ആര്‍ട്ടിസ്റ്റ് ഗോപാലന്‍; വരയുടെ മായാമുദ്രകള്‍
സംഭവബഹുലമായിരുന്നു, ജനയുഗം കാലം. പത്രം, വാരിക, സിനിമ, നോവല്‍ പതിപ്പ് തുടങ്ങിയ എല്ലാ പ്രസിദ്ധീകരണങ്ങളിലും വരയ്ക്കുകയും തലക്കെട്ടുകള്‍ തയ്യാറാക്കുകയും ചെയ്തു. പ്രത്യേക ശൈലിയില്‍ തലക്കെട്ടുകള്‍ എഴുതുന്ന രീതിയായ കലിഗ്രഫി കേരളത്തില്‍ ശ്രദ്ധേയമാക്കിയത് ആര്‍ട്ടിസ്റ്റ് ഗോപാലനായിരുന്നു. ഇന്നും വ്യതിരിക്തമായ സൗന്ദര്യമുള്ള ആയിരക്കണക്കിനു തലക്കെട്ടുകള്‍,അസംഖ്യം ചിത്രങ്ങള്‍…..തിരുവനന്തപുരത്ത് വിശ്രമജീവിതം നയിക്കുന്ന ആര്‍ട്ടിസ്റ്റ് ഗോപാലന്‍ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുകയാണ്.
ജനയുഗം പ്രസിദ്ധീകരണങ്ങള്‍ ഏറെ ജനപ്രിയമായിരുന്ന കാലത്ത് മലയാളിയുടെ മനസില്‍ പതിഞ്ഞ പേരാണിത്-ആര്‍ട്ടിസ്റ്റ് ഗോപാലന്‍. അദ്ദേഹത്തിന്റെ ഒരു രേഖാചിത്രമോ, തലക്കെട്ടിലെ അക്ഷരങ്ങളോ കണ്ടാല്‍, പലതലമുറകളില്‍ പെട്ട മലയാളികള്‍ ഇന്നും ഗൃഹാതുരതയോടെ ഓര്‍ക്കുന്ന രേഖാചിത്രകാരന്‍.
ആര്‍ട്ടിസ്റ്റ് ഗോപാലന്‍ വര നിര്‍ത്തിയിട്ട് പതിറ്റാണ്ടുകളായിട്ടും, ആ ചിത്രങ്ങള്‍ മായാമുദ്രകളായി ഇന്നും ഇവിടെയുണ്ട്.
1962മാര്‍ച്ചില്‍ ‘കേരള ശബ്ദ’ത്തില്‍ ചിത്രങ്ങള്‍ വരച്ചായിരുന്നു ആര്‍ട്ടിസ്റ്റ് ഗോപാലന്റെ സംഭവബഹുലമായ വരജീവിതത്തിന്റെ തുടക്കം. പ്രമുഖ തൊഴിലാളി നേതാവായ വി.പി . നായര്‍ ആരംഭിച്ച വാരിക പിന്നീട് കൃഷ്ണസ്വാമി റെഡ്യാര്‍ ഏറ്റെടുത്തു. ആരംഭകാലം മുതല്‍ കെ. എസ് ചന്ദ്രനായിരുന്നു പത്രാധിപര്‍.
കാമ്പിശ്ശേരി കരുണാകരനാണു അദ്ദേഹത്തെ ‘ജനയുഗ’ത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. അതിനു നിമിത്തമായത് സുഹൃത്തായ കല്ലട
വാസുദേവന്റെ ഒരു ചരിത്രകഥയ്ക്ക് അദ്ദേഹത്തിന്റെ ആവശ്യപ്രകാരം വരച്ചു നല്‍കിയ ചിത്രം. ഇന്ത്യന്‍ ഇങ്കില്‍ വാഷ് ശൈലിയില്‍ വരച്ച ആ ചിത്രം വാരികയില്‍ അച്ചടിച്ചുവന്നു. അതുകണ്ടായിരുന്നു കാമ്പിശ്ശേരി ക്ഷണിച്ചത്. അങ്ങനെ, 1963 മുതല്‍ ജനയുഗത്തില്‍ വരയ്ക്കാന്‍ തുടങ്ങി. അത് 1994 വരെ നീണ്ടുനിന്നു.”പിന്നെ ഞാന്‍ ബ്രഷും നിബും ഊരി. ഇതുവരെ പിന്നെ വരച്ചിട്ടില്ല”, തിരുവനന്തപുരത്ത് വിശ്രമജീവിതം നയിക്കുന്ന ആര്‍ട്ടിസ്റ്റ് ഗോപാലന്‍ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുകയാണ്.
കര്‍ഷക കുടുംബത്തിലാണ് ജനനം. ‘വരയെ വളരെ അവജ്ഞയോടെ കണ്ടിരുന്ന സമൂഹമായിരുന്നു, അത്.’ 1954-58 ലെ സ്‌ക്കൂള്‍ പഠനകാലത്ത്, കണക്കിനും ഹിന്ദിക്കും മാര്‍ക്ക് തീരെകുറവായിരുന്നു. ഇക്കാലത്ത്ഞാന്‍ വായനയിലേക്ക് തിരിഞ്ഞു”. കെ .ബാലകൃഷ്ണന്റെ ‘കൗമുദി’യില്‍ പ്രസിദ്ധീകരിച്ചുവന്ന കള്ളിച്ചെല്ലമ്മ, അരനാഴിക നേരം, ചെമ്മീന്‍ തുടങ്ങിയ നോവലുകള്‍ വായിച്ചു. അതിലെ കഥാപാത്രങ്ങളെ പെന്‍സില്‍ കൊണ്ട് വരച്ചു നോക്കി.അമേരിക്കന്‍ ചിത്രകലാപഠനപുസ്തകങ്ങളിലെ ചിത്രങ്ങള്‍ കണ്ടാണ് വരച്ചു ശീലിച്ചത്.
ജോണ്‍ സെല്ലാഡോയുടെ ടാര്‍സന്‍ ചിത്രകഥകള്‍ ഏറെ ആകര്‍ഷിച്ചു. ബ്രഷും പെന്നും ഉപയോഗിക്കേണ്ട വിധമൊക്കെ പഠിച്ചു. അന്ന് ചവറ കെ.എസ് പിള്ള പത്രാധിപരായി കലാവേദി തുടങ്ങിയ കയ്യെഴുത്തു മാസികയില്‍ എല്ലാം എഴുതി, വരച്ച് തയ്യാറാക്കി. അതിന്റെ ഉദ്ഘാടനത്തിന് ഒ.എന്‍.വി കുറുപ്പും വയലാറും പങ്കെടുത്തു. അന്ന്, സ്റ്റേജില്‍ വിളിച്ചുവരുത്തി വയലാര്‍ അനുഗ്രഹിച്ചത് വരയ്ക്കാന്‍ വലിയ പ്രോത്സാഹനമായി.
ബോംബെ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ ചേരുക എന്നതായിരുന്നു ലക്ഷ്യം. പുരാണ കഥാപാത്രങ്ങളുടെ സ്‌ത്രൈണ ഭാവം മാറ്റി, പൗരുഷമുള്ള രൂപങ്ങളാക്കി വരച്ച എസ്. മട്ടാണിയ എന്ന ചിത്രകാരന്‍ അവിടെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പെന്‍ ആന്റ് ഇങ്കില്‍ വരച്ച റോമന്‍ രാജകുമാരിയുടെ നഗ്‌നചിത്രത്തിന്റെ കോപ്പി നോക്കി, അതിന്റെ മൂന്നിരട്ടി വലുപ്പത്തില്‍ പോസ്റ്റര്‍ വൈറ്റ് ഉപയോഗിച്ച് വരച്ചു. അത് പ്രിന്‍സിപ്പലിന് അയച്ചു കൊടുത്തു. കുറെ ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍, അവിടെ ചേരാനുള്ള അപേക്ഷയോടൊപ്പം ഡീനിന്റെ ഒരു കുറിപ്പും കിട്ടി:’യുവര്‍ വര്‍ക്ക് ഷോസ് ഗ്രേറ്റ് ടാലന്റ്’ . അത് വലിയ പ്രചോദനമായി.
പക്ഷേ, വീട്ടുകാര്‍ ബോംബെയ്ക്ക് വിട്ടില്ല. പകരം,’കേരളകൗമുദി’യിലും മറ്റും ചിത്രങ്ങള്‍ വരച്ചിരുന്ന എറണാകുളത്തെ പച്ചാളത്തുള്ള വി.എം ബാലന്‍മാസ്റ്ററുടെ സ്റ്റുഡിയോയില്‍ രണ്ടു വര്‍ഷം ചിത്രകല പഠിച്ചു. മഞ്ഞ, ചുവപ്പ്, നീലകളറുകള്‍ പ്രത്യേകമായി വരച്ചു പഠിച്ചു. പിന്നീട്, കൊല്ലത്തെ വി.നാരായണന്‍മാസ്റ്ററുടെ അടുത്തുനിന്ന് പെയിന്റിംഗില്‍ പരിശീലനം നേടി.അദ്ദേഹത്തിന്റെ സഹായിയായി കൂടി ,’മലയാള രാജ്യ’ത്തിന്റെ കവറുകളും ടൈറ്റിലുകളും തയ്യാറാക്കി കൊടുത്തു.
‘കേരള ശബ്ദ’ത്തില്‍ വരയ്ക്കാന്‍ അവസരം കിട്ടിയത് വഴിത്തിരിവായി.അതിനു കെ.എസ്.ചന്ദ്രനോട് വലിയ കടപ്പാടുണ്ട്. മാലി മാധവന്‍നായരുടെ’മാലി ഭാരത’ത്തിനു വേണ്ടിയായിരുന്നു ആദ്യമായി വരച്ചത്. പിന്നെ, കെ.എസ്.ചന്ദ്രന്റെ ‘പാപത്തിന് മരണമില്ല’ എന്ന നോവലിനും.’കുങ്കുമ’ത്തിലും വരച്ചു. അതിന്റെ പത്രാധിപരായി വന്ന വൈക്കം ചന്ദ്രശേഖരന്‍ നായരുമായിതെറ്റി,അവിടെ നിന്ന് വിടേണ്ടി വന്നു. തുടര്‍ന്നാണു ‘ജനയുഗ’ത്തില്‍ വരച്ചുതുടങ്ങിയത്. 1963ല്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റായി നിയമിക്കപ്പെട്ടു.”ആര്‍ട്ടിസ്റ്റ് യേശുദാസന്‍ ഡല്‍ഹിയിലേക്ക് പോയ ഒഴിവിലായിരുന്നു നിയമനം. എനിയ്ക്കും വിതുരബേബിക്കും ഒന്നിച്ചായിരുന്നു നിയമന ഉത്തരവ് നല്‍കിയത്.”
1968ല്‍ ആര്‍ട്ടിസ്റ്റ് ഗോപാലന്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍ ഡിസൈനറായി ജോലിനോക്കിയ അദ്ദേഹം 1995ല്‍ സീനിയര്‍ ഗ്രേഡില്‍ നിന്നാണു വിരമിച്ചത്. ‘കേരള ഇന്‍ മാപ്പ്’ അടക്കമുള്ള അവരുടെ പ്രസിദ്ധീകരണങ്ങളുടെ രൂപകല്‍പ്പനയായിരുന്നു ജോലി.”വര തുടരുന്നതിനു സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങി. ശനിയും ഞായറും കൊല്ലത്ത് ജനയുഗം ഓഫീസില്‍ പോകും.1977ല്‍ കാമ്പിശ്ശേരി മരിക്കും വരെ എല്ലാറ്റിലും തുടര്‍ച്ചയായി വരച്ചു. 1978ല്‍ മാനേജ്‌മെന്റില്‍ മാറ്റമുണ്ടായപ്പോള്‍ അത് അവസാനിപ്പിച്ചു. 1985ല്‍ തോപ്പില്‍ ഗോപാലകൃഷ്ണന്‍ ചുമതലയേറ്റപ്പോള്‍, അദ്ദേഹം നിര്‍ബന്ധിച്ച് ജനയുഗത്തിലേക്ക് വീണ്ടും കൂട്ടിക്കൊണ്ടുവന്നു. വാരിക പ്രസിദ്ധീകരണം നിര്‍ത്തുന്ന 1994 വരെ വീണ്ടും വരച്ചു”.
സംഭവ ബഹുലമായിരുന്നു, ജനയുഗം കാലം.പത്രം, വാരിക, സിനിമ, നോവല്‍ പതിപ്പ് തുടങ്ങിയ എല്ലാ പ്രസിദ്ധീകരണങ്ങളിലുംവരയ്ക്കുകയും തലക്കെട്ടുകള്‍ തയ്യാറാക്കുകയും ചെയ്തു. പ്രത്യേക ശൈലിയില്‍ തലക്കെട്ടുകള്‍ എഴുതുന്ന രീതിയായ കലിഗ്രഫി കേരളത്തില്‍ ശ്രദ്ധേയമാക്കിയത് ആര്‍ട്ടിസ്റ്റ് ഗോപാലനായിരുന്നു. ഇന്നും വ്യതിരിക്തമായ സൗന്ദര്യമുള്ള ആയിരക്കണക്കിനു തലക്കെട്ടുകള്‍, അസംഖ്യം ചിത്രങ്ങള്‍…
”കഥകള്‍ വായിച്ച്, കഥാപാത്രങ്ങളെ ഉള്‍കൊണ്ടാണു വരച്ചിരുന്നത്”.എം.എന്‍ സത്യാര്‍ത്ഥി വിവര്‍ത്തനം ചെയ്ത, ബിമല്‍ മിത്രയുടെ ‘വിലയ്ക്ക് വാങ്ങാം’ എന്ന ബംഗാളി നോവലിന് വരയ്ക്കുന്നതിനു മുന്‍പ് അദ്ദേഹമായി സംസാരിച്ചു. കഥയുടെ ബംഗാളി പശ്ചാത്തലം അദ്ദേഹംവിവരിച്ചുതന്നു. അതിന് വരച്ച ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടതായി അറിയിച്ചുകൊണ്ട് അദ്ദേഹം പത്രാധിപര്‍ക്ക് കത്തയച്ചു. അത് വാരികയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ബംഗാളി സിനിമയും പ്രസിദ്ധീകരണങ്ങളും മറ്റും കണ്ടായിരുന്നു ,1930കളുടെ കഥപറയുന്ന ആ നോവല്‍ ചിത്രീകരിച്ചത്. ഇവ കണ്ട്,ചിത്രകാരന്‍ ബംഗാളിലാണോ താമസിക്കുന്നത് എന്ന് ചിലര്‍ എഴുതിച്ചോദിച്ചിരുന്നു. അതിലെ സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രത്യേക മുഖം ഇല്ലെന്ന വിമര്‍ശനവും ചില വായനക്കാര്‍ഉന്നയിച്ചിരുന്നു. തുടര്‍ന്ന്, സുന്ദരിമാരെ മാത്രം വരയ്ക്കുന്നതിനു പകരം, സാധാരണ സ്ത്രീകളെ മറ്റൊരു രീതിയില്‍ വരയ്ക്കാന്‍ തുടങ്ങി. തുടര്‍ന്നും ഒട്ടേറെബംഗാളി നോവലുകള്‍ക്ക് വരച്ചു. കേശവദേവ്, തകഴി തുടങ്ങി അക്കാലത്തെ എല്ലാ പ്രമുഖ എഴുത്തുകാരുടേയും, എഴുതി തുടങ്ങിയ പെരുമ്പടവം ശ്രീധരന്റേയും മറ്റും കഥകള്‍ക്ക് ചിത്രങ്ങള്‍ വരച്ചു.
തെങ്ങമം ബാലകൃഷ്ണന്‍, കാമ്പിശ്ശേരി കരുണാകരന്‍ എന്നീ പത്രാധിപന്മാര്‍ക്കൊപ്പമുള്ള പ്രവര്‍ത്തനകാലത്തെ അനുഭവങ്ങള്‍ മറക്കാനാവില്ല. ‘കാമ്പിശ്ശേരിയെ പോലൊരു വലിയ പത്രാധിപര്‍ ഇനി ഉണ്ടാകില്ല’.സിനിമാപ്രസിദ്ധീകരണം ആരംഭിക്കാനുള്ള നിര്‍ദ്ദേശത്തിന് പാര്‍ട്ടി ആദ്യം എതിരായിരുന്നു. പുതിയ പ്രസിദ്ധീകരണത്തിന്റെ വിശദമായ ഡമ്മിയും രൂപരേഖയും തയ്യാറാക്കി ഞാന്‍ കാമ്പിശ്ശേരിക്ക് നല്‍കി. അത് കമ്മിറ്റിയില്‍ വച്ചാണ് അദ്ദേഹം സിനിരമ തുടങ്ങാന്‍അംഗീകാരം വാങ്ങിയത്.
സിനിമ പ്രേംനസീര്‍ പതിപ്പ് കേരളത്തിലെ ആനുകാലികങ്ങളുടെ ചരിത്രത്തില്‍ ഇടം നേടിയ പ്രസിദ്ധീകരണമാണ്. അതിനുരണ്ടാം പതിപ്പ് അച്ചടിക്കേണ്ടിവന്നു. ഇതിന്റെ രൂപകല്‍പ്പനയും ആര്‍ട്ടിസ്റ്റ് ഗോപാലനാണു ചെയ്തത്. പതിപ്പില്‍ ചേര്‍ക്കാനുള്ള ഫോട്ടോകള്‍ ശേഖരിക്കാന്‍ അസിസ്റ്റന്റ് എഡിറ്റര്‍ കടവില്‍ ശശിക്കൊപ്പം മദ്രാസില്‍ എത്തി, അദ്ദേഹത്തെ കണ്ടത് മറക്കാനാകാത്ത അനുഭവമാണ്. ആയിരക്കണക്കിന് ഫോട്ടോകളാണ് സന്തോഷപൂര്‍വ്വം പ്രേംനസീര്‍ എടുത്തു തന്നത്.അതില്‍ നിന്നുംബുദ്ധിമുട്ടി, തെരഞ്ഞെടുത്ത പടങ്ങള്‍ പുതിയ രീതിയില്‍ ലേഔട്ട് ചെയ്തു. മാര്‍ജിനിലേക്ക് കയറി നില്‍ക്കുന്ന രീതിയില്‍ ഫോട്ടോകള്‍ നല്‍ക്കുന്ന ‘ഫ്രഷ് കട്ട് ‘ഉപയോഗപ്പെടുത്തിയത് മലയാളത്തില്‍ ആദ്യമായി അതിലാണ്. അതിന്റെ രൂപകല്പനപൂര്‍ത്തിയായപ്പോള്‍, ‘എഡിറ്റര്‍ കാമ്പിശ്ശേരി കരുണാകരന്‍ ‘എന്നത് മാറ്റി, ‘ആര്‍ട്ട് എഡിറ്റര്‍ ആര്‍ട്ടിസ്റ്റ് ഗോപാലന്‍ ‘ എന്ന് അദ്ദേഹം എഴുതിച്ചേര്‍ത്തു.
ഓരോആഴ്ചയും ചിത്രങ്ങള്‍ വരയ്ക്കാനായി നാലു കഥകള്‍ അദ്ദേഹം തരും. അതില്‍ നിന്നുംഇഷ്ടപ്പെട്ട രണ്ട് കഥകള്‍ക്കാണ് ആദ്യം ചിത്രങ്ങള്‍ വരയ്ക്കുക
ഒരിക്കല്‍, ജനയുഗം ഓണപ്പതിപ്പിനുവേണ്ടി വരച്ച എന്‍.പി. ചെല്ലപ്പന്‍ നായരുടെ കഥയ്ക്കുള്ള ചിത്രം, പരസ്യങ്ങളുടെ ആധിക്യം കാരണം ചേര്‍ക്കാന്‍ കഴിഞ്ഞില്ല. അന്ന് തെങ്ങമംബാലകൃഷ്ണനായിരുന്നു അതിന്റെ ചുമതല. ‘ആ ചിത്രം ഇല്ലെന്നറിഞ്ഞ്, ഞാന്‍ക്ഷോഭിച്ച് ഇറങ്ങിപ്പോയി.തെങ്ങമം ബാലകൃഷ്ണന്‍ പിന്നാലെ വന്ന് , ഓഫീസിലേക്ക് തിരിച്ച് കൂട്ടിക്കൊണ്ടുപോയി. ഒരു പരസ്യം എടുത്ത് മാറ്റി, ആ ചിത്രം അദ്ദേഹം ഓണപ്പതിപ്പില്‍ ചേര്‍ത്തു’.
പരമ രസികനായിരുന്നു, കാമ്പിശ്ശേരി കരുണാകരന്‍. ഒരിക്കല്‍ തന്നെ കാണാന്‍ വന്ന കാര്‍ട്ടൂണിസ്റ്റ് പി.കെ. മന്ത്രിയെക്കൊണ്ട് വിചിത്രമായ ഒരു മോഡേണ്‍ ആര്‍ട്ട്ചിത്രം വരപ്പിച്ചു. അടുത്ത ആഴ്ച ‘അടിക്കുറിപ്പ് എഴുതുക ‘ എന്ന പംക്തിയില്‍ അതു നല്‍കിയപ്പോള്‍, നൂറുകണക്കിന് വായനക്കാരാണ് അത് വ്യാഖ്യാനിക്കാനായി കത്തുകള്‍ അയച്ചത്. അദ്ദേഹം അത് കണ്ടു രസിച്ചു. മറ്റൊരു അവസരത്തില്‍ തീരെ മനസ്സിലാകാത്ത ഒരു ചിത്രവുമായി തന്നെ കാണാന്‍ വന്ന, മുടിയും താടിയും നീട്ടിവളര്‍ത്തിയ, ആധുനിക ചിത്രകാരനോട് ‘ ഇതിന്റെ തലയും കാലും എവിടെയാ !’ എന്ന് ചോദിച്ചു, അദ്ദേഹം.
‘അശ്വമേധം’ സിനിമയില്‍ കുഷ്ഠരോഗിയായി അഭിനയിച്ച അദ്ദേഹത്തിന്റെ വലിയ ചിത്രം ജനയുഗത്തില്‍ അച്ചടിച്ചു വന്നത് കണ്ട് ക്ഷോഭിച്ചു. പിന്നെ, അസിസ്റ്റന്റ് എഡിറ്റര്‍ വിതുരബേബിയെ വിളിച്ച് കാമ്പിശ്ശേരി ഉപദേശിച്ചു: നമ്മുടെ ചിത്രം നമ്മളല്ല, മറ്റ്പ്രസിദ്ധീകരണക്കാരാണ് നല്‍കേണ്ടത്.
ഇന്നും ഹരിതാഭമായ വരയുടെ ഓര്‍മ്മപഥത്തില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്ന് ആ ജനയുഗംകാലം.’ എനിക്ക്ജനയുഗത്തില്‍ നല്‍കിയ സ്വാതന്ത്ര്യവും സ്ഥാനവും മറ്റൊരു ചിത്രകാരനും കേരളത്തിലെ ഒരു പത്ര സ്ഥാപനത്തിലും കിട്ടിയിട്ടില്ല’.
ജനയുഗത്തില്‍ നിന്ന് ഒരു ഇടവേള ഉണ്ടായപ്പോള്‍, നീലമ്പേരൂര്‍ മധുസൂദനന്‍ നായരും ഇ.എന്‍ മുരളീധരന്‍ നായരുമായി ചേര്‍ന്ന്, ‘തത്തമ്മ’ എന്ന കുട്ടികളുടെ പ്രസിദ്ധീകരണംആരംഭിച്ചു. അത് 1985 വരെ തുടര്‍ന്നു.
റിയലിസ്റ്റിക് ചിത്രങ്ങളാണ് വരച്ചിട്ടുള്ളത്. പക്ഷേ, അവ വ്യത്യസ്തമായ രീതിയിലാണ്.ഡിറ്റക്ടീവ് കഥകള്‍ക്ക് ഹാര്‍ഡ് ലൈനുകളാണ് ഉപയോഗിച്ചത്. ഹാസ്യത്തിനും ബാലസാഹിത്യത്തിനും മറ്റൊരു ശൈലിയിലുള്ള വരകളും ഉപയോഗിച്ചു. മലയാറ്റൂര്‍എഴുതിയ കഥയെ ആസ്പദമാക്കി, കുട്ടികള്‍ക്കായി ‘അമ്പിളിക്കുഞ്ഞ്’ എന്ന കളര്‍ ചിത്രകഥയും വരച്ചിട്ടുണ്ട്.
ചിത്രകലയെ സ്‌നേഹിക്കുന്നവര്‍ക്ക് റിയലിസത്തെ നിരാകരിക്കാന്‍ ആവില്ല. അക്ഷരമറിയാത്തവര്‍ക്ക് പോലും ചിത്രങ്ങള്‍ കണ്ടാല്‍ മനസിലാവണം.’പക്ഷേ, ഇപ്പോള്‍ പലപ്രഗത്ഭ ചിത്രകാരന്‍മാരും മറ്റ് ചില സമ്മര്‍ദ്ദങ്ങള്‍ കാരണം, ദുരൂഹമായ ചിത്രങ്ങള്‍വരയ്ക്കുന്നു’.
വലിയ വീതിയുള്ള നിബ്ബ്, ഇന്ത്യന്‍ ഇങ്കില്‍ മുക്കിയാണ് തലക്കെട്ടുകള്‍എഴുതിയിരുന്നത്. അതിനായി പലതരം നിബുകള്‍. കയ്യില്‍ നില്‍ക്കാന്‍ പോലും പ്രയാസമുള്ളവയും ഉണ്ടായിരുന്നു.
ഇക്കാലത്തുതന്നെ സിനിമാപരസ്യങ്ങളുടെ പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്യാന്‍ ആരംഭിച്ചു.ആദ്യമായി, ഫോട്ടോകള്‍ക്ക് പകരം ചിത്രങ്ങള്‍ ഉപയോഗിച്ചത് ഇവയിലാണ്. അവ ഏറെശ്രദ്ധിക്കപ്പെട്ടു. പണിതീരാത്ത വീട്, നദി, നിഴലാട്ടം, ഏണിപ്പടികള്‍ …..
മലയാള മനോരമ, മംഗളം, ദീപിക തുടങ്ങിയമറ്റ് മിക്ക പ്രസിദ്ധീകരണങ്ങളിലും ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്.
1994ല്‍ജനയുഗം വിട്ടു, വരയും. ‘മനസ്സറിഞ്ഞ് നിര്‍ത്തിയതാണ്. വരയ്ക്കാനുള്ള ആവേശം തീര്‍ന്നു. ചിത്രകലകൊണ്ട് മാത്രംജീവിക്കാന്‍ പറ്റുന്ന പ്രതിഫലം ഒരിക്കലും കിട്ടിയില്ല. അതിനുശേഷം ഇന്നേവരെ ബ്രഷ് തൊട്ടിട്ടേയില്ല’.
പല പ്രമുഖ പ്രസിദ്ധീകരണങ്ങളും ക്ഷണിച്ചുവെങ്കിലും,ആര്‍ട്ടിസ്റ്റ് ഗോപാലന്‍ പിന്നെ ഡിസൈന്‍ രംഗത്താണു ശ്രദ്ധകേന്ദ്രീകരിച്ചത്. അവയെല്ലാം കൊമേഴ്‌സ്യല്‍ വര്‍ക്കുകളാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വലിയ പ്രദര്‍ശനങ്ങളില്‍ പവലിയനുകള്‍ ഡിസൈന്‍ ചെയ്യുകയായിരുന്നു, മുഖ്യ ജോലി. സൈന്‍ ബോര്‍ഡുകളും തയ്യാറാക്കി.
ഇന്നും ഹരിതാഭമായ വരയുടെ ഓര്‍മ്മപഥത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ആ ജനയുഗംകാലം.’എനിക്ക്ജനയുഗത്തില്‍ നല്‍കിയ സ്വാതന്ത്ര്യവും സ്ഥാനവും മറ്റൊരു ചിത്രകാരനും കേരളത്തിലെ ഒരു പത്ര സ്ഥാപനത്തിലും കിട്ടിയിട്ടില്ല’.