ബി.ആര്‍.പി. ഭാസ്‌ക്കര്‍ മാധ്യമചരിത്രത്തിനൊപ്പം നടന്ന ഒരാള്‍

മാധ്യമപ്രവര്‍ത്തകന്‍ ഒരു സാമൂഹ്യജീവിയും മനുഷ്യസ്നേഹിയുമായിരിക്കണമെന്ന് കൂടി വിശ്വസിച്ചയാളായിരുന്നു ബിആര്‍പി ഭാസ്‌ക്കര്‍. എന്നും പത്രപ്രവര്‍ത്തകരുടെ അവകാശപോരാട്ടങ്ങളില്‍ മുന്‍നിരയില്‍ നിന്ന അദ്ദേഹം മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. തനിക്ക് ഉള്ളതുപോലെ മറ്റുള്ളവര്‍ക്കും ആത്മാഭിമാനത്തോടെ ജീവിക്കാന്‍ അവകാശമുണ്ടെന്ന് സ്വയം അംഗീകരിക്കുക എന്നതായിരുന്നു ബിആര്‍പി ഭാസ്‌ക്കര്‍ എന്ന വ്യക്തിയെ ജീവിതത്തിലുടനീളം നയിച്ച ബോധ്യമെന്ന് സ്വന്തം അനുഭവക്കുറിപ്പില്‍ അദ്ദേഹം കുറിച്ചു.

രാജ്യത്ത് 1948 ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ബൂത്ത് ഏജന്റായി നടത്തിയ ഇടപെടലിലൂടെ മാധ്യമജീവിതത്തിന് തുടക്കമിടുകയും ഇന്ത്യ കണ്ട മറ്റൊരു നിര്‍ണ്ണായക തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്ന ദിവസം കടന്നുപോകുകയും ചെയ്ത ബിആര്‍പി ഭാസ്‌ക്കര്‍ എന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കാലത്തിനുമേല്‍ ഇട്ടുവെച്ച ഒരു കയ്യൊപ്പുണ്ട്. ബ്രിട്ടീഷ് ഇന്ത്യയിലും സ്വതന്ത്ര ഇന്ത്യയിലുമായി പരന്നുകിടക്കുന്ന സാമൂഹ്യ രാഷ്ട്രീയ സംഭവവികാസങ്ങളുടേയും വസ്തുതകളുടേയും മറ്റൊരുതരം ചരിത്രാഖ്യാനമായി മാറുന്ന അദ്ദേഹത്തിന്റെ മാധ്യമജീവിതം. കണ്ടെത്തുന്നവര്‍ക്കല്ല വാര്‍ത്തയ്ക്കാണ് പ്രാധാന്യമെന്ന നൈതികതയില്‍ ആദ്യാവസാനം വിശ്വസിച്ചിരുന്ന ബിആര്‍പി ഭാസ്‌ക്കറുടെ മരണവാര്‍ത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ തിരക്കിനിടയില്‍ മാധ്യമങ്ങള്‍ക്ക് ഒറ്റക്കോളത്തില്‍ ഒതുക്കേണ്ടിവന്നത് യാദൃശ്ചികമായി.
ഒറ്റ ദിവസം കൊണ്ടു ലോകപ്രശസ്തിയിലേക്ക് ഉയര്‍ന്ന പത്രപ്രവര്‍ത്തകനായല്ല ഈ പ്രൊഫഷനോടുള്ള ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും പ്രതിപത്തിയും സ്ഥിരോത്സാഹവും കൊണ്ട് ഈ രംഗത്ത് അതികായനായി വളര്‍ന്ന ഇന്ത്യന്‍ മാധ്യമരംഗത്തെ ഒരു വന്‍മരമായിട്ടാണ് പുതിയ തലമുറ ബിആര്‍പി ഭാസ്‌ക്കറെ നോക്കിക്കാണുക. ഏഴ് പതിറ്റാണ്ട് നീണ്ട യാത്രയില്‍ ‘ഹിന്ദു’വിന് പുറമേ ദ സ്റ്റേറ്റ്സ് മാന്‍, പേട്രിയറ്റ്, ദ ഡെക്കാന്‍ ഹെറാള്‍ഡ്, യു.എന്‍.ഐ, ഏഷ്യാനെറ്റ് പോലെയുള്ള മാധ്യമഭീമന്മാര്‍ക്കൊപ്പമായിരുന്നു സംഭവബഹുലമായ ആ ജീവിതം. മാധ്യമലോകത്ത് കൂടിയുളള സഞ്ചാരത്തില്‍ പുറംലോകം കാണാതെപോയ കുറേ അകക്കാഴ്ചകള്‍ കുറിച്ചിട്ട അദ്ദേഹത്തിന്റെ ‘ന്യൂസ് റൂം’ അതുകൊണ്ടാണ് വെറും ആത്മകഥയ്ക്കപ്പുറത്ത് ഒരു കാലഘട്ടത്തിന്റെ ആഴത്തില്‍ പതിഞ്ഞ അടയാളപ്പെടുത്തലുകളായി മാറുന്നത്.
കൊല്ലത്ത് ‘നവഭാരതം’ പത്രാധിപരായിരുന്ന എ. കെ ഭാസ്‌ക്കറിനും മീനാക്ഷിക്കും 1932 ല്‍ ജനിച്ച ബാബു രാജേന്ദ്രപ്രസാദ് ബിആര്‍പി എന്ന മൂന്നക്ഷരത്തിനുള്ളില്‍ എഴുതിയും എഡിറ്റ് ചെയ്തതുമെല്ലാം ഇന്ത്യയുടെ ചരിത്രത്തിനൊപ്പമുള്ള കാഴ്ചകള്‍ കൂടിയായിരുന്നു. പ്രൊഫഷണലായ പത്രപ്രവര്‍ത്തന സമീപനത്തില്‍ അദ്ദേഹം ദ ഹിന്ദുവില്‍ തുടങ്ങി ദ സ്റ്റേറ്റ്സ് മാന്‍, പേട്രിയറ്റ്, ദ ഡെക്കാന്‍ ഹെറാള്‍ഡ് എന്നീ ഇംഗ്ലിഷ് പത്രങ്ങളിലും യു.എന്‍. ഐ പോലുള്ള ദേശീയ വാര്‍ത്താ ഏജന്‍സികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തില്‍ ആദ്യമായി സ്വകാര്യ ചാനല്‍ തുടങ്ങിയപ്പോള്‍ ഏഷ്യാനെറ്റിലൂടെ വാര്‍ത്താമാധ്യമങ്ങളുടെ പുതിയ കാലഘട്ടത്തിനൊപ്പം സഞ്ചരിച്ചു.

വാര്‍ത്തകളുടെ ലോകത്തെ
കണിശത
ആരെങ്കിലും എന്തെങ്കിലും പൂഴ്ത്തിവെയ്ക്കാന്‍ ശ്രമിക്കുന്നതാണ് വാര്‍ത്തയെന്നും ബാക്കിയെല്ലാം പ്രചരണമാണെന്നും ഭാസ്‌ക്കര്‍ ഉറച്ചു വിശ്വസിച്ചു. വിശ്വാസ്യതയാവണം മാധ്യമ പ്രവര്‍ത്തകരുടെ അവശ്യഗുണമെന്ന് അദ്ദേഹം പഠിപ്പിച്ചു. പിതാവിന്റെ പത്രമാഫീസില്‍ ബാല്യം ചെലവഴിച്ചിട്ടുള്ള ബിആര്‍പി ഭാസ്‌ക്കറിന് വാര്‍ത്തകളുടെ ലോകം പുതിയതായിരുന്നില്ല. കൗമാരകാലത്ത് ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ സജീവമായിരുന്ന കാലത്ത് അദ്ദേഹം പിതാവിന്റെ പത്രത്തില്‍ പേരുമാറ്റി രാഷ്ട്രീയലേഖനം അയച്ചുകൊടുത്തു പ്രസിദ്ധീകരിച്ചിരുന്നു. മകനെ ഐഎഎസുകാരനാക്കണം എന്നായിരുന്നു പുരോഗമനവാദി കൂടിയായ എ കെ ഭാസ്‌കറിന്റെ ആഗ്രഹം.
ഈ സാഹചര്യത്തിലാണ് അച്ഛന്‍ പോലുമറിയാതെ ആ മകന്‍ മറ്റൊരു പേരില്‍ നവഭാരതില്‍ രാഷ്ട്രീയ ലേഖനമെഴുതിയത്. പിന്നീട് ഭാസ്‌ക്കറും മകന്റെ ഇഷ്ടത്തിന് വഴങ്ങിയതോടെ അസാധാരണവും സംഭവബഹുലവുമായ മാധ്യമപ്രവര്‍ത്തന ജീവിതത്തിന് തുടക്കമായി. കണക്കില്‍ നൂറില്‍ നൂറ് മാര്‍ക്കും വാങ്ങി ബിരുദം നേടിയ ഭാസ്‌ക്കര്‍ ഗണിതത്തിന്റെ കണിശത ഉപയോഗപ്പെടുത്തിയത് ന്യൂസ് റുമുകളുടെ പരീക്ഷണശാലകളിലായിരുന്നു. നെഹ്‌റുവിന്റെ തിരുവനന്തപുരം സന്ദര്‍ശനവും പട്ടേലിന്റെ കൊച്ചി സന്ദര്‍ശനവും ഉള്‍പ്പെടെ ‘നവഭാരത’ത്തിലെ മറക്കാത്ത ആദ്യറിപ്പോര്‍ട്ടിംഗ് അനുഭവങ്ങള്‍ക്കിടയില്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ പ്രവര്‍ത്തങ്ങളിലൂടെ സമാന്തര രാഷ്ട്രീയബോധവും ഭാസ്‌ക്കര്‍ വളര്‍ത്തിയെടുത്തു.
1948 -ല്‍ സ്വാതന്ത്ര്യാനന്തരം നടന്ന ആദ്യതെരഞ്ഞെടുപ്പില്‍ പതിനാറുകാരനായ ബി.ആര്‍.പി, എന്‍ ശ്രീകണ്ഠന്‍നായരുടെ തെരഞ്ഞെടുപ്പ് ഏജന്റായി പ്രവര്‍ത്തിച്ചു. നവോത്ഥാനകേരളവും ദേശീയപ്രസ്ഥാനവും നവഭാരതവും കാമ്പസ്സും ഒക്കെചേര്‍ന്ന ഒരു രാഷ്ട്രീയസാമൂഹ്യ അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തില്‍ നിന്നായിരുന്നു ഭാസ്‌ക്കര്‍ ‘ദി ഹിന്ദു’ വിലെ ട്രെയിനി എഡിറ്ററായി ചേര്‍ന്നത്. എസ്. എന്‍. കോളജിലെ ഗണിതാധ്യപകനും എ.പി.ഐയുടെ പാര്‍ട്ട് ടൈം ലേഖകനുമായ ബാലകൃഷ്ണശര്‍മ്മ തെളിച്ചുകൊടുത്ത പാതയിലൂടെ സഞ്ചരിച്ച വന്ന ഭാസ്‌ക്കര്‍ക്ക് നവഭാരതവും ഹിന്ദുവുമൊക്കെ ചേര്‍ന്ന് വിശാലമായ ഒരു സാമൂഹ്യവീക്ഷണം സൃഷ്ടിച്ചുകൊടുത്തിരുന്നു.
അചഞ്ചലമായ നീതിബോധം, കൃത്യമായ നിലപാട്, സമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിലെ വ്യക്തമായ കാഴ്ചപ്പാട്, സമകാലിക സംഭവങ്ങളെകുറിച്ചുള്ള ധാരണ, വ്യക്തവും സ്പഷ്ടവുമായ ഓര്‍മ്മ എന്നിവയൊക്കെയായിരുന്നു ബിആര്‍പി ഭാസ്‌ക്കറിനെ നയിച്ചത്. ഇതെല്ലാം അദ്ദേഹത്തിന് കിട്ടിയത് പിതാവില്‍ നിന്നുമായിരുന്നു.

റീസൈക്കിള്‍ ബിന്നിലേക്ക് പോയ
സ്‌റ്റോറികള്‍
അചഞ്ചലമായ നീതിബോധം, കൃത്യമായ നിലപാട്, സമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിലെ വ്യക്തമായ കാഴ്ചപ്പാട്, സമകാലിക സംഭവങ്ങളെകുറിച്ചുള്ള ധാരണ, വ്യക്തവും സ്പഷ്ടവുമായ ഓര്‍മ്മ എന്നിവയൊക്കെയായിരുന്നു ബിആര്‍പി ഭാസ്‌ക്കറിനെ നയിച്ചത്. ഇതെല്ലാം അദ്ദേഹത്തിന് കിട്ടിയത് പിതാവില്‍ നിന്നുമായിരുന്നു. പുറത്തുകൊണ്ടുവന്ന സ്‌കൂപ്പുകളേപ്പോലെ തന്നെ തന്റെ പിതാവുമായും തിരുവിതാംകൂറിന്റെ ചരിത്രവുമായും ബന്ധപ്പെട്ട മറവിയിലാണ്ടുപോയ അനേകം അസാധാരണമായ യാഥാര്‍ത്ഥ്യങ്ങള്‍ ജീവിതസായാഹ്നത്തില്‍ അദ്ദേഹം കേരളത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഒരു അഭിമുഖത്തിലെ വെളിപ്പെടുത്തലില്‍ അദ്ദേഹം പിതാവുമായി ബന്ധപ്പെട്ട് ഭരണഘടനാശില്‍പ്പി അംബേദ്ക്കറിന്റെ അധികമാര്‍ക്കുമറിയാത്ത കേരള സന്ദര്‍ശനത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
”അംബേദ്കര്‍ മകന്റെ ചികിത്സയ്ക്ക് ചേര്‍ത്തലയില്‍ വന്ന കാര്യം ലേഖനമായി കേരളകൗമുദിയില്‍ വന്നിട്ടുണ്ട്. അംബേദ്കര്‍ കേരളത്തില്‍ വന്നിട്ടുണ്ടെന്നും ഞങ്ങളുടെ വീട്ടില്‍ വന്നിട്ടുണ്ടെന്നും ഞാന്‍ എഴുതിയതിന് ശേഷമായിരുന്നു അത്. ഹിന്ദു കോഡ് ബില്ലിനെക്കുറിച്ച് അഭിപ്രായ വ്യത്യാസമുള്ള കാലമായിരുന്നു. അതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നടത്തിയ അഖിലേന്ത്യാ പര്യടനത്തിനിടയിലാണ് അംബേദ്കര്‍ കേരളത്തിലും വന്നത്. എന്റെ അച്ഛന് അംബേദ്കറുമായി നേരത്തെ ബന്ധമുണ്ടായിരുന്നു. അംബേദ്കറെ ബോംബെയില്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. അക്കാലത്ത് എന്റെ അച്ഛന്‍ ഒരു ആംഗ്ലോ ഇന്ത്യക്കാരനില്‍ നിന്ന് വീട് വിലയ്ക്ക് വാങ്ങി. ആ വീടിന് ‘രാജ്യഗ്രഹ’ എന്നാണ് പേരിട്ടത്. അംബേദ്കറിന്റെ വീടിന്റെ പേരും അതായിരുന്നു.”

എസ്.എന്‍.ഡി.പി യോഗവുമായി ബന്ധപ്പെട്ട ചില ചരിത്രബോധങ്ങള്‍ ഈ വെളിപ്പെടുത്തലില്‍ ഉള്‍ചേരുന്നുണ്ട്. അവയില്‍ ഒന്ന് യോഗത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഒരു കാര്‍ഷിക വ്യവസായിക പ്രദര്‍ശനമാണ്. അതേക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങിനെയാണ്. ”ചരിത്രസംഭവമായിരുന്നു. ലോകത്ത് തന്നെ ഇതുപോലെ മുമ്പ് ഒരു പ്രദര്‍ശനം നടന്നത് ലണ്ടനിലും പാരീസിലും മാത്രമായിരുന്നു. വിദ്യ അഭ്യസിക്കുക, വ്യവസായം ചെയ്യുക എന്ന ശ്രീനാരായണഗുരുവിന്റെ ദര്‍ശനമായിരുന്നു പ്രദര്‍ശനത്തിന്റെ അടിസ്ഥാനം. വ്യവസായവും കൃഷിയും ഒന്നായി കണ്ടിരുന്ന അക്കാലത്ത് ഈ പ്രദര്‍ശനത്തിലാണ് ആദ്യമായി ഡോ. പല്‍പ്പുവിന്റെ സഹോദരന്‍ ഒരു ടൈപ്പ് റൈറ്റര്‍ പ്രദര്‍ശിപ്പിക്കുന്നത്.”
ആദ്യമായി ബോണസ് കൊടുക്കുന്നത് കൊല്ലത്ത് ഹാരിസണ്‍സ് ക്രോസ് ഫീല്‍ഡ് കമ്പനിയാണ്. ഒന്നാം ലോകമഹായുദ്ധകാലത്ത്. അക്കാലത്ത് കമ്പനിക്ക് ചില യുദ്ധസാമഗ്രികള്‍ ഉണ്ടാക്കാന്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു. അത് വേഗത്തില്‍ നടപ്പാക്കാന്‍ കഴിഞ്ഞില്ല. ഭക്ഷ്യക്ഷാമമുള്ള കാലം. പണി ചെയ്യാന്‍ ആളെ കിട്ടുന്നില്ലെന്നും ഇവിടെ പട്ടിണിയാണെന്നും അവര്‍ അറിയിച്ചു. തുടര്‍ന്നാണ് ഹാരിസണ്‍ കമ്പനിക്ക് അരി അനുവദിച്ചത്. അരിയുടെ രൂപത്തിലുള്ള ബോണസ്സായിരുന്നു അത്. ബോണസിന് വേണ്ടി സമരം നടന്നതായി രേഖയിലില്ല.
കേരളത്തില്‍ എസ്.എന്‍.ഡി.പി യോഗമാണ് ആദ്യമായി തൊഴിലാളികളെ സംഘടിപ്പിച്ചത്. ശ്രീനാരായണീയര്‍ എന്ന് പൊതുവേ പറയാം. ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ആളുകളാണ് ആലപ്പുഴയിലും കൊല്ലത്തുമൊക്കെ തൊഴിലാളി പ്രസ്ഥാനം ഉണ്ടാക്കിയത്. എസ്.എന്‍.ഡി.പിയോഗം നേതൃത്വത്തിലുണ്ടായിരുന്ന വി.കെ. വേലായുധന്‍ അന്നു വലിയ തൊഴിലാളി നേതാവായിരുന്നു. ആലപ്പുഴയില്‍ ബാവയായിരുന്നു ഒരാള്‍. ആലപ്പുഴ അന്ന് കേരളത്തിലെ തന്നെ വലിയ വ്യവസായ കേന്ദ്രമാണ്. ആലപ്പുഴയും കൊല്ലവുമായിരുന്നു തിരുവിതാംകൂറിന്റെ വാണിജ്യ കേന്ദ്രങ്ങള്‍. കൊല്ലത്തും എസ്.എന്‍.ഡി.പി യോഗം യൂണിയന്‍ നേതാക്കള്‍ തന്നെയാണ് തൊഴിലാളികള്‍ക്ക് നേതൃത്വം നല്‍കിയത്. ഈ ചരിത്രം പലര്‍ക്കുമറിയില്ല. അവര്‍ ധരിച്ചു വെച്ചിരിക്കുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ് തൊഴിലാളി മുന്നേറ്റമുണ്ടാക്കിയതെന്നാണ്.
എസ്.എന്‍.ഡി.പി യോഗവുമായി ബന്ധപ്പെട്ട ചില ചരിത്രബോധങ്ങള്‍ ഈ വെളിപ്പെടുത്തലില്‍ ഉള്‍ചേരുന്നുണ്ട്. അവയില്‍ ഒന്ന് യോഗത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഒരു കാര്‍ഷിക വ്യാവസായ പ്രദര്‍ശനമാണ്. അതേക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങിനെയാണ്. ”ചരിത്രസംഭവമായിരുന്നു. ലോകത്ത് തന്നെ ഇതുപോലെ മുമ്പ് ഒരു പ്രദര്‍ശനം നടന്നത് ലണ്ടനിലും പാരീസിലും മാത്രമായിരുന്നു.” വിദ്യ അഭ്യസിക്കുക, വ്യവസായം ചെയ്യുക എന്ന ശ്രീനാരായണഗുരുവിന്റെ ദര്‍ശനമായിരുന്നു പ്രദര്‍ശനത്തിന്റെ അടിസ്ഥാനം.

”കൊല്ലം എസ്.എന്‍. കോളേജിന് തുടക്കമിട്ടവരില്‍ ഒരാള്‍ എന്റെ അച്ഛനാണ്. കോളേജ് എന്ന ആശയം ഉദിക്കുന്നത് കൊല്ലത്താണ്. അച്ഛനെക്കാളേറെ കെ.പികയ്യാലക്കല്‍. കയ്യാലക്കല്‍ ഒരിക്കല്‍ അച്ഛനോട് ചോദിച്ചു. ”അല്ല മിസ്റ്റര്‍ ഭാസ്‌കര്‍,കൊല്ലത്ത് ശ്രീനാരായണഗുരുവിന്റെ പേരില്‍ ഒരു കോളേജ് തുടങ്ങേണ്ടേ?”. സമ്പന്നരായ അഞ്ചു കശുവണ്ടി മുതലാളിമാരെ തേടി പിടിച്ചു. രണ്ട് മുള്ളേത്തുകാര്‍, രണ്ട് കിടങ്ങില്‍കാര്‍, ഒന്ന് അച്ഛന്റെ ബന്ധുക്കളായ അഞ്ചരണ്ടില്‍. ആ ആശയവുമായി തിരുവനന്തപുരത്ത് ചെന്നപ്പോള്‍ ദിവാന്‍ സ്ഥലവും ഗ്രാന്റും കൊടുക്കാമെന്ന് പറഞ്ഞു. കോളേജിന്റെ കാര്യം എസ്.എന്‍.ഡി.പി യോഗം ഔദ്യോഗികമായി ആവശ്യപ്പെട്ടു. ഇതെല്ലാം തന്റെ വീട്ടില്‍ വെച്ചാണ് നടക്കുന്നത്. ഇതിന്റെ ജീവിച്ചിരിക്കുന്ന ഏക ദൃക് സാക്ഷിയാണ് ഞാന്‍. എനിക്ക് അന്ന് 10-12 വയസ്സേയുള്ളു.”
വാര്‍ത്തകള്‍ വെറും
വാര്‍ത്തകള്‍ മാത്രമല്ല
മാധ്യമപ്രവര്‍ത്തകന്‍ ഒരു സാമൂഹ്യജീവിയും മനുഷ്യസ്നേഹിയുമായിരിക്കണമെന്ന് കൂടി വിശ്വസിച്ചയാളായിരുന്നു ബിആര്‍പി ഭാസ്‌ക്കര്‍. എന്നും പത്രപ്രവര്‍ത്തകരുടെ അവകാശപോരാട്ടങ്ങളില്‍ മുന്‍നിരയില്‍ നിന്ന അദ്ദേഹം മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു
തനിക്ക് ഉള്ളതുപോലെ മറ്റുള്ളവര്‍ക്കും ആത്മാഭിമാനത്തോടെ ജീവിക്കാന്‍ അവകാശമുണ്ടെന്ന് സ്വയം അംഗീകരിക്കുക എന്നതായിരുന്നു ബിആര്‍പി ഭാസ്‌ക്കര്‍ എന്ന വ്യക്തിയെ ജീവിതത്തിലുടനീളം നയിച്ച ബോധ്യമെന്ന് സ്വന്തം അനുഭവക്കുറിപ്പില്‍ അദ്ദേഹം കുറിച്ചു.
കീഴാളരാഷ്ട്രീയത്തിനും ഭരണഘടനാപരമായ മനുഷ്യാവകാശത്തിനും വേണ്ടി ജീവിതത്തില്‍ ഉടനീളം പോരാടിയ അദ്ദേഹം ദളിത്-ആദിവാസി, സ്ത്രീകള്‍, ന്യൂനപക്ഷ സമുദായങ്ങള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹങ്ങളുടെയുമെല്ലാം അവകാശങ്ങള്‍ക്കും സ്വത്ത്വനീതിക്കും വേണ്ടിയുള്ള രാഷ്ട്രീയത്തില്‍ അവരോടൊപ്പം നിലകൊണ്ടു. അവരുടെ പ്രശ്‌നങ്ങളില്‍ നിസ്വാര്‍ത്ഥമായി ഇടപെട്ടു. ഭരണകൂടം മൂടി വെയ്ക്കാന്‍ ഇഷ്ടപ്പെടുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍, ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ എന്നിവയില്‍ സമരമുഖത്ത് എത്തി. ആദിവാസികള്‍ അടക്കമുള്ള അടിച്ചമര്‍ത്തപ്പെട്ടവരുടെ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാളിയായി. പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്തിരുന്നു.
നെഹ്‌റൂവിയന്‍ ഇന്ത്യയും ഇന്ദിരയുടെ പ്രതാപവും അടിയന്തരാവസ്ഥയും ഗ്ലോബലൈസേഷനും അടക്കം സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ചരിത്രത്തിനൊപ്പം നടന്നയാളായിരുന്നു ബിആര്‍പി ഭാസ്‌ക്കര്‍. സംഭവബഹുലമായ പത്രപ്രവര്‍ത്തന ജീവിതത്തില്‍ സ്വതന്ത്ര ഇന്ത്യയെ നിര്‍മ്മിച്ച നിരവധി സംഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം പുറത്തുവിട്ടു. 1952 മുതല്‍ 2000 വരെ പല ലോകസംഭവങ്ങളെയും അടുത്തറിയുകയും വായനക്കാര്‍ക്ക് മുന്നില്‍ അവയൊക്കെയും തുറന്നു വെയ്ക്കുകയും ചെയ്തു.
സ്ത്രീകള്‍ക്ക് എതിരേയുള്ള അതിക്രമങ്ങള്‍, ജാതിപീഡനങ്ങളില്‍ തുടങ്ങി ദുരഭിമാനം മുന്‍ നിര്‍ത്തി കേരളം മൂടിവെയ്ക്കാന്‍ ശ്രമിച്ച പലതിലും സാന്നിദ്ധ്യം കൊണ്ടും എഴുതിയും സംസാരിച്ചും ഇടപെടുകയും അവയെ വലിച്ച് പുറത്തിടുകയും ലോകശ്രദ്ധയിലേക്ക് കൊണ്ടുവരികയും ചെയ്തു. ആണവ വിരുദ്ധസമരം, പ്ലാച്ചിമട, ചെങ്ങറ ഭൂസമരം തുടങ്ങി അതിജീവനത്തിന്റെ പോരാട്ടങ്ങളിലും സമരപോരാളികള്‍ക്ക് ബിആര്‍പിയുടെ സാന്നിദ്ധ്യം ആവേശം പകര്‍ന്നു. മുത്തങ്ങയില്‍ ആദിവാസികള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ അവര്‍ക്കുവേണ്ടി മുഴങ്ങിയ പൊതുസമൂഹത്തിന്റെ ഏറ്റവും വലിയ ശബ്ദം ബിആര്‍പി ഭാസ്‌ക്കറുടേതായിരുന്നു. കൊല്ലത്ത് ഡിഎച്ച്ആര്‍എം പ്രശ്നങ്ങളില്‍ ദളിത് വേട്ടയാടലുകളും ലോക്കപ്പ മര്‍ദ്ദനങ്ങളും ഉണ്ടായപ്പോള്‍ ബിആര്‍പി ഭാസ്‌ക്കറിന്റെ ശബ്ദം ഭരണകൂടത്തിന് കനത്ത സമ്മര്‍ദ്ദമുണ്ടാക്കി.
എഡിറ്റ് ചെയ്യപ്പെടാത്ത ന്യൂസ് റൂമുകള്‍
പത്രപ്രവര്‍ത്തനം പ്രശസ്തിയിലേക്കുള്ള കുറുക്കുവഴിയായല്ല ജനാധിപത്യവാദിയുടെ, ജനാധിപത്യ ബോധ്യങ്ങളുടെ തുടര്‍ച്ചയായിട്ടാണ് അദ്ദേഹം കണക്കാക്കിയത്. പുറത്തുവിടുന്ന വാര്‍ത്തകള്‍ പോലെ സംഭവബഹുലമായിരുന്നു അദ്ദേഹത്തിന്റെ മാധ്യമകാലഘട്ടവും. അത്തരം അനേകം സംഭവങ്ങള്‍ വിവിധ മാധ്യമങ്ങളിലെ പ്രവര്‍ത്തന കാലയളവില്‍ അദ്ദേഹം നേരിട്ടിട്ടുണ്ട്. ഒരു മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ എഴുത്തും ദിശാബോധവും സൃഷ്ടിച്ചെടുക്കാന്‍ ഹിന്ദുവിലെ പ്രവര്‍ത്തന കാലയളവ് സഹായിച്ചിരുന്നതായി അദ്ദേഹം ന്യൂസ് റൂമില്‍ എഴുതിയിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ പേരെടുത്ത പത്രമായി ഹിന്ദു ഉയര്‍ന്നു. എന്നാല്‍ അവിടെ ട്രേഡ് യൂണിയന്‍ ഉണ്ടാക്കിയതിന്റെ പേരില്‍ എഡിറ്റര്‍ വി കെ. നരസിംഹനെതിരേ ഒരിക്കല്‍ പത്രം നടപടിയെടുത്തു. നരസിംഹനെ മാനേജ്‌മെന്റ് പുറത്താക്കി. നരസിംഹനെ അനുകൂലിച്ച പത്രപ്രവര്‍ത്തകരില്‍ 21 പേര്‍ പിന്നീട് സമ്മര്‍ദം മൂലം പിന്‍മാറി. എന്നാല്‍ കോടതിയില്‍ കേസ് വന്നപ്പോള്‍ മാനേജ്‌മെന്റ് സമ്മര്‍ദം ചെലുത്തി എഡിറ്റര്‍മാരെ ഒപ്പിടുവിച്ചതായി ബി ആര്‍ പി കോടതിയെ ധരിപ്പിച്ചു. കേസ് ഒത്തുതീര്‍പ്പായെങ്കിലും ഭാസ്‌ക്കര്‍ ജോലി ഉപേക്ഷിച്ചു.
പിന്നീട് ഫിലിപ്പീന്‍സിലെ ‘എക്‌സേഞ്ച് സ്‌കോളര്‍ പ്രോഗ്രാ’മിന്റെ ഭാഗമായി അവിടേക്ക് പോയ അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിച്ചുവന്നത് സ്റ്റേറ്റ്‌സ് മാനില്‍ പത്രപ്രവര്‍ത്തകനായിക്കൊണ്ടാണ്. 1964 മാര്‍ച്ച് 31 ന് ആരംഭിച്ച ‘പേട്രിയറ്റ്’ ആയിരുന്നു അടുത്ത തട്ടകം. പേട്രിയറ്റിലെ ആദ്യത്തെ അസിസ്റ്റ്ന്റ് എഡിറ്ററായി ചേരുമ്പോള്‍ 30 വയസ്സായിരുന്നു പ്രായം. മീഡിയാ കരിയറിലെ ഏറ്റവും ഹ്രസ്വകാലമായിരുന്നു പേട്രിയേറ്റ് എങ്കിലും ഒരു മാധ്യമപ്രവര്‍ത്തകന്റെ കരിയറില്‍ റെക്കോഡ് ചെയ്യപ്പെടേണ്ട ചില പ്രവര്‍ത്തനങ്ങളുടെ ഭാഗമായി. പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയടക്കമുള്ള പ്രമുഖരെ അഭിമുഖം ചെയ്യാന്‍ അദ്ദേഹത്തിന് അവസരം കിട്ടി. സ്വതന്ത്രമാധ്യമ വീക്ഷണം മുന്‍നിര്‍ത്തിയുള്ള പത്രത്തിന്റെ നയങ്ങളോട് കലഹിച്ച് ഒടുവില്‍ അവിടെ നിന്നും പടിയിറങ്ങി. അപ്പോഴേയ്ക്കും മാധ്യമപ്രവര്‍ത്തകന്റെ അടുത്തഘട്ടത്തിലേക്ക് മാറി. ഭാസ്‌ക്കര്‍ പത്രത്തിന്റെ പണി തല്‍ക്കാലം അവസാനിപ്പിച്ച് വാര്‍ത്താ ഏജന്‍സിയുടെ തട്ടകത്തിലെത്തി. കുല്‍ദ്ദീപ് നയ്യാറിനെ പോലെയുള്ള വമ്പന്മാര്‍ നയിക്കുന്ന ‘യു.എന്‍.ഐ’യിലെ ലോകം മാധ്യമരംഗത്ത് അദ്ദേഹത്തിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ കാലയളവായി. 18 വര്‍ഷം ബിആര്‍പി ചെലവഴിച്ചത് യുഎന്‍ഐ യിലായിരുന്നു.
യുഎന്‍ഐയിലും അദ്ദേഹം നട്ടെല്ല് വളയ്ക്കാന്‍ കൂട്ടാക്കിയില്ല. ഇന്നും മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നായ വേതനപ്രശ്‌നത്തില്‍ സമരമുണ്ടായപ്പോള്‍ പുറത്താക്കപ്പെട്ടു. ബിആര്‍പിയ്ക്ക് വേണ്ടി യുഎന്‍ഐയിലെ അന്തരീക്ഷം സമരതീക്ഷ്ണമായി. 1974ല്‍ വേതന വര്‍ദ്ധനവിന് വേണ്ടി യു എന്‍ ഐയില്‍ നടന്ന സമരം പാര്‍ലമെന്റില്‍ വരെയെത്തി. അന്നത്തെ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഐ കെ ഗുജ്‌റാള്‍ ബന്ധപ്പെട്ടപ്പോള്‍ മൂന്ന് വര്‍ഷത്തെ വേജ് ബോര്‍ഡ് ഉടമ്പടി പ്രകാരം വേതന വര്‍ദ്ധനവ് ആവശ്യപ്പെടാന്‍ യൂണിയന് അവകാശമില്ലെന്ന് യു എന്‍ ഐ എഡിറ്റര്‍ ജി ജി മിര്‍ച്ചന്ദാനി കേന്ദ്രമന്ത്രിയെ അറിയിച്ചു. എന്നാല്‍ വേജ് ബോര്‍ഡ് ശുപാര്‍ശ യു എന്‍ ഐയില്‍ നടപ്പിലാക്കിയിട്ടില്ല എന്നും നടപ്പിലാക്കാത്ത ശുപാര്‍ശയുടെ പേരിലാണ് മാനേജ്‌മെന്റ് വേതന വര്‍ദ്ധന തടയുന്നതെന്നും ബിആര്‍പിയ്ക്ക് മന്ത്രിയെ ധരിപ്പിക്കാനായി. ഇതറിഞ്ഞ മന്ത്രി ഗുജ്‌റാള്‍ തെറ്റിദ്ധരിപ്പിച്ചതില്‍ മിര്‍ച്ചന്ദാനിയോട് ക്ഷുഭിതനായി. ഒടുവില്‍ മാനേജ്‌മെന്റ് കീഴടങ്ങി. വേതന വര്‍ദ്ധന നടപ്പിലാക്കി.
ബിആര്‍പിയ്‌ക്കെതിരേ പ്രതികാര നടപടിയുണ്ടായി. ഡല്‍ഹിയില്‍ നിന്ന് ബി ആര്‍ പിയെ ബോംബെയിലേക്ക് സ്ഥലം മാറ്റി. ഒടുവില്‍ ബി ആര്‍ പിക്ക് ടെര്‍മിനേഷന്‍ നോട്ടീസ് വന്നു. ബി ആര്‍ പി യെ മാനേജ്മന്റ് പിരിച്ചുവിട്ടു. പ്രശ്നം അവസാനിപ്പിക്കാനാണ് മാനേജ്മെന്റ് ശ്രമിച്ചെതെങ്കിലും അത് മറ്റൊരു തുടക്കമായി. ബി. ആര്‍.പി യെ തിരികെയെടുക്കണമെന്നാവശ്യപ്പെട്ട് യു എന്‍ ഐ ജോലിക്കാര്‍ സമരമാരംഭിച്ചു. മറ്റ് മേഖലകളിലെ യൂണിയനുകളും പിന്തുണ പ്രഖ്യാപിച്ചു. പത്രങ്ങളുടെ ന്യൂസ് പ്രിന്റ് തടയും എന്ന് തുറമുഖ പോര്‍ട്ടര്‍ യൂണിയന്‍ കൂടി പ്രഖ്യാപിച്ചതോടെ പത്രമുതലാളിമാരുടെ സംഘടന ഐഎന്‍എസ് പ്രശ്‌നത്തില്‍ ഇടപെട്ടു. ഒടുവില്‍ ഇന്ത്യന്‍ യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണ്ണലിസ്റ്റ് സംഘടന ലേബര്‍ സെക്രട്ടറിയുമായി സംസാരിച്ച് ധാരണയായി. ബി ആര്‍ പിയെ തിരിച്ചെടുത്തു. പക്ഷേ ശ്രീനഗറിലേക്ക് സ്ഥലം മാറ്റി. ഇന്ത്യന്‍ പത്രപ്രവര്‍ത്തന ചരിത്രത്തില്‍ പിരിച്ച് വിട്ടയാളെ തിരിച്ചെടുക്കുന്ന ആദ്യസംഭവമായിരുന്നു അത്.
ശ്രീനഗറില്‍ നിന്നും മദ്രാസിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ട ഭാസ്‌ക്കര്‍ 1984 വരെ അവിടെത്തുടര്‍ന്നു. പിന്നീട് യുഎന്‍ഐയിലും നിന്നില്ല. ബാംഗ്ലൂരിലെ ഡെക്കാണ്‍ ഹെറാള്‍ഡിന്റെ ഭാഗമായി. പിന്നീട് അച്ചടിമാധ്യമങ്ങള്‍ക്കൊപ്പം നിലകൊണ്ട ദീര്‍ഘകാല അനുഭവസമ്പത്തില്‍ നിന്നുകൊണ്ട് അദ്ദേഹം മാധ്യമങ്ങളുടെ അടുത്ത തലമുറയിലേക്ക് കടന്നു. ദൂരദര്‍ശന് വേണ്ടി വാര്‍ത്താച്ചിത്രങ്ങളൊരുക്കുന്ന ഫോക്കസ് ഇന്ത്യാ ഫീച്ചേഴ്‌സിന്റെ പ്രവര്‍ത്തനങ്ങളുമായി ദൃശ്യമാധ്യമങ്ങളുടെ മണ്ഡലത്തിലേക്ക് പ്രവേശിച്ചു. ഇതിനിടയിലാണ് മലയാളത്തില്‍ ആദ്യമായി സ്വകാര്യ ചാനല്‍ ഏഷ്യാനെറ്റിന്റെ കടന്നുവരവ്. ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ഥാപക എഡിറ്റോറിയല്‍ അഡ്വൈസറായും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള കേരളത്തിലെ അനേകം ടെലിവിഷന്‍ മാധ്യമങ്ങള്‍ക്ക് ഒരു ദൃശ്യപാഠം രൂപപ്പെടുത്തി വെച്ചു.
ഇന്നു കാണുന്ന നിലയിലേക്ക് ടെലിവിഷന്‍ വാര്‍ത്തയുടെ ദൃശ്യഭാഷ നിര്‍മ്മിച്ച ആദ്യ തലമുറക്കാരനായിക്കൊണ്ടാണ് അദ്ദേഹം മാറുന്ന മാധ്യമരംഗത്തിനൊപ്പം സഞ്ചരിച്ചത്. ദൃശ്യമാധ്യമങ്ങളിലും അദ്ദേഹം പത്രവുമായുള്ള ബന്ധം തുടര്‍ന്നു. എഷ്യാനെറ്റില്‍ ‘പത്രവിശേഷം’ പരിപാടിയിലൂടെ അദ്ദേഹം മലയാളികള്‍ക്ക് മുന്നിലേക്ക് എത്തി. ദൃശ്യമാധ്യമങ്ങളെയും പ്രിന്റ് മാധ്യമത്തെയും ഒരുമിപ്പിക്കുന്ന 1995 ല്‍ പിറന്ന ‘പത്രവിശേഷം’ പരിപാടിയായിരുന്നു ഏഷ്യാനെറ്റില്‍ അദ്ദേഹത്തിന് മുന്നില്‍ ഉണ്ടായിരുന്ന ചുമതല. മാധ്യമരംഗത്തെ തന്റെ വീക്ഷണവും കാഴ്ചപ്പാടുകളും വിലയിരുത്തലുകളും കോര്‍ത്തിണക്കി കേരളത്തില്‍ കിട്ടുന്ന പത്രങ്ങളെയും അതിലെ വാര്‍ത്തകളെയും അദ്ദേഹം കീറിമുറിച്ചു. കേരളത്തില്‍ നല്ല പത്രമാകാനല്ല മത്സരം. കൂടുതല്‍ കോപ്പി വില്‍ക്കാനാണെന്ന് അദ്ദേഹം വിലയിരുത്തി. ഇന്നത്തെ പത്രങ്ങള്‍ വാര്‍ത്തയുടെ കാണാകാഴ്ചകള്‍ നല്‍കുന്നതിന് പകരം വിശദാംശങ്ങളും ഗ്രാഫിക് ഇമേജുകളും നിരത്തി വാര്‍ത്തയെ കൊല്ലുകയാണെന്ന് വരെ പറഞ്ഞുവെച്ചു.

റിട്ടയര്‍മെന്റില്ലാത്ത
ദൈവത്തിന്റെ ലേ-ഔട്ട്
നെഹ്‌റൂവിയന്‍ ഇന്ത്യയും ഇന്ദിരയുടെ പ്രതാപവും അടിയന്താരാവസ്ഥയും ഗ്ലോബലൈസേഷനും അടക്കം സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ചരിത്രത്തിനൊപ്പം നടന്നയാളായിരുന്നു ബിആര്‍പി ഭാസ്‌ക്കര്‍. സംഭവബഹുലമായ പത്രപ്രവര്‍ത്തന ജീവിതത്തില്‍ സ്വതന്ത്ര ഇന്ത്യയെ നിര്‍മ്മിച്ച നിരവധി സംഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം പുറത്തുവിട്ടു. 1952 മുതല്‍ 2000 വരെ പല ലോകസംഭവങ്ങളെയും അടുത്തറിയുകയും വായനക്കാര്‍ക്ക് മുന്നില്‍ അവയൊക്കെയും തുറന്നു വെയ്ക്കുകയും ചെയ്തു. സൂയസ്‌കനാല്‍ ദേശസാല്‍ക്കരണം, ബംഗ്‌ളാദേശ് സ്വാതന്ത്ര്യസമരം, മുജീബ് റഹ്മാന്റെയും കുടുംബത്തിന്റെയും കൂട്ടക്കുരുതി, സോവ്യറ്റ് യൂണിയന്റെ പതനം തുടങ്ങി താന്‍ നേരിട്ടു മനസ്സിലാക്കിയവയൊക്കെ വായനക്കാര്‍ക്ക് മുന്നിലേക്ക് തുറന്നുവെച്ചതിന്റെ അനുഭവജ്ഞാനം അദ്ദേഹം ‘ന്യൂസ് റൂം’ പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്. ബംഗ്ലദേശ് തിരഞ്ഞെടുപ്പില്‍ വിജയിച്ച മുജീബുല്‍ റഹ്മാനുമായുള്ള അഭിമുഖം, ഭാരതീയനായ ഡോ.ഹര്‍ഗോവിന്ദ് ഖുറാനയ്ക്കു നൊബേല്‍ ലഭിച്ച വാര്‍ത്ത, അടിയന്തരാവസ്ഥക്കാലത്തു ശ്രീനഗറില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ ശ്രദ്ധേയമായി.
പത്തുവര്‍ഷം മുമ്പാണ് മദിരാശിയിലുള്ള മകള്‍ക്കൊപ്പം താമസിക്കാന്‍ പോയത്. വ്യക്തിപരമായ അനേകം തിരിച്ചടികള്‍ അദ്ദേഹത്തെ തളര്‍ത്തിയിരുന്നു. ചെന്നൈയില്‍ വാഹനാപകടത്തില്‍ മകള്‍ മരിച്ചത് ആദ്യത്തെ ആഘാതമായി. പിന്നാലെ പക്ഷാഘാതം വന്ന് ദീര്‍ഘകാലം കിടന്നശേഷം ഭാര്യയും മരണപ്പെട്ടു. ഗുരുതരമായ രോഗത്തിന്റെ പിടിയില്‍ പെട്ടതോടെ അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി. ഒരു വൃദ്ധസദനത്തിലേക്കും മാറി. വ്യവസ്ഥാപിത നവമാധ്യമങ്ങളും മനുഷ്യാവകാശവും ന്യൂസ് റൂമും സമരമുഖങ്ങളുമെല്ലാം ഒരുപോലെ വഴങ്ങിയ പ്രകാശഭരിതമായ ജീവിതം 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നതിന് തൊട്ടുമുമ്പ് മരണം വന്ന് വിളിച്ചുകൊണ്ടുപോകുകയും ചെയ്തു. എഴുത്തിന്റെ മേഖലയില്‍ ചരിത്രം നഷ്ടപ്പെട്ടവര്‍, ന്യൂസ് റൂം- ഒരു മാധ്യമപ്രവര്‍ത്തകന്റെ അനുഭവക്കുറിപ്പുകള്‍, ദ് ചേയ്ഞ്ചിങ് മീഡിയസ്‌കേപ് എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.