കുറ്റമറ്റതാവണം അടുത്ത അദ്ധ്യയനവര്‍ഷം
കോവിഡ് കാലം നമുക്ക് സമ്മാനിച്ച പല പ്രശ്‌നങ്ങളും നാം പരിഹരിച്ചുവരികയാണ്. അവയില്‍ മുന്‍പന്തിയിലാണ് സ്‌കൂള്‍ മേഖലയില്‍ ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍. ഈ വര്‍ഷത്തില്‍ അദ്ധ്യയനം എല്ലാ അര്‍ത്ഥത്തിലും മെല്ലെപ്പോക്കിന്റെ വഴിയില്‍ ആയിരുന്നു. അതിന് നമുക്ക് കോവിഡ് എന്ന ന്യായീകരണവും ഉണ്ടായിരുന്നു. എന്നാല്‍ വരുംവര്‍ഷവും ഇങ്ങനെയങ്ങുപോയാല്‍ മതിയെന്നു കരുതുന്നത് വിദ്യാഭ്യാസമേഖലയുടെ തളര്‍ച്ചയ്ക്കും, തകര്‍ച്ചയ്ക്കും കാരണമായേക്കാം. ഈ വര്‍ഷത്തെ അനുഭവങ്ങള്‍ നമുക്ക് പാഠമാകേണ്ടതുണ്ട്.
മറ്റൊരു അദ്ധ്യയനവര്‍ഷം കൂടി പകുതിവഴി പിന്നിടുകയാണ്. ഡിസംബര്‍ കഴിയുന്നതോടെ സ്‌കൂള്‍ കുട്ടികള്‍ പരീക്ഷയുടെ തിരക്കുകളിലേക്ക് കടക്കും. കോവിഡ് കാലം നമുക്ക് സമ്മാനിച്ച പല പ്രശ്‌നങ്ങളും നാം പരിഹരിച്ചുവരികയാണ്. അവയില്‍ മുന്‍പന്തിയിലാണ് സ്‌കൂള്‍ മേഖലയില്‍ ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍. കോവിഡിനുശേഷമുള്ള വര്‍ഷം ആയതുകൊണ്ടുതന്നെ ഈ വര്‍ഷത്തില്‍ അദ്ധ്യയനം എല്ലാ അര്‍ത്ഥത്തിലും മെല്ലെപ്പോക്കിന്റെ വഴിയില്‍ ആയിരുന്നു. അതിന് നമുക്ക് കോവിഡ് എന്ന ന്യായീകരണവും ഉണ്ടായിരുന്നു. എന്നാല്‍ വരുംവര്‍ഷവും ഇങ്ങനെയങ്ങുപോയാല്‍ മതിയെന്നു കരുതുന്നത് വിദ്യാഭ്യാസമേഖലയുടെ തളര്‍ച്ചയ്ക്കും, തകര്‍ച്ചയ്ക്കും കാരണമായേക്കാം. ഈ വര്‍ഷത്തെ അനുഭവങ്ങള്‍ നമുക്ക് പാഠമാകേണ്ടതുണ്ട്. അധ്യയനവര്‍ഷം അവസാനിക്കുവാന്‍ ഇനിയും മാസങ്ങള്‍ ശേഷിക്കുന്നുണ്ടെങ്കിലും, ബൃഹത്തായ ചര്‍ച്ചകളും, തീരുമാനങ്ങളും ഇക്കാര്യത്തില്‍ ഉണ്ടാവേണ്ടതുണ്ട്.
പ്രവേശനനടപടികളുടെ കാലതാമസം
സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്ലസ് വണ്‍, പ്ലസ് ടു, പ്രവേശനവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ആക്ഷേപമാണ് പ്രവേശനനടപടികളുടെ കാലതാമസം. മേയ് മാസത്തില്‍ പത്താംക്‌ളാസ് ഫലം പുറത്തുവരുമെങ്കിലും ക്ളാസ്സുകള്‍ ആരംഭിക്കുന്നത് ആഗസ്റ്റ് മാസത്തോടെയാണ്. ഇതേസമയം സി.ബി.എസ്.ഇ സ്‌കൂളുകളില്‍ പ്ലസ്ടു ജൂണില്‍ തന്നെ ആരംഭിക്കുകയും ചെയ്യും. മാത്രമല്ല, ആദ്യവര്‍ഷത്തില്‍ ഇവിടങ്ങളില്‍ പൊതുപരീക്ഷയുമില്ല. ഇത്തരത്തില്‍ ഒരേ നാട്ടില്‍ തന്നെ രണ്ട് പാഠ്യപദ്ധതികള്‍ വലിയ വ്യത്യാസത്തില്‍ പഠിപ്പിച്ചുപോകുമ്പോള്‍ ഈ വൈരുദ്ധ്യങ്ങള്‍ കുട്ടികളിലും പ്രതിഫലിക്കുന്നു. ഇവ പരിഹരിച്ചു ഏകീകൃത സ്വഭാവം ഉറപ്പാക്കുകയെന്ന വലിയ ദൗത്യമാണ് ആദ്യമായി പൊതുവിദ്യാഭ്യാസവകുപ്പിന്റെ മുന്നിലുള്ളത്. ഇത് പരിഹരിക്കുവാനുള്ള ശ്രമങ്ങള്‍ അടുത്ത അദ്ധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ, അല്ലെങ്കില്‍ അതിനും മുമ്പുതന്നെ ആരംഭിക്കണം.
പാഠ്യേതരപ്രവര്‍ത്തനങ്ങളുടെ
ക്രമീകരണം
സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യം അഭിനന്ദനാര്‍ഹമാണ്. സ്‌കൂള്‍ തലം മുതല്‍ സബ് ജില്ലാ, ജില്ലാ സംസ്ഥാനതല ശാസ്ത്രമേളകള്‍, കലോത്സവങ്ങള്‍, കായികമേളകള്‍ എന്നിവയെല്ലാം ക്ലാസ്മുറികളിലെ പഠനത്തിനുമപ്പുറം കുട്ടികളുടെ ബഹുമുഖമായ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. എന്നാല്‍ അവയൊക്കെ സംഘടിപ്പിക്കുന്നതില്‍ കൃത്യമായ സമയനിഷ്ഠയും, സമയക്ലിപ്തതയും ഉണ്ടാകുന്നില്ല.
സര്‍ക്കാര്‍ മുമ്പ് തീരുമാനിച്ചിരുന്നത് ഇത്തരം പരിപാടികളൊക്കെ അവധിദിനങ്ങളില്‍ നടത്താം എന്നതായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞവര്‍ഷം ഏറെയും പരിപാടികള്‍ നടന്നത് പ്രവൃത്തിദിനങ്ങളില്‍ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ കുട്ടികള്‍ക്കായി ക്ലാസ് നടത്തുവാനുള്ള ധാരാളം ദിനങ്ങളാണ് നഷ്ടപ്പെട്ടത്. അദ്ധ്യാപകരില്‍ ചുരുങ്ങിയ സമയത്തു അവരുടെ പഠനഭാഗങ്ങള്‍ തീര്‍ക്കേണ്ടതായിട്ടുവരികയും ഇത് കുട്ടികളിൽ സമ്മര്‍ദ്ദം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് മാറേണ്ടതുണ്ട്. സര്‍ക്കാര്‍ തീരുമാനിച്ചപോലെ തന്നെ നിര്‍ബന്ധമായും ഇവ അവധിദിവസങ്ങളില്‍ തന്നെ സംഘടിപ്പിക്കണം. ഇത്തരം പല മേളകള്‍ക്കായുള്ള ഒരുക്കങ്ങള്‍ക്കും മറ്റും രക്ഷകര്‍ത്താക്കളുടെ സഹായവും കുട്ടികള്‍ക്ക് അത്യാവശ്യമാണ്. അവധിദിവസങ്ങളില്‍ നടത്തിയാല്‍ അതും നമുക്ക് ഉറപ്പാക്കുവാന്‍ കഴിയും.
കുട്ടികളുടെ ചുമലില്‍
ഭാരമേല്‍പ്പിക്കുമ്പോള്‍
ഏറെ ബൃഹത്തായ പാഠഭാഗങ്ങളാണ് ഹയര്‍ സെക്കന്‍ഡറി ക്ളാസ്സുകളിലുള്ളത്. അതിന്റെ ഉള്ളടക്കം പൂര്‍ണ്ണമായും പഠിപ്പിച്ചുതീര്‍ക്കണമെങ്കില്‍ കുറഞ്ഞത് ഇരുന്നൂറ് അദ്ധ്യയനദിവസങ്ങള്‍ എങ്കിലും ലഭിക്കേണ്ടതുണ്ട്. എന്നാല്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നത് നൂറില്‍ താഴെ ദിവസങ്ങള്‍ മാത്രമാണ്. ഈ ക്ളാസ്സുകള്‍ കൊണ്ട് പകുതിഭാഗങ്ങള്‍ പോലും തീര്‍ക്കുവാനാവില്ല. എന്നാല്‍, പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കണമെന്ന നിഷ്‌കര്‍ഷ ഉള്ളതിനാല്‍ ദ്രുതഗതിയില്‍ പാഠങ്ങള്‍ പഠിപ്പിച്ചുപോകുമ്പോള്‍ കുട്ടികള്‍ക്ക് വേണ്ടവിധം അത് പിന്തുടരാന്‍ സാധിക്കാതെ വരുന്നു. മാത്രമല്ല അത് അവരുടെ ശാരീരിക-മാനസിക-വൈകാരിക ആരോഗ്യത്തിനും വെല്ലുവിളിയാകുന്നു. അധ്യയനദിവസങ്ങള്‍ കുറയുവാനുള്ള പ്രധാനകാരണം മേല്‍ സൂചിപ്പിച്ചതുപോലെ വളരെ വൈകി ആരംഭിക്കുന്ന ക്ളാസ്സുകള്‍ തന്നെയാണ്.
സ്ഥിരതയില്ലാത്ത പരീക്ഷാഷെഡ്യൂളുകള്‍
കോവിഡ് കാലം തന്നെയാണ് കൃത്യമായി നടന്നുവന്നിരുന്ന പരീക്ഷാഷെഡ്യൂളുകളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയത്. കോവിഡിന്റെ ഓരോരോ അവസ്ഥകള്‍ക്കും, സാഹചര്യങ്ങള്‍ക്കും അനുസരിച്ചു പരീക്ഷകളുടെ ഷെഡ്യൂളുകളിലും മാറ്റം വന്നിരുന്ന അവസ്ഥ മാറേണ്ട സമയമായിരിക്കുന്നു. വിശദമായ അക്കാദമിക കലണ്ടറുകളും, പരീക്ഷാ ഷെഡ്യൂളുകളും വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ തയ്യാറാക്കിയാല്‍ മാത്രമേ കൃത്യമായ ഇടവേളകളില്‍ തന്നെ പരീക്ഷകള്‍ സംഘടിപ്പിക്കാനാവൂ. ഇതുമൂലം ഈ രംഗത്തെ അനിശ്ചിതത്വവും ഒഴിവാക്കാനാവും. കൂടാതെ അധ്യാപക പരിശീലനങ്ങള്‍ അവധിക്കാലത്തുതന്നെ നടത്തുവാനും ശ്രദ്ധിക്കണം.
സ്‌കൂള്‍ അധികൃതരും പി.ടി.എയും
മറ്റൊരു സംസ്ഥാനത്തുമില്ലാത്ത തരത്തില്‍ സ്‌കൂളിന്റെ പുരോഗതിയ്ക്കും, കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുവാനുമായി മറ്റുള്ള സ്‌കൂളുകളുമായി ആരോഗ്യകരമായ മത്സരം തന്നെ പുറത്തെടുക്കുന്ന സ്‌കൂള്‍ അധികൃതരും, പി.ടി.എ ഭാരവാഹികളുമാണ് നമ്മുടെ നാടിന്റെ പ്രത്യേകത. നല്ലതുതന്നെ; സ്‌കൂളിന്റെ നിലവാരം ഉയര്‍ത്തുന്നത് തീര്‍ച്ചയായും കുട്ടികളുടെയും നിലവാരം ഉയര്‍ത്താന്‍ സഹായകമാകുകതന്നെ ചെയ്യും. എന്നാല്‍, അതിനുള്ള വഴികള്‍ എന്തായിരിക്കണമെന്ന് കൃത്യമായ ഒരു ദിശാബോധം ഉണ്ടായിരിക്കണം.
ഇന്ന് ഏറിയപങ്കും സ്‌കൂള്‍ അധികൃതരും, പി.ടി.എയും നാമമാത്രമായ രീതിയിലുള്ള സ്വാധീനം മാത്രമാണ് സ്‌കൂളുകളിലും, അധ്യയനവിഷയങ്ങളിലും ചെലുത്തുന്നത്. എന്നാല്‍ ഒരു സ്‌കൂളുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ടുനില്‍ക്കുന്ന ഉത്തരവാദിത്വപ്പെട്ടവര്‍ എന്ന നിലയില്‍ അവരുടെ ഉത്തരവാദിത്തം വളറെ കൂടുതലാണ്. പി.ടി.എ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ തന്നെ തുടങ്ങേണ്ടതുണ്ട്. എങ്കില്‍ മാത്രമേ അടുത്ത അധ്യയനവര്‍ഷത്തില്‍ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുവാന്‍ അവര്‍ക്ക് കഴിയുകയുള്ളൂ.
കൊച്ചുകുട്ടികള്‍ ആസ്വദിച്ചുപഠിക്കട്ടെ
മറ്റെല്ലാ തൊഴിലുകളില്‍ നിന്നും അദ്ധ്യാപകവൃത്തിയുടെ പ്രത്യേകത എന്താണ്? മറ്റേതൊരു തൊഴില്‍പോലെതന്നെ മറ്റൊരു തൊഴില്‍ എന്നാണു ഉത്തരമെങ്കില്‍ അതില്‍ ചില തെറ്റുകളുണ്ട്. മറ്റേതൊരുജോലി പോലെയല്ല അദ്ധ്യാപകവൃത്തി. ഒരുപക്ഷേ മറ്റേതൊരു തൊഴില്‍രംഗത്തേക്കാളും ഉപരിയായി സാമൂഹിക ഉത്തരവാദിത്തം പേറേണ്ട ഒരു തൊഴില്‍മേഖല. കുട്ടികളെ, അവര്‍ അവരുടെ അഭിരുചിക്കനുസരിച്ചു ഏതുതൊഴില്‍ ചെയ്യണമെന്ന് തീരുമാനിക്കുവാന്‍ സജ്ജരാക്കുന്ന വിശാലമായ അര്‍ത്ഥതലങ്ങളാണ് ആ തൊഴിലിനുള്ളത്.
സ്‌കൂളിലേക്ക് നീണ്ട രണ്ടുമാസത്തെ വെക്കേഷന്‍ കഴിഞ്ഞു കടന്നുവരുമ്പോള്‍ അവര്‍ക്ക് വിദ്യ എങ്ങനെ നല്‍കണമെന്ന് അധ്യാപകര്‍ക്ക് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. അതിനായി അദ്ധ്യാപകര്‍ ആഴത്തില്‍ പഠനം നടത്തുകതന്നെ വേണം. കുട്ടികള്‍ക്ക് കളിയും ചിരിയുമായി പാഠങ്ങളെ അഭിമുഖീകരിക്കുവാന്‍ ഉള്ള അവസരം അധ്യാപകര്‍ സൃഷ്ടിക്കണം. മറ്റ് സ്‌കൂള്‍ അധികൃതരുമായും, പി.ടി.എ ഭാരവാഹികളുമായും ഇക്കാര്യം തുറന്ന് ചര്‍ച്ചചെയ്യുകയും ഉചിതമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. എങ്കില്‍മാത്രമേ സ്‌കൂളുകളെ കുട്ടികള്‍ ഇഷ്ടപ്പെടുകയുള്ളൂ. കുട്ടികള്‍ സ്‌കൂളുകളെ ഇഷ്ടപ്പെടാത്തപക്ഷം നമ്മുടെ വിദ്യാഭ്യാസത്തിന് പോലും അര്‍ഥമുണ്ടാവുകയില്ല. കുട്ടികള്‍ ആസ്വദിച്ചു പഠിക്കട്ടെ. നമുക്കതിന് അവസരമൊരുക്കാം.
ക്ളാസ് മുറികള്‍
സജീവമാവണം
ചെറിയ ക്ളാസ്സുകളിലെ കുട്ടികളുടെ ക്ലാസ്‌മുറികള്‍ പഠനവും, കളികളും, ചര്‍ച്ചകളും ഒക്കെക്കൊണ്ട് സജീവമാകേണ്ടതുണ്ട്. കൊച്ചുക്ളാസ്സിലെ കുട്ടികളുമായി അവരുടെ വെക്കേഷന്‍ പ്രവര്‍ത്തനങ്ങള്‍, ടൂര്‍ പോയ സ്ഥലങ്ങള്‍, കണ്ട സിനിമകള്‍ എന്നിവയൊക്കെ ചര്‍ച്ച ചെയ്യണം. കുട്ടികളെ സംബന്ധിച്ച് അവരെ ആരെങ്കിലും കേള്‍ക്കുന്നത് വളരെ ഇഷ്ടമാണ്. അതിലൂടെ വേണം അവരെ പാഠ്യവിഷയത്തിലേക്ക് എത്തിക്കുവാന്‍. മുതിര്‍ന്നകുട്ടികളോടും ഇതേ രീതി അവലംബിക്കാം. അവരോട് അല്‍പ്പംകൂടി ഗൗരവകരമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാം. ഇന്നത്തെ കുട്ടികള്‍ പഴയകാലത്തെ കുട്ടികളെപ്പോലെയല്ല. അവര്‍ക്ക് ചുറ്റുമുള്ള എന്തിനെപ്പറ്റിയും കൃത്യമായ ധാരണകളുണ്ട്. അവയെ മനസിലാക്കുവാനും, അവരുടെ സംശയങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ നല്‍കുവാനും അധ്യാപകര്‍ക്ക് കഴിയണം. പഠനവഴികളിലേക്ക് അവരെ അത്തരത്തില്‍ മെല്ലെമെല്ലെ കൊണ്ടുവരുവാന്‍ കഴിയും. അതുകൊണ്ടുതന്നെ കാലഹരണപ്പെട്ട വണ്‍ സൈഡ് അദ്ധ്യാപനം മാറ്റിവച്ചിട്ടു ക്ളാസ്സുകള്‍ പൊതുവായ ചര്‍ച്ചകള്‍ക്കധിഷ്ഠിതമായി സജീവമാക്കുവാന്‍ സ്‌കൂള്‍ അധികൃതരും അധ്യാപകരും ശ്രദ്ധിക്കണം.