ഹൈഡ്രജൻ വരും,
ഹരിതാഭമാകും
ഹൈഡ്രജന്‍ ബാറ്ററികള്‍ വരുന്നതോടെ വിമാനം, കപ്പല്‍, ട്രെയിന്‍ ഗതാഗതമൊക്കെ ഹൈഡ്രജന്‍ ഇന്ധനത്തിലൂടെയാകും. അതേപോലെ വീടുകളിലെ കറന്റ് സ്രോതസായി ഹൈഡ്രജന്‍ മാറും. കാലാവസ്ഥാ വ്യതിയാനത്തിന് മുഖ്യ കാരണമായ ഫോസില്‍ ഇന്ധനത്തിന്റെ ഉപയോഗം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഭാവി മേഖലകളാണിവയെല്ലാം.
കേന്ദ്ര സര്‍ക്കാര്‍ ഫെബ്രുവരിയില്‍ പുറത്തിറക്കിയ ഹരിത ഹൈഡ്രജന്‍ നയം രാജ്യം 2070-ഓടെ ലക്ഷ്യമിടുന്ന നെറ്റ് സീറോ കാര്‍ബണ്‍ പുറന്തള്ളല്‍ എന്ന അഭിലാഷ ലക്ഷ്യത്തിലേക്കുള്ള മുഖ്യ കാല് വയ്പ്പായി കാണാം. ഇന്നത്തെ ഊര്‍ജ്ജ ഉല്പാദനത്തിന്റെ എഴുപത്തിയെട്ടു ശതമാനവും ഫോസില്‍ ഇന്ധന അധിഷ്ടിതമാണ്. ഇതില്‍ നിന്നുള്ള വിടുതലാണ് ഹരിത ഹൈഡ്രജന്‍ ലക്ഷ്യമിടുന്നത്.കാര്‍ബണ്‍ രഹിത ഹൈഡ്രജന്‍ ഉല്പാദനം ഭാവിയുടെ നിലനില്‍പ്പിന് അനിവാര്യമായ കാര്യമാണ്. ലോകത്തുതന്നെ സൗരോര്‍ജം ഏറ്റവും കുറഞ്ഞ ചെലവില്‍ ഉല്പാദിപ്പിക്കുന്ന ഇന്ത്യയില്‍ എലെക്ട്രോലൈസര് സാങ്കേതിക വിദ്യ കൂടി ചിലവു കുറഞ്ഞതാക്കിയാല് രാജ്യം ലോകത്തെ ഹരിത ഹൈഡ്രജന്‍ ഉല്പാദനത്തിന്റെ കേന്ദ്രമായി മാറുമെന്നാണ് കാണുന്നത്. ഇരുന്നൂറ്റി അമ്പത്താറ് വര്‍ഷം മുമ്പ് ഹെന്റി കാവന്‍ഡിഷ് കണ്ടുപിടിച്ച ഹൈഡ്രജന്‍ ലോക നിലനില്‍പ്പിനായുള്ള ഫോസില്‍ ഇന്ധന രഹിത ഊര്‍ജ്ജ മേഖലയുടെ ഏറ്റവും മുഖ്യ സ്രോതസ്സായി മാറാന്‍ ഇനി അധികം കാലമില്ല.
രാജ്യത്തെ കഴിഞ്ഞ വര്‍ഷത്തെ മൊത്തം ഊര്‍ജ ഉല്പാദനമായ ഒരു ലക്ഷത്തി നാല്പത്തിഒമ്പതിനായിരം കോടി യൂണിറ്റ് 2030 ആകുമ്പോഴേക്കും രണ്ടു ലക്ഷത്തി അമ്പത്തൊന്നായിരത്തി എണ്പതു കോടി യൂണിറ്റ് ആകുമെന്ന കണക്കിന്റെ അടിസ്ഥാനത്തില്‍ വേണം ഇതിനെ കാണാന്‍. മാത്രവുമല്ല ഇന്നത്തെ ഊര്‍ജ്ജ ഉല്പാദനത്തിന്റെ എഴുപത്തിയെട്ടു ശതമാനവും ഫോസില്‍ ഇന്ധന അധിഷ്ടിതമാണ്. ഇതില്‍ നിന്നുള്ള വിടുതലാണ് ഹരിത ഹൈഡ്രജന്‍ ലക്ഷ്യമിടുന്നത്.
ഹൈഡ്രജനും അമോണിയയുമാണ് ഭാവിയില്‍ നാം മുഖ്യമായും ലക്ഷ്യമിടുന്ന രണ്ട് ഊര്‍ജ്ജ സ്രോതസുകള്‍. സൗരോര്‍ജം ഉപയോഗിച്ചുള്ള ഇവയുടെ ഉല്പാദനമാണ് ലക്ഷ്യമിടുന്നത്. വെള്ളത്തില്‍ നിന്നും ഹൈഡ്രജനും ഓക്സിജനും എലെക്ട്രോലൈസര് മുഖേന അക്ഷയ ഊര്‍ജം ഉപയോഗിച്ച് വേര്തിരിച്ചെടുക്കയാണ് ഇതിന്റെ തത്വം. ഈ ഹൈഡ്രജന്‍ നൈട്രജനുമായി ചേര്‍ത്ത് അമോണിയ ഉണ്ടാക്കുമ്പോള്‍ ഇന്ന് ചെയ്യുന്നത് പോലെ ഫോസില്‍ ഇന്ധന ഹൈഡ്രോകാര്‍ബണുകള്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല. ഇങ്ങനെ ലഭിക്കുന്ന ഹരിത അമോണിയ ഊര്‍ജം സംഭരിച്ചു വയ്ക്കുന്നതിനും രാസവള നിർമാണത്തിനുമൊക്കെ ഉപയോഗിക്കാം. രാജ്യത്ത് ഇന്നുള്ള ഹൈഡ്രജന്റെ ഡിമാന്‍ഡായ 67 ലക്ഷം ടണ്‍ 2030-ഓടെ ഏകദേശം ഇരട്ടിയാകുമെന്നാണ് കണക്ക്. ഓയില്‍ റിഫൈനറികള്‍, രാസവള ഫാക്ടറികള്‍, സ്റ്റീല്‍ പ്ലാന്റുകള്‍ എന്നിവിടങ്ങളിലാണിതിന്റെ മുഖ്യ ഉപയോഗം. ഇന്നത് ഫോസ്സില്‍ ഇന്ധങ്ങളായ പ്രകൃതി വാതകം, നാഫ്ത എന്നിവയില്‍ നിന്നാണുണ്ടാക്കുന്നത്.
ഹൈഡ്രജന്‍ ബാറ്ററികള്‍ വരുന്നതോടെ കൂടുതല്‍ ഊര്‍ജം സംഭരിക്കാനും അതുവഴി ദീര്‍ഘദൂര വാഹന ഗതാഗതത്തിന് ഫോസ്സിലിതര ഇന്ധനം കൂടുതല്‍ കാര്യക്ഷമമാവും. വിമാനം, കപ്പല്‍, ട്രെയിന്‍ ഗതാഗതമൊക്കെ ഹൈഡ്രജന്‍ ഇന്ധനത്തിലൂടെയാകും. അതേപോലെ വീടുകളിലെ കറന്റ് സ്രോതസായി ഹൈഡ്രജന്‍ മാറും. കാലാവസ്ഥാ വ്യതിയാനത്തിന് മുഖ്യ കാരണമായ ഫോസില്‍ ഇന്ധനത്തിന്റെ ഉപയോഗം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഭാവി മേഖലകളാണിവയെല്ലാം.