അശോകന്‍ പ്രബുദ്ധതയും ബിംബാവലികളും സംഘമെന്ന ഈഴവും

ധര്‍മ്മലിപി ഗ്രാഫിറ്റി പുറത്തു വന്ന കേരളത്തിലെ പട്ടണത്തേയും പ്രാദേശിക, ദേശീയ വരേണ്യര്‍ ഒന്നിച്ച് വെട്ടിമൂടിയിരിക്കുകയാണ്. തമിഴകത്ത് കീഴടിയെ സ്റ്റാലിന്‍ ലോകശ്രദ്ധയിലേക്കു കൊണ്ടുവരുന്നത് കേരളീയരെങ്കിലും കണ്ടറിയണം. സൈന്ധവ നാഗരികതയുമായാണവര്‍ കീഴടിയെ ബന്ധിപ്പിക്കുന്നത്. കാര്‍ണീലിയന്‍ ബീഡുകള്‍ ഇടുക്കിയിലെ ചെല്ലാര്‍കോവിലില്‍ നിന്നു 2020 കാലത്തു കിട്ടിക്കഴിഞ്ഞു. സൈന്ധവവും കാര്‍ണീലിയയുമായാണ് കേരളവും ബന്ധപ്പെട്ടിരിക്കുന്നത്.

പല്ലനയിലെ ആശാൻ സ്മാരകം

1922 ലെ ചണ്ഡാലഭിക്ഷുകിയില്‍ ബുദ്ധചിന്തയിലെ ത്രിശരണങ്ങളും പഞ്ചശീലങ്ങളും അഷ്ടാംഗമാര്‍ഗങ്ങളും സവിസ്തരം കാവ്യാത്മകമായി ചര്‍ച്ചചെയ്യപ്പെടുന്നു. സംഘം ബുദ്ധരുടെ അഥവാ തെന്നിന്ത്യന്‍ തമിഴകമൊഴിയില്‍ പുത്തരുടെ അടിസ്ഥാന ആശയങ്ങളില്‍ പെടുന്നു. തമിഴകത്ത് സംഘം ചങ്കമെന്നും ഇഴചേര്‍ന്ന സംഘടിതമായ ഈഴമെന്നും അറിയപ്പെട്ടു. അരിത്തപ്പട്ടിയിലും അളകര്‍മലയിലും മാങ്കുളത്തും യാനമലയിലുമെല്ലാം ഈഴവും ആതനും അശോകന്‍ ധമ്മലിപിയെന്ന ബ്രാഹ്മിയില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. പട്ടണത്തു നിന്നുകിട്ടിയത് അമണ അഥവാ ശ്രമണ എന്ന ധര്‍മ്മലിപി ലിഖിതമാണ്.

ബി. സി. മൂന്നാം നൂറ്റാണ്ടില്‍ അശോകമകളായ സംഘമിത്തയുടെ കാലം മുതല്‍ സംഘത്തിന്‍ നാടായതിനാല്‍ ശ്രീലങ്കയേയും തമിഴില്‍ ഈഴം എന്നു വിളിച്ചുപോന്നു. പിന്നീട് തമിഴകത്ത് ഈഴം ലങ്കയുടെ പര്യായവുമായി. ശ്രീലങ്കയെന്ന പേര്‍ ഇന്തോയൂറോപ്യന്‍ ഭാഷയായ സിംഹളത്തിലാണുപയോഗിക്കുന്നത്. ബൗദ്ധസംഘങ്ങളെ സൂചിപ്പിക്കുന്ന ഈഴം എന്ന പ്രാചീന തമി ഴ് പദം കേരളത്തില്‍ ആധുനികകാലത്ത് ഇളമെന്നും ഏഴമെന്നും സ്ഥലനാമങ്ങളിലെല്ലാം മാറ്റിമറിക്കപ്പെട്ടു. പള്ളിയെ പിള്ളിയും പുള്ളിയും വള്ളിയും മുള്ളിയും തുള്ളിയുമാക്കുന്നപോലെ ഈഴത്തെ അഥവാ ഈളത്തെ ഇളവും ഏഴവും ഏലവുമെല്ലാമാക്കി (ശേഖര്‍ 2018: 177-199).
ബുദ്ധിസവും ജൈന ആജീവക ശ്രമണ ധാരകളുമായുള്ള ഇഴചേരലുകള്‍ തെന്നിന്ത്യന്‍ സംഘകാല സാഹിത്യത്തില്‍ തുടങ്ങുന്നു. ഇളങ്കോയുടെ കോവലനില്‍ നിന്നു കണ്ടാണശേരി വട്ടാണത്തറ അയ്യപ്പന്‍ കോവിലനിലേക്കു വരെ അതു തുടരുന്നു. സംഘം അഥവാ പ്രാചീന തമിഴില്‍ ഇഴചേര്‍ന്ന ഈഴം അഥവാ ഈളം എന്ന ആശയം തന്നെ പുത്തരുടെ ത്രിരത്‌നങ്ങളില്‍ നിന്നാണ്. തമിഴിലെ പഞ്ചമഹാകാവ്യങ്ങളായ അയിംപെരുംകാപിയത്തിലെ തികഞ്ഞ ബൗദ്ധ മഹാകാവ്യമായ ചാത്തനാരുടെ മണിമേഖലയിലെ നായികയായ മണിമേഖലയെ ആണ് ആശാന്റെ ചണ്ഡാലഭിക്ഷുകി ഓര്‍മിപ്പിക്കുന്നത്. അയിം (അഞ്ച്) കുറുംകാപ്യങ്ങളും തമിഴിലുള്ളത് നമുക്കറിയില്ല. മാവാരത, രാമായണ ഗീതാ പട്ടത്താനങ്ങളും ഗീതാഗിരികളുമാണ് കേരളമക്കളെ വിശ്വാസി ലഹളകളിലേക്കും 2018ലെ ശൂദ്രലഹളയുടെ പശ്ചാത്തലത്തില്‍ ദേവസ്വംബോര്‍ഡിലെ സവര്‍ണ സാമ്പത്തിക സംവരണമെന്ന ഭരണഘടനാ അട്ടിമറിയിലേക്കും കുഴലൂതി കൊണ്ടുപോയത്. ബ്രൗണിങ്ങ് കവിതയില്‍ കുറിച്ച വംശഹത്യയുടെ കാമുകരായ ഹാംലണിലെ ആ കുഴലൂതും പാമ്പാട്ടിമാര്‍ ഇപ്പോഴും രംഗത്തുണ്ട്. അബ്രാഹ്മണയായ മാധവിയും മകള്‍ മണിമേഖലയും സംഘത്തില്‍ ചേര്‍ന്ന് ഭിക്കുനിമാരായി മാറുന്നു. മാതംഗിയുടെ പൂര്‍വമാതൃകയാണ് ചരിത്രത്തില്‍ മണിമേഖലയും അശോക മകളായ സംഘമിത്തയും.

അശോകമക്കളായ തീയപ്പെണ്‍കുട്ടികളുടെ
വിചാരലോകങ്ങളും പുതുപാതകളും

തെക്കനേഷ്യ മുഴുവന്‍ കപ്പലില്‍ സഞ്ചരിച്ച് പുത്തരുടെ ജനായത്ത സുവിശേഷം ലോകാന്തരങ്ങളില്‍ പടര്‍ത്തിയത് സംഘമിത്തയാണ്. സിന്ധുസാഗരത്തെ കളിത്തൊട്ടിലാക്കിയവരാണ് തന്‍ പൂര്‍വികരെന്നു ഡോക്ടര്‍ പല്‍പ്പു പറയുന്നുണ്ട്. അനുരാധപുരത്തെ പോതിമരത്തെ ഗയയില്‍ നിന്നും വേരുപിടിപ്പിച്ചാണവര്‍ കപ്പലില്‍ കൊണ്ടുപോയി നട്ടുവളര്‍ത്തിയത്. രണ്ടായിരത്തി മുന്നൂറു വര്‍ഷമായതു ഈളം അഥവാ സംഘത്തിന്‍ നാടായി നിലനിന്ന ഇളങ്കയില്‍ അഥവാ സിംഹള മരതകത്തീവില്‍ വളരുന്നു. തീവീളം അഥവാ ദീപീഴം എന്നും ശ്രീലങ്കയെ തമിഴകത്തും ചേരനാട്ടിലും വിളിച്ചിരുന്നു. കരയീളമാണ് കേരളമെന്നും വാദമുണ്ട് (സുഗതന്‍ 2011).

പല്‌പു

ഈഴപ്പെണ്ണുങ്ങള്‍ തേരികളും അശോകന്‍ തേരവാദികളുമായി ലോകബോധനം നടത്തുന്ന കാലമുണ്ടായിരുന്നു. അതുകൊണ്ടാണല്ലോ അവര്‍ ബ്രാഹ്മണിസത്തിന്‍ അപരരും മോശക്കാരയാ തീയരുമായി വ്യവഹരിക്കപ്പെട്ടത്. ആശാന്‍ ചണ്ഡാല ഭിക്ഷുകിയെ കണ്ടെത്തുന്നത് സ്വന്തം സംഘപാരമ്പര്യത്തെ തിരിച്ചറിയുന്നതിലൂടെയാണ്. ദക്ഷിണേഷ്യമുഴുവന്‍ നിറഞ്ഞ ഇഴചേര്‍ന്ന പെരിയ നീതിയുടെ ധാര്‍മിക കലാചാര കൂട്ടമായിരുന്നു ഈളം അഥവാ ഇഴപ്പെരുക്കമുള്ള ഈഴം. അതിനേയാണ് ജാതിഹിന്ദുത്തം ഇളവും ഏലവും ഏഴവും ഊളയുമാക്കി സ്ഥലനാമങ്ങളിലടക്കം ചിതറിത്തെറിപ്പിച്ചു മാറ്റിയത്.

സഹോദരന്‍ അയ്യപ്പന്‍

ഭാഷയേയും എഴുത്തിനേയും ഹിംസാത്മകമായി കയ്യാളിക്കൊണ്ടായിരുന്നു ജാതിസ്ഥാപിക്കപ്പെട്ട മധ്യകാലത്തു തുടങ്ങി മലയാളിമെമ്മോറിയല്‍ കാലം മുതല്‍ ഇരച്ചുകയറിക്കുത്തകയാക്കിയ ഈ അട്ടിമറി. അമിതപ്രാതിനിധ്യ കുത്തകയെന്ന ഒളിഗാര്‍ക്കിയാണ് കേരളത്തിനും ഇന്ത്യക്കും ഭരണഘടനയ്ക്കും നീതിക്കും നിതാന്ത ഭീഷണി. ഒളിഗാര്‍ക്കിയെന്ന കുത്തക കുലീനരുടെ ഭരണം അവരുടെ അമിതപ്രാതിനിധ്യം അവസാനിപ്പിച്ചാലേ അസ്തമിക്കൂ. സാമൂഹ്യ സര്‍വേയും ജനസംഖ്യാനുപാതികമായ മതിയായ പ്രാതിനിധ്യം സമസ്ത രംഗങ്ങളിലും ബഹുജനങ്ങള്‍ക്കുറപ്പാക്കലുമാണ് പരിഹാരം.

ദീപവംശവും മഹാവംശവുമടങ്ങുന്ന പാലി, സിംഹള ചരിത്ര കൃതികള്‍ വെളിച്ചത്തിന്റെ ഈ മഹാപ്രയാണത്തെ അടയാളപ്പെടുത്തുന്നു. മലയാളമടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ അപ്പനെന്ന പ്രയോഗമുണ്ടാകുന്നത് പുത്തരുടെ അപ്പ ദീപോ ഭവ അഥവാ അപ്പനേ താങ്കള്‍ തന്നെ വെളിച്ചമാവുക എന്ന മൊഴിയില്‍ നിന്നാണ്. ജീവല്‍ജനഭാഷകളുടെ പ്രയോഗത്തേയും പദാവലികളേയും വ്യാകരണബന്ധങ്ങളേയും നിര്‍ണയിച്ചത് ബുദ്ധചിന്തയും വാങ്മയവുമാണ്. ബൗദ്ധമായ ആ അപ്പനെയാണ് ഏതപ്പാ കോതമംഗലവും വായില്‍വരുന്നത് കോതക്കുപാട്ടുമാക്കി ജാതിഹിന്ദു ബ്രാഹ്മണ്യ ക്ഷുദ്രത അപരവല്‍ക്കരിച്ചതും മ്ലേഛവല്‍ക്കരിച്ച് വംശഹത്യ ചെയ്തതും. കോതായത്തെ കോത്താഴവും കോട്ടയവുമാക്കി. ഇന്നത് മുസ്ലീങ്ങള്‍ക്കും ക്രൈസ്തവര്‍ക്കുമെതിരേ സംഘജനതയെ തന്നെ ദുരുപയോഗം ചെയ്തു പ്രയോഗിക്കാനാണ് ഹിന്ദുത്തപദ്ധതി. അപ്പനേ അപ്ഫനും ഏഭ്ഭ്യനുമാക്കുന്നത് നാം കരുതലോടെ കാണണം. മണിപ്രവാള അച്ചീചരിതാഭാസമാണത്. ദിവസം പതിനെട്ടു തവണ ഏഭ്യന്‍ വിളികേള്‍ക്കാതെ ഉറക്കംവരാത്തവരായി മാറിയ ജനസമൂഹമാണ് ശൂദ്രലഹളകളും അതിനു വഴിതെളിക്കുന്ന മാവാരത, രാമായണ പട്ടത്താനങ്ങളും നടത്തുന്നത്. ഗോബ്രാഹ്മണേഭ്യശുഭമസ്തുനിത്യം ലോകാസമസ്താ സുഖിനോ ഭവന്തുവെന്ന ഹൈന്ദവാപ്തവാക്യവും ജനായത്തവാദികളെ ഞെട്ടിക്കണം. ഹിന്ദു സംസ്‌കൃത പുരാണങ്ങളും വര്‍ണധര്‍മമനുശാസ്ത്രങ്ങളും അവസാനിപ്പിക്കണം. മണിച്ചിപ്പിള്ളമാരും സത്യഭാമമാരും അവരുടെ മണിച്ചിസങ്ങളും പുള്ളയിസങ്ങളും മനുവിസങ്ങളും ഭാമിസങ്ങളും ലോകത്തിനാപത്താണ്.

വള്ളുവരും ചാത്തനാരും
ഇളങ്കോയും നിറയുന്ന സംഘസാഹിത്യപാത

അകാരമായ എഴുത്തിനെ ആദി ഭഗവാനായ പുത്തരുമായി ബന്ധിപ്പിച്ച ധര്‍മ്മമാം മലരിന്‍ പദം ചേര്‍ന്ന തിരുവള്ളുവരെ ഗുരു തന്നെ മൊഴിമാറ്റിയപ്പോള്‍ മൂലൂര്‍ ബുദ്ധവചനത്തെ പാലിയില്‍ നിന്നു നേരിട്ട് ആധുനിക കേരള ഭാഷയിലേക്കു ധര്‍മ്മപദം എന്നപേരില്‍ പദ്യകാവ്യ വിവര്‍ത്തനം ചെയ്തു. ഇന്നും സമകാലികമായി നില്‍ക്കുന്ന കാവ്യ ഭാഷാമൊഴിമാറ്റം മൂലൂരിന്റേതാണ്. ഗുരുവിനെ കുറിച്ചുള്ള പദ്യത്തില്‍ ആശാനും ബോധാചാര്യരായി അഥവാ ബോധോദയ പ്രാപ്തനായ ബുദ്ധരായി ഗുരുവിനെ ചമല്‍ക്കാരം ചെയ്യുകയും അദ്ദേഹത്തിന്‍ കാലടികളിലാണ് നിര്‍വാണമെന്നു പറയുകയും ചെയ്യുന്നു. കാലടിയിലും കീഴടിയിലും മണ്ണടിയിലും ഇന്നും തുടിക്കുകയാണ് പുത്തരുടെ പാദമുദ്രകള്‍. മാതംഗിമാര്‍ അതു തേടുന്നു. ജരാരുജാമൃതി ഭയമെഴാതൊരാ യശോനിര്‍വാണത്തെയടഞ്ഞ സദ്ഗുരോ എന്നാണ് സഹോദരനെഴുതിയ ചരമശ്ലോകം (സഹോദരന്‍ 2000 (1934), ശേഖര്‍ 2012). ജ്ഞാന പൈമ്പാല്‍ കടല്‍ തിങ്കളായി പാരാകവേ പൊങ്ങി വിളങ്ങും നാരായണബുദ്ധദേവന്‍ എന്ന് കറുപ്പന്‍ മാസ്റ്റര്‍. നേരിട്ട് പുത്തരുമായാണീ കവിശിഷ്യരെല്ലാം ഗുരുവിനെ ബന്ധിപ്പിക്കുന്നതെന്നത് സംസ്‌കാര ചരിത്ര ഗഹനവും ചരിത്രപരവുമാണ് (ശേഖര്‍ 2016). കറുപ്പന്‍ മാഷുടെ ജാതിക്കുമ്മിയിലെ പാവ താരതമ്യവും അര്‍ഥഗര്‍ഭമാണ്. ആശാന്‍ പാടുന്നു,

ബോധാചാര്യക്കഴല്‍ ചെങ്കമലമതിനടിക്കാണു നിര്‍വാണലോകം…
ഗുരു മൊഴിമാറ്റിയ തിരുക്കുറലിലെ ഏതാനും കുറലുകളേ ഇന്നു ലഭ്യമായിട്ടുള്ളു. കാവ്യനീതിയും ലോകനീതിയും കുറുകുന്ന കാവ്യവഴിയാണ് കുറല്‍. കബീറിന്റെ ദോഹകളിലും ആ കലക്കവും കലമ്പലും കാണാം. ചൊക്കമേല എന്ന മധ്യകാല മഹാര്‍ കവിയുടെ പട്ടട സന്ദര്‍ശിക്കാന്‍ പോലും ഭരണഘടനാ ശില്പിയായ അംബേദ്കറെ ജാതിഹിന്ദുത്തം 1950 കളുടെ മധ്യത്തില്‍ പോലും അനുവദിച്ചില്ല. ആദ്യ നീതിനിയമ മന്ത്രിയുടെ അന്ത്യ ആഗ്രഹമായിരുന്നു അത്. ബഹുജന കവികളായ മൂലൂരിലും കറുപ്പനിലും സഹോദരനിലും ആശാനിലുമാണ് തിരുക്കുറല്‍ പാടി മൊഴിമാറ്റിയ ഗുരുവിന്റെ കവനശേഷികള്‍ നേരിട്ടു പ്രസരിക്കുന്നത്. പാവയെ പോലെ പരുങ്ങാതിരിക്കുന്ന പാവനനായ തന്‍ ഗുരുവിനെ കുറിച്ച് പറഞ്ഞു കൊണ്ട് ജാതിക്കുമ്മിയിലൂടെ കറുപ്പന്‍മാഷ് 1913 ല്‍ തന്നെ കൊച്ചിയില്‍ വര്‍ണാശ്രമത്തിനെതിരായ ബഹുജന പ്രതിരോധത്തിനാക്കം കൊടുത്തു. പാവനരൂപമായ ആ പാവനഗുരു ജാതിയില്‍ ചോവനായാലെന്ത് യോഗപ്പെണ്ണേ… എന്നദ്ദേഹം ചോദിക്കുന്നു. പാവ (പെരും പാവൈ ഊരായ പെരുമ്പാവൂരു പോലെ), പായി (പായിപ്പാടും പെരും പായിക്കാടും പോലെ) തുടങ്ങിയ പദങ്ങളെല്ലാം മഹായാനത്തിലെ ബൃഹദ് ബുദ്ധശില്പ സൂചനയുണര്‍ത്തുന്നവയാണ്. ബാമിയാനിലെ പോലെ, ചീനയിലെ ഹുനാന്‍ പ്രവിശ്യയിലെ പെരിയ പാവരൂപങ്ങളുണ്ടായിരുന്ന ഇടങ്ങളും ഊരുകളുമാണ് പാവൈയും പായിയുമായി ഊരും പേരുമാര്‍ജിക്കുന്നത്.

പേരൂര് തൊഴിലീ മൂന്നും പോരും എന്നു ഗുരു, കാരണം മനുഷ്യരുടെ ജാതി മനുഷ്യത്തമാണെന്ന നേര് മെയ് തന്നെ ചൊല്ലും. ഗുരുവിനെ മൂലൂര്‍ അഭിനവ ബുദ്ധനായി കേരളകവിതയില്‍ പ്രതിഷ്ഠാപനം ചെയ്തു. ശ്രീനാരായണബുദ്ധന്റെ ധര്‍മരശ്മികളേല്‍ക്കയാല്‍ ഉണരുന്ന ജനത രാജാക്കന്മാരേയും റാണിമാരേയും ഉണര്‍ത്തുന്നതായി സഹോദരന്‍ കാവ്യസന്ദേശങ്ങള്‍ ചൊരിഞ്ഞു. വൈദിക പുരുഷ സൂക്തത്തേയും വേദങ്ങളുടെ അപൗരുഷേയവാദത്തേയും നിശിതമായി വിമര്‍ശിച്ചു തിരസ്‌കരിച്ചു കൊണ്ട് രണ്ടായിരത്തഞ്ഞൂറു വര്‍ഷം മുമ്പ് ബുദ്ധന്‍ പറഞ്ഞ വാക്കുകള്‍ക്കു തുല്യമാണ് വൈദിക പുരുഷസൂക്തത്തിലെ ബ്രഹ്മപുരുഷ മുഖത്തും തുടയിലും കാലിലും കൂടിയുള്ള ജാതിഹിന്ദുക്കളുടെ ഉല്‍ഭവ കഥയെ കുറിച്ചുള്ള ഗുരുവിന്‍ ”മരംപൊട്ടിമുളയ്ക്കുന്ന പോലെയോ” എന്ന ആക്ഷേപഹാസ്യവും അവര്‍ണരുടെ ജനനത്തെ കുറിച്ചുള്ള ”സ്വയം ഭൂക്കളായ ദേവകളല്ലോ അവര്‍” എന്ന ചരിത്ര പ്രസ്താവവും. ഫൂലേയിലും പെരിയോറിലുമാണ് സമാനമായ ചരിത്ര നര്‍മബോധമുള്ള വേദവിമര്‍ശം ആധുനിക കാലത്തു കാണാനാവുന്നത്. ഗുണകര്‍മങ്ങള്‍ സ്ഥായിയല്ല അനുനിമിഷം മാറിക്കൊണ്ടിരിക്കുമെന്നും പിന്നെ എങ്ങനെ വര്‍ണം നിശ്ചയിക്കും എന്നുമുള്ള ഗുരുവിന്റെ ഗീതാവിമര്‍ശം ഏറ്റവും കാലികമായി വരുന്നു. വേദത്തേയും ഗീതയേയും ഇതുപോലെ നൈതിക വിമര്‍ശം ചെയ്ത ഗുരുക്കന്മാര്‍ ഇല്ലതന്നെ.

ഗുരുവിനെ പോലെ സ്‌തോത്ര കൃതികളിലൂടെ വൈഷ്ണവ ശൈവ ഭക്തിധാരകളില്‍ ചിന്നസാമിയായി തുടങ്ങിയ ആശാന്‍ എന്ന കുമാരകവി അഥവാ കുമാരു തന്റെ പക്വമായ അന്ത്യജീവിതകാലത്ത് തികച്ചും ബൗദ്ധമായ പ്രമേയങ്ങളും ആശയങ്ങളും സംസ്‌കാരവുമാണ് കവിതയ്ക്കു വിഷയമാക്കിയത്. ഇന്ത്യയുടെ എന്ന പോലെ തമിഴക, തെന്നിന്ത്യന്‍, കേരളീയ നാഗരികതയുടെ അടിത്തറയായ അശോകന്‍ ആധാര ബിംബങ്ങളേയും ആശയാവലികളേയും സംസ്‌കാര അടയാളങ്ങളേയുമാണ് ആശാനും സഹോദരന്റെ പദ്യകൃതികളിലെ ബുദ്ധകാണ്ഡത്തെ പോലെ നിര്‍ലോഭം ഉപയോഗിക്കുന്നത്.
പോതിമരവും പക്കിയും പ്രാവും പോലെ ആനകളും സിംഹങ്ങളും കുടവും കിണറും ജലവും സംഘാരാമങ്ങളും മഞ്ഞച്ചീവരവും ഭിക്ഷാപാത്രങ്ങളും മുണ്ഡനം ചെയ്ത ശിരസ്സുകളും കവിതയില്‍ നിറയുന്നു. അമ്പത്തൊന്നാം വയസ്സില്‍ അദ്ദേഹം സ്ഫടികക്കുപ്പിയിലിട്ട പരല്‍മീന്‍ പോലെ പല്ലനയാറ്റിലേക്കു പൊലിഞ്ഞു പോയിരുന്നില്ലായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ഏറ്റവും പക്വമായ കാലത്ത് തികഞ്ഞ ബൗദ്ധ സംസ്‌കാര കാവ്യങ്ങളിലേക്കു കടന്നേനേ എന്നതില്‍ സംശയത്തിനു വകയില്ല. ഗുരുവിനേയും സഹോദരങ്ങളേയും ഏറെ വേദനിപ്പിച്ച അകാലത്തിലുള്ള ആ വേര്‍പാട് കേരള സംസ്‌കാരത്തിനും വലിയ നഷ്ടമായി ഭവിക്കുന്നു. 1924 ജനുവരി മധ്യത്തില്‍ പരിനിബാണമടഞ്ഞിരുന്നില്ലെങ്കില്‍ തീര്‍ച്ചയായും മാര്‍ച്ചുമാസം മുപ്പതാം തീയതി വൈക്കത്തു വന്ന് ഒരു രണ്ടാം വൈക്കംവടയാര്‍ പ്രസംഗം ദളവാക്കുളത്തെ കുറിച്ച് നടത്തിയേനേ.

ചണ്ഡാലഭിക്ഷുകി

സമുദയമായ കാവ്യമീമാംസയും
മാറ്റത്തിന്റെ സംസ്‌കാരരാഷ്ട്രീയവും

ആശാന്‍ ദാര്‍ശനികമായ കവിത അനിഷേധ്യമായി തുടങ്ങുന്നതു തന്നെ വീണപൂവിലൂടെ 1907 ല്‍ അനിത്യതയെ കുറിച്ചുളള ഗാഢവിഷാദ തത്വചിന്തയിലൂടെയാണ്. സന്ദിഗ്ദ്ധമായ ആസ്തിക്യബോധം നിഴലിക്കുമ്പോഴും ആദ്യാവസാനം അനിത്യതയുടെ വാഴ്‌വിനെ തിരിച്ചറിയുന്ന കാവ്യബോധം. ലോകത്തില്‍ മരണവും അനിത്യതയും ദുഖവും അതിനു കാരണവും നിവാരണവുമുണ്ടെന്ന ബുദ്ധചിന്തയാണ് അനിത്യത അഥവാ അനിത്യവാദം. പാലിയില്‍ അനിഛ്. സംസ്‌കൃതത്തില്‍ അനിശ്ചിതത്വം. ദുഖനിവാരണത്തിലൂടെ വാഴണം വാഴണം സുഖം എന്നാണ് ഗുരു കൂടുതല്‍ വ്യക്തമായി ഊന്നുന്നത് (ഗോപാല്‍ 2022). ശ്രീ അഥവാ ഐശ്വര്യം ഭൂവിലസ്ഥിരയാണെന്നും വിരിഞ്ഞ പൂ കൊഴിയുമെന്നും തന്‍ പാവനഗുരുവിന്‍ വിഷൂചിക എന്നു വിളിക്കുന്ന കോളറ ബാധിച്ച കിടപ്പു കണ്ടു കരുണാര്‍ദ്രമായും ശോകാര്‍ദ്രമായും ദാര്‍ശനികമായും അദ്ദേഹം കാവ്യവിലാപം ചെയ്തു. ”പ്രഭാത നക്ഷത്ര”ത്തില്‍ സൂര്യശോഭനും ബുദ്ധതുല്യനുമായി അവതരിച്ച ആയിരം താമരപ്പൂക്കള്‍ വിരിയിച്ച താരകമാണീ പൂണ്ടു കിടക്കുന്നത്. അരിയ ചതുര്‍ സത്യങ്ങളായ ദുഖസത്യവും ദുഖമൂലവും ദുഖകാരണവും ദുഖനിവാരണവും കണ്ട ലോകജിത്തായ പുത്തരെ കുറിച്ച് സഹോദരന്റെ 1934 ലെ ബുദ്ധകാണ്ഡ കവിതകള്‍ പാടുന്നു. ലോക ദാര്‍ശനിക വിചാരത്തില്‍ സങ്കട സത്യത്തേയും ലോക ചരാചരങ്ങളുടെ അനിത്യതയേയും കുറിച്ചുള്ള ഈ നൈതിക ദാര്‍ശനിക സമീക്ഷ ഗോതമ ബുദ്ധനില്‍ അനിത്യവാദമായാണ് ഉദയം ചെയ്യുന്നത്. ലോകത്തിന്റെ അനിത്യതയേയും മാറ്റത്തേയും വിചിന്തനം ചെയ്യുന്ന സമുദായവാദം അഥവാ പ്രതീത്യ സമുദായവാദമെന്ന് ഇതറിയപ്പെട്ടു. പ്രബുദ്ധമായ ഈ വാദത്തിനു സമാനമാണ് കോത അഥവാ ഗോതമര്‍ക്കു സമകാലികനായ മഹാവീരനിലൂടെ ആവര്‍ത്തിക്കപ്പെട്ട ജൈനമായ അനേകാന്തവാദം എന്ന സ്യാദ്വാദം.
ഗുരുവിന്റെ സമുദായ സാഹോദര്യഭാവനകള്‍ സമുദയവാദം എന്ന പ്രതീത്യ സമുദ്പാദവാദത്തില്‍ നിന്നു ആധുനികമായും മതേതരമായും വികസിക്കുന്നതാണ്. ബുദ്ധനിലും അശോകരിലും കൂടി വികസിച്ച് ഗുരുവിലും കറുപ്പനിലും സഹോദരനിലും ആശാനിലും മൂലൂരിലും കൂടി തുടരുന്നതാണ് കേരള നവോത്ഥാന ആധുനികത. സഹോദരന്റെ 1934 ല്‍ പ്രസിദ്ധീകൃതമായ പദ്യകൃതികളിലെ ബുദ്ധകാണ്ഡ കവിതകളും പുത്തരുടെ ഈ സമുദയ അനാത്മവാദത്തില്‍ നിന്നും യുക്തിസഹമായി വികസിക്കുന്നു. ജൈനവും ബൗദ്ധവുമായ ശ്രമണ കേന്ദ്രമായിരുന്ന പാലക്കാട്ടെ മാണിക്കപട്ടണത്തെ ജൈനമേട്ടിലെ പ്രാചീന കരിങ്കല്‍ മണ്ഡപത്തിലിരുന്നാണ് ആശാന്‍ വീണപൂവ് എഴുതിയത്. ശ്രമണ ധാരയിലെ മിശ്രത മധ്യകാലത്തുണ്ടായ ഒരപഭ്രംശമാണ്. ആദിയില്‍ ബൗദ്ധമായിരുന്ന പല നാഗരീക ഇടങ്ങളും കലിംഗത്തെ ചന്ദ്രഗിരിയും ഖണ്ഡഗിരിയും പോലെ അശോകനു ശേഷം ഖരവേല കാലത്തോടെ ജൈനരുടെ ഇടമായി മാറുകയുണ്ടായി. തെക്കു ചിതറാലിലും തൃശ്ശൂരുമെല്ലാമിതു നടന്നു.

ബി.ആര്‍. അംബേദ്‌കര്‍

വട്ടങ്ങളും വട്ടംചുറ്റലും
വട്ടന്മാരും കഴുവേറ്റലും

പക്കിക്കോലവും യക്ഷിക്കോലവും പടയണിയിലടക്കം പാതി മായിക്കപ്പെട്ട് മറഞ്ഞു കിടക്കുന്നു. പക്കി ബിംബം പോലെ സിംഹ ബിംബമാണ് ആശാനേയും അശോകരേയും ബന്ധിപ്പിക്കുന്ന മറ്റൊരു നാഗരീക സാരസൂചകം. തണ്ണീര്‍ കുടിച്ചു മരച്ചോട്ടിലേക്കണയുന്ന ഭിക്കു സിംഹരാജനായി കാണപ്പെടുന്നു എന്ന് ആശാന്‍ ഉപമ. ധര്‍മ്മലിപിയില്‍ അസോക എന്നാണ് എഴുതുന്നത്. സന്നതി സ്തൂപത്തിലും രായ അസോക എന്നദ്ദേഹത്തിന്റെ അര്‍ദ്ധ ശില്പത്തിനു കീഴില്‍ രേഖപ്പെടുത്തിയിരിക്കുന്നു. രായമംഗലം എന്ന സ്ഥലനാമം പേരാര്‍ തടത്തിലെ നാഗലശേരി പഞ്ചായത്തിലും പെരിയാര്‍ തടത്തിലെ കോതമംഗലത്തിനു പടിഞ്ഞാറായും ആവര്‍ത്തിക്കുന്നു. പെരിയാര്‍ തടത്തിലെ രായമംഗലം പഞ്ചായത്തിലാണ് അശോക മന്നരുടെ ഊരായ അശമന്നൂരും ബൗദ്ധരെ കഴുവേറ്റിയ അടയാളങ്ങളായ കഴുവേറ്റിക്കല്ലുകളും ഇന്നും അവശേഷിക്കുന്നത്. തിരുവല്ലാഴപ്പന്‍ അമ്പലത്തിനു പടിഞ്ഞാറുള്ള കഴുവേറ്റിക്കല്ലില്‍ വട്ടെഴുത്തില്‍ പത്താം നൂറ്റാണ്ടില്‍ അരങ്ങേറിയ ആയിരത്തിലധികം വരുന്ന കഴുവേറ്റലിന്‍ തീയതി കുറിച്ചിരിക്കുന്നു (പവിത്രന്‍ ടി 2021).

മൂലൂര്‍

അശോക മുദ്രകളും ഛായകളും തരിമ്പുകളും കേരളമണ്ണിലിന്നും ചിതറക്കിടക്കുന്നു (ശേഖര്‍ 2018, 2021). അടിത്തട്ടിലേക്കു നോക്കുന്തോറും ആ നാഗരീക അടിത്തറ തെളിയുന്നു. ആധുനിക കാലത്തെകേരള പുത്തരായി കവിശിഷ്യര്‍ കണ്ട ഗുരു വീണ്ടെടുത്ത നൈതിക സഭ്യതയുടെ ആധാരമാണത്. ആശാനെ പോലെ നാഗരീക സഭ്യതയുടെ ആധാരങ്ങളെ ബോധാബോധഉപബോധങ്ങളിലൂടെ തൊടുന്ന കവികളില്‍ അതു കാവ്യബിംബങ്ങളായി തിളങ്ങുന്നു. അശോകേശ്വരം അമ്പലവും വടക്കേ ചിറയും അതിനു പടിഞ്ഞാറായ ഈഴച്ചെമ്പകവും വടക്കായി തോപ്പും ഇപ്പോഴും തിരു അച്ചനായ പുത്തരുടെ ഊരായ തിരുച്ചൂരില്‍ അറിയപ്പെടാതെ നിലനില്‍ക്കുന്നു. പാറമേക്കാവില്‍ ഇന്നും ഈഴച്ചെമ്പകതറയുണ്ട്. അവര്‍ണരെ പരമ്പരാഗത അവകാശങ്ങളില്‍ നിന്നും പൂര്‍ണമായി ബ്രാഹ്മണ്യ വര്‍ണാശ്രമധര്‍മത്തിലെ നവക്ഷത്രിയരായി കഴിഞ്ഞ ഏതാനും ദശകങ്ങളായി ചമഞ്ഞ ഹൈന്ദവ നിര്‍വാഹകത്വം ഏറ്റെടുത്ത ശൂദ്രര്‍ പടിയടച്ചു മുഴുവനായി പുറന്തള്ളി കഴിഞ്ഞു. അശോകന്‍ പടിക്കിണറായ കൊക്കരണി ഇന്നും വടക്കുന്നാഥനിലുണ്ട്. പടിഞ്ഞാറെ ബലിക്കല്ലില്‍ പ ദ് മാസനത്തിലിരിക്കുന്ന വസ്ത്രധാരിയായ ബോധിസ്വത്വ രൂപം ഇന്നും കാണാം. ശംഖവും ധര്‍മ്മചക്രവും വൈഷ്ണവമാക്കി ഇപ്പോഴും പടിഞ്ഞാറു പുറത്തു കാണാം.

അശോകന്‍ കാളയെ ശൈവമാക്കി വടക്കു പുറത്തു ചെറിയ പഗോഡയില്‍ മാറ്റിയിരിക്കുന്നു. ചൈത്യവാതായന മോട്ടിഫുകളും വ്യാളീമുഖങ്ങളും സിംഹഗജരൂപങ്ങളും പ്രബുദ്ധമായ വാസ്തുശില്പവും ഇന്നും അവശേഷിക്കുന്നു. മിഥുനപ്പള്ളിയും കാച്ചാനപ്പള്ളിയും പള്ളിത്താമവും പിള്ളിവല്‍ക്കരിക്കപ്പെട്ടും നില്‍ക്കുന്നു വടക്കുപുറത്തായി.

കുമാരനാശാന്‍

കാലടികളും കാലടിത്തറകളും പേരാര്‍, പെരിയാര്‍ തടങ്ങളില്‍ ധാരാളം. കരമനയാറിന്‍ കരകളിലും തിരുവനന്തപുരത്തും കാലടികളെന്ന പുത്തപാദമുദ്രകള്‍ ധാരാളം. തമിഴകത്തും കാലടികളും കീഴടികളും ഒരുപാടു ശേഷിക്കുന്നു. കേരളത്തിലെ കാലടികളും തമിഴകത്തെ കീഴടികളും ബുദ്ധപാദമുദ്രയുടെ പേരില്‍ അറിയപ്പെട്ട ഇടങ്ങളാണ്. അശോകരും മക്കള്‍ സംഘമിത്തയും മഹിന്ദനും പുത്തരുടെ കാലടികളെ പിന്‍തുടര്‍ന്നാണ് തമിഴകത്തേക്കും ഈഴത്തേക്കുമെല്ലാം നടന്നും കപ്പലേറിയും വന്നത്. മക്കളെ പിന്‍തുര്‍ന്നു തെക്കോട്ടു വന്ന അശോകരാകട്ടെ ഇന്നത്തെ വടക്കന്‍ കര്‍ണാടകത്തിലെ സന്നതിയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. അദ്ദേഹം ബുദ്ധസ്മരണയില്‍ അവിടെ നിര്‍മിച്ച അധോലോക മഹാചൈത്യം ഇന്ന് കനഗനഹള്ളി അഥവാ കനകപ്പള്ളി എന്നറിയപ്പെടുന്നു. 2021 ഡിസമ്പറില്‍ 2000 കിലോമീറ്ററോളം ഇരുവഴിയുമായി കാറോടിച്ചവിടം സന്ദര്‍ശിച്ചപ്പോള്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ എ. എസ്. ഐ. അധികാരികള്‍ അനുവദിച്ചില്ല. ലോകപൈതൃകത്തെ അവിടെ മൂടിവച്ചിരിക്കുകയാണ് ഭരണകേന്ദ്രങ്ങള്‍. ധര്‍മ്മലിപി ഗ്രാഫിറ്റി പുറത്തു വന്ന കേരളത്തിലെ പട്ടണത്തേയും പ്രാദേശിക, ദേശീയ വരേണ്യര്‍ ഒന്നിച്ച് വെട്ടിമൂടിയിരിക്കുകയാണ്. തമിഴകത്ത് കീഴടിയെ സ്റ്റാലിന്‍ ലോകശ്രദ്ധയിലേക്കു കൊണ്ടുവരുന്നത് കേരളീയരെങ്കിലും കണ്ടറിയണം. സൈന്ധവ നാഗരികതയുമായാണവര്‍ കീഴടിയെ ബന്ധിപ്പിക്കുന്നത്. കാര്‍ണീലിയന്‍ ബീഡുകള്‍ ഇടുക്കിയിലെ ചെല്ലാര്‍കോവിലില്‍ നിന്നു 2020 കാലത്തു കിട്ടിക്കഴിഞ്ഞു. സൈന്ധവവും കാര്‍ണീലിയയുമായാണ് കേരളവും ബന്ധപ്പെട്ടിരിക്കുന്നത്.
(തുടരും)

Author

Scroll to top
Close
Browse Categories