കോണ്‍ഗ്രസിൽ സമവാക്യങ്ങൾ മാറുമ്പോൾ
ചുവപ്പ്നാട ബ്യൂറോക്രസിയുടെ ക്രോസ്ബെല്‍റ്റാണെന്ന് തിരിച്ചറിഞ്ഞ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. അതു പൊളിക്കാന്‍ അദ്ദേഹം വഴി തേടി. അതായിരുന്നു ജനസമ്പര്‍ക്ക പരിപാടി. സര്‍ക്കാര്‍ ഓഫീസുകള്‍ ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങള്‍ക്ക് വില്ലേജ് ഓഫീസില്‍ പോലും ചെല്ലാനാവുന്നില്ല. ജനങ്ങള്‍ നേരിട്ട അവഗണനയ്ക്കുള്ള ഉമ്മന്‍ചാണ്ടിയന്‍ ഉത്തരമായിരുന്നു ജനസമ്പര്‍ക്ക പരിപാടി
ഉമ്മന്‍ചാണ്ടിയുടെ ശവസംസ്‌കാര ചടങ്ങില്‍ കേരളം കാണിച്ച അത്യപൂര്‍വമായ ആദരവും സ്നേഹവായ്പും കോണ്‍ഗ്രസുകാരെ വരെ അത്ഭുതപ്പെടുത്തി. ഒഴുകിയെത്തിയ സ്നേഹവായ്പിന്റെ മുന്നില്‍ നിന്ന് പല കോണ്‍ഗ്രസുകാരും സ്വയം ചോദിച്ചു ”കോണ്‍ഗ്രസിന് ഉമ്മന്‍ചാണ്ടി ആരായിരുന്നു.” ഇത് അപൂര്‍വമായ ഒരു അന്വേഷണം കൂടിയായിരുന്നു. ഈ ആരായയില്‍ നിന്ന് ഉയര്‍ന്നു വന്ന പുതിയ ചോദ്യമാണ് ഉമ്മന്‍ചാണ്ടിയുടെ അസാന്നിദ്ധ്യം കോണ്‍ഗ്രസിനെ എങ്ങിനെ ബാധിക്കും എന്നത്.
കോണ്‍ഗ്രസ് എന്നത് അനവധി ഗ്രൂപ്പുകളുടെ കൂട്ടായ്മയാണ്. അതിന്റെ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനമാണ് കോണ്‍ഗ്രസിനെ മുന്നോട്ട് നയിക്കുന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വം ആര്? ഉമ്മന്‍ചാണ്ടി ഉണ്ടായിരുന്നപ്പോള്‍ അതിനുള്ള ഉത്തരം ഉമ്മന്‍ചാണ്ടി എന്നതാണ്.
ചാരക്കേസിന്റെ കാലത്താണ് ആന്റണി ഗ്രൂപ്പ് ശക്തി പ്രാപിച്ചത്. 14 ജില്ലകളിലും ഉമ്മന്‍ചാണ്ടി ഗ്രൂപ്പ് സമ്മേളനങ്ങള്‍ വിളിച്ചു. അന്ന് മുതല്‍ സുഖമില്ലാതാകുന്നതുവരെ ‘എ’ഗ്രൂപ്പിന്റെ രക്തവും മജ്ജയും ഉമ്മന്‍ചാണ്ടിയായിരുന്നു.
ഉമ്മന്‍ചാണ്ടി അസുഖബാധിതനായി മാറിയപ്പോള്‍ ‘എ’ഗ്രൂപ്പിനെ നയിക്കാന്‍ ആളില്ലാതായി. കോണ്‍ഗ്രസിലെ ഒരു പ്രബലമായ ഗ്രൂപ്പിന്റെ അപ്രത്യക്ഷമാകല്‍ ആരംഭിച്ചു. ഇപ്പോള്‍ കോണ്‍ഗ്രസില്‍ ‘എ’ ഗ്രൂപ്പുണ്ടോ? ഉത്തരമില്ലാ ചോദ്യമായി അത് തുടരുകയാണ്.
കുറച്ച് നാള്‍ മുമ്പ് ഈ നേതൃത്വ അനാഥത്വത്തിന്റെ പ്രതിഫലനം കോണ്‍ഗ്രസില്‍ മുഴങ്ങിയത് ഭാവി മുഖ്യമന്ത്രിയുടെ കോട്ട് വിവാദവുമായി ബന്ധപ്പെട്ടായിരുന്നു. മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാന്‍ തെരഞ്ഞെടുപ്പ് നടക്കുകയോ നടക്കാന്‍ പോവുകയോ ചെയ്തിരുന്നില്ല. അപ്രസക്തമായ മുഹൂര്‍ത്തത്തില്‍ മുഖ്യമന്ത്രി ചര്‍ച്ച വിളഞ്ഞ് പാകമായി.
കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ശശിതരൂര്‍ എം.പി. കേരളത്തിലെ ചില വിഷയങ്ങളില്‍ സജീവ സാന്നിദ്ധ്യമായി. മുസ്ലീം ലീഗിന്റെയും നായര്‍ സൊസൈറ്റിയുടെയും കത്തോലിക്ക സഭയുടെയും ഏതാനും മീറ്റിംഗുകളില്‍ ശശിതരൂര്‍ പങ്കെടുത്തതോടുകൂടി അദ്ദേഹം കേരളത്തിലേക്ക് വന്ന് മുഖ്യമന്ത്രി ആയേക്കും എന്ന നിലയില്‍ കോണ്‍ഗ്രസിന് അകത്തു നിന്ന് ചര്‍ച്ചകള്‍ മുളപൊട്ടി. അപ്പോള്‍ അത് മുഖ്യമന്ത്രി മോഹം പിടികൂടിയ നേതാക്കളുടെ ഉറക്കം കെടുത്തി. അവര്‍ പറഞ്ഞത് ”ശശിതരൂര്‍ ഒരു ബലൂണാണ്. ഒരുസൂചിക്ക് കുത്തിയാല്‍ അത് പൊട്ടിപ്പോകും’. ഉള്ളില്‍ ഒളിപ്പിച്ച ആഗ്രഹങ്ങള്‍ അവരെ തുറന്നു കാട്ടി. അവരെന്താണ് എന്ന് കോണ്‍ഗ്രസ്സുകാരും പൊതുജനങ്ങളും തിരിച്ചറിഞ്ഞു. അങ്ങിനെ ആര് മുഖ്യമന്ത്രിയാകും എന്ന സ്വപ്ന ചര്‍ച്ച കൊഴുത്തു. രമേശ് ചെന്നിത്തല, വി.ഡി. സതീശന്‍, ഡോക്ടര്‍ ശശിതരൂര്‍, കെ.സി. വേണുഗോപാല്‍ – ഈ പേരുകള്‍ വലിയ അസന്തുലിതാവസ്ഥകള്‍ പ്രതിഫലിപ്പിച്ചു. അടുത്ത മുഖ്യമന്ത്രി ഒരു നായര്‍ മുഖ്യമന്ത്രിയായിരിക്കും. സമുദായ സന്തുലിതാവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസിന് അതൊരു പ്രഹരമായി മാറി. കെ. സുധാകരന്റെ പേരോ, കെ. മുരളീധരന്റെ പേരോ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ആരും പൊക്കിക്കൊണ്ടു വന്നില്ല. ഉമ്മന്‍ചാണ്ടിയുടെ അസാന്നിദ്ധ്യത്തില്‍ ഒരു ക്രൈസ്തവ നേതാവ് കോണ്‍ഗ്രസിന് ഇല്ല എന്ന കാര്യം മുഴച്ചു വന്നു.
കോണ്‍ഗ്രസ് വിജയത്തിന്റെ അന്തര്‍ധാര
കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിയുടെ വിജയം കേരളത്തിലെ ബഹുസ്വര രാഷ്ട്രീയത്തിന്റെ കൂടി വിജയമായിരുന്നു. എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിക്കുകയും അവരുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തുകയും ചെയ്യുന്ന ഒരു ബാലന്‍സിംഗ് സംവിധാനം കോണ്‍ഗ്രസിനുണ്ടായിരുന്നു. നാല് പ്രബല സമുദായങ്ങളുടെ വോട്ട് കോണ്‍ഗ്രസിന്റെ വിജയമന്ത്രമായിരുന്നു. നായര്‍ സമുദായം, ക്രൈസ്തവ സമുദായം, ഈഴവ സമുദായം, മുസ്ലീം സമുദായം- ഇതിനൊപ്പം ദളിത് സമുദായങ്ങളും ചേരുമ്പോള്‍ കോണ്‍ഗ്രസിന്റെ വിജയഫോര്‍മുല പ്രവര്‍ത്തനനിരതമായി.
ഈ ബഹുസ്വര സമുദായവോട്ടുകള്‍ ഒഴുകിയെത്തിയ കാലത്തെല്ലാം കോണ്‍ഗ്രസ് വിജയിച്ചിരുന്നു. കെ.കരുണാകരനും ഉമ്മന്‍ചാണ്ടിയും കെ.എം. മാണിയും കുഞ്ഞാലിക്കുട്ടിയും ടി.എം. ജേക്കബും ഒക്കെ ചേര്‍ന്ന് ആ സമുദായസംഗമത്തെ ശക്തിപ്പെടുത്തി നിറുത്തിയിരുന്നു. ഇത് പതുക്കെ പതുക്കെ തകര്‍ന്ന കാലമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലം. ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ താക്കോല്‍ സ്ഥാനത്തില്ലായിരുന്നു. കെ.എം. മാണിയുടെ കേരള കോണ്‍ഗ്രസും മുന്നണി വിട്ടു പോയിരുന്നു.
ക്രൈസ്തവ വോട്ടുകള്‍ കോണ്‍ഗ്രസ്സിനൊപ്പം ഫെവിക്കോള്‍ വെച്ച് ഒട്ടിച്ച് നിറുത്തിയ കാലം അസ്തമിച്ചു. അതിന്റെ ഒരു ചെറിയ ഭാഗം സി.പി.എം. ചുരണ്ടിക്കൊണ്ടു പോയി. കോണ്‍ഗ്രസിന് തോല്‍ക്കാന്‍ അത് ധാരാളമായിരുന്നു. മറ്റ് പല കാരണങ്ങളും ഇടതുമുന്നണി വിജയത്തിന് കാരണമായെങ്കിലും ഈ അടിയൊഴുക്ക് അളക്കാന്‍ ആര്‍ക്കുമായില്ല.
ഈഴവര്‍ കോണ്‍ഗ്രസ്സില്‍
അന്യവത്കരിക്കുന്നു.
ആര്‍. ശങ്കറിനു ശേഷം ഒരു പ്രബലനായ നേതാവ് കോണ്‍ഗ്രസ്സിനെ നയിക്കാന്‍ ഇല്ലാതെ പോയി ഇപ്പോള്‍ കെ. സുധാകരന്‍ കോണ്‍ഗ്രസ്സിന്റെ അദ്ധ്യക്ഷനാണ്. പക്ഷെ ഈഴവ സമുദായത്തെ സ്വാധീനിക്കാന്‍ അദ്ദേഹത്തിന്റെ കൈയ്യില്‍ ഒന്നുമില്ല. ഈഴവ സമുദായത്തില്‍ നിന്നുള്ള നേതാക്കള്‍ക്ക് കോണ്‍ഗ്രസ്സില്‍ ഒരു ഡെന്‍സിറ്റിയും ഇല്ലാത്ത സ്ഥിതിയായി. പാര്‍ട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് സുധാകരനുണ്ടെങ്കിലും താഴെ തട്ടില്‍ ഈഴവര്‍ക്ക് പ്രാമുഖ്യമുള്ള പാര്‍ട്ടിയാണ് എന്ന തോന്നല്‍ കോണ്‍ഗ്രസിന് നഷ്ടമായി. തെരഞ്ഞെടുപ്പ് കാലത്ത് മത്സരിക്കുകയും ജയിക്കുകയും ചെയ്യുന്ന നേതാക്കളില്‍ ഈഴവരുടെ എണ്ണം വിരലില്‍ എണ്ണാവുന്നവരായി ചുരുങ്ങി.
ക്രൈസ്തവര്‍ക്കും സ്വത്വ പ്രതിസന്ധി
ഈഴവരുടെ സ്വാധീനം കോണ്‍ഗ്രസ്സില്‍ കുറഞ്ഞുവരുന്നതു പോലെ തന്നെ ക്രൈസ്തവര്‍ക്കും ഒരു സ്വത്വ പ്രതിസന്ധി ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ വേര്‍പാട് ആ സ്വത്വപ്രതിസന്ധിയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നു. സമുദായ സന്തുലനം കൊണ്ട് പിടിച്ചു നില്‍ക്കുന്ന ഒരു പാര്‍ട്ടിക്ക് നേരിടേണ്ടി വരുന്ന പ്രശ്നമാണിത്. ക്രൈസ്തവര്‍ക്ക് വിശ്വസിക്കാന്‍ പറ്റുന്ന ഒരു ടവറിംഗ് പേഴ്സണാലിറ്റി ഇനി കോണ്‍ഗ്രസ്സില്‍ ഇല്ല. നേരത്തെ ഉമ്മന്‍ചാണ്ടി എല്ലാത്തിനെയും ഉള്‍ക്കൊള്ളാന്‍ പറ്റുന്ന ഗോപുരമായി അവിടെയുണ്ടായിരുന്നു. കുഞ്ഞൂഞ്ഞും കുഞ്ഞുമാണിയും കുഞ്ഞാലിക്കുട്ടിയും ഒരു ത്രയമായിരുന്നു. യുഡിഎഫ് മുന്നണിയുടെ അതിശക്തമായ ബൈന്‍ഡിംഗ് ഫോഴ്സായിരുന്നു അവര്‍. അതിലിന്ന് അവശേഷിക്കുന്നത് കുഞ്ഞാലിക്കുട്ടി മാത്രമാണ്.
ക്രൈസ്തവര്‍ അതിനാല്‍ സംശയ മുനമ്പിലാണ്. ഒരു സംശയപാതയിലൂടെയുള്ള സഞ്ചാരമാണ് അരമനകളിലേയ്ക്ക് ബിജെപി നേതാക്കളുടെ തീര്‍ത്ഥയാത്രയ്ക്ക് വഴിയൊരുക്കിയത്. മുന്നൂറ് രൂപ റബറിന് തന്നാല്‍ ബിജെപിയ്ക്ക് ഒരു എം.പി.യെ തരാം എന്ന പാംപ്ലാനി പിതാവിന്റെ വാഗ് ദാനം വന്ന വഴിയും ഡൗവുട്ടിംഗ് തോമയുടെ കാല്‍മുദ്രകളിലൂടെ തന്നെയാണ്. ക്രൈസ്തവ സമൂഹം രാഷ്ട്രീയ വിശ്വാസ തകര്‍ച്ചയിലാണ്.
മുസ്ലീം സമുദായം കോണ്‍ഗ്രസ്സുമായി ബന്ധം പുലര്‍ത്തുന്നത് എം.എം. ഹസനെ പോലുള്ള നേതാക്കളിലൂടെയല്ല. ആര്യാടന്‍ മുഹമ്മദിനെ പോലുള്ള നേതാക്കള്‍ ഉണ്ടായിരുന്നപ്പോഴും ആ സമുദായം അവരെ മുഖവിലക്കെടുത്തിരുന്നില്ല.
കോണ്‍ഗ്രസ്സും മുസ്ലീം സമുദായവുമായുള്ള ബന്ധത്തിന്റെ ഇടനില മുസ്ലീം ലീഗ് എന്ന പാര്‍ട്ടിയായിരുന്നു. മുസ്ലീം ലീഗ് ചത്ത കുതിരയാണെന്ന് നെഹ്റു പറഞ്ഞിരുന്നെങ്കിലും ഇ.എം.എസിന്റെ ഇടപെടലിന്റെ ഫലമായി സ്വപ്നമുന്നണിയുടെ കാലത്ത് മുസ്ലീംലീഗ് ശക്തി പ്രാപിക്കുകയായിരുന്നു. പിന്നീട് കേരള രാഷ്ട്രീയത്തില്‍ അതിന് നിര്‍ണായക റോള്‍ സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞു.
യു.ഡി.എഫ്. മുന്നണിയില്‍ അത് ശക്തമായ സാന്നിദ്ധ്യ മായി. കോണ്‍ഗ്രസ്സിന്റെ സ്ഥിതി ദുര്‍ബലമാകാന്‍ തുടങ്ങിയപ്പോള്‍, ഒട്ടകത്തിന് ഇടം കൊടുത്ത അതിഥിയുടെ സ്ഥിതിയായി. അത് ക്രമേണ കോണ്‍ഗ്രസിന് മേല്‍ ആധിപത്യം പുലര്‍ത്താന്‍ ആഗ്രഹിച്ചു. ആഗ്രഹം പലകാര്യങ്ങളിലും അവര്‍ പ്രകടമാക്കി. അതിന്റെ വലിയ പ്രതിഫലനമായിരുന്നു അഞ്ചാം മന്ത്രിക്ക് വേണ്ടിയുള്ള അവകാശവാദം. ഇത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വാട്ടര്‍ലൂ ആയി മാറുകയായിരുന്നു. കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത് മുസ്ലീംലീഗാണ് എന്ന ധാരണ പൊതുസമൂഹത്തില്‍ പരന്നു. കേരളം ഭരിക്കാന്‍ കോണ്‍ഗ്രസ്സിനെ ഏല്പിച്ചാല്‍ അത് കേരളം ഭരിക്കാന്‍ മുസ്ലീം ലീഗിനെ ഏല്‍പിക്കുന്നതിന് തുല്യമാണെന്ന് പൊതുസമൂഹം കരുതി. കേരളം ഭരിക്കാനുള്ള ശേഷി മുസ്ലീം ലീഗിനായിട്ടില്ല. അത് തിരിച്ചറിയേണ്ടത് മുസ്ലീം ലീഗ് നേതൃത്വമാണ്. ഈ തിരിച്ചറിവ് മുന്നണിക്കും മുന്നണി നേതൃത്വത്തിനും ഉണ്ടായാല്‍ മാത്രമേ മുന്നണി മുന്നോട്ട് പോവുകയുള്ളു.
ഉമ്മന്‍ ചാണ്ടിയുടെ സാന്നിദ്ധ്യം യുഡിഎഫിന് നല്‍കിയിരുന്ന ആത്മവിശ്വാസം വലുതായിരുന്നു. മുന്നണിയില്‍ എല്ലാവരും പറയുന്നത് കേള്‍ക്കാനും എല്ലാവരെയും പരിഗണിക്കാനും ഒരാളുണ്ട് ഫീല്‍ മറ്റുള്ളവര്‍ക്ക് നല്‍കുകയായിരുന്നു ഉമ്മന്‍ചാണ്ടി. ഒരു പ്രൊട്ടക്ടറുടെ റോളായിരുന്നു അദ്ദേഹത്തിന്റേത്. ആ പാട്രനേജ് അമൂല്യമായിരുന്നു. രക്ഷാധികാരിയുടെ റോള്‍ എറ്റെടുക്കാന്‍ ഇപ്പോള്‍ യുഡിഎഫില്‍ ആളില്ല.
ഉമ്മന്‍ചാണ്ടിയിലെ റെബല്‍
രാഷ്ട്രീയത്തെ സാന്ത്വനത്തിന്റെയും ജനകീയതയുടെയും വഴികളിലേയ്ക്ക് ചാലുകീറിയ ഒരു രാഷ്ട്രീയ പാഠം ഉമ്മന്‍ചാണ്ടി നല്‍കി. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാന്‍ ഭരണകൂട ഉപകരണങ്ങളെ ഉപയോഗിക്കുന്ന ഇക്കാലത്ത് അതില്‍ നിന്ന് വേറിട്ട രാഷ്ട്രീയം കാഴ്ചവെച്ചു. നിര്‍ദയം ശത്രുവിനുമേല്‍ സര്‍ക്കാര്‍ ഏജന്‍സികളെ നിലവിലുള്ള ഭരണകൂടങ്ങള്‍ വേട്ടപ്പട്ടികളെ അഴിച്ചുവിടുന്നു. കേന്ദ്രഏജന്‍സികള്‍, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കേരള വിജിലന്‍സ്, യുഎപിഎ തുടങ്ങിയ സംവിധാനങ്ങള്‍ ശത്രുസംഹാരക്രിയക്കുള്ള ഉപാധികളാണ്. അതില്‍ നിന്ന് വ്യത്യസ്തമായ പാതയാണ് ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്. അദ്ദേഹം ജനങ്ങളുടെഹൃദയവേദനകളെ തിരിച്ചറിഞ്ഞു. സര്‍ക്കാര്‍ ഓഫീസുകള്‍ ദുരന്തമാര്‍ഗ്ഗങ്ങളായി മാറുന്നത് അദ്ദേഹം കണ്ടു. കേരളം തകരുന്നത് ഉദ്യോഗസ്ഥരുടെ നീരാളിപ്പിടുത്തത്തിലാണ് എന്ന വസ്തുത മനസിലാക്കിയ അപൂര്‍വം മുഖ്യമന്ത്രിമാരില്‍ ഒരാളായിരുന്നു ഉമ്മന്‍ചാണ്ടി. കേരളം മുങ്ങുന്നത് രാഷ്ട്രീയ അഴിമതിയില്‍ അല്ല ഉദ്യോഗസ്ഥ അഴിമതിയിലാണ്. ഓരോ ഫയലിലും ഓരോ ജീവിതമിടിക്കുന്നു എന്ന് പറഞ്ഞത് പിണറായി വിജയനാണ്. പക്ഷെ മുഖ്യമന്ത്രിയായ പിണറായി വിജയന്‍ അങ്ങിനെ പലവട്ടം പറഞ്ഞെങ്കിലും ഫയലുകള്‍ കല്ലു കയറ്റി വെച്ച പോലെ അമര്‍ന്നിരിക്കയാണ്. ഫയലിലെ ഓരോ ജീവിതവും ശ്വാസം മുട്ടി മരിക്കുയാണ്.
തിരിച്ചറിവിന്റെ വെളിച്ചമാണ് ഉമ്മന്‍ചാണ്ടിയെ നയിച്ചത്. ബ്യൂറോക്രസി സാധാരണക്കാരന്റെ കഴുത്തില്‍ പിടിമുറുക്കുകയാണ് എന്ന് അദ്ദേഹം മനസ്സിലാക്കി. ചുവപ്പ്നാട ബ്യൂറോക്രസിയുടെ ക്രോസ്ബെല്‍റ്റാണെന്ന് തിരിച്ചറിഞ്ഞ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. അതു പൊളിക്കാന്‍ അദ്ദേഹം വഴി തേടി. അതായിരുന്നു ജനസമ്പര്‍ക്ക പരിപാടി. സര്‍ക്കാര്‍ ഓഫീസുകള്‍ ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങള്‍ക്ക് വില്ലേജ് ഓഫീസില്‍ പോലും ചെല്ലാനാവുന്നില്ല. ജനങ്ങള്‍ നേരിട്ട അവഗണനയ്ക്കുള്ള ഉമ്മന്‍ചാണ്ടിയന്‍ ഉത്തരമായിരുന്നു ജനസമ്പര്‍ക്ക പരിപാടി. അഭൂതപൂര്‍വമായ ജനപങ്കാളിത്തം കൊണ്ട് ആ പരിപാടി എല്ലാവരെയും വിസ്മയിപ്പിച്ചു.
ലക്ഷക്കണക്കിന് ആളുകളുടെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ ഉമ്മന്‍ചാണ്ടി നിന്ന നില്പ് ബ്യൂറോക്രസിയുടെ ഈറ്റില്ലം പൊളിച്ചു. ഒരു ഫയല്‍ ഒരു മേശപ്പുറത്ത് മറ്റൊരു മേശയിലേക്ക് നീങ്ങാന്‍ കൈക്കൂലി കൊടുക്കേണ്ട അവസ്ഥയിലാണ് ഒറ്റയടിക്ക് എല്ലാം തീര്‍പ്പാക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ നില്പ് കാരണമായത്. ബ്യൂറോക്രസിയുടെ ചുവപ്പ്നാട കെണിയെ ഒറ്റയ്ക്ക് പൊളിച്ച ഒരു റെനാലിയസ് കാരക്ടര്‍ അവിടെ നമുക്ക് കാണാം. ബ്യൂറോക്രസിയെ പൊളിച്ച ഒരു പ്രായോഗികത. സര്‍ക്കാര്‍ സംവിധാനത്തെ സോഫ്റ്റായി അട്ടിമറിക്കുന്ന വിമതത്വം അതിലുണ്ട്.
ജനകീയത അടയാളം എല്ലാകാലത്തും ഒന്നുതന്നെയാണ്. ജനകീയ ചൈനയുടെ ചെയര്‍മാനായിരുന്ന മാവോ സേതൂംഗ് പറഞ്ഞിരുന്നു. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ ജലത്തിലെ മത്സ്യത്തെ പോലെയാണ് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കേണ്ടതെന്ന്. ജലവും മത്സ്യവും തമ്മില്‍ വിഭജനമില്ലാത്തതു പോലെ രാഷ്ട്രീയനേതാവും ജനങ്ങളും തമ്മില്‍ വേര്‍തിരിവ് പാടില്ല. അതിന്റെ അവതാരമായി മാറാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞിരുന്നു.
ഉമ്മന്‍ചാണ്ടിയുടെ അസാന്നിദ്ധ്യം ചരട് പൊട്ടിയ പട്ടം പോലെ കോണ്‍ഗ്രസ്സിനെ ചിതറിച്ചു കളഞ്ഞു. ‘ഐ’ ഗ്രൂപ്പോ ‘എ’ ഗ്രൂപ്പോ മൂന്നാം ഗ്രൂപ്പോ എന്നതിന്റ പ്രസക്തികള്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. ഇപ്പോള്‍ ഓരോ നേതാവും സ്വയം ഗ്രൂപ്പായി മാറിക്കഴിഞ്ഞു. അര്‍ദ്ധകേഡര്‍ സ്വഭാവത്തിന് കെ. സുധാകരന്‍ ആഗ്രഹിച്ചത് ശരിയാണ്. പക്ഷെ അതിനു വേണ്ടി ഒന്ന് ഉറച്ചു നിന്നാല്‍ സുധാകരന്റെ കൂടെ ആളില്ലാതാവും. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പോട് കൂടി കോണ്‍ഗ്രസ്സിന്റെ പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍ രൂപപ്പെടുമെന്ന് പ്രതീക്ഷിക്കാം. ഇപ്പോള്‍ ഉണ്ടായിരുന്ന ഗ്രൂപ്പുകളെല്ലാം ഉരുകി ആവിയായി മാറിക്കഴിഞ്ഞു. അതിന്റെ സ്ഥാനത്ത് പുതിയ സമവാക്യങ്ങള്‍ ഉണ്ടാവണം.
വിവിധ സമുദായ വോട്ട് ധാരകള്‍ കോണ്‍ഗ്രസ്സില്‍ സംഗമിച്ചാല്‍ മാത്രമേ അതിന് വിജയം വരിക്കാന്‍ കഴിയുകയുള്ളു. സ്വയം നാശം വിതച്ച് ഇടതുമുന്നണി കോണ്‍ഗ്രസിന് ഭരണത്തിലേക്ക് വഴിയൊരുക്കുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്നാല്‍ മൂന്നാമൂഴത്തിന്റെ മണിമുഴങ്ങാന്‍ സാധ്യതയുണ്ട്. വിജയത്തിന് കുറുക്കു വഴികളില്ല. കഠിനാദ്ധ്വാനത്തിലൂടെ എതിരാളികളുടെ വീഴ്ചകളെ തങ്ങളുടെ വിജയത്തിനുള്ള ചവിട്ടുപടികളായി കാണുന്നവര്‍ക്കാണ് രാഷ്ട്രീയത്തില്‍ വിജയാഹ്‌ളാദങ്ങള്‍ക്ക് പൊതുവേദി പണിയാന്‍ കഴിയൂ. ഉമ്മന്‍ചാണ്ടി ഒരു പ്രതീകവും പ്രസ്ഥാനവുമായി കോണ്‍ഗ്രസിന് മുന്നില്‍ നില്‍ക്കുന്നത് ഇത്തരം രാഷ്ട്രീയ തിരിച്ചറിവുകളുടെയും പാഠഭാഗങ്ങളുടെയും രൂപമായിട്ടാണ്.