കരയാത്ത കുട്ടിക്ക്പാലുമില്ല, പച്ചവെള്ളവുമില്ല

എങ്ങനെയായാലും വോട്ട് കിട്ടുമെന്നുള്ളത് കൊണ്ട് സി.പി.എം. ഈഴവര്‍ക്ക് സീറ്റ് കൊടുക്കില്ല. എങ്ങനെയായാലും വോട്ടു കിട്ടില്ലയെന്നതു കൊണ്ട് കോണ്‍ഗ്രസും സീറ്റ് നല്‍കില്ല. ഈഴവര്‍ സ്വത്വബോധം ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നു. നമ്മള്‍ മാത്രം ത്യാഗം ചെയ്യുക, മറ്റുള്ളവര്‍ അതിന്റെ ഗുണം അനുഭവിക്കുക എന്ന രീതിക്കു മാറ്റം വരുത്തണം.

കേരളത്തിലെ ഏറ്റവും വലിയ ജാതി വിഭാഗമാണ് ഈഴവര്‍. ഈഴവര്‍ എന്ന് പറയുമ്പോള്‍ ഈഴവരാദി പിന്നാക്ക സമുദായങ്ങളെക്കൂടി നമ്മള്‍ പരിഗണിക്കണം. പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും തിരഞ്ഞെടുപ്പുകളില്‍ സംവരണമുള്ളതുകൊണ്ട് അവരുടെ പ്രാതിനിധ്യത്തെ കുറിച്ച് വേവലാതിപ്പെടേണ്ടതില്ല. പക്ഷേ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. പട്ടികജാതിക്കാരെ സംവരണം ചെയ്ത സീറ്റിലല്ലാതെ മറ്റൊരു സീറ്റിലും പരിഗണിക്കാറില്ല. മന്ത്രിസ്ഥാനം കൊടുക്കുമ്പോള്‍ പട്ടികജാതി, വര്‍ഗ്ഗ ക്ഷേമവകുപ്പ് അല്ലാതെ മറ്റൊരു വകുപ്പും ഭരിക്കാന്‍ കൊടുക്കില്ല. 1957ല്‍ ചാത്തന്‍മാസ്റ്റര്‍ മന്ത്രിയായപ്പോഴും 2024ല്‍ ഒ. ആര്‍. കേളു മന്ത്രിയായപ്പോഴും അതു തന്നെ അവസ്ഥ. എം.എ. കുട്ടപ്പന്‍ എം.ബി.ബി.എസ്. പാസായ ഡോക്ടര്‍ ആയിരുന്നിട്ടും അദ്ദേഹത്തിന് ആരോഗ്യവകുപ്പ് കൊടുക്കാന്‍ എ.കെ.ആന്റണിക്ക് തോന്നിയില്ല. വി.എസിന്റെ മന്ത്രിസഭയില്‍ എ.കെ. ബാലന് വൈദ്യുതിവകുപ്പ് കിട്ടിയതും അതേ കാലത്ത് കെ. രാധാകൃഷ്ണന്‍ സ്പീക്കറായതും അപവാദമായി ചൂണ്ടിക്കാട്ടാം. വലിയ വിവേചനവും അവഹേളനവും പട്ടികജാതിക്കാര്‍ അനുഭവിക്കുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. പട്ടികജാതി, പട്ടികവര്‍ഗ്ഗ വകുപ്പ് നേരിട്ട് ഭരിച്ച ഒരു മുഖ്യമന്ത്രി മാത്രമേ കേരളചരിത്രത്തില്‍ ഉണ്ടായിട്ടുള്ളു, കെ. കരുണാകരന്‍. മുഖ്യമന്ത്രി ആ വകുപ്പ് നേരിട്ട് ഭരിക്കുകയും ട്രാന്‍സ്പോര്‍ട്ട് വകുപ്പ് കെ.കെ. ബാലകൃഷ്ണന് കൊടുക്കുകയും ചെയ്തു. സാമൂഹ്യക്ഷേമവകുപ്പ് പി.കെ. വേലായുധനും നല്‍കി. പട്ടികജാതിക്കാര്‍ വലിയ അവശത അനുഭവിക്കുന്നുണ്ട്. സംവരണം ഇല്ലായിരുന്നെങ്കില്‍ പട്ടികജാതിക്കാരോ, പട്ടികവര്‍ഗക്കാരോ ഒരിക്കലും നിയമസഭയുടെ പടിവാതില്‍ കാണുമായിരുന്നില്ല.

പ്രബലസമുദായങ്ങളുടെ
പങ്ക് വയ്പ്

പിന്നാക്ക സമുദായങ്ങള്‍ കേരളത്തിലെ ജനസംഖ്യയുടെ ഗണ്യമായ ഭാഗം വരും. പിന്നാക്ക സമുദായത്തില്‍ ഹിന്ദു പിന്നാക്ക സമുദായങ്ങള്‍ മാത്രമല്ല ക്രിസ്ത്യാനികളില്‍ ലത്തീന്‍ കത്തോലിക്കരും ദളിത് ക്രൈസ്തവരും അടക്കമുള്ള ഒരു വിഭാഗമുണ്ട്. മുസ്ലീങ്ങളും കേരളത്തില്‍ പിന്നാക്ക വിഭാഗമാണ്.നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പ് റിസല്‍ട്ട് വരുമ്പോള്‍ രണ്ട് പ്രബല സമുദായങ്ങള്‍ സീറ്റുകളില്‍ ഏറെയും പങ്കുവെച്ചെടുക്കുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. ജനസംഖ്യാനുപാതികമായി മാത്രമല്ല, അതിന്റെ എത്രയോ കൂടിയ നിരക്കിലാണ് നായര്‍ സമുദായത്തിന് പ്രാതിനിധ്യം കിട്ടുന്നത്. ക്രിസ്ത്യന്‍ വിഭാഗത്തിലും ഉയര്‍ന്ന പ്രാതിനിധ്യം കിട്ടുന്നത് പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ക്രിസ്ത്യാനികള്‍ക്ക് അല്ല. സവര്‍ണ ക്രൈസ്തവര്‍ക്കാണ്. ദളിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് നാളിതുവരെ ഒരു എം.എല്‍.എ. മാത്രമേ ഉണ്ടായിട്ടുള്ളു. മുസ്ലിങ്ങള്‍ വിലപേശല്‍ ശക്തി ആര്‍ജ്ജിച്ചു കഴിഞ്ഞ സമുദായമാണ്. ലോക്സഭയിലായാലും രാജ്യസഭയിലായാലും കണക്ക് പറഞ്ഞ് വാങ്ങാന്‍ ആ സമുദായം കരുത്ത് നേടിക്കഴിഞ്ഞു.ഇതാണ് പൊതുവായ പരി പ്രേക്ഷ്യം.
നിയമസഭയിലെ കാര്യവും വ്യത്യസ്തമല്ല. ഈ പറഞ്ഞ പ്രബല സമുദായങ്ങള്‍ക്കാണ് ഗണ്യഭാഗം സീറ്റുകളെല്ലാം കിട്ടിക്കൊണ്ടിരിക്കുന്നത്. നായര്‍, സവര്‍ണക്രൈസ്തവര്‍, മുസ്ലീം ഈ മൂന്നു വിഭാഗങ്ങള്‍ കഴിഞ്ഞാല്‍ ബാക്കിയുള്ളവരൊക്കെ അവഗണന നേരിടുകയാണ്. അവഗണന കൂടുതല്‍ യുഡിഎഫിലാണ്. അവിടെ എല്ലാം പങ്കു വയ്ക്കുന്നത് ജാതിയുടേയും മതത്തിന്റെയും അടിസ്ഥാനത്തിലാണ്. ഇടതുപക്ഷ മുന്നണിയില്‍ അങ്ങനെയല്ല. അയ്യപ്പപണിക്കര്‍സര്‍ പറഞ്ഞ പോലെ ‘ജാതി ചോദിക്കരുത്, ജാതി പറയരുത്,പക്ഷേ ജാതിയെ മറന്നൊന്നും ചെയ്യരുത്’ എന്ന പോലെ ഒരു സമവാക്യത്തിലാണ് ഇടതുപക്ഷം പോകുന്നത്. പരസ്യമായി അവര്‍ ജാതി പറയില്ല. പക്ഷേ എന്തു കാര്യം ചെയ്യുമ്പോഴും ജാതിയുടെ അന്തര്‍ധാര ഉണ്ടാകുകയും ചെയ്യും.

യു.ഡി.എഫിന് ഒരു വലിയ പരാധീനത ഉണ്ട്. യു.ഡി.എഫ് പണ്ട് നിരവധി കക്ഷികളുടെ ഒരു മുന്നണിയായിരുന്നു. കേരള കോണ്‍ഗ്രസ്, മുസ്ലീം ലീഗ്, അതുകൂടാതെ നിരവധി ചെറുപാര്‍ട്ടികളും. ഗൗരിഅമ്മയുടെ ജെ.എസ്.എസ്., എം.വി. രാഘവന്റെ സി.എം.പി., ആര്‍.എസ്.പി.യുടെ ഗ്രൂപ്പുകള്‍ ഇങ്ങനെ പല വിഭാഗങ്ങള്‍. ഇപ്പോള്‍ ചെറുപാര്‍ട്ടികള്‍ അപ്രസക്തമാണ്. കേരളാ കോണ്‍ഗ്രസ് തന്നെ ഐക്യമുന്നണിയില്‍ പ്രബലകക്ഷി അല്ലാതായി. ഐക്യമുന്നണി എന്ന് വെച്ചാല്‍ കോണ്‍ഗ്രസും ലീഗും മാത്രം ഉള്‍പ്പെട്ട സംവിധാനമായി. മുസ്ലീംലീഗില്‍ മുസ്ലീങ്ങള്‍ മാത്രമേയുള്ളൂ. പണ്ട് പേരിനൊരു കെ.പി. രാമനുണ്ടായിരുന്നു. ഇപ്പോഴൊരു യു.സി. രാമനുമുണ്ട്. കെ.എം. മാണിയുടെ മരണശേഷം കേരളാ കോണ്‍ഗ്രസ് പരിതാപകരമായ അവസ്ഥയിലാണ്. പാര്‍ട്ടി തന്നെ ഛിന്നഭിന്നമായി. പ്രബലമായ ജോസ് കെ. മാണി വിഭാഗം എല്‍.ഡി.എഫിലേക്ക് പോകുകയും ചെയ്തു. ജോസഫ് ഗ്രൂപ്പാകട്ടെ, വളരെ ദുര്‍ബലാവസ്ഥയിലാണ്. ഈ പാര്‍ട്ടികളിലൊന്നും ഈഴവരാദി പിന്നാക്ക സമുദായക്കാര്‍ക്കോ പട്ടികജാതിക്കാര്‍ക്കോ പ്രാതിനിധ്യം കിട്ടാന്‍ ഒരു സാദ്ധ്യതയുമില്ല.

കോണ്‍ഗ്രസിന് ബാദ്ധ്യത
അതോടെ ഈഴവ പ്രാതിനിധ്യം പൂര്‍ണമായും കോണ്‍ഗ്രസില്‍ നിന്ന് വരണമെന്ന നിലയായി. കോണ്‍ഗ്രസ് തന്നെ ന്യൂനപക്ഷ കേന്ദ്രീകൃതമായ പാര്‍ട്ടിയാണ്. തിരുവിതാംകൂര്‍ ഭാഗത്തെ മുസ്ലീങ്ങളും ക്രിസ്ത്യാനികളുമാണ് കോണ്‍ഗ്രസിലെ പ്രബലമായ വിഭാഗം. ബാക്കി നായരും. അതുകഴിഞ്ഞിട്ടായിരിക്കും ഈഴവനെ പരിഗണിക്കുക. ഇതോടെ ഈഴവര്‍ക്ക് താരതമ്യേന സീറ്റുകള്‍ കിട്ടാതെയായി. ഇനി കിട്ടുന്ന സീറ്റുകളാകട്ടെ കാക്ക കൊത്താത്തതോ ആടു കടിക്കാത്തതോ ആയ സീറ്റുകളായിരിക്കും. ജയസാദ്ധ്യത തീരെ കുറഞ്ഞ സീറ്റുകള്‍. അവിടെ നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥികള്‍ സ്വന്തം നിലക്ക് പണം ചെലവഴിച്ചോ, രാഷ്ട്രീയ പിന്തുണ കൊണ്ടോ ജയിക്കാന്‍ പറ്റുന്ന ആളുകളായിരിക്കുകയുമില്ല. കണ്ണൂരില്‍ നിന്ന് കെ. സുധാകരനും, ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും ജയിക്കുന്നത് സ്വന്തമായ പണസ്വാധീനം കൊണ്ടും ജനപിന്തുണ കൊണ്ടുമാണ്. ഇവരൊഴിച്ചാല്‍ എടുത്തു പറയാവുന്ന ഈഴവ സ്ഥാനാര്‍ത്ഥികളില്ല. ഈഴവര്‍ ഉള്‍പ്പെട്ട പിന്നാക്ക സമുദായക്കാരും പട്ടികജാതിക്കാരും പൊതുവേ ഇടതുപക്ഷത്തോട് ചാ യ് വുള്ളവരായാണ് കോണ്‍ഗ്രസ് കാണുന്നത്. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ തുടക്കകാലം മുതലേ ആ പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചവരാണ് ഈഴവര്‍. 1924ലെ വൈക്കം സത്യഗ്രഹം മുതല്‍ക്കെങ്കിലും ടി.കെ. മാധവന്‍ ഖദറിട്ട കോണ്‍ഗ്രസ്സുകാരനായിരുന്നു. സി. കേശവന്‍, ആര്‍. ശങ്കര്‍ തുടങ്ങിയ പ്രഗത്ഭരായ നേതാക്കള്‍ ഈ സമുദായത്തില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുണ്ട്. ആലുംമൂട്ടില്‍ ചാന്നാര്‍ കുടുംബത്തില്‍ നിന്ന് എ.പി. ഉദയഭാനു ഇതില്‍ ഒരാളാണ് ആര്‍. ശങ്കര്‍, കെ.പി.സി.സി. പ്രസിഡന്റും മുഖ്യമന്ത്രിയുമായിരുന്നു. തിരുവിതാംകൂര്‍ രാഷ്ട്രീയത്തിലെ മുടിചൂടാമന്നന്‍മാരിലൊരാളായിരുന്നു സി. കേശവന്‍. നിരവധി വര്‍ഷം ജയില്‍വാസം അനുഭവിച്ച ആളും തിരുകൊച്ചിയിലെ മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്നു. മലബാറിലുണ്ടായിരുന്നു പ്രഗത്ഭരായ നേതാക്കള്‍.
കേരളത്തെ സംബന്ധിച്ചിടത്തോളം കോണ്‍ഗ്രസ്സിനുള്ള പരാധീനത വരേണ്യവിഭാഗത്തില്‍പ്പെട്ട ഈഴവര്‍ മാത്രമേ പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുള്ളു എന്നതാണ്. ബഹുഭൂരിപക്ഷം ഈഴവരും മറ്റു പിന്നാക്ക സമുദായക്കാരും പട്ടികജാതിക്കാരും ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് പ്രത്യേകിച്ച് സി.പി.എമ്മിനും സി.പി.ഐക്കും മുദ്രാവാക്യം വിളിച്ച് ജാഥയ്ക്ക് പോകുന്നതില്‍ സന്തോഷം അനുഭവിക്കുന്നവരാണ്.കോണ്‍ഗ്രസ്സിലെ ഈഴവരായ നേതാക്കള്‍, വക്കം പുരുഷോത്തമന്‍, വയലാര്‍ രവി, വി.എം. സുധീരന്‍, അജയ് തറയില്‍, പ്രതാപവര്‍മ്മതമ്പാന്‍, ശരത്ചന്ദ്രപ്രസാദ് തുടങ്ങി ആരായാലും പൊതുവായ ജനപിന്തുണ ഉണ്ടെന്നല്ലാതെ സമുദായത്തില്‍ നിന്ന് പ്രത്യേകിച്ച് ഒരു പിന്തുണ അവകാശപ്പെടാനില്ലാത്തവരാണ്. ഇതാണ് പ്രശ്നം.എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറയുന്നത് പോലെ ”ബാക്കി എല്ലാവരും ജാതി നോക്കി വോട്ടു ചെയ്യുമ്പോള്‍ ഈഴവര്‍ ചിഹ്നം നോക്കി വോട്ടു ചെയ്യുന്നു.’

ആർ. ശങ്കർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു

ആര്‍.ശങ്കറിന്റെ വിധി
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഈഴവനെ പ്രൊമോട്ട് ചെയ്ത് കൊണ്ടു വരേണ്ട ആവശ്യം അവര്‍ക്കില്ല. കാരണം ഈഴവനെ പ്രൊമോട്ട് ചെയ്തിട്ട് കാര്യമില്ല.
ആര്‍. ശങ്കറിന്റെ ചരിത്രം മാത്രം നോക്കിയാല്‍ മതി. ആര്‍. ശങ്കര്‍ ചെറിയ ആളായിരുന്നില്ല. ദീര്‍ഘകാലം എസ്.എന്‍.ഡി.പി യോഗനേതൃത്വത്തിലിരുന്ന ആള്‍. എസ്.എന്‍. ട്രസ്റ്റിന്റെ സ്ഥാപകന്‍. ഇന്ന് ഈഴവ സമുദായം അനുഭവിക്കുന്ന ഒരുപാട് സൗഭാഗ്യങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ പരിശ്രമത്തിന്റെ ഫലമായി ഉണ്ടായതാണ്. അല്ലെങ്കില്‍ സമുദായത്തി ന്റെയും സംഘടനയുടെയും കൈയിലുള്ള സ്വത്തുക്കളും, അവര്‍ക്ക് അനുവദിച്ച് കിട്ടിയ സൗകര്യങ്ങളും അവകാശങ്ങളും ആര്‍. ശങ്കര്‍ പൊലിപ്പിച്ചു. പക്ഷേ സമുദായം അദ്ദേഹത്തോടു ചെയ്തത് എന്താണ്? 1952ലെ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ ആര്‍. ശങ്കര്‍ തോറ്റു. 1954ല്‍ ഈഴവര്‍ക്ക് പ്രാമുഖ്യമുള്ള കൊല്ലത്ത് പിന്നേയും തോറ്റു. 1959ല്‍ അദ്ദേഹം കെ.പി.സി.സി. പ്രസിഡന്റായി. 1960ലെ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി കണ്ണൂരില്‍ പോയി മത്സരിക്കേണ്ടി വന്നു. കണ്ണൂരില്‍ നിന്ന് ജയിച്ചാണ് അദ്ദേഹം ഉപമുഖ്യമന്ത്രിയും പിന്നീട് മുഖ്യമന്ത്രിയുമായത്. 1965ല്‍ ഈഴവര്‍ക്ക് മഹാഭൂരിപക്ഷമുള്ള ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും തോറ്റുപോയി.
ആറ്റിങ്ങലില്‍ കോണ്‍ഗ്രസുകാര്‍ ആര്‍. ശങ്കറെ ഈഴവനായി കണ്ടു. ഈഴവര്‍ അദ്ദേഹത്തെ കോണ്‍ഗ്രസുകാരനായും കണ്ടു. അങ്ങനെയാണ് തോറ്റത്. 1967ല്‍ ഈഴവര്‍ക്ക് ഭൂരിപക്ഷമുള്ള ചിറയിന്‍കീഴില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചെങ്കിലും അവിടെയും ജയിക്കാനായില്ല. ആര്‍. ശങ്കറിനോട് സമുദായം ചെയ്തത് നമ്മുടെ മുന്നില്‍ ചൂണ്ടുപലകയായി ബാക്കിയുണ്ട്. 1971ലെ തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി ആര്‍. ശങ്കറിന്റെ പേര് വെട്ടി വയലാര്‍ രവിക്ക് സീറ്റു കൊടുത്തു. വയലാര്‍ രവിയായതുകൊണ്ട് ജയിച്ചു. വയലാര്‍ രവിക്ക് ഈഴവന്റെ മേല്‍വിലാസമില്ല. വെറും രവിയാണ്. ഈഴവ സമുദായം തന്നെ ആ സമുദായത്തില്‍ നിന്നുള്ള നേതാക്കന്മാരോട് നീതി ചെയ്തില്ലയെന്നത് സത്യമാണ്.

ഈഴവ വോട്ടിന്റെ
മൊത്തവ്യാപാരികള്‍

ഈഴവ സമുദായത്തില്‍ നിന്ന് ഇടക്കാലത്ത് ഉയര്‍ന്ന് വന്ന നേതാക്കളുണ്ട്.അതില്‍ പ്രധാനപ്പെട്ടയാള്‍ വയലാര്‍ രവിയാണ്. പിന്നെ വക്കം പുരുഷോത്തമന്‍, വി.എം. സുധീരന്‍, കെ. ബാബു, കെ.പി. വിശ്വനാഥന്‍, ഡി. സുഗതന്‍, പ്രതാപവര്‍മ്മതമ്പാന്‍, ശരത്ചന്ദ്രപ്രസാദ് മുതലായവര്‍. പി.വി. ശങ്കരനാരായണന്‍, സുജനപാല്‍ തുടങ്ങി മലബാറില്‍ നിന്നും നേതാക്കള്‍ ഉയര്‍ന്നു വന്നു. ചിറ്റൂരില്‍ നിന്ന് ജയിക്കാറുള്ള കെ. അച്യുതന്‍ പണവും ജനസ്വാധീനവുമുള്ള വ്യക്തിയാണ് പിന്നെ കെ. സുധാകരന്‍. അദ്ദേഹം വേറൊരു ജനുസാണ്. അടൂര്‍ പ്രകാശിന്റെ പോലെ പണവും ജനസ്വാധീനവുമുള്ള വ്യക്തികള്‍ അല്ലാതെ തിരഞ്ഞെടുപ്പില്‍ ജയിച്ചു വന്ന ഈഴവ സമുദായക്കാര്‍ കുറവാണ്. ഈയൊരു സാഹചര്യത്തില്‍ ഈഴവര്‍ക്ക് സീറ്റ് കൊടുക്കുന്നതിലും അത് ചോദിച്ചു വാങ്ങുന്നതിലും കോണ്‍ഗ്രസില്‍ പരിമിതികളുണ്ട്.

ആർ.ശങ്കർ

ഇടതുപക്ഷക്കാരാണ് ഈഴവ വോട്ടിന്റെ മൊത്തവ്യാപാരികള്‍. കുത്തകാവകാശം അവര്‍ക്കായതുകൊണ്ടു തന്നെ എന്തു ചെയ്താലും ഈഴവ വോട്ടുകള്‍ തങ്ങള്‍ക്ക് തന്നെ കിട്ടുമെന്ന് അവര്‍ക്ക് ഉറപ്പാണ്. ഈഴവ ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ ഒരു അന്യസമുദായക്കാരനെ നിര്‍ത്തിയാലും അയാള്‍ ജയിക്കും. ചിഹ്നം അരിവാള്‍ ചുറ്റികയായിരിക്കണമെന്ന് മാത്രം.
എന്റെ വീടിരിക്കുന്ന പ്രദേശം എറണാകുളം ജില്ലയില്‍ ഈഴവര്‍ക്ക് പ്രാമുഖ്യമുള്ള വടക്കേക്കര മണ്ഡലത്തിലായിരുന്നു. പക്ഷേ അവിടെ മത്സരിക്കാന്‍ ഈഴവ സ്ഥാനാര്‍ത്ഥി വേണമെന്ന് നിര്‍ബന്ധമില്ല. ആദ്യം കെ.എ. ബാലന്‍ ജയിച്ചു. പിന്നീട് ഇ. ബാലാനന്ദന്‍. ന്യൂനപക്ഷക്കാരനായ ടി.കെ. അബ്ദു മൂന്നു തവണ തുടര്‍ച്ചയായി ജയിച്ചു. ആളുകള്‍ അരിവാള്‍ ചുറ്റികയ്ക്ക് വോട്ട് ചെയ്ത് ശീലമായിപ്പോയി. അബ്ദു മാറിയപ്പോള്‍ ധീവര സമുദായക്കാരനായ എസ്. ശര്‍മ്മ വന്നു. ആളുകള്‍ ശര്‍മ്മയ്ക്ക് വോട്ടു ചെയ്തു വിജയിപ്പിച്ചു. അന്യസമുദായക്കാരായ എം.എല്‍. എ മാര്‍ മാത്രമാണ് ആ മണ്ഡലം ഇല്ലാതാകുന്നത് വരെ പ്രതിനിധീകരിച്ചത് ഇടയ്ക്ക് എം.എ. ചന്ദ്രശേഖരന്‍ മത്സരിച്ച് ജയിച്ചതൊഴിച്ചാല്‍. ഇതു തന്നെയാണ് ഇപ്പോള്‍ പറവൂരിന്റെ അവസ്ഥ. ഏറ്റവും അധികം ഈഴവരുള്ള പറവൂരില്‍ വി.ഡി. സതീശന്‍ വീണ്ടും വീണ്ടും ജയിച്ചു വരുന്നു.

വക്കം പുരുഷോത്തമൻ

ഈഴവര്‍ക്ക് പ്രാമുഖ്യമുള്ള ജില്ലയാണ് തൃശൂര്‍. 2016ലെ തിരഞ്ഞെടുപ്പില്‍ സി.പി.എം. സ്ഥാനാര്‍ത്ഥികളില്‍ ഈഴവ സമുദായത്തില്‍ നിന്ന് ഒരാള്‍ പോലുമില്ല എന്ന അവസ്ഥ വന്നപ്പോഴാണ് ഇരിങ്ങാലക്കുട സീറ്റില്‍ പ്രൊഫ. കെ.യു. അരുണനെ മത്സരിപ്പിച്ചത്. യു.ഡി.എഫിലെ തോമസ് ഉണ്യാടന്‍ തുടര്‍ച്ചയായി ജയിച്ചു കൊണ്ടിരുന്ന ഈ സീറ്റിനോട് ആര്‍ക്കും താല്‍പര്യമില്ലായിരുന്നു. ആ മണ്ഡലത്തില്‍ മത്സരിച്ച് തോല്‍ക്കാന്‍ ഒരാള്‍ വേണം. അത് ഈഴവനായിരിക്കണമെന്നുള്ളത് കൊണ്ടാണ് പ്രൊഫ. അരുണനെ നിര്‍ത്തിയത്. ഒരു പൊട്ട ഭാഗ്യത്തിന് പ്രൊഫ. അരുണന്‍ ജയിച്ചുവെന്നത് വേറൊരു കാര്യം. അവിടെ ബി.ജെ.പി നിര്‍ത്തിയ സ്ഥാനാര്‍ത്ഥി ശക്തനായിരുന്നു. അദ്ദേഹം പ്രതീക്ഷിച്ചതിലേറെ വോട്ടുപിടിച്ചതോടെ ഉണ്യാടന്‍ തോറ്റു. ഉണ്യാടന്‍ തോറ്റതുകൊണ്ട് അരുണന്‍ മാഷ് ജയിച്ചു. അടുത്ത തിരഞ്ഞെടുപ്പില്‍ അരുണന്‍ മാഷിനെ സൗകര്യപൂര്‍വം മാറ്റി നിര്‍ത്തി പ്രൊഫ. ആര്‍. ബിന്ദുവിനെ കൊണ്ടുവന്നു. ജയിക്കാനാവുന്ന സീറ്റായപ്പോള്‍ അതിന് അവകാശികളായി. ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

വയലാർ രവി

ആലപ്പുഴ ജില്ലയില്‍ ഈഴവര്‍ക്ക് മുന്‍തൂക്കമുള്ള എത്രയോ മണ്ഡലങ്ങള്‍ പക്ഷേ ഈഴവര്‍ സ്ഥാനാര്‍ത്ഥി പോലുമാകില്ല. അരൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാനി മോള്‍ ഉസ്മാന്‍, സി.പി.എം. സ്ഥാനാര്‍ത്ഥി ദലീമ ജോജോ. ചേര്‍ത്തല, മാരാരിക്കുളം, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, ഹരിപ്പാട്. എല്ലാം ഈഴവര്‍ക്ക് പ്രാമുഖ്യമുള്ള മണ്ഡലങ്ങള്‍. എന്നിട്ട് ആരാണ് ജയിക്കുന്നത്? ഈഴവരില്‍ നിന്ന് ആരെയെങ്കിലും ഒരാളെ നിര്‍ത്തേണ്ടയെന്ന് വിചാരിച്ച് മത്സരിപ്പിച്ചതാണ് കായംകുളത്ത് യു. പ്രതിഭയെ. ആലപ്പുഴ ജില്ലയില്‍ ഈഴവന് സീറ്റില്ലെങ്കില്‍ പിന്നെ എവിടെയാണ് ഈഴവരെ മത്സരിപ്പിക്കുക. കൊല്ലത്ത് കരുനാഗപ്പള്ളി മണ്ഡലത്തില്‍ നായര്‍, ചവറയില്‍ നായര്‍, കുണ്ടറയില്‍ മൂന്നാമതൊരു നായര്‍, ആ രീതിയിലാണ് സീറ്റു കൊടുക്കുന്നതും ജയിക്കുന്നതും. ആലപ്പുഴ, കൊല്ലം ജില്ലകളില്‍ ഈഴവന് സീറ്റ് കിട്ടിയില്ലെങ്കില്‍ പിന്നെ എവിടെ കിട്ടാനാണ്. എങ്ങനെയായാലും വോട്ട് കിട്ടുമെന്നുള്ളത് കൊണ്ട് സി.പി.എം. ഈഴവര്‍ക്ക് സീറ്റ് കൊടുക്കില്ല. എങ്ങനെയായാലും വോട്ടു കിട്ടില്ലയെന്നതു കൊണ്ട് കോണ്‍ഗ്രസും സീറ്റ് നല്‍കില്ല. ഈഴവര്‍ സ്വത്വബോധം ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നു. നമ്മള്‍ മാത്രം ത്യാഗം ചെയ്യുക, മറ്റുള്ളവര്‍ അതിന്റെ ഗുണം അനുഭവിക്കുക എന്ന രീതിക്കു മാറ്റം വരുത്തണം.

ആദ്യമേ പറയണം
2020ല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് കേരള കൗമുദി ലേഖകരെ ഉപയോഗിച്ച് എറണാകുളം ജില്ലയില്‍ മൊത്തത്തില്‍ എത്ര ഈഴവര്‍ മത്സരിക്കുന്നുവെന്ന കണക്കെടുത്തിരുന്നു. ഞെട്ടിക്കുന്ന രഹസ്യം പുറത്തായത് അപ്പോഴാണ്. യു.ഡി.എഫ് വിരലിലെണ്ണാവുന്ന ഈഴവര്‍ക്ക് മാത്രമേ സീറ്റു കൊടുത്തുള്ളു. പല പഞ്ചായത്തിലും ഒറ്റ ഈഴവന്‍ പോലും സ്ഥാനാര്‍ത്ഥിയായില്ല. അപ്പോഴാണ് ഇത് വിഷയമായി ഉയര്‍ന്നത്.
മൈസൂരില്‍ അടുത്തിടെ നടന്ന എസ്.എന്‍.ഡി.പി യോഗം നേതൃത്വ ക്യാമ്പില്‍ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിനിടെ ഞാന്‍ ഈ വിഷയം ഉന്നയിച്ചു. ”ഇങ്ങനെയൊരു സമുദായം ഇവിടെയുണ്ടെന്നും ഞങ്ങളും വോട്ടര്‍മാരാണെന്നും ഇന്ത്യന്‍ പൗരന്മാരാണെന്നും ആദ്യമേ പറയണം. ജനാധിപത്യം എന്നാല്‍ അധികാരം പങ്കിടുന്ന പ്രക്രിയയാണല്ലോ. ഈ സമുദായത്തില്‍ നിന്നും ചില ആളുകള്‍ സ്ഥാനാര്‍ത്ഥികളാകണം. എങ്കിലല്ലേ ജയിക്കാനാകൂ. അതിന് ശേഷമല്ലെ മന്ത്രിയാകാനാകൂ.

ബി.ജെ.പി അലര്‍ജി മാറ്റിയത്
ബി.ഡി. ജെ.എസ്

അധികമാളുകള്‍ പഠിക്കാത്ത പ്രതിഭാസമാണ് ബി.ഡി.ജെ.എസ്. ബി.ഡി.ജെ.എസ്. ഉണ്ടാക്കി പരാജയപ്പെട്ടു അവര്‍ക്ക് സീറ്റൊന്നും കിട്ടിയില്ല. എന്നൊക്കെ പറഞ്ഞ് പരിഹസിച്ചു നടക്കുന്ന ആളുകളുണ്ട്. ബി.ഡി.ജെ.എസ്. ഉണ്ടാക്കിയതുപോലെ ദൂരവ്യാപകമായ പ്രത്യാഘാതം വേറൊരു പാര്‍ട്ടിയും ഉണ്ടാക്കിയിട്ടില്ല. ഈഴവ സമുദായം ഒരിക്കലും ബിജെപിയുമായി സഹകരിച്ചിരുന്നില്ല. ഒരു കെ. സുരേന്ദ്രനോ, വി. മുരളീധരനോ വന്നുവെന്നതൊഴിച്ചാല്‍ ഏതു കാലത്തും ഈഴവ സമുദായം ഹിന്ദുത്വ രാഷ്ട്രീയത്തോട് മുഖം തിരിച്ചു നിന്നിട്ടേയുള്ളു. ഒരു ക്രിസ്ത്യാനി ബിജെപിയില്‍ ചേരുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് ഒരു ഈഴവന്‍ ബിജെപിയുമായി സഹകരിക്കുന്നത്. ആ ഒരു മന:ശാസ്ത്രപരമായ അന്തരീക്ഷം മാറ്റിയെടുത്തത് ബിഡിജെഎസാണ്. നേരത്തെ കോണ്‍ഗ്രസിന് വോട്ടു ചെയ്തിരുന്ന വരേണ്യ വിഭാഗത്തില്‍പ്പെട്ട ഈഴവര്‍ കളം മാറ്റി ചവിട്ടി . അവര്‍ക്ക് ബിജെപിക്ക് വോട്ടു ചെയ്യാന്‍ യാതൊരു മടിയുമില്ലാതെയായി. 2016ല്‍ കണ്ടത് അതാണ്. 2021ലും അത് വ്യക്തമായി കണ്ടു. അതു തന്നെ 2024ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും കണ്ടു.
ആലപ്പുഴയില്‍, ആറ്റിങ്ങലില്‍ ഒരു പരിധിവരെ കോട്ടയത്ത്, പത്തനംതിട്ടയില്‍ ഈഴവര്‍ വോട്ട് മാറ്റി ചെയ്തു. പത്തനംതിട്ടയില്‍ ശബരിമല പ്രശ്നം തിളച്ചു നിന്ന കാലത്ത് കെ. സുരേന്ദ്രന് കിട്ടിയ അത്രയും തന്നെ വോട്ട് ശബരിമല ഇല്ലാത്ത സമയത്ത് യാതൊരു തരത്തിലും സ്വീകാര്യത ഇല്ലാത്ത അനില്‍ആന്റണിക്ക് കിട്ടി. ഒരു സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ സുരേന്ദ്രനും അനില്‍ ആന്റണിയും തമ്മില്‍ താരതമ്യമില്ല. വൈകാരിക അന്തരീക്ഷവും മാറി. എന്നിട്ടും ഇത്രയും വോട്ട് കിട്ടി. ആ ഒരു മാറ്റം എങ്ങനെ ഉണ്ടായി. നിലവിലുണ്ടായിരുന്ന ഈഴവര്‍ കൂടി കോണ്‍ഗ്രസിനോട് സലാം പറഞ്ഞുവെന്നതാണ് വസ്തുത. ഇതാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റം.

അടൂർ പ്രകാശ്

അഞ്ചാം മന്ത്രിയെ
പിടിച്ചുവാങ്ങി ലീഗ്
ത്രിതല പഞ്ചായത്ത് പ്രധാനപ്പെട്ട ഫോറമാണ്. അവിടെ സമുദായത്തിന്റെ ശബ്ദം ഉയര്‍ന്നില്ലെങ്കില്‍ പിന്നീട് നിയമസഭയിലും കേള്‍ക്കില്ല, പാര്‍ലമെന്റിലും കേള്‍ക്കില്ല. ‘ഈഴവര്‍ കറിവേപ്പിലയോ’ എന്ന് ‘യോഗനാദം’ എഡിറ്റോറിയലിലൂടെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉയര്‍ത്തിയ ശബ്ദംതാഴെ തട്ടിലെത്തണം. ബധിര കര്‍ണ്ണങ്ങള്‍ ഭേദിച്ച് അവരുടെ തലയ്ക്കകത്ത് കയറണം. അല്ലെങ്കില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു പോകും. പട്ടികജാതിക്കാരേക്കാള്‍ മോശം അവസ്ഥയിലാകും ഈഴവരും.കരയാത്ത കുട്ടിക്ക് പാലുമില്ല, പച്ചവെള്ളവുമില്ല എന്ന അവസ്ഥയിലേക്കാണു കാര്യങ്ങള്‍ പോകുന്നത്. സമുദായ സംഘടനയാണെങ്കിലും സമുദായ അംഗങ്ങള്‍ ആണെങ്കിലും കൃത്യമായി കണക്ക് പറഞ്ഞ് അവകാശവാദം ഉന്നയിച്ച് പിടിച്ചുവാങ്ങണം. ഇത് തങ്ങളെ ബാധിക്കുന്ന കാര്യമല്ല, ബൂര്‍ഷ്വാ പാര്‍ട്ടികളുടെ പ്രശ്നമാണെന്നൊക്കെ ഇടതുപക്ഷക്കാര്‍ പറയും. ആ ചിന്താഗതിയും മാറണം. മുസ്‌ളിങ്ങളെ നോക്കണം. മുസ്ലീം ലീഗ് ഒരു പ്രബലകക്ഷിയാണ്. 2011ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഞ്ചാം മന്ത്രിയുടെ ഒരു ആവശ്യവും അവര്‍ക്കുണ്ടായിരുന്നില്ല. പാണക്കാട് തങ്ങള്‍ ഇന്നയാള്‍ മന്ത്രിയായിരിക്കണമെന്ന് പറഞ്ഞാല്‍ മന്ത്രിയായിരിക്കണം ഇല്ലെങ്കില്‍ സമുദായത്തിന് മൊത്തത്തില്‍ അപമാനമാകും എന്ന രീതിയില്‍ അഭിമാനപ്രശ്നമായി അത് ഉയര്‍ത്തിയെടുത്തു. അനുകൂല മനോഭാവം പ്രകടിപ്പിക്കാതിരുന്നവര്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു. അഞ്ചാം മന്ത്രിസ്ഥാനം കൊടുക്കുന്നതിനെ എതിര്‍ത്ത ആര്യാടന്‍ മുഹമ്മദിനെ ആര്യാടന്റെ മുഖവും പട്ടിയുടെ ഉടലുമായി ചിത്രീകരിച്ച് അധിക്ഷേപിച്ചു. മഞ്ഞളാംകുഴി അലിക്ക് മന്ത്രിസ്ഥാനം കിട്ടിയപ്പോള്‍ പെരുന്നയിലെ എന്‍.എസ്.എസ്. ഹെഡ്ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ പടക്കം പൊട്ടിച്ച് ലീഗുകാര്‍ ആഘോഷിച്ചു. പരമാവധി പ്രകോപനമുണ്ടാക്കി. മറ്റു സമുദായങ്ങളില്‍ വിപരീത വികാരമുണ്ടാക്കി എന്നറിഞ്ഞിട്ട് പോലും ലീഗ് ശാഠ്യം പിടിച്ച് അത് വാങ്ങിച്ചെടുത്തു.

രണ്ട് സീറ്റില്‍ സ്ഥിരമായി മത്സരിക്കാറുള്ള മുസ്ലീം ലീഗ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് വേണം എന്ന ആവശ്യം ഉന്നയിച്ചു. കോണ്‍ഗ്രസ്സിന്റെ കൈയിലിരിക്കുന്നതെല്ലാം സിറ്റിംഗ് സീറ്റുകളാണ്. തോറ്റത് ആലപ്പുഴയിലാണ്. അവിടെ ലീഗിന് വേരുകളില്ല. അങ്ങനെ വന്നപ്പോള്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്തു. ഒരു അദ്ധ്വാനവുമില്ലാതെ ജയിക്കാവുന്ന രാജ്യസഭാ സീറ്റ് ലീഗിന് തീറെഴുതിക്കൊടുത്തു. രാജ്യസഭയില്‍ കേരളത്തില്‍ നിന്ന് ഒമ്പതു സീറ്റുകളാണ് ഉള്ളത്. അഞ്ചിലും മുസ്ലീങ്ങളായി.
ഈഴവരെ ഇനി പഴയ പോലെ പറ്റിക്കാനാവില്ല. എല്ലാവരേയും എല്ലാക്കാലത്തും പറ്റിക്കാനാവില്ലല്ലോ. കുറച്ച് കഴിയുമ്പോള്‍ ഈഴവര്‍ക്ക് മനസിലാകും തങ്ങളെ ഇടത്, വലത് മുന്നണികള്‍ പറ്റിച്ചുകൊണ്ടിരിക്കുകയാണെന്ന്. അതിന്റെ പ്രത്യാഘാതം ഭയങ്കരമായിരിക്കും. കോണ്‍ഗ്രസ്സില്‍ നിന്നും ഈഴവര്‍ കൊഴിഞ്ഞു പോയത് പോലെ അടുത്ത ഘട്ടത്തില്‍ സി.പി.എമ്മില്‍ നിന്നും ഈഴവര്‍ പോകും. അത് ഇപ്പോള്‍ തന്നെ കണ്ടുതുടങ്ങി. കണ്ണൂര്‍ ജില്ലയിലടക്കം സി.പി.എമ്മിന്റെ കോര്‍വോട്ടില്‍ ചോര്‍ച്ചയുണ്ടായി. പാര്‍ട്ടി ഗ്രാമങ്ങളില്‍ പാര്‍ട്ടിക്കുവേണ്ടി കള്ള വോട്ട് ചെയ്യാന്‍ പോയ സഖാക്കള്‍ വരെ ബിജെപിക്ക് വോട്ടു ചെയ്തു. തിരുവനന്തപുരത്തോ, ആലപ്പുഴയിലോ, ആറ്റിങ്ങലിലോ വോട്ട് മാറ്റി ചെയ്താല്‍ മനസ്സിലാക്കാം. ഇത് അങ്ങനെയല്ല. ബിജെപി ജയിക്കാന്‍ ഒരു സാദ്ധ്യതയുമില്ലാത്ത സീറ്റുകളില്‍, കോഴിക്കോട്, കണ്ണൂര്‍, വടകര എന്നിവിടങ്ങളിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ വരെ സി.പി. എമ്മിന്റെ അടിസ്ഥാന വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകി. അത് കൊടുക്കുന്ന ഒരു സന്ദേശമുണ്ട്. സൂചന വ്യക്തമാണ്. രാഷ്ട്രീയം പകിടകളിയല്ല.

Author

Scroll to top
Close
Browse Categories