ആശാന്റെ “അച്ഛനും’ “കുട്ടിയും തള്ളയും’
മാതൃവാത്സല്യം സുതാര്യമാണ്. അത്രത്തോളം സുതാര്യത, പൗരുഷത്തിന്റെ മറകാരണം അച്ഛന്റെ സ്നേഹത്തില്‍ പലപ്പോഴും മക്കള്‍ തിരിച്ചറിയാറില്ല. എല്ലാ യുഗത്തിലെയും ഏതു ദേശത്തെയും പിതാക്കന്മാരുടെ ഒരു പൊതുജാതക ദോഷമാണിതെന്നും പറയാം. പിതൃവാത്സല്യം മിക്കവാറും ഒരു പരിധിവരെയെങ്കിലും മക്കള്‍ വായിച്ചറിയുക അന്ത്യയാത്രയ്ക്കു ശേഷമാകും എന്ന ദുര്യോഗവുമുണ്ട്.
രാവിന്റെ പല തിരുവാഭരണങ്ങളും പകല്‍ വെളിച്ചത്തില്‍ ശ്രദ്ധേയമായെന്നു വരില്ല. പൂര്ണചന്ദ്രന് പൂമുഖത്തെത്തുമ്പോള്‍ നക്ഷത്രങ്ങളുടെ ഓമനത്തവും മറഞ്ഞു പോകുന്നു. കുമാരനാശാന്റെ ഏറ്റവും പ്രശസ്തമായ കൃതികള്‍ ദിഗ്വിജയം നേടിയപ്പോള്‍ ആദ്യകാലത്തെ പല വ്യത്യസ്ത രചനകളും പിന്നാമ്പുറങ്ങളിലൊതുങ്ങി. ഒരച്ഛന്റെ വാത്സല്യവും സ്നേഹവും കരുതലും ഒളിപ്പിച്ച ‘അച്ഛന്’ എന്ന ആശാന്റെ ലഘു കവിതയ്ക്കുമുണ്ടായി ഈ ദുരവസ്ഥ.
പ്രകൃതിയുടെ സൃഷ്ടിയില്‍ മാതൃത്വത്തിനാണ് എക്കാലവും മുന്തിയ പരിഗണനയും അംഗീകാരവും ലഭിക്കുന്നത്. സ്നേഹത്തിന്റെ മഴവില്ലില്‍ മാതൃസ്നേഹമാണ് ഏറ്റവും മുകളില്‍ തെളിഞ്ഞു കാണുക. ലോകത്തെ പല ക്ലാസിക് കൃതികളിലും മാതൃസ്നേഹമാണ് നട്ടെല്ലായി വര്‍ത്തിക്കുന്നത്. ഭൂമിയുടെ വാത്സല്യം പോലെയാണ് മാതൃസ്നേഹം. അതു തൊട്ടരികിലാണെന്ന അനുഭവം. അച്ഛന്റെ സ്നേഹം സൂര്യസ്പര്‍ശം പോലെ. ചുറ്റിനുമുള്ള എല്ലാ സൗഭാഗ്യങ്ങളും അതേകുന്നുണ്ടെങ്കിലും ദൂരെ മുകളിലാണെന്ന ബോധം അതിനൊപ്പമുണ്ട്. വയലാറിന്റെ പ്രശസ്തമായ ‘ആത്മാവിലൊരു ചിത’ പിതൃവാത്സല്യം ചൊരിയുന്നതാണ്. മരണത്തെ എട്ടുംപൊട്ടും തിരിയാത്ത മകന് നിഷ്കളങ്ക ചിന്തകളിലൂടെ തൊട്ടുതലോടുകയാണ് വയലാറിന്റെ കവിതയില്‍.
കുമാരനാശാന്റെ അച്ഛന് എന്ന് കൊച്ചുകവിത 1912 നവംബറില്‍ രചിക്കപ്പെട്ടതാണ്. അച്ഛനും മകനും രണ്ടല്ലെന്ന ദര്‍ശനം ഈ കവിത പകരുന്നു. ഒരു പകല്‍ വെട്ടത്തില്‍ തുടങ്ങുന്ന കവിത രാത്രിയുറക്കത്തിലെ ഒരു ചുംബനത്തില്‍ അവസാനിക്കുന്നു. പിതൃവാത്സല്യം അച്ഛന്റെ ചുണ്ടുകളില്‍ നിന്ന് മകന്റെ നെറ്റി ഏറ്റുവാങ്ങുന്നു. നിദ്രയിലാണ്ട മകന് അതറിയുന്നില്ലെന്നു മാത്രം.
മാതൃവാത്സല്യം സുതാര്യമാണ്. അത്രത്തോളം സുതാര്യത, പൗരുഷത്തിന്റെ മറകാരണം അച്ഛന്റെ സ്നേഹത്തില്‍ പലപ്പോഴും മക്കള്‍ തിരിച്ചറിയാറില്ല. എല്ലാ യുഗത്തിലെയും ഏതു ദേശത്തെയും പിതാക്കന്മാരുടെ ഒരു പൊതുജാതക ദോഷമാണിതെന്നും പറയാം. പിതൃവാത്സല്യം മിക്കവാറും ഒരു പരിധിവരെയെങ്കിലും മക്കള്‍ വായിച്ചറിയുക അന്ത്യയാത്രയ്ക്കു ശേഷമാകും എന്ന ദുര്യോഗവുമുണ്ട്.
സ്വന്തം അച്ഛന് ആശാന്റെ ഈ കവിതയെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ടാവണം. പിന്നാക്കമെന്ന് സവര്‍ണര്‍ മുദ്രകുത്തിയ ഒരു സമുദായത്തിലെ താഴെക്കിടയില്‍പ്പെട്ട ഒരു കുടുംബത്തിലായിരുന്നല്ലോ കുമാരുവിന്റെ ജനനം. കാര്യമായ സാമ്പത്തിക ശേഷിയൊന്നുമില്ലാത്ത ഗൃഹനാഥന്റെ ഒമ്പതുമക്കളില്‍ രണ്ടാമനായിരുന്നു കുമാരു. തമിഴ്മലയാള സാഹിത്യത്തില്‍ സാമാന്യജ്ഞാനം, സത്യസന്ധത, ഈശ്വരഭക്തി, സംഗീതത്തില്‍ അത്യാസക്തി എന്നിവയായിരുന്നു അച്ഛന്റെ ഗുണസമ്പത്ത്. ശ്രീനാരായണഗുരുവിനെ മനസാവരിച്ച് ഗുരുവിന്റെ ക്ഷണപ്രകാരം കുമാരു നടന്നു നീങ്ങിയത് കവിതയുടെ വിശാലമായ സാമ്രാജ്യത്തിലേക്കായിരുന്നു. സാമൂഹ്യ പരിവര്‍ത്തനത്തിന്റെ പാതയിലേക്കായിരുന്നു. അനാചാരങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാനായിരുന്നു.
ഗുരുദേവനോടൊപ്പം നിഴല്‍പോലെ പിന്തുടര്‍ന്ന ചിന്നസ്വാമിക്ക് പിന്നെ പിതൃവാത്സല്യം അടുത്തറിയാനായില്ല. പരദൈവവും രക്ഷിതാവുമെല്ലാം ഗുരുദേവന് തന്നെയായിരുന്നു. ആത്മാവില്‍ പിതൃബന്ധം ദൃഢമായിരുന്നെങ്കിലും ജീവിതത്തില്‍ ഇടപഴകാനും സ്നേഹം പങ്കിടാനുമുള്ള അവസരങ്ങള്‍ കുറവായിരുന്നു. ആ ചിന്താഭാരവും ദുഃഖവുമാകാം അച്ഛന് എന്ന കവിതയായി പരിണമിച്ചത്.
വിശാലമായ ആകാശം ചിത്രകാരന് രണ്ടോ മൂന്നോ വരകളിലൂടെ ധ്വനിപ്പിക്കും പോലെയാണ് ‘അച്ഛന്’ എന്ന കവിത. എല്ലാ രചനയിലുമെന്നപോലെ നാടകീയമായ തുടക്കം ഇവിടെയും കാണാം.
ശൈശവത്തില്‍ ഏതൊരു വ്യക്തിയും അതു മകനായാലും മകളായാലും മനസ്സ് കൊണ്ട് അറിയുകയും അനുഭവിച്ചറിയുകയും ചെയ്യുന്ന അനുഭൂതി ഈ കവിതയെ അടിമുടി അനുഗ്രഹിച്ചിരിക്കുന്നു. ചില്ലു കണ്ണാടിയില്‍ പ്രതിഫലിക്കുന്ന ആകാശം പോലെ സുന്ദരമാണ് ആശാന്റെ ‘അച്ഛന്’ . ജീവിതദൗത്യങ്ങള് വഴിതിരിച്ചുവിട്ടതിനാല്‍ ആഗ്രഹിച്ച പോലെ അച്ഛനോട് നീതിപുലര്‍ത്താനായില്ലെന്ന പശ്ചാത്താപത്തിന്റെ നിഴലാട്ടവും ഈ കവിതയില്‍ കാണാം.
സായാഹ്നത്തില്‍ പള്ളിക്കൂടം വിട്ട് തുള്ളിച്ചാടിയെത്തുകയാണ് മകന്. ആ വരവ് കണ്ട് മറ്റ് കാര്യങ്ങളെല്ലാം തള്ളി കാരുണ്യപൂര്‍വം നോക്കുന്ന അച്ഛന്റെ നോട്ടം എത്ര വാചാലമാണ്. മുണ്ടും ജോടും പുസ്തകവും പന്തുമെല്ലാം വാങ്ങിത്തരുന്ന അച്ഛന് ഗൃഹപാഠം കഴിഞ്ഞാല്‍ മറ്റാരുമില്ലെങ്കില്‍ ബാലനല്ലെന്നതു മറന്നു കൂടെ കളിക്കാനുമിറങ്ങും. കണ്ണാടി നോക്കിയാല്‍ രണ്ടാള്‍ക്കും കൗതുകം തോന്നും, അത്രമാത്രം സാമ്യത. അച്ഛന് വലിപ്പം കൂടുതലെന്നതോ മുഖരോമങ്ങളുള്ളതോ ആണ് വ്യത്യാസം.
ജീവിതക്ലേശങ്ങളില്‍ ചിന്ത പൂണ്ടുഴറിയിരിക്കുമ്പോഴും എന്മുഖം കണ്ടാല്‍ അച്ഛന്റെ മുഖം സന്തോഷം കൊണ്ടുവിടരും. ഞാന്‍ ചോദിച്ചാല്‍ അച്ഛന് നല്‍കാത്തതായി ഒന്നുമില്ല. അത്രമാത്രം സ്നേഹോദാരനാണ് എന്റെ അച്ഛന്.
വീടിനെക്കാള്‍, സ്വത്തിനെക്കാള്‍ അച്ഛന് എന്നെ സ്നേഹിച്ചിടുന്നു. എന്തിന് അമ്മയെക്കാളും സ്നേഹം എന്നോടാണ്. എല്ലം ചിന്തിക്കുമ്പോള്‍ എനിക്ക് സ്നേഹം കര കവിയുന്നു. രണ്ടു ദേഹങ്ങളാണെങ്കിലും ഞങ്ങള്‍ ഒന്നുതന്നെയാണ് എന്ന് കവി ബാലന് ചിന്തിക്കുന്നു. കവിതയിലെ ബാലന് കുമാരു തന്നെയെന്നു വ്യക്തം.
ഇതുവരെ പറഞ്ഞതെല്ലാം പിതൃസ്നേഹത്തിന്റെ ഒന്നാന്തരം വാങ്മയചിത്രങ്ങളാണ്. എന്നാല്‍ ആശാന്റെ സ്വതസിദ്ധമായ കൈമുദ്ര അവസാന ശ്ലോകത്തില്‍ നന്നായി പതിഞ്ഞിരിക്കുന്നു. പള്ളിക്കൂടം വിട്ടുവരുന്ന സായാഹ്നത്തില്‍ ആരംഭിക്കുന്ന കവിത നിദ്രയില്‍ കിനാവില് തോഴരോട് പിതൃസ്നേഹം പറയുന്നിടത്ത് മൂര്‍ദ്ധന്യാവസ്ഥയിലെത്തുന്നു. അച്ഛന്റെ സ്നേഹവും വാത്സല്യവും ചങ്ങാതിമാരോട് ഉറക്കത്തില്‍ അര്‍ദ്ധബോധാവസ്ഥയിലും ചൊല്ലിയുറങ്ങുകയാണ് മകന്. വാത്സല്യത്തോടെ ഇമകളടച്ച് ഉറങ്ങുന്ന മകന്റെ മൗലിയില്‍ ആഹ്ളാദത്തോടും വാത്സല്യത്തോടും പൊന്നുമ്മ നല്‍കുകയാണ് അച്ഛന്. ഉറക്കത്തില്‍ അച്ഛന്റെ ഉമ്മയോ സ്നേഹവാത്സല്യങ്ങളോ മകന് അറിയുന്നില്ലെന്ന് മാത്രം. അച്ഛനും മകനും തമ്മിലുള്ള ചെറിയൊരു സംഭാഷണ ശകലം പോലുമില്ലാതെയാണ് പിതൃസ്നേഹത്തിന്റെ വലിയൊരു ഭൂപടം ആശാന് വരയ്ക്കുന്നത്.
ശൈശവത്തില്‍ ഏതൊരു വ്യക്തിയും അതു മകനായാലും മകളായാലും മനസ്സ് കൊണ്ട് അറിയുകയും അനുഭവിച്ചറിയുകയും ചെയ്യുന്ന അനുഭൂതി ഈ കവിതയെ അടിമുടി അനുഗ്രഹിച്ചിരിക്കുന്നു. ചില്ലു കണ്ണാടിയില്‍ പ്രതിഫലിക്കുന്ന ആകാശം പോലെ സുന്ദരമാണ് ആശാന്റെ ‘അച്ഛന്’ . ജീവിതദൗത്യങ്ങള് വഴിതിരിച്ചുവിട്ടതിനാല്‍ ആഗ്രഹിച്ച പോലെ അച്ഛനോട് നീതിപുലര്‍ത്താനായില്ലെന്ന പശ്ചാത്താപത്തിന്റെ നിഴലാട്ടവും ഈ കവിതയില്‍ കാണാം.
ജീവിതമദ്ധ്യാഹ്നത്തിനു ശേഷം ഹ്രസ്വമായ ഒരു കാലയളവ് മാത്രമേ കേവലം ഏഴുവര്‍ഷം – ദാമ്പത്യ ജീവിതം സ്നേഹഗായകനായ ആശാന് പ്രകൃതി നല്കിയുള്ളു. അതില്‍ത്തന്നെ ക്ഷണികമായ കലായളവ് മാത്രമേ അച്ഛന്റെ സ്നേഹം മക്കള്‍ക്ക് നല്കാനുമായുള്ളു. എങ്കിലും കൈക്കുമ്പിളില്‍ വീണുകിട്ടിയ ആ ഹ്രസ്വകാലത്ത് രചിച്ച ‘കുട്ടിയും തള്ളയും’ എന്ന കവിത മതി പിതൃസ്നേഹം പൂത്തുലഞ്ഞ് വസന്തമാകുന്നത് അനുഭവിക്കാന്‍. അമ്മയും മകനുമാണ് സംഭാഷണരൂപത്തില്‍ കവിതയായി ഇതള്‍ വിടര്ത്തുന്നതെങ്കിലും അതു മനസ്സില്‍ രചിച്ച് മക്കള്‍ക്ക് ഭാര്യ ഭാനുമതി ചൊല്ലിക്കൊടുക്കുന്നത് കണ്ട് നിര്‍വൃതിയടയുന്ന കവിയച്ഛനെ ഇവിടെ കാണാം. സ്വപ്നത്തില്‍ അച്ഛന് തനിക്ക് നല്കിയ ഉമ്മ താന്‍ അച്ഛനായപ്പോള്‍ പൂവായും ശലഭമായും പറത്തിവിടുകയാണ് സ്നേഹധന്യഗായകനായ ആശാന്. ഒന്നായ അച്ഛനും മകനും കണ്ണാടിയില്‍ രണ്ടായി കാണപ്പെടുന്നതിന്റെ രഹസ്യവും ആശാന് ഇവിടെ പറഞ്ഞിട്ടുണ്ട്.
‘നാമിങ്ങറിയുവതല്പം എല്ലാം
ഓമനേ ദൈവസങ്കല്പം’