ക്ളാസുകള്‍ക്കപ്പുറം നേടേണ്ട എ-പ്ലസ്
നമ്മുടെ വീടുകളിലെയും, നമുക്കു ചുറ്റിനുമുള്ള കുട്ടികളെയും വെറുതെ ഒന്ന് നിരീക്ഷിക്കുക. ഇവരില്‍ എത്രപേര്‍ സമൂഹത്തിനും, സഹജീവികള്‍ക്കും അവരാല്‍ കഴിയുന്ന എന്തെങ്കിലുമൊക്കെ സഹായം നല്കിക്കൊണ്ടും, മുതിര്‍ന്നവരെ ബഹുമാനിച്ചുകൊണ്ടും ജീവിക്കുന്നുണ്ട്? അതില്‍ മുന്‍പ് സൂചിപ്പിച്ചതുപോലെ ഈ കൊടും ചൂടില്‍ വലയുന്ന പക്ഷികള്‍ക്കും, മൃഗങ്ങള്‍ക്കും അല്പം വെള്ളം ഒഴിച്ചുവച്ചു കൊടുക്കുന്നുണ്ട്?
എസ്.എസ്.എല്‍.സി റിസള്‍ട്ട് വന്നതിനുശേഷം എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ കുട്ടികളും രക്ഷകര്‍ത്താക്കളും ഒക്കെ അവരവരുടെ റിസള്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നതിലും, പ്രിയപ്പെട്ടവരേ അറിയിക്കുന്ന തിരക്കിലും ആയിരുന്നെങ്കില്‍ ഉന്നതവിജയം നേടാത്ത ഒരു കുട്ടിയുടെ പിതാവ് ആ കുട്ടിയെക്കുറിച്ചു പങ്കുവച്ച ഒരു അഭിപ്രായമാണ് എല്ലാ എ-പ്ലസ് വിശേഷങ്ങള്‍ക്കിടയിലും താരമായത്. ആ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ആയിരുന്നു.
‘അവനു ഫുള്‍ എ പ്ലസ് ഒന്നുമില്ല. രണ്ട് എ പ്ലസ്, പിന്നെയുള്ളത് എയും, ബിയും. ഞാന്‍ എന്റെ മകനെ അഭിമാനത്തോടെ ചേര്‍ത്ത് പിടിക്കുന്നു. അന്നത്തില്‍ ഒരോഹരി പൂച്ചകള്‍ക്ക് കൊടുക്കുന്നതിന്, ഈ പൊരിവെയിലത്തു ഒറ്റദിവസം പോലും മുടങ്ങാതെ കിളികള്‍ക്കും കാക്കകള്‍ക്കും വെള്ളം കൊടുക്കുന്നതിന്, സ്വന്തം വസ്ത്രങ്ങള്‍ അലക്കുകയും, കഴിച്ച പാത്രങ്ങള്‍ കഴുകുകയും, സ്വന്തം കിടപ്പിടം തുടക്കുകയും മുറ്റമടിക്കുകയും ചെയ്യുന്നതിന്, ഞാന്‍ കൊടുക്കുന്ന ചെറിയ പോക്കറ്റുമണിയില്‍ നിന്ന് അത് കിട്ടാത്ത കൂട്ടുകാര്‍ക്ക് ഒരോഹരി കൊടുക്കുന്നതിന്.’ എന്നിങ്ങനെ പോകുന്നു മകന് മുഹമ്മദ് ഹാഷിമിനെകുറിച്ചു പിതാവ് മുഹമ്മദ് അബ്ബാസ് എഴുതിയ പോസ്റ്റ്. ഈ പോസ്റ്റ് അടുത്തകാലത്ത് ഉണ്ടായിട്ടുള്ള ഏറ്റവും നല്ല ഒരു സന്ദേശം ആണെന്നതില്‍ സംശയമില്ല. പുസ്തകങ്ങളിലെ പാഠങ്ങള്‍ പഠിച്ചു നേടുന്ന ഫുള്‍ എ പ്ലസുകള്ക്കപ്പുറം ഈ കുട്ടി അവന്റെ പ്രവൃത്തികൊണ്ട് നേടിയ സമൂഹ മനസാക്ഷിയുടെ ഒരായിരം എ പ്ലസുകള്‍ക്ക് നമ്മുടെ സമൂഹത്തില്‍ എന്താണ്, എവിടെയാണ് സ്ഥാനമെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. മറ്റുള്ള കുട്ടികള്ക്കാകെയും ആ സന്ദേശം നാം പകര്‍ന്നു കൊടുക്കേണ്ടിയുമിരിക്കുന്നു.
നമ്മുടെ വിദ്യാഭ്യാസരംഗവും മൂല്യനിര്‍ണ്ണയത്തിലെ പഴഞ്ചന്‍ രീതിയുമൊക്കെ കാലഹരണപ്പെട്ടിരിക്കുന്നു. പണ്ടുമുതല്‍ തുടര്‍ന്നുപോകുന്ന പരീക്ഷാസമ്പ്രദായം ഉടച്ചുവാര്‍ക്കേണ്ട സമയമായിരിക്കുന്നു. മുഴുവന്‍ മാര്‍ക്കും വാങ്ങി അവനോ അവളോ തൊഴില്‍സാധ്യതയുള്ള കോഴ്സുകള്‍ മാത്രം ലക്ഷ്യമാക്കി ഉപരിപഠനവും, അതിനുശേഷം എന്തെങ്കിലും തൊഴിലും നേടി കുടുംബത്തെ പോറ്റുമ്പോള്‍ അവര്‍ അവരിലേക്കുമാത്രം ചുരുങ്ങുകയാണ്. അവര്‍ക്ക് ലഭിക്കേണ്ട യഥാര്‍ഥ വിദ്യാഭ്യാസം മേല്‍ സൂചിപ്പിച്ചതരത്തില്‍ സഹജീവികളെക്കൂടി പരിഗണിച്ചുകൊണ്ടുള്ള സാമൂഹികവിദ്യാഭ്യാസം ആണെന്നതില്‍ മറിച്ചൊരു അഭിപ്രായം ഉണ്ടാകാന്‍ ഇടയില്ല. അത് അവര്‍ക്കു നല്കാന് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് കഴിയുന്നുണ്ടോ എന്നുള്ളത് ഗൗരവമുള്ള കാര്യമാണ്.
നമ്മുടെ വീടുകളിലെയും, നമുക്കു ചുറ്റിനുമുള്ള കുട്ടികളെയും വെറുതെ ഒന്ന് നിരീക്ഷിക്കുക. ഇവരില്‍ എത്രപേര്‍ സമൂഹത്തിനും, സഹജീവികള്‍ക്കും അവരാല്‍ കഴിയുന്ന എന്തെങ്കിലുമൊക്കെ സഹായം നല്കിക്കൊണ്ടും, മുതിര്‍ന്നവരെ ബഹുമാനിച്ചുകൊണ്ടും ജീവിക്കുന്നുണ്ട്? അതില്‍ മുന്‍പ് സൂചിപ്പിച്ചതുപോലെ ഈ കൊടും ചൂടില്‍ വലയുന്ന പക്ഷികള്‍ക്കും, മൃഗങ്ങള്‍ക്കും അല്പം വെള്ളം ഒഴിച്ചുവച്ചു കൊടുക്കുന്നുണ്ട്? അച്ഛന് നല്കിയ പോക്കറ്റുമണിയില്‍ സ്വന്തം കാര്യം മാത്രം നോക്കാതെ കൂടെയുള്ളവര്‍ക്കും അതിന്റെ ഭാഗം നല്‍കുന്നുണ്ട്? സ്വന്തം വസ്ത്രവും, കഴിച്ച പാത്രങ്ങളും കഴുകിവെക്കുന്നുണ്ട്? നിര്‍ഭാഗ്യവശാല്‍ അങ്ങനെയുള്ള കുട്ടികള്‍ നമുക്കുചുറ്റും ഇല്ലായെന്നുതന്നെ പറയാം. അവര്‍ അങ്ങനെ ആവാന്‍ എന്ത് വിദ്യാഭ്യാസമാണ് അവര്‍ക്ക് രക്ഷകര്‍ത്താക്കളും, അവന്റെ ചുറ്റുപാടും, സമൂഹവും നല്‍കിയിരിക്കുന്നത്? സത്യത്തില്‍ മറ്റെന്തിനേക്കാളും ഏറെ അതിനെയല്ലേ നാം വിദ്യാഭ്യാസമെന്ന് വിശേഷിപ്പിക്കേണ്ടത്? അങ്ങനെ നോക്കുമ്പോള്‍ നമ്മുടെ വിദ്യാലയങ്ങളില്‍ നടക്കുന്ന വിദ്യാഭ്യാസത്തെ പൂര്‍ണ്ണമായ വിദ്യാഭ്യാസം എന്ന് പറയുവാന്‍ കഴിയുമോ? തീര്‍ച്ചയായും കഴിയില്ല.
ഫുള്‍ എ പ്ലസ് കിട്ടിയ മികവില്‍ കുട്ടികള്‍ ഉപരിപഠനത്തിന് പോകാന്‍ പോകുകയാണ്. നല്ലതുതന്നെ. അത്തരത്തില്‍ മുഴുവന്‍ എ പ്ലസ് കിട്ടാത്തവരും, മറ്റു കുറഞ്ഞ ഗ്രേഡുകള്‍ നേടിയവരും അവര്‍ക്ക് അര്‍ഹതയുള്ള കോഴ്സുകളിലേക്കും പോകും. തീരെ കുറഞ്ഞ ഗ്രേഡുകള്‍ നേടിയവരാവട്ടെ മികച്ച സ്കൂളുകളില്‍ പ്രവേശനം ലഭിക്കാതെ പാരലല്‍ കോളേജുകളെ ആശ്രയിക്കും. ഇവിടെയൊക്കെ പഠിക്കുന്നവരുടെ ഗ്രാഫ് അടയാളപ്പെടുത്തുവാന്‍ പോകുന്നത് ഇപ്പോള്‍ അല്ല. അവര്‍ ആ പഠിക്കുന്ന വിഷയങ്ങളില്‍ കൂടുതല്‍ ആത്മാര്‍ഥമായി, പ്രായോഗികമായി, ഒരു തൊഴില്‍ മേഖലയുമായി അവരുടെ അറിവിനെ ചേര്‍ത്തുവെക്കുമ്പോഴാണ്. അതായത് ഇപ്പോളത്തെ എ പ്ലസും, ബി പ്ലസും ഒക്കെ അവരെ അടുത്ത സ്റ്റേജിലേക്ക് കടത്തിവിടാന്‍ വേണ്ടിയുള്ള ചെറിയ ചെറിയ കടമ്പകള്‍ മാത്രമാണ് എന്നര്‍ത്ഥം. അല്ലാതെ ഇപ്പോള്‍ കിട്ടിയ ഗ്രേഡ് അല്ല അവരെ ജീവിതത്തില്‍ ആരാകണമെന്ന് നിര്‍ണ്ണയിക്കുന്നത്.
ഇവിടിപ്പോള്‍ ആ കുട്ടിയ്ക്ക് പിന്തുണ നല്കിയ, അവനെയോര്‍ത്തു അഭിമാനിച്ച രക്ഷകര്‍ത്താവ് നമ്മുടെയിടയില്‍ ന്യൂനപക്ഷമാണ് എന്നത് വിഷമകരമായ കാര്യമാണ്. ഒരു വിഷയത്തിന് എ പ്ലസ് നഷ്ടപ്പെട്ടാല്‍ പോലും കുട്ടികളെ ശാസിക്കുന്ന, അവരുടെ ഭാവിതന്നെ നഷ്ടമായി എന്നതരത്തില്‍ വിലയിരുത്തുന്ന രക്ഷകര്‍ത്താക്കള്‍ ഇതോടെ അവരുടെ കരിയര്‍ പൂര്‍ണ്ണമായോ എന്ന് ചിന്തിക്കേണ്ടതുണ്ട്. അല്പം മാര്‍ക്ക് കുറഞ്ഞാല്‍ തന്നെയും ഇനിയും പിടിച്ചുകയറുവാന്‍ അവര്‍ക്ക് കഴിയുമെന്നും, നല്ലൊരു തൊഴില്‍ മേഖലയിലേക്ക് എത്തിപ്പെടാന്‍ ഇനിയും ധാരാളം അവസരങ്ങള്‍ അവരുടെ മുന്നില്‍ ഉണ്ടെന്നും മനസ്സിലാക്കി അവര്‍ക്ക് ആത്മവിശ്വാസം കൊടുക്കുകയാണ് വേണ്ടത്. എല്ലാത്തിലുമുപരി അവരെ ഒരു ഉത്തമനായ മനുഷ്യനായി മാറ്റുവാനുള്ള ശ്രമമാണ് ഉണ്ടാവേണ്ടത്.
ഫേസ്ബുക് പോസ്റ്റിലൂടെ ആ പിതാവും ചെയ്തത് അതുതന്നെയാണ്. പരീക്ഷയില്‍ ഫുള്‍ എ പ്ലസ് കിട്ടിയില്ലെങ്കിലും അവന്റെ സഹജീവികളോടുള്ള പെരുമാറ്റവും, പൗരബോധവും ഒക്കെ എ പ്ലസിനും മുകളിലാണെന്ന് ആ പിതാവ് അഭിമാനത്തോടെ വിളിച്ചുപറയുമ്പോള്‍ നാം ഓരോ രക്ഷകര്‍ത്താക്കളും സ്വയം ചോദിക്കണം, ക്ളാസ്സിലെ പരീക്ഷയ്ക്കപ്പുറം ജീവിതത്തിലെ, നല്ലൊരു മനുഷ്യനാവാനുള്ള പരീക്ഷയില്‍ നമ്മുടെ മക്കള്‍ക്ക് എത്ര എ പ്ലസ് നേടാന്‍ കഴിയുന്നുണ്ടെന്ന്. അവരെ അത്തരത്തില്‍ ഒരുക്കിയെടുക്കുക എന്നതുതന്നെയാണ് ഏതൊരു രക്ഷകര്‍ത്താവിന്റെയും ഏറ്റവും പ്രധാനപ്പെട്ട കടമയും.
9946199199