ആറാട്ടുപുഴ വേലായുധപ്പണിക്കർ ജാതിത്തമ്പുരാന്‍വാഴ്ച്ചയെ ചെറുത്ത പോരാളി

ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ഇരുനൂറാം ജന്മവാര്‍ഷികവും നൂറ്റമ്പതാം രക്തസാക്ഷിത്വവാര്‍ഷികവും പൊതുമറവിയില്‍ കടന്നുപോകുന്നു. വര്‍ണാശ്രമധര്‍മം തൊട്ടുകൂടാത്തവരാക്കി ചവിട്ടിത്താഴ്ത്തിയ അശോകകാലം മുതല്‍ പ്രബുദ്ധരായിരുന്ന ബഹുജനതയ്ക്കുവേണ്ടി അമ്പലവും കളരിയും കളിയോഗവും പള്ളിക്കൂടവും രാപ്പളളിക്കൂടവും വായനശാലയുമുണ്ടാക്കിയത് ആറാട്ടുപുഴ വേലായുധപ്പണിക്കരാണ്. അവര്‍ണപ്പെണ്ണുങ്ങളുടെ മാനത്തിനും മാനവികതയ്ക്കും വിലയുണ്ടെന്നു വരുത്തിയതും മേല്‍ശീല, അച്ചിപ്പുടവ, മൂക്കുത്തി, കാര്‍ഷിക കലാപങ്ങള്‍ ആവിഷ്‌ക്കരിച്ചുനടത്തിയതും ജാതിലിംഗാധീശത്തത്തിനും ബ്രാഹ്മണികവും ശൂദ്രവുമായ ജാതിത്തമ്പുരാന്‍വാഴ്ച്ചയെ ചെറുത്തുകൊണ്ടദ്ദേഹമായിരുന്നു.

ആറാട്ടുപുഴ വേലായുധപ്പണിക്കർ

ജാതിക്കെതിരായ ധീരമായ ജീവിതസമരത്തിനിടെ ചതിയിലൂടെ സവര്‍ണതയെന്ന ജാതിഹിന്ദുവാണത്തവാഴ്ച്ച വധിച്ചആറാട്ടുപുഴവേലായുധപ്പണിക്കരുടെ (1825-1874) രക്തസാക്ഷിത്വവര്‍ഷം പോലും ഉത്തരവാദിത്തവും സത്യനീതിബോധവുമില്ലാതെ തെററിച്ചെഴുതിയച്ചടിച്ചു വിറ്റുവിലവാങ്ങുന്നു. പലകാര്യങ്ങളും മായിച്ചുമറച്ചും വളച്ചൊടിച്ച് ജാതിഹിന്ദുസമവായചരിതങ്ങളെയും അവസരവാദികളായ നല്ലപിള്ളമാരേയും രക്ഷിക്കാനാണ് അവര്‍ണബഹുജനങ്ങളുടെ ചിലവില്‍ ജനിച്ചുവളര്‍ന്നു നിലനിന്നുപോകുന്ന പലമുന്തിയമാധ്യമങ്ങളുംഇപ്പോഴും ശ്രമിക്കുന്നത്.അധ്വാനവും പണവും വോട്ടും അവര്‍ണരുടേതും അജണ്ടകളും നടപടികളും സാമ്പത്തികസംവരണവും ദേശീയവിദ്യാഭ്യാസനയവും കര്‍മപരിപാടികളും സേവനങ്ങളും സവര്‍ണര്‍ക്കും എന്നതാകുന്നു സ്ഥിരം നടപടിയും നിലപാടും.

പ്രാതിനിധ്യത്തില്‍ നൂറ്റാണ്ടുകളായി മുന്നാക്കമായ സവര്‍ണര്‍ക്കുമാത്രമുള്ള സാമ്പത്തികസംവരണവും സ്വയംസേവകരുടെ സ്വന്തം കരസേവയായ അധീശപദ്ധതി നവദേശീയാഭ്യാസനയവും തമിഴ്‌നാട് അടക്കം നിരവധി സംസ്ഥാനങ്ങള്‍ നടപ്പാക്കില്ലെന്നു പ്രഖ്യാപിക്കുമ്പോള്‍ കേരളം സങ്കുചിത സാമ്പത്തിക യുക്തിയില്‍ അമിതാക്രാന്ദത്തില്‍ നടപ്പാക്കുന്നത് തികഞ്ഞ ജാതിഹിന്ദുയുക്തിയിലാണ്. ഒരുവെടിക്കുരണ്ടുപക്കി. സനതാനമെന്ന വൈദികവര്‍ണാശ്രമധര്‍മ്മവും സ്ഥാപിക്കാം അവര്‍ണരുടെ പ്രാതിനിധ്യവും ഭരണഘടനയുടെ ജനായത്തമൂല്യവും പൂജ്യവുമാക്കാം.

മാറുമറയ്ക്കാതെയുള്ള പുരുഷന്മാരുടെ അമ്പലപ്രവേശംപോലുള്ള പ്രാകൃതമായ ജാതിയനാചാരങ്ങളും ബ്രാഹ്മണികാചാരങ്ങളും ക്ഷുദ്രവിശ്വാസങ്ങളും അവസാനിപ്പിക്കണമെന്നു പറഞ്ഞ ഗുരുവിന്റെ ധര്‍മ്മസംഘം അധ്യക്ഷനായ സച്ചിദാനന്ദസ്വാമിയെ കയ്യടികളോടെ പൊതുവേദിയില്‍അപഹസിക്കുകയും മണിപ്പിള്ള പിണറായിയെ 2018ല്‍ ഛായാഗ്രഹണിക്കുമുന്നില്‍ ജാതിത്തെറി വിളിച്ചപോലെ, അമ്പലപ്രതിഷ്ഠയും നവോത്ഥാനനായകനുമായി വാഴിച്ചിരിക്കുന്ന വിമോചനസമരനായകന്‍ മന്നത്തുപിള്ളയുടെ കുപ്രസിദ്ധമായ തെരുവുപ്രസംഗങ്ങള്‍പോലെ പരസ്യമായി വെല്ലുവിളിക്കുകയും കൊലവിളിവിളിക്കുകയും ചെയ്യുന്നു മലയാളിക്ഷുദ്രത.
പെരുന്നയിലെ നായര്‍ കണ്ണുരുട്ടിജാതിവാലാട്ടുമ്പോള്‍ ജാതിസെന്‍സസും നൈതികയജണ്ടകളും ആവിയാകുന്നു. നായനിസം ഇത്രയും പ്രമാദമായകാലമില്ല. സായിപ്പിനെക്കാണുമ്പോള്‍ വായിലെവെള്ളംവറ്റിപ്പോകുമെന്ന് ഗുരുപറഞ്ഞതും ബാലാരിഷ്ടതമാറാത്ത സാമൂഹ്യവിഭാഗത്തെക്കുറിച്ചു ഗുരുപറഞ്ഞതും ഓര്‍ക്കാം. 2024 മാര്‍ച്ച് അവസാനം വൈക്കം പോരാട്ടനൂറ്റാണ്ടുപിറപ്പില്‍ വര്‍ക്കലയിലെ ഗുരുവിന്റെ ധര്‍മ്മസംഘത്തെ നയിച്ചു സമഭാവനയോടെ പൂക്കളുമായി കടന്നുചെന്ന ശുഭാംഗാനന്ദസ്വാമിയെ അപമാനിച്ചിരുന്നു വൈക്കത്തെ മന്നംപ്രതിമയുടെ കാവലാളുകള്‍. നിരായുധരായിവന്ന ദളവാക്കുളം ധര്‍മ്മധീരരെ വെട്ടിയരിഞ്ഞു പാതിജീവനോടെ ചവിട്ടിത്താഴ്ത്തിയവരല്ലോ പപ്പനാവപിള്ളയും കുഞ്ചിക്കുട്ടിപ്പിള്ളയും അവരുടെ പരമപിതാക്കളും.

വര്‍ണവെറിയും കൊലവെറിയും വംശീയജാതിവിഷവും വമിപ്പിക്കുന്ന ശാസ്തമംഗലം, പഴവങ്ങാടി, മുതുകുളം പ്രസംഗങ്ങള്‍ ഭരണഘടനയെ നോക്കുകുത്തിയാക്കി നടത്തി, സവര്‍ക്കറേയും ഗോളവള്‍ക്കറേയും സ്വയംസേവകഭൃത്യജനസമാജത്തേയും കേരളത്തില്‍ കൊണ്ടുവന്നുസ്ഥാപിച്ച വിമോചനസമരനായകനെ നവനവോത്ഥാനനായകനാക്കി പൊതുവവധിയും കൊടുത്തിരിക്കുന്നു. കേരളത്തെ ദേവസംബോഡുപോലെ ഒറ്റജാതിഹിന്ദുവിന്റെ സ്വന്തരാജ്യമാക്കുകയാണ് സവര്‍ണത. ബ്രാഹ്മണരേക്കാള്‍ വലിയഹിന്ദുക്കളായി ശൂദ്രരും അവരുടെ അനുഗാമികളായി ചിലചണ്ടാളരും ചമയുന്ന ദുരവസ്ഥ കേരളത്തെ കെടുത്തുന്നു.

ആറാട്ടുപുഴ മംഗലം കല്ലിശേരിയിലെ നാലുകെട്ട്

വൈദികപുരുഷസൂക്തത്തേയും ഗീതയുടെ ചാതുര്‍വണ്യസിദ്ധാന്തത്തേയും താത്വികവും യുക്തിയുക്തവും ചരിത്രനര്‍മബോധത്തിലും വെല്ലുവിളിച്ചത് ഗുരുവാണ്. സനാതനവൈദികവര്‍ണാശ്രമധര്‍മ്മമെന്ന ചാതുര്‍വര്‍ണ്യഹിന്ദുമതത്തെ ഗുരു വിമര്‍ശിച്ചു തിരസ്‌കരിച്ചു. ഗുരുവിനെ ജാതിവിരുദ്ധപ്പോരാട്ടത്തില്‍ ഏറ്റവും സ്വാധീനിച്ചത് ആറാട്ടുപുഴയാണ്. ജാതിയിരുട്ടില്‍ നിന്നും സോദരത്വേനവാഴുന്ന മാതൃകാസ്ഥാനമായി നാരായണഗുരുവിനും മുമ്പ് അദ്ദേഹത്തിനും പ്രചോദനമാതൃകയായി .വര്‍ണാശ്രമധര്‍മം തൊട്ടുകൂടാത്തവരാക്കി ചവിട്ടിത്താഴ്ത്തിയ അശോകകാലം മുതല്‍ പ്രബുദ്ധരായിരുന്ന ബഹുജനതയ്ക്കുവേണ്ടി അമ്പലവും കളരിയും കളിയോഗവും പള്ളിക്കൂടവും രാപ്പളളിക്കൂടവും വായനശാലയുമുണ്ടാക്കിയത് ആറാട്ടുപുഴ വേലായുധപ്പണിക്കരാണ്. അവര്‍ണപ്പെണ്ണുങ്ങളുടെ മാനത്തിനും മാനവികതയ്ക്കും വിലയുണ്ടെന്നു വരുത്തിയതും മേല്‍ശീല, അച്ചിപ്പുടവ, മൂക്കുത്തി, കാര്‍ഷിക കലാപങ്ങള്‍ ആവിഷ്‌ക്കരിച്ചുനടത്തിയതും ജാതിലിംഗാധീശത്തത്തിനും ബ്രാഹ്മണികവും ശൂദ്രവുമായ ജാതിത്തമ്പുരാന്‍വാഴ്ച്ചയെ ചെറുത്തുകൊണ്ടദ്ദേഹമായിരുന്നു.
കായംകുളം കായലിനു പടിഞ്ഞാറുള്ള ആറാട്ടുപുഴ മംഗലം കല്ലിശേരിയിലെ എട്ടുകെട്ടില്‍ കാവുംകുളവും നാഗങ്ങളുമടക്കമുള്ള പ്രബുദ്ധപാരമ്പര്യങ്ങളുണ്ടായിരുന്ന പെരുമാളച്ചന്റെ കൊച്ചുമകനായി 1825 ജനുവരി 7ന് പിറന്ന് ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട വേലായുധപ്പെരുമാള്‍ അരനൂറ്റാണ്ടോളം നീണ്ട നിരന്തര ജാതിവിരുദ്ധ മനുഷ്യാവകാശ ജനായത്ത പോരാട്ടപരമ്പരകളുടെ തുടര്‍ച്ചയില്‍ 1874 ജനുവരി 3ന് ജാതിഹിന്ദു സവര്‍ണശക്തികളാല്‍ കൊടുംചതിയില്‍ 49വയസ്സില്‍ കൊലചെയ്യപ്പെട്ടു. ജാതിഹിന്ദുത്തം ഗൂഢാലോചനയിലൂടെ വാടക്കൊലയാളികളിലൂടെ നടത്തിയ പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും കുല്‍സിതമായ ജാതിക്കൊലകളിലൊന്നായിരുന്നു അത്.
1803ലെ തിരുവിതാംകൂര്‍ മുലക്കരത്തിനെതിരായി ചേര്‍ത്തലയിലെ നങ്ങേലിയെന്ന ധീരയായ ഈഴവവനിത സ്വന്തം മുലയരിഞ്ഞുചോരവാര്‍ന്നു നടത്തിയ ആത്മത്യാഗവും ഭര്‍ത്താവ് കണ്ടപ്പന്റെ സ്വന്തംഭാര്യയുടെ ചിതയില്‍ചാടിയുള്ള ആത്മാഹുതിയും, 1806 ലെ വൈക്കം കിഴക്കേനടയില്‍ ദളവാവേലുത്തമ്പിയുടെ കാലാളുകളും കുതിരപ്പടയും നടത്തിയ അമ്പലത്തിനുള്ളിലെ പനച്ചിക്കല്‍ക്കാവിലേക്കു സമാധാനപരമായി നിരായുധരായിനടന്നുവന്ന 200ലധികം ഈഴവയുവാക്കളുടെ നരമേധമായ ദളവാക്കുളം കൂട്ടക്കൊലയും ഈഴവരെന്ന ഇഴചേര്‍ന്ന സംഘത്തിന്‍ സ്വന്തം ജനതയോടുനടത്തിയ വംശഹത്യയും പത്തൊമ്പതാം നൂറ്റാണ്ടിനാദ്യത്തെ ഭീകരമായി അപമാനവീകരിക്കുന്നു. ദളവാക്കുളം രക്തസാക്ഷികള്‍ക്കും വൈക്കം കിഴക്കേനടയില്‍ സ്മാരകവും മ്യൂസിയവുംവേണം അടിയന്തിരമായി.1539ലാണ് വൈക്കത്തെ മഹായാന ബൗദ്ധപ്പള്ളിയെ ഒരു ബ്രാഹ്മണികഹൈന്ദവശിവക്ഷേത്രമാക്കിയതെന്ന് അമ്പലത്തേയും പ്രദേശത്തേയും കുറിച്ചുപഠിച്ച വിദേശിയായ വനിതാഗവേഷകയും ഗ്രന്ഥകാരിയുമായ സ്റ്റെല്ല ക്രാംറിച് മുതല്‍ പ്രാദേശികചരിത്രകാരനായ ദലിത്ബന്ധു എന്‍. കെ. ജോസും ഈ ലേഖകനും നിരവധി പഠനങ്ങളിലും പുസ്തകങ്ങളിലും രേഖപ്പെടുത്തുന്നു.

ടി. കെ. മാധവന്റെ ദേശാഭിമാനിയില്‍ 1923ല്‍ രണ്ടുലക്കങ്ങളായാണ് അന്തരിച്ച തലയോലപ്പറമ്പ് എം. എല്‍. സി.യും ശ്രീനാരായണപ്രസ്ഥാനത്തിന്റെ ജനനേതാവുമായ കെ. ആര്‍. നാരായണന്‍ ദളവാക്കുളം പോരാട്ടവും കൂട്ടക്കൊലയും വിശദമായി രേഖപ്പെടുത്തിയത്. 2018ല്‍ എ. വി. അശോകന്‍ എഴുതിയ കെ. ആറിന്‍ ജീവചരിത്രത്തിലും ഇതുണ്ട്.
1850കളുടെ തുടക്കത്തില്‍ ആറാട്ടുപുഴ വൈക്കത്തമ്പലത്തില്‍ ഒരു വേഷബ്രാഹ്മണനായി കടന്നുകയറി മഹായാനവജ്രയാനധാരകളിലൂടെ ബ്രാഹ്മണീകരിക്കപ്പെട്ട താന്ത്രികവിധികളും പ്രതിഷ്ഠാപനരീതികളും വിശദമായി നിരീക്ഷിച്ചുപഠിച്ചു. 1852ലെ മംഗലം ജ്ഞാനേശ്വരം, ചേര്‍ത്തല ചെറുവാരണം പുത്തനമ്പലം എന്നീപ്രതിഷ്ഠകളിലേക്കായിരുന്നു ആറാട്ടുപുഴനീങ്ങിയത്. മടങ്ങവേ താനൊരവര്‍ണനായ തൊട്ടുകൂടാത്തവനാണെന്നു തുറന്നുപറഞ്ഞ്, താന്ത്രികമായ പരിഹാരത്തിനുള്ള പണക്കിഴിയും എറിഞ്ഞുകൊടുത്താണ് വൈക്കം കായലോരത്തു കിടന്ന തണ്ടുവച്ച വള്ളത്തില്‍ തെക്കോട്ടു വേമ്പാനാട്ടുകായലിലൂടെ രക്ഷപ്പെട്ടത്. ഗോവയും ഗുജറാത്തും സിന്ധുതീരങ്ങളും വരെ പെരുമാളച്ചന്റെ ഉരുക്കളിലും കച്ചവടക്കപ്പലുകളിലും ആറാട്ടുപുഴ പോയിവന്നിട്ടുണ്ട്.

ദലിതര്‍ക്കും എല്ലാത്തൊട്ടുകൂടാത്തവര്‍ക്കുമായി നിരവധി പള്ളിക്കൂടങ്ങളും രാപ്പള്ളിക്കൂടങ്ങളും വായനശാലയും സ്ഥാപിച്ചുനടത്തിയ വിദ്യാഭ്യാസബോധനപരിപാടികളും സ്ത്രീകളുടെ അന്തസ്സും അഭിമാനവും തൊഴിലാളികളായ അടിസ്ഥാന അവര്‍ണജനതകളുടെ ഐക്യത്തിനും ഉയിര്‍പ്പിനും ചാലകതയ്ക്കുമായി നടത്തിയ ആധുനികകേരളത്തിലെ ആദ്യ കാര്‍ഷികപണിമുടക്കുമാണ് ആറാട്ടുപുഴയെ നവോത്ഥാനപ്പോരാട്ടങ്ങളുടെ മുന്നണിയിലേക്കു നയിക്കുന്നത്. സംസ്‌കാരരാഷ്ട്രീയത്തേയും വിമോചനപ്പോരാട്ടത്തേയും കളരിയും കളിയോഗവും കഥകളിപ്രസ്ഥാനപരമ്പരയും തന്നെ അവര്‍ണര്‍ക്കായി നടത്തിക്കൊണ്ട് തിരുവിതാംകൂറിലെമ്പാടും അദ്ദേഹം തുറന്നു. സ്മൃതിശ്രുതിപുരാണങ്ങളാലും കാവ്യേതിഹാസങ്ങളാലും താങ്ങിനിര്‍ത്തപ്പെടുന്ന സനാതനവൈദികവര്‍ണാശ്രമധര്‍മ്മത്തിനെതിരായ കലാപമായിരുന്നു അത്. ഗുരുവിനിതേറെ പ്രചോദനം കൊടുത്തിട്ടുണ്ട്.

ഇങ്ങനെ ഗുരുവിനും മാതൃകയും പ്രചോദനവുമായ ചരിത്രകര്‍തൃത്വത്തേയാണ് കാട്ടുകള്ളനെന്നും ”ലോക്കല്‍ തഗ്ഗെ”ന്നും ഓറിയന്റ് ബ്ലാക്‌സ്വാന്‍ 2018ല്‍ പ്രസിദ്ധീകരിച്ച ആംഗലപുത്തകത്തില്‍ കേരളചരിത്രപണ്ഡിതമന്യരായി മുഖ്യധാരയും സര്‍ക്കാരും അക്കാദമികളും മാധ്യമങ്ങളും വാഴ്ത്തുന്ന രാജന്‍ഗുരുക്കളും രാഘവവാരിയരും കൂടി എഴുതിപ്പിടിപ്പിച്ചത്. ആറാട്ടുപുഴയുടെ ധാര്‍മികതയേയുമിവർ ചോദ്യംചെയ്യുന്നു. ഇപ്പോള്‍ മറ്റൊരു പണ്ഡിതമന്യന്‍ ചരമവര്‍ഷം രണ്ടുവര്‍ഷം നേരത്തേയാക്കിയെന്നുമാത്രം.
വിനയനെടുത്ത ആറാട്ടുപുഴയുടെ ബയോപിക്കിനെ വെറും ചവറെന്നും അതിന് 2022ലെ അക്കാദമി പുരസ്‌കാരത്തിലൊന്നും കൊടുക്കരുതെന്നുമാണ് 2022ലും 2023ലും തുടര്‍ച്ചയായി പ്രേക്ഷകരുടേയും കേരള രാജ്യാന്തരമേളാ പ്രതിനിധകളുടേയും കനത്തകൂവലും ചവര്‍മാന്‍ എന്ന വിളിയും കേട്ട ഗുരുവായൂരപ്പപരസ്യങ്ങളും യാഗംചെയ്തുമഴപെയ്യിക്കുന്ന പടങ്ങളുമെടുത്ത ചെയര്‍മാന്‍ രഞ്ജിത്തെന്ന സൂത്രധാരന്‍ പറഞ്ഞതെന്ന് കലാകാരനായ നേമംപുഷ്പ്പരാജടക്കം മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഡോ. ബിജുവിന്റെ പടങ്ങളെ ഇങ്ങനെ നിരന്തരം ഒഴിവാക്കിയ ചവര്‍മാനെ ബിജുവും മാധ്യമങ്ങളിലൂടെ നിശിതമായി വിചാരണനടത്തിയിരുന്നു. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കുംപോലും ഭീഷണിയായ ചവര്‍മാന്‍ ഇന്ന് ചരിത്രത്തിന്‍ ചവറ്റുകുട്ടയിലാണ്. ഭരണഘടനയെ, സത്യനീതിപുത്തകത്തെ, ജനതയുടെ നൈതികക്കരാറിനെ, പ്രാതിനിധ്യജനായത്തത്തെ അട്ടിമറിച്ചു ചവിട്ടിത്തേക്കുന്നവരോരോരുത്തരും ഇതറിയേണ്ടതുണ്ട്.

പത്തോ പന്ത്രണ്ടോ ശതമാനം വരുന്ന ജാതിഹിന്ദു സാമൂഹ്യ വിഭാഗം 2018ലെ സവര്‍ണരുടെ സാമ്പത്തികസംവരണത്തിനായി ശബരിമലശൂദ്രലഹളയുടെ സമ്മര്‍ദ്ദ പരിസരത്ത് അവര്‍ണനായ മുഖ്യമന്ത്രിയേപോലും തെരുവില്‍ ജാതിത്തെറി വിളിച്ചു നടത്തിയ കേരളദേവസം ഓഡിനന്‍സിലൂടെ 100 ശതമാനം സംവരണീയരായി സ്വയംപൂജിതരായി. ഈ ഒളിഗാര്‍ക്കിയുടെ പ്രതിനിധികളാണ് അക്കാദമികളേയും മാധ്യമങ്ങളേയും ബഹുജനനികുതിപ്പണം ഉപയോഗിക്കുന്ന എല്ലാ പൊതുമേഖലാ, സ്വകാര്യമാധ്യമങ്ങളേയുംഅട്ടിപ്പേറുംകുത്തകയുമാക്കി നിയന്ത്രിക്കുന്ന്. ചവര്‍മാന്‍മാരും മണിപ്പിള്ളമാരും ദേവസംമന്ത്രിയേപ്പോലും പൊതുവേദിയില്‍ ജാത്യാചാരം ചെയ്യുന്ന പൂജാരിമാരും പരിചാരകന്മാരും ഉണ്ടാകുന്നതിങ്ങനെയാണ്.

മുന്നാക്കരിലെപ്പിന്നാക്കര്‍ എന്ന വിചിത്രവിരോധാഭാസത്തിലൂടെ ഇക്കണോമിക്കലി വീക്കര്‍ സെക്ഷന്‍ എന്ന സവര്‍ണജാതിക്കു മാത്രമുള്ളസാമ്പത്തികജാതിസംവരണത്തിലൂടെ ഭരണഘടനയുടേയും ജനായത്തത്തിന്റേയം ആധാരമായ ബഹുജനപ്രാതിനിധ്യം പരിപൂര്‍ണമായും അട്ടിമറിക്കപ്പെട്ടിരിക്കുന്നു. പ്രാതിനിധ്യവിഷയത്തില്‍ സാമ്പത്തികം ഘടകമേയല്ല.മണിപ്പിള്ളയുടെ ജാതിത്തെറി മുഖ്യമന്ത്രിക്കെന്നല്ല ആര്‍ക്കും ക്ഷമിക്കാവുന്നതല്ല. മാനവരാശിക്കും ജാതിഹിംസയെ കുറ്റകരമാക്കുന്ന ഇന്ത്യന്‍ഭരണഘടനയ്ക്കും എതിരായ കുറ്റകൃത്യമാണത്. വൈകിയെങ്കിലും സനാതനധര്‍മ്മത്തെ വിമര്‍ശിച്ച മുഖ്യമന്ത്രി ഇനി നിയമത്തെ അതിന്റെ വഴിക്കുപോകാനനുവദിക്കണം. ഭരണഘടനായട്ടിമറിയടക്കമുള്ള തെറ്റുകള്‍ തിരുത്തണം. തമിളകമടക്കം സാമ്പത്തികസംവരണവും ദേശീയാഭ്യാസനയവും ചെറുക്കുന്ന സംസ്ഥാനങ്ങളുടെ കൂടെനിന്ന് പോരാടിയാല്‍മതി. സാമൂഹ്യപ്രാതിനിധ്യത്തിന്റെ സത്യവും നീതിയും മനസ്സിലാക്കാന്‍ സാമൂഹ്യസര്‍വേയും നടത്തണം. പെരുന്നയിലെ നല്ലതാക്കോല്‍സ്ഥാനി നായന്‍ വിരട്ടുമ്പോള്‍ മാറ്റാവുന്നതല്ല ഈ അടിസ്ഥാനവിവര സര്‍വേ. സത്യനീതിയിലേക്കുള്ള താക്കോലാണത്.സ്വയംസേവകരെ കേരളത്തില്‍ കൊണ്ടുവന്നു സ്ഥാപിച്ച വിമോചനസമരനായകനെ ദൈവവും നവോത്ഥാനനായകനുമാക്കുന്ന നായിലും നാണംകെട്ട ചവിട്ടുന്ന പാദംനക്കുന്ന നായനിസം എന്ന ജനവഞ്ചനാക്രമം വര്‍ണാശ്രമധര്‍മംപോലെ തള്ളിക്കളയണം വിമര്‍ശിക്കണം. ഗുരുശിഷ്യരായ മൂലൂരും കറുപ്പനും ആശാനും സഹോദരനും ഇരുപതാംനൂറ്റാണ്ടിനാദ്യത്തില്‍ പാടിയുണര്‍ത്തിയ ജനതയുടെ സല്‍പ്രാതിനിധ്യമെന്ന പര്യാപ്തമായ ജനസംഖ്യാനുപാതികമായ നീതിയും നേരുമുള്ള അധികാരപങ്കാളിത്തമായ ജനായത്ത പ്രാതിനിധ്യത്തിനാണ് ആറാട്ടുപുഴയും പോരാടിമരിച്ചത്.സാംസ്‌കാരികവും രാഷ്ട്രീയവുമായ പ്രാതിനിധ്യത്തിനും നൈതികമായ നേരും നെറിയുമുള്ള പ്രതിനിധാനങ്ങള്‍ക്കും അദ്ദേഹം പ്രാധാന്യം കൊടുത്തു. 1874 ജനുവരിയാദ്യവാരത്തില്‍ നീതിക്കുവേണ്ടിയുള്ള നിതാന്തസമരത്തില്‍ കൊല്ലംകച്ചേരിയിലേക്കുളള തോണിയാത്രയില്‍ ഉറക്കത്തില്‍ ചതിയില്‍ കൊലചെയ്യപ്പെട്ട ആറാട്ടുപുഴയുടെ നൂറ്റമ്പതാം പരിനിബാണദിനവും 1825 ജനുവരി 7 ന് പിറന്ന ആ വീരകേരളപുത്രന്റെ ഇരുനൂറാം ജന്മവാര്‍ഷികശതാബ്ദിവര്‍ഷാചരണത്തിന്റെ പരിസമാപ്തിയുമാണ് 2025 ജനുവരി ആദ്യവാരം വരുന്നത്.
നീതിയേയും പ്രാതിനിധ്യത്തേയും അട്ടിമറിച്ച് ജാതിഹിന്ദുക്ഷുദ്രത വെട്ടിമൂടിമറച്ചുവച്ചിരിക്കുന്ന പ്രബുദ്ധമായ കേരളത്തിന്റെ അശോകപാരമ്പര്യങ്ങളും സംഘസംസ്‌കാരചരിത്രവും പുതുതലമുറ അറിയുകയും പഠിക്കുകയും ചെയ്യട്ടെ.
9895797798.

Author

Scroll to top
Close
Browse Categories