ബാരിസ്റ്റര്‍ ഗാന്ധിയും തീയ സന്യാസിയും

”സ്വാമിജിക്ക് ഇംഗ്ലീഷ് അറിയില്ലേ?” – എന്ന ഗാന്ധിജിയുടെ ചോദ്യത്തോടെയാണ് സംഭാഷണം ആരംഭിക്കുന്നത്. ഒരു തുടക്കത്തിനോ അനൗപചാരികതയ്‌ക്കോ വേണ്ടിയായാലും ഒരു മഹാത്മാവില്‍ നിന്നു വരേണ്ട വചനമായിരുന്നില്ല അത്. പ്രത്യേകിച്ച്, ചിന്തിക്കാതെ ഒരുവാക്കും തന്റെ നാവില്‍ നിന്നോ പേനയില്‍ നിന്നോ പുറത്തുപോവില്ലെന്നു അഭിമാനിക്കുകയും മനോവാക്കര്‍മ്മങ്ങളില്‍ അഹിംസ പുലര്‍ത്തണമെന്നു നിഷ്‌കര്‍ഷിക്കുകയും ചെയ്ത വ്യക്തിയില്‍ നിന്ന് വാസ്തവത്തില്‍ അത്തരമൊരു ചോദ്യത്തിലൂടെ, അറിയാതെയാണെങ്കിലും ഗാന്ധിജി സ്വയം താഴുകയും ഗുരുവിനെ താഴ്ത്തുകയുമായിരുന്നു. അഭിമുഖത്തിനു വരുന്നതിനു മുമ്പ്, ഗുരുവിനു ഇംഗ്ലീഷ് അറിയില്ലെന്നു ഗാന്ധിജി ഗ്രഹിച്ചിരിക്കാതെ വരുമോ? അങ്ങനെ വരാന്‍ സാദ്ധ്യതയില്ല. കാരണം ആ ചോദ്യത്തില്‍ തന്നെ അത്തരമൊരു ധ്വനിയുണ്ട്.

മഹാത്മാഗാന്ധി ആകെ അഞ്ചുതവണയാണ് കേരളം സന്ദര്‍ശിച്ചത്. നിസ്സഹകരണ പ്രസ്ഥാനത്തിനു ജനപിന്തുണ നേടാന്‍ 1920-ലും വൈക്കം സത്യഗ്രഹ പരിപാടികള്‍ക്ക് ഉത്തേജനം പകരാന്‍ 1925-ലും അയിത്തോച്ചാടന പ്രചാരണാര്‍ത്ഥം 1927ലും ഹരിജനോദ്ധാരണത്തിന്റെ ഭാഗമായി 1934ലും ക്ഷേത്ര പ്രവേശന വിളംബരത്തില്‍ സന്തോഷം പ്രകടിപ്പിക്കാനും ഹരിജനങ്ങളോടൊപ്പം പ്രധാന ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനും 1937-ലും ആയിരുന്നു ആ പര്യടനങ്ങള്‍. അതില്‍ നാലുതവണ തിരുവിതാംകൂറില്‍ വരികയും മൂന്നു പ്രാവശ്യം ശിവഗിരി സന്ദര്‍ശിക്കുകയുമുണ്ടായി. 1927-ലെ സന്ദര്‍ശനത്തിലാണു ശിവഗിരിയില്‍ എത്താതിരുന്നത്.

നാരായണഗുരുവിനെക്കുറിച്ച് ഗാന്ധിജി ആദ്യം മനസ്സിലാക്കുന്നത് ടി.കെ. മാധവനില്‍ നിന്നാണ്. 1921-സെപ്തംബറില്‍ തിരുനെല്‍വേലിയില്‍ വച്ച് ടി.കെ. മാധവന്‍ ഗാന്ധിജിയെ കണ്ടു സംസാരിക്കുന്ന സന്ദര്‍ഭത്തില്‍, ഗുരുവിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും സൂചിപ്പിച്ചിരുന്നു. 1924 ജൂണ്‍ 19-ലെ ‘യങ്ഇന്ത്യ’യിലാണു ഗാന്ധിജി ഗുരുവിനെപ്പറ്റി ആദ്യമായി എഴുതുന്നത്. വൈക്കം സത്യാഗ്രഹത്തിലെ സമ്പ്രദായങ്ങളോട് ഗുരുവിന് ആനുകൂല്യമില്ലെന്നും മറ്റുമുള്ള കെ.എം.കേശവന്റെ അഭിമുഖ സംഭാഷണം ഉള്‍പ്പെടുന്ന ‘ദേശാഭിമാനി’ പത്രം അയച്ചു കൊടുത്തു കൊണ്ടു അദ്ദേഹം തന്നെ എഴുതിയ കത്തിനു പ്രതികരണമായിട്ടാണ് ഗാന്ധിജിയുടെ കുറിപ്പ് പ്രത്യക്ഷപ്പെടുന്നത്. ആ അഭിമുഖം തെറ്റിദ്ധാരണാജനകമാണെന്നു വ്യക്തമാക്കി നാരായണഗുരുവും ടി.കെ. നാരായണനും എഴുതിയ കത്തുകളെ ഉദ്ധരിച്ചും അതില്‍ സംതൃപ്തി രേഖപ്പെടുത്തിയും എഴുതിയ കുറിപ്പിലാണ് (1924 ജൂലൈ 10, യങ് ഇന്ത്യ) രണ്ടാമത്തെ പരാമര്‍ശമുള്ളത്.

തീയന്മാരുടെ ആദ്ധ്യാത്മിക നേതാവായ ശ്രീനാരായണഗുരുവെന്നും തീയ സന്യാസിയായ ശ്രീനാരായണഗുരുവെന്നും ഗാന്ധിജി ഗുരുവിനെ അഭിസംബോധന ചെയ്യുന്നത് ഈ കുറിപ്പുകളിലാണ്. ഇത്തരമൊരു സംബോധനയില്‍ നിന്നു തന്നെ ഗാന്ധിജിക്കു ഗുരുവിനെപ്പറ്റിയുള്ള ധാരണയും മതിപ്പും സ്പഷ്ടമാകുന്നു. ആത്മസാക്ഷാത്കാരം കൈവരിക്കുകയും ഈഴവേതരരായ അനേകം ശിഷ്യന്മാരും അനുയായികളും ഉണ്ടായിരിക്കുകയും ചെയ്ത ഒരു യോഗിയെയാണു തീയ സന്യാസിയെന്നും തീയരുടെ ആദ്ധ്യാത്മിക നേതാവെന്നും വിശേഷിപ്പിച്ചതെന്ന് ഓര്‍ക്കണം. ഉത്തരാധുനികാനന്തര കാലമെന്നോ സത്യാനന്തര കാലമെന്നോ വിശേഷിപ്പിക്കാവുന്ന ഇക്കാലത്തെ എഴുത്തുകാരായ ‘വിശ്വപൗരന്‍’ ശശിതരൂര്‍ ”ഈഴവ സന്യാസിവര്യനായ ശ്രീനാരായണഗുരു” എന്നും (ഇന്ത്യ: അര്‍ദ്ധരാത്രി മുതല്‍ അരനൂറ്റാണ്ട്, പു. 85) മനു എസ്. പിള്ള ”ഈഴവരുടെ ആത്മീയ ഗുരുവായ ശ്രീനാരായണഗുരു” എന്നും (ദന്തസിംഹാസനം, പു. 240) ”രാമചന്ദ്രഗുഹ” (India after Gandhi) കള്ള്‌ചെത്തുകാരുടെ നേതാവെന്നും എഴുതിയതു തല്‍ക്കാലം വിസ്മരിക്കാം. ഇന്ത്യയിലെ സന്യാസിമാരോടു ഗാന്ധിജിക്കു പൊതുവിലുണ്ടായിരുന്ന പുച്ഛമനോഭാവത്തിന്റെ പ്രതിഫലനമായിട്ടോ അതോ, അംബേദ്കര്‍ പറഞ്ഞതുപോലെ താണ ജാതിയില്‍പ്പെട്ടവര്‍ എത്ര ഉന്നതസ്ഥാനത്തെത്തിയാലും അവരുടെ പേരോട് ജാതിപ്പേര് ചേര്‍ത്തുവിളിക്കുന്ന സവര്‍ണ്ണചിന്താഗതിയുടെ പ്രതികരണമായിട്ടോ, ഗാന്ധിജിയുടെ വിശേഷണങ്ങളെ വ്യാഖ്യാനിക്കേണ്ടത്? ബ്രഹ്മത്തെ സാക്ഷാത്കരിച്ചവനാണു ബ്രാഹ്മണന്‍ എന്ന പ്രഖ്യാതമായ അര്‍ത്ഥത്തെ അംഗീകരിച്ച ഗാന്ധിജിയില്‍ നിന്നു ഇത്തരമൊരു സ്ഖലിതമുണ്ടായതെങ്ങനെ? അദ്ദേഹത്തിന്റെ സനാതനബുദ്ധിയില്‍ അടിയുറച്ചു പോയതും ജീവിതാന്ത്യം വരെ ക്ഷയിക്കാതെ കിടന്നതുമായ വര്‍ണ്ണബോധത്തില്‍ അധിഷ്ഠിതമായ ജാതിവിചാരമായിരിക്കുമോ അതിനു ഹേതു? ഹിന്ദുമതത്തെ തകരാതെ രക്ഷിച്ചത് ജാതിവ്യവസ്ഥയാണെന്നു വിശ്വസിച്ച (യങ് ഇന്ത്യ 8 ഡിസംബര്‍, 1920) ഗാന്ധിജി, 1935-ല്‍ മാത്രമാണ് ‘Caste has to go in the present form’ എന്നു ആദ്യമായി ഒരു നിവൃത്തികേടുപോലെ, അനുരഞ്ജനത്തിന്റെ ഭാഷയില്‍ ശബ്ദിച്ചതെന്നു (ഹരിജന്‍, 16 നവംബര്‍, 1935) മനസ്സിലാക്കുമ്പോള്‍; അദ്ദേഹത്തിന്റെ വരേണ്യമായ ജാതിബോധമാണ് ഗുരുവിനെ തീയ സന്യാസിയെന്നു വിളിക്കാന്‍ പ്രേരിപ്പിച്ചതെന്നു വരുന്നു.
1925 മാര്‍ച്ച് 12ന് ഗാന്ധിജിയും ഗുരുവും തമ്മില്‍ വര്‍ക്കല ശിവഗിരിയില്‍ വച്ചു നടന്ന സംഭാഷണത്തിന്റെ പിന്നിലെ രാഷ്ട്രീയമാണ് ഈ ലേഖനത്തില്‍ പരിശോധിക്കുന്നത്. അതിനു മുമ്പ് ഗാന്ധിജിയുടെ ശിവഗിരി സന്ദര്‍ശനവുമായി ബന്ധപ്പെട്ട ചില തെറ്റിദ്ധാരണകള്‍ തിരുത്തേണ്ടതുണ്ട്. 2019-ലെ സമകാലിക മലയാളം വാരികയുടെ ഓണപ്പതിപ്പില്‍ അടൂര്‍ ഗോപാലകൃഷ്ണനുമായി മധുപാല്‍ നടത്തിയ ഒരു അഭിമുഖ സംഭാഷണമുണ്ട്. വിവിധ വിഷയങ്ങളെപ്പറ്റി സംസാരിക്കുന്ന കൂട്ടത്തില്‍ കേരള നവോത്ഥാനത്തെപ്പറ്റിയും അടൂര്‍ സൂചിപ്പിക്കുകയുണ്ടായി. വര്‍ക്കല കൊട്ടാരത്തില്‍ തങ്ങിയിരുന്ന റീജന്റ് റാണിയെ ഗാന്ധിജി കാണാന്‍ പോയത് ക്ഷേത്ര പ്രവേശനത്തെപ്പറ്റി സംസാരിക്കാനായിരുന്നുവെന്ന ധാരണയാണ് അടൂരിനുള്ളത്. വൈക്കം ക്ഷേത്ര റോഡുകളില്‍ക്കൂടി അയിത്തജാതിക്കാര്‍ക്കു സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തെപ്പറ്റിയാണെന്ന കാര്യം അദ്ദേഹത്തിനു അറിയില്ല. അതുപോകട്ടെ, റാണിയുമായുള്ള സംസാരം കഴിഞ്ഞു ഗാന്ധിജി ഇറങ്ങുമ്പോള്‍, റാണി അദ്ദേഹത്തോട് പറഞ്ഞതായി അടൂര്‍ ഉദ്ധരിക്കുന്ന വാക്യം ശ്രദ്ധിക്കേണ്ടതാണ്. ”മഹാത്മജി ഒരു കാര്യം കൂടി പറയാനുണ്ട്. ഞങ്ങളുടെയൊരു മഹാത്മാവുണ്ട് അദ്ദേഹത്തെ കൂടി കണ്ടിട്ടു പോകണം”. തുടര്‍ന്നു ഇന്ത്യയില്‍ മറ്റെവിടെയെങ്കിലും ഇതു നടക്കുമോ എന്നു പറഞ്ഞ് അഭിമാനപൂരിതനാകുകയാണ് അടൂര്‍. ഈ ഉദ്ധരണിയുടെ ഉറവിടം മനു എസ്. പിള്ളയുടെ ‘ദന്തസിംഹാസ’മാണെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. യാതൊരു പ്രാമാണികതയുമില്ലാതെ ‘ഗോദവര്‍മ്മ പറഞ്ഞ കഥ’ എന്ന റഫറന്‍സ് മാത്രം നല്‍കി മനു എസ്. പിള്ള പരാമര്‍ശിക്കുന്ന ഒരു സംഗതിയെ പൂര്‍ണ്ണവിശ്വാസത്തിലെടുത്തു അടൂര്‍ ഉദ്ധരിക്കുന്നതു വായിച്ചാല്‍ റാണിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഗാന്ധിജി ഗുരുവിനെ സന്ദര്‍ശിച്ചതെന്നു തോന്നും.
ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന മഹാദേവദേശായി, ‘The Epic of Travancore’ എന്ന ഗ്രന്ഥത്തില്‍ റാണി-ഗാന്ധി സന്ദര്‍ശനത്തെപ്പറ്റി പ്രതിപാദിക്കുന്നതു കാണുക: ‘Varkala is known for it’s salubrious air and the Maharani (the Queen) spends some part of the year here. At her pressing invitation we stayed there as her guests. In her talk with Bapu, she admitted that the custom of unapproachability was bad, even wicked, but nothing could be done by force against the people’s will and everyone must have freedom.” ‘Will you give the same freedom to thieves and dacoits? Won’t you protect society from them?” asked Gandhiji and the question perplexed her. At last she said, ‘everything depends upon public opinion and the roads will be opened at once” (P-82) ഇവിടെ ഒരിടത്തും അടൂര്‍ ഉദ്ധരിക്കുന്നതോ ഗോദവര്‍മ്മ പറഞ്ഞ കഥയായി മനു എസ്. പിള്ള പരാമര്‍ശിക്കുന്നതോ ആയ അഭ്യര്‍ത്ഥനയില്ല. ഇതൊരു കെട്ടുകഥയാണെന്നു 1925 മാര്‍ച്ച് 11ന് വൈക്കം സത്യാഗ്രഹികളോടും മാര്‍ച്ച് 13ന് ശിവഗിരിയില്‍ കൂടിയ ജനങ്ങളോടും ഗാന്ധിജി നടത്തിയ പ്രസംഗങ്ങള്‍ വായിച്ചാല്‍ ബോധ്യമാവും. വൈക്കം പ്രസംഗത്തിലെ പ്രസക്തഭാഗം കാണുക; ”എനിക്ക് ഇന്നു മടങ്ങിപ്പോകേണ്ടിയിരിക്കുന്നു. അതുകൊണ്ടു തികച്ചും പൂര്‍ണവും സംതൃപ്തികരവുമായ മട്ടില്‍ നിങ്ങളോടു സംസാരിക്കുന്നതിന് സാധിക്കാതെയാണിരിക്കുന്നത്. എന്റെ പരിപാടി തയ്യാറാക്കിയിട്ടുള്ളവരുടെ അഭിപ്രായം നമ്മുടെ ലക്ഷ്യം മുമ്പോട്ടു കൊണ്ടു പോകുന്നതിനു വേണ്ടി ഞാന്‍ വൈക്കത്തിനു പുറമേ ചില സ്ഥലങ്ങള്‍ കൂടി സന്ദര്‍ശിക്കണമെന്നതാണ്. ഞാന്‍ ആ അഭിപ്രായം സ്വീകരിക്കുന്നു.” ഇനി ശിവഗിരിയില്‍ നടത്തിയ പ്രസംഗത്തിലെ പ്രസക്തഭാഗം നോക്കുക: ”നിങ്ങള്‍ ദയാപൂര്‍വം നല്‍കിയ മംഗളപത്രത്തിനു ഞാന്‍ നന്ദി പറയുന്നു. ഈ സന്ദര്‍ശനം ഞാന്‍ പ്രതീക്ഷാപൂര്‍വം കാത്തിരുന്ന ഒന്നാണ്. വൈക്കത്തു പൂര്‍ണ്ണമായോ ഭാഗികമായോ സഞ്ചാരസ്വാതന്ത്ര്യമുള്ള റോഡുകളില്‍ ഏതേതെല്ലാം വര്‍ഗക്കാര്‍ക്കാണു പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുള്ളത് എന്ന് അറിയാനായിരുന്നു എന്റെ ആഗ്രഹം. അതുകൊണ്ടു ഈ സന്ദര്‍ഭം വ്യക്തിപരമായി നിങ്ങളെ പരിചയപ്പെടുന്നതിനോടൊപ്പം കാര്യം പഠിക്കുന്നതിനും എനിക്കിട നല്‍കിയിരിക്കുന്നു. വൈക്കത്തു വിലക്കപ്പെട്ട പ്രദേശത്തേക്കു കടന്നാല്‍ ശ്രീനാരായണഗുരുവിനു പോലും ഉണ്ടാകാനിടയുള്ള അനുഭവങ്ങള്‍ എന്താണെന്ന് എനിക്കിപ്പോള്‍ അറിയാം. ഞാന്‍ വന്നതു റീജന്റ് മഹാറാണി തിരുമനസ്സിനെയും ശ്രീനാരായണഗുരുവിനെയും സന്ദര്‍ശിക്കുന്നതിനാണ്. രണ്ടുപേരെയും ഞാന്‍ ഇന്നലെ സന്ദര്‍ശിച്ചു. ഈ മഹാവ്യക്തികളെ കാണാന്‍ കഴിഞ്ഞതു നിമിത്തം ഞാന്‍ ബഹുമാനിതനായിത്തീര്‍ന്നിരിക്കുന്നു” (ഗാന്ധിജിയും കേരളവും, പു.189, 211) തന്റെ പ്രവര്‍ത്തന പരിപാടികള്‍ ചിട്ടപ്പെടുത്തുന്ന സുഹൃത്തുക്കളുടെ നിര്‍ദ്ദേശപ്രകാരമാണു സന്ദര്‍ശനങ്ങള്‍ എന്നു വൈക്കം പ്രസംഗത്തില്‍ വച്ചു തന്നെ, സമയക്രമത്തില്‍ വലിയ നിഷ്ഠപുലര്‍ത്തിയിരുന്ന ഗാന്ധിജി പറഞ്ഞിട്ടുള്ളതു ഒരിക്കല്‍ കൂടി ഓര്‍ക്കുക.

ടി.കെ. മാധവൻ

വിഷയത്തിലേക്കു വരാം. ഗുരുവും ഗാന്ധിജിയും തമ്മിലുള്ള സംഭാഷണം വായിച്ചാല്‍ ഒരാള്‍ ഗുരുവും മറ്റേ ആള്‍ ശിഷ്യനുമാണെന്നു മനസ്സിലാകുമെന്നു ഡോ. പൗലോസ് മാർ ഗ്രിഗോറിയസ് തന്നോടു പറഞ്ഞതായി പി.കെ. ഗോപാലകൃഷ്ണന്‍ ‘ശ്രീനാരായണഗുരു വിശ്വമാനവികതയുടെ പ്രവാചകന്‍’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. അതൊരു സുഖിപ്പിക്കല്‍ പ്രസ്താവനയായേ കാണാനാവൂ. അല്പം ചരിത്രബോധമുള്ള ഏതു വായനക്കാരനും ആ സംഭാഷണത്തിന്റെ സ്വരവും പൊരുളും ലക്ഷ്യവും എളുപ്പത്തില്‍ ഗ്രഹിക്കാനാവും. വിശേഷിച്ച്, ഗുരുവിനെ നേരില്‍ കാണുന്നതിനു മുമ്പും പിമ്പും ഗാന്ധിജി ഗുരുവിനെപ്പറ്റി പറഞ്ഞ കാര്യങ്ങള്‍ അറിയുന്നവര്‍ക്ക്.
”സ്വാമിജിക്ക് ഇംഗ്ലീഷ് അറിയില്ലേ?” – എന്ന ഗാന്ധിജിയുടെ ചോദ്യത്തോടെയാണ് സംഭാഷണം ആരംഭിക്കുന്നത്. ഒരു തുടക്കത്തിനോ അനൗപചാരികതയ്‌ക്കോ വേണ്ടിയായാലും ഒരു മഹാത്മാവില്‍ നിന്നു വരേണ്ട വചനമായിരുന്നില്ല അത്. പ്രത്യേകിച്ച്, ചിന്തിക്കാതെ ഒരുവാക്കും തന്റെ നാവില്‍ നിന്നോ പേനയില്‍ നിന്നോ പുറത്തുപോവില്ലെന്നു അഭിമാനിക്കുകയും മനോവാക്കര്‍മ്മങ്ങളില്‍ അഹിംസ പുലര്‍ത്തണമെന്നു നിഷ്‌കര്‍ഷിക്കുകയും ചെയ്ത വ്യക്തിയില്‍ നിന്ന്. വാസ്തവത്തില്‍ അത്തരമൊരു ചോദ്യത്തിലൂടെ, അറിയാതെയാണെങ്കിലും ഗാന്ധിജി സ്വയം താഴുകയും ഗുരുവിനെ താഴ്ത്തുകയുമായിരുന്നു. അഭിമുഖത്തിനു വരുന്നതിനു മുമ്പ്, ഗുരുവിനു ഇംഗ്ലീഷ് അറിയില്ലെന്നു ഗാന്ധിജി ഗ്രഹിച്ചിരിക്കാതെ വരുമോ? അങ്ങനെ വരാന്‍ സാദ്ധ്യതയില്ല. കാരണം ആ ചോദ്യത്തില്‍ തന്നെ അത്തരമൊരു ധ്വനിയുണ്ട്. അഭിമുഖത്തിന്റെ പരിഭാഷകനായി എന്‍. കുമാരന്‍ ഇരുവരുടെയും സവിധത്തില്‍ നില്‍പ്പുണ്ടെന്ന വസ്തുത മറക്കരുത്. ചോദ്യത്തിന്റെ ലക്ഷ്യം എന്തായാലും ഡോ. ഗ്രിഗോറിയസ് കരുതുന്ന പോലെ ഒരു ശിഷ്യഭാവം ഗാന്ധിജിയുടെ ചോദ്യത്തിനില്ല. ഹിന്ദിയെ ദേശീയ ഭാഷയാക്കാന്‍ വേണ്ടി, പഠിക്കാന്‍ പ്രയാസകരമായ ഭാഷയെന്നു പറഞ്ഞു ഇംഗ്ലീഷ് പഠനത്തെ നിരുത്സാഹപ്പെടുത്തുകയും മതാഭിമാനത്തിന്റെ പേരില്‍ എല്ലാ ഹിന്ദുബാലികാബാലന്മാര്‍ക്കും നല്ല സംസ്‌കൃത പരിജ്ഞാനം ആവശ്യമാണെന്നു നിര്‍ദ്ദേശിക്കുകയും ചെയ്ത നാവില്‍ നിന്നാണു നിര്‍ദ്ദോഷമെന്നു തോന്നാവുന്ന വാക്യം പുറപ്പെട്ടതെന്നു കൂടി ധരിക്കണം.
ഗാന്ധിജിയുടെ ചോദ്യത്തിലെ അനൗചിത്യമോ അഹമ്മതിയോ ബോധ്യപ്പെടുത്താനാകണം ”മഹാത്മജിക്കു സംസ്‌കൃതം അറിയാമോ?” എന്ന ചോദ്യം ഗുരു വിക്ഷേപിച്ചത്. ഒരു തിരിച്ചടി പോലെ വന്ന ഗുരുവിന്റെ ചോദ്യം ഗാന്ധിജി പ്രതീക്ഷിക്കാത്തതാകും. തന്റെ മാര്‍ഗ്ഗദീപവും ധര്‍മ്മകാവ്യവുമായ ഭഗവദ്ഗീതയുടെയും താന്‍ അമൂല്യമെന്നു വിശ്വസിക്കുന്ന ഹൈന്ദവഗ്രന്ഥങ്ങളുടെയും അര്‍ത്ഥസൗന്ദര്യങ്ങള്‍ പരിഭാഷയിലൂടെ മാത്രം ഗ്രഹിച്ചിട്ടുള്ള ഗാന്ധിജിക്ക്, അവയെ അതിന്റെ മൂലഭാഷയില്‍ തന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞ ഗുരുവിന്റെ ചോദ്യം, ഒരുനിമിഷം ഉള്ളില്‍ ഞെട്ടലോ ലജ്ജയോ ഉളവാക്കിയിട്ടുണ്ടാവില്ലേ? ചോദിക്കാന്‍ പാടില്ലാത്ത ചോദ്യമായിരുന്നുവെന്നു ഒരുപക്ഷെ അദ്ദേഹം ചിന്തിച്ചിട്ടുമുണ്ടാവും. ഗുരുവിനെ സന്ദര്‍ശിക്കുമ്പോള്‍ അദ്ദേഹത്തിലൂടെ സാക്ഷാത്കരിക്കേണ്ട ചില ലക്ഷ്യങ്ങള്‍ ഗാന്ധിജിക്കുണ്ടായിരുന്നു. ആ ലക്ഷ്യത്തിലെത്താന്‍ ഒരു അന്വേഷകന്റെ ഭാവത്തില്‍ ഗാന്ധിജി ഗുരുവിനോടു ചോദിച്ചു: ”ഹിന്ദുക്കളുടെ പ്രമാണഗ്രന്ഥങ്ങളില്‍ അയിത്താചാരം വിധിച്ചിട്ടുള്ളതായി സ്വാമിജിക്കറിവുണ്ടോ?” സംശയ നിവാരണ രൂപത്തിലാണെങ്കിലും സ്വാമിജിക്ക് അതില്‍ അറിവുണ്ടോ ഇതില്‍ അറിവുണ്ടോ എന്ന മട്ടിലുള്ള ചോദ്യങ്ങള്‍ ഒരു ശിഷ്യന്‍ ഗുരുവിനോടു ചോദിക്കുന്ന മാതൃകയിലുള്ളതല്ല. കോടതിയിലെ സാക്ഷിക്കൂട്ടില്‍ നില്‍ക്കുന്ന എതിര്‍ കക്ഷിയോട് തെളിവെടുപ്പിനായി വക്കീല്‍ നടത്തുന്ന വിസ്താരത്തിന്റെ സ്വരമാണതിലുള്ളത്. മാത്രമല്ല, കേസിന്റെ വിജയത്തിന് താന്‍ ആഗ്രഹിക്കുന്നവിധം ഉത്തരം ലഭിക്കണമെന്നു നിര്‍ബന്ധബുദ്ധിയുള്ള വക്കീല്‍കൂടിയാണ് അദ്ദേഹം. ഗാന്ധിജി പ്രതീക്ഷിച്ച മറുപടി തന്നെ ഗുരുവില്‍ നിന്നുമുണ്ടായി. അയിത്താചാരം ഹിന്ദുക്കളുടെ പ്രമാണ ഗ്രന്ഥങ്ങളില്‍ ഉണ്ടെന്നു ആചാരപ്രിയന്മാരായ യാഥാസ്ഥിതിക നമ്പൂതിരിമാരും ശുദ്രന്മാരും ഒരുമിച്ചു നിന്നു വാദിക്കുമ്പോള്‍, അങ്ങനെയൊന്നില്ലെന്നു തനിക്കു ബോദ്ധ്യമുണ്ടെങ്കിലും നാരായണഗുരുവില്‍ നിന്നു ‘ഇല്ല’ എന്നൊരു മറുപടി കേള്‍ക്കേണ്ടത് ഗാന്ധിജിക്ക് ആവശ്യമായിരുന്നു.
ഭീകരവും മനുഷ്യത്വ ഹീനവുമായ ദുരാചാരങ്ങള്‍ സ്വാര്‍ത്ഥ മനോഭാവത്തോടെ എഴുതിയുണ്ടാക്കി, ഹിന്ദുമതത്തില്‍ ചാര്‍ത്തി പ്രചരിപ്പിച്ചും നടപ്പിലാക്കിയും വന്ന വരേണ്യവര്‍ഗ്ഗത്തിന്റെ പീഡനങ്ങളില്‍ നിന്നു എന്നന്നേയ്ക്കുമായി മുക്തി നേടാന്‍ കൊതിച്ച ബഹുഭൂരിപക്ഷം വരുന്ന കേരളത്തിലെ ഈഴവ സമുദായം ഹിന്ദുമതം വിടുവാന്‍ ആലോചിച്ചു കൊണ്ടിരിക്കുമ്പോള്‍, അതിന്റെ പവിത്രത വെളിപ്പെടുത്തുംവിധം, ആ സന്ദര്‍ഭത്തില്‍ ഗുരുവില്‍ നിന്നൊരു വാക്ക് പുറപ്പെടുവിക്കേണ്ടത്, ഹിന്ദുമതത്തെ സ്വജീവനെക്കാള്‍ സ്‌നേഹിച്ച സനാതനിയായ ഗാന്ധിജിക്കു ആവശ്യമെന്നതിലുപരി അത്യന്താപേക്ഷിതമായിരുന്നു.

ബാരിസ്റ്റർ ജോർജ് ജോസഫ്

തുടര്‍ന്നുവരുന്ന ഗാന്ധിജിയുടെ അഞ്ചു ചോദ്യങ്ങള്‍, വൈക്കം സത്യാഗ്രഹത്തെയും സത്യാഗ്രഹികള്‍ അവലംബിക്കുന്ന സമരമാര്‍ഗ്ഗത്തെയും മുന്‍നിര്‍ത്തിയുള്ളതാണ്. അവിടെയും ഗാന്ധിജിയുടെ സമീപനം ഒരു അഭിഭാഷകന്റേതായിരുന്നു. സത്യാഗ്രഹത്തെ സംബന്ധിച്ച് ഗുരു മുമ്പെടുത്ത അക്രമരഹിതമായ അനുകൂല നിലപാടുകളെ ആവര്‍ത്തിച്ചുറപ്പിക്കുകയായിരുന്നു ഗാന്ധിജി ഇവിടെ ചെയ്തത്. അന്ധവിശ്വാസികളായ സവര്‍ണ്ണവിഭാഗത്തിന്റെ ദണ്ഡനങ്ങളില്‍ നിന്നും അവരുടെ മൂഢാചാരങ്ങളെ അന്ധമായി പിന്തുണയ്ക്കുന്ന ഭരണകൂടത്തിന്റെ ക്രൂരഹസ്തങ്ങളില്‍ നിന്നും സ്വതന്ത്രരാവാനും അടിസ്ഥാന പൗരാവകാശങ്ങള്‍ നേടിയെടുക്കാനും ഗാന്ധിജിയുടെ അഹിംസാമാര്‍ഗ്ഗമല്ല, അക്രമമാര്‍ഗ്ഗമാണ് അവലംബിക്കേണ്ടതെന്നു വാദിച്ചു കൊണ്ടിരുന്ന ഈഴവ സമുദായത്തിലെ തീവ്രവാദികളെ ശാന്തരാക്കാന്‍ ഈ ആവര്‍ത്തനം വേണ്ടിയിരുന്നു.

അടൂർ ഗോപാലകൃഷ്ണൻ
ശശി തരൂർ

അയിത്തവും സത്യാഗ്രഹമാര്‍ഗ്ഗവും കടന്ന്, അതില്‍ പരോക്ഷമായി സ്പര്‍ശിച്ച തന്റെ ‘ഹിഡന്‍ അജണ്ട’യെ പ്രത്യക്ഷത്തില്‍ കൊണ്ടുവരികയാണ് ഗാന്ധിജി പിന്നീടുള്ള ചോദ്യങ്ങളില്‍. ജീവിതം ഒരു തുറന്ന പുസ്തകമായിരുന്ന മനുഷ്യനു ഹിഡന്‍ അജണ്ടയോ എന്ന സന്ദേഹമുയരാം. അതില്‍ തെറ്റിദ്ധരിക്കാനൊന്നുമില്ല. ശിവഗിരിയില്‍ വച്ചു ഗുരുവിനെ കാണുവാന്‍ കിട്ടിയ സന്ദര്‍ഭത്തെ, മതപരിവര്‍ത്തന ഭീഷണി മുഴക്കി നില്‍ക്കുന്ന വലിയൊരു സമുദായത്തെ അവരുടെ ആത്മീയ ഗുരുവിലൂടെ താന്‍ വിശ്വസിക്കുന്ന മതത്തില്‍ തന്നെ ഉറപ്പിച്ചു നിര്‍ത്തുവാന്‍ പ്രയോജനപ്പെടുത്തുക എന്നതില്‍ക്കവിഞ്ഞു ഒരു ദുരര്‍ത്ഥമോ ദുര്‍മോഹമോ ഗാന്ധിജിയുടെ ഹിഡന്‍ അജണ്ടക്കില്ലായിരുന്നു. അദ്ദേഹത്തിന്റെ ചോദ്യം ഇങ്ങനെയായിരുന്നു: ”മതപരിവര്‍ത്തനം ചെയ്യണമെന്നും അതാണു സ്വാതന്ത്ര്യലബ്ധിക്കു ശരിയായ വഴിയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. സ്വാമിജി അതിനു അനുവദിക്കുന്നുണ്ടോ?”
അതുവരെയുള്ള തന്റെ എല്ലാ ചോദ്യങ്ങള്‍ക്കും അനുകൂലമായ മറുപടി കിട്ടിയ ഗാന്ധിജി ഈ ചോദ്യം ഉന്നയിക്കുമ്പോഴും അതുപോലെ പ്രതീക്ഷിച്ചിട്ടുണ്ടാവും. പൊതുവെ സംശയങ്ങളും ചോദ്യങ്ങളുമായി വരുന്ന ഭക്തര്‍ക്കും അനുയായികള്‍ക്കും നേരെ മറുചോദ്യങ്ങള്‍ ഉയര്‍ത്തി, അവരെക്കൊണ്ടു തന്നെ സന്ദേഹനിവൃത്തിയും പ്രശ്‌നപരിഹാരവും നിര്‍വഹിക്കുന്ന രീതിയാണു ഗുരു സ്വീകരിക്കാറുള്ളത്. അതിനു വിപരീതമായൊരു സമീപനമാണു ഗാന്ധിജിയോടു ഗുരു കൈക്കൊണ്ടത്. ഗാന്ധിജിയുടെ മുന്‍ ചോദ്യങ്ങള്‍ക്കെല്ലാം അദ്ദേഹത്തിനു തൃപ്തികരമായ നിലയില്‍ മറുപടി നല്‍കിയ ഗുരു പെട്ടെന്നു ഒന്നിടിഞ്ഞു: ”മതപരിവര്‍ത്തനം ചെയ്തവര്‍ക്കു സ്വാതന്ത്ര്യങ്ങള്‍ ലഭിച്ചു വരുന്നതായി കാണുന്നുണ്ട്. അതുകാണുമ്പോള്‍ ജനങ്ങള്‍ മതപരിവര്‍ത്തനം നന്നെന്നു പറയുന്നതില്‍ അവരെ കുറ്റപ്പെടുത്തുവാനാവില്ല”. ഒരിക്കലും ഗാന്ധിജി കേള്‍ക്കാന്‍ കൊതിക്കാത്ത വാക്യങ്ങളായിരുന്നു ഗുരുവില്‍ നിന്നു നിര്‍ഗ്ഗളിച്ചത്. മതപരിവര്‍ത്തനം ചെയ്യുന്നതിലും ഭേദം മരിക്കുന്നതാണു നല്ലതെന്നു പറയുകയും ക്രിസ്തുമതത്തിലേക്കും ഇസ്ലാം മതത്തിലേക്കും പരിവര്‍ത്തനം ചെയ്യുന്ന അയിത്തജാതിക്കാരെ കഠിനമായി വിമര്‍ശിക്കുകയും അവരുടെ നിസ്സഹായാവസ്ഥയില്‍ നിന്നു നേട്ടമുണ്ടാക്കരുതെന്നു ഇതരമതസ്ഥരെ ഉപദേശിക്കുകയും ചെയ്ത ഗാന്ധിജിക്ക്, അതിനെ അനുകൂലിക്കുന്ന തരത്തിലുള്ള ഗുരുവിന്റെ പ്രത്യുത്തരം ഹൃദയഭേദകമായി അനുഭവപ്പെട്ടിട്ടുണ്ടാവും. ആ വിഷമാവസ്ഥയിലും ഗുരുവിന്റെ പ്രതികരണത്തിലെ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ ഗാന്ധിജിക്കു കഴിഞ്ഞു. എങ്കിലും അതു പുറമെ കാട്ടാതെ, വീണകെണിയില്‍ നിന്നു രക്ഷപ്പെടുവാന്‍ വേണ്ടി തന്ത്രപൂര്‍വം മറുകണ്ടം ചാടുന്ന ഗാന്ധിജിയെയാണു പിന്നെ നാം കാണുക: ”ആദ്ധ്യാത്മികമായ മോക്ഷലാഭത്തിനു ഹിന്ദുമതം മതിയാകുമെന്നു സ്വാമി വിചാരിക്കുന്നുണ്ടോ?” ഭൗതികവാദത്തില്‍ നിന്നു ആദ്ധ്യാത്മിക വാദത്തിലേക്കുള്ള ഈ ചാട്ടം മുന്നേതിലും വിപത്ക്കരമായിരുന്നു. ”അന്യമതങ്ങളിലും മോക്ഷമാര്‍ഗ്ഗം ഉണ്ടല്ലോ?” എന്ന ഗുരുവിന്റെ ചോദ്യരൂപേണയുള്ള പ്രതികരണം, ഹിന്ദുക്കളിലും വച്ചു വലിയ സനാനതന ഹിന്ദുവായ, ഹിന്ദുമതത്തിലെ സകലതത്വങ്ങളും അനുസരിക്കാന്‍ സര്‍വഥാ സന്നദ്ധനായ, ‘ഹിന്ദു സ്റ്റേറ്റ്മാന്‍’ എന്ന് അര്‍നോള്‍ഡ് റ്റോയന്‍ബി വിശേഷിപ്പിച്ച ഗാന്ധിജിയെ തികച്ചും നിരാശാഭരിതനാക്കി. പാമ്പു കടിച്ചവന്റെ തലയില്‍ ഇടിവെട്ടേറ്റതുപോലെ ആയ ഗാന്ധിജി സ്വന്തം തലയൂരുവാനായി, അക്ഷമയോടും നിര്‍ബന്ധബുദ്ധിയോടുമാണു പിന്നെ പ്രതികരിച്ചത് : ”അന്യമതങ്ങളുടെ കാര്യം ഇരിക്കട്ടെ; ഹിന്ദുമതം മോക്ഷലാഭത്തിനു പര്യാപ്തമെന്നു തന്നെയോ സ്വാമിജിയുടെ അഭിപ്രായം?” അന്യമതങ്ങളുടെ കാര്യം ഇരിക്കട്ടെ എന്ന പ്രസ്താവനയില്‍ പ്രകടമാകുന്ന അസഹിഷ്ണുതയും അസ്വസ്ഥതയും, സഹനസമരത്തിന്റെ പടനായകനായ ഗാന്ധിജി പ്രദര്‍ശിപ്പിക്കാന്‍ പാടില്ലാത്തതായിരുന്നു. എന്നാല്‍ തന്റെ സന്ദര്‍ശന ലക്ഷ്യത്തിനു പ്രതിബന്ധമാകുന്ന ആശയത്തെ പ്രതിരോധിക്കേണ്ട ബാധ്യത അദ്ദേഹത്തിനുണ്ടായിരുന്നു. എന്തില്‍ നിന്നു തലയൂരുവാന്‍ ഗാന്ധിജി ശ്രമിച്ചുവോ അതിലേക്കു തന്നെ അദ്ദേഹത്തെ പിടിച്ചടുപ്പിക്കുവാന്‍, അല്പം വാശിയാലോ കൗതുകത്താലോ ഗുരുവും ശ്രമിച്ചു.
അയിത്തക്കാരന്റെ ദുഃഖം കണ്ടറിഞ്ഞവനെക്കാള്‍ കൊണ്ടറിഞ്ഞവന്, അയാള്‍ സത്യദര്‍ശിയായാലും, ആദ്ധ്യാത്മിക മോക്ഷത്തിന്റെ ലഹരിയെ മാത്രം സ്വപ്‌നം കണ്ട്, ലൗകിക ജീവിതത്തിലെ മനുഷ്യര്‍ അഭിമുഖീകരിക്കുന്ന പീഡകളെല്ലാം വിസ്മരിച്ച് കാലം കഴിക്കുക സാദ്ധ്യമല്ല. ഗുരുവിലെ പ്രായോഗിക വേദാന്തി തലയുയര്‍ത്തുകയായിരുന്നു അവിടെ. എങ്കിലും ഗാന്ധിജിയുടെ മനോവികാരത്തെ മാനിച്ചും അംഗീകരിച്ചും ഗുരു പറഞ്ഞു: ”ആദ്ധ്യാത്മികമായ മോക്ഷലാഭത്തിനു ധാരാളം പര്യാപ്തം തന്നെ. ലൗകികമായ സ്വാതന്ത്ര്യത്തെ ആണല്ലോ ജനങ്ങള്‍ അധികം ഇച്ഛിക്കുന്നത്?”

രാമചന്ദ്രഗുഹ
മനു എസ്. പിള്ള

ഗുരു പറഞ്ഞ ജനത്തിന്റെ ഇച്ഛ, ഗാന്ധിജിയില്‍ ഇച്ഛാഭംഗമാണ് ഉണ്ടാക്കിയത്. അതുകൊണ്ടു തന്നെ വീണ്ടും അദ്ദേഹം അസഹിഷ്ണുവായി. നേരത്തെ അന്യമതങ്ങളുടെ കാര്യം ഇരിക്കട്ടെ എന്നു പറഞ്ഞതുപോലെ, അയിത്താചാരവും മറ്റും കൊണ്ടുള്ള അസ്വാതന്ത്ര്യമല്ലേ? അതും ഇരിക്കട്ടെ എന്നു പറഞ്ഞു. ലൗകികത്തില്‍ പിടിച്ചുവാദിച്ചാല്‍ രക്ഷപ്പെടാനാവില്ലെന്നും ഉദ്ദിഷ്ടസിദ്ധി ഉപലബ്ധമാകില്ലെന്നും ഗ്രഹിച്ച്, ആദ്ധ്യാത്മികത്തില്‍ തന്നെ ഗാന്ധിജി പിന്നെയും പിടിമുറുക്കി ഇങ്ങനെ തുടര്‍ന്നു: ”ആദ്ധ്യാത്മിക മോക്ഷത്തിനു മതപരിവര്‍ത്തനം ആവശ്യമെന്നു സ്വാമിജിക്ക് അഭിപ്രായമുണ്ടോ?” പരവശനും ദുശ്ശാഠ്യക്കാരനുമായി മാറിയ വിശിഷ്ടാതിഥിയെ സമാധാനിപ്പിക്കാനും അദ്ദേഹത്തിന്റെ അന്തരംഗാഭിലാഷത്തെ തൃപ്തിപ്പെടുത്താനും, മഹാനുഭാവനായ ഗുരു തന്റെ പിടി അയച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: ”ആദ്ധ്യാത്മിക മോക്ഷത്തിനായി മതപരിവര്‍ത്തനം ആവശ്യമില്ല”. ഈ വചനത്തിലൂടെ തന്റെ ലക്ഷ്യം സംപ്രാപ്തമായി എന്നു ഗാന്ധിജി ചിന്തിച്ചിട്ടുണ്ടാവും. എന്നാല്‍ അതു ഭാഗികമാണെന്ന തോന്നല്‍ കൊണ്ടും ഗുരുവിന്റെ മറുപടിയില്‍ ലൗകിക മോക്ഷത്തിനു മതപരിവര്‍ത്തനം ആവശ്യമാണെന്ന ധ്വനിയുള്ളതു കൊണ്ടും താന്‍ നേരത്തെ മാറ്റി വച്ച രണ്ടാമത്തെ പ്രശ്‌നത്തെ ലക്ഷ്യത്തിന്റെ പൂര്‍ണ്ണതയ്ക്കായി ഗുരുവിന്റെ മുന്നിലേയ്ക്ക് സംശയനിവാരണ ഭാവത്തില്‍ അദ്ദേഹം എടുത്തുവച്ചു: ”ലൗകിക സ്വാതന്ത്ര്യത്തിനാണല്ലോ നാം പരിശ്രമിക്കുന്നത്. അതു സഫലമാകാതെ വരുമോ?.” തന്റെ സന്ദര്‍ശന ലക്ഷ്യം സഫലമാകുമോ അതോ ഈ ചോദ്യവും ഒരു കെണിയായിത്തീരുമോ എന്ന ആശങ്കയോടെ ഇരുന്ന ഗാന്ധിജിയോട് , ”അതു സഫലമാകാതെ വരില്ല. അതിന്റെ രൂഢമൂലത ഓര്‍ത്താല്‍ പൂര്‍ണ്ണഫലപ്രാപ്തിക്കു മഹാത്മജി വീണ്ടും അവതരിക്കേണ്ടി വരും”. താന്‍ മനസ്സില്‍ കണ്ടതു വായിച്ചെടുത്തതുപോലെ ഉച്ചരിക്കപ്പെട്ട ഗുരുവിന്റെ മറുപടി കേട്ടു ഗാന്ധിജിക്കു ചിരി വന്നു. ഈ ജന്മമല്ല പല ജന്മമെടുത്താലും സവര്‍ണ്ണഹിന്ദുവിന്റെ ഹൃദയത്തില്‍ നിന്നു ജാതിപിശാചിനെ പൂര്‍ണ്ണായി ഉച്ചാടനം ചെയ്യാനാവില്ലെന്ന നിസ്സഹായതാ ബോധത്തിന്റെ ജാള്യത മറയ്ക്കാനുള്ള ചിരി കൂടിയായിരുന്നു അത്. എങ്കിലും ഉന്നതമായ തന്റെ ഹിന്ദു മതത്തില്‍ നിന്നു മതപരിവര്‍ത്തനത്തിലൂടെ കേരളത്തിലെ ഈഴവസമുദായം വേര്‍പെട്ടു പോകാതിരിക്കാന്‍ വേണ്ടി, ഉള്ളിലിരിപ്പ് പുറത്തുകാട്ടാതെ, അവിശ്വസനീയമായ ശുഭാപ്തി വിശ്വാസത്തോടെ, തന്റെ ആയുഷ്‌കാലത്തില്‍ തന്നെ അതു സഫലമാകുമെന്നു അദ്ദേഹം പ്രഖ്യാപിച്ചു. ഇതിന്മേല്‍ പിടിച്ചു വാദിച്ചു തന്റെ അവകാശവാദത്തെ ഗുരു തകര്‍ത്തു കളയാതിരിക്കാന്‍ ബാരിസ്റ്ററായ ഗാന്ധിജി ക്ഷണേന, അയിത്തത്തിന്റെ കുന്തമുന ഗുരുവിനും അധഃകൃതവര്‍ഗ്ഗത്തിനും നേരെ തിരിച്ചു പിടിച്ചുകൊണ്ടു ഇങ്ങനെ ചോദിച്ചു: ”അധഃകൃത വര്‍ഗ്ഗക്കാരില്‍ തന്നെ അയിത്താചാരം ഉണ്ടല്ലോ. സ്വാമിജിയുടെ ക്ഷേത്രങ്ങളില്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടോ?”
അയിത്തത്തിന്റെ പേരില്‍ അവശതയനുഭവിക്കുന്ന അധഃകൃത വിഭാഗം തന്നെ പരസ്പരം പാലിക്കുന്ന ലജ്ജാകരമായ അയിത്തത്തിലേക്കു ഗുരുവിന്റെ ദൃഷ്ടി പായിക്കാനും അക്കാര്യത്തില്‍ അദ്ദേഹം ചെയ്തിട്ടുള്ള സേവനങ്ങളെപ്പറ്റി അറിയാനുമുള്ള വ്യഗ്രതയാണ് ഈ ചോദ്യത്തിനു പിന്നിലുള്ളതെങ്കിലും, ഈ അവസാന ചോദ്യത്തിലൂടെ 1888 മുതല്‍ 1925 വരെ കേരളത്തിന്റെ ഭൗതികവും ആത്മീയവുമായ ജീവിതമണ്ഡലങ്ങളില്‍, കേരള നവോത്ഥാനത്തിന്റെ പിതാവായി പ്രകീര്‍ത്തിക്കപ്പെടുന്ന ഈ ‘തീയസന്യാസി’ ചെയ്ത സേവനങ്ങളെപ്പറ്റിയുള്ള അജ്ഞത, പ്രഥമ ചോദ്യത്തിലെന്ന പോലെ നാരായണഗുരുവിന്റെ മുഖത്തു നോക്കി ഒരിക്കല്‍ കൂടി പ്രകടിപ്പിക്കാന്‍ നമ്മുടെ രാഷ്ട്രപിതാവിനു അവസരമുണ്ടായി എന്നേ പറയാനാവൂ. ആയുസ്സിന്റെ അറുതിയോടടുപ്പിച്ചു, നിങ്ങള്‍ അധ:കൃതര്‍ക്കായി എന്തു ചെയ്തുവെന്നു അര്‍ത്ഥം വരുന്ന ചോദ്യം ഗാന്ധിജി ചോദിക്കേണ്ടി വന്നതും അതിനു ഗുരു ഉത്തരം പറയേണ്ടി വന്നതും വല്ലാത്തൊരു ദുര്‍വിധിയാണ്. തിരുവിതാംകൂറിനെക്കുറിച്ചു ഗാന്ധിജിക്കു ഒന്നുമറിയില്ലെന്നു വൈക്കം സത്യഗ്രഹ കാലത്തു ബാരിസ്റ്റര്‍ ജോര്‍ജ്ജ് ജോസഫ് പറഞ്ഞത് ഓര്‍ത്തു നമുക്കു ഗാന്ധിജിയോടു ക്ഷമിക്കാം. ഗുരുവിന്റെ മറുപടിയില്‍ സന്തോഷം പ്രകാശിപ്പിച്ചുകൊണ്ടാണ് ഗാന്ധിജി തന്റെ ‘ട്രയല്‍’ അവസാനിപ്പിച്ചതെങ്കിലും ഏറ്റെടുത്ത ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചുവെന്ന ധാരണ ലേശവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അടുത്ത ദിവസം, ശിവഗിരിയില്‍ തിങ്ങിക്കൂടിയ ജനങ്ങളോടും മാര്‍ച്ച് 18-ാം തീയതി ആലുവാ അദ്വൈതാശ്രമത്തില്‍ എത്തിച്ചേര്‍ന്ന ജനങ്ങളോടും ഗാന്ധിജി നടത്തിയ പ്രസംഗങ്ങളില്‍ നിന്നും അതു മനസ്സിലാക്കാനാവും. ”സഹിഷ്ണുത എന്ന ആദര്‍ശം ശ്രീനാരായണ ഗുരുവിനെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിന് എനിക്കു സാധിക്കുന്നില്ലെങ്കില്‍ എന്റെ നിലയ്ക്ക് ആ ആദര്‍ശം അംഗീകരിച്ചു ഞാന്‍ തൃപ്തിപ്പെട്ടു കൊള്ളു”മെന്നു നൈരാശ്യത്തോടെ ഗുരുവിനെ അപകര്‍ഷപ്പെടുത്തും വിധം ഗാന്ധിജിക്കു ആലുവായില്‍ വച്ചു സംസാരിക്കേണ്ടി വന്നത് ദൗത്യം പരാജയപ്പെട്ടതു കൊണ്ടാണ്. വൈക്കം സത്യാഗ്രഹ പാതയിലൂടെ ഈഴവ സമുദായത്തെ ദേശീയ സ്വാതന്ത്ര്യസമരത്തില്‍ പങ്കാളികളാക്കുക എന്ന ഗൂഢലക്ഷ്യവും, ഗാന്ധിജിയുടെ ശിവഗിരി സന്ദര്‍ശനങ്ങള്‍ക്കു പിന്നിലുണ്ടായിരുന്നു.

പിന്‍ കുറിപ്പ്
ശങ്കരാചാര്യര്‍, രാമകൃഷ്ണപരമഹംസര്‍, സ്വാമി വിവേകാനന്ദന്‍, രമണമഹര്‍ഷി, ചട്ടമ്പി സ്വാമികള്‍ തുടങ്ങിയ സന്യാസി പരമ്പരയില്‍പ്പെട്ട ആരെയെങ്കിലും ജാതിപ്പേര്‍ ചേര്‍ത്തു സന്യാസിയെന്നു ആരെങ്കിലും വിളിച്ചിട്ടുണ്ടോ?
9442185111

Author

Scroll to top
Close
Browse Categories