സി. കേശവന്‍
അധികാരം കൊയ്‌തെടുത്ത ധീരന്‍


കേരളത്തിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ ചരിത്രത്തിലെ ഏറ്റവും അഭിമാനകരമായ ഏടാണ് സി.കേശവന്റെ ഐതിഹാസിക ജീവിതം. പിന്നാക്ക സമുദായത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ മാത്രമല്ല കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ, ഭരണ ചരിത്രങ്ങളിലെല്ലാം തന്നെ സി. കേശവന് സവിശേഷമായ സ്ഥാനമുണ്ട്.
കേരളത്തിന്റെ (പഴയ തിരു-കൊച്ചി) മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യത്തെ ഈഴവസമുദായാംഗമായ സി. കേശവന്റെ ജീവിതവഴികള്‍ പിന്‍തലമുറകള്‍ക്ക് ഒരു പാഠപുസ്തകമാണ്. 1951 മുതല്‍ 1952 വരെ തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി.കേശവന്റെ കര്‍മ്മപഥത്തിലൂടെ സഞ്ചരിക്കുമ്പോള്‍ വിസ്മയാവഹമായ പല വസ്തുതകളും കണ്ടെത്താന്‍ കഴിയും. ഇന്റര്‍മീഡിയേറ്റ് കഴിഞ്ഞ് പാലക്കാട് ബാസല്‍ സ്‌കൂളില്‍ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച സി. കേശവന്‍ പിന്നീട് സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയായിരുന്നു. നിയമബിരുദം നേടിയ അദ്ദേഹം ഹ്രസ്വകാലം കൊല്ലം ജില്ലാ കോടതിയില്‍ അഭിഭാഷകനായിരുന്നു.
നിവര്‍ത്തന പ്രക്ഷോഭ പ്രചരണത്തിന്റെ ഭാഗമായി ക്രൈസ്തവ മഹാസഭ കോഴഞ്ചേരിയില്‍ സംഘടിപ്പിച്ച ഈഴവ- ക്രൈസ്തവ- മുസ്ലീം രാഷ്ട്രീയ സമ്മേളനത്തില്‍ നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രസംഗത്തിന്റെ പേരില്‍ ജയിലില്‍ അദ്ദേഹം അടയ്ക്കപ്പെട്ടു. ഈഴവര്‍ അടക്കമുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്ക് വോട്ടവകാശം, ആരാധനാ സ്വാതന്ത്ര്യം ഉള്‍പ്പെടെയുളള പൗരാവകാശങ്ങള്‍ നിഷേധിച്ച ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരെക്കുറിച്ച് ‘ഈ ജന്തുവിനെ നമുക്കാവശ്യമില്ല’ എന്ന് ആയിരങ്ങള്‍ക്ക് മുന്നില്‍ വച്ച് പ്രഖ്യാപിച്ചതായിരുന്നു കുറ്റം. ശ്രീമൂലം പ്രജാസഭയില്‍ നിന്നും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ നിന്നും ഈഴവ, മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ മാറ്റിനിര്‍ത്തുന്നതില്‍ പ്രതിഷേധിച്ചായിരുന്നു നിവര്‍ത്തന പ്രക്ഷോഭത്തിന്റെ പിറവി. പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത സംയുക്ത രാഷ്ട്രീയ സമിതിയുടെ നായകന്‍ സി. കേശവനായിരുന്നു.
കൊല്ലം ജില്ലയിലെ മയ്യനാട് ഗ്രാമത്തില്‍ സാധാരണമായ ഈഴവ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. കുട്ടിക്കാലത്ത് തന്നെ ശ്രീനാരായണ ഗുരുദേവന്റെയും ഗാന്ധിജിയുടെയും ദര്‍ശനങ്ങള്‍ സി.കേശവനെ ആഴത്തില്‍ സ്വാധീനിച്ചു. അടിസ്ഥാനപരമായി യുക്തിചിന്തയില്‍ അഭിരമിച്ചിരുന്ന അദ്ദേഹം ഒരു നിരീശ്വരവാദിയായതില്‍ അത്ഭുതപ്പെടാനില്ല. സ്വാഭാവികമായും കാള്‍ മാര്‍ക്സ് അടക്കമുളളവരുടെ ചിന്തകള്‍ അദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നു. സമഭാവനയോടെയുളള മനുഷ്യജീവിതം സ്വപ്നം കണ്ടിരുന്ന കേശവന് ജാതീയമായ അന്തരങ്ങള്‍ സൃഷ്ടിക്കുന്ന മനുഷ്യത്വരഹിതമായ സമീപനങ്ങള്‍ ഉള്‍ക്കൊള്ളാനായില്ല. അയിത്തവും അസ്പര്‍ശ്യതയും അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. കേരളത്തിന്റെ മണ്ണില്‍ നിന്നും ഇത്തരം ദുരാചാരങ്ങള്‍ എന്നെന്നേക്കുമായി തുടച്ചു നീക്കണമെന്ന് അദ്ദേഹം നിശ്ചയിച്ചു. അതിനായി കഠിനപ്രയത്നങ്ങളില്‍ മുഴുകി. സമുദായപ്രവര്‍ത്തനങ്ങളിലും സജീവമായ അദ്ദേഹം എസ്.എന്‍.ഡി.പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി പദത്തിലുമെത്തി.
മികച്ച പോരാട്ടവീര്യം പ്രകടിപ്പിച്ച സി. കേശവന്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപീകരിച്ചത്. ഉത്തരവാദിത്ത ഭരണത്തിനായുള്ള പ്രക്ഷോഭത്തിനിടയില്‍ അദ്ദേഹം നിരവധി തവണ അറസ്റ്റ് ചെയ്യപ്പെട്ടു. ക്വിറ്റ് ഇന്ത്യ സമരത്തിനിടയില്‍ വീണ്ടും ജയിലില്‍ അടക്കപ്പെട്ട അദ്ദേഹം ഒരു വര്‍ഷത്തിന് ശേഷം മോചിതനായി. സമരമുഖങ്ങളില്‍ അടിയുറച്ച് നിന്ന സി. കേശവന്റെ സ്വീകാര്യത നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു. തിരുവിതാംകൂര്‍ നിയമസഭയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട മന്ത്രിസഭയിലെ അംഗമായി നിയമിക്കപ്പെട്ട അദ്ദേഹം ഏതാനും മാസങ്ങള്‍ക്ക് ശേഷം ആ പദവിയില്‍ നിന്നും രാജിവച്ചു. 1951ല്‍ അദ്ദേഹം തിരു-കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ ചരിത്രത്തിലാദ്യമായി ഭരണസാരഥ്യത്തിലേറുന്ന പിന്നാക്കക്കാരന്‍ എന്ന വിശേഷണത്തിന് അര്‍ഹനായി.
പില്‍ക്കാലത്ത് വെട്ടേറ്റു സര്‍ സി.പി രാജ്യം വിടുകയും അതിന് ശേഷം നാട് രക്ഷപ്പെടുകയും ചെയ്തപ്പോള്‍ സി.കേശവന്റെ ദീര്‍ഘവീക്ഷണമാണ് സമൂഹത്തിന് ബോദ്ധ്യമായത്. തന്റെ ചോറ്റുപട്ടാളത്തെക്കൊണ്ട് നാടാകെ വിറപ്പിച്ച സി.പി.യെ ജന്തു എന്നു വിളിക്കാന്‍ സി.കേശവനെ പ്രചോദിപ്പിച്ചത് അത്യപൂര്‍വമായ ധൈര്യത്തൊടൊപ്പം സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും കുറിച്ചുള്ള ഉയര്‍ന്ന രാഷ്ട്രീയബോധമാണ്. ഇതാണ് സി.കേശവനെ ചരിത്രത്തില്‍ വേറിട്ട് നിര്‍ത്തുന്നതും.
തിരു- കൊച്ചി മുഖ്യമന്ത്രി പദത്തേക്കാള്‍ സി. കേശവന്റെ ജീവിതവഴിയിലെ ജ്വലിക്കുന്ന അദ്ധ്യായം കോഴഞ്ചേരി പ്രസംഗമാണ്. ഏകാധിപത്യവും സവര്‍ണാധിപത്യവും കൊടികുത്തി വാണിരുന്ന ഒരു കാലത്ത് എന്തിനും പോന്ന സര്‍. സി.പിയെ പോലെ ഒരു ഭരണാധികാരിക്കെതിരെ പരസ്യപ്രതികരണത്തിന് മുതിരുക എന്നത്, അന്ന് മാത്രമല്ല ഇന്നും അചിന്ത്യമാണ്. കാരണം അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതാണെന്ന് ഏത് സാധാരണക്കാര്‍ക്കും അറിയാം. എന്നാല്‍ സി.കേശവനാകട്ടെ ഇതൊന്നും കൂസാതെ സധൈര്യം മുന്നോട്ട് വരികയും അതിശക്തമായി പ്രതികരിക്കുകയും ചെയ്തു. ഈ സംഭവം കേരളത്തിന്റെ പുരോഗമനാത്മകമായ കുതിപ്പിലെ സുവര്‍ണ്ണാദ്ധ്യായമായി പിന്നീട് ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കപ്പെട്ടു. സാമുദായിക നവോത്ഥാന പ്രക്രിയയിലും സമത്വത്തിനായുളള പോരാട്ടത്തിലും വഴിത്തിരിവ് സൃഷ്ടിച്ച ഒന്നായിരുന്നു ആ പ്രസംഗം. അധ:സ്ഥിതരെന്ന് ആക്ഷേപിക്കപ്പെട്ട ഒരു ജനവിഭാഗത്തിന്റെ പരസ്യമായ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കാഹളധ്വനിയായിരുന്നു കോഴഞ്ചേരി പ്രസംഗം. അതിന് ധൈര്യം കാണിച്ച സി.കേശവനെ ‘നാല്‍പ്പത് ലക്ഷത്തോളം വരുന്ന തിരുവിതാംകൂറുകാരുടെ കിരീടം വയ്ക്കാത്ത രാജാവ് ‘ എന്നാണ് കെ.സി. മാമ്മന്‍മാപ്പിള വിശേഷിപ്പിച്ചത്.
പിറക്കാനിരിക്കുന്ന ഐക്യകേരളം സവര്‍ണരുടെ മേല്‍ക്കോയ്മയിലുളളതാവരുതെന്നും സാമുദായികമായ ഉച്ചനീചത്വങ്ങള്‍ ഒഴിഞ്ഞ സമത്വപൂര്‍ണ്ണമായ ഒന്നായിരിക്കണമെന്ന ചിന്തയുടെ ബഹിര്‍സ്ഫുരണമായിരുന്നു കോഴഞ്ചേരി പ്രസംഗം. പില്‍ക്കാല ചരിത്രം പരിശോധിച്ചാല്‍ ഒരു കാര്യം ബോദ്ധ്യപ്പെടും. സര്‍ സി.പിമാര്‍ വരച്ച വരയിലൂടെയല്ല, സി.കേശവന്‍ വരച്ച വരയിലുടെയാണ് പിന്നീട് കേരളം മുന്നേറിയത്. ഒരു സന്ധ്യാസമയത്താണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. പാതി സമയത്തെ ഉദ്ദേശിച്ചും മറുപാതി ആ കാലഘട്ടത്തിലെ ഉച്ചനീചത്വങ്ങളെ ഉദ്ദേശിച്ചും ‘അന്ധകാരമയമായ ഈ സമയത്ത്’ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ‘ഈ വിദ്വാന്‍ ഇവിടെ വന്നതില്‍ പിന്നെയാണ് തിരുവിതാംകൂര്‍ രാജ്യത്തെപ്പറ്റി ഇത്ര ചീത്തയായ പേര് പുറത്തുവന്നതെന്നും, ഈ മനുഷ്യന്‍ പോയെങ്കിലല്ലാതെ രാജ്യം ഗുണംപിടിക്കുകയില്ല’ എന്നും സി.കേശവന്‍ ധീരമായി പ്രഖ്യാപിച്ചു.
പില്‍ക്കാലത്ത് വെട്ടേറ്റു സര്‍ സി.പി രാജ്യം വിടുകയും അതിന് ശേഷം നാട് രക്ഷപ്പെടുകയും ചെയ്തപ്പോള്‍ സി.കേശവന്റെ ദീര്‍ഘവീക്ഷണമാണ് സമൂഹത്തിന് ബോദ്ധ്യമായത്. തന്റെ ചോറ്റുപട്ടാളത്തെക്കൊണ്ട് നാടാകെ വിറപ്പിച്ച സി.പി.യെ ജന്തു എന്നു വിളിക്കാന്‍ സി.കേശവനെ പ്രചോദിപ്പിച്ചത് അത്യപൂര്‍വമായ ധൈര്യത്തൊടൊപ്പം സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും കുറിച്ചുള്ള ഉയര്‍ന്ന രാഷ്ട്രീയബോധമാണ്. ഇതാണ് സി.കേശവനെ ചരിത്രത്തില്‍ വേറിട്ട് നിര്‍ത്തുന്നതും. സി. കേശവനെ മാതൃകയാക്കി ഒറ്റക്കെട്ടായി നമുക്ക് അവഗണനകള്‍ക്കെതിരെ പോരാടാം.