അവനിവാഴ്‌വ്, കിനാവ്, കഷ്ടം!

ലോകത്തെവിടെയും കോവിഡ് മൂലം മരിച്ചവരെ ഒരേവാഹനത്തില്‍ കുത്തിനിറച്ചും കെട്ടിവലിച്ചും ഒരേ കുഴികളില്‍ കൊണ്ടുപോയി തള്ളുന്നതും നമ്മള്‍ വാര്‍ത്താചാനലുകളില്‍ കണ്ടതാണ്. അവിടെ പ്രായ, ലിംഗ, ജാതി, മത, രാജ്യ ഭേദങ്ങളില്ലായിരുന്നു. അവരവരുടെ മതാചാര പ്രകാരമുള്ള ശേഷക്രിയാവിധികളോ ആചാരാനുഷ്ഠാനങ്ങളോ ഇല്ലായിരുന്നു…”രുധിരാക്തമായി കുങ്കുമപ്പൊതി പോലെ”യെന്ന കവിയുടെ ഒരു വര്‍ണ്ണന ഈ വിധം മരണപ്പെട്ടവരുടെ ജഡങ്ങള്‍ കൂട്ടിയിട്ടിരുന്നതിനു ചേരും വിധമായിരുന്നു.

ആശയ ഗാംഭീര്യം, ഭക്തി, വൃത്തപ്രാസം ഇവയ്‌ക്കെല്ലാം സ്ഥാനാര്‍ഹനാണ് ഈ കവിയെന്നു പറയുമ്പോഴും അത് ആശാന്‍ മാത്രമല്ലല്ലോ? എന്നാല്‍ വര്‍ണ്ണനയും അലങ്കാരവും ആശാനോളം പ്രയോഗിച്ചിട്ടുള്ള മറ്റേത് കവികളുണ്ട്? വര്‍ണ്ണനകളിലൂടെ വരികളില്‍ അലങ്കാരങ്ങള്‍ വരുത്തിയിട്ടുള്ളതിലധികവും സാധാരണക്കാരുടെ ദൃഷ്ടിഗോചരമാകാത്തതും, ചിലപ്പോള്‍ കവിക്കുപോലും കേട്ടുകേള്‍വിയില്ലാത്തതുമാകാം. ഉപമയും ഉപമേയങ്ങളുമായവ ആശാന്‍ ഊഹിച്ചും സങ്കല്പിച്ചും എഴുതിയിരുന്നു. എന്നാല്‍ അതൊക്കെ ഭാവനയ്ക്കപ്പുറം യാഥാര്‍ത്ഥ്യമായി നിലനിന്നിരുന്നതോ കാലക്രമേണ ഉണ്ടായതും ഉണ്ടാക്കിയതുമായിയെന്നതും സത്യമാകുന്നു.

”ക്ഷീണയായ് മിഴിയടച്ചു നിശ്ചല-
പ്രാണയായുടനവന്റെ തോളതില്‍
വീണു, വായുവിരമിച്ചു കേതുവില്‍
താണുപറ്റിയ പതാക പോലവള്‍”

ഇതൊരു അസാധാരണ അലങ്കാര പ്രയോഗം തന്നെ. നളിനി മരിച്ചെന്നോ അത് ദിവാകരന്റെ തോളില്‍ കിടന്നെന്നോയെന്ന വിവരണത്തേക്കാള്‍, ആ സംഭവം ഏത് പോലെയെന്ന അലങ്കാര പ്രയോഗത്തിനാണ്, ഇവിടെ ശ്ലോക പ്രാധാന്യം കൊടുക്കേണ്ടത്. ‘നളിനിക്ക് അവതാരിക എഴുതിയ ‘മഹാമഹിമശ്രീ’ എ.ആര്‍.രാജരാജവര്‍മ്മ കോയിത്തമ്പുരാന്‍ പോലും ഊഹിച്ചെടുക്കാനാകാത്ത ഉപമ! കാരണം പാറുന്ന ദേശീയ പതാകയും അതിന്റെ കൊടിമരവും സ്വാതന്ത്ര്യാനന്തരമാണ് ഇന്ത്യയില്‍ സര്‍വ്വ സാധാരണമാകുന്നത്. ആയിരത്തി തൊള്ളായിരത്തി പതിനൊന്നില്‍ ആശാന്‍ നളിനിയെഴുതുമ്പോള്‍ ഇവിടെ വിപ്ലവ പാര്‍ട്ടികളുടെ കൊടികള്‍ പോലുമില്ല. ചില കാവികൊടികള്‍ അമ്പലങ്ങളിലും ബ്രിട്ടീഷ് രാജഭരണ കാര്യാലയങ്ങളിലും അപൂര്‍വ്വമായുണ്ടായിരുന്നിരിക്കാം. അതൊന്നും അടുത്തുപോയി ഏവര്‍ക്കും അക്കാലത്ത് വീക്ഷിക്കുവാനാകുമായിരുന്നില്ല. എന്നിട്ടും വായു വിരമിച്ചു കേതുവില്‍ താണുപറ്റിയ പതാകയുടെയവസ്ഥയില്‍ ഭാവനയും ദൃഷ്ടിയും ഒരുമിച്ചു പായിച്ച ആശാന്റെ കവിത്വത്തെ മറ്റ് ഏതൊരു കവിക്ക് മറികടക്കാനാകും?

”വണ്ടിണചെന്നുമുട്ടി വിടര്‍ന്നചെ-
ന്തണ്ടലരല്ലി കാട്ടി നില്‍ക്കും പോലെ”
എന്ന് വര്‍ണ്ണിച്ചപ്പോള്‍ പൂവില്‍ വണ്ടുവന്നിരിക്കുന്ന ദൃശ്യാനുഭവം ഒരുപക്ഷേ സാധാരണ വായനക്കാര്‍ക്കും ഉണ്ടാകാം.
”നാരിതന്‍ കവിള്‍ നിറം കലര്‍ന്നുഹാ!
സൂര്യരശ്മി തടവും പളുങ്കുപോല്‍”

ഒരു പക്ഷേ ഇതും വായനക്കാര്‍ക്ക് ഓര്‍ത്തെടുക്കാനാവുന്ന വര്‍ണ്ണനയാകാം. എന്നാല്‍ ”ആഴിയെ മുട്ടി നിന്നണമുറിഞ്ഞ വാരിപോല്‍” എന്ന ഉപമാലങ്കാര പ്രയോഗത്തില്‍ സമുദ്രത്തെ മുട്ടി നിന്ന അണ മുറിയുന്നത് ആശാന്‍ സ്വന്തം ജീവിതത്തില്‍ കണ്ടിരിക്കാനിടയില്ല. ”മദ്ധ്യം പൊട്ടി നുറുങ്ങി വിലസുന്ന ശുദ്ധകണ്ണാടിക്കാന്തി ചിതറും നീര്‍”… ഈ അലങ്കാര പ്രയോഗവും എല്ലാവര്‍ക്കും അക്കാലത്ത് ഭാവനയില്‍ ഒത്തുനോക്കാനായിട്ടില്ല. കാരണം ശുദ്ധ കണ്ണാടിയുടെ മദ്ധ്യം പൊട്ടി നുറുങ്ങിയത് സാധാരണക്കാര്‍ക്ക് എവിടെ കിട്ടാന്‍?അത്തരം ദര്‍പ്പണ പ്രസരണത്തിനു സമാനമായ നീര് പോയിട്ട് പൊതുകുളത്തിലെ ചേറ് വെള്ളം പോലും തൊട്ടുകൂടായ്മയാല്‍ രാജ്യത്താകെ എല്ലാവര്‍ക്കും ഒരുപോലെ പ്രാപ്യമായിരുന്ന കാലമല്ലായിരുന്നെന്നോര്‍ക്കണം. ഇന്നും വടക്കേന്ത്യയില്‍ ‘ചണ്ഡാല ഭിക്ഷുകി’മാര്‍ നീരിനു അലയുന്നുണ്ട്. അംബേദ്ക്കറിനു അശുദ്ധി കല്പിച്ച ‘ചൗത്വാലാ’ കുളങ്ങള്‍ ഇന്നും അവിടെ നിലനില്‍ക്കുന്നു. ശുദ്ധ കണ്ണാടികളും അക്കാലത്ത് പാവപ്പെട്ടവരുടെ വീടുകളില്‍ അസുലഭം. അതുകൊണ്ട് മദ്ധ്യംപൊട്ടിയ കണ്ണാടിയും കാണ്മാനുണ്ടായിരുന്നില്ല. എന്നിരുന്നാലും ഈ വര്‍ണ്ണനകള്‍ വായിക്കുമ്പോള്‍ ആശാന്‍ അലങ്കാരത്തിന്റെ കവിയെന്നു സ്ഥാനപ്പെടുത്തിയാല്‍ ഭാഗീകമായി ശരിയാകുമെങ്കിലും ആ ഒറ്റ പദവിയ്ക്ക് മാത്രമല്ലല്ലോ കവിതാരചനയിലൂടെ ആശാന്‍ ആര്‍ജ്ജിച്ച കവിപ്പട്ടങ്ങള്‍..? അത്രയ്ക്കു സാധാരണമല്ലാത്ത അസാധാരണ ദാര്‍ശനീക ഭാവം അലങ്കാര പ്രയോഗത്തിലൂടെയും ആശാന്‍ നഷ്ടപ്പെടുത്തിയിരുന്നില്ല.
ആശാന്‍ ഏത് തരം കവിയാണ് അല്ലെങ്കില്‍ എന്തിന്റെ കവിയാണ് എന്നതായിരുന്നല്ലോ രണ്ടാമത്തെ സംശയം. വിപ്ലവകവി, സ്‌നേഹഗായകന്‍, നവോത്ഥാന കവി, ആധുനിക കവിത്രയക്കവി, ഭക്തകവി മുതലായ പദവികളൊക്കെ നാം ആശാനില്‍ ചാര്‍ത്തിയെങ്കിലും ഇതിനേക്കാള്‍ അപ്പുറമായിരുന്നു ആ കവി മനസ്സെന്നും അവ ഏതെന്നോ, കേവലം ഒരെണ്ണമാക്കി അടയാളപ്പെടുത്തി തീര്‍ച്ചപ്പെടുത്താനോ ആകില്ലെന്നും കവിയുടെ കവിതകള്‍ വായിക്കുമ്പോള്‍ തോന്നാറുണ്ട്. അങ്ങനേയും ആശാനെ സാഹിത്യത്തില്‍ ഏക സ്ഥാനം നല്‍കി ഒതുക്കി നിര്‍ത്താനുമാകില്ല. കാരണം ആ കവനങ്ങള്‍ ആവര്‍ത്തിച്ച് ആസ്വദിക്കുമ്പോള്‍ ഓരോ തവണയും വ്യത്യസ്ത ചിന്തകനായും വ്യത്യസ്ത പദവികളിലായും കവി ചെന്നു നില്‍ക്കുന്നത് അനുഭവ വേദ്യമാകുന്നു. ശാസ്ത്രജ്ഞനായും ഗുരുവായും അവധൂതനായും ഉപദേശിയായും പരിസ്ഥിതിക വാദിയായും പ്രവാചകനായും ഭിഷഗ്വരനായും കൃഷി വിദഗ്ധനായും മതപണ്ഡിതനായും പക്ഷി നിരീക്ഷകനായും ചരിത്രജ്ഞാനിയായും പുരോഹിതനായും തുടങ്ങി ജ്ഞാനത്തിന്റേയും ധിഷണതയുടേയും അടിസ്ഥാനത്തില്‍ ഏതെല്ലാം വകുപ്പുകള്‍ ഉണ്ടോ അതിലെല്ലാം അഭിരമിച്ചു വ്യാപരിച്ചിരുന്നു, ആശാന്റെ മനവും ദര്‍ശനവും എന്നുവേണം കരുതാന്‍. ഇതിനെല്ലാം ഉപോല്‍ബലകങ്ങളായ പദ്യങ്ങള്‍ എഴുതപ്പെട്ട ഭാഗങ്ങളില്‍ നിന്നും, അവയുടെ താത്വീകമായ പൊരുളനുസരിച്ച് വായനക്കാരായ നാം അന്വേഷിച്ചു കണ്ടെത്തണമെന്നുമാത്രം. ഈ വിധം കണ്ടെത്തലിനു സാധാരണ വായനാശക്തിയും തത്പ്പരതയും പോരാ…,
”കര്‍ഷകന്‍ കിണറിനാല്‍ നനയ്ക്കിലും
വര്‍ഷമറ്റ വരിനെല്ലുപോലെയായ്”
എന്ന് ഉപമിക്കുന്ന കവിയില്‍ ഒരു കൃഷിവിദഗ്ദന്റെ പരിവേഷം വായനക്കാര്‍ ആശാനില്‍ കാണാം. ഇത് വെറുമൊരു വായനക്കാരനും സാധിച്ചേക്കാം. എന്നാല്‍ ”അന്തിമമാം മണമര്‍പ്പിച്ചടിവാന്‍ മലര്‍ കാക്കില്ലേ – ഗന്ധവാഹനെ രഹസ്യമാര്‍ക്കറിയാവൂ;” എന്ന കവിയുടെ സംശയം സാധാരണ വായനക്കാരനുമുണ്ടാകാം. അവസാന കൃതിയായ ‘കരുണ’യുടെ അവസാനഭാഗത്താണ് ഈ ചോദ്യമെങ്കിലും അന്ത്യമായി മണമര്‍പ്പിക്കാന്‍ കാത്ത് കിടക്കുന്ന പൂവും ഗന്ധവാഹനായ കാറ്റുനായകനുമാകുന്ന വ്യംഗ്യാര്‍ത്ഥത്തില്‍ ലോപപ്പെടുത്താവുന്നതല്ല ഈ ഈരടികളിലെ പൊരുള്‍! ഇതൊരു കണ്ടുപിടിത്തമാണ്. അഗാധ തലത്തിലെത്തിയ ഭാവനയുടെ സര്‍വ്വദിശയും (omni direction) വിട്ടുള്ള അതിപ്രസരണമാണ്. ഇങ്ങനെ എഴുതിയ ആശാനില്‍ സസ്യശാസ്ത്രജ്ഞനുണ്ട്; പരിസ്ഥിതി സംരക്ഷണ തല്പരനുണ്ട്, പ്രകൃതി ശാസ്ത്ര പണ്ഡിതനുണ്ട്. അങ്ങനെ പലവിധ വിജ്ഞന്‍മാരുടെ നിരയുണ്ട്… വിടര്‍ന്ന പൂവ് കൊഴിയാറാകുമ്പോള്‍ അതിന്റെ ഓരോ ദളസുഗന്ധവും അവസാനമായും കാമുകനായ കാറ്റിനു പ്രത്യുപകാരമായി സമര്‍പ്പിച്ചിട്ടാണുപോലും മണ്ണില്‍ നിപതിച്ചു അടിയാറുള്ളതെന്ന പ്രകൃതീ തത്വം ആയിരത്തി തൊള്ളായിരത്തി ഇരുപത്തിനാല് വരെ ഇത്ര ദാര്‍ശനീകമായി ആശാനല്ലാതെ മറ്റാരും പറഞ്ഞിട്ടില്ല. ഇവിടെയും കൊഴിഞ്ഞ ദളങ്ങള്‍ക്ക് സംഭവിച്ചു മണ്ണില്‍ ലയിച്ചു കഴിയുമ്പോഴും അതിന്റെ ഭൗതീക ഭാഗങ്ങള്‍ കാറ്റിനുള്ളതാണെന്നു അനുമാനിച്ചാല്‍ ആശാനില്‍ മുമ്പുപറഞ്ഞ ഡാര്‍വ്വിന്‍ സിദ്ധാന്തം രൂഢമൂലമായിരുന്നുയെന്നു മനസ്സിലാക്കാം.
കാറ്റിനു സമര്‍പ്പിതയാകാന്‍ കാത്തു കിടന്ന പൂവ് അതിന്റെ സുഗന്ധമെങ്കിലും മേലോട്ട് വിടാതെ മൊത്തത്തില്‍ താഴോട്ടു തന്നെ വീഴുന്നതില്‍ ഒരു ന്യൂട്ടന്‍സ് ഗുരുത്വാകര്‍ഷണ തത്വവും ഇല്ലാതില്ല. ഇതൊരു പൂവിനെ കഥാരംഗമനുസരിച്ച് ബിംബമാക്കിയാതാവാമെന്നും ചെറുതായി കണക്കാക്കാവുന്നതല്ല. എന്തെന്നാല്‍ ഒരു വാരനാരിയുടെ കഥ പറയുന്ന ആശാന് അക്കഥമാത്രം അതുപോലെ പറഞ്ഞ് വിരാമമിടാമായിരുന്നു. എന്നാല്‍ ആശാന് പറയാനുള്ളത് ഇത്തരം ശാസ്ത്രീയ ദര്‍ശനങ്ങളായിരുന്നു. അതാണ് ഈ ലേഖനമുഖവുരയില്‍ സൂചിപ്പിച്ചതുപോലെ, ആശാന് സഹൃദയരോട് ചിലതൊക്കെ പറയാനും അറിയിക്കാനുമുള്ളതുകൊണ്ട് ഒരു വാസവദത്തക്കഥ നമുക്കു മുന്നില്‍ കൊണ്ടുവന്നതുമാകാം. മേലുദ്ധരിച്ച വരികളുടെ ആശയവും തത്വവും മാത്രം സസ്യശാസ്ത്രത്തോടും അവപിന്നെ മനുഷ്യജീവിത നിലനില്പിനോടും ചേര്‍ത്ത് വിപുലനം ചെയ്താല്‍ അതൊരു പുസ്തകത്തിന് വകയാകും. അതിലൂടെയും ആശാന്‍ ഏതുതരം കവിയെന്നെഴുതാന്‍ ആര്‍ക്കാകും…?
എഴുത്തച്ഛന്റെ രാമായണം കഴിഞ്ഞാല്‍ മലയാളികള്‍ ഭക്ത്യാദരം പ്രാര്‍ത്ഥനയായി ഏറെ ചൊല്ലുന്നത് ശ്രീനാരായണ ഗുരുവിന്റെ ദൈവദശകവും ആ ഗുരുവിനെ സ്തുതിച്ച് ആശാന്‍ എഴുതിയ ‘ഗുരുസ്തവ’വുമാണ്. വീടുകളിലെ വിളക്കിനുമുന്നിലും പൊതുവേദികളിലെ പ്രാര്‍ത്ഥനകള്‍ക്കും വിശ്വാസികള്‍ തെരഞ്ഞെടുത്തിരിക്കുന്നത് പുഷ്പവാടിയിലെ ‘സങ്കീര്‍ത്തനമാണ്’. അതുകൊണ്ട് ആശാനൊരു ഭക്തകവിയെന്നും പറയാനാകില്ല. വിദിതനായൊരു പ്രഭാഷകനോ വാഗ്മിക്കോ തന്റെ കര്‍ത്തവ്യത്തിനിടയില്‍ സന്ദര്‍ഭത്തിനു യോജിച്ചവിധം, അത് ഏത് ഭാഷയിലോ വിഷയത്തിലോ ആയാല്‍പ്പോലും ഒരുവരി കവിതയെങ്കിലും ഉദ്ധരണിയാക്കി ശ്രോതാക്കളെ ഉദ്‌ബോധിപ്പിക്കേണ്ടി വന്നാല്‍ അത് കടമെടുക്കേണ്ടതും ആശാനില്‍ നിന്നു മാത്രമേ സാദ്ധ്യമാകൂ…,അങ്ങനേയും വിജ്ഞാനവേദികളില്‍ ആശാന്‍ കവിതകള്‍ ആവര്‍ത്തിക്കപ്പെടുന്നു…?
കവികള്‍ ക്രാന്തദര്‍ശികള്‍ എന്ന് പൊതുവേ പറയാറുണ്ടല്ലോ! അതിലും നിര്‍വ്യാജമായി ഏറെ ശോഭിച്ചവന്‍ ആശാന്‍ മാത്രമെന്നും പറയുമ്പോള്‍ എതിര്‍ വാദമുണ്ടാകാം. എന്നാല്‍ അതാണ് വാസ്തവമെന്നതിന് തെളിവാണ് ഇപ്പോള്‍ ലോകത്തിലാകെ മഹാമാരിയായ കൊറോണാ വൈറസ്സുമായി ബന്ധപ്പെട്ട ആശാന്റെ വരികള്‍! ഇപ്പോഴത്തെ കൊറോണയുമായി ഒരു ശതാബ്ദം മുമ്പുണ്ടായിരുന്ന ആശാനോ ആശാന്‍ കവിതകള്‍ക്കോ എന്തു ബന്ധമെന്നു സംശയിക്കുന്നവരുമുണ്ടാകാം. കൊറോണാ പോലൊരു മഹാ പകര്‍ച്ചവ്യാധിയെ കാലേകണ്ട്, അതിന്റെ ലക്ഷണങ്ങള്‍, രോഗിമരിക്കുംമുമ്പും മരിച്ചശേഷവുമുള്ള അവസ്ഥകള്‍ മുന്‍കൂട്ടി കണ്ടതുപോലെയും നൂറു വര്‍ഷങ്ങള്‍ മുന്നേ ആശാന്‍ കുറിച്ചിരുന്നു.

”അനുനാസികവികലമന്തരോഷ്ട ലീനദീന
സ്വനവമ്മൊഴിയിതര ശ്രാവ്യമല്ലഹോ”

ഇങ്ങനെയെഴുതപ്പെട്ട കാവ്യാന്ത്യത്തില്‍ നാസികാഛേദം ചെയ്യപ്പെട്ട നായികയുടെ സ്വനം വ്യക്തമായി പുറത്ത് വരുന്നില്ല. പക്ഷേ, നായകന്‍ അത് മനസ്സിലാക്കുന്നതിനാല്‍ തിരിച്ചു സംവദിക്കുന്നുമുണ്ട്. മൂക്കിലൂടെ പുറത്ത് വരേണ്ടശബ്ദം മൂക്കില്ലാത്തതിനാല്‍ ചുണ്ടില്‍ തട്ടി ലയിച്ച് അവ്യക്തമാക്കുന്നതായി കവി പ്രസ്താവിക്കുമ്പോള്‍ നാം ഇത് തിരിച്ചറിഞ്ഞത് കൊറോണക്കാലത്താണ്. അന്ന് രോഗികള്‍ ശ്വാസം മുട്ടി മരിക്കുമ്പോള്‍ ശ്വാസത്തെ കടത്തിവിടേണ്ട നാസിക പ്രവര്‍ത്തരഹിതമാകുകയായിരുന്നു. രോഗിയുടെ ശ്വാസത്തോടൊപ്പം നിദവും കവി പറഞ്ഞതുപോലെ ഇതര ശ്രാവ്യമല്ലായിരുന്നു. അങ്ങനെ അനുനാസിക വികലമായാല്‍ ശബ്ദം പുറത്തുവരില്ലെന്ന അറിവാണ് നൂറ് വര്‍ഷങ്ങള്‍ മുമ്പ് ആശാനിലെ അനോട്ടമിയോളജിസ്റ്റ് ഒരു ക്രാന്തദര്‍ശിയായി നമുക്ക് പറഞ്ഞുതന്നത്. അതായത് ആശാനിലെ കവിത്വത്തിനുള്ളില്‍ ഒരു സാഹിത്യഭിഷഗ്വരനുണ്ടായിരുന്നു. അതുകൊണ്ടാകാം അതിനുമുമ്പും ആശാന്‍ ഈ മനുഷ്യാവസ്ഥ സൂചിപ്പിച്ചിരുന്നത്…,

”ഇന്നു ഭാഷയിതപൂര്‍ണ്ണമിങ്ങഹോ-
വന്നുപോം പിഴയുമര്‍ത്ഥ ശങ്കയാല്‍…”
കൊറോണാരോഗം ബാധിച്ച രോഗികളേയും രോഗത്താല്‍ മരിച്ചവരുടെ ശവാവസ്ഥകള്‍, ശവദാഹരീതികള്‍ എല്ലാം സാമ്യപ്പെടുത്തുന്ന വേറേയും വരികള്‍ ആശാന്‍ കൃതിയിലുണ്ട്.
”ചത്താല്‍ ജീവിത വാര്‍ത്തപോയി, പടുകാ-
റ്റേറ്റോ ഘൃതം വറ്റിയോ
കത്താതായ വിളക്കിനൊത്തതു കഴി-
ഞ്ഞെന്നാലിരുട്ടാണു പോല്‍”…,
ലോകത്തെവിടെയും കോവിഡിനാല്‍ മരിച്ചവരുടെ അവസ്ഥകളും ഈവിധമായിരുന്നു… ചാവുന്നത് പോലും വാര്‍ത്ത അല്ലാതായി. എണ്ണവറ്റി കത്തിയണഞ്ഞ വിളക്കിനെ വീണ്ടും തെളിച്ചു ഇരുട്ടകറ്റാനും ആളില്ലാതെയായി… പല രാജ്യങ്ങളിലും മരിച്ചവരെ ഒരേവാഹനത്തില്‍ കുത്തിനിറച്ചും കെട്ടിവലിച്ചും ഒരേ കുഴികളില്‍ കൊണ്ടുപോയി തള്ളുന്നതും നമ്മള്‍ വാര്‍ത്താചാനലുകളില്‍ കണ്ടതുമാണ്. അവിടെ പ്രായ, ലിംഗ, ജാതി, മത, രാജ്യ ഭേദങ്ങളില്ലായിരുന്നു. അവരവരുടെ മതാചാര പ്രകാരമുള്ള ശേഷക്രിയാവിധികളോ ആചാരാനുഷ്ഠാനങ്ങളോ ഇല്ലായിരുന്നു…”രുധിരാക്തമായി കുങ്കുമപ്പൊതി പോലെ”യെന്ന കവിയുടെ ഒരു വര്‍ണ്ണന ഈ വിധം മരണപ്പെട്ടവരുടെ ജഡങ്ങള്‍ കൂട്ടിയിട്ടിരുന്നതിനു ചേരും വിധമായിരുന്നു.
”ഹാ! സുഖങ്ങള്‍ വെറും ജാലമെന്നും, അഹഹ! സങ്കടമോര്‍ത്താല്‍ മനുഷ്യജന്മത്തേക്കാള്‍ മഹിയില്‍ മഹനീയമായ് മറ്റെന്തെന്നുമുള്ള” ആശാന്റെ ചോദ്യവും കൊറോണക്കാലത്ത് രോഗം ബാധിക്കാത്തവരും ഓര്‍ത്തുകാണും…? കൊറോണാ ബാധിതനായ രോഗി ഒരു പക്ഷേ, അന്ത്യഘട്ടത്തില്‍
”കരണക്ഷതിയാര്‍ന്ന വാഴ്‌വിലും
മരണം നല്ലു മനുഷ്യനോര്‍ക്കുകില്‍” എന്നും”ആയുസ്സ് സ്ഥിരതയുമില്ലയതി നിന്ദ്യമീ നരത്വം”എന്ന സമാന അര്‍ത്ഥത്തിലും തന്റെ അവസ്ഥയോര്‍ത്തു ചിന്തിച്ചിരിക്കാം…ഈ മഹാമാരിയാല്‍ മരിച്ചവരില്‍ മഹാന്മാരും, വിശിഷ്ട വ്യക്തികളും കലാകാരന്മാരും ഭരണാധിപന്മാരും ചികിത്സകരും തുടങ്ങി, ലോകത്ത് ഉയര്‍ന്ന പദവികളിലുണ്ടായിരുന്ന നന്മമനസ്സുകളും ഉള്‍പ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ”ഗുണികളൂഴിയില്‍ നീണ്ടുവാഴാ”…,എന്ന ആശാന്റെ ബോധനം ഉള്‍ക്കൊള്ളേണ്ടത്. മരണപ്പെട്ട ആശ്രിതരുടെ അശ്രുവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകി അടിഞ്ഞു കൂടുന്നതുകൊണ്ടാകാം,”ബാഷ്പ നിരയും നില്‍ക്കാത്ത നീര്‍ച്ചാട്ടമായത്”. ”തദ്ഗതി തടുപ്പാനില്ല കൈയ്യാര്‍ക്കുമേ….. മരിച്ചോരല്ലേയെറെ,യിരുപ്പോര്‍ കുറവല്ലേ…. ഉന്നതഭാഗ്യങ്ങളൊന്നും സ്ഥിരമല്ല,യിന്നതിന്നാള്‍ക്കേ വരുമെന്നില്ല.-
അവനിവാഴ്‌വ്, കിനാവ്, കഷ്ടം!” എന്നൊക്കെ അന്നേപറഞ്ഞ് കൊറോണയാല്‍ മരിക്കാവുന്നവരുടെ ആശ്രിതരെ കവി ആശ്വസിപ്പിച്ചതാകാം…?
സ്‌നേഹമുണ്ടെങ്കില്‍ പോലും തങ്ങളുടെ കൊറോണാ രോഗികളെ കാണുവാനും പരിചരിക്കുവാനും രോഗത്തിന്റെ പകര്‍ച്ചാശേഷിമൂലം ഉറ്റവര്‍ക്കായില്ല. വേണ്ടപ്പെട്ടവരുടെ സ്‌നേഹസ്പര്‍ശം ഏല്‍ക്കാതെയുമാണ് പലരും മരിച്ചത്. പ്രത്യേകിച്ച് അന്യദേശത്ത് ജോലിയ്ക്കിടയില്‍ മരിച്ചവര്‍! ”സ്‌നേഹ വ്യാഹതി തന്നെ മരണം…. സ്ഥിരമാം സ്‌നേഹമനാഥമൂഴിയില്‍…. സ്‌നേഹമാണഖില സാരമൂഴിയില്‍”.. ഇത്യാദി സ്‌നേഹത്തെപ്പറ്റിയുള്ള കവിയുടെ പ്രവചനങ്ങള്‍ സ്‌നേഹം കിട്ടാതെയുള്ള കൊറോണാ മരണാവസ്ഥയെപ്പറ്റി അല്ലെന്നാര്‍ക്കറിയാം..? ഉറ്റവരെ മാത്രമല്ല രോഗികളുടെ സ്വന്തം കുട്ടികളെപ്പോലും ആരും കൊണ്ടുപോയി രോഗിയെ കാണിക്കാന്‍ ധൈര്യപ്പെട്ടില്ല. ആരോഗ്യവകുപ്പുകളും, അന്ത്യവേളയിലും നിയമപ്രകാരം അത് അനുവദിച്ചിരുന്നില്ല. ആ ഒരവസ്ഥയിലും രോഗി പറഞ്ഞിരിക്കാവുന്നതും ആശാന്‍ അഡ്വാന്‍സായി പറഞ്ഞിരുന്നു;
”നരജീവിതമായ വേദന-
യ്‌ക്കൊരുമട്ടര്‍ഭകരൗഷധങ്ങള്‍ താന്‍”
മനുഷ്യര്‍ കൂട്ടത്തോടെ മരണത്തിന് കീഴടങ്ങുന്നത് കൊറോണ പോലെയുള്ള പകര്‍ച്ച വ്യാധിയിലൂടെ ആശാന്‍ കല്‍ക്കട്ടയിലും ബാംഗ്ലൂരിലും മറ്റും കണ്ടതാണ്. അത് ഭിന്നരോഗാണുക്കളായിരുന്നെങ്കില്‍പ്പോലും പ്ലേഗ്, വസൂരി എന്നീ പേരുകളായിരുന്നു. തര്‍ക്കതീര്‍ത്ഥ പരീക്ഷയ്ക്കു പഠിക്കാന്‍ കല്‍ക്കട്ടക്കുപോയ ആശാന്‍ അത് പൂര്‍ത്തിയാക്കാതെ നാട്ടിലേക്കു മടങ്ങിയതും പ്ലേഗ് ബാധമൂലമായിരുന്നല്ലോ! ആ അനുഭവം ഉണ്ടായ ആശാന് തന്റെ ചില രചനാഭാഗങ്ങള്‍ യാദൃച്ഛികമായി ഇന്നത്തെ കൊറോണയുമായുള്ള സാദൃശ്യത്തില്‍ എത്തിയതുമാകാം…
മുമ്പോട്ട് പറയാനും വിവരിക്കാനുമുള്ളത് ദുഃഖകരമെങ്കില്‍ ഹാ! എന്നൊരു വ്യാക്ഷേപ സൂചകം ആശാന്‍ വരികളില്‍ പ്രയോഗിച്ചിരുന്നു. വീണപൂവിലും പ്രരോദനത്തിലും സീതയിലും ഇതിന് ഉദാഹരണങ്ങള്‍ ഏറെയുണ്ട്. പാദാദ്യവും പാദാന്ത്യവും ആശാന്‍ ഹാ! പ്രയോഗങ്ങള്‍ നടത്തിയതുപോലും ദുഃഖകരമായി ശേഷം വരാന്‍ പോകുന്ന കൊറോണയെ ദ്യോതിപ്പിക്കാന്‍ വേണ്ടിയായിരുന്നോയെന്നും ഇതിലെ മേല്‍ വിവക്ഷയാല്‍ വായനക്കാര്‍ക്ക് തോന്നാം. രണ്ട് ഹാ!കള്‍ തുടരെത്തുടരെ പ്രയോഗിച്ചിട്ടുള്ളതും കൊറോണാ പോലൊരു രോഗത്തിന്റെ കാഠിന്യാവസ്ഥ സൂചിപ്പിക്കുന്ന മുന്നറിയിപ്പാകാം…? ഈ ഹാ!കള്‍ വൃത്തമോ പ്രാസമോ നിലനിര്‍ത്താന്‍ വേണ്ടി മാത്രമായിരുന്നില്ലെന്നും നമുക്കിപ്പോള്‍ തോന്നാം..
ഃ ഃ ഃ ഃ ഃ ഃ ഃ ഃ ഃ ഃ ഃ ഃ ഃ

കവിത കണ്ടുപിടിത്തങ്ങളാകണം… കണ്ടെത്തലാകണം… കാണിച്ചു കൊടുക്കുന്നതാകണം… പ്രവചനമാകണം… പ്രസ്താവനയാകണം…വചനങ്ങളാകണം… മന്ത്രങ്ങളാകണം… സുവിശേഷമാകണം… കവി സ്‌കന്ധനായിരിക്കണം… പ്രവാചകനായിരിക്കണം…കാവ്യോപാസകനായിരിക്കണം…ധ്യാന ശക്തനായിരിക്കണം… ഇതൊക്കെയായിരുന്ന ഒരു കവിയെ നമുക്കുള്ളൂ-മഹാകവി കുമാരനാശാന്‍ ! ഇവയെല്ലാം ഉള്‍ക്കൊണ്ട് എഴുതപ്പെട്ട കവിതകള്‍ ആശാന്‍ കവിതകള്‍ മാത്രവും…’
കവിതകള്‍ എഴുതിയിട്ടും കവി മരിച്ചിട്ടും ശതാബ്ദി കഴിഞ്ഞു. കവിയുടെ കവിതയിലെന്തൊക്കെ ഉണ്ടെന്നും നാം അറിഞ്ഞു. പക്ഷേ ആ അറിവ് പൂര്‍ണ്ണമായിട്ടില്ല. ഇനിയും അറിയേണ്ടിയിരിക്കുന്നു. എല്ലാക്കാലവും നാം കവിയുടെ കവിതകളില്‍ നിന്നും നൂതനങ്ങളായവ അറിഞ്ഞുകൊണ്ടേയിരിക്കും. അതില്‍ ഒരറിവ് മാത്രമാണ് കവിയുടെ കവിതയില്‍ കണ്ടെത്തിയ ഈ ഏതാനും കൊറോണാ ലക്ഷണങ്ങള്‍! അപ്പോള്‍ കവിക്ക് ഇന്നുവരെ നാം നല്‍കിയ കവിതാ പദവികളുടെ എണ്ണവും വര്‍ദ്ധിച്ചുകൊണ്ടുമിരിക്കാം…

Author

Scroll to top
Close
Browse Categories