‘ ശ്രീ ‘ പോയ ലങ്ക

ചരിത്രത്തിലെ ഏറ്റവും വലിയ
പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി ശ്രീലങ്ക
അരി കിലോയ്ക്ക് 448 രൂപ, പാല്‍ 400 രൂപ, പെട്രോള്‍ 250 രൂപ

നമ്മുടെ അയല്‍രാജ്യമായ ശ്രീലങ്ക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. അതിഭീകരമായ വിലക്കയറ്റം മൂലം ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുന്നു. കൊളംബോ അടക്കമുള്ള നഗരങ്ങളില്‍ ജനങ്ങള്‍ സര്‍ക്കാരിനെതിരെ തെരുവിലിറങ്ങി.

സര്‍ക്കാര്‍ ക്രമസമാധാന സംവിധാനവും, സൈന്യവും ജനരോഷം തടയാന്‍ കഴിയാനാവാതെ വലയുകയാണ്. എല്‍.ടി.ടി.ഇ ഭീഷണിയുയര്‍ത്തിയിരുന്ന ഒരു കാലഘട്ട ത്തിനുശേഷം ശ്രീലങ്കയില്‍ ശാന്തി പുനഃസ്ഥാപിക്കാന്‍ ശ്രമങ്ങള്‍ നടക്കുകയും വലിയൊരളവില്‍ അത് നേടുകയും ചെയ്‌തെങ്കിലും അടുത്തിടെ സര്‍ക്കാരിന്റെ ചില തലതിരിഞ്ഞ നയങ്ങള്‍ മൂലം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക് രാജ്യം നീങ്ങി. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ചു ഈ പ്രതിസന്ധി തുടങ്ങിയതിനുശേഷം അവിടുത്തെ അഞ്ചുലക്ഷത്തോളം ജനങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് വീണിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ശ്രീലങ്കയുടെ ആകെ ജനസംഖ്യ വെറും രണ്ടരക്കോടിയ്ക്കടുത്തു മാത്രമാണെന്ന് അറിയണം.

വില മാനം മുട്ടെ

അരി കിലോയ്ക്ക് 448 രൂപ, പാല്‍ 400 രൂപ, പെട്രോള്‍ 250 രൂപ, എന്നതരത്തിലാണ് ശ്രീലങ്കയിലെ വിലവിവരം. ഇത്രമാത്രം രൂക്ഷമായ സാഹചര്യത്തില്‍ ജനങ്ങള്‍ ഒന്നടങ്കം തെരുവില്‍ ഇറങ്ങി പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് ചെയ്തു. സൈന്യത്തെ ഇറക്കി അത് അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും പ്രശ്നങ്ങള്‍ അതേപടി അവശേഷിക്കുകയാണ്. ധനമന്ത്രി ഇന്ത്യയില്‍ എത്തുകയും പതിനായിരം കോടി രൂപ ഉടന്‍ നല്‍കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തുവെങ്കിലും അത് എത്രമാത്രം അവരുടെ പ്രതിസന്ധിയെ മറികടക്കാന്‍ സഹായകമാകും എന്നകാര്യത്തില്‍ യാതൊരു നിശ്ചയവുമില്ല. ഇപ്പോള്‍ത്തന്നെ ഇന്ത്യയില്‍ നിന്ന് പതിനായിരത്തിലധികം കോടിരൂപ കടമായി വാങ്ങിയിട്ടുമുണ്ട്.

നിര്‍ജീവമായ
ടൂറിസം മേഖല

ടൂറിസം മേഖല ഏറ്റവുമധികം തഴച്ചുവളരുന്ന രാജ്യങ്ങളില്‍ ഒന്നാണ് ശ്രീലങ്ക. സമുദ്രങ്ങളാല്‍ ചുറ്റപ്പെട്ടതും വലിയ പ്രകൃതി വിഭവങ്ങളാലും അനുഗ്രഹീതമായ ഈ രാജ്യത്തിന്റെ വിനോദസഞ്ചാരമേഖല കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി നിര്‍ജീവാവസ്ഥയിലാണ്. കോവിഡ് കാലം അക്ഷരാര്‍ഥത്തില്‍ മറ്റേതൊരു രാജ്യത്തെപ്പോലെയും ശ്രീലങ്കയുടെ വിനോദസഞ്ചാര മേഖലയെയും തകര്‍ത്തുകളഞ്ഞു. കോവിഡ് മാറിയ വേളയിലും അതില്‍ നിന്ന് മുക്തമായി ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതും വലിയ തിരിച്ചടിയായി.

ചൈന ചതിച്ചു

ഒരു ചെറിയ രാജ്യമായ ശ്രീലങ്ക ഒരു ഉപഭോക്തൃരാജ്യം കൂടിയാണ്. മുമ്പുണ്ടായിരുന്ന പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ കാലത്തു അവര്‍ ചൈനയുമായി വാണിജ്യപരമായി ഏറെ ബന്ധപ്പെടുകയും ചൈന ആ രാജ്യത്തു വലിയ നിക്ഷേപങ്ങള്‍ നടത്തുകയും ചെയ്തിട്ടിട്ടുണ്ടായിരുന്നു. എന്നാല്‍ സിരിസേനയ്ക്കുശേഷം ഗോതബയ രജപക്സെ പ്രസിഡന്റായും സഹോദരന്‍ മഹിന്ദ രജപക്സെ പ്രധാനമന്ത്രിയായും വന്നതിനുശേഷം ചൈനയുമായുള്ള ബന്ധത്തേക്കാള്‍ ഏറെ ഇന്ത്യയുമായുള്ള ബന്ധമാണ് കൂടുതല്‍ പ്രോത്സാഹിപ്പിച്ചത്.

ആവശ്യവസ്തുക്കള്‍ ഏതാണ്ട് എല്ലാം തന്നെ ഇറക്കുമതി ചെയ്തിരുന്ന ഇവര്‍ അതിനിടയില്‍ ചൈനയില്‍ നിന്നുള്ള രാസവളം മോശമാണെന്ന് പറഞ്ഞുകൊണ്ട് തിരിച്ചയയ്ക്കുകയുണ്ടായി. അതിന്റെ ഫലമായി കാര്‍ഷികവൃത്തി നട്ടെല്ലായ ആ രാജ്യത്ത് വലിയ പ്രതിസന്ധിയുണ്ടായി.കോവിഡ് മഹാമാരി ആ വീഴ്ചയ്ക്ക് ആക്കം കൂട്ടി. ഇതിന്റെ ഭാഗമായി ചൈനയുമായുള്ള വലിയ സാമ്പത്തിക ബാധ്യത മൂലം അത് പുനഃക്രമീകരിക്കണമെന്നും തങ്ങള്‍ വലിയ പ്രതിസന്ധിയിലാണെന്നും അറിയിച്ചെങ്കിലും അനുകൂല പ്രതികരണമല്ല ഉണ്ടായത്.ചൈനയില്‍ നിന്നും ഇന്ത്യയില്‍ നിന്നും സഹായം ലഭിക്കാത്ത അവസ്ഥ സംജാതമായി.

തമിഴ് വംശജരുടെ പ്രശ്നങ്ങള്‍

ശ്രീലങ്കയില്‍ വലിയൊരുശതമാനം തമിഴ് വിഭാഗങ്ങള്‍ ജീവിക്കുന്നുണ്ട്. ശ്രീലങ്കയുടെ സര്‍ക്കാര്‍ എന്നും അവരുമായി വലിയ സംഘട്ടനങ്ങളിലും ഏറ്റുമുട്ടലുകളിലും ഏര്‍പ്പെട്ടിട്ടുമുണ്ട്. എല്‍.ടി.ടി.ഇ പോലെയുള്ള സംഘടനകള്‍ വരെ ഇതിന്റെ ഭാഗമായി ഉയര്‍ന്നുവന്നിട്ടുള്ളതാണ്. ഇപ്പോഴത്തെ പ്രസിഡന്റായ ഗോതബയ രജപക്സെ മുമ്പ് പ്രതിരോധമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ തമിഴ് ജനതയ്‌ക്കെതിരെ വലിയ ക്രൂരമായ വേട്ടയാടലുകള്‍ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അധ്യക്ഷതയിലാണ് വലിയ നിലയിലെ വംശീയ തുടച്ചുമാറ്റല്‍ തമിഴ് വംശജര്‍ക്കെതിരെ നടന്നത്. അതിന്റെയൊക്കെ കനലുകള്‍ അവിടെയുള്ള തമിഴ് വംശജരില്‍ ഇപ്പോളും അണയാതെ കിടക്കുന്നുമുണ്ട്. തിരിച്ചടിക്കാന്‍ ഒരു കാരണം കാത്തിരിക്കുന്ന അവര്‍ രാജ്യത്തിന്റെയും സര്‍ക്കാരിന്റെയും ഈ അപചയം സര്‍ക്കാരിനെതിരെ ഉപയോഗിക്കാനുള്ള സാദ്ധ്യതയും ഏറെയാണ്. അതുകൊണ്ടുതന്നെ സാമ്പത്തികപ്രതിസന്ധി നാളെ ഒരു വര്‍ഗ്ഗീയസംഘര്‍ഷത്തിലേക്കുകൂടി വഴിമാറിയേക്കാമെന്ന സാധ്യത നമുക്ക് തള്ളിക്കളയാനാവില്ല.

പ്രധാന തുറമുഖം ചൈനയുടെ കൈയില്‍

ശ്രീലങ്കയുടെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായ ഹാംബര്‍ട്ടോട്ട തുറമുഖം 99 വര്‍ഷത്തേക്ക് ചൈന പാട്ടത്തിനെടുക്കുകയും നടത്തിക്കൊണ്ടുപോകുകയും ചെയ്യുകയാണ്. ഇതിന്റെ ഭാഗമായി പലവഴിയിലൂടെ ചൈനയ്ക്ക് ശ്രീലങ്ക നല്‍കാനുള്ളത് അഞ്ഞൂറ് ബില്ല്യന്‍ ഡോളറോളം . അതായത് ഏതാണ്ട് ശ്രീലങ്കയെ മുഴുവനായി വാങ്ങുവാന്‍ ഉള്ളത്ര തുകയുടെ അത്രയും ബാദ്ധ്യതയാണ് ശ്രീലങ്കയ്ക്ക് ചൈനയുമായുള്ളത് എന്നര്‍ത്ഥം. ഇപ്പോള്‍ ഇന്ത്യയുടെ കടല്‍മാര്‍ഗ്ഗമുള്ള വാണിജ്യനീക്കങ്ങള്‍ ശ്രീലങ്കയുടെ കൂടി തുറമുഖങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. കൊളംബോ തുറമുഖം വലിയ ഉദാഹരണമാണ്. ഇന്ത്യയിലെ പ്രധാന തുറമുഖമായ തൂത്തുക്കുടി തുറമുഖത്തുനിന്നും വലിയ വെസ്സലുകളില്‍ ചരക്കുകള്‍ കയറ്റുവാനാവില്ല. അതുകൊണ്ട് അതിന് സൗകര്യമുള്ള കൊളംബോ തുറമുഖത്തേക്ക് ചെറിയ വെസ്സലുകളില്‍ കൊണ്ടുപോയതിനുശേഷം അവിടെനിന്നാണ് വലിയ വെസ്സലുകളിലേക്ക് സാധനങ്ങള്‍ കയറ്റുന്നത്. ഇത് ഇന്ത്യയുടെ വാണിജ്യത്തില്‍ പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍ കൊളംബോ യില്‍ ഇത് എത്തിച്ചെങ്കില്‍ തന്നെയും ഏതാണ്ട് എട്ടുകിലോമീറ്റര്‍ ദൂരെയുള്ള വലിയ വെസ്സല്‍സ് അടുക്കുന്ന പോര്‍ട്ടിലേക്ക് കൊണ്ടുപോകാന്‍ വേണ്ടിയുള്ള ഇന്ധനത്തിനുള്ള പണം പോലും പോര്‍ട്ടിന്റെ കൈവശമില്ല എന്നതാണ് വാസ്തവം. ഇത്തരത്തില്‍ അവിടേയ്ക്ക് ഇന്ത്യയില്‍ നിന്നുള്ള ചരക്കുകള്‍ കൊണ്ടുപോകാന്‍ കഴിയാതിരുന്നാല്‍ തൂത്തുക്കുടിയില്‍ ചരക്കുകള്‍ കെട്ടിക്കിടക്കുകയും ഇതുവഴി തൂത്തുക്കുടി വഴി വാണിജ്യം നടക്കാതെ വരികയും ചെയ്യുന്നു.

പ്രധാന തുറമുഖങ്ങള്‍ ചൈനയുടെ കയ്യില്‍ ആയതോടെ മറ്റുള്ള തുറമുഖങ്ങള്‍ കൂടി നേടിയെടുക്കാന്‍ ചൈന ശ്രമിക്കുന്നത് ഇന്ത്യയുടെ വാണിജ്യമേഖലയെ വലിയനിലയില്‍ ബാധിക്കുകയും ചെയ്യുന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശ്രീലങ്കയുടെ ഈ പതനം വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഇന്ത്യയുമായി വലിയ വാണിജ്യ , വ്യപാരങ്ങള്‍ ഉള്ളതിനാലും ഇന്ത്യയിലെ തമിഴ് വംശജരില്‍ വലിയൊരു ശതമാനം അവിടെ ജീവിക്കുന്നതിനാലും ഇന്ത്യ ശ്രീലങ്കയുടെ പ്രശ്നങ്ങളില്‍ ഏറെ ജാഗരൂഗരാണ്.

ജൈവകൃഷിയും വിനയായി

പാര്‍ലമെന്റില്‍ രാസവളം നിരോധിക്കുകയും ജൈവകൃഷി മാത്രം ചെയ്താല്‍ മതിയെന്ന തീരുമാനം കൈക്കൊള്ളുകയും ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. രാസവളത്തില്‍ നിന്ന് ജൈവവളത്തില്‍ അധിഷ്ഠിതമായ കൃഷി പ്രോത്സാഹിപ്പിക്കുന്നത് നല്ല കാര്യമാണെങ്കിലും അത് അവിടുത്തെ കാലാവസ്ഥയെയും, ഭൂപ്രകൃതിയെയും ഒക്കെ ആശ്രയിച്ചു വേണം ചെയ്യേണ്ടതെന്ന അടിസ്ഥാനപരമായ കാര്യം അവര്‍ വിസ്മരിച്ചു. പെട്ടെന്നുണ്ടായ ആ മാറ്റം അവരുടെ കാര്‍ഷികമേഖലയ്ക്ക് താങ്ങാനായില്ല എന്നതാണ് സത്യം. തേയില ഉള്‍പ്പെടെയുള്ള അവരുടെ പ്രധാനപ്പെട്ട വിളകളുടെ ഉല്‍പ്പാദനം കുത്തനെ ഇടിഞ്ഞു. അതിന്റെ അലയൊലികള്‍ രാജ്യമാസകലം പ്രകടമാവുകയും രാജ്യം വലിയ പ്രതിസന്ധിയിലേക്ക് പോകുകയും ചെയ്തു.

ഭരണം ഒരു കുടുംബത്തിന്

ജനാധിപത്യം ആണെങ്കിലും ശ്രീലങ്ക അക്ഷരാര്‍ഥത്തില്‍ ഭരിക്കുന്നത് ഒരു കുടുംബത്തിലെ അംഗങ്ങളാണ്. പ്രസിഡന്റ്,പ്രധാനമന്ത്രി പദങ്ങള്‍ക്ക് പുറമേ ഗോതബയ രജപക്സെയുടെ ഇളയ സഹോദരന്‍ ബേസില്‍ രജപക്സെ ധനമന്ത്രി, മറ്റൊരു സഹോദരനായ ചമല്‍ രജപക്സെ തുറമുഖ-ജലസേചനവകുപ്പുമന്ത്രി, മഹിന്ദ രാജപക്‌സെയുടെ മകന്‍ നമല്‍ രജപക്സെ യുവജന-കായികവകുപ്പുമന്ത്രി, എന്നിങ്ങനെ ആ കുടുംബത്തിലെ ധാരാളം അംഗങ്ങള്‍ ചേര്‍ന്നതാണ് ശ്രീലങ്കയുടെ ക്യാബിനറ്റ്. അതുകൊണ്ടുതന്നെ ജനങ്ങളുടെ ക്ഷേമത്തെക്കാള്‍ ആ കുടുംബത്തിന്റെ ക്ഷേമം മാത്രമാണ് ശ്രീലങ്കയില്‍ നടക്കുന്നത് എന്ന് ആക്ഷേപമുണ്ട്. ഈ കുടുംബവാഴ്ചയ്‌ക്കെതിരെ പ്രതിപക്ഷം വലിയ പ്രകടനം നടത്തുന്നുണ്ടെങ്കിലും സൈന്യത്തെ ഉപയോഗിച്ച് അവയെ അടിച്ചമര്‍ത്തി.

9946199199

Author

Scroll to top
Close
Browse Categories