ശ്രീനാരായണഗുരുവും പോപ്പിന്റെ മാപ്പും
തന്റെ ദൈവസങ്കല്പത്തെപ്പറ്റി പോപ്പ് പറഞ്ഞത് ഇങ്ങനെയാണ്: ”ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. എന്നാല്‍ ആ വിശ്വാസം കത്തോലിക്കാ ദൈവത്തിലല്ല. കത്തോലിക്കാ ദൈവം എന്നൊരു ദൈവമില്ല.” കത്തോലിക്കാ ദൈവം എന്നൊരു ദൈവമില്ല എന്ന് പോപ്പ് പറഞ്ഞതിന്റെ ധ്വനി ഓരോ മതത്തിനും പ്രത്യേകം ദൈവമില്ല എന്നാണല്ലൊ. വാസ്തവത്തില്‍ ഇത് ശ്രീനാരായണഗുരുവിന്റെ ‘ജാതിനിര്‍ണ്ണയം’, എന്ന കൃതിയിലെ ഒരു വരിയായ ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന വാക്യത്തിലെ ദൈവസങ്കല്പം തന്നെയാണല്ലൊ.
പോപ്പ് ഫ്രാന്‍സിസ് 2022 ജൂലൈ 24-ാം തീയതി കാനഡ സന്ദര്‍ശനത്തിനായി യാത്ര തിരിച്ചു. ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള കത്തോലിക്ക സഭയുടെ ഇപ്പോഴത്തെ അധിപനാണ് അഭിവന്ദ്യ ഫ്രാന്‍സിസ് മാര്‍പ്പാപ്പ. മാര്‍പ്പാപ്പ പല രാജ്യങ്ങളും സന്ദര്‍ശിക്കാറുണ്ടെങ്കിലും ഈ കാനഡ യാത്രയ്ക്ക് ലോക മാദ്ധ്യമങ്ങള്‍ പ്രത്യേക പ്രാധാന്യമാണ് നല്‍കിയത്. അതിനു കാരണമാകട്ടെ മറ്റെല്ലാ സന്ദര്‍ശനങ്ങളില്‍ നിന്നും വ്യത്യസ്തമായ, ഈ യാത്രയുടെ ഉദ്ദേശമായിരുന്നു. പോപ്പിന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ ഇതൊരു ‘പാപപ്രായശ്ചിത്ത തീര്‍ത്ഥാ ടന’മായിരുന്നു( penitential pilgrimage). 85 വയസ്സായ പോപ്പിന് വീല്‍ചെയര്‍ ഉപയോഗി ക്കേണ്ട അവസ്ഥയാണെങ്കില്‍ പോലും, ശാരീരികമായ അവശതകളെല്ലാം അവഗണി ച്ചുകൊണ്ടാണ് ഈ ‘തീര്‍ത്ഥാടനം’ നടത്തിയത്. ഈ ‘പാപപ്രായശ്ചിത്ത’വും അതിന്റെ പിന്നിലുള്ള ചരിത്രവും മനസ്സിലാക്കിയെങ്കില്‍ മാത്രമേ ‘ശ്രീനാരായണ ഗുരുവും പോപ്പിന്റെ മാപ്പും’ എന്ന വിഷയത്തിന്റെ പ്രസക്തി ഉള്‍ക്കൊള്ളാന്‍ കഴിയൂ.
പാപപ്രായശ്ചിത്തം
എന്തിന്?
ക്രൈസ്തവ വിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യമാണ് കാനഡ. അതില്‍ ത്തന്നെ ഒന്നാം സ്ഥാനത്തുള്ളത് കത്തോലിക്കാ വിഭാഗമാണ്. ഇത്തരത്തില്‍ ക്രൈസ്തവ അന്തരീക്ഷമുള്ള ആ രാജ്യത്തിന്റെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ 2017-ല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചു. ആ അവസരത്തില്‍ അദ്ദേഹം പോപ്പിനോട് അഭ്യര്‍ത്ഥിച്ച ഒരു കാര്യം ബ്രിട്ടണില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘ഗാര്‍ഡിയന്‍’ പത്രം 2017 മെയ് 30-ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആവശ്യം ഇതായിരുന്നു: ”പോപ്പ് കാനഡ യില്‍ വരണം. എന്നിട്ട് കത്തോലിക്കാ സഭ അന്നാട്ടിലെ ആദിമജനതയോട് കാട്ടിയ ക്രൂരതയ്ക്ക് മാപ്പ് പറയണം.”
അടുത്തകാലത്ത് കാനഡയില്‍ നിന്നുള്ള ഒരു പ്രതിനിധി സംഘവും പോപ്പിനെ സന്ദര്‍ശിച്ച് ഈ ആവശ്യം ആവര്‍ത്തിച്ചു. ഈ ആവശ്യത്തിന്റെ അംഗീകാരമായി പോപ്പിന്റെ പാപപ്രായശ്ചിത്ത തീര്‍ത്ഥാടനത്തെ കാണുന്നതില്‍ തെറ്റില്ല. കാരണം ഈ സന്ദര്‍ഭത്തില്‍, കനേഡിയന്‍ പ്രധാനമന്ത്രി പരാമര്‍ശിച്ച ജനതയോട് പോപ്പ് മാപ്പ് പറഞ്ഞു. ലോക ജനസംഖ്യയുടെ ഏതാണ്ട് മൂന്നിലൊന്ന് ജനങ്ങള്‍ പിന്‍തുടരുന്ന ക്രിസ്തുമതമാണ് ഏറ്റവും കൂടുതല്‍ വിശ്വാസികളുള്ള മതം. അതില്‍ത്തന്നെ ഏറ്റവും വലിയ വിഭാഗമായ കത്തോലിക്കാസഭയുടെ അദ്ധ്യക്ഷന്‍ കാനഡയില്‍ പോയി മാപ്പ് പറഞ്ഞത് എന്തിനാണ്?
പുതിയ ദേശീയ ദിനം
2021 സെപ്റ്റംബര്‍ 30-ന്, മുമ്പില്ലാതിരുന്ന ഒരു ദേശീയ ദിനം കാനഡയില്‍ ആചരിച്ചു. സത്യത്തിനും രഞ്ജിപ്പിക്കലിനും പൊരുത്തപ്പെടലിനും വേണ്ടി ആചരിച്ച ഒരു ദിനമാണിത്. ഇംഗ്ലീഷില്‍ National day for truth and Reconciliation എന്നാണ് ഈ ദിവസത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ പുതിയ ദേശീയ ദിനവും പോപ്പിന്റെ പാപപ്രായശ്ചിത്ത തീര്‍ത്ഥാടനവും തമ്മില്‍ ബന്ധമുണ്ട്, കാരണം ഈ ദിനം ആചരിക്കാനുണ്ടായ കാരണം തന്നെയാണ് പോപ്പ് മാപ്പ് പറയാനുണ്ടായ കാരണവും. മനഃസാക്ഷിയെ മരവിപ്പിക്കുന്ന ചില സംഭവങ്ങളാണ് ഈ ദിനാചരണത്തിന് അടിസ്ഥാനം.
സംഭവം കാനഡയിലെ ‘ഇന്ത്യന്‍സ്’ എന്നറിയപ്പെടുന്ന ജനവിഭാഗത്തോടു കാട്ടിയ കൊടും ക്രൂരതയാണ്. ഇന്ത്യന്‍സ് എന്ന് പറഞ്ഞത് ഭാരതീയര്‍ അല്ലെങ്കില്‍ ഇന്ത്യാക്കാര്‍ എന്ന അര്‍ത്ഥത്തിലല്ല. കാനഡയിലും അമേരിക്കയിലും പാശ്ചാത്യര്‍ കുടിയേറുന്നതിന് മുമ്പ് അന്നാട്ടില്‍ ജീവിച്ചിരുന്ന തദ്ദേശീയരായ ജനവിഭാഗത്തെ യെല്ലാം ചേര്‍ത്ത് ഇന്ത്യന്‍സ് എന്ന് പൊതുവെ പറയാറുണ്ട്. അവരെയാണ് ഇന്ത്യന്‍സ് എന്ന് ഇവിടെ ഉദ്ദേശിക്കുന്നത്. അവരുടെ ഭാഷ ഇംഗ്ലീഷ് ആയിരുന്നില്ല. സംസ്‌കാരവും പാരമ്പര്യവുമെല്ലാം ഇംഗ്ലീഷുകാരുടേതില്‍നിന്ന് വ്യത്യസ്തവുമായിരുന്നു. ഇവരെ ഇംഗ്ലീഷ് രീതിയില്‍ പഠിപ്പിച്ച്, ക്രിസ്തുമതവിശ്വാസികളാക്കി, കാനഡയിലെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിന് എന്ന ന്യായേന 1831-ല്‍ ചില പ്രത്യേക സ്‌കൂളുകള്‍ ആരംഭിച്ചു. ‘ഇന്ത്യന്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍’ എന്നാണ് ഇവ അറിയപ്പെടുന്നത്. അവയില്‍ ഭൂരിപക്ഷവും നടത്തിയിരുന്നത് കത്തോലിക്കാ സഭ ആയിരുന്നു; സര്‍ക്കാര്‍ അവയ്ക്കുവേണ്ട ധനസഹായവും നല്കി.
ഈ സ്‌കൂളുകളില്‍ കുട്ടികളെ മാതാപിതാക്കന്മാരില്‍ നിന്ന് നിര്‍ബന്ധപൂര്‍വം അകറ്റി പാര്‍പ്പിക്കുയാണ് ചെയ്തിരുന്നത്. ഏതാണ്ട് ഒന്നരലക്ഷം കുട്ടികളാണ് ഇത്തരത്തില്‍ വേര്‍പാടിന്റെ വേദനയുമായി മാറ്റിപ്പാര്‍പ്പിക്കപ്പെട്ടത്. ഈ കുട്ടികളെ സ്‌കൂള്‍ അധികൃതര്‍ ശാരീരികമായും മാനസികമായും ലൈംഗികമായും പീഡിപ്പിച്ചതിന്റെ വിവരങ്ങള്‍ കുറേ വര്‍ഷങ്ങളായി പുറത്തുവരുന്നുണ്ട്. അതിന്റെ പേരില്‍ കാനഡ യിലെ പാര്‍ലമെന്റ് 2008-ല്‍ മാപ്പുപറയുകയും ചെയ്തു. ഇത്തരം പീഡനങ്ങള്‍ക്ക് ഇരയായ പലരും അവരുടെ അനുഭവങ്ങള്‍ പങ്ക് വയ്ക്കുന്ന വീഡിയോകള്‍ ‘യൂട്യൂബില്‍’ ലഭ്യമാണ്. നാക്ക് പുറത്തേയ്ക്ക് നീട്ടി സൂചികൊണ്ട് കുത്തുക, ഭയന്ന് കിടക്കയില്‍ മൂത്രമൊഴിച്ചതിന് മുഖം മൂത്രത്തില്‍ അമര്‍ത്തുക തുടങ്ങിയ പ്രാകൃത നടപടികളാണ് ഇവരില്‍ പലര്‍ക്കും നേരിടേണ്ടി വന്നത്. ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്തവരില്‍ കന്യാസ്ത്രീകളും പെടും എന്നതാണ് വിചിത്രം.
ഇത്തരം വാര്‍ത്തകള്‍ക്കിടയിലാണ് കഴിഞ്ഞവര്‍ഷം ഞെട്ടിക്കുന്ന ചില വിവര ങ്ങള്‍ കൂടി പുറംലോകം അറിയുന്നത്. ഈ സ്‌കൂളുകളില്‍ നടന്ന ക്രൂരതകളെപ്പറ്റി പഠിക്കാന്‍ ഗവണ്‍മെന്റ് ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഈ സമതി മണ്ണിനടിയി ലുള്ള വിവരങ്ങള്‍ അറിയാന്‍ സഹായിക്കുന്ന ആധുനിക റഡാര്‍ സംവിധനം ഉപയോ ഗിച്ചു നടത്തിയ ഒരു പര്യവേഷണത്തില്‍ 215 കുട്ടികളുടെ മൃതശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മൂന്നു വയസുമാത്രം പ്രായമുള്ള കുട്ടികളും അതില്‍ പെടും. ഏറ്റവും വലിയ ഒരു റസിഡന്‍ഷ്യല്‍ സ്‌കൂള്‍ സ്ഥിതിചെയ്തിരുന്ന കാംലൂപ്‌സ് (kamloops)എന്ന സ്ഥലത്താണ് ഈ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇനിയും ഇതുപോലുള്ള അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ സാദ്ധ്യതയുണ്ടെന്ന് ഈ സമിതി അന്ന് പറഞ്ഞിരുന്നു. അതിനുശേഷം നടത്തിയ അന്വേഷണത്തില്‍, രേഖപ്പെടുത്താതിരുന്ന 1300 ശവക്കുഴികള്‍ കൂടി അത്തരം സ്‌കൂളുകള്‍ നിലനിന്നിടത്ത് കണ്ടെത്തിയതായി 2022 ജൂലൈ 25-ലെ ‘ഹിന്ദു’ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതാണ് കാനഡ പുതുതായി ആചരിച്ച സത്യത്തിനുവേണ്ടിയുള്ള ദേശീയദിന ത്തിന്റെ പശ്ചാത്തലം. പോപ്പ് കാനഡയില്‍ വന്ന് മാപ്പ് പറയണമെന്ന് കനേഡിയന്‍ പ്രധാനമന്ത്രിയും തുടര്‍ന്ന് 2022 ഏപ്രിലില്‍ തദ്ദേശീയരുടെ ഒരു പ്രതിനിധി സംഘവും ആവശ്യപ്പെട്ടതിന്റെ കാരണവും ഈ അനുഭവമാണ്. അതേത്തുടര്‍ന്നാണ് പോപ്പ് തന്റെ പാപപ്രായശ്ചിത്ത തീര്‍ത്ഥാടനം നടത്തിയതും 2022 ജൂലൈ 25-ന് കാനഡയി ലെത്തി മാപ്പ് പറയുകയും ചെയ്തത്.
ഇനി പോപ്പിന്റെ പാപപ്രായശ്ചിത്ത തീര്‍ത്ഥാടനത്തിന് വഴിവച്ച സംഭവങ്ങളും ശ്രീനാരായണഗുരുവും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് നോക്കാം. ഇവിടെ ശ്രീനാരായണഗുരു എന്നു പറയുമ്പോള്‍ കേരളത്തിന്റെ ചരിത്ര പശ്ചാത്തല ത്തിലുള്ള ഒരു വ്യക്തി എന്നതിലുപരി വിശ്വമാനവികതയും ഏകത്വദര്‍ശനവും പുരുഷാകൃതി പൂണ്ട ഒരു പ്രതീകം എന്ന നിലയില്‍ വേണം കാണാന്‍.
”ക്രിസ്തുവിന്റെ ഉപദേശം
നന്നല്ലേ?”
കത്തോലിക്കാ വിഭാഗത്തില്‍പെട്ട ക്രിസ്ത്യാനികള്‍ക്ക് ഭൂരിപക്ഷമുള്ള ഒരു രാജ്യത്തുപോയി കത്തോലിക്ക സഭ കാണിച്ച ക്രൂരതയുടെ പേരില്‍ കത്തോലിക്കാ സഭയുടെ അദ്ധ്യക്ഷനായ പോപ്പിന് മാപ്പ് പറയേണ്ടിവന്ന സാഹചര്യമാണ് നാം കണ്ടത്. കത്തോലിക്ക സഭയെപ്പറ്റി പറയുമ്പോള്‍ മറക്കാന്‍ പാടില്ലാത്ത ചില വശങ്ങളുണ്ട്. വിദ്യാഭ്യാസരംഗത്തും ആതുരസേവന രംഗത്തുമൊക്കെ വലിയ സേവനങ്ങള്‍ ചെയ്യുന്ന ഒരു പ്രസ്ഥാനമാണിത്. അതിനുവേണ്ടി യേശുവിന്റെ പേരില്‍ ജീവിതം സമര്‍പ്പിച്ചിട്ടുള്ള അനേകം പുരോഹിതന്മാരും കന്യാസ്ത്രീകളും ലോകമെമ്പാടുമുണ്ട്. അതേ പ്രസ്ഥാനത്തിന്റെ തന്നെ പ്രാകൃതമായ നടപടികളുടെ പേരിലാണ് പോപ്പിന് മാപ്പ് പറയേണ്ടി വന്നതും. യേശുവിനെ കേന്ദ്രീകരിച്ചുള്ള കത്തോലിക്കാ സഭയില്‍ നന്മചെയ്യുന്നവരും തിന്മചെയ്യുന്നവരുമുണ്ടെന്നര്‍ത്ഥം. (കത്തോലിക്കാ സഭയില്‍ മാത്രമല്ല, ഏതു മതവിഭാഗത്തിന്റെ കാര്യത്തിലും അതുതന്നെയാണ് വാസ്തവം. ഇവിടെ വിഷയം പോപ്പുമായി ബന്ധപ്പെട്ടതായതുകൊണ്ട് ക്രിസ്തുമതം പ്രത്യേകം പരാമാര്‍ശമാകുന്നു എന്നു മാത്രം).
ഒരു മതത്തില്‍ തന്നെയുള്ള നന്മ, തിന്മ എന്ന പരസ്പര വിരുദ്ധമായ സമീപന ങ്ങളുടെ ഉദാഹരണത്തിലൂടെ നാം ശ്രീനാരായണഗുരുവിന്റെ ”മതമേതായാലും മനുഷ്യന്‍ നന്നായാല്‍മതി” എന്ന സൂക്തത്തിന്റെ പിന്നിലുള്ള വാസ്തവികതയുടെ ഒരു തെളിവിലേക്കാണ് പ്രവേശിക്കുന്നത്. 1923 മെയ് 30-ാം തീയതി ഗുരുവും സഹോദരന്‍ അയ്യപ്പനുമായി ആലുവ അദ്വൈതാശ്രമത്തില്‍ വച്ച് ഒരു സംവാദം നടന്നു. മതപരിവര്‍ത്തനമായിരുന്നു വിഷയം. ഒരു മതത്തില്‍ നിന്ന് മറ്റൊരു മത്തിലേ യ്ക്കുള്ള പരിവര്‍ത്തനമല്ല വേണ്ടത്, മനുഷ്യന്‍ നന്നാവാനുള്ള ശ്രമമാണ് വേണ്ടതെ ന്നുള്ള തത്ത്വം സഹോദരന്‍ അയ്യപ്പനെ ബോദ്ധ്യപ്പെടുത്താന്‍ ഗുരു ശ്രമിക്കുന്നതായി ഈ സംവാദത്തില്‍ കാണാം. ”മനുഷ്യന്‍ നന്നാവാനുള്ള മാര്‍ഗ്ഗങ്ങള്‍ അധികം കാണു ന്നത് ബുദ്ധമതത്തിലാണ്” എന്നു പറയുന്ന സഹോദരനോട് ഗുരു ചോദിക്കുന്നു: ”ബുദ്ധമതക്കാരെല്ലാം നല്ല മനുഷ്യരാണോ?” സംഭാഷണം പുരോഗമിക്കുമ്പോള്‍ ഗുരു തുടര്‍ന്നു പറയുന്നു: ”ക്രിസ്തുവിന്റെ ഉപദേശം നന്നല്ലേ? മുഹമ്മദ് നബിയുടെ ഉപദേശം കൊള്ളാമല്ലൊ. ആ മതത്തില്‍പ്പെട്ട എല്ലാവരും യോഗ്യരാണോ? അപ്പോള്‍ മതമേതായാലും മനുഷ്യന്‍ നന്നാവാന്‍ ശ്രമിച്ചുകൊണ്ടിരിക്കണം. അല്ലെങ്കില്‍ അധഃപതിക്കും.”
ക്രിസ്തുവിന്റെ ഉപദേശം നന്നായിരിക്കുമ്പോഴും ആ മതത്തില്‍പ്പെട്ടവര്‍ അധഃ പതിച്ചതിന്റെ ഉദാഹരണവും അതിന്റെ പരിണത ഫലവുമാണ് പോപ്പ് മാപ്പ് പറയേണ്ടി വന്ന സംഭവം. ‘ക്രിസ്തുവിന്റെ ഉപദേശം നല്ലതല്ലേ, എന്നാല്‍ ആ മതത്തില്‍പ്പെട്ട എല്ലാവരും നല്ലവരാണോ’ എന്ന ഗുരുവിന്റെ ചോദ്യത്തിനുള്ള സമകാലിക ജീവിത ത്തില്‍ നിന്നുള്ള ഒരു ദൃഷ്ടാന്തമായും ഈ സംഭവത്തെ കണക്കാക്കാം. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി ബന്ധപ്പെട്ട് മറ്റ് ചില വിവരങ്ങള്‍ കൂടി വച്ചുകൊണ്ട് വേണം ഈ ലേഖനത്തിന്റെ പേരില്‍ പരാമര്‍ശിക്കുന്ന വിഷയത്തിന്റെ മറ്റ് തലങ്ങളിലേക്കു കടക്കാന്‍. അവയെന്താണെന്നു നോക്കാം.
അക്ഷരാര്‍ത്ഥത്തില്‍
കത്തോലിക്കനായ പോപ്പ്
‘കാതലിക്’ (catholic) എന്ന ഇംഗ്ലീഷ് വാക്കോ അതിനുസമാനമായി മലയാള ത്തില്‍ ഉപയോഗിക്കുന്ന ‘കത്തോലിക്കര്‍’ എന്ന പ്രയോഗമോ കേള്‍ക്കുമ്പാള്‍ സാധാ രണഗതിയില്‍ ആദ്യം മനസ്സില്‍ വരുന്നത് ക്രിസ്തുമതത്തിലെ ഒരു വിഭാഗം എന്നായി രിക്കും. എന്നാല്‍ ‘കാതലിക്’ എന്ന വാക്കിന്റെ ഉല്‍പ്പത്തിപ്രകാരം നോക്കിയാല്‍ ‘സാര്‍വ്വലൗകികമായ’, ‘വിശാലവീക്ഷണമുള്ള’, ‘എല്ലാറ്റിനേയും ഉള്‍ക്കൊള്ളുന്ന’ തുടങ്ങിയ വാച്യാര്‍ത്ഥങ്ങളാണ് ഈ പ്രയോഗത്തിനുള്ളത്. ഈ അര്‍ത്ഥത്തില്‍ നോക്കിയാല്‍ വീശാലവീക്ഷണമുള്ള ആരെയും ‘കാതലിക്’ എന്ന് വിശേഷിപ്പിക്കു കയും ചെയ്യാം. ഈ വിശാലമായ അര്‍ത്ഥം കൂടി കണക്കിലെടുത്തുകൊണ്ട് ജപ്പാനിലെ ഒരു പ്രൊഫസ്സര്‍ മാര്‍പ്പാപ്പയെ വിശേഷിപ്പിച്ചത് ”ഒരു പരമ്പരാഗത കാത്തോലിക്കനും ശരിയായ കത്തോലിക്കനുമായ പോപ്പ്” (A Traditional catholic and a truly catholic pope ) എന്നാണ്. കെവിന്‍ റാഫര്‍ട്ടി എന്ന പ്രൊഫസ്സര്‍ 2013 ഒക്‌ടോബര്‍ അഞ്ചാം തീയതി ”സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ്”എന്ന പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ഈ വിശേഷണമുള്ളത്.
ഈ വിശേഷണം നല്കാന്‍ അദ്ദേഹത്തിന് പ്രേരണയായതോ, മറ്റൊരു പത്രവാര്‍ ത്തയും. 2013 ഒക്‌ടോബര്‍ ഒന്നാം തീയതി ഇറ്റലിയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ‘ലാ റിപ്പബ്ലിക്കാ’ എന്ന പത്രത്തില്‍ വന്ന വാര്‍ത്തയാണിത്. തെക്കേ അമേരിയില്‍ നിന്ന് മാര്‍പ്പാപ്പാ സ്ഥാനത്തെത്തുന്ന ആദ്യ ആളായ പോപ്പ് ഫ്രാന്‍സിസ് 2013 ലാണ് അധികാരമേറ്റത്. അതേ വര്‍ഷംതന്നെ പോപ്പ് ലാ റിപ്പബ്ലിക്കായ്ക്ക് ഒരഭിമുഖം അനുവ ദിച്ചു. ഈ അഭിമുഖത്തില്‍ പോപ്പ് ഫ്രാന്‍സിസ് വ്യക്തമാക്കിയ നിലപാടുകളാണ് കെവിന്‍ റാഫര്‍ട്ടിയുടെ വിശേഷണത്തിന് അടിസ്ഥാനം. പോപ്പ് പല വിഷയങ്ങ ളെപ്പറ്റിയും അഭിമുഖത്തില്‍ അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കിലും മതവുമായും ദൈവ വുമായും ബന്ധപ്പെട്ട നിരീക്ഷണങ്ങളാണ് ഗുരുദര്‍ശനത്തിന്റെ പഞ്ചാത്തലത്തില്‍ പ്രധാനം.
തന്റെ ദൈവസങ്കല്പത്തെപ്പറ്റി പോപ്പ് പറഞ്ഞത് ഇങ്ങനെയാണ്: ”ഞാന്‍ ദൈവ ത്തില്‍ വിശ്വസിക്കുന്നു. എന്നാല്‍ ആ വിശ്വാസം കത്തോലിക്കാ ദൈവത്തിലല്ല. കത്തോലിക്കാ ദൈവം എന്നൊരു ദൈവമില്ല.” കത്തോലിക്കാ ദൈവം എന്നൊരു ദൈവമില്ല എന്ന് പോപ്പ് പറഞ്ഞതിന്റെ ധ്വനി ഓരോ മതത്തിനും പ്രത്യേകം ദൈവമില്ല എന്നാണല്ലൊ. വാസ്തവത്തില്‍ ഇത് ശ്രീനാരായണഗുരുവിന്റെ ‘ജാതിനിര്‍ണ്ണയം’, എന്ന കൃതിയിലെ ഒരു വരിയായ ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന വാക്യത്തിലെ ദൈവസങ്കല്പം തന്നെയാണല്ലൊ. 1914-ല്‍ പ്രസിദ്ധീകരിച്ച കൃതിയിലെ ഈ വരി ഗുരുവിന്റെ ഏറ്റവും പ്രചാരമുള്ള സൂക്തമായി മാറുകയും ചെയ്തു.
മനുഷ്യ ജാതിയ്ക്ക് ഒരു ദൈവമേയുള്ളൂ എന്ന തന്റെ വീക്ഷണം ഗുരു ശിഷ്യന്മാ രോട് ആവര്‍ത്തിച്ച് പറഞ്ഞിട്ടുമുണ്ട്. അത് ‘നാരായണസ്മൃതി’ അഥവാ ‘ശ്രീനാരായണ ധര്‍മ്മം’ എന്ന കൃതിയിലെ 65-ാം ശ്ലോകത്തില്‍ കാണാം. സംസ്‌കൃതത്തിലുള്ള രണ്ട് വരികളാണിത്:
ദേവേ ദ്വിത്വം ബഹുത്വം വാ
ന കസ്യാപി മതേ മതം.
ദൈവം രണ്ടുണ്ടെന്നോ പലതുണ്ടെന്നോ ഒരു മതത്തിലും സിദ്ധാന്തിക്കുന്നില്ല എന്നാണ് ഈ വരികളുടെ അര്‍ത്ഥം. ഈ ആശയത്തിന്റെ അംഗീകാരം തന്നെയല്ലേ ”കത്തോലിക്കാ ദൈവം എന്നൊരു ദൈവമില്ല” എന്ന വാക്കുകള്‍?