സൂക്ഷ്മാഖ്യാനത്തിന്റെ നിഗൂഢഭംഗികള്‍
നൂറ്റിമുപ്പത് വര്‍ഷം പിന്നിടുന്ന മലയാള ചെറുകഥയുടെ
ഇതിവൃത്ത-ആഖ്യാന-സൗന്ദര്യശാസ്ത്ര തലങ്ങളിലേക്ക്
ഒരു സമഗ്രാന്വേഷണം
സാഹിത്യശാഖകളില്‍ ഏറ്റവും സുന്ദരവും ഫലപ്രദവും ശക്തവും മര്‍മ്മപ്രധാനവുമായ രൂപം ഏതാണ്? വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാവാം. പക്ഷെ ചെറുകഥയുടെ അപ്രമാദിത്തം നിഷ്പക്ഷമതികള്‍ക്ക് സമ്മതിച്ചു തരേണ്ടി വരും. ലോകസാഹിത്യം ഒന്നാകെ എടുത്താലും മലയാള സാഹിത്യം മാത്രമായി തിരഞ്ഞാലും ഏറ്റവും സമ്പന്നവും പുഷ്കലവുമായ സാഹിത്യരൂപം കഥ തന്നെയാണെന്ന് കാണാം. നവമാധ്യമങ്ങളുടെയും ആധുനിക സാങ്കേതികവിദ്യയുടെയും അതിപ്രസരം നിലനില്‍ക്കുന്ന കാലത്തും കഥാസാഹിത്യം സജീവവും സക്രിയവുമാണ്. എഴുത്തിലേക്ക് കടന്നു വരുന്ന ചെറുപ്പക്കാരില്‍ ഗണ്യമായ വിഭാഗം തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് കഥയിലാണ്. അതിന്റെ ബാഹ്യമായ കാരണങ്ങള്‍ എന്തു തന്നെയായിരുന്നാലും അതൊരു വാസ്തവമാണെന്നത് നിഷേധിക്കുക വയ്യ.
കഥയുടെ രൂപഭാവങ്ങള്‍ നിരന്തരമായ പരിണാമങ്ങള്‍ക്ക് വിധേയമാണ്. നോവലും കവിതയും അടക്കമുളള സര്‍ഗാ ത്മകസൃഷ്ടികളുമായുളള താരതമ്യ വിശകലനത്തില്‍ ഏറ്റവുമധികം പരീക്ഷണങ്ങള്‍ക്ക് വിധേയമായിട്ടുള്ള രൂപവും കഥ തന്നെ. കഥയുടെ രൂപശില്‍പ്പം സംബന്ധിച്ചും ഇതിവൃത്ത-ആഖ്യാനസാധ്യതകള്‍ സംബന്ധിച്ചും നിരന്തരമായ സംവാദങ്ങളും പര്യാലോചനകളും ഇന്നും സജീവമാണ്.
ലാക്ഷണികവും നിയാമകവുമായ ധാരണകള്‍ക്കും മുന്വിധികള്ക്കുമപ്പുറത്ത് കഥ അതിന്റെ വഴി സ്വയം കണ്ടെത്താന്‍ ബാധ്യസ്ഥമാണ്. ഏതൊരു കലാസൃഷ്ടിയിലും സര്ഗാത്മകസാഹിത്യരചനയിലുമെന്ന പോലെ കഥയിലും പൊതുവഴികളെ ബോധപൂര്‍വം തമസ്കരിച്ചു കൊണ്ടുളള പരീക്ഷണങ്ങള്‍ക്ക് പ്രസക്തി ഏറെയാണ്. എന്നിരുന്നാലും അടിസ്ഥാനപരമായി ഒരു മികച്ച കഥ നിര്‍വഹിക്കുന്ന ദൗത്യങ്ങള്‍ എന്തൊക്കെയാണ് എന്ന ചിന്തയ്ക്ക് പ്രസക്തി ഏറെയുണ്ട്.
ബീജാവാപത്തിന്റെ
രഹസ്യഇടങ്ങള്
ആത്യന്തികമായി കഥയുടെ ലക്ഷ്യം ഒരുജീവിതസത്യത്തെ അഭിവ്യഞ്ജിപ്പിക്കുക എന്നതാണ്. പ്രൊഫ. എം.കൃഷ്ണന് നായര്‍ ആവര്ത്തിക്കാറുളളതു പോലെ ജീവിതത്തിന്റെ ആരും കാണാത്ത ഒരു മുഖം , ഒരു തലം ആവിഷ്കരിക്കുക എന്നതാണ്. എല്ലാവരും കാണുന്നതും പരിചിതവുമായ ജീവിതാവസ്ഥകളുടെ ആരും കാണാത്ത ഒരു തലം അനാവരണം ചെയ്യാന്‍ കഴിഞ്ഞാല്‍ ആ കഥ ലക്ഷ്യവേദിയായി. വലിയ ഒരു കണ്ടെത്തലിന്റെ സാധ്യതകള്‍ എന്ന വെല്ലുവിളി കഥ എഴുത്തുകാരന് മുന്നില്‍ ഉയര്‍ത്തുന്നു. നൂതനമായ ഉള്‍ക്കാഴ്ച നല്കുന്ന എന്തെങ്കിലുമൊന്ന് അനുവാചകനുമായി സംവദിക്കാനുണ്ടാവുകയും അത് ആവിഷ്കരിച്ചേ തീരൂ എന്ന അടങ്ങാത്ത ത്വര രൂപപ്പെടുകയും ചെയ്യുമ്പോഴാണ് കഥ അതിന്റെ സ്വാഭാവികമായ സൃഷ്ടിപരതയിലേക്ക് പരിണമിക്കുന്നത്. ബഹിര്‍ഗമനത്തിനുള്ള ഈ അഭിവാഞ്ജ പ്രസവം പോലെ ഒരേ സമയം വേദനാജനകവും അനുഭൂതിദായകവുമാണെന്ന് പറഞ്ഞാലും അതിശയോക്തിയില്ല.
ബീജാവാപം എന്ന കര്‍മ്മമാണ് കഥയെ സംബന്ധിച്ച ആദ്യഘട്ടം. അത് കാര്യമായ വിചിന്തനങ്ങളോ പരിശ്രമങ്ങളോ കൂടാതെ സ്വാഭാവികമായി സംഭവിക്കുന്ന ഒരു പ്രക്രിയയാണ്. പ്യൂപ്പയില്‍ നിന്ന് പ്രകൃതിദത്തമായും ജൈവികമായും രൂപപ്പെട്ട് വരുന്ന ചിത്രശലഭം പോലെയാണ് ഈ പ്രക്രിയ. ഒരു നൈമിഷിക ചിന്തയില്‍ നിന്നോ അനുഭവത്തില്‍ നിന്നോ ദൃശ്യത്തില്‍ നിന്നോ വ്യക്തിയില്‍ നിന്നോ സംഭാഷണത്തില്‍ നിന്നോ ഗന്ധത്തില്‍ നിന്നോ ഒക്കെ രൂപപ്പെടാവുന്ന അത്രമേല്‍ സൂക്ഷ്മവും ലോലവും സുതാര്യവുമാവാം അതിന്റെ ആദ്യസ്പന്ദനം.
അവിടെ നിന്ന് പ്രതിഭയുടെ രാസമാറ്റങ്ങളിലൂടെ കടന്ന് പ്രവചനാതീതമായ തലങ്ങളിലേക്ക് ഉയര്‍ന്ന് വളര്‍ന്ന് പുതിയ രൂപഭാവങ്ങള്‍ പ്രാപിച്ച് ഏകതാനമോ വിവിധങ്ങളായ തലങ്ങളും മാനങ്ങളും അടരുകളുമെല്ലാമുള്ള സൃഷ്ടിപരതയുടെ മഹാസാധ്യതകളിലേക്ക് സംക്രമിക്കാന്‍ ശേഷിയുള്ള ഒന്നാണ് കഥ.
ദാര്‍ശനിക ധ്വനികളും തത്ത്വചിന്താപരമായ തലങ്ങളും അതിനുണ്ടായെന്നും ഉണ്ടായില്ലെന്നും വരാം. പക്ഷെ ഏത് തരം സാധ്യതകളെയും ഗര്‍ഭത്തില്‍ വഹിക്കാന്‍ പാകത്തില്‍ അനന്തസാധ്യതകളുളള ഒരു കലാരൂപമാണ് കഥ.
കഥയുടെ ആദ്യപ്രേരണ എന്ത് എന്നത് പ്രസക്തമല്ല. അത് ഒരു ചിലന്തിവലയെ വര്‍ണ്ണം പിടിപ്പിക്കുന്ന അന്തിക്കതിര് പോലെ അത്ര ലോലവും സൂക്ഷ്മവുമാവാം. പിന്നീട് അതില്‍ നിന്ന് വളര്‍ന്ന് പന്തലിച്ച് പുഷ്പിക്കുന്ന സൃഷ്ടിയാണ് പ്രധാനം. ഇതിനിടയില്‍ സംഭവിക്കുന്ന സൃഷ്ടിപരതയുടേതായ രാസമാറ്റങ്ങളും രാസപരിണാമങ്ങളും എന്ത് എന്നത് സംബന്ധിച്ച അന്വേഷണം കൗതുകകരവും പ്രസക്തവുമാണ്. സൃഷ്ടിയുടെ രഹസ്യം അജ്ഞാതമാണ്. എന്നാല്‍ അത് കണ്ടെത്താനുളള ശ്രമം അവര്‍ണ്ണനീയമായ ആനന്ദഹേതുവും.
മനസില്‍ വന്നുപെടുന്ന ആദ്യപ്രചോദനം ക്രമേണ വളര്‍ന്ന് രൂപം പ്രാപിക്കുന്നതാണ് കഥയെ സംബന്ധിച്ച് അടുത്ത ഘട്ടം. അതിന് കാലഗണനയില്ല. ചിലപ്പോള്‍ ഒരു നിമിഷം കൊണ്ടോ ഒരു ദിവസം കൊണ്ടോ മറ്റുചിലപ്പോള്‍ ആഴ്ചകളും മാസങ്ങളും കൊണ്ടോ ഈ പ്രക്രിയ സംഭവിക്കാം. എന്തു തന്നെയായാലും മനസില്‍ നേരിയ ഒരു രൂപഘടനയെങ്കിലും രൂപപ്പെട്ട ശേഷം മാത്രമേ അത് കടലാസിലേക്ക് പകര്‍ത്താന്‍ കഴിയൂ.
വിവിധ രൂപത്തിലും വര്ണ്ണങ്ങളിലുമുളള വളപ്പൊട്ടുകള്‍ നിറച്ച കാലിഡസ്കോപ്പ് പോലെയാണ് കഥ. പല വിധത്തില്‍ കുലുക്കുമ്പോള്‍ വിവിധങ്ങളായ പാറ്റേണുകള്‍ രൂപപ്പെടുന്നു. അപ്പോഴും അടിസ്ഥാന ഘടകങ്ങളായ അസംസ്കൃത വസ്തുക്കള്‍ക്ക് മാറ്റമില്ല. അടിസ്ഥാന വികാരങ്ങളെ പല വിധത്തില്‍ വ്യാഖ്യാനിക്കുകയും സര്‍ഗപരതയുടെ അനന്യസൗഭഗം കൊണ്ട് ആവിഷ്കൃതമാവുകയും ചെയ്ത നിരവധി കഥകള്‍ മലയാളത്തിലുണ്ട്. ദാമ്പത്യത്തിന്റെയും പിതൃപുത്ര ബന്ധത്തിന്റെയും സൗഹൃദത്തിന്റെയും വര്‍ണ്ണവെറിയുടെയും വേറിട്ട ആഖ്യാനങ്ങളും ആവിഷ്കാരങ്ങളും എത്ര തന്നെയുണ്ടായി? എല്ലാം തന്നെ പ്രത്യഭിഭിന്നമായ സൃഷ്ടികളായി വിരാജിക്കുന്നുവെന്നതാണ് മലയാള കഥ കൈവരിച്ച നേട്ടം.
ഒരേ സമയം എത്ര ഘടകങ്ങളാണ് ഈ തരത്തില്‍ മനസില്‍ ഇഴപിരിയുന്നതെന്ന പരിശോധന രസാവഹമാണ്. അത് പരസ്പരം ഭേദിക്കാനാവാത്ത വിധം അപാരവും അഗാധവുമായ പാരസ്പര്യത്തോടെ നിലകൊളളുകയാണ്. വൈവിധ്യപൂര്‍ണ്ണമായ ഈ ഘടങ്ങളെ പ്രത്യേകമായെടുത്ത് പരിശോധിക്കുമ്പോള്‍ കഥനകലയുടെ രസതന്ത്രം സംബന്ധിച്ച് ഏറെക്കുറെ വ്യക്തമായ ചിത്രം ലഭിക്കും.
മനസിലായാലും കടലാസിലായാലും കംപ്യൂട്ടറിലായാലും കഥ എഴുതി പൂര്‍ത്തിയാക്കി എന്ന് വാചികാര്‍ത്ഥത്തില്‍ പറയാമെങ്കിലും യഥാര്‍ത്ഥത്തില്‍ അത് സംഭവിക്കുന്നില്ല.
ഒരു കഥയും പൂര്‍ണ്ണമാവുന്നില്ല. അത് വായനക്കാരന്റെ മനസിലാണ് പൂര്‍ണ്ണത തേടുന്നതും അമരത്വം പ്രാപിക്കുന്നതും. എഴുത്തുകാരന് കാണാത്ത തലങ്ങളും മാനങ്ങളും അവന് വ്യാഖ്യാനിക്കാന്‍ പാകത്തില്‍ കഥാകൃത്തിനെയും കടന്ന് വളര്‍ന്ന് പുതിയ സാധ്യതകളിലേക്ക് ഉയരാന്‍ ശേഷിയുളള കലാരൂപമാണ് കഥ.
ടി.പത്മനാഭന്റെ പ്രകാശം പരത്തുന്ന പെണ്‍കുട്ടി, കഥയുടെ പ്രത്യക്ഷധ്വനികള്ക്കുമപ്പുറം ചിന്തോപദ്ദീപകമായ ഒട്ടനവധി അടരുകളുളള കഥയാണ്.
എഴുത്തുകാരന് ഏകതാനമായി വിഭാവനം ചെയ്യുന്ന കഥ അയാളുടെ ചിന്താസരണികള്ക്കപ്പുറം നൂതനമായ വ്യാഖ്യാനസാധ്യതകളിലേക്ക് വളരുന്ന അപൂര്‍വത മലയാള കഥാസാഹിത്യത്തില്‍ പലകുറി സംഭവിച്ചിട്ടുണ്ട്.
വൈക്കം മുഹമ്മദ് ബഷീറിന്റെ വിശ്വവിഖ്യാതമായ മൂക്ക്, എം.മുകുന്ദന്റെ ഡല്‍ഹി 1981, ചന്ദ്രമതിയുടെ ആദ്യരാത്രി ..തുടങ്ങി എത്രയോ കഥകള്‍ ഉദാഹരണമായി എടുത്തു കാട്ടാന്‍ കഴിയും.
ചെറുകഥയുടെ അടിസ്ഥാനഭാവം എന്നും ഏകോന്മുഖമാണ്. ഒരു പ്രത്യേക ആശയത്തെയോ ഭാവത്തെയോ അവസ്ഥയെയോ പ്രകാശിപ്പിക്കാനായി അതില്‍ തന്നെ കേന്ദ്രീകൃതമായി ഏകാഗ്രതയോടെ നിര്‍വഹിക്കപ്പെടുന്ന ഒരു പരിശ്രമത്തിന്റെ ആകത്തുക. ദ്വിമുഖമായ, ത്രിമാനസ്വഭാവമുളള കഥകള്‍ സംഭവിക്കുക അപൂര്‍വം. വിവിധ അടരുകളുളള കഥകള്‍ അത്യപൂര്‍വം.എന്നാല്‍ ഈ തരത്തില്‍ ഒന്നിലധികം തലങ്ങള്‍ ഉണ്ടാവുന്നത് കഥയ്ക്ക് പരിമിതിയാവുന്നില്ലെന്ന് മാത്രമല്ല ആ കലാരൂപത്തെ മറ്റൊരു വിതാനത്തിലേക്ക് ഉയര്‍ത്താന്‍ പര്യാപ്തമാവുകയും ചെയ്യും.
ഇതിവൃത്ത സ്വീകരണത്തില്‍ അതീവജാഗ്രത പുലര്‍ത്തേണ്ട ഒന്നാണ് കഥ. നോവല്‍ അടക്കമുളള ബൃഹദ് ആഖ്യായികകളിലെന്ന പോലെ അസംഖ്യം കഥാപാത്രങ്ങളോ സംഭവവികാസങ്ങളോ കഥ ആവശ്യപ്പെടുന്നില്ല. ഒരു ലക്ഷ്യത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുന്ന അമ്പ് പോലെയാണ് കഥ. ഒരേയൊരു ബിന്ദുവിലാണ് അതിന്റെ ദൃഷ്ടി ചെന്നു നില്‍ക്കുന്നത്, നില്‍ക്കേണ്ടതും. അതേസമയം ലക്ഷ്യവേധിയായ ഇതിവൃത്തത്തിന്റെ സീമകള്‍ അതിലംഘിച്ചുകൊണ്ട് വൈവിധ്യപൂര്‍ണ്ണമായ ചിന്താസരണികളിലേക്ക് ധ്വനിക്കും വിധത്തില്‍ പ്രമേയം വളരുന്നു എന്നതും വളരെ പ്രസക്തമാണ്. അഥവാ ഏകആശയ കേന്ദ്രീകൃതമായ ഇതിവൃത്തം സ്വീകരിക്കുമ്പോള്‍ പോലും ആഖ്യാനം ചെയ്യപ്പെടാന്‍ ഒരുങ്ങുന്ന വിഷയത്തെ സംബന്ധിച്ച് കഥാകാരന്റെ മനസില്‍ വ്യക്തതയും സ്പഷ്ടതയും ഉണ്ടാവേണ്ടത് അനിവാര്യമാണ്. എന്ത് പറയുന്നു, എങ്ങനെ പറയുന്നു, എന്തിന് പറയുന്നു എന്നീ മൂന്ന് കാര്യങ്ങള്‍ അയാള്‍ നിശ്ചയമായും ചിന്തിച്ചുറപ്പിക്കേണ്ടതുണ്ട്.
ഇനി കഥയിലേക്കുളള സഞ്ചാരം ആരംഭിക്കാം. പൂര്‍വനിശ്ചിതമായ ഒരു പാറ്റേണ്‍ ഒരു കലാസൃഷ്ടിക്കും ഭൂഷണമല്ല. അത് സ്വയംഭൂവാണ്. എഴുത്തുകാരന് പോലും അറിയാതെ സ്വയം ഉരുത്തിരിഞ്ഞു വരികയാണ്. ബോധപൂര്‍വമായ പരിശ്രമങ്ങള്‍ക്ക് അവിടെ കാര്യമായ സ്ഥാനമില്ല.
കഥ കടലാസിലോ കംപ്യൂട്ടറിലേക്കോ പകര്‍ത്തുന്ന ഘട്ടം യാന്ത്രികമാണ്. അതിനും എത്രയോ മുന്‍പ് അതിന്റെ രൂപം എഴുത്തുകാരന്റെ മനസില്‍ പതിഞ്ഞിരിക്കാം.
രൂപശില്‍പ്പം കഥയെ സംബന്ധിച്ച് മര്‍മ്മപ്രധാനമാണ്. ഓരോ ഇതിവൃത്തത്തിനും ഫലപ്രദമായി ആഖ്യാനം ചെയ്യാന്‍ അനുരൂപമായ ഒരു ഘടന സ്വയം ഉരുത്തിരിഞ്ഞു വരികയാണ് സാധാരണഗതിയില്‍ സംഭവിക്കുന്നത്. വളരെ അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ കഥാകൃത്ത് ബോധപൂര്‍വം ചിന്തിച്ചുറപ്പിച്ച് ഒരു ഘടന നിര്‍ണ്ണയിച്ചുവെന്നും വരാം. രണ്ടായാലും ഏതൊരു കലാസൃഷ്ടിയ്ക്കുമെന്ന പോലെ കഥയ്ക്കും ഒരു ഘടന അഥവാ രൂപശില്‍പ്പം അനിവാര്യമാണ്. അനുക്രമമായ വികാസപരിണാമങ്ങളിലൂടെ ആദിമധ്യാന്തപ്പൊരുത്തം കൃത്യമായി ദീക്ഷിച്ചുകൊണ്ടുളള ശില്പ്പസംവിധാനമാണ് പരമ്പരാഗത ശൈലി സ്വീകരിക്കുന്നവര്‍ക്ക് ആശാസ്യം. എന്നാല്‍ ഇത് യാതൊരു വിധ വെല്ലുവിളിയും ഉയര്‍ത്തുന്നില്ല. തല, ശരീരം, വാല്…എന്നിങ്ങനെ വ്യവസ്ഥാപിത രീതിയിലുള്ള ഒരു കഥനശില്പ്പം കൊണ്ട് നിര്വഹിക്കപ്പെടാവുന്നതാണ് ഇവിടെ കഥനം. എവിടെ തുടങ്ങി, ഏതൊക്കെ കൈവഴികളിലുടെ സഞ്ചരിച്ച് എവിടെ അവസാനിക്കുന്നു എന്ന ചിന്തയാണ് അടിസ്ഥാനപരമായി ഒരു എഴുത്തുകാരനെ രൂപശില്പ്പത്തികവിലേക്ക് നയിക്കുന്നത്. അത് പലപ്പോഴും സ്വാഭാവികമായി തന്നെ രൂപപ്പെട്ട് വരികയാണ് ചെയ്യുന്നത്. ഓരോ വിഷയവും അര്‍ഹിക്കുന്ന ഘടന ഒന്നുകില്‍ സ്വയമേവ രൂപപ്പെടും. അല്ലെങ്കില്‍ ബോധപൂര്‍വമായ ആസൂത്രണത്തിലൂടെയോ പരിശ്രമത്തിലൂടെയോ എഴുത്തുകാരന് കണ്ടെത്തുക തന്നെ ചെയ്യും.
ഘടന പലപ്പോഴും പ്രാഥമിക ഘട്ടത്തില്‍ ഉരുത്തിരിഞ്ഞു വരുന്നത് ഒരു സ്കെല്ട്ടന് അഥവാ അസ്ഥികൂടം എന്ന നിലയിലാവും. അതില്‍ മജ്ജയും മാംസവും രക്തവും ജീവനും എല്ലാം സന്നിവേശിപ്പിക്കുക എന്നതാണ് പ്രധാനം. പരസ്പരം വേറിട്ട് നില്‍ക്കാത്ത വിധം വിവിധങ്ങളായ ഈ ഘടകങ്ങളുടെ സമന്വയം സംഭവിക്കുമ്പോഴാണ് കഥ, കഥയായി പരിണമിക്കുന്നത്. (തുടരും)