സംഘടനാ ചരിത്രത്തിലെ സുവര്‍ണ്ണ നക്ഷത്രം

ടി.കെ.മാധവന്റെ 92 ാം ചരമ വാര്‍ഷിക ദിനം
ഏപ്രില്‍ 27നായിരുന്നു

എസ്.എന്‍.ഡി.പി യോഗവും ശ്രീനാരായണീയരും ഇന്ന് കൈവരിച്ച നേട്ടങ്ങളുടെയും സാമൂഹികാന്തസിന്റെയും തായ്‌വേരുകള്‍ ചികയുമ്പോള്‍ മുന്നില്‍ വരുന്ന നാമധേയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ടി.കെ.മാധവന്‍. അയിത്തവും അസ്പര്‍ശ്യതയും ജാതീയമായ അന്തരങ്ങളും കൊടികുത്തി വാഴുന്ന ഒരു കാലത്ത് ജനിക്കുകയും ജീവിക്കുകയും അതിന്റെ കെടുതികളെ ഫലപ്രദമായി മറികടന്ന് സമൂഹത്തിന്റെ മുഖ്യധാരയില്‍ സ്ഥാനം പിടിക്കുകയും ചെയ്ത മഹാനുഭാവനാണ് ടി.കെ.

ബാല്യകാലം മുതല്‍ അദ്ദേഹം കടന്നു വന്ന വഴികള്‍ ഇന്ന് കേള്‍ക്കുമ്പോള്‍ നമുക്ക് അത്ഭുതകരമായി തോന്നാം. ഏറെ സമ്പന്നമായ ആലുമ്മൂട്ടില്‍ ചാന്നാര്‍ കുടുംബത്തില്‍ ജനിച്ചിട്ടും ജാതീയതയുടെ കെടുതികള്‍ അദ്ദേഹത്തിനും നേരിടേണ്ടതായി വന്നു.

ആറുവയസു വരെ കുടിപളളിക്കൂടത്തിലാണ് അദ്ദേഹം പഠിച്ചത്. നിലത്തെഴുത്തും എഞ്ചുവടിയും പഠിക്കുന്ന കാലഘട്ടം. അന്ന് സവര്‍ണ്ണവിഭാഗത്തില്‍ പെട്ട കളരിയാശാന്‍ മാധവന്‍ തൊട്ടുകൂടാത്തവനായതു കൊണ്ട് അടുത്തു വരാതെ ദൂരത്തു നിന്ന് എറിഞ്ഞടിക്കുകയായിരുന്നു പതിവ്. കീഴാള വിഭാഗത്തില്‍ പെട്ട തന്നെ അകാരണമായി ശിക്ഷിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നത് തുടര്‍ന്നപ്പോള്‍ മാധവന്‍ ആ പളളിക്കൂടം ഉപേക്ഷിച്ച് ഏറെ അകലെയുളള ഒരു നസ്രാണി ആശാന്റെ കീഴില്‍ പഠനം തുടര്‍ന്നു.അങ്ങോട്ടേയ്ക്കുളള കാല്‍നടയാത്രക്കിടയില്‍ സവര്‍ണ്ണ വിഭാഗത്തില്‍ പെട്ട വരെ കണ്ടാല്‍ വഴിമാറി നടക്കണമായിരുന്നു. അതിന് അബദ്ധവശാല്‍ വീഴ്ച സംഭവിച്ചാല്‍ അവര്‍ കഠിനമായി ശിക്ഷിക്കുമായിരുന്നു.

നസ്രാണി ആശാനും തെറ്റ് കണ്ടാല്‍ അടുത്തു വന്ന് ശിക്ഷിക്കാതെ എറിഞ്ഞടിക്കുന്നത് കുഞ്ഞുമാധവന് തീവ്രമായ മനോവേദനയുണ്ടാക്കി. ഇതര മതവിഭാഗത്തില്‍ പെട്ടവരും ഈഴവരാദി പിന്നാക്ക വിഭാഗങ്ങളെ അന്ന് മനുഷ്യരായി പോലും പരിഗണിക്കാന്‍ തയ്യാറായിരുന്നില്ല.

ഒരു വര്‍ഷം അവിടെ പിടിച്ച് നിന്ന ശേഷം മറ്റൊരു ആശാന്റെ കീഴില്‍ സംസ്‌കൃതവും തുടര്‍ന്ന് ഇംഗ്‌ളീഷും പഠിച്ചു. പി.സുബ്രഹ്മണ്യം പിളള എന്ന ആശാനായിരുന്നു മാനവികതയുടെ ആദ്യവിത്ത് മാധവന്റെ മനസിലേക്ക് പാകിയത്. ജാതീയമായ അന്തരങ്ങളില്ലാതെ മനുഷ്യനെ ഒന്നായി കാണുന്ന വിശാലഹൃദയത്തിന് ഉടമയായിരുന്നു പിളള. അന്ന് ഈഴവര്‍ക്ക് ഇംഗ്‌ളീഷ് പഠിക്കാന്‍ പ്രതിബന്ധങ്ങള്‍ ഏറെയുണ്ടായിട്ടും അദ്ദേഹം മാധവനെ നായര്‍, നസ്രാണി കുട്ടികള്‍ക്ക് ഒപ്പം ഒരു ബഞ്ചില്‍ ഇരുത്തി പഠിപ്പിച്ചു. തെറ്റ് കണ്ടാല്‍ എറിഞ്ഞടിക്കലിന് പകരം അടുത്തു വന്ന് ശിക്ഷിക്കുക പതിവാക്കി.

കായംകുളം സര്‍ക്കാര്‍ വിദ്യാലയത്തില്‍ നിന്നും പഠിച്ചിറങ്ങിയ അദ്ദേഹത്തിന്റെ ഇംഗ്‌ളീഷ് ഭാഷാ പ്രാവീണ്യം കൂടുതല്‍ മെച്ചപ്പെട്ടു. പിതാവിന്റെ കോടതി വ്യവഹാരങ്ങള്‍ പലതും ഇംഗ്‌ളീഷില്‍ നിന്നും മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്തു കൊടുത്തിരുന്നത് മാധവനായിരുന്നു.

ജാതി എന്ന വിപത്തിനെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ മാധവനെ പ്രേരിപ്പിച്ചത് ആലാചനാശക്തി വികസിച്ച ഈ കാലഘട്ടമായിരുന്നു. നിഷേധിക്കപ്പെട്ട പലതും കരഗതമാക്കാനുള്ള വാശി അദ്ദേഹത്തിന്റെ ഉളളില്‍ രൂഢമൂലമായി.
കായംകുളം സര്‍ക്കാര്‍ വിദ്യാലയത്തില്‍ നിന്നും പഠിച്ചിറങ്ങിയ അദ്ദേഹത്തിന്റെ ഇംഗ്‌ളീഷ് ഭാഷാ പ്രാവീണ്യം കൂടുതല്‍ മെച്ചപ്പെട്ടു. പിതാവിന്റെ കോടതി വ്യവഹാരങ്ങള്‍ പലതും ഇംഗ്‌ളീഷില്‍ നിന്നും മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്തു കൊടുത്തിരുന്നത് മാധവനായിരുന്നു.

എന്നാല്‍ സഹപാഠികളില്‍ നിന്നും യാത്രാമധ്യേ നാട്ടുകാരില്‍ നിന്നും ജാതിയുടെ പേരില്‍ നേരിടേണ്ടി വന്ന പരിഹാസങ്ങള്‍ ആ മനസിനെ കാര്യമായി തന്നെ മുറിവേല്‍പ്പിച്ചു. ജാതിവ്യവസ്ഥയ്ക്ക് എതിരെ പൊരുതാനുളള മനോഭാവം ഈ സന്ദര്‍ഭത്തില്‍ കൂടുതല്‍ ദൃഢമായി. പഠിക്കാന്‍ സമര്‍ത്ഥനായിരുന്നെങ്കിലും അച്ഛന്റെ അകാലവിയോഗവും ജന്മനായുളള ശ്വാസകോശരോഗവും മൂലം ഹൈസ്‌കൂള്‍ പഠനം പുര്‍ത്തിയാക്കും മുന്‍പ് അദ്ദേഹം വിദ്യാലയത്തിന്റെ പടിയിറങ്ങി. വൈകാതെ അദ്ദേഹം ഗൃഹസ്ഥാശ്രമിയായി. നാരായണി അമ്മ എന്ന സ്ത്രീയെ ആണ് വിവാഹം കഴിച്ചത്.

മികച്ച പ്രാസംഗികനും എഴുത്തുകാരനുമായ ടി.കെ അക്കാലത്ത് പ്രസിദ്ധമായ മലയാള മനോരമ, കേരള കൗമുദി എന്നീ ദിനപത്രങ്ങളിലും ഭാഷാപോഷിണി, മംഗളോദയം തുടങ്ങിയ ആനുകാലികങ്ങളിലും ലേഖനങ്ങള്‍ എഴുതി ശ്രദ്ധേയനായി. ഇതേ കാലയളവില്‍ തന്നെ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായി.

ശ്രീനാരായണഗുരുദേവനുമായി അടുത്ത വ്യക്തിബന്ധം സ്ഥാപിച്ചു. ഗുരു ആലുവ സംസ്‌കൃത പാഠശാലയ്ക്കായി പണപ്പിരിവിന് നടത്തിയ യാത്രയിലെ മുഖ്യപ്രചാരകനും പ്രഭാഷകനും മാധവനായിരുന്നു. സമുദായത്തിനു വേണ്ടി ഒരു പത്രം തുടങ്ങണമെന്ന ആഗ്രഹം ആ മനസില്‍ അങ്കുരിക്കുന്നത് ഈ കാലയളവിലാണ്.
1914 ല്‍ തന്റെ 29 -ാം വയസിലാണ് മാധവന്‍ ദേശാഭിമാനി എന്ന പത്രം ആരംഭിക്കുന്നത്.
പത്രത്തിന്റെ നടത്തിപ്പുകാരനും പ്രചാരകനും വിതരണക്കാരനുമെല്ലാം മാധവന്‍ തന്നെയായിരുന്നു. വൈകാതെ പത്രത്തിന് നല്ല പ്രചാരം ലഭിച്ചു. താഴ്ന്ന ജാതിക്കാരുടെ അവകാശങ്ങളെക്കുറിച്ചും സാമൂഹികസമത്വത്തിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം തുടരെ തുടരെ ലേഖനങ്ങള്‍ എഴുതി.

സാമൂഹിക പ്രവര്‍ത്തനരംഗത്ത് അദ്ദേഹം ആദ്യം ഊന്നല്‍ കൊടുത്തത് പൗരസമത്വവാദത്തിനായിരുന്നു. അന്ന് 26 ലക്ഷം പേരുണ്ടായിരുന്ന ഈഴവസമുദായമായിരുന്നു ജനസംഖ്യാനുപാതികമായി തിരുവിതാംകൂറിലെ ഏറ്റവും വലിയ ജനവിഭാഗം. അവരുടെ പ്രാഥമിക പൗരാവകാശം സ്ഥാപിച്ചു കിട്ടുന്നതിനായിരുന്നു പൗരസമത്വവാദം മുന്നോട്ട് വച്ചത്. പൊതുനിരത്തുകളിലും വിദ്യാലയങ്ങളിലും പൊതുസ്ഥാപനങ്ങളിലും ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും പ്രവേശനം ലഭിക്കാനുളള അവകാശത്തിനായി അദ്ദേഹം പോരാടി.

അന്ന് തൃശൂര്‍പൂരം നടക്കുന്ന സന്ദര്‍ഭങ്ങളില്‍ ഈഴവരെ നിര്‍ബന്ധമായി വീടുകളില്‍ നിന്നും കുടിയൊഴിപ്പിച്ചിരുന്നു. തൃപ്പൂണിത്തുറയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ തിരുവിതാംകൂര്‍ രാജകുമാരന്‍ ചേര്‍ന്നപ്പോള്‍ അവിടെയുണ്ടായിരുന്ന ഈഴവ വിദ്യാര്‍ത്ഥികളെ ഒന്നടങ്കം പറഞ്ഞു വിട്ടു. അതോടൊപ്പം പ്രാമാണികരായ ഈഴവരെ പോലീസിനെ അയച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇത്തരം അനീതികള്‍ക്കെതിരെ ടി.കെ. മാധവന്‍ ദേശാഭിമാനിയിലൂടെ ശക്തിയുക്തം പ്രതിഷേധിച്ചു.

പൗരത്വസമത്വം ഏത് വിധേനയും യാഥാര്‍ത്ഥ്യമാക്കണമെന്ന ഉത്തമബോധ്യത്തോടെയായി ടി.കെയുടെ മുന്നോട്ടുളള പ്രവര്‍ത്തനങ്ങള്‍.
പില്‍ക്കാലത്ത് തിരുവിതാംകൂര്‍ രാജ്യ സഭയില്‍ ഈഴവപ്രതിനിധിയായി തെരഞ്ഞെ ടുക്കപ്പെട്ട അദ്ദേഹം പൗരത്വസമത്വത്തിനായി സഭയില്‍ വാദിച്ചു.
ക്ഷേത്രപ്രവേശനവാദത്തിന്റെ ജനയിതാവും ഒരര്‍ത്ഥത്തില്‍ ടി.കെ തന്നെയായിരുന്നു. ജാതീയമായ അന്തരങ്ങള്‍ക്കപ്പുറം എല്ലാ വിഭാഗങ്ങള്‍ക്കും ക്ഷേത്രപ്രവേശനാനുമതി നല്‍കണമെന്ന ടി.കെയുടെ വാദം പ്രാരംഭഘട്ടത്തില്‍ അംഗീകരിക്കാന്‍ പലര്‍ക്കും കഴിഞ്ഞിരുന്നില്ല. എന്നാല്‍ അദ്ദേഹം അതിനായി വീറോടെ നിലകൊണ്ടു.

പൗരത്വസമത്വത്തിന് വിലങ്ങ് തടിയായി നില്‍ക്കുന്ന തീണ്ടലും തൊടീലും പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ ക്ഷേത്രപ്രവേശനം അനിവാര്യമാണെന്ന് അദ്ദേഹം വാദിച്ചു. ഈ ലക്ഷ്യത്തിന്റെ ഭാഗമായി അദ്ദേഹം ക്ഷേത്രപ്രവേശനം എന്ന പേരില്‍ ഒരു പുസ്തകം തന്നെ പ്രസിദ്ധീകരിച്ചു. ക്ഷേത്രപ്രവേശനത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് അതില്‍ സവിസ്തരം പ്രതിപാദിച്ചിരുന്നു. ടി.കെയുടെ പരിശ്രമഫലമായി 1916 ല്‍ കൊല്‍ക്കത്തയില്‍ വച്ച് ആനി ബസന്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഭാരത മഹാ സഭാ സമ്മേളനത്തില്‍ വച്ച് ക്ഷേത്രപ്രവേശനത്തെ അനുകൂലിച്ച് ആദ്യമായി ഒരു പ്രമേയം പാസാക്കപ്പെട്ടു. മുംബൈ മഹാരാജാവിന്റെ സഭയിലും സമാനപ്രമേയം പാസാക്കുകയുണ്ടായി.
1921 ല്‍ മഹാത്മാഗാന്ധി തിരുനല്‍വേലി സന്ദര്‍ശിച്ചപ്പോള്‍ മാധവന്‍ അദ്ദേഹത്തെ കണ്ട് ഈഴവരുടെ അവകാശങ്ങളെക്കുറിച്ച് ബോധിപ്പിച്ചു. ഗാന്ധിജി പിന്നീട് കേരളം സന്ദര്‍ശിക്കാനും ക്ഷേത്രപ്രവേശനത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കാനും ഈ കൂടിക്കാഴ്ച നിര്‍ണ്ണായക പങ്ക് വഹിച്ചു.

വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യസൂത്രധാരകന്‍മാരില്‍ പ്രധാനിയായിരുന്നു ടി.കെ.മാധവന്‍. 1923 ല്‍ കാക്കിനാടയില്‍ സമ്മേളിച്ച കോണ്‍ഗ്രസില്‍ സംബന്ധിച്ച മാധവന്‍ മൗലാനാ മുഹമ്മദ് അലി, സി.ആര്‍.ദാസ്, സി.രാജഗോപാലാചാരി എന്നിങ്ങനെയുളള പ്രമുഖരോട് കേരളത്തിലെ അയിത്തത്തെക്കുറിച്ച് സംസാരിച്ചു. 1924 ല്‍ ഗാന്ധിജിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ബല്‍ഗാം കോണ്‍ഗ്രസില്‍ വൈക്കം സത്യാഗ്രഹത്തെക്കുറിച്ചുളള പ്രമേയം അവതരിപ്പിച്ച് പാസാക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ചതും ടി.കെ.മാധവനാണെന്ന് കരുതപ്പെടുന്നു. പിന്നീട് വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത് മാധവന്‍ അറസ്റ്റ് വരിച്ചു. അമ്പലപ്പുഴ ക്ഷേത്രം അവര്‍ണ്ണര്‍ക്കായി തുറന്നുകൊടുത്തതിന് പിന്നിലും മാധവന്റെ പ്രവര്‍ത്തനങ്ങളുണ്ടായിരുന്നു.

എസ്.എന്‍.ഡി.പി യോഗചരിത്രത്തിലെ നിര്‍ണ്ണായകമായ ഏടുകളിലൊന്നായിരുന്നു ടി.കെ മുന്നില്‍ നിന്ന് നയിച്ച കാലഘട്ടം. സംഘടനാ രംഗത്ത് അദ്ദേഹം കൈവരിച്ച നേട്ടങ്ങള്‍ക്ക് സമാനതകളില്ല. യോഗത്തിന്റെ ശാഖകളും അംഗസംഖ്യയും വര്‍ദ്ധിപ്പിക്കുന്നതില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചു.
കഠിനമായ കാസരോഗം ആക്രമിക്കുന്ന കാലത്തും അത്യുത്സാഹത്തോടെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. സ്വന്തം കര്‍മ്മമേഖലയോട് അത്രമാത്രം പ്രതിബദ്ധത പുലര്‍ത്തിയിരുന്നു ടി.കെ. എസ്.എന്‍.ഡി.പി യോഗം സെക്രട്ടറി പദത്തിലെത്തിയതിന് ശേഷം ഒരു കൊല്ലം കൊണ്ട് അദ്ദേഹം അന്‍പതിനായിത്തില്‍ പരം അംഗങ്ങളെ പുതുതായി ചേര്‍ത്തു. 255 ശാഖായോഗങ്ങളും 10 യൂണിയനും സംഘടിപ്പിച്ചു. 1927 ല്‍ അംഗസംഖ്യ ഒരു ലക്ഷമായി ഉയര്‍ത്താന്‍ മാധവന് സാധിച്ചു..

”മാധവന്റെ മരണം മൂലം മലബാറിന് അസാമാന്യമായ ധൈര്യവും സംഘടനാവൈദഗ്ദ്ധ്യവും ഉദ്ദേശശുദ്ധിയുമുള്ള ഒരു സമുദായ പരിഷ്‌ക്കര്‍ത്താവിനെ നഷ്ടമായി”എന്നാണ് സര്‍ദാര്‍ കെ.എം. പണിക്കര്‍ പ്രസ്താവിച്ചത്.

കര്‍മ്മപഥത്തില്‍ മുന്നേറുന്നതിനിടയില്‍ സ്വതവെയുളള കാസരോഗത്തിന് പുറമെ കൂനിന്‍മേല്‍ കുരു എന്ന പോലെ ഹൃദ്രോഗവും അദ്ദേഹത്തെ ബാധിച്ചു. എന്നാല്‍ അനാരോഗ്യത്തെ അവഗണിച്ചുകൊണ്ട് അദ്ദേഹം സംഘടനാ പ്രവര്‍ത്തനങ്ങളില്‍ മുഴുകി.
1930 ഏപ്രില്‍ 27 ന് വെളുപ്പിന് 4:55 ന് അന്തരിക്കുമ്പോള്‍ അദ്ദേഹത്തിന് കേവലം 44 വയസ്സേ ഉണ്ടായിരുന്നുള്ളു. ”മാധവന്റെ മരണം മൂലം മലബാറിന് അസാമാന്യമായ ധൈര്യവും സംഘടനാവൈദഗ്ദ്ധ്യവും ഉദ്ദേശശുദ്ധിയുമുള്ള ഒരു സമുദായ പരിഷ്‌ക്കര്‍ത്താവിനെ നഷ്ടമായി”എന്നാണ് സര്‍ദാര്‍ കെ.എം. പണിക്കര്‍ പ്രസ്താവിച്ചത്.

സംഘടന കൊണ്ട് ശക്തരാവുക എന്ന ഗുരുവചനത്തിന് പ്രാമുഖ്യം നല്‍കിക്കൊണ്ടാണ് ടി.കെ മുഖ്യമായും പ്രവര്‍ത്തിച്ചത്. പില്‍ക്കാലത്ത് യോഗനേതൃത്വത്തിലേക്ക് കടന്നു വന്ന എനിക്ക് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രചോദനകരമായിരുന്നു. മറ്റ് എന്തിനേക്കാള്‍ ഉപരി സംഘടനാപരമായ വളര്‍ച്ചയ്്ക്കും ശക്തിസമാഹരണത്തിനും മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് ടി.കെ.മാധവന്റെ പാദമുദ്രകള്‍ തന്നെയായിരുന്നു. അതുകൊണ്ട് തന്നെ ഒരു മാര്‍ഗദര്‍ശി എന്ന നിലയില്‍ ഏറെ ആദരവോടെയാണ് അദ്ദേഹത്തെ നോക്കി കാണുന്നത്. എനിക്ക് മാത്രമല്ല പിന്നാലെ വരുന്നവര്‍ക്കും ടി.കെ ഒരു വലിയ പ്രചോദകശക്തിയായി നിലകൊള്ളുമെന്നതില്‍ തര്‍ക്കമില്ല. ചരിത്രത്തിനും കാലത്തിനും മായ്ക്കാന്‍ കഴിയാത്ത വിധം ശാശ്വതശോഭയുളള നേതാക്കളുടെ പട്ടികയില്‍ മുന്‍നിരയില്‍ തന്നെയാവും എക്കാലവും ടി.കെയുടെ സ്ഥാനം എന്ന് നിസംശയം പറയാം

Author

Scroll to top
Close
Browse Categories