സി. കേശവന്റെ കോഴഞ്ചേരിയിലെ മഹാഗര്‍ജ്ജനം ഹൃദയത്തിലേറ്റാം
കേരള ചരിത്രത്തിലെ സിംഹ ഗര്‍ജ്ജനമായിരുന്നു സി. കേശവന്റെ കോഴഞ്ചേരി പ്രസംഗം. സംഘടിച്ച് സന്ധിയില്ലാതെ സമരം ചെയ്ത് അവകാശങ്ങള്‍ പിടിച്ചുവാങ്ങണം എന്നതായിരുന്നു കോഴഞ്ചേരി പ്രസംഗത്തിന്റെ കാതല്‍. സവര്‍ണ മാടമ്പിത്തത്തിന് നേരെ നെഞ്ചുനിവര്‍ത്തിയുള്ള വെല്ലുവിളിയായിരുന്നു ആ പ്രസംഗം. ജനസംഖ്യാനുപാതിക പ്രാതിനിദ്ധ്യം ആവശ്യപ്പെട്ട് ഈഴവ, മുസ്ലീം ക്രിസ്ത്യന്‍ സമുദായങ്ങള്‍ സംയുക്തമായി നടത്തിയ നിവര്‍ത്തന പ്രക്ഷോഭത്തിന് ഊര്‍ജ്ജം പകരാനാണ് കോഴഞ്ചേരിയില്‍ അദ്ദേഹം ആയിരങ്ങള്‍ക്ക് മുന്നില്‍ കത്തിജ്വലിച്ചത്. അധികാരികളുടെ മസ്തിഷ്‌കങ്ങളെ കാട്ടുതീ പോലെ പൊള്ളിച്ച സി. കേശവന്റെ മഹാഗര്‍ജ്ജനത്തിന് 87 വയസ് തികഞ്ഞു.
1888ല്‍ തിരുവിതാംകൂറില്‍ രാജാവിന്റെ കീഴില്‍ നിയമസഭ നിലവില്‍ വന്നെങ്കിലും പിന്നാക്കക്കാരെ തുടര്‍ച്ചയായി അവഗണിക്കുകയായിരുന്നു. ഈ നിയമസഭയിലേക്ക് 1922, 25, 28, 31വര്‍ഷങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നു. ജനസംഖ്യയുടെ 8.69 ശതമാനമായിരുന്ന ഈഴവരില്‍ നിന്നും ഒരാള്‍ പോലും നിയമസഭയിലേക്ക് എത്തിയില്ല. ജനസംഖ്യയുടെ 3.53 ശതമാനമായിരുന്ന മുസ്ലീങ്ങളുടെ സ്ഥിതിയും സമാനമായിരുന്നു. എല്ലാ ക്രൈസ്തവ വിഭാഗങ്ങളുടെയും ആകെ ജനസംഖ്യ അന്ന് 16.04 ശതമാനമായിരുന്നു. അവരുടെ പ്രാതിനിദ്ധ്യം 1922ലെ തിരഞ്ഞെടുപ്പിലെ 7ല്‍ നിന്നും 1931ല്‍ എത്തിയപ്പോള്‍ 4 ആയി കുറഞ്ഞു. എന്നാല്‍ ജനസംഖ്യയുടെ 8.68 ശതമാനമായിരുന്ന നായര്‍ സമുദായത്തിന്റെ പ്രാതിനിദ്ധ്യം 1922ലെ 12ല്‍ നിന്നും 31 എത്തിയപ്പോള്‍ 15 ആയി ഉയര്‍ന്നു. കരം കെട്ടിയിരുന്നവര്‍ക്ക് മാത്രമായിരുന്നു സഭകളിലേക്കുള്ള വോട്ടവകാശം. ഈഴവ, മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങളിലുള്ള ഭൂവുടമകള്‍ അന്ന് കരം കെട്ടിയിരുന്നെങ്കിലും ഈ ഭൂമികളുടെ മുന്‍ ഉടമസ്ഥരായ സവര്‍ണര്‍ക്ക് മാത്രമാണ് വോട്ടവകാശം നല്‍കിയിരുന്നത്. ഈ അനീതിക്കെതിരെ ഈഴവ, ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങള്‍ ഒന്നിച്ച് സംയുക്ത രാഷ്ട്രീയ സമിതിക്ക് രൂപം നല്‍കി നിവര്‍ത്തന പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു.
എസ്.എന്‍.ഡി.പി യോഗത്തിന്റെ യോഗത്തിലാണ് സംയുക്ത സമരം എന്ന ആശയം ആദ്യമുയര്‍ന്നത്. യോഗത്തിന്റെയും നേതാവായിരുന്ന സി. കേശവനായിരുന്നു പ്രക്ഷോഭത്തിന്റെ മുഖ്യ അമരക്കാരന്‍. നിവര്‍ത്തന പ്രക്ഷോഭ പ്രചരണത്തിന്റെ ഭാഗമായി 1935 മേയ് 13ന് കോഴഞ്ചേരിയില്‍ സംഘടിപ്പിച്ച പൗരസമത്വയോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചുകൊണ്ടായിരുന്നു സി. കേശവന്റെ ചരിത്ര പ്രസിദ്ധമായ പ്രസംഗം. പിന്നാക്കക്കാരെ ചവിട്ടിത്താഴ്ത്തുന്ന സര്‍.സി.പിയുടെ കുടിലതന്ത്രങ്ങള്‍ പ്രസംഗത്തിലൂടെ സി. കേശവന്‍ വിചാരണയ്ക്ക് വിധേയമാക്കി. സര്‍. സി.പി എന്ന ജന്തുവിനെ നമുക്ക് ആവശ്യമില്ലെന്ന് അദ്ദേഹം ഉച്ചത്തില്‍ പ്രഖ്യാപിച്ചു. അതിന്റെ പേരില്‍ തിരുവിതാംകൂര്‍ ഭരണകൂടം സി.കേശവന്റെ പേരില്‍ രാജ്യദ്രോഹം ചുമത്തി കേസെടുത്തു. ഇതോടെ സമരം ഇരട്ടിവീര്യം കൈവരിച്ച് ലക്ഷ്യഭേദിയായി മാറുകയായിരുന്നു.
അധികാരികള്‍ക്ക് നിവര്‍ത്തന പ്രക്ഷോഭകാരികളോട് അനുനയത്തിന് തയ്യാറാകേണ്ടി വന്നു. ഇതിന്റെ ഫലമായി ഈഴവ, മുസ്ലീം, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ നിന്നും കൂടുതല്‍ പേര്‍ നിയമസഭകളിലേക്കെത്തി. തിരുവിതാംകൂര്‍ പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ അടക്കം പിന്നാക്കക്കാര്‍ക്ക് അനുകൂലമായ പല തീരുമാനങ്ങളും സമരത്തിന്റെ ഫലമായി പിന്നീടുണ്ടായി. ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങള്‍ സി.കേശവന്റെ കോഴഞ്ചേരി പ്രസംഗം മനസില്‍ കനല്‍ പോലെ സൂക്ഷിച്ച് പിന്നീട് അവകാശങ്ങള്‍ പിടിച്ചുവാങ്ങി. ഇപ്പോഴും അവരത് തുടരുന്നു. പക്ഷെ നമുക്ക് എപ്പോഴോ ആവേശം ചോര്‍ന്നു. അതുകൊണ്ട് ജനസംഖ്യാനുപാതിക നീതി ഒരു മേഖലയിലും നമുക്ക് ലഭിക്കുന്നില്ല. സമുദായബലത്തില്‍ കേരളത്തില്‍ ഒന്നാമതായിട്ടും അതിന് അനുപാതികമായ പ്രാതിനിദ്ധ്യം നിഷേധിക്കപ്പെടുന്നത് നമ്മുടെ ബലഹീനത തന്നെയാണ്. അതിന്റെ കാരണം നമുക്കിടയിലെ ഭിന്നതയാണെന്ന യാഥാര്‍ത്ഥ്യം നമുക്കൊപ്പം പോരാടിയവര്‍ നമ്മളെ പിന്നിലാക്കി കുതിക്കുമ്പോഴെങ്കിലും തിരിച്ചറിയണം.
ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങളുടെ ആവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്താനും നേടിയെടുക്കാനും മത, സാമുദായിക പാര്‍ട്ടികള്‍ക്ക് പുറമേ സ്വന്തം രാഷ്ട്രീയ പാര്‍ട്ടികളും ഇന്നുണ്ട്. സമുദായത്തിന്റെയും മതത്തിന്റെയും പൊതുവായ ആവശ്യങ്ങള്‍ക്ക് പുറമേ തങ്ങളുടെ വിഭാഗത്തിലെ ഒരു വ്യക്തിക്ക് ഉന്നത സ്ഥാനങ്ങള്‍ ഉറപ്പിക്കാന്‍ പോലും കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഇക്കൂട്ടര്‍ ഒന്നിക്കുന്നു. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്കുള്ള കെ.ടി. ജലീലിന്റെ നോമിനിക്കെതിരെ പൊതുസമുഹത്തില്‍ നിന്നും എതിര്‍പ്പ് ഉയര്‍ന്നപ്പോള്‍ രാഷ്ട്രീയം മറന്ന് മുസ്ലീം ലീഗ് നേതാക്കള്‍ ജലീലിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്ന കാഴ്ച നമ്മള്‍ കണ്ടതാണ്. രാഷ്ട്രീയത്തിന് അതീതമായ സമാനമായ ജാതിമത പ്രണയങ്ങള്‍ സമീപഭാവിയില്‍ നിരവധി ഉണ്ടായിട്ടുണ്ട്. ഈ ഘട്ടത്തിലാണ് നമ്മളില്‍ ചിലര്‍ ഈ നീക്കങ്ങള്‍ക്കെതിരെ പോരാടുന്ന എസ്.എന്‍.ഡി.പി യോഗം എന്ന പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്.
യോഗം നേതാക്കള്‍ക്കെതിരെയായിരുന്നു സമുദായാംഗങ്ങള്‍ എന്ന് അവകാശപ്പെടുന്ന ചിലരുടെ ഒരുഘട്ടത്തിലെ ഒളിയുദ്ധം. ഇപ്പോഴത് ഈ മഹാപ്രസ്ഥാനത്തെ എങ്ങനെയും ഇല്ലായ്മ ചെയ്യുകയെന്ന നിലയിലേക്ക് മാറിയിരിക്കുന്നു. ഗുരുദേവന്‍ തിരികൊളുത്തിയ ഈ മഹാപ്രസ്ഥാനത്തിനും സമുദായ താല്പര്യങ്ങള്‍ക്കും അതീതമായി അവരുടെ വൈരാഗ്യബുദ്ധി വികൃതരൂപം പ്രാപിച്ചിരിക്കുകയാണ്. പ്രത്യാഘാതങ്ങളെക്കുറിച്ച് കൃത്യമായ ബോദ്ധ്യമുണ്ടായിട്ടും യോഗം തിരഞ്ഞെടുപ്പിലെ പ്രാതിനിദ്ധ്യ വോട്ടവകാശ സംവിധാനം ഇല്ലാതാക്കണമെന്ന വാശിയില്‍ ഉറച്ചുനില്‍ക്കുകയാണ്. നിലവിലെ നേതൃത്വമല്ല യോഗം ഭാരവാഹി തിരഞ്ഞെടുപ്പിന് പ്രാതിനിദ്ധ്യ വോട്ടവകാശം ഏര്‍പ്പെടുത്തിയത്. തിരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള എളുപ്പവഴിയായി അതിനെ കാണുന്നുമില്ല.
എല്ലാ അംഗങ്ങളും വോട്ട് ചെയ്താല്‍ നിലവിലെ നേതൃത്വത്തിന്റെ ഭൂരിപക്ഷം കൂടുതല്‍ ഉയരുകയേയുള്ളു. കാരണം ശാഖകളിലേക്കും ശാഖ പ്രവര്‍ത്തകരിലേക്കും ഇറങ്ങിച്ചെന്ന് അവര്‍ക്കൊപ്പം നില്‍ക്കുന്ന നേതൃത്വമാണ് യോഗത്തിന് കഴിഞ്ഞ കാല്‍ നൂറ്റാണ്ടായുള്ളത്. അപ്പോഴും ഇത്തരമൊരു തിരഞ്ഞെടുപ്പിന് വേണ്ടി വരുന്ന ചെലവാണ് ഒന്നാമത്തെ പ്രശ്‌നം. എല്ലാ യോഗം അംഗങ്ങള്‍ക്കും വോട്ട് ചെയ്യാന്‍ പൊതുതിരഞ്ഞടുപ്പിന് സമാനമായ സജ്ജീകരണങ്ങള്‍ വേണ്ടി വരും. ഒരു രജിസ്‌ട്രേഡ് തപാലിന് 25 രൂപയാണ് ഫീസ്. തിരഞ്ഞെടുപ്പ് സംബന്ധിച്ച അറിയിപ്പ് 32 ലക്ഷം യോഗം അംഗങ്ങള്‍ക്ക് രജിസ്‌ട്രേഡ് ആയി അയയ്ക്കാന്‍ മാത്രം എട്ട് കോടി രൂപ വേണ്ടി വരും. അപ്പോള്‍ ബാക്കി ചെലവുകള്‍ എത്ര ഭീകരമായിരിക്കും. സര്‍ക്കാരുകള്‍ക്ക് പോലും ഇടയ്ക്കിടെയുള്ള തിരഞ്ഞെടുപ്പുകളുടെ ചെലവ് താങ്ങാനാകുന്നില്ല.പിന്നെ എങ്ങനെ എസ്.എന്‍.ഡി.പി യോഗത്തിന് താങ്ങാനാകും. കേരളമെമ്പാടും ബൂത്തുകള്‍ സജ്ജമാക്കി പോളിംഗ് ഓഫീസര്‍മാരെയും നിയോഗിച്ചുള്ള ഒറ്റ തിരഞ്ഞെടുപ്പിലൂടെ തന്നെ യോഗം കടത്തിലാകും. എസ്.എന്‍.ഡി.പി യോഗത്തെ ഈ അവസ്ഥയിലെത്തിക്കുകയാണ് പ്രാതിനിദ്ധ്യ സംവിധാനത്തിനെതിരെ കോടതിയെ സമീപിച്ചവരുടെ പ്രധാന ലക്ഷ്യം.
പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി എസ്.എന്‍.ഡി.പി യോഗം നിരന്തരം ശബ്ദമുയര്‍ത്തുന്നത് രാഷ്ട്രീയ പാര്‍ട്ടികളെയും ചില സമുദായ സംഘടനകളെയും വല്ലാതെ ചൊടിപ്പിക്കുന്നുണ്ട്. അവര്‍ യോഗത്തെ തകര്‍ക്കാന്‍ അവസരം കാത്തിരിക്കുകയാണ്. പ്രാതിനിദ്ധ്യ സംവിധാനം ഇല്ലാതാകുന്നതോടെ ശാഖകളുടെ പ്രസക്തി നഷ്ടമായി രാഷ്ട്രീയ പര്‍ട്ടികളുടെയും ഇതര മത, സമുദായങ്ങളുടെയും ഇടപെടല്‍ യോഗം തിരഞ്ഞടുപ്പില്‍ ഉണ്ടാകുന്ന സ്ഥിതിയുണ്ടാകും. യോഗത്തെ തകര്‍ക്കാന്‍ വട്ടമിട്ട് പറക്കുന്ന സവര്‍ണ സമുദായ സംഘടനകളും ന്യൂനപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുമായി ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് പ്രാതിനിദ്ധ്യ സംവിധാനത്തിനെതിരെ കോടതിയെ സമീച്ചതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഈ കുത്സിത നീക്കങ്ങള്‍ തകര്‍ക്കുന്നത് പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളെയാകും.
സര്‍ക്കാര്‍ മേഖലയിലെ സുപ്രധാന സ്ഥാനങ്ങളെല്ലാം കൈക്കലാക്കാന്‍ സവര്‍ണ, ന്യൂപക്ഷ സമുദായങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്ന കാലമാണിത്. അതേസമയം ഈഴവര്‍ തമ്മിലടിച്ച് സ്വയം നശിക്കുകയാണ്. കുഴികുഴിച്ച് സ്വന്തം സമുദായക്കാരെ തള്ളിയിടാന്‍ ശ്രമിക്കുകയാണ്. അത് അവസാനിപ്പിക്കണം. ഒന്നായാലെ നന്നാകൂ. കോഴഞ്ചേരി പ്രസംഗത്തിന്റെ ഈ ഓര്‍മ്മ ദിനത്തില്‍ ഐക്യത്തിന്റെ ചിന്ത നമ്മുടെ മനസുകളില്‍ നിറയണം.