ആശാനും ഗുരുവും കരുണയുടെ അടിയൊഴുക്കും
ആംഗലവും പാലിയും പ്രാകൃതങ്ങളും പഴന്തമിഴുമുള്ള ബഹുജനബഹുഭാഷാനയം തന്നെ ജനത മനസ്സിലാക്കേണ്ടതുണ്ട് എന്നാണ് ആശാന്റെ ചരിത്രദുരനുഭവം വീണ്ടും ഓര്‍മിപ്പിക്കുന്നത്. സംസ്‌കൃതം പഠിച്ചാല്‍ അര്‍ത്ഥം പറയാന്‍ കഴിഞ്ഞേക്കാം. വൈദ്യവും ആംഗലവും പഠിച്ചാല്‍ അര്‍ഥം കിട്ടുന്ന തലത്തിലേക്കുയരാം എന്നു ഗുരു പറഞ്ഞതും മറ്റു ശിഷ്യരേയെല്ലാം ആംഗലവും നിയമവും പഠിപ്പിക്കാന്‍ പണം കൊടുത്തു വിട്ടതും ഓര്‍മിക്കാവുന്നതാണ്.
അഭിമാനികളായ ആ പൂര്‍വചിന്തകന്മാരുടെ അസ്ഥികള്‍ ആ കുളത്തില്‍നിന്നും തോണ്ടിയെടുത്തു പൂജിക്കുവാന്‍മാത്രം അവര്‍ പുണ്യംചെയ്തവരാണ്.
ആശാന്‍,
വടയാര്‍ പ്രസംഗം 1923 (കെ. ആര്‍. നാരായണന്‍)
ചിത്തപൂണമി എന്നു പാലിയെന്ന പ്രാചീന പ്രബുദ്ധമായ ലളിതജനഭാഷയില്‍ പറയുന്ന, സംസ്‌കൃതത്തിലെ ചിത്രാപൗര്‍ണമിയാണ് ബുദ്ധപൂര്‍ണിമയ്ക്കു മുമ്പുള്ള ആശാന്‍ ജന്മദിനവുമായി ബന്ധപ്പെട്ട ആദ്യ പൂമ്പിറ. 2024ല്‍ ഏപ്രില്‍ 23 നാണതു വരുന്നത്. ഗുരു തന്റെ ഗുരുക്കന്മാരായിക്കണ്ട യൂറോപ്യരുടെ ഗ്രിഗോറിയന്‍ സൗരകേന്ദ്രിത കാലഗണനപ്രകാരം 1873 ഏപ്രില്‍ പന്ത്രണ്ടാണ് ആശാന്‍ ജന്മദിനം. സി. ഇ. ഒമ്പതാം നൂറ്റാണ്ടില്‍ മാത്രം തുടങ്ങിയ കൊല്ലവര്‍ഷപ്രകാരം മേടം ഒന്നായ 2024 ഏപ്രില്‍ 14 ആണത്.
ആശാന്റെ കാവ്യജീവിതം സൗരകേന്ദ്രിതമായ കാലഗണനകളെ കടന്ന് പ്രാചീന ബൗദ്ധമായ ചാന്ദ്രചക്രങ്ങളും അരുളാര്‍ന്ന വട്ടങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത് കൂടുതലടുപ്പത്തില്‍ നമുക്കു വായിച്ചറിയാം.
ഇന്നും തമിഴകത്തു നിന്നു മഞ്ഞയുടുത്ത വനിതകള്‍ പ്രാചീന വാണിജ്യ സംസ്‌കാര നടപ്പാതകളിലൂടെ കുംഭം എന്ന കുമ്പം അഥവാ കമ്പം താഴ്‌വരതാണ്ടി മേക്കുതുടര്‍ച്ചി മലകയറി കുമിളാകൃതിയുള്ള വട്ടം അഥവാ സ്തൂപമുണ്ടായിരുന്ന കുമിളി ചുരം നടന്നുകേറിവന്ന് ബോധിമലനിരകളുടെ തെക്കുള്ള അന്‍പരശന്‍ മുടിയുടെ തെക്കായി പള്ളികൊള്ളുന്ന കുമിള പോലത്തെ വട്ടം അഥവാ ബുദ്ധസ്തൂപമുണ്ടായിരുന്ന കുമളിയിലെ വണ്ണാത്തിപ്പാറയിലെ മംഗളാദേവിയെന്ന മഹാമായാദേവിയുടെ, പില്‍ക്കാല താരയുടെ കോവിലില്‍ വന്നുവണങ്ങുന്നു ചിത്രാപൗര്‍ണമി ദിനത്തില്‍. മഹാമംഗളയായ മഹാമായയുടെ അഥവാ പില്‍ക്കാല താരയുടെ പൂര്‍ണിമയായും കൂടിയായാണ് ചിത്രാപൗര്‍ണമി എന്ന ചിത്തപൂണിമ ആഘോഷിക്കപ്പെടുന്നത്. ഗുരു തന്‍ വിദ്യാദേവതയായിക്കണ്ട ശാരദാപ്രതിഷ്ഠ നടത്തിയത് ചൈത്രമാസത്തിലെ പൂര്‍ണിമയിലാണ്. അട്ടകോണുകളില്‍ തികച്ചും ബൗദ്ധമായ ഒരു പഗോഡയില്‍ ശ്രമണമായ പ്രതിഷ്ഠാപനരീതിയിലാണതു 1912 മെയ് ഒന്നിന് സാക്ഷാല്‍ക്കരിച്ചത്.
അടുത്ത പൗര്‍ണമി പുത്തരുടെ അഥവാ ചമക്രിതത്തില്‍ ബുദ്ധരുടെ ജനനപരിനിബാണ ബോധോദയങ്ങളൊത്ത ബുദ്ധപൂര്‍ണിമയാണ്. വൈശാഖപൗര്‍ണമിയെന്ന സഹോദരകവിതയിവിടെ പാഠാന്തരമാകുന്നു. കാലചക്രപരമായി തന്നെ ജനനത്തിലൂടെ ആശാന്‍ പുത്തരും മാതാവ് മഹാമായയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഇളങ്കോയുടെ നായിക കണ്ണകി മദുരൈമാനഗരം എരിച്ച് വൈഗാതീരത്തുകൂടി മേക്കു (പടിഞ്ഞാട്ട്) കയറി മംഗളമാഡന്‍തായി കോട്ടത്തിലെത്തി പുത്തപോതിനിയായ ഭിക്കുനിയായി എന്നാണ് അവര്‍ണ ജനത ഓര്‍ക്കുന്ന ചരിത്രം. ഇളങ്കോയും ചാത്തനാരും വള്ളുവകവിയും നടന്ന ലോകോത്തര നൈതിക നാഗരീക വഴികളിലൂടെയാണ് ആശാനും ഗുരുവും സഹോദരനും മൂലൂരും കറുപ്പനും നടന്നതെന്നു വ്യക്തമാകുന്ന മറ്റൊരു സന്ദര്‍ഭമാണിത്.
കാനോനീകരണത്തിന്‍
രാഷ്‌ട്രീയവും കൗടില്യബുദ്ധിയും
ആശാനെ മാത്രമാണ് സവര്‍ണത പരമ്പരാഗതമായി കവിയായി കാനോനീകരിച്ചു പോന്നത്. അടുത്തകാലത്ത് ഗുരുവിനേക്കൂടി കവിയായംഗീകരിച്ചു. മൂലൂരാണ് പത്തൊമ്പതാം നൂറ്റാണ്ടിലതാവശ്യപ്പെട്ടു പോരാടിയത്. ഗുരുവിനെ ഭക്തകവിയും സ്‌തോത്രവിഗ്രഹവും ദൈവവുമാക്കിയാണ് സവര്‍ണതയെന്ന മലയാളികുലീനതയുടെ ക്ഷുദ്രതയും അവരുടെ അപ്ഫന്‍മാരും കൂടി ഗോബ്രാഹ്മണേഭ്യ ശുഭമസ്തുനിത്യം ലോകാസമസ്താ സുഖിനോഭവന്തുവെന്ന സുന്ദരചാണക്യനയം നടപ്പാക്കി ജനകീയ ജനായത്ത കാവ്യധാരയിലെ സഹോദരനേയും മൂലൂരിനേയും പ്രത്യേകിച്ചും മായിക്കാനായി പണിപ്പെട്ടത്. ആശാനെ ആസ്ഥാന പീഠപുരുഷനായി വാഴിച്ചതിന്റെ രാഷ്ട്രീയം വ്യക്തമാണല്ലോ.
ഗുരുവിനേയും മൂലൂരിനേയും സഹോദരനേയും ഇകഴ്ത്തുകയും മായിക്കുകയുമായിരുന്നു ജാതിഹിന്ദുനയം. പ്രബുദ്ധപാരമ്പര്യങ്ങളേറെയുണ്ടായിരുന്ന പത്തൊമ്പതാം നൂറ്റാണ്ടില്‍ വെളുത്തേരിയേയും പെരുനെല്ലിയേയും തമസ്‌കരിച്ചും അരുംകൊലനടത്തിയുമാണ് മലയാളി സാഹിത്യത്തമ്പുരാക്കന്മാരെല്ലാം പീഠം കയറിയതെന്ന ചരിത്രവുമിരിക്കെയാണീ അത്യാചാരം.
മൂലൂരിന്റെ സാഹിത്യസമരങ്ങളാണിതെല്ലാം ഭാഷയില്‍ അടയാളപ്പെടുത്തുന്നത്. മൂലൂരിനെ സരസകവിയായി ഒതുക്കി സ്മാരകങ്ങള്‍ ഭരിക്കാനും മുടിക്കാനുമാണിന്ന് ജാതിക്ഷുദ്രതയുടെ തിടുക്കം.
ആശാനെ സൌന്ദര്യാത്മകതലത്തില്‍ അമിതമായി വാഴ്ത്തിയും ഗുരുവിനെ ഭക്തിപ്രസ്ഥാനത്തിലൂടെ വിഗ്രഹവല്‍ക്കരിച്ചും ഈ സവര്‍ണ അജണ്ട ചവിട്ടിയുറപ്പിക്കുന്നു. ഗുരുവി ന്റെ ജാതിവിരുദ്ധ മതേതര മാനവിക നൈതികസന്ദേശത്തെ ബഹുജനങ്ങളിലേക്കു കവിതയിലെത്തിച്ച മൂലൂരും കറുപ്പനും സഹോദരനും തമസ്‌കരണ ജാതിഹിന്ദുതന്ത്രത്തിനിരകളാകുന്നു.
അപ്പനെ അപ്ഫനും ഏഭ്യനുമാക്കി നായനമ്പൂരി സംബന്ധ സംസ്‌കാരം കേരളത്തില്‍ കാലത്തെയും മാറ്റത്തേയും തടയുന്ന മൂരിവാഴ്ച്ചയായി ആവര്‍ത്തിക്കുന്നു. പശുമാതാവും കാളപിതാവുമാകുന്ന ഗോദേശീയവാദം ഇതിനവസരമൊരുക്കുന്നു. മൃഗത്തിനു തുല്യനെന്നു ഗുരുപറഞ്ഞ കൊല്ലുന്ന ദൈവങ്ങളുടെ ബ്രാഹ്മണ്യം പറഞ്ഞുള്ള ദുരാചാരമായ അഴുകിയചരടില്‍ കെട്ടിനിര്‍ത്തിയ നമ്പൂരിവാഴ്ച്ചയെക്കുറിച്ചാണല്ലോ ആശാന്റെ മാറ്റുവിന്‍ ചട്ടങ്ങളേയെന്ന വരികളും കാതലായ കവിതയും എഴുത്തും. കാലത്തിന്‍ ചുവരെഴുത്തു കാണാത്തവര്‍ ചവിട്ടടികളിലേക്കു പോകുന്നു.
മാത്രമല്ല ആശാന്റെ മുഖപ്രസംഗങ്ങളും ലേഖനങ്ങളും പൊതുപ്രഭാഷണങ്ങളും ആംഗല ഡയറിയും മൂലൂരിന്റെ ഡയറിപോലെ കേരളചരിത്രരേഖകളുമാണ്. അയ്യങ്കാളിയുമായുള്ള കൂടിക്കാഴ്ച്ചകളും ചര്‍ച്ചകളും ആംഗലഡയറിയിലുണ്ട്. പ്രജാസഭയിലെ നോമിനേഷനുകളും പോരാട്ടങ്ങളും പലഗദ്യലേഖനങ്ങളിലും കുറിപ്പുകളിലും പത്രലേഖനങ്ങളിലും വന്നിട്ടുണ്ട്. പ്രാതിനിധ്യത്തിനും പ്രതിനിധാനത്തിനുമുള്ള പോരാട്ടങ്ങളും മനുഷ്യാവകാശ ജനായത്ത നയരേഖകളും കൂടിയാണവ (പ്രിയദര്‍ശനന്‍ 2002).
ജീവിതപ്പോരാട്ടപരമ്പരകളും
വടയാര്‍ പ്രസംഗവും പരിനിബാണവും
1923 അവസാനത്തിലെ വൈക്കം വടയാര്‍ ഇളംകാവെന്ന പ്രാചീന ഈളംകാവിനടുത്തായുള്ള (വര്‍ത്തമാനകാലത്ത് ഈളമെന്ന സംഘത്തെ ഇളമാക്കി ചുരുക്കി ചരിത്രം മായിക്കുന്നു) പ്രാചീനപ്രബുദ്ധമായ മാറ്റപ്പാടത്തുവച്ചു നടത്തിയ ദളവാക്കുളം ധീരരക്തസാക്ഷികളെ കുറിച്ചുള്ള പ്രസംഗമാണൊരുദാഹരണം. ഓര്‍ത്താല്‍ വീരപുളകമുണ്ടാക്കുന്ന ധീരകൃത്യമാണ് തന്‍രെ പൂര്‍വചിന്തകര്‍ ചെയ്തതെന്നും. ആ ധീരരക്തസാക്ഷികളുടെ അസ്ഥികള്‍ ദളവാക്കുളത്തില്‍ നിന്നുമെടുത്തു പൂജിക്കേണ്ടതാണെന്നുമായിരുന്നു അശാന്റെ പ്രസംഗം.
1914 കാലത്തു തന്നെ മഹാത്മാ അയ്യങ്കാളി തലയോലപ്പറമ്പു, കല്ലറ ഭാഗത്തു വന്നു പുലയരുടെ ധീരകാര്‍ഷിക കലാപങ്ങള്‍ക്കു നേതൃത്വം കോടുത്തിട്ടുണ്ട്. 1922 ലെ തലയോലപ്പറമ്പ് അടിയം സഞ്ചാരസ്വാതന്ത്ര്യസമരത്തിലെ നേതാവായി അറസ്റ്റിലായ യുവധീരനായ പില്‍ക്കാല തിരുക്കൊച്ചി നിയമസഭാസാമാജികനും അന്ന് എസ്.എന്‍.ഡി.പി യോഗത്തിന്റെ അധ്യക്ഷനുമായിരുന്ന ടി. കെ. മാധവശിഷ്യനായ ശ്രീ കെ. ആര്‍. നാരായണനാണതു ടി. കെ. യുടെ ദേശാഭിമാനിയില്‍ 1923ല്‍ രേഖപ്പെടുത്തിയത് (അശോകന്‍ 2018).
ദളവാക്കുളത്തു നിര്‍ഭയരും നിരായുധരുമായി 1806ല്‍ തങ്ങളുടേതായിരുന്ന പനച്ചിക്കല്‍ക്കാവും അന്‍പിനളമായ അമ്പലമെന്ന കാരുണികമായ മഹായാനപ്പള്ളി അഥവാ വിഹാരവും കണ്ടാദരവണക്കത്തിനായി മുന്‍കൂട്ടി പ്രഖ്യാപിച്ചു സമാധാനപരമായി നടന്നുവന്ന 200ലധികം ഈഴവയുവാക്കളെ ആശാന്‍ പൂര്‍വചിന്തകരെന്നും ധീരരെന്നും വിളിക്കുന്നു. മഹാകവിയുടെ സത്യനീതിബോധവും മാനവികതയും ധീരതയുമാണിതു വെളിപ്പെടുത്തുന്നത്. അവരെ വെട്ടിയരിഞ്ഞു കിഴക്കേനടയിലെ കുളത്തില്‍ തള്ളിയ വൈക്കം പപ്പനാവപിള്ളയും കുഞ്ചിക്കുട്ടി പിള്ളയും കുതിരപ്പക്കി നായകനും അടങ്ങുന്ന തിരുവിതാംകൂര്‍ കുതിരപ്പടയെന്ന നായന്മാരുടെ പടയേയും അതിനുത്തരവിട്ട ദളവാ വേലുത്തമ്പിയേയും കുറിച്ചുള്ള നിശിതമായ വിമര്‍ശവും മഹാകവിയുടെ ചരിത്രപ്രസ്താവത്തിലുള്ളടങ്ങുന്നു.
നൈതിക ധീരരായ ദളവാക്കുളം രക്തസാക്ഷി കള്‍ക്കുള്ള ചരിത്രസ്മാരകവും മെമ്മോറിയലും മ്യൂസിയവും കിഴക്കേനടയിലും വൈക്കം പരിസരങ്ങളിലുമായി ഉയരേണ്ടത് ജനായത്ത കേരളത്തില്‍ അനിവാര്യമാണ്. 1924 ജനുവരി 16നു പരിനിബാണമടഞ്ഞില്ലായിരുന്നെങ്കില്‍ ആശാന്‍ മാര്‍ച്ചു മുപ്പതിന് വൈക്കം പോരാട്ടത്തിനെത്തി ഇതുവിളിച്ചു പറഞ്ഞേനേ. കാരണം 1924 ലെ വൈക്കം പോരാട്ടത്തിലേക്കു നയിച്ച ഏറ്റവും പ്രമാദമായ ചരിത്രസംഭവം 1806 ലെ ദളവാക്കുളം പോരാട്ടവും 200ലധികം ഈഴവയുവാക്കളുടെ വംശഹത്യയും അതിനേത്തുടര്‍ന്ന് സംഘക്കാരും പ്രബുദ്ധരുമായിരുന്ന ഈഴവര്‍ക്കെതിരെ ദളവാവേലുത്തമ്പി നേരിട്ടും പിണിയാളുകളായും നടത്തിയ നരമേധങ്ങളും ക്രൂരപീഡനപരമ്പരകളുമായിരുന്നു (ജോസ് 2016, ശേഖര്‍ 2016, 2018).
പരമ്പരാഗത ഹൈന്ദവീകൃത
സംസ്‌കൃത വിദ്യാഭ്യാസവും കാവ്യഭാഷയും
മധ്യകാലത്തോടെ ജാതിഹിന്ദുക്കള്‍ അധിനിവേശം ചെയ്തു ചിട്ടപ്പടിയാക്കിയെടുത്ത ബാല്യയൗവ്വനകാലത്തെ പരമ്പരാഗത സംസ്‌കൃതവിദ്യാഭ്യാസ ഘട്ടത്തില്‍ പ്രത്യേകിച്ചും കിരാതമായ കാളീപൂജയുടേയും നരബലികളുടേയും പോലും ഭൂതകാലക്കുളിരുള്ള കാളീഘട്ടമെന്ന കൊല്‍ക്കൊത്തയിലെ വിദ്യാഭ്യാസകാലത്തും അതിനു തുടര്‍ച്ചയായും ആശാന്‍ ഹൈന്ദവമായ ശ്രുതിസ്മൃതിപുരാണങ്ങളുടേയും ബ്രാഹ്മണികവും വര്‍ണാശ്രമധര്‍മപരവുമായ വൈദികവേദാന്തോപനിഷദിക ചിന്തകളുടേയും ചില സ്വാധീനങ്ങളും സന്ദേശങ്ങളും കവിതയില്‍ പുലര്‍ത്തിയിരുന്നു. മധ്യകാലം മുതല്‍ ബൗദ്ധബഹുജനങ്ങള്‍ ബ്രാഹ്മണിക ഹൈന്ദവഭക്തിപ്രസ്ഥാനങ്ങളുടെ അടിമകളാക്കപ്പെട്ടിരുന്നു. അവരുടെ തുണിയഴിച്ചും തലക്കരവും മുലക്കരവും വാങ്ങിത്തിന്നും ഹൈന്ദവവര്‍ണാശ്രമം ബഹുജനങ്ങളുടെ ചിലവില്‍ തെഴുക്കുകയായിരുന്നല്ലോ. 1803 ലാണ് ചേര്‍ത്തല നങ്ങേലിയുടെ മുലക്കരമവസാനിപ്പിച്ച ധീരമായ രക്തസാക്ഷിത്തം. നങ്ങേലിയേയും ആറാട്ടുപുഴയേയും കുറിച്ചുള്ള ചലച്ചിത്രം ചവറാണെന്നാണ് മല്ലുകുലീനരുടെ പീഠപുരുഷന്മാര്‍ തിട്ടൂരമിറക്കുന്നത്.
മണിപ്രവാളത്തിലൂടെയെല്ലാം കടന്നുവന്ന കാവ്യപാരമ്പര്യത്തിന്റേയും സാഹിത്യമൊഴിവഴക്കങ്ങളുടേയും ഭാഷയുടെ പരമ്പരാഗത ലോകബോധത്തിന്റേയും അധീശ സ്വാധീനവും അബോധപ്രയോഗവുമായി ആശാനിലെ വൈദികവേദാന്തശ്രുതിസ്വാധീനത്തെ യുക്തിയുക്തമായി വിലയിരുത്താം (ശേഖര്‍ 2009 (2007)). ആശാഭരം ശ്രുതിയില്‍ വയ്ക്കുകയെന്നും ശാന്തിയൗപനിഷദോക്തികള്‍ തന്നെ നല്‍കുമെന്നുമെല്ലാം ഈ സംസ്‌കൃതീകൃത ഹൈന്ദവീകൃത അധീശകാലത്തദ്ദേഹം കവിതയിലങ്ങിങ്ങ് സാന്ദര്‍ഭികമായി പരാമര്‍ശിച്ചു പോന്നു. കവികളും എഴുത്തുകാരും സന്ദേഹികളും സത്യനീതികളെ നിരന്തരം അന്വേഷിക്കുകയും ചെയ്യുന്ന മാനസികലോകസഞ്ചാരികളും കൂടിയാണല്ലോ.
1907 ലെ വീണപൂവിനുപസംഹാരമായാണീവരികള്‍ പറയുന്നതെങ്കിലും വീണപൂവിനെ തന്നെ ബൗദ്ധമായ അനിത്യതയുടെ കാവ്യാവിഷ്‌കാരമായും പുതുനോട്ടപ്പാടുകളില്‍ നീതിയുക്തമായി വായിക്കാവുന്നതാണ്. അതേകാലത്തു തന്നെ ഹൈന്ദവമായ ശ്രുതിസ്മൃതിവൈദിക അധീശത്തത്തിനെതിരായ രൂക്ഷവിമര്‍ശം പല കാവ്യസന്ദര്‍ഭങ്ങളിലും കാണാവുന്നതാണ്. സ്മൃതികളാല്‍ കോട്ടകെട്ടി വമ്പാര്‍ന്നനാചാരവാഴ്ച്ച എന്ന വൈദികവര്‍ണാശ്രമ അധര്‍മത്തിന്‍ അധീശത്തം നാട്ടുനടപ്പാക്കുന്ന നമ്പൂരിനായന്‍വാഴ്ച്ചയെക്കുറിച്ചും ആശാന്‍ സ്പഷ്ടമായി വിമര്‍ശപ്രതിനിധാനം ചെയ്തു പോന്നു.
അനിത്യതയുടെ അടിയൊഴുക്കും
ആംഗല വിടുതിയും സംസ്‌കൃതപ്രേമവും
1903-05 കാലത്ത് കൊല്‍ക്കൊത്ത ജീവിതകാലത്തു തന്നെയാണ് എഡ്വിന്‍ ആര്‍നോള്‍ഡിന്റെ ലോകത്തിനു വെളിവായ 1879ലെ ലൈറ്റ് ഓഫ് ഏഷ്യ അദ്ദേഹം വാങ്ങി വായിക്കാന്‍ തുടങ്ങിയതും തുടര്‍ന്ന് 1905 മുതല്‍ സ്വതന്ത്ര കാവ്യമൊഴിമാറ്റത്തിലേക്കു കടക്കുന്നതും (ശേഖര്‍ 2024). ബംഗളൂരും മദ്രാസിലും കൊല്‍ക്കത്തയിലും കിട്ടിയ ഏക വിമോചനവഴി ആംഗലഭാഷയായിരുന്നു. മദ്രാസ് സര്‍വകലാശാലയിലൂടെ ചക്രവര്‍ത്തിയുടെ പട്ടും വളയും കിട്ടിയതും ആംഗലസാമ്രാജ്യകാലത്ത് 1922ലാണ്. ആംഗലപുത്തകലോകം ആശാനു വെളിച്ചമായി. ചമക്രിതം പഠിക്കാന്‍ പലതവണ മാറിമാറി നോക്കിയിട്ടും ജാതിഹിന്ദുക്കളുടെ കിഴിഞ്ഞ തരംതാണ ക്ഷുദ്രപ്പണികളില്‍ തുന്നംപാടി (കഴുവേറ്റല്‍ തന്നെ) സര്‍വകലാശാലാബിരുദം നേടാനായില്ല. നിയമമോ ചരിത്രമോ ആംഗലമോ തത്വചിന്തയോ ശാസ്ത്രമോ പഠിച്ചിരുന്നെങ്ങില്‍ ഡോക്ടറല്‍ ബിരുദം നേടാമായിരുന്നു. ബൗദ്ധപാരമ്പര്യമുള്ള അവര്‍ണരുടെ ചരിത്രാനുഭവങ്ങള്‍ താരതമ്യമര്‍ഹിക്കുന്നു.
അംബേദ്കറും ആദ്യകാലത്ത് ചമക്രിതം പഠിക്കാന്‍ നോക്കിയിരുന്നു. ജാതിവിരുദ്ധ പ്രയോഗത്തിനായിരുന്നു അത്. ലാവണ്യാഭിനിവേശമായിരുന്നില്ല ലക്ഷ്യം. വിമര്‍ശാത്മകമായി ആ ഭാഷയുടെ മര്‍മത്തെ അപനിര്‍മിച്ചു വര്‍ണാശ്രമത്തെ ഭേദിക്കുകയായിരുന്നു ലക്ഷ്യം. ഭാഗ്യവശാല്‍ മധ്യമാര്‍ഗത്തിന്‍ പ്രായോഗികബുദ്ധിയാല്‍ അദ്ദേഹം നിയമവും സമ്പദ് ശാസ്ത്രവുമായി ബന്ധപ്പെട്ട് മുന്നോട്ടുപോയി. ലോകത്തിനു വെളിച്ചമായി. കേരളത്തിലിന്നും പൊതുബോധം സംസ്‌കൃതം വൈദികമായ ആധികാരികമാണെന്നും അവസാനവാക്കാണെന്നുമാണ്. ചമക്രിതശ്ലോകമുദ്ധരിച്ചാല്‍ തികഞ്ഞു. ഇതിനെ പ്രീണിപ്പിക്കുന്ന പല പ്രസംഗകരും ജാതിവര്‍ണവ്യവസ്ഥിതിയുടെ ആ കൃത്രിമ വരേണ്യമായ ഹിംസാത്മകവും ദമനാത്മകവുമായ ഭാഷാരൂപത്തെ പരോക്ഷമായി പാഠബലം പകര്‍ന്നു പുന:സ്ഥാപിക്കാനായി വിയര്‍ക്കുകയാണ്. ബഹുജനങ്ങളെ സംബന്ധിച്ച് ആത്മഹത്യാപരവും കൂടിയാണിത്. പ്രകൃതിസഹമായ പ്രാകൃത ജനജീവല്‍ഭാഷകളിലേക്കു നയിക്കാത്ത ചമക്രിതക്കസര്‍ത്തുകള്‍ തികച്ചും ബ്രാഹ്മണികവും ക്ഷുദ്രവും അധീശത്തപരവുമാകുന്നു. ഗുരുവിനെ ഹൈന്ദവമായി സ്വാംശീകരിക്കാനും സംസ്‌കൃതവല്‍ക്കരണമാതൃകയും രീതിശാസ്ത്രവും മലയാളികുലീനതയും പരമപുരോഹിതപിതാക്കളും ഉപയോഗിക്കുന്നു.
സംസ്‌കൃതമെന്ന ഭാഷയ്ക്കാധികാരികത കൊടുക്കുന്നത് അധീശത്തത്തിനു മാത്രമേ കോപ്പുകൂട്ടൂ. നവദേശീയവിദ്യാഭ്യാസനയത്തിന്റെ ഹിന്ദുത്തകാലത്തു പ്രത്യേകിച്ചും. കാരണം ജാതിവര്‍ണവ്യവസ്ഥയുടേയും വര്‍ണാശ്രമധര്‍മ്മത്തിന്റേയും ബ്രാഹ്മണ്യത്തിന്റേയും ചാണക്യ ഭാഷാപദ്ധതിയാണത്. അതിനു പരോക്ഷമായി ആധികാരികതയും ചാലകതയും കൊടുക്കുന്നതൊന്നും അവര്‍ണര്‍ക്കും ജാതിബാഹ്യര്‍ക്കും ബഹുജനങ്ങള്‍ക്കും ഹിതകരമാകില്ല. ആംഗലവും പാലിയും പ്രാകൃതങ്ങളും പഴന്തമിഴുമുള്ള ബഹുജനബഹുഭാഷാനയം തന്നെ ജനത മനസ്സിലാക്കേണ്ടതുണ്ട് എന്നാണ് ആശാന്റെ ചരിത്രദുരനുഭവം വീണ്ടും ഓര്‍മിപ്പിക്കുന്നത്. സംസ്‌കൃതം പഠിച്ചാല്‍ അര്‍ത്ഥം പറയാന്‍ കഴിഞ്ഞേക്കാം. വൈദ്യവും ആംഗലവും പഠിച്ചാല്‍ അര്‍ഥം കിട്ടുന്ന തലത്തിലേക്കുയരാം എന്നു ഗുരു പറഞ്ഞതും മറ്റു ശിഷ്യരേയെല്ലാം ആംഗലവും നിയമവും പഠിപ്പിക്കാന്‍ പണം കൊടുത്തു വിട്ടതും ഓര്‍മിക്കാവുന്നതാണ്. സഹോദരനും സി. കേശവനുമെല്ലാം ഉദാഹരണങ്ങളാണ്.
തൊട്ടുകൂടാത്തവരുടെ
പ്രബുദ്ധതയെ തിരിച്ചറിയുന്നു
അമ്പതുവയസിനടുത്തായി നടത്തിയ രചനകളിലാണ് ആശാന്‍ യഥാര്‍ഥ ഇന്ത്യന്‍ പാരമ്പര്യമായ അശോകന്‍ പ്രബുദ്ധതയെ തിരിച്ചറിയുന്നത്. ആശാന്റെ അവസാനകാലത്തെ ഏറ്റവും പക്വമായ രചനകളെല്ലാം ബുദ്ധസംസ്‌കാരചരിത്രവുമായി ബന്ധപ്പെട്ടതാണ്. ‘ചണ്ഡാലഭിക്ഷുകി’, ‘കരുണ’, ‘ശ്രീബുദ്ധചരിതത്തിന്‍ അപൂര്‍ണമായ ഭാഗങ്ങള്‍’ എന്നിവ 1922 മുതല്‍ 1924 ജനുവരി 15 വരെയുള്ള കാലത്താണ് പ്രസിദ്ധീകരണത്തിലേക്കും പൂര്‍ത്തീകരണത്തിലേക്കും വന്നത് (ശേഖര്‍ 2022). കരുണയിലെ അറംപറ്റിയ കുപ്പിയിലിട്ട പരല്‍മീന്‍പോലെ അപ്പോഴേക്കും 51-ാം വയസ്സില്‍ അകാലത്ത് അദ്ദേഹം പല്ലനയാറ്റില്‍ വച്ചു നടന്ന റെഡീമര്‍ ബോട്ട് ദുരന്തത്തില്‍ പരിനിബാണം പ്രാപിച്ചു.
ഗുരുവിനെ പരമ്പരാഗത വിദ്യാഭ്യാസകാലത്തെഴുതിയ സ്‌തോത്രകൃതികള്‍ വച്ച് ഹൈന്ദവസന്യാസിയായി വിലയിരുത്താനാവില്ല എന്ന പോലെ ആശാനേയും 1922 നുമുമ്പ് അമ്പതുവയസ്സുപോലും തികയാത്ത കാലത്തെഴുതിയ പല സ്‌തോത്ര, പ്രണയകവിതകളും വച്ചും പത്രലേഖനങ്ങള്‍ വച്ചും ഹൈന്ദവാഭിമുഖ്യക്കാരനായി വിലയിരുത്താനുമാവില്ല. മതപരിവര്‍ത്തനരസവാദവും ഈ ഗണത്തില്‍ വരുന്നു.
മതത്തെ വ്യക്തികാര്യമാക്കുക, ജാതിയെ നശിപ്പിക്കുക, പരിപൂര്‍ണമായ മതസ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടുക്കുക എന്നതായിരുന്നു ഗുരുവിന്റെ ലോകോത്തരമായ നിലപാട്. സ്‌തോത്രകൃതികളെഴുതിയ ആള്‍ ഇപ്പോഴില്ല, എന്നേ പോയി എന്ന് ഗുരുതന്നെ പറഞ്ഞിട്ടുണ്ട്. മാത്രമല്ല ഇരുപതാം നൂറ്റാണ്ടിലെ ജനപ്രിയ ഹൈന്ദവദേവരൂപങ്ങളായ ശിവനും വിഷ്ണുവും ദേവിയും മുരുകനും അയ്യപ്പനും കണ്ണനുമെല്ലാം മഹായാന, വജ്രയാന ബൗദ്ധമതധാരകളിലെ ജനകീയമായ ബോധിസ്വത്വരൂപങ്ങളുടെ വംശാവലിയില്‍ വരുന്നതുമാണ് (ശേഖര്‍ 2016, 2018). ആശാന്‍ ഹിന്ദുമതത്തെ ഉറപ്പിച്ച ഹൈന്ദവാഭിമുഖ്യക്കാരനായിരുന്നു എന്നുള്ള അന്തിമ വിലയിരുത്തലുകള്‍ ഭാഗീകവും അദ്ദേഹത്തിന്റെ കാതലായ പക്വകാവ്യങ്ങളേയും സംസ്‌കാരചരിത്ര പ്രമേയങ്ങളേയും അശോകന്‍ ബിംബാവലികളേയും അടയാളങ്ങളേയും കാണാതെ നടത്തുന്നതുമാണ്. മലയാളികുലീനമായ രാഷ്ട്രീയോദ്ദേശങ്ങളും ഫലങ്ങളുമാണിത്തരം പാദജഹൈന്ദവാശാന്മാരുടെ പരിമിതവായനകളില്‍ പരുങ്ങുന്നത്.
ആശാനെ ശ്രുതിയുടെ വൈദികവേദാന്തത്തിലേക്കു ചുരുക്കുന്നതും കവിയോടും കവിതയോടും എഴുത്തിന്‍ ബഹുസ്വരജനായത്ത സാധ്യതകളോടും നീതിചെയ്യലാവില്ല. 2024 ജനുവരി 31 ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് കേരള സാഹിത്യ അക്കാദമിയുടെ സാര്‍വദേശീയ സാഹിത്യോല്‍സവത്തില്‍ കരുണയുടെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ടു നടത്തിയ പ്രഭാഷണത്തിലും കരുണയുടെബൗദ്ധമായ വായനയിലും ഭാഗീകമായി ആശാനെ വേദാന്തഭാഷ്യക്കാരനായി ചുരുക്കുന്ന വാദങ്ങളുണ്ട് (യുട്യൂബിൽ കവിയുടെ പ്രഭാഷണം ലഭ്യമാണ്)
(തുടരും)