സാമൂഹ്യ വിപ്ളവം

ദ്രൗപദി മുര്‍മ്മുവിനെ രാഷ്ട്രപതിയായി കൊണ്ടുവരാനുള്ള തീരുമാനത്തില്‍ സാമൂഹികനീതിയുടെ ഒരു അംശമുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു എന്നു പറഞ്ഞാല്‍ പോര അതിലേറെ അവഗണിക്കപ്പെട്ട ഒരു വിഭാഗത്തില്‍ നിന്നുള്ള സ്ത്രീയെ ഇന്ത്യയുടെ പ്രഥമപൗരയായി ഉയര്‍ത്തി. അതൊരു സാമൂഹ്യവിപ്ലവമാണ്.

ദേശീയ രാഷ്ട്രീയത്തില്‍ തീരെ അറിയപ്പെടാതിരുന്ന ഒരു വനിത രാജ്യത്തിന്റെ 15-ാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. കഷ്ടിച്ച് ഒരു മാസം മുമ്പാണ് നമ്മള്‍ ഈ പേര് കേട്ടു തുടങ്ങിയത്; അതും പരമോന്നത പദവിയിലേക്ക് ബി.ജെ.പി അവരുടെ പേര് നിര്‍ദ്ദേശിച്ച ശേഷം മാത്രം. ഒറീസയില്‍ രണ്ടുതവണ നിയമസഭാംഗവും കുറച്ചുകാലം നവീന്‍പട്‌നായിക്കിന്റെ മന്ത്രിസഭയില്‍ സഹമന്ത്രിയുമായിരുന്നു. അഞ്ച് കൊല്ലം ജാർഖണ്ഡിൽ ഗവര്‍ണറുമായിരുന്നു. എങ്കില്‍ പോലും അഖിലേന്ത്യാതലത്തില്‍ അറിയപ്പെടുന്ന വ്യക്തിയായിരുന്നില്ല. ദേശീയ തലത്തില്‍ അറിയപ്പെടുന്ന നിരവധി നേതാക്കള്‍ ബി.ജെ.പിയില്‍ തന്നെയുണ്ട്. മാത്രമല്ല കീഴ്‌വഴക്കമനുസരിച്ച് ഉപരാഷ്ട്രപതിയായിരുന്ന വെങ്കയ്യനായിഡു രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്നും കരുതിയിരുന്നു. പരമ്പരാഗതമായി ഉപരാഷ്ട്രപതിയുടെ പ്രൊമോഷന്‍ പോസ്റ്റായിട്ടാണ് രാഷ്ട്രപതിയെ കരുതിയിരുന്നത്. ഡോ. എസ്. രാധാകൃഷ്ണന്‍, ഡോ. സക്കീര്‍ഹുസൈന്‍, വി.വി. ഗിരി, ആര്‍. വെങ്കട്ടരാമന്‍, ഡോ. ശങ്കര്‍ദയാല്‍ ശര്‍മ്മ, കെ.ആര്‍. നാരായണന്‍ എന്നിവരൊക്കെ ഉപരാഷ്ട്രപതിയായിരുന്നിട്ട് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടവരാണ്.

വെങ്കയ്യനായിഡു ബി.ജെ.പി.യുടെ സമുന്നത നേതാവാണ്. ദീര്‍ഘകാലം രാജ്യസഭാംഗവും കേന്ദ്രമന്ത്രിയുമായിരുന്നു. പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റായി രണ്ടുകൊല്ലം പ്രവര്‍ത്തിച്ചിട്ടുണ്ട്.

പാര്‍ലമെന്ററി രംഗത്തും ഭരണരംഗത്തും പേരും പെരുമയും ആര്‍ജ്ജിച്ച് ദേശീയ തലത്തില്‍ അറിയപ്പെടുന്ന വെങ്കയ്യനായിഡു സ്വാഭാവികമായി രാഷ്ട്രപതി ആകേണ്ടതായിരുന്നു. അതല്ലെങ്കില്‍ ബി.ജെ.പി.യുടെ തന്നെ മറ്റൊരു പ്രധാനനേതാവിനെ പരിഗണിക്കുമെന്നാണ് കരുതിയിരുന്നത്. അതിനും പുറമേ ആരിഫ് മുഹമ്മദ്ഖാന്‍, ഗുലാംനബിആസാദ് തുടങ്ങിയ പേരുകളും പറഞ്ഞുകേട്ടിരുന്നു . എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി ദ്രൗപദി മുര്‍മു സ്ഥാനാർത്ഥിയായി. ഈ സ്ഥാനാർത്ഥിത്വത്തിന് ചരിത്ര പ്രാധാന്യമുണ്ട്.

സ്വാതന്ത്ര്യംകിട്ടി 75 വര്‍ഷത്തിന് ശേഷവും ജാതിവ്യവസ്ഥ കൊടികുത്തി വാഴുന്ന രാജ്യമാണ് ഇന്ത്യ. ജാതികള്‍, ഉപജാതികള്‍ അതുമായി ബന്ധപ്പെട്ട അയിത്താചരണമടക്കമുള്ള ദുരാചാരങ്ങള്‍ ഇപ്പോഴും നിലനിൽക്കുന്നു. അതിലുപരി വര്‍ണത്തിന്റെയും വംശത്തിന്റെയും ലിംഗത്തിന്റെയും അടിസ്ഥാനത്തിലുള്ള വലിയ വിവേചനം രാജ്യത്ത് നിലനില്‍ക്കുന്നു. അതിൽ ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവിഭാഗമാണ് ആദിവാസികൾ.അവര്‍ക്ക് പ്രത്യേകിച്ച് രാഷ്ട്രീയ ഇച്ഛാശക്തിയില്ല. വിലപേശല്‍ ശക്തിയുമില്ല. അതാണ് പ്രധാന കാര്യം. അവകാശങ്ങള്‍ സ്വയം സംഘടിച്ച് നേടാനുള്ള കഴിവോ പ്രാപ്തിയോ ഇല്ല. അത്രയും പിന്നാക്കമായിനില്‍ക്കുന്ന ഒരു വിഭാഗത്തില്‍നിന്നൊരു സ്ഥാനാര്‍ത്ഥി വരുന്നു; അതുമൊരു വനിത. എന്തായിരിക്കും ഇങ്ങനെയൊരു സ്ഥാനാര്‍ത്ഥിയെ കൊണ്ടുവന്നതിന്റെ ചേതോവികാരം? പ്രധാനമായി രണ്ട് കാരണങ്ങൾ ചൂണ്ടിക്കാണിക്കാം.ഒന്നാമത് ദ്രൗപദി മുര്‍മ്മുവിനെ പോലെ ഒരു സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചതിലൂടെ എതിര്‍പാര്‍ട്ടികളെ മൊത്തം നിഷ്‌പ്രഭമാക്കാന്‍ ബിജെപിക്ക് സാധിച്ചു. ഒരു ആദിവാസി വനിതയെ എങ്ങനെ എതിര്‍ക്കും? ഏറ്റവും പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗത്തില്‍ നിന്ന് വരുന്ന ആളല്ലേ?. എന്‍.ഡി.എ. ഘടകകക്ഷികള്‍ മാത്രമല്ല ബി.ജെ.പി.യെ ഒരു കാരണവശാലും പിന്തുണക്കാന്‍ സാദ്ധ്യതയില്ലാത്ത പാര്‍ട്ടികള്‍ പോലും ദ്രൗപദി മുര്‍മ്മുവിനെഎതിർക്കാൻ പറ്റാത്ത അവസ്ഥയിലെത്തി.

ഒഡീഷ സംസ്ഥാനക്കാരിയായതുകൊണ്ട് ബിജുജനതാദള്‍ ആദ്യം തന്നെ പിന്തുണ പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ ആന്ധ്രയിലെവൈ.എസ്.ആർ കോൺഗ്രസും, ആ പാർട്ടിയുടെ ബദ്ധ ശത്രുവായ തെലുങ്ക് ദേശം പാർട്ടിയും അതേ പാത പിന്തുടർന്നു.തമിഴ് നാട്ടിലെവണ്ണിയർ സമുദായത്തെ പ്രതിനിധീകരിക്കുന്ന പട്ടാളി മക്കൾ കക്ഷി, ദേശീയ ജനാധിപത്യ സഖ്യത്തിൽ നിന്ന് കഴിഞ്ഞ തവണ വേര്‍പിരിഞ്ഞ ശിരോമണി അകാലിദളും ദ്രൗപദി മുര്‍മ്മുവിന് പിന്തുണ പ്രഖ്യാപിച്ചു. ശിവസേനയിലെ ഷിന്‍ഡെ ഗ്രൂപ്പ് മാത്രമല്ല, അവരെ എതിർക്കുന്ന താക്കറെ ഗ്രൂപ്പും മുര്‍മ്മുവിന് പിന്തുണപ്രഖ്യാപിച്ചത് ശ്രദ്ധേയമായി. ബി.ജെ.പിയോട് കടുത്ത വിയോജിപ്പുള്ള ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും ബി.ജെ.പിയെ മുഖ്യശത്രുവായി കാണുന്ന കര്‍ണാടകത്തിലെ ജനതാദള്‍ സെക്യുലറും കോണ്‍ഗ്രസ് സഖ്യത്തില്‍ പെട്ട ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും ദ്രൗപദിക്ക് തന്നെ പിന്തുണ നല്‍കി. ആദിവാസികളുടെ പാര്‍ട്ടിയാണ് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച . അവര്‍ എങ്ങനെ ആദിവാസിയായ ദ്രൗപദിയെ എതിര്‍ക്കും?. സന്താള്‍ വിഭാഗത്തില്‍ ജനിച്ച ദ്രൗപദിയെ പിന്തുണച്ചില്ലെങ്കില്‍ ആദിവാസികള്‍ക്കിടയില്‍ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച ഒറ്റപ്പെട്ടു പോകുമായിരുന്നു.

ദ്രൗപദി മുര്‍മ്മു രാഷ്ട്രപതിയായത് കൊണ്ട് ആദിവാസികള്‍ക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്ന് പറയുന്നവരുണ്ട്. കെ.ആര്‍. നാരായണന്‍ രാഷ്ട്രപതിയായത് കൊണ്ട് പ്രത്യേകിച്ച് ഗുണമുണ്ടായിട്ടില്ല. കെ.ജി. ബാലകൃഷ്ണന്‍ ചിഫ് ജസ്റ്റിസായതുകൊണ്ട് പട്ടികജാതിക്കാര്‍ക്ക് പ്രത്യേകിച്ച് ഒരു പ്രയോജനവുമുണ്ടായിട്ടില്ല. പക്ഷേ അതിനൊരു ചരിത്രപ്രാധാന്യമുണ്ട്. എന്നാല്‍ ഇതുപോലുള്ള ഉയര്‍ന്ന സ്ഥാനങ്ങളില്‍ പട്ടികജാതിക്കാര്‍ക്കും ഇരിക്കാമെന്ന് അവര്‍ തെളിയിച്ചു.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ നാഗാ, മിസോ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പ്രാദേശിക കക്ഷികളും ദ്രൗപദി മുർമ്മുവിന് പിന്തുണ പ്രഖ്യാപിച്ചു. അങ്ങനെ പ്രതിപക്ഷപാര്‍ട്ടികള്‍ ഉണ്ടാക്കുമായിരുന്ന ഒരു മഴവില്‍ മുന്നണിയെ തുടക്കത്തില്‍ തന്നെ ഇല്ലായ്‌മ ചെയ്യാന്‍ ബിജെപിക്ക് സാധിച്ചു. കോണ്‍ഗ്രസ് പാർട്ടിയിൽതന്നെവലിയ ആശയക്കുഴപ്പമുണ്ടായി.കോൺഗ്രസിൽ നിന്നും അവരോട് അടുപ്പമുള്ള പ്രാദേശിക കക്ഷികളില്‍ നിന്നും വോട്ടുചോര്‍ന്നു.

കൊടിക്കുന്നില്‍ സുരേഷ് എം.പി. പരസ്യമായി പറഞ്ഞു. ”ഞാന്‍ വ്യക്തിപരമായി ദ്രൗപദി മുര്‍മ്മുവിന് വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാല്‍ പറ്റില്ല”കേരളത്തില്‍ നിന്നു പോലും ഒരു വോട്ട് ദ്രൗപദിക്ക് കിട്ടി. അത് ആരുടെ വോട്ടെന്ന് കണ്ടുപിടിച്ചിട്ടില്ല.

ബി.ജെ.പി ഏതുകാലത്തും സവർണകേന്ദ്രീകൃതമായ പാർട്ടിയായാണ് കരുതപ്പെടുന്നത്.ബി.ജെ.പിയുടെ പൂർവമാതൃകയായിരുന്നു ഭാരതീയ ജനസംഘം.1925ല്‍ രൂപപ്പെട്ടതാണ് ആര്‍.എസ്.എസ്. 1951ല്‍ രൂപീകരിച്ചതാണ് ജനസംഘം. അന്നുമുതല്‍ ആ പാര്‍ട്ടിയെ നയിക്കുന്നത് നാഗ് പൂരിലെ മഹാരാഷ്ട്ര ബ്രാഹ്മണരുടെ ഒരു സംഘമാണ്.ആര്‍.എസ്.എസ്. ഹിന്ദുമഹാസഭ, ഭാരതീയ ജനംഘം എന്നീ സംഘടനകള്‍ ബ്രാഹ്‌മണമേധാവിത്വം നിലനില്‍ക്കുന്ന സവര്‍ണകേന്ദ്രീകൃതമായ പാര്‍ട്ടികളായിരുന്നു. ജനസംഘത്തിന്റെ നേതാക്കള്‍ ബ്രാഹ്‌മണരോ ആര്യസമാജക്കാരോ ആയിരുന്നു. പാര്‍ട്ടിയുടെ പ്രവര്‍ത്തകരും അനുഭാവികളും അധികവും ആദ്യകാലത്ത് വൈശ്യരായ ബനിയകളായിരുന്നു. ഈ ബനിയകള്‍ വടക്കേ ഇന്ത്യയില്‍ കച്ചവടം കുലത്തൊഴിലാക്കിയവരാണ്. പട്ടണപ്രദേശങ്ങളില്‍ മാത്രമായിരുന്നു ആദ്യകാലത്ത് ജനസംഘം ഉണ്ടായിരുന്നത്. അത് നഗരങ്ങളിലെ കച്ചവടക്കാരുടെ പാർട്ടിയായിരുന്നു.

1980ല്‍ ജനസംഘത്തിന്റെ പേര് മാറ്റി ഭാരതീയ ജനതാപാര്‍ട്ടിയായി. പിന്നീട് പിന്നാക്കക്കാരേയും പട്ടികവിഭാഗക്കാരേയുംആകർഷിക്കാൻ ശ്രമിച്ചു . യാദവരെയും കുര്‍മികളെയും ഒപ്പം നിര്‍ത്താന്‍ ബിജെപി ശ്രമിച്ചു.

എന്നാല്‍ ആദ്യകാലത്തൊന്നും ഈ ശ്രമം അത്ര വിജയകരമായിരുന്നില്ല. പിന്നീട് ഹിന്ദുത്വം എന്ന അജണ്ട അതിശക്തമായി കൊണ്ടുവന്നു. ജാതിക്ക് അതീതമായി മതത്തിന്റെ അടിസ്ഥാനത്തില്‍ വോട്ടു ചോദിക്കാന്‍ തുടങ്ങി.

കാശ്മീര്‍ പ്രശ്‌നം, മുത്തലാഖ്, ഏകീകൃത സിവില്‍കോഡ്, രാമക്ഷേത്രം എന്നിങ്ങനെ വൈകാരികമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി വോട്ട് സമാഹരിക്കാനുള്ള ശ്രമമാണ് ബിജെപി ആദ്യകാലത്ത് നടത്തിയിരുന്നത്. 1986-87 ആയപ്പോഴേക്കും രാമജന്മഭൂമി പ്രശ്‌നം ശരിക്കും കത്തിച്ചു. തുടര്‍ന്ന് കുറെ പട്ടികജാതി-പിന്നാക്ക വിഭാഗക്കാര്‍ ബിജെപിയുടെ പാളയത്തിലേക്ക് വന്നു. എന്നിട്ടും ഉദ്ദേശിച്ച ശക്തി സമാഹരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
പരമ്പരാഗതമായി കോണ്‍ഗ്രസിന്റെ വോട്ട്ബാങ്കാണ് പട്ടികജാതിക്കാർ. പിന്നാക്ക സമുദായക്കാര്‍ അധികവും സോഷ്യലിസ്റ്റ് പാര്‍ട്ടിയുടേതും, സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ് പിന്നീട് ജനതാപാര്‍ട്ടിയായും ജനതാദളായും മാറിയത്.

ബിജെപിക്ക് തീർച്ചയായും രാഷ്ട്രീയലക്ഷ്യങ്ങളുണ്ട്. എന്നാല്‍ അതിനപ്പുറത്ത് ഇന്ത്യന്‍ പ്രസിഡന്റായി ആരെ വേണമെങ്കിലും അവര്‍ക്ക് കൊണ്ടുവരാമായിരുന്നു. ദ്രൗപദി മുര്‍മ്മുവിന്റെ സ്ഥാനത്ത് വെങ്കയ്യനായിഡു മത്സരിച്ചാലും ജയിക്കുമായിരുന്നു . അമരീന്ദര്‍സിംഗോ, ഗുലാംനബി ആസാദോ മത്സരിച്ചാലും ഫലം വ്യത്യസ്തമാകുമായിരുന്നില്ല. എന്നിട്ടും ദ്രൗപദി മുര്‍മ്മുവിനെ രാഷ്ട്രപതിയായി കൊണ്ടുവരാനുള്ള തീരുമാനത്തില്‍ സാമൂഹികനീതിയുടെ ഒരു അംശമുണ്ട്.

പട്ടികജാതിക്കാര്‍ക്ക് സംവരണം ചെയ്യപ്പെട്ട മണ്ഡലങ്ങളിലൊക്കെ കോണ്‍ഗ്രസ്സാണ് ജയിച്ചിരുന്നത്. 1989-ല്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാൻ വി.പി.സിംഗ് മന്ത്രിസഭ തീരുമാനിച്ചു. തുടര്‍ന്ന് വലിയകലാപമുണ്ടായി.

പിന്നീട് ജനതാദൾ പൊട്ടി പിളർന്ന് സമാജ്‌വാദി പാര്‍ട്ടി. സമതാപാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍, രാഷ്ട്രീയലോക് ദള്‍, ലോക് ജനശക്തി പാർട്ടി
എന്നിങ്ങനെ നിരവധി ചെറുകക്ഷികളായി മാറി. പിന്നാക്ക സമുദായങ്ങള്‍ക്കിടയില്‍ യാതൊരു ഐക്യവുമുണ്ടായിരുന്നില്ല.

അവരുടെ നേതാക്കന്മാര്‍ തമ്മിലും വലിയ വൈരാഗ്യം നിലനിന്നു. ഏതാണ്ട് കേരളാകോണ്‍ഗ്രസ് പോലെ എല്ലാവരും നേതാക്കന്മാരാണ്. ഇവരെയൊക്കെ ഭിന്നിപ്പിക്കാനും മണ്ഡല്‍ കമ്മീഷന്‍ ഉയര്‍ത്തി വിട്ട കൊടുങ്കാറ്റിനെ അതിജീവിക്കാനുമുള്ള പ്രായോഗിക ബുദ്ധി ബിജെപി പ്രകടിപ്പിച്ചു. അവര്‍ പാര്‍ട്ടിക്ക് അകത്തുള്ള പിന്നാക്ക സമുദായക്കാരെ ഉയര്‍ത്തി കാണിച്ചു. യു.പി.യില്‍ സവര്‍ണരായ ഒരുപാട് നേതാക്കള്‍ ഉണ്ടായിട്ടും കല്യാണ്‍സിംഗിനെ മുഖ്യമന്ത്രിയാക്കി. ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ടയാളാണ് അദ്ദേഹം. അതുപോലെ മദ്ധ്യപ്രദേശില്‍ ഉമാഭാരതി. ഗുജറാത്തില്‍ ശങ്കര്‍സിംഗ് വഗേല, മഹാരാഷ്ട്രയിൽ ഗോപി നാഥ് മുണ്ടെ. അങ്ങനെ പിന്നാക്കസമുദായത്തിൽ നിന്നുള്ള നേതാക്കന്മാരെ ഉയര്‍ത്തിക്കൊണ്ടു വന്നു.

അതോടെ ഒ.ബി.സി. വിഭാഗത്തില്‍ സാമാന്യം ശക്തിയായി. അപ്പോഴും പട്ടികജാതിക്കാര്‍ കളത്തിന് പുറത്ത്. അവരെ ആകര്‍ഷിക്കാനുള്ള ശ്രമമായി. അതിന്റെ ഭാഗമായി പുതിയപുതിയ പരീക്ഷണങ്ങള്‍ നടന്നു.ആന്ധ്രയില്‍ നിന്ന് ബംഗാരു ലക്ഷ്മണ്‍, ജാര്‍ഖണ്ഡില്‍ ബാബുലാല്‍ മറന്‍ഡിയും അര്‍ജുന്‍മുണ്ടെയും, ഒഡീഷയില്‍ ജുവല്‍ ഒറാം. അങ്ങനെ കുറച്ചു പേരെ ഉയര്‍ത്തിക്കൊണ്ടു വന്നു.

പട്ടികജാതിക്കാരനായ രാംനാഥ് കോവിന്ദിനെആദ്യം രാഷ്ട്രപതിയാക്കി. ഇപ്പോൾ പട്ടികവര്‍ഗ്ഗത്തില്‍ നിന്ന് ദ്രൗപദി മുര്‍മ്മുവിനെയും. 2001ല്‍ ഗുജറാത്തില്‍ നിന്നു പിന്നാക്ക സമുദായക്കാരനായ ഒരു നേതാവ് അതി ശക്തനായി. -നരേന്ദ്രദാമോദര്‍ദാസ് മോദി.

പട്ടികജാതിക്കാരനായ രാംനാഥ് കോവിന്ദിനെആദ്യം രാഷ്ട്രപതിയാക്കി. ഇപ്പോൾ പട്ടിക വര്‍ഗ്ഗത്തില്‍ നിന്ന് ദ്രൗപദി മുര്‍മ്മുവിനെയും. 2001ല്‍ ഗുജറാത്തില്‍ നിന്നു പിന്നാക്ക സമുദായക്കാരനായ ഒരു നേതാവ് അതി ശക്തനായി. -നരേന്ദ്രദാമോദര്‍ദാസ് മോദി. അദ്ദേഹം മൂന്നു തവണ വലിയ ഭൂരിപക്ഷത്തോടെ മുഖ്യമന്ത്രിയായി. തുടര്‍ന്ന് പ്രധാനമന്ത്രിയായി.പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള രണ്ടാമത്തെ പ്രധാനമന്ത്രിയാണ് മോദി. ആദ്യത്തെയാള്‍ ദേവഗൗഡയായിരുന്നു
ബി.ജെ.പിയുടെ നേതൃത്വത്തില്‍ തന്നെ മാറ്റമുണ്ടായി. അടല്‍ബിഹാരി വാജ്‌പേയി, ലാല്‍കൃഷ്ണഅദ്വാനി, മുരളി മനോഹർ ജോഷി എന്നിവര്‍ക്ക് ശേഷം നരേന്ദ്രമോദി അവതരിച്ചു. അതിന്റെ തുടര്‍ച്ചയായാണ് ദ്രൗപദി മുര്‍മ്മുവിനെ കൊണ്ടുവരുന്നത്. പട്ടികവര്‍ഗ്ഗക്കാര്‍ക്ക് സംവരണം ചെയ്ത നിരവധി സീറ്റുകളുണ്ട്. പ്രത്യേകിച്ച് രാജസ്ഥാനില്‍, മദ്ധ്യപ്രദേശില്‍, ഛത്തീസ് ഗഢിൽ, ജാർഖണ്ഡിൽ, പശ്ചിമബംഗാളില്‍, ഒഡീസയില്‍ പിന്നെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍. ആ വിഭാഗത്തിലേക്ക് കടന്നുകയറാനുള്ള ശ്രമത്തിന്റെ തുടര്‍ച്ചയാണ് ദ്രൗപദി മുര്‍മ്മുവിന്റെ സ്ഥാനലബ്ധി.അങ്ങനെ ബി.ജെ.പി രണ്ട് ലക്ഷ്യങ്ങളുംഏറെക്കുറെ നിറവേറ്റി. ഒന്നാമത് മൊത്തം പ്രതിപക്ഷ നേതാക്കളെ മോദി നിഷ്‌പ്രഭരും നിസ്‌തേജരുമാക്കി. രണ്ടാമത് രാജ്യവ്യാപകമായി പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും താനാണ് രക്ഷകൻ എന്ന ധാരണ സൃഷ്ടിച്ചു. ഗുജറാത്തില്‍ ഈ വര്‍ഷം തന്നെ തിരഞ്ഞെടുപ്പ് നടക്കും. രാജസ്ഥാന്‍, ഛത്തീസ് ഗഡ്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളില്‍ അടുത്ത വര്‍ഷവും.അതിനടുത്തവർഷം പാർലമെന്റ് തിരഞ്ഞെടുപ്പും വരാൻ പോകുന്നു.

ബിജെപിക്ക് തീർച്ചയായും രാഷ്ട്രീയലക്ഷ്യങ്ങളുണ്ട്. എന്നാല്‍ അതിനപ്പുറത്ത് ഇന്ത്യന്‍ പ്രസിഡന്റായി ആരെ വേണമെങ്കിലും അവര്‍ക്ക് കൊണ്ടുവരാമായിരുന്നു. ദ്രൗപദി മുര്‍മ്മുവിന്റെ സ്ഥാനത്ത് വെങ്കയ്യനായിഡു മത്സരിച്ചാലും ജയിക്കുമായിരുന്നു . അമരീന്ദര്‍സിംഗോ, ഗുലാംനബി ആസാദോ മത്സരിച്ചാലും ഫലം വ്യത്യസ്തമാകുമായിരുന്നില്ല. എന്നിട്ടും ദ്രൗപദി മുര്‍മ്മുവിനെ രാഷ്ട്രപതിയായി കൊണ്ടുവരാനുള്ള തീരുമാനത്തില്‍ സാമൂഹികനീതിയുടെ ഒരു അംശമുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു എന്നു പറഞ്ഞാല്‍ പോര അതിലേറെ അവഗണിക്കപ്പെട്ട ഒരു വിഭാഗത്തില്‍ നിന്നുള്ള വനിതയെ ഇന്ത്യയുടെ പ്രഥമപൗരയായി ഉയര്‍ത്തി. അതൊരു സാമൂഹ്യവിപ്ലവമാണ്.

കേരളത്തില്‍ തന്നെ നോക്കൂ. പട്ടികജാതിക്കാര്‍ക്ക് സംവരണം ചെയ്ത സീറ്റിനപ്പുറം വിട്ടുകൊടുക്കാന്‍ ഒരു പാർട്ടിയും തയ്യാറാകുന്നില്ല. പട്ടികജാതിക്കാര്‍ക്കാകട്ടെ, പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആകട്ടെ സംവരണം ചെയ്ത സീറ്റിന് പുറത്ത് ഒരാളെ മത്സരിപ്പിക്കാന്‍ സി.പി.എം പോലും തയ്യാറല്ല. കോണ്‍ഗ്രസ്സിന്റെയും മറ്റും കാര്യം പറയാനുമില്ല.സംവരണം ഇല്ലാത്ത രാജ്യസഭയിലേക്ക് വളരെ അപൂര്‍വമായി മാത്രമേ പട്ടികജാതിക്കാര്‍ പോയിട്ടുള്ളു- കെ.കെ. മാധവന്‍, പി.കെ. കുഞ്ഞച്ചന്‍, ടി.കെ.സി. വടുതല, സോമപ്രസാദ്എന്നീ വളരെ കുറച്ചുപേര്‍ മാത്രം.

ഒരു പട്ടികജാതിക്കാരന്‍ കേരളത്തില്‍ ഇതുവരെ ആഭ്യന്തര മന്ത്രിയായിട്ടില്ല, വ്യവസായമന്ത്രിയായിട്ടില്ല, വിദ്യാഭ്യാസമന്ത്രിയുമായിട്ടില്ല. അതാണ് നമ്മുടെനവോത്ഥാന പാരമ്പര്യം. സി.പി.എം. പൊളിറ്റ്ബ്യൂറോയില്‍ ആദ്യമായി ഒരു പട്ടികജാതിക്കാരന് ഇരിക്കാനായത് 2022ലാണ്. 1925ല്‍ സ്ഥാപിക്കപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ കാര്യമാണ്ഇതെന്ന് ഓർക്കണം.1964 ലാണ് സി.പി.എം രൂപമെടുത്തത്. ഇത്തരം കാര്യങ്ങൾ ഓർമ്മിച്ചശേഷം വേണം സിദ്ധാന്തം പറയാൻ മാത്രമല്ല ബി.ജെ.പിക്കാരെ തോല്‍പ്പിക്കാന്‍ ബി.ജെ.പിക്കാരനായിരുന്ന യശ്വന്ത്‌സിന്‍ഹക്ക് വോട്ട് ചെയ്താല്‍ പുരോഗമനം; ദ്രൗപദി മുര്‍മ്മുവിന് വോട്ടു ചെയ്താല്‍ അധോഗമനം എന്ന നിലപാട് പരിഹാസ്യമാണ്.

ദ്രൗപദി മുര്‍മ്മു രാഷ്ട്രപതിയായത് കൊണ്ട് ആദിവാസികള്‍ക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്ന് പറയുന്നവരുണ്ട്. കെ.ആര്‍. നാരായണന്‍ രാഷ്ട്രപതിയായത് കൊണ്ട് പ്രത്യേകിച്ച് ഗുണമുണ്ടായിട്ടില്ല. കെ.ജി. ബാലകൃഷ്ണന്‍ ചിഫ് ജസ്റ്റിസായതുകൊണ്ട് പട്ടികജാതിക്കാര്‍ക്ക് പ്രത്യേകിച്ച് ഒരു പ്രയോജനവുമുണ്ടായിട്ടില്ല. പക്ഷേ അതിനൊരു ചരിത്രപ്രാധാന്യമുണ്ട്. എന്തെന്നാല്‍ ഇതുപോലുള്ള ഉയര്‍ന്ന സ്ഥാനങ്ങളില്‍ പട്ടികജാതിക്കാര്‍ക്കും ഇരിക്കാമെന്ന് അവര്‍ തെളിയിച്ചു. അതാണ് പ്രധാനപ്പെട്ട കാര്യം. അവിടെ ഇരുന്നത് കൊണ്ട് അവര്‍ക്കെന്ത് ഗുണം കിട്ടിയെന്നല്ല, രാജ്യത്തിനെന്ത് ഗുണം കിട്ടിയെന്നതാണ് പ്രധാനം. രാജ്യത്തിന്റെ വൈവിധ്യപൂര്‍ണമായ ജനാധിപത്യ സംവിധാനത്തില്‍ ഏറ്റവും താഴെക്കിടയില്‍ നിന്ന് ഒരാള്‍ ജയിച്ച് ഇന്ത്യയുടെ രാഷ്ട്രപതിയാകുന്നു എന്നിടത്താണ് അധികാരം പങ്കിടുന്നു എന്ന ആശയം പൂര്‍ണമാകുന്നത്.

Author

Scroll to top
Close
Browse Categories