ഇനിയും നമ്മുടെ യുവാക്കളെ ലഹരിയ്ക്ക് വിട്ടുകൊടുക്കാനോ?

നാട്ടിലെ കളിസ്ഥലങ്ങള്‍ എല്ലാം ഇന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു. പണ്ടൊക്കെ സ്‌കൂള്‍ വിട്ടുവന്നുകഴിഞ്ഞാല്‍ അവരുടെ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജ്ജം ഉപയോഗിക്കുകയും, അത് ഇല്ലാതാക്കുവാനുമായി നമുക്ക് കളിസ്ഥലങ്ങളും, സ്‌കൂളുകളിലേക്ക് നടന്നുപോകുവാനുമുള്ള അവസരങ്ങളും ഉണ്ടായിരുന്നു. വീട്ടില്‍ നിന്നും കാറില്‍ സ്‌കൂളിലേക്ക്. അവിടെ എയര്‍ കണ്ടീഷന്‍ മുറികളില്‍ പഠനം, തിരികെ കാറില്‍ വീട്ടിലേക്ക്. അടച്ചുകെട്ടിയ ഫ്‌ളാറ്റുകളില്‍ കൈയിലെ മൊബൈല്‍ ഫോണിലെ റീലുകളിലൂടെ അവന്‍ ലോകത്തെ അറിയുന്നു. സോഷ്യല്‍ മീഡിയ യാതൊരു എഡിറ്റിങ്ങും ഇല്ലാത്ത ഇടങ്ങളാണ്.

ലഹരിമാഫിയ സമൂഹത്തില്‍ വിലസുമ്പോള്‍ പരിഹാരമില്ലാത്ത നാം നിരാശയോടെ നില്‍ക്കുകയാണ്. പോലീസിന്റെ കൃത്യമായ ഇടപെടലുകള്‍ ഉണ്ടാകുമ്പോഴും പൂര്‍ണ്ണമായും ലഹരി മാഫിയയെ തളയ്ക്കാനും, കുട്ടികളെ ഈ വിപത്തില്‍ നിന്നും സംരക്ഷിക്കാനോ നമുക്ക് കഴിയുന്നില്ല. എന്താണ് ലഹരിവസ്തുക്കളുടെ പ്രത്യേകതകള്‍? എങ്ങിനെയാണ് അവ നമ്മുടെ ശരീരത്തെ ബാധിക്കുന്നത്. ബോധവത്കരണത്തിനപ്പുറം എന്ത് ശ്രമങ്ങളാണ് നാം അതിനെതിരെ നടത്തേണ്ടത്.
പുകവലിയോ, മദ്യമോ ഉപയോഗിക്കുന്നതിനേക്കാള്‍ പതിന്മടങ്ങു അപകടകാരികളായ കഞ്ചാവ്, എം.ഡി.എം.എ, കൊക്കയ്ന്‍, എല്‍.എസ്.ഡി തുടങ്ങിയ ലഹരിപദാര്‍ത്ഥങ്ങൾക്കെതിരെ ജാഗ്രതപുലർത്തേണ്ട അവസരത്തിൽ ഇതിലേക്ക് കൂട്ടമായി വന്നുവീഴുകയാണ് നമ്മുടെ കുട്ടികള്‍.

ബോധവത്കരണം മാത്രം മതിയോ?
സമൂഹത്തില്‍ ലഹരിമാഫിയ പിടിമുറുക്കുമ്പോള്‍ കേവലം ബോധവത്കരണം കൊണ്ട് മാത്രം നമുക്ക് ആ വിപത്തിനെ പിടിച്ചുകെട്ടാം എന്നത് മൂഢമായ ഒരു സ്വപ്‌നം മാത്രമാണ്. ലഹരി നമ്മുടെ ശരീരത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍, അഡിക്റ്റ് ആയ ശരീരം ആവശ്യപ്പെടുന്ന കാര്യങ്ങള്‍, അതില്ലാതെവരുമ്പോള്‍ ശരീരം പ്രതികരിക്കുന്ന രീതി ഇതെല്ലാം നാം കണക്കിലെടുക്കുമ്പോള്‍, ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചു നാം വാചാലരായതുകൊണ്ടു മാത്രം ലഹരിയെ സമൂഹത്തില്‍ നിന്നും തുടച്ചുമാറ്റാന്‍ കഴിയില്ല.
അവിടെയാണ് നാം എവിടെനിന്നാണ് തുടങ്ങേണ്ടതെന്നും എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും ആഴത്തില്‍ ചര്‍ച്ച ചെയ്യേണ്ടതിന്റെ ആവശ്യകത ഉയരുന്നത്. ഹൈസ്‌കൂള്‍ പരീക്ഷയ്ക്കുള്ള ചോദ്യാവലിയില്‍ വര്‍ത്തമാനപത്രത്തിലെ ഉള്ളടക്കവും ഉള്‍പ്പെടുത്താനുള്ള പുതിയ മാര്‍ഗ്ഗരേഖയുമായി പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു വന്നിരിക്കുകയാണ്. കൂടാതെ ലഹരിമാഫിയ പിടിമുറുക്കുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളെ ഉത്തരവാദിത്തമുള്ളവരാക്കിമാറ്റാനും നിര്‍ദ്ദേശമുണ്ട്. പഠനത്തിനൊപ്പം കുട്ടികളുടെ സാമൂഹിക-വൈകാരികതലം കൂടി വിലയിരുത്തി മാര്‍ക്കിടാനാണ് നിര്‍ദ്ദേശം.

വീടുകളില്‍ നിന്നും തുടങ്ങാം!
കുട്ടികളിലെയും, യുവാക്കളിലെയും ലഹരി ഉപയോഗം കുറയ്ക്കുവാന്‍ ആദ്യം ശ്രമം തുടങ്ങേണ്ടത് അവരവരുടെ വീടുകളിലാണ്. കുട്ടികളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും നേരിട്ട് കണ്ടറിയാന്‍ കഴിയുന്ന രക്ഷാകര്‍ത്താക്കളാണ് തങ്ങളുടെ കുട്ടികള്‍ ലഹരിയിലേക്കാണോ, നല്ല ശീലങ്ങളിലേക്കാണോ പോകേണ്ടതെന്ന് ആദ്യം തീരുമാനിക്കേണ്ടവര്‍. അതിനായി ചെറുപ്രായത്തില്‍ തന്നെ അവരെ തെറ്റും ശരിയും തിരിച്ചറിയാന്‍ പ്രേരിപ്പിക്കേണ്ടതുണ്ട്. മാറിയ കാലവും സോഷ്യല്‍ മീഡിയയുടെ സ്വാധീനവും കുട്ടികളില്‍ ഉണ്ടാക്കിയ ഏറ്റവും വലിയ മാറ്റം അവര്‍ക്ക് തെറ്റും ശരിയും തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നതാണ്. ഈ തെറ്റും ശരിയും എന്നത് ഏതാണ്, എന്താണ്, ആരാണ് തീരുമാനിക്കുന്നത് എന്ന് മറുവാദവും ഇപ്പോള്‍ സജീവ ചര്‍ച്ചയായി സമൂഹത്തില്‍ നില്‍ക്കുന്നുണ്ട്. അവിടെ സത്യത്തില്‍ വില്ലന്‍ ആയിരിക്കുന്നത് നമുക്ക് മെല്ലെമെല്ലെ നഷ്ടപ്പെട്ടു പോയിക്കൊണ്ടിരിക്കുന്ന മൂല്യബോധമാണ്.

സമൂഹത്തില്‍ നാം പാലിക്കേണ്ട ചില മര്യാദകളും, നാം ഓരോ പ്രായത്തിലും മനസ്സിലും പ്രവൃത്തിയിലും പേറേണ്ട മൂല്യങ്ങളുമുണ്ട്. അതില്‍ ഒന്നാണ് മുതിര്‍ന്നവരോട് പുലര്‍ത്തേണ്ടതും അധ്യാപകര്‍ക്ക് നല്‍കേണ്ടതുമായ ബഹുമാനം. ഇന്നത്തെ തലമുറ ഇത് പറയുമ്പോള്‍ തിരിച്ചു ചോദിക്കുന്നത്, ‘അത് എന്തിനാണ് അങ്ങനെ ഒരു ബഹുമാനം?’ എന്നതാണ്. അതിനു ഉത്തരം നല്‍കാന്‍ നാം അല്‍പം പഴഞ്ചന്‍ ആവേണ്ടിവരും. നമ്മുടെ സംസ്‌കാരം, പഴയകാലത്തുണ്ടായിരുന്ന സാമൂഹിക രീതികള്‍, സ്വാതന്ത്ര്യം ഉണ്ടെങ്കിലും അതിലും പുലര്‍ത്തേണ്ടതായ ചില നിയന്ത്രണങ്ങള്‍, മറ്റുള്ള ഓരോരോരുത്തരുടേയും വികാരങ്ങളെ മാനിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെ ഇന്ന് ‘തന്ത വൈബ്’ എന്ന രണ്ടുവാക്കുകളില്‍ നമ്മുടെ യുവജനത തള്ളിക്കളഞ്ഞിരിക്കുന്നു. അനിയന്ത്രിതമായ സ്വാതന്ത്ര്യം ലഭിച്ചതോടുകൂടി കുട്ടികള്‍ അവരുടെ മാത്രമായ ഒരു ലോകം നിര്‍മ്മിച്ചിരിക്കുന്നു. അവിടെ അവനും അവന് സുഖം പകരുന്ന കാര്യങ്ങളും വ്യക്തികളും മാത്രം ആയി മാറിയിരിക്കുന്നു. അവരുടേ യുവത്വം അവരാല്‍ നിര്‍മ്മിക്കുന്ന ആ ലോകം മാത്രമാകുന്നു. ‘എന്റെ ജീവിതം, എന്റെ നിയമങ്ങള്‍’ എന്ന സ്വയം നിര്‍മ്മിച്ച ചട്ടക്കൂട്ടില്‍ മാത്രമായി അവരുടെ ജീവിതം മുന്നോട്ടുപോകുന്നു.
മറുവശത്താവട്ടെ ചുരുക്കമെങ്കിലും ചില കുട്ടികള്‍ രക്ഷാകര്‍ത്താക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും മുഖം കൊടുക്കുന്നു. സമൂഹത്തെ മനസിലാക്കുന്നു. താന്‍ നിര്‍മ്മിച്ച, തന്റെമാത്രം ജീവിത നിയമങ്ങള്‍ക്കപ്പുറം നമുക്കുചുറ്റും തനിക്കൊരു രക്ഷാകര്‍ത്താവുണ്ടെന്നും, സഹോദരനോ സഹോദരിയോ ഉണ്ടെന്നും, മുത്തച്ഛനും മുത്തശ്ശിയുമുണ്ടെന്നും, ചുറ്റിനും വിവിധങ്ങളായ ആളുകള്‍ താമസിക്കുന്നുണ്ടെന്നും അവന്‍ മനസ്സിലാക്കിക്കൊണ്ട് അതിന്നനുസരിച്ചുകൊണ്ട് സമൂഹത്തിന്റെയും, തന്റെയും ശരികളെ ചേര്‍ത്തുവച്ചുകൊണ്ട് ജീവിക്കുന്നു. ഇതില്‍ ഏതാണ് ശരി, ഏതാണ് തെറ്റെന്ന് എങ്ങിനെ പറയാന്‍ കഴിയും. ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ നമുക്ക് ദോഷകരമായി ബാധിക്കുന്നു എന്ന് ഈ രണ്ടുകൂട്ടരും ഒരുപോലെ സമ്മതിക്കുന്ന അവസ്ഥയില്‍ മാത്രമേ അതിലെ ശരിയും തെറ്റും വേര്‍തിരിക്കാന്‍ കഴിയുകയുള്ളൂ. അങ്ങനെ സമൂഹത്തിലെ ലഹരിയുടെ സ്വാധീനം എത്രമാത്രമുണ്ടെന്ന് നാം മനസ്സിലാക്കണമെങ്കില്‍ നമ്മുടെ ലോകം നമ്മളിലേക്ക് മാത്രം ചുരുക്കാതെ ലോകത്തിന്റെ വലുപ്പത്തിലേക്ക് തന്നെ നമ്മുടെ ശ്രദ്ധ തിരിച്ചുവെക്കണം. അതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് വീട്ടില്‍ എന്നും നാം ഉണരുന്നതിനും മുമ്പുതന്നെ എത്തി നമ്മെ കാത്തിരിക്കുന്ന വര്‍ത്തമാനപ്പത്രങ്ങള്‍
ശാസ്ത്രീയമായി ലഹരിവസ്തുക്കളെ പരിശോധിക്കുമ്പോള്‍ അവ വിവിധതരത്തില്‍ ഉണ്ടെന്ന് മനസിലാക്കുവാന്‍ കഴിയും. അവയില്‍ പ്രധാനപ്പെട്ടത് ഇവയാണ്.

ഹാലൂസിനോജനുകള്‍ (Hallucinogens)
നമ്മുടെ ചിന്തകളെയും, മനസികാവസ്ഥകളെയും ഒറ്റയടിക്ക് മാറ്റുവാന്‍ കഴിയുന്ന രാസവസ്തുക്കളാണ് ഹാലൂസിനോജനുകള്‍. കഞ്ചാവ് (Cannabis), എം.ഡി.എം.എ (MDMA-Methylene Dioxy-Methyl Amphetamine), എല്‍.എസ്.ഡി (Lysergic Acid Diethylamide) എന്നിവ ഹാലൂസിനോജനുകള്‍ (Hallucinogens) എന്ന ഗണത്തിലാണ് വരുന്നത്. ഇതില്‍ത്തന്നെ കഞ്ചാവാണ് നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ വ്യാപകമായുള്ളത്. കഞ്ചാവിനെ ‘ഗേറ്റ് വേ’ എന്നാണു പറയപ്പെടുന്നത്. അതായത് ലഹരിയുടെ ലോകത്തേക്കുള്ള ഒരു വാതിലാണ് കഞ്ചാവ്.

ആദ്യം ആനന്ദം, പിന്നെ വിഷാദം
ആഗോളതതലത്തില്‍ പരിശോധിക്കുമ്പോള്‍ MDMA (Methylene dioxy-methyl amphetamine) എന്ന് വിളിക്കപ്പെടുന്ന മാരകമായ മയക്കുമരുന്ന് ഇപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. മദ്യത്തിനോ പുകവലിയ്‌ക്കോ ഒക്കെ അപ്പുറം ഒരു മനുഷ്യായുസ്സിനെ അപ്പാടെ തകര്‍ത്തുകളയുവാന്‍ കഴിയുന്ന രാസപദാര്‍ഥങ്ങളാണ് എം.ഡി.എം.എ പോലെയുള്ള മയക്കുമരുന്നുകള്‍. 1912 ല്‍ ജര്‍മനിയിലാണു ആദ്യമായി ഈ വസ്തു കണ്ടെത്തുന്നത്. രക്തസ്രാവം കുറയ്ക്കുന്നതിനുള്ള മരുന്നായാണ് അത് ആദ്യം ഉപയോഗിക്കപ്പെട്ടിരുന്നത്. 1914 ല്‍ മെര്‍ക് എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി എം.ഡി.എം.എയുടെ പേറ്റന്റ് സ്വന്തമാക്കി.
എം.ഡി.എം.എ ഉപയോഗിക്കുമ്പോള്‍ പ്രധാനമായും നമ്മുടെ തലച്ചോറില്‍ സെറട്ടോണിന്‍ (Seratonin) കൂടുതലായി ഉല്‍പ്പാദിപ്പിക്കപ്പെടുകയും, അതിന്റെ ഫലമായി നമുക്ക് ആ സമയങ്ങളില്‍ അമിതമായ ആനന്ദം ഉണ്ടാകുകയും ചെയ്യുന്നു. പക്ഷേ, കൂടുതല്‍ കൂടുതല്‍ ഉപയോഗിക്കുമ്പോള്‍ ശരീരത്തില്‍ സെറട്ടോണിന്റെ അളവ് കുറയുകയും അതുമൂലം നാം വിഷാദരോഗത്തിലേക്ക് വീഴുകയും ചെയ്യുന്നു. അങ്ങനെ മെല്ലെമെല്ലെ അത് തലച്ചോറിലെയും, കിഡ്‌നിയിലെയും ഒക്കെ കോശങ്ങളെ നശിപ്പിച്ച് ഒടുവില്‍ മരണത്തിലേക്ക് നയിക്കുന്നു.

കഞ്ചാവ് (Cannabis)
കഞ്ചാവ് നമ്മുടെ രക്തചംക്രമണ വ്യവസ്ഥയെ ബാധിക്കുന്നുണ്ട്. ഇവ ഉപയോഗിച്ചുകഴിഞ്ഞാല്‍ ചുരുങ്ങിയ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ നമ്മുടെ ഹൃദയമിടിപ്പ് 20 മുതല്‍ 50 ശതമാനം വരെ വര്‍ധിക്കാം. അത് മൂന്നു മണിക്കൂറുകള്‍ വരെ നീണ്ടുനില്‍ക്കുകയും ചെയ്യാം. ഇത് ഹൃദയത്തിന് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുകയും, കൂടുതല്‍ ഓക്‌സിജന്‍ ആവശ്യമായി വരികയും അത് ഹാര്‍ട്ട് അറ്റാക്കിന് കാരണമാകുകയും ചെയ്യാം. മാത്രമല്ല, ഡോപ്പമിന്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നതിലൂടെ കേന്ദ്രനാഡീവ്യവസ്ഥയെ പോലും ഇത് ദോഷകരമായി ബാധിക്കുന്നു.

നിരോധനമില്ലാത്തയിടങ്ങളും
ഇന്ത്യയില്‍ പൊതുവെ എല്ലാ മയക്കുമരുന്നുകള്‍ക്കും നിരോധനമുണ്ടങ്കിലും ലോകത്തെ പല രാജ്യങ്ങളിലെയും സ്ഥിതി അതല്ല. നെതര്‍ലാന്‍സില്‍ കോഫി ഷോപ്പുകളില്‍ വരെ ലഹരിമരുന്നുകള്‍ വില്‍ക്കാം. അവിടെ വലിയ കട്ടൗട്ടുകളിലും, കോഫീ ഷോപ്പുകളുടെ ബോര്‍ഡുകളിലും ലഹരിവസ്തുക്കളുടെ പരസ്യങ്ങള്‍ കാണുവാന്‍ കഴിയും. കാനഡയിലും, ഉറുഗ്വേയിലും പതിനെട്ടുവയസ്സുതികഞ്ഞ ആര്‍ക്കും 30 ഗ്രാം വരെ കഞ്ചാവ് പോലെയുള്ള ലഹരിവസ്തുക്കള്‍ കൈവശം വയ്ക്കുന്നതിന് അനുമതിയുണ്ട്. ദക്ഷിണാഫ്രിക്കയിലും സ്ഥിതി വ്യത്യസ്തമല്ല. അവിടെയും പതിനെട്ടുവയസ്സു തികഞ്ഞ ആര്‍ക്കും ലഹരിപദാര്‍ത്ഥങ്ങള്‍ കൈവശം വെക്കാം. എന്നാല്‍, അത് പൊതുസ്ഥലങ്ങളില്‍ വില്‍പ്പന നടത്തുന്നതിനും, ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. ബോബ് മാര്‍ലിയുടെ നാടായ ജമൈക്കയില്‍ മരുന്നായും, മതപരമായ ആവശ്യങ്ങള്‍ക്കും കഞ്ചാവ് ഉപയോഗിക്കുവാന്‍ നിയമതടസ്സമില്ല. കൂടാതെ കൊളംബിയ, സ്പെയിന്‍, ചെക്ക് റിപ്പബ്‌ളിക് തുടങ്ങിയ രാജ്യങ്ങളിലും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതിന് വലിയ നിയന്ത്രണങ്ങള്‍ നിലവിലില്ല.

ലഹരി പഠനമാകാം,
സംഗീതമാകാം

ലഹരി ലഹരിവസ്തുക്കളില്‍ തന്നെ വേണമെന്ന് നമ്മുടെ ശരീരത്തിന് നിര്‍ബന്ധമില്ല. അത് നമ്മുടെ പഠനമാകാം, സംഗീതമാകാം, ചിത്രകലയാവാം, പ്രസംഗകലയാകാം, മറ്റേതെങ്കിലും കലാരൂപങ്ങള്‍ ആവാം. കുട്ടികളെ അവരുടെ കഴിവ് കണ്ടെത്തി അത്തരം ലഹരികളിലേക്ക് കൈപിടിച്ച് നടത്തേണ്ടത് രക്ഷകര്‍ത്താക്കള്‍ തന്നെയാണ്. അതിനു സമയവും സന്ദര്‍ഭവും ഇല്ലാതെവരുന്നവര്‍ക്ക് പിന്നീട് കുട്ടികള്‍ വഴിതെറ്റി പോകുമ്പോള്‍ മറ്റാരെയെങ്കിലും കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല.
ഇവയെക്കാളൊക്കെ ഏറെ പ്രധാനപ്പെട്ടതാണ് മാനുഷിക, സാമൂഹിക മൂല്യങ്ങള്‍. കുട്ടികളെ സംബന്ധിച്ച് മൂല്യങ്ങള്‍ എന്നത് അവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന, നിയന്ത്രണങ്ങള്‍ ധാരാളമുള്ള കുറെ നിയമങ്ങള്‍ ആവാം. എന്നാല്‍, അവയ്ക്ക് ഒരു സമൂഹത്തെ കെട്ടുറപ്പോടെ നിര്‍ത്താനുള്ള വലിയ കഴിവുണ്ട്. സി-ജനറേഷന്‍ എന്നറിയപ്പെടുന്ന ഇന്നത്തെ തലമുറ ബൗദ്ധികമായി മുതിര്‍ന്നവരേക്കാള്‍ മുന്നിട്ടു നില്‍ക്കുന്നവര്‍ തന്നെയാണ്. അതിനാല്‍ നാം അവരോടു മൂല്യങ്ങളെക്കുറിച്ചു സംസാരിക്കുമ്പോള്‍ അവരുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമായി മാത്രമേ വിലയിരുത്തുകയുള്ളൂ. അവര്‍ അതിനെ എതിര്‍ക്കും, തള്ളിക്കളയും. പക്ഷേ, അവരെ അതിലേക്ക് എങ്ങിനെ അടുപ്പിക്കാം എന്ന കാര്യത്തില്‍ തീരുമാനമെടുത്താല്‍ മാത്രമേ നമുക്ക് സമൂഹത്തിലെ ലഹരി ഉയര്‍ത്തുന്ന പ്രശ്‌നങ്ങളില്‍ നിന്നുള്ള വിടുവല്‍ സാധ്യമാവുകയുള്ളൂ.
ലഹരിയ്ക്കെതിരെ ബോധവത്കരണം നടക്കട്ടെ, അതില്‍ മനസ്സ് മാറുന്നവര്‍ നന്നാവട്ടെ. എന്നാല്‍ ആത്യന്തികമായി നാം കുട്ടികളെ അവരുടെ അനുഭവങ്ങളിലൂടെ അതിന്റെ പ്രശ്നങ്ങള്‍ പകര്‍ന്നുനല്‍കാനാണ് ശ്രമിക്കേണ്ടത്. മറ്റ് പ്രവര്‍ത്തനങ്ങളിലേക്ക് അവരുടെ ശ്രദ്ധ മാറ്റുകയാണ് ചെയ്യേണ്ടത്. എത്രയോ കഴിവുകളുള്ള കുട്ടികളാണ് നമ്മുടേത്. അത് തുടരാന്‍ അവരുടെ ഒപ്പം നില്‍ക്കുകയാണ് വേണ്ടത്. ഇനിയും അവര്‍ക്ക് സമയം അവശേഷിക്കുന്നുണ്ടെങ്കില്‍ രക്ഷകര്‍ത്താക്കള്‍ സമയം കണ്ടെത്തി അവരുമായി സംസാരിക്കാനും, വിശേഷങ്ങള്‍ പങ്കിടാനും ആണ് ശ്രമിക്കേണ്ടത്. അത്തരത്തില്‍ കുട്ടികളുടെ ലഹരിയായി അവരുടെ കലാകായിക കഴിവുകള്‍ മാറട്ടെ, പഠനം മാറട്ടെ, വായന മാറട്ടെ. എന്നിട്ട് ബാക്കിവരുന്ന പുഴുക്കുത്തുകളെ നമ്മുടെ ക്രമാസമാധാനപാലകര്‍ സുന്ദരമായി കൈകാര്യം ചെയ്യട്ടെ. സംശയിക്കേണ്ട, നമ്മുടെ സമൂഹം ലഹരിയുടെ നീരാളിക്കൈകളില്‍ നിന്നും മുക്തമാവുകതന്നെ ചെയ്യും.
9946199199

Author

Scroll to top
Close
Browse Categories