10 ദിവസത്തേക്ക് നടത്താം. 1 കി.മീ. ചുറ്റളവില്‍ പ്രത്യേക നിരീക്ഷണവും നടത്തണം. രോഗം കണ്ട സ്ഥലത്തു നിന്ന് പക്ഷികളേയും മുട്ടയും മറ്റും യാതൊരു കാരണവശാലും മറ്റ് സ്ഥലങ്ങളിലേക്കും കൊണ്ടുപോകരുത്. രോഗപ്രതിരോധ പ്രവര്‍ത്തനം നടത്തുന്നവര്‍ മാസ്‌ക്, കൈയുറ, കണ്ണട, ഏപ്രണ്‍ എന്നിവ ധരിക്കുകയും പ്രതിരോധ മരുന്ന് കഴിക്കുകയും വേണം. പക്ഷികളെ കൊന്ന് സംസ്‌കരിക്കുന്ന പ്രവര്‍ത്തകരും മറ്റു പക്ഷികളെ കൈകാര്യം ചെയ്യുന്നവരും കൈയും മുഖവും സോപ്പും വെള്ളവും ഉപയോഗിച്ച് നിരന്തരം കഴുകുകയും വേണം. ധരിക്കുന്ന വസ്ത്രങ്ങളും മറ്റും അണുവിമുക്തമാക്കി നശിപ്പിക്കണം. 10 ദിവസം വരെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ ആയിരിക്കണം.