അട്ടപ്പാടി മധു അതിക്രൂരമായ വിനോദത്തിന്റെ ഇര
മധുവിന്റെ കൈ കെട്ടി ചുറ്റും ആളുകള്‍ പരസ്യവിചാരണ നടത്തുന്ന ഒരു സെല്‍ഫി സാമൂഹിക മാദ്ധ്യമങ്ങളില്‍ പോലും പ്രചരിച്ചിരുന്നു . വ്യക്തി സന്തോഷത്തിന്റെ നേര്‍സാക്ഷ്യമെന്നോണം ഉപയോഗിക്കുന്ന സെല്‍ഫി, ചേര്‍ത്തുപിടിക്കലിന്റെ രാഷ്ട്രീയം സംസാരിക്കുന്ന സെല്‍ഫി ഇവിടെ അതിക്രൂരമായ തങ്ങളുടെ വിനോദത്തിന്റെ കഥ പറച്ചിലായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ഇത്തരത്തില്‍ സന്തോഷത്തിന്റെ, വിനോദത്തിന്റെ സമയമായിട്ടാണ് ആള്‍ക്കൂട്ട ആക്രമണങ്ങളെ ജനങ്ങള്‍ സ്വയം കാണുന്നത്. സാമൂഹിക ജനാധിപത്യത്തില്‍ എത്തിപ്പെടാത്ത, വര്‍ണ്ണാശ്രമധര്‍മ്മത്തില്‍ ഇന്നും നിലനില്‍ക്കുന്ന, തൊട്ടുകൂടാത്തവരെ നിലനിര്‍ത്തുന്ന സമൂഹമാണ് ഇന്നും നിലവില്‍ ഉള്ളതെന്നാണ് ഇത് വെളിപ്പെടുത്തുന്ന ദുഃഖസത്യം
ആശ്ചര്യം തോന്നുംവണ്ണം അദൃശ്യതയില്‍ ജീവിക്കുന്ന മനുഷ്യരാണ് ഇന്നും കേരളത്തിലെ ദലിത്-ആദിവാസി ജനതകള്‍. മാര്‍ക്‌സിയന്‍ അവബോധത്തിന്റെയും, ശൂദ്ര സ്വത്വപൊതുബോധത്തിന്റെയും കാഴ്ച്ചയില്‍ ദിക്ക്-ദേശം തിരക്കി നടക്കുന്ന നഗ്‌നപാദരായ ‘പ്രാകൃതരാണ്’ അവരിന്നും. ഒരേസമയം ഓറിയന്റലിസത്തിന്റെ കാഴ്ചയും, സവര്‍ണ്ണതയുടെ കാഴ്ചയും സമന്വയിച്ചു നോക്കുന്ന ഈ നോട്ടങ്ങള്‍ അടിത്തട്ട് ശരീരങ്ങള്‍ക്ക് നല്‍കുന്ന അര്‍ത്ഥവിന്യാസങ്ങളും, മൂല്യധാരണകളും അത്യന്തം അപകടകരവും അതിലുപരി അപരസ്വഭാവം പുലര്‍ത്തുന്നവയുമാണ്. അതിനാല്‍ തന്നെ വ്യത്യസ്ത ധ്രുവത്തില്‍ നില്‍ക്കുന്ന ഈ ജീവിതങ്ങളുടെ അനുഭവങ്ങള്‍ തറവാടുകളിലെ മുത്തശ്ശികഥകള്‍ മാത്രമായി മനസ്സിലാക്കപ്പെടുകയും ഏകശിലാരൂപത്തില്‍ സവര്‍ണ്ണ കാഴ്ചപ്പാട് മാത്രം പൊതു അംഗീകാരം നേടുകയും ചെയ്തു. ആയിരക്കണക്കിന് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയുടെ ഉച്ചനീച്ചത്വങ്ങളാലും, വിക്ടോറിയന്‍ ധാര്‍മികതയുടെ കൊളോണിയല്‍ ലെന്‍സിലൂടെയുള്ള നോട്ടത്താലും അരികുജീവിതങ്ങളുടെ യഥാര്‍ത്ഥ അനുഭവങ്ങള്‍ ഫിക്ഷന്‍ ആയി മാറുകയും , അവരെപ്പറ്റിയുള്ള സവര്‍ണ്ണ ധാരണ യാഥാര്‍ഥ്യമാക്കപ്പെടുകയും ചെയ്യുന്ന നിലയില്‍ ഇന്ത്യന്‍ സംസ്‌കാരികത വികസിച്ചു വരുകയും ചെയ്തു. ചരിത്രപരമായി തന്നെ സവര്‍ണ്ണതയില്‍ നിലനില്‍ക്കുന്ന ഈ സമൂഹത്തിന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ചിടത്തോളം സൂഷ്മതലത്തില്‍ പോലും ബ്രാഹ്മണിക്കലായി നിലനില്‍ക്കുക എന്ന കാഴ്ചപ്പാടിനുള്ള ഇന്ധനമായിക്കൂടിയാണ് സൗന്ദര്യബോധത്തെയും, വ്യക്തിബോധത്തെയും ശുദ്ധാശുദ്ധി സങ്കല്പത്തിന്റെയും, ജാതി ബോധ്യങ്ങളുടെയും അടിസ്ഥാനത്തില്‍ വളരെ സങ്കീര്‍ണ്ണമായി നിര്‍മിച്ചിരിക്കുന്നത്.
‘ആരായിരുന്നു ഗാന്ധി’ എന്ന അധ്യാപകന്റെ ചോദ്യത്തില്‍ പരുങ്ങിനിന്ന വിദ്യാര്‍ത്ഥിയോട് അടുത്തിരുന്ന മറ്റൊരു വിദ്യാര്‍ത്ഥി സ്വകാര്യം പറഞ്ഞു : ”ഞാന്‍ പറഞ്ഞുതരാം. നീ ധൈര്യമായി പറഞ്ഞോ.”- ഗാന്ധിജി ഒരു വയസ്സനായിരുന്നു! തന്റെ പാഠപുസ്തകങ്ങളിലെ ചിത്രങ്ങളിലും, തനിക്ക് ചുറ്റും കാണുന്ന മറ്റിടങ്ങളിലെ ചിത്രങ്ങളിലും കാണുന്ന ഗാന്ധിജിയുടെ രൂപത്തെ നോക്കിയും, സമൂഹത്തിന്റെ പൊതുബോധത്തിന് ഉള്ളില്‍ നിര്‍മ്മിക്കപ്പെട്ട ഗാന്ധിജിയെപ്പറ്റിയുള്ള ജനസമ്മതമായ ആഖ്യാനത്തില്‍നിന്നും അതൊരു വയസ്സനാണ് എന്ന് മനസ്സിലാക്കിയ കുട്ടിയുടെ സമാന ബോധ്യത്തിലുള്ള ചിന്തയാണ് ഇന്ത്യയിലെ ഭൂരിഭാഗം ജനതകളുടെയും ഉള്ളിലുള്ളതും. വളരെ കൃത്യമായി നിര്‍മിച്ചെടുത്തതും, ഒട്ടും നിഷ്‌കളങ്കമല്ലാത്ത ചിന്തകളില്‍ നിന്ന് ഉണ്ടായിവരുന്നതുമാണ് വ്യത്യസ്ത ജാതികളിലെ മനുഷ്യരെ പറ്റിയുള്ള ഇത്തരം കാഴ്ചപ്പാടുകള്‍. തന്നില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന എന്തിന്റെയും അസ്തിത്വത്തെ അദൃശ്യമാക്കാനും, അവരിലെ പോരായ്മ മാത്രം നോക്കിക്കാണാനും സാധിക്കുന്ന ഒരു വണ്‍ വേ ബോധ്യമുള്ള ചിന്തകള്‍ നിറച്ച ഹാര്‍ഡ് ഡിസ്‌ക് ആയി ഇന്ത്യക്കാരുടെ തലച്ചോറിനെ വികസിപ്പിക്കാന്‍ സംസ്‌കാരികതയ്ക്ക് അകത്തു പരിശ്രമം നടത്തിയത് വഴി ബ്രാഹ്മണിസത്തിന് സാധിച്ചിട്ടുണ്ട് . അതിന്റെ ഉത്തമ ഉദാഹരണങ്ങളില്‍ ഒന്നാണ് ഇന്ത്യയില്‍ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍.
പൗരബോധത്തിന്റെ ആത്മാര്‍ത്ഥ പ്രതികരണമായിട്ടാണ് ആള്‍ക്കൂട്ട ആക്രമണങ്ങളെ പലപ്പോഴും കണക്കാക്കപ്പെടുന്നത്. എന്നാല്‍ അധികാരബോധത്തിന്റെ ഉത്തമ ഉദാഹരണമാണ്, ‘തെറ്റ്’ കാണുമ്പോള്‍ തിരുത്താന്‍ ഉള്ള മാനുഷിക ബോധത്തിന്റെ എക്സ്റ്റന്‍ഷന്‍ എന്നവണ്ണം തെറ്റിദ്ധരിക്കപ്പെടുന്ന ഈ ആള്‍ക്കൂട്ടവിചാരണയും ആക്രമണവും. സാമൂഹികവും സംസ്‌കാരികവും മതപരവുമായ ദുര്‍ബലാവസ്ഥയില്‍ നിലനില്‍ക്കുന്ന മനുഷ്യരെ ഭൂരിപക്ഷ ആധിപത്യ അധികാരമുപയോഗിച്ച് ഉപദ്രവിക്കുന്നതോ ആക്രമിക്കുന്നതോ ആയ ഒന്നാണ് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഒക്കെത്തന്നെയും . ഇന്ത്യയിലെ ആള്‍ക്കൂട്ട ആക്രമണങ്ങളുടെയും, കൊലപാതകങ്ങളുടെയും ഇരകള്‍ ആരാണെന്ന് ശ്രദ്ധിച്ചാല്‍ ഇത് കൃത്യമായി ബോധ്യപ്പെടും. ആദിവാസി -ദലിത് വിഭാഗങ്ങളും, സ്ത്രീകളും, ന്യൂനപക്ഷ സമുദായങ്ങളും അടങ്ങുന്ന അപരവല്‍കൃത വിഭാഗങ്ങ ളും മാത്രമാണ് ഇന്ത്യയില്‍ ഇത്തരത്തില്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് വിധേയരാക്കപ്പെടുന്നത് . ഇന്ത്യയിലെ ആള്‍ക്കൂട്ടകൊലപാതകങ്ങളുടെ കാരണങ്ങളില്‍ പ്രധാനമായും മതഫാഷിസവും , ജാതി നിയമങ്ങളുടെ ലംഘനവുമാണ് ഉള്ളത് . ഗോരക്ഷ, ജാതീയത എന്നിവയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകള്‍ കൃത്യമായി പരിശോധിച്ചാല്‍ മനസ്സിലാവുന്ന ഏറ്റവും വ്യാപകമായ കാരണങ്ങള്‍ . തെളിവുകള്‍ വ്യക്തമായി ലഭിക്കുന്നില്ല എന്ന കാരണത്താല്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഉള്‍പ്പടെ ആരും തന്നെ കൃത്യമായി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കണക്കുകള്‍ പ്രസിദ്ധപ്പെടുത്താത്തത് വലിയ ഒരു പോരായ്മയും അതിലുപരി സവര്‍ണ്ണ മര്‍ദ്ദക സമൂഹത്തിന് സഹായകമാവുന്ന കാര്യവുമാണ്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ജാതീയ ആക്രമണത്തിന്റെ മറ്റൊരു പേരോ കാര്യമായ മറ നല്‍കുന്ന ഒന്നോ ആയത് കൊണ്ട് തന്നെ പുതിയകാല ജാതി ആക്രമണങ്ങള്‍ ഒക്കെയും ആള്‍ക്കൂട്ട മുഖമൂടി ധരിച്ചു ആള്‍ക്കൂട്ട വിചാരണ എന്ന കള്ളപ്പേരില്‍ പൗരവിചാരയുടെ സ്വഭാവത്തില്‍ സ്വഭാവികമായി നടത്തപ്പെടുകയാണ് രാജ്യത്ത് ചെയ്തുകൊണ്ടിരിക്കുന്നത് മുക്കാലിയിലെ മധുവിന്റെ കൊലപാതകമാണ് ഇതിന് നമുക്ക് മുന്നിലുള്ള ഏറ്റവും നല്ല ഉദാഹരണം.
ഓര്‍മയില്‍ മധു
2018 ഫെബ്രുവരി 22 നാണ് ആദിവാസി യുവാവായ മധു ആക്രമിക്കപ്പെട്ടു ക്രൂരമായി കൊലചെയ്യപ്പെടുന്നത്. ഭക്ഷണസാധനം മോഷ്ടിച്ചു എന്ന് ആരോപിച്ചുകൊണ്ടാണ് ഈ യുവാവിനെ ആള്‍ക്കൂട്ട വിചാരണ നടത്തുകയും, തല്ലി കൊല്ലുകയും ചെയ്തത്. ഒരു മോഷ്ടാവിനെ പൗരസമൂഹം തന്നെ കണ്ടെത്തി ബദല്‍ നിയമപാലനത്തിലൂടെ വിചാരണ നടത്തിയ ഐതിഹാസിക സംഭവമായിട്ടാണ് പലരും ഇതിനെ കാണുന്നത്. എന്നാല്‍ ഇത് കൃത്യമായും ജാതി നിര്‍മിച്ച ‘കൊളീഷ്യം’ മാത്രമാണ് എന്നത് വ്യക്തമാണ്. ഇതിന് പുറകില്‍ ജാതി നല്‍കുന്ന അധിക അധികാര ബലവും ഉണ്ടെന്ന് മനസ്സിലാക്കേണ്ടതുണ്ട് . ഇന്നും ഹിന്ദുത്വയുടെ ധര്‍മ്മമനുസരിച്ചു ജീവിക്കുന്ന രാജ്യത്ത് ‘കീഴാളനെയും’ സ്ത്രീയെയും പ്രഹരിച്ചും, കൊന്നും തന്നെ ധര്‍മം പുലര്‍ത്താന്‍ ഉള്ള അദൃശ്യ അധികാരം സവര്‍ണ്ണര്‍ നേടിയെടുത്തിട്ടുണ്ട്. അങ്ങനെ ഇത്തരം ആക്രമണങ്ങള്‍ക്ക് വേണ്ടുന്ന ന്യായീകരണങ്ങളും അതുവഴി പൊതു അംഗീകാരവും അക്രമികള്‍ നേടിയെടുക്കുന്നു.രാജ്യത്തെ ഒട്ടുമിക്ക ആള്‍ക്കൂട്ട പീഡന കേസിലെയും പ്രതികള്‍ തങ്ങളുടെ അക്രമത്തിന്റെ കാരണമായി, അതിജീവിതമാര്‍ രാത്രിയില്‍ ഇറങ്ങി നടന്നു എന്ന് പറയുമ്പോള്‍ പൊതുലോകത്തിന് പ്രതികള്‍ പറയുന്നത് ശരിയാണല്ലോ എന്ന് തോന്നുന്ന തരത്തിലാണ് പൊതുബോധം ഘടന ചെയ്തു വച്ചിരിക്കുന്നത്. സമാനമായ പൊതുബോധ ന്യായീകരണം മധുവിന്റെ കാര്യത്തിലും കാണാന്‍ സാധിക്കും.
”ഓനെ പിന്നെ അടിക്കാണ്ട് വെറുതെ വിടാന്‍ പറ്റുവോ? ഓനെ ഇനിയും വച്ചോണ്ടിരുന്നാല്‍ ങ്ങള് തരുവോ ഞങ്ങടെ പോയ മൊതലൊക്കെ? മരിക്കണന്ന് കരുതീട്ടാവില്ല അതൊന്നും ചെയ്തത്. സഹികെട്ടിട്ടാണ് നാട്ടുകാര്‍ മധുവിനെ അന്വേഷിച്ച് പോയത്.”മരിച്ചു കഴിഞ്ഞും മധുവിന്റെ കൊലപാതകത്തിനോടുള്ള ഒരു പ്രതികരണം അട്ടപ്പാടിയില്‍ നിന്നും ഇങ്ങനെയായിരുന്നു . ഇത്തരമൊരു പൊതുബോധ സ്വീകാര്യമായ ഹിംസാത്മക ന്യായം നിരത്തിക്കൊണ്ട് ആള്‍ക്കൂട്ടം ആക്രമിച്ചത് തെറ്റല്ല എന്ന സമീപനം ആണ് ഇക്കൂട്ടരെല്ലാം പങ്ക് വയ്ക്കുന്നത്. ഇത്തരമൊരു ന്യായം സാമൂഹിക പ്രതിബദ്ധതയില്‍ നിന്ന് ഉണ്ടായിവരുന്നത് ആണെന്ന് പോലും തെറ്റിദ്ധരിക്കപ്പെടുമെങ്കിലും, വലിയ സാമൂഹിക പ്രതിബദ്ധതയുള്ള ഈ സമൂഹം എന്നാല്‍ മധുവിന്റെ പട്ടിണിയോട് എന്തേ മുഖം തിരിഞ്ഞു നിന്നു എന്ന വിരോധാഭാസം സംശയത്തിനുള്ള മറുപടിയായി നിലനില്‍ക്കും. ഇവിടെ മറ്റേതെങ്കിലും വിഭാഗക്കാരന്‍ ആയിരുന്നു മധുവിന്റെ സ്ഥാനത്തെങ്കില്‍ ഇത്തരത്തില്‍ ഒരു സമീപനം നാട്ടുകാരില്‍നിന്നും ഉണ്ടാവില്ലായിരുന്നു എന്നതാണ് യാഥാര്‍ഥ്യം . ഇന്ത്യയിലെ ആള്‍ക്കൂട്ട ആക്രമണങ്ങളുടെ ചരിത്രവും അതിലേക്ക് ആണല്ലോ വിരല്‍ ചൂണ്ടുന്നതും.ആദിവാസികളോടുള്ള മറ്റ് മനുഷ്യരുടെ പൊതുമനോഭാവമാണ് ഇത്തരം പ്രചരണങ്ങളില്‍ കൃത്യമായും വ്യക്തമാകുന്നത്. ഇന്ത്യയിലെ ആദിവാസി-ദലിത് മനുഷ്യര്‍ കള്ളന്മാരും, ക്രിമിനലുകളും ആണെന്ന് ഇന്ത്യന്‍ സംസ്‌കാരികതയ്ക്ക് അകത്ത് ഹിന്ദുത്വക്ക് ഇന്നും നിലനിര്‍ത്താന്‍ സാധിക്കുന്നത് സമകാലീന സമൂഹത്തിലും ബ്രാഹ്മണിസത്തിന്റെ ശക്തമായ വേരോട്ടത്തെ തുറന്നുകാട്ടുന്നുണ്ട്.
ആന്തരിക രക്തസ്രാവമാണ് മധുവിന്റെ മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടി ല്‍ പറയുന്നു. ശരീരമാസകലം മർദ്ദനമേറ്റ പാടുകളുണ്ടെന്നും വാരിയെല്ല് തകർന്നതായും തലയ്ക്ക് ശക്തമായ ക്ഷതം ഏറ്റതായും റിപ്പോർട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. തലക്കേറ്റ മർദനമാണ് മരണകാരണം. ഒരു വാരിയെല്ല് ഒടിഞ്ഞിട്ടുണ്ട്. വാരിയെല്ലില്‍ ഉരുണ്ട ഇരുമ്പുവടി കൊണ്ടോ മറ്റോ മർദനമേറ്റിട്ടുണ്ട്. തൊലിപ്പുറത്ത് അടിയുടെ പാടുകളുണ്ട്. തലച്ചോറിലും ശ്വാസകോശത്തിലും നീർക്കെട്ടുണ്ടായിരുന്നു. കല്ലിലോ ചുവരിലോ തല ഇടിച്ചിട്ടുണ്ട്. ഒട്ടേറെ പേര്‍ ചേര്ന്നു നടത്തിയ മർദനത്തിന്റെ സൂചനകളാണ് ശരീരത്തിലുള്ളതെല്ലാം . മർദനമേല്ക്കാത്ത ഭാഗങ്ങള്‍ കുറവാണ്. തുട, നെഞ്ച്, പുറംഭാഗം എന്നിവിടങ്ങളിലൊക്കെ കഠിന മർദനമേറ്റതിന്റെ പാടുകളുണ്ട് എന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടി ല്‍ പറയുന്നുണ്ട്. ആള്‍ക്കൂട്ടആക്രമണങ്ങള്‍ എത്രമാത്രം ഹൃദയശൂന്യം ആണെന്ന് മര്‍ദ്ദന വിവരണങ്ങളില്‍ വ്യക്തമാണല്ലോ. പോലീസ് എഫ്. ഐ. ആറില്‍തന്നെ കള്ളനെന്ന് വിളിച്ച് ഉപദ്രവിച്ചു ‘ എന്ന് മധു മൊഴി നല്‍കിയതായി പറയുന്നുണ്ട്. ഇത്തരത്തില്‍ അടിത്തട്ട് മനുഷ്യര്‍ക്ക് മേല്‍ നടത്തുന്ന ഹിംസകള്‍ക്ക് വലിയ ഒരു വിദ്വേഷപരമായ സ്വഭാവമുള്ളതായി കൂടെ നമുക്ക് കാണാന്‍ സാധിക്കും. ആദിവാസി -ദലിത് മനുഷ്യര്‍ക്ക് മേല്‍ അധികാരവും കര്‍ത്തൃത്വവും സ്ഥാപിക്കാനും അത് പരസ്യമായി ഉപയോഗപ്പെടുത്താനും ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ നിര്‍മ്മിക്കുകയും, പ്രയോജനപ്പെടുത്തുകയും കൂടിയാണ് പുതിയകാലത്ത് ജാതി ചെയ്യുന്നത്.
ജാതിയുടെ ഒരു പ്രത്യേക കഴിവ് അതിനുള്ള വഴക്കം തന്നെയാണ്. തനിക്ക് പ്രശ്‌നമാവുന്ന നിലയില്‍ ഉയര്‍ന്നുവരുന്ന ഏതൊരു പ്രതിഭാസത്തിനും മുന്നില്‍ ഒന്ന് ചരിഞ്ഞും ചാഞ്ഞും കൊടുത്ത് നിലനില്‍പ്പ് തുടരാന്‍ ജാതിയ്ക്കു സാധിക്കും. നിങ്ങള്‍ ജാതിയെ മുന്‍വാതിലിലൂടെ പുറത്തെറിഞ്ഞാല്‍, അത് ജനലിലൂടെയോ പിന്‍വാതിലിലൂടെയോ തിരികെ അകത്തേക്ക് നുഴഞ്ഞു കയറും. തിരിച്ചു വരുന്ന ജാതിയുടെ സ്വഭാവത്തിന് മുന്‍പതിപ്പില്‍ നിന്ന് വ്യത്യസ്തത തോന്നുമെങ്കിലും ജാതി നിര്‍മിക്കുന്ന ക്രൂരത അതേ തോതില്‍ നിലനില്‍ക്കും. അടിത്തട്ട് വിഭാഗങ്ങള്‍ ജന്മനാ കള്ളന്മാര്‍ ആണെന്നും അവരെ ശിക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്നുമുള്ള സവര്‍ണ്ണ സമൂഹത്തിന്റെ ബോധ്യം മേല്പറഞ്ഞ ജാതിയുടെ ക്രൂരതകളില്‍ നിന്ന് ഉണ്ടായി വരുന്നതാണ്. അതുകൊണ്ടാണ് ഇത്തരത്തില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് വലിയ ആഘോഷങ്ങളുടെ സ്വഭാവം ഉണ്ടാവുന്നത്. മധുവിന്റെ കൈ കെട്ടി ചുറ്റും ആളുകള്‍ പരസ്യവിചാരണ നടത്തുന്ന ഒരു സെല്‍ഫി സാമൂഹിക മാദ്ധ്യമങ്ങളില്‍ പോലും പ്രചരിച്ചിരുന്നു . വ്യക്തി സന്തോഷത്തിന്റെ നേര്‍സാക്ഷ്യമെന്നോണം ഉപയോഗിക്കുന്ന സെല്‍ഫി, ചേര്‍ത്തുപിടിക്കലിന്റെ രാഷ്ട്രീയം സംസാരിക്കുന്ന സെല്‍ഫി ഇവിടെ അതിക്രൂരമായ തങ്ങളുടെ വിനോദത്തിന്റെ കഥ പറച്ചിലായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ഇത്തരത്തില്‍ സന്തോഷത്തിന്റെ, വിനോദത്തിന്റെ സമയമായിട്ടാണ് ആള്‍ക്കൂട്ടആക്രമണങ്ങളെ ജനങ്ങള്‍ സ്വയം കാണുന്നത്. സാമൂഹിക ജനാധിപത്യത്തില്‍ എത്തിപ്പെടാത്ത, വര്‍ണ്ണാശ്രമധര്‍മ്മത്തില്‍ ഇന്നും നിലനില്‍ക്കുന്ന, തൊട്ടുകൂടാത്തവരെ നിലനിര്‍ത്തുന്ന സമൂഹമാണ് ഇന്നും നിലവില്‍ ഉള്ളതെന്നാണ് ഇത് വെളിപ്പെടുത്തുന്ന ദുഃഖസത്യം.
കേസിന്റെ വഴികള്‍
മധു കേസ് രാജ്യത്തെ മറ്റ് എസ് സി /എസ് ടി അട്രോസിറ്റി കേസുകളില്‍ നിന്ന് ഒട്ടും ഭിന്നമായിട്ടല്ല മുന്നോട്ട് പോവുന്നത് . കേസിനാസ്പദമായ സംഭവം നടന്നിട്ട് നാല് വര്‍ഷമായിട്ടും കേസിന്‍മേല്‍ തീര്‍പ്പ് കല്പിക്കാന്‍ നമ്മുടെ നീതി ന്യായ വ്യവസ്ഥയ്ക്ക് സാധിച്ചിട്ടില്ല. ഇതില്‍ അധികാരികളുടെയും,ഭരണകര്‍ത്താക്ക ളുടെയും അയഞ്ഞ സമീപനത്തിനും പങ്കുണ്ട്. വ്യക്തമായ മരണമൊഴിയും, തെളിവുകളും നിലനില്‍ക്കുമ്പോഴും കൃത്യമായി പരിസമാപ്തിയില്‍ എത്തിക്കാന്‍ സാധിക്കാത്തതില്‍ ഒരു കാരണം പ്രതികള്‍ തെറ്റുകാരാണോ എന്ന ഒരു സംശയം എല്ലാവരുടെയും ഉള്ളില്‍ നിലനില്‍ക്കുന്നുണ്ട് എന്നത് തന്നെയാണ്. സാമൂഹിക പ്രബലതയുള്ള പ്രതികളും മറ്റും കൊലപാതകസമയം മുതല്‍ത്തന്നെ സമൂഹത്തിന്റെ മാപ്പിന് അര്‍ഹരായാണ് പരിഗണിക്കപ്പെടുന്നത് . മാത്രമല്ല വീരദേഹങ്ങളായി പോലും ഇവര്‍ കാണുന്നവരുമുണ്ട്. അതുകൊണ്ടാണ് പ്രതികള്‍ക്ക് അനുകൂലമായി ആഖ്യാനങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും, അട്ടപ്പാടി, മുക്കാലി എന്നിവിടങ്ങളില്‍ പ്രാദേശികമായും ദിനംപ്രതി ഉണ്ടായിവരുന്നതും. ഇന്ത്യയിലെ സമാനതകള്‍ ഉള്ള മറ്റ് കേസുകളിലും ഇത് കാണാന്‍ സാധിക്കും. ഖൈര്‍ലാഞ്ചി കേസ് തന്നെ നമ്മള്‍ ശ്രദ്ധിച്ചാല്‍, ആ വിഷയത്തിന്മേലുള്ള ആഖ്യാനങ്ങള്‍ ഇരയായ കുടുംബത്തിന് എതിരായിട്ട് ഉള്ളവയായിരുന്നു. സാമൂഹിക ധാര്‍മികതയ്ക്ക് പുറത്ത് നില്‍ക്കുന്നവരാണ് ഇരയായ കുടുംബമെന്നും അതിനാല്‍തന്നെ അവര്‍ ശിക്ഷയ്ക്ക് അര്‍ഹരാണ് എന്നും ആഖ്യാനങ്ങള്‍ വ്യക്തമാക്കി. മധുവിന്റെ കേസിലും മറിച്ചല്ലല്ലോ ഉണ്ടാവുന്നത്. ‘ ഞാന്‍ എന്താ ചെയ്തത് ‘എന്ന് നിരന്തരം മധു ചോദിക്കുമ്പോഴും, നേരത്തെ തന്നെ വിധിയും ആഖ്യാനവും തീരുമാനിച്ച സവര്‍ണ്ണ സമൂഹം ശിക്ഷ നടപ്പിലാക്കാനുള്ള വ്യഗ്രതയിലായിരുന്നു.
ഈ കേസില്‍ 16 പേരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. മുക്കാലികാരായ ഹുസൈന്‍(54), മരക്കാര്‍(37), ശംസുദീന്‍(38), അനീഷ്(34), രാധാകൃഷ്ണന്‍(38), അബൂബക്കര്‍(35), സിദ്ദിഖ്(42), ഉബൈദ്(29), നജീബ്(37), ജൈജുമോന്‍(48), സജീവ്(34), അബ്ദുല്‍ കരീം(52), സതീഷ്(43), ഹരീഷ്(37), ബൈജു(45), മുനീര്‍(32) എന്നിവരാണ് പ്രതി ചേര്‍ക്കപ്പെട്ടവര്‍. ഇവര്‍ക്കെതിരെ 2018ല്‍ തന്നെ എസ് സി, എസ് ടി അട്രോസിറ്റി ആക്ടിന്റെ 3എ സെക്ഷനുംഐ പി സി 362(തട്ടിക്കൊണ്ടുപോവല്‍) ,364(കൊലപാതക ഉദ്ദേശത്തോടെ തട്ടിക്കൊണ്ടുപോവല്‍),365(ദുരുദ്ദേശത്തോടെ തട്ടിക്കൊണ്ടുപോവല്‍) , 302(കൊലപാതകം) ,352(ആക്രമണം) , 326(ആയുധം കൊണ്ട് ഉപദ്രവിക്കല്‍),143(നിയമവിരുദ്ധ കൂട്ടം ചേരല്‍),144(ആയുധങ്ങളുമായി നിയമവിരുദ്ധ കൂട്ടംച്ചേരല്‍) , 147(കലാപം നടത്തല്‍), 148(ആയുധങ്ങള്‍ കൊണ്ട് കലാപം നടത്തല്‍) എന്നിവയും ചുമത്തിയിരുന്നു. കേസില്‍ ആദ്യ 119 സാക്ഷികളും പിന്നീട് അത് 122 സാക്ഷികള്‍ ആയി ഉയരുകയും ചെയ്തു.
കേസ് ഇന്നിപ്പോള്‍ അതിന്റെ നാലാംവര്‍ഷത്തില്‍ എത്തിനില്‍ക്കുമ്പോള്‍ 20 സാക്ഷികള്‍ കൂറ് മാറിക്കഴിഞ്ഞിരിക്കുന്നു. ജാമ്യത്തില്‍ ഇറങ്ങിയ പ്രതികളുടെ ഇടപെടല്‍ മൂലമാണ് ഇത്തരത്തില്‍ സാക്ഷികള്‍ കൂറുമാറുന്നത് എന്ന് പ്രോസീക്യൂഷന്‍ കോടതിയെ അറിയിക്കുകയും അങ്ങനെ 12 പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യുകയും ചെയ്തു. മുന്‍പ് കണ്ട കാര്യങ്ങള്‍ നിഷേധിച്ചുകൊണ്ട് ആണ് ഇപ്പോള്‍ സാക്ഷികള്‍ കൂറ് മാറിയിരിക്കുന്നത്. ഏറ്റവും ഒടുവില്‍ കൂറുമാറിയ 29-ാം സാക്ഷിയായ സുനില്‍ കുമാര്‍ ആദ്യം മധുവിനെ പ്രതികള്‍ കാട്ടില്‍നിന്ന് പിടിച്ചുകൊണ്ടു മുക്കാലിയില്‍ വരുന്നതും, മധുവിനെ അവര്‍ കള്ളന്‍ എന്ന് വിളിക്കുന്നത് കേട്ടുവെന്നും, ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കണ്ടു എന്നും പോലീസിനോട് പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ കോടതിയില്‍ താന്‍ ഇതൊന്നും കണ്ടിട്ടില്ല എന്ന മൊഴിയാണ് നല്‍കിയത്. തുടര്‍ന്ന് പ്രോസീക്യൂഷന്‍ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കണം എന്ന് കോടതിയോട് ആവശ്യപ്പെടുകയുണ്ടായി. തുടര്‍ന്ന് വീഡിയോ തനിക്ക് വ്യക്തമായി കാണാന്‍ സാധിക്കുന്നില്ല എന്ന് സുനില്‍ കുമാര്‍ പറയുകയും, എങ്കില്‍ കണ്ണ് പരിശോധന നടത്താന്‍ കോടതി ഉത്തരവിടുകയും ചെയ്തു. വീഡിയോ ദൃശ്യത്തില്‍ മധുവിനെ മുക്കാലിയിലേക്ക് കൊണ്ടുവരുന്നതും, തല്ലുന്നതും, സുനില്‍ കുമാര്‍ അത് കണ്ടു നില്‍ക്കുന്നതും വ്യക്തമായി കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു. അതിന് ശേഷം കണ്ണ് പരിശോധനയുടെ റിസൽട്ട് വരികയും, സുനില്‍കുമാറിന്റെ കണ്ണിന് യാതൊരു കുഴപ്പവുമില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമായി. സമാനമായിട്ടാണ് മറ്റ് പ്രതികളും കൂറുമാറിയത്.
സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചത് വഴി ഗുരുതര നിയമലംഘനവും, ജാമ്യവ്യവസ്ഥാ ലംഘനവുമാണ് പ്രതികള്‍ നടത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ഒരു ധൈര്യം ഇവര്‍ക്ക് ഉണ്ടായതില്‍ സമൂഹത്തിന്റെയും നിയമപാലകരുടെയും അനുതാപപൂര്‍ണമായ ഇടപെടലും ഉണ്ടായിട്ടുണ്ടെന്ന് വേണം കരുതാന്‍.മധുവിന്റെ വീട്ടുകാരെ പോലും സ്വാധീനിക്കാന്‍ അവര്‍ ശ്രമിച്ചത് ഇതിനാലാണ്. നാട്ടുകാരുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സഹായം പ്രതികള്‍ക്കായി ഉണ്ടായിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നു പോലും ഒരു തരം നിസംഗമായ നിലപാട് ആണ് കേസിനോട് ഉണ്ടായിരുന്നത്. പബ്ലിക് പ്രോസീക്യൂട്ടര്‍മാരുടെ കേസ് ഒഴിയല്‍ അതിന്റെ ഉദാഹരണമാണ്. തങ്ങളുടെ പ്രതീകാത്മക മൂലധനം മുഴുവനും പ്രതികള്‍ക്ക് കൃത്യമായി കേസില്‍ സഹായകമാവുന്നുണ്ട് എന്ന് വേണം മനസ്സിലാക്കാന്‍. ജാതി അതിന്റെ സവിശേഷമായ പ്രവര്‍ത്തനം പ്രതികള്‍ക്കായി നടത്തുന്നതാണ് ശക്തമായ കേസിനു പോലും ഉണ്ടാവുന്ന ഈ അയവ്. അത്രമേല്‍ വ്യക്തമായി, തുറന്നയുദ്ധംഇന്ത്യന്‍ സമൂഹത്തിന്മേല്‍ ഇന്നും ബ്രാഹ്മണിസം നടത്തുമ്പോഴും, മധുവിന് നീതി ലഭിക്കും എന്ന് തന്നെയാണ് കരുതുന്നത്. അതിന്‌സാധിക്കുന്നരാഷ്ട്രീയ-സാമൂഹിക ഉണർവ് ഇന്ത്യയിലെ അടിത്തട്ട് മനുഷ്യര്‍ ക്ക് ഇടയില്‍ഇന്ന് ഉണ്ടായിവരുന്നുണ്ട്.എന്തായാലുംഹൈക്കോ ടതിപ്രതികളുടെഇപ്പോള്‍ജാമ്യാപേക്ഷ റദ്ദ്‌ചെയ്ത സാഹചര്യത്തില്‍കാര്യമായിതന്നെകേസിന്റെപോക്കില്‍മാറ്റംവരുമെന്നും, കേസ്അതിന്റെപരിസമാപ്തിയിലേക്ക്അടുത്ത്തന്നെഎത്തുമെന്നുംപ്രതീക്ഷിക്കാം.
ചരിത്രപരമായ ന്യായം
സമൂഹത്തിലെ ഓരോ പ്രവര്‍ത്തനത്തിന് പുറകിലും ചരിത്രപരമയായ ഒരു ”ന്യായം” ഉണ്ട്. ഈ ”ന്യായം” ശരിതെറ്റുകളുടെ ബൈനറി ഉണ്ടാക്കികൊണ്ട് സ്വയം തീര്‍പ്പ് കല്പിക്കുന്ന ന്യായാധിപന്‍മാരായി പ്രബലരെ മാറ്റുന്നു. പ്രത്യേകിച്ചും ജനാധിപത്യപരമായ ഒരു വിപ്ലവം ഇന്ത്യയിലെ മനുഷ്യരുടെ മനസ്സുകള്‍ക്ക് സംഭവിക്കാത്തതുകൊണ്ട് തന്നെ സാഹോദര്യം, സമത്വം എന്നീ ആശയങ്ങള്‍ രാജ്യക്കാര്‍ എന്ന നിലയില്‍പോലും ഇന്ത്യക്കാരില്‍ പ്രവര്‍ത്തിക്കുന്നേയില്ല എന്നതാണ് യാഥാര്‍ഥ്യം. അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ച് യുഎസ് കമ്മീഷന്‍ (യുഎസിഐആർ എഫ്) പുറത്തിറക്കുന്ന റിപ്പോര്‍ട്ട് പ്രകാരം സിപിസി(കണ്‍ട്രി വിത്ത് പര്‍ട്ടിക്കുലര്‍ കണ്‍സെണ്‍) രാജ്യമായി തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഇന്ത്യയെ ശുപാര്‍ശ ചെയ്തിരിക്കുന്നു. മതപരവും ജാതിപരവുമായ ഹിംസകള്‍ അരങ്ങേറുന്ന രാജ്യം ആഗോളതലത്തില്‍ തന്നെ തുറന്നുകാട്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. 2021ലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം മുന്‍വര്‍ഷത്തേക്കാള്‍ 6.4% വളര്‍ച്ച ട്രൈബ് സിന് എതിരെ ഉള്ള അതിക്രമങ്ങളിലും , 1.2% വളര്‍ച്ച ദലിത്കള്‍ക്ക് എതിരെ ഉള്ള അതിക്രമങ്ങളിലും കാണുന്നുണ്ട്. ഏകദേശം 306024 കേസുകള്‍ കഴിഞ്ഞ വര്‍ഷം ട്രയല്‍ നടത്തപ്പെട്ടപ്പോള്‍ ഇനിയും 96 ശതമാനത്തിന് മുകളില്‍ കേസുകള്‍ പെന്റിങ് ആയി നില്‍ക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. കേസുകളിലെ ഈ വര്‍ധനവ് ആക്രമണങ്ങളിലെ വര്‍ദ്ധനവ് എന്ന നിലയില്‍ മാത്രമല്ല മനസ്സിലാക്കേണ്ടത് മറിച്ച് റിപ്പോര്‍ട്ടിങ്ങില്‍ വന്നിട്ടുള്ള വര്‍ധനവ് ആയിക്കൂടി കണക്കാക്കാവുന്നതാണ്. രാജ്യം ഫാഷിസ്റ്റ് സ്റ്റേറ്റ് ആയി പരിണമിക്കുന്ന പ്രതീതി ഉണ്ടാവുന്ന ഈ സാഹചര്യത്തിലും പ്രതീക്ഷയുടെ കണികയെന്നോണം ബദല്‍ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെയും സിവില്‍ സമൂഹങ്ങളുടെയും അംബേദ് കര്‍ രാഷ്ട്രീയത്തിന്റെയും ഇടപെടലുകള്‍ പ്രസക്തമായി നിലകൊള്ളുന്നുണ്ട്.