ശാസ്ത്രത്തെ അടുത്തറിയാന്‍
ശാസ്ത്രപഠനം എന്ന പേരില്‍ ഒരു പഠനശാഖ നിലവിലില്ല. ഓരോ വിഷയങ്ങളും പഠിക്കുന്നതിന് പൊതുവെ വ്യത്യസ്തമായ പഠനരീതിയും നിലവിലില്ല. നമ്മുടെ ഹയര്‍ സെക്കന്‍ഡറി തലങ്ങളില്‍ ശാസ്ത്രവും ഗണിതവും പഠിക്കുന്ന കുട്ടികള്‍ പഠിപ്പിസ്റ്റുകളും ഹ്യുമാനിറ്റിസ് പഠിക്കുന്ന കുട്ടികള്‍ പൊതുവെ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരുമെന്ന പൊതുബോധം ഉണ്ടാക്കിയെടുക്കുന്നത്
നമ്മുടെ സമൂഹം തന്നെയാണ്.
ശാസ്ത്രബോധമുള്ള ഒരു സമൂഹത്തിനുമാത്രമേ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ട് ഒരു നല്ല നാളെയെ വാര്‍ത്തെടുക്കുവാനാകൂ. അതാവട്ടെ നമ്മുടെ ഒരു ചിന്തയുടെ ദൂരത്തിനപ്പുറം ഉണ്ടുതാനും.
പത്താം ക്ളാസില്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് പ്ലസ്ടുവിന് സയന്‍സ് സ്ട്രീമും പിന്നാലെയുള്ളവര്‍ക്ക് കൊമേഴ്സ്, ഹ്യുമാനിറ്റിസ് സ്ട്രീമുകളും. സയന്‍സ് സ്ട്രീമിലുള്ള കുട്ടികള്‍ സ്‌കൂളുകളിലെ പഠിത്തക്കാരും, മറ്റു സ്ട്രീമിലുള്ളവര്‍ പഠിച്ചില്ലെങ്കിലും എങ്ങനെയെങ്കിലും ജയിച്ചുകയറിയാല്‍ മതിയെന്നുമുള്ള പൊതുധാരണ സമൂഹത്തില്‍ അവശേഷിപ്പിക്കുന്നതെന്താണ്? ശാസ്ത്രവും ഗണിതവും പഠിക്കുവാന്‍ മാര്‍ക്ക് കുറഞ്ഞവര്‍ക്ക് കഴിയില്ല എന്ന ധാരണയുടെ അടിസ്ഥാനമെന്താണ്? അത്തരത്തില്‍ ശാസ്ത്രവിദ്യാര്‍ത്ഥികളെ വലിയനിലയില്‍ ബൗദ്ധികമായി ഔന്നത്യത്തില്‍ നില്‍ക്കുന്നവരെന്ന് വിശേഷിപ്പിക്കുമ്പോഴും നമ്മുടെ സ്‌കൂളുകളിലെ ശാസ്ത്രപഠനം എത്രമാത്രം ഫലപ്രദമാണെന്ന് വിലയിരുത്തേണ്ടതുണ്ട്. കുട്ടികളുടെ ഭാഗത്തുനിന്നും, ഒപ്പം അധ്യാപകരുടെ ഭാഗത്തുനിന്നും ഏതുരീതിയിലാണ് ശാസ്ത്രപഠനം ക്രമീകരിക്കേണ്ടതെന്ന് മനസിലാക്കേണ്ടത് അത്യാവശ്യമാണ്. വെറുമൊരു പഠനവിഷയത്തിനപ്പുറം ശാസ്ത്രത്തിന് നമ്മുടെ പഠനത്തിലും, അറിവുനേടലിലും, ജീവിതത്തിന്റെ ഓരോ വഴികളിലും ആവശ്യമായിവരുന്ന ഉപയോഗങ്ങളും, പ്രയോഗികതലങ്ങളും അറിഞ്ഞിരിക്കേണ്ടതുണ്ട്.
ശാസ്ത്രംപഠിക്കുകയല്ല.
അനുഭവിക്കുകയാണ്
നമ്മുടെ പാഠ്യപദ്ധതിയുടെ ഭാഗമായി ഇന്ന് എല്ലാ സ്‌കൂളുകളിലും മറ്റേതൊരു വിഷയം പോലെ ശാസ്ത്രം ‘പഠിക്കുകയാണ്’ ചെയ്യുന്നത്. എന്നാല്‍ ശാസ്ത്രവിഷയങ്ങള്‍ കേവലം മനഃപാഠമാക്കി പഠിക്കുകമാത്രം ചെയ്തുകൊണ്ട് അത് ജീവിതത്തില്‍ എന്ത് ഗുണമാണ് നല്‍കാന്‍ പോകുന്നതെന്ന് മനസിലാക്കേണ്ടതുണ്ട്. പുസ്തകങ്ങളിലെ പാഠഭാഗങ്ങള്‍ക്കനുസരിച്ചുള്ള പഠനത്തിനപ്പുറം ശാസ്ത്രത്തെ അറിഞ്ഞും മനസ്സിലാക്കിയും പഠിക്കുമ്പോള്‍ ഉള്ള വ്യത്യാസം ഏറെ പ്രധാനമാണ്. ഫിസിക്‌സിലെ ഒരു സിദ്ധാന്തം വായിച്ചുപഠിക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് അത് സന്നിവേശിക്കുകയും, അത് പരീക്ഷയ്ക്ക് നമുക്ക് കൃത്യമായി എഴുതി ഫലിപ്പിക്കുവാനും കഴിഞ്ഞേക്കാം. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം അതിനെപ്പറ്റി ഒരു ചോദ്യത്തിന് ഉത്തരമെഴുതുവാന്‍ നമുക്ക് കഴിഞ്ഞെന്നുവരില്ല. എന്നാല്‍ ആ സിദ്ധാന്തം കൃത്യമായി നമുക്ക് അനുഭവപ്പെട്ടാല്‍, അല്ലെങ്കില്‍ അവയെ നമ്മുടെ അനുഭങ്ങളുമായി ചേര്‍ത്തുവെക്കാന്‍ കഴിഞ്ഞാല്‍ അവ ജീവിതത്തിന്റെ തന്നെ ഭാഗമാകുകയാണ് ചെയ്യുന്നത്. അതിനാല്‍ ഏതൊരു കാലത്തു അതിന്റെ ഉത്തരം നല്‍കേണ്ടിവന്നാലും നമുക്കതിന് കഴിയുകയും ചെയ്യും. ഒരുദാഹരണം പറയാം. ന്യൂട്ടന്റെ ഒന്നാം ചലന നിയമമായ ‘ഒരു അസന്തുലിതമായ ബാഹ്യബലം പ്രവര്‍ത്തിക്കാത്തിടത്തോളം ഓരോ വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേര്‍ രേഖയിലുള്ള സമാന ചലനത്തിലോ തുടരുന്നതാണ്’ എന്ന് പഠിപ്പിക്കുമ്പോള്‍, ഒരു ബസില്‍ യാത്രചെയ്യുന്ന സമയത്തു പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോള്‍ മുന്നോട്ടായുന്നത് എന്തുകൊണ്ടെന്ന് കുട്ടികളെ അത് അനുഭവിപ്പിച്ചുകൊണ്ടുതന്നെ പറഞ്ഞുകൊടുക്കുവാന്‍ കഴിയണം . അതിനായി വേണമെങ്കില്‍ അവരുമായി ഒരു വാഹനത്തില്‍ തന്നെ സഞ്ചരിക്കണം. കൂടാതെ അവര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് സ്റ്റോപ്പ് പറയുകയും അതവര്‍ക്ക് കഴിയാതെ അല്‍പ്പം ദൂരം കൂടി ഓടിപ്പോകുകയും ചെയ്യുന്നത് ഈ നിയമത്തിന്റെ പ്രയോഗവുമാണെന്ന് പറയുമ്പോഴാണ് അവരുടെ മനസ്സുകളില്‍ അത് ഏറെ ആഴത്തില്‍ പതിയുന്നത്. അത്തരത്തില്‍ അനുഭവങ്ങളിലൂടെ ശാസ്ത്രത്തെ അടുത്തറിയാന്‍ കുട്ടികള്‍ക്ക് അവസരം ഒരുക്കേണ്ടത് ശാസ്ത്രാദ്ധ്യാപകരാണ്.
സ്‌കൂളുകളില്‍
അദ്ധ്യാപകരുടെ ക്രമീകരണം
സ്‌കൂളുകളില്‍ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി ക്ളാസ്സുകളില്‍ ഓരോരോ വിഷയങ്ങള്‍ പഠിപ്പിക്കുന്നത് അതാതുവിഷയങ്ങളില്‍ പ്രാവീണ്യമുള്ളവരല്ല. ഇവിടെയൊക്കെ ഓരോ അദ്ധ്യാപകരും അതാത് സ്‌കൂളുകളുടെ ആവശ്യം പോലെ ഏതു വിഷയവും പഠിപ്പിക്കണമെന്നാണ് നിയമം. അതായത് ഒരു മലയാളം പഠിച്ച അദ്ധ്യാപകന്‍ കണക്കും, സയന്‍സും, സോഷ്യല്‍ സയന്‍സും, എന്തിന് ഇംഗ്ലീഷ് വരെ പഠിപ്പിച്ചേ മതിയാകൂ.
സ്‌കൂളുകളില്‍ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി ക്ളാസ്സുകളില്‍ ഓരോരോ വിഷയങ്ങള്‍ പഠിപ്പിക്കുന്നത് അതാതുവിഷയങ്ങളില്‍ പ്രാവീണ്യമുള്ളവരല്ല. ഇവിടെയൊക്കെ ഓരോ അദ്ധ്യാപകരും അതാത് സ്‌കൂളുകളുടെ ആവശ്യം പോലെ ഏതു വിഷയവും പഠിപ്പിക്കണമെന്നാണ് നിയമം. അതായത് ഒരു മലയാളം പഠിച്ച അദ്ധ്യാപകന്‍ കണക്കും, സയന്‍സും, സോഷ്യല്‍ സയന്‍സും, എന്തിന് ഇംഗ്ലീഷ് വരെ പഠിപ്പിച്ചേ മതിയാകൂ. എന്നാല്‍ കുട്ടികള്‍ക്ക് ഓരോരോ വിഷയങ്ങളില്‍ അവരുടെ അടിത്തറപാകപ്പെടുന്ന നിര്‍ണ്ണായകമായ സന്ദര്‍ഭത്തില്‍ കൃത്യമായ സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെ അഭാവം കുട്ടികളില്‍ അതാതുവിഷയങ്ങളോട് അകല്‍ച്ചയുണ്ടാക്കുവാന്‍ മാത്രമേ ഉപകരിക്കൂ. ഓരോ അദ്ധ്യാപകരും അവര്‍ സ്‌പെഷ്യലൈസ് ചെയ്ത വിഷയങ്ങളില്‍ ബിരുദവും, ബിരുദാനന്തരബിരുദവും, ബി.എഡുമൊക്കെ നേടി ജോലിക്കായെത്തുമ്പോള്‍ അവര്‍ക്ക് പഠിപ്പിക്കേണ്ടിവരുന്നത് അവര്‍ പത്താംക്ളാസ്സിലോ, പ്ലസ്ടുവിനോ പഠനം നിര്‍ത്തിയ വിഷയമായിരിക്കും. അത് അവര്‍ക്ക് വീണ്ടും ഒന്നുമുതല്‍ പഠിച്ചിട്ടുവന്നിട്ട് കുട്ടികളെ പഠിപ്പിക്കേണ്ടിവരുന്നു. എത്ര പഠിച്ചാലും, തയ്യാറെടുത്താലും സ്‌പെഷ്യലൈസ് ചെയ്യാത്ത വിഷയങ്ങളില്‍ കുട്ടികള്‍ക്ക് അടിത്തറയിടുവാന്‍ അവര്‍ക്ക് കഴിഞ്ഞെന്നുവരില്ല. സ്‌കൂളുകളിലെ അദ്ധ്യാപകരുടെ ക്രമീകരണത്തിലെ ഈ അശാസ്ത്രീയത ശാസ്ത്രപഠനത്തില്‍ ആണ് ഏറെ പ്രതിഫലിക്കുക. ഉദാഹരണത്തിന് മുമ്പ് സൂചിപ്പിച്ചപോലെ ഏതെങ്കിലുമൊരു ജീവല്‍പ്രക്രിയ തന്നെയെടുക്കാം. സാമൂഹ്യപാഠത്തില്‍ സ്‌പെഷ്യലൈസ് ചെയ്ത ഒരു അദ്ധ്യാപകന്‍ അത് വായിച്ചിട്ടുവന്നു പഠിപ്പിക്കുമ്പോള്‍ അതില്‍ പൂര്‍ണ്ണതയുണ്ടാവില്ല. എന്നാല്‍ ജീവശാസ്ത്ര അധ്യാപികയ്ക്ക് ആ അദ്ധ്യാപനത്തില്‍ ഒരുപക്ഷേ വരികള്‍ക്കിടയിലെ കാര്യങ്ങള്‍ പോലും കുട്ടികള്‍ക്ക് വിവരിച്ചുകൊടുക്കുവാനും അവരുടെ സംശയങ്ങള്‍ക്ക് കൃത്യമായി മറുപടി കൊടുക്കാനുമാകും. മാത്രമല്ല, ആ പാഠഭാഗത്തില്‍ എന്താണോ പറഞ്ഞിരിക്കുന്നത് അതുമാത്രം മറ്റുള്ളവര്‍ പഠിപ്പിക്കുമ്പോള്‍ ജീവശാസ്ത്രം അദ്ധ്യാപകന് അതിനപ്പുറം കൂടുതല്‍ അധികമായി ചിന്തിക്കുവാനും, മനസിലാക്കുവാനുമുള്ള കാര്യങ്ങള്‍ പകര്‍ന്നുനല്‍കുവാന്‍ കഴിയുന്നു. ചര്‍ച്ചകള്‍ സംഘടിപ്പിക്കുവാന്‍ കഴിയുന്നു. അതൊക്കെ പഠനത്തില്‍ ഏറെ സ്വാധീനിക്കുന്ന കാര്യങ്ങള്‍ ആണ്.
ക്ലാസ്സ്മുറികള്‍
മാത്രം പോരാ
ശാസ്ത്രം പൂര്‍ണ്ണമായും, ക്രിയാത്മകമായും മനസ്സിലാക്കണമെങ്കില്‍ ക്ളാസ് റൂമിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സാധ്യമല്ല. അറിവുനേടലിന്റെ കൂടുതല്‍ പ്രായോഗികമായ തലങ്ങള്‍ അതിന് ആവശ്യമാണ്. ആ പ്രായോഗികതഅത്യാവശ്യമായതിനാലാണ് മുതിര്‍ന്ന ക്ളാസ്സുകളില്‍ ശാസ്ത്രവിഷയങ്ങള്‍ക്ക് പ്രാക്ടിക്കലുകള്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. എന്നാല്‍ മുതിര്‍ന്ന ക്ളാസ്സുകളില്‍ മാത്രം ഈ പ്രയോഗികതാപരീക്ഷണങ്ങള്‍ മതിയോ എന്നതാണ് കാതലായ ചോദ്യം. കതിരില്‍ വളം വെക്കുക എന്ന പഴംചൊല്ല് അന്വര്‍ത്ഥമാക്കുന്ന അവസ്ഥാന്തരമല്ലേ ഇവിടെ സൃഷ്ടിക്കപ്പെടുന്നത്? കുട്ടികള്‍ വസ്തുതകളുടെ അടിസ്ഥാനപാഠങ്ങള്‍ മനസിലാക്കുന്ന അവസ്ഥയില്‍ അവര്‍ക്കായി സ്‌പെഷ്യലൈസ് ചെയ്യാത്ത അദ്ധ്യാപകരെ നിയോഗിക്കുകയും, പ്രയോഗികതാസെഷനുകള്‍ സംഘടിപ്പിക്കാതെയിരിക്കുകയും വഴി പഠനത്തിന്റെയും അറിവുനേടലിന്റെയും വിപരീതദിശയിലേക്ക് കുട്ടികളെ നയിക്കുകയാണ് നാം ചെയ്യുന്നത്.
എല്‍.പി.തലം മുതല്‍; അല്ലെങ്കില്‍ യു.പി.തലം മുതലെങ്കിലും ശാസ്ത്രവിഷയങ്ങള്‍ക്ക് സ്‌കൂളുകളില്‍ ലാബുകള്‍ ഉണ്ടായേ മതിയാകൂ. സംഗീതത്തിനും, കായികപഠനത്തിനും, തൊഴില്‍നൈപുണ്യത്തിനുമൊക്കെ സ്ഥിരമായ അധ്യാപകരെ നിയമിച്ചിട്ടുണ്ടെങ്കിലും ആ വിഷയങ്ങളില്‍ എത്രമാത്രം ക്രിയാത്മകമായി കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന് പരിശോധിക്കേണ്ടതുണ്ട്. അതിനൊക്കെ നല്‍കുന്ന പ്രാമുഖ്യം പോലെതന്നെ പ്രാക്ടിക്കല്‍ സെഷനുകള്‍ക്കും ആഴ്ചയില്‍ കുറഞ്ഞത് ഒരു പിരിയഡ് എങ്കിലും മാറ്റിവെക്കണം. സയന്‍സിലെ അടിസ്ഥാനപരമായ പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രാക്ടിക്കല്‍ സെഷനുകള്‍ നടത്തുവാനുള്ള ലാബ് ക്രമീകരിക്കുവാന്‍ വലിയ പ്രയാസവുമുണ്ടാകില്ല. സ്‌കൂളുകളില്‍ അത്തരം സൗകര്യങ്ങള്‍ വരുത്തുകവഴി ശാസ്ത്രബോധമുള്ള ഒരു തലമുറയെക്കൂടി വാര്‍ത്തെടുക്കുവാനാണ് നമുക്ക് കഴിയുന്നത്.
ശാസ്ത്രാദ്ധ്യാപകരുടെ
ഉത്തരവാദിത്തങ്ങള്‍
ഏതൊരു അദ്ധ്യാപകനും സമൂഹത്തോട് ഉത്തരവാദിത്തം പേറുന്നവരാണ്. ശാസ്ത്രാദ്ധ്യാപകര്‍ അവരില്‍ നിന്ന് എങ്ങനെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരായി മാറണം എന്ന ചോദ്യത്തിന് നമ്മുടെ ചുറ്റിനും നാം കാണുന്നതും, കേള്‍ക്കുന്നതും, അനുഭവിക്കുന്നതുമെല്ലാം ശാസ്ത്രം ആണെന്നതാണ് ഉത്തരം. ശാസ്ത്രവിഷയങ്ങള്‍ ജീവിതവുമായി ഇത്രയേറെ ഇഴപിരിഞ്ഞുകിടക്കുന്നതാണെന്ന കാര്യം പരിഗണിക്കുമ്പോള്‍ അത് പഠിപ്പിക്കുന്ന അധ്യാപകര്‍ ജീവിതത്തിലേക്ക് കൂടി മുതല്‍ക്കൂട്ടാകുന്ന തരത്തില്‍ അധ്യാപനത്തെ ക്രമീകരിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് ഒരു ബയോളജി അധ്യാപിക ജീവല്‍പ്രക്രിയ പഠിപ്പിക്കേണ്ടിവരുമ്പോള്‍ പ്രത്യുല്‍പ്പാദനം സ്വാഭാവികമായും പഠിപ്പിക്കേണ്ടിവരുമല്ലോ. എന്നാല്‍ ഏറെ അധ്യാപകരും അത്തരം പാഠഭാഗങ്ങള്‍ തുറന്നു പഠിപ്പിക്കുവാനുള്ള മടിമൂലം കുട്ടികളോട് സ്വയം വായിച്ചുപഠിക്കുകയോ അല്ലെങ്കില്‍ അപൂര്‍ണ്ണമായ രീതിയില്‍ പറഞ്ഞവസാനിപ്പിക്കുകയോ ആണ് ചെയ്യുന്നത്. കുട്ടികളുടെ സംശയങ്ങള്‍ക്കുപോലും കൃത്യമായി മറുപടി നല്‍കാന്‍ മടിക്കുന്ന അദ്ധ്യാപകര്‍ ആണ് അധികവും. എന്നാല്‍, അദ്ധ്യാപകരില്‍ നിന്നും ആ വിഷയങ്ങളില്‍ കൃത്യമായ വിശദീകരണം ലഭിക്കാതെ മറ്റു സ്രോതസ്സുകളിലൂടെ അവര്‍ അറിയാന്‍ ശ്രമിക്കുമ്പോളാണ് അത് വികലമായ രീതിയില്‍ അവരുടെ മനസ്സില്‍ ഉറയ്ക്കുന്നത്. അതുകൊണ്ടുതന്നെ ശാസ്ത്രാധ്യാപകര്‍ കുട്ടികളോടും സമൂഹത്തോടും കൂടുതല്‍ ഉത്തരവാദിത്തം കാണിക്കാന്‍ ബാധ്യസ്ഥരാണ്.
നല്ലൊരുനാളെ
കയ്യെത്തും ദൂരത്തുണ്ട്
ശാസ്ത്രം പൂര്‍ണ്ണമായും, ക്രിയാത്മകമായും മനസ്സിലാക്കണമെങ്കില്‍ ക്ളാസ് റൂമിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സാധ്യമല്ല. അറിവുനേടലിന്റെ കൂടുതല്‍ പ്രായോഗികമായ തലങ്ങള്‍ അതിന് ആവശ്യമാണ്.
പാഠ്യപദ്ധതിയുടെ മേല്‍ ധാരാളം പരീക്ഷണങ്ങള്‍ നടക്കുന്ന കാലമാണിത്. കേന്ദ്രസര്‍ക്കാര്‍ പുതിയ ദേശീയ വിദ്യാഭ്യാസപദ്ധതി നടപ്പിലാക്കുവാനുള്ള ഒരുക്കങ്ങളിലുമാണ്. ഈ പദ്ധതിയില്‍ ശാസ്ത്രപഠനം കൂടുതല്‍ ക്രിയാത്മകമാക്കുന്നതിനെപ്പറ്റി പരാമര്‍ശങ്ങള്‍ ഉണ്ട്; നല്ലതുതന്നെ. പക്ഷേ, നടപ്പില്‍ വരുത്തുമ്പോള്‍ ഇത്തരം സ്വപ്‌നസമാനമായ വീക്ഷണങ്ങള്‍ വേണ്ടതുപോലെ പ്രയോഗത്തില്‍ വരുത്തുവാന്‍ കഴിയാതെപോകുന്ന ദുരവസ്ഥ നമ്മുടെ എല്ലാ പദ്ധതികള്‍ക്കും ഉണ്ടാവാറുണ്ട്.
ശാസ്ത്രപഠനത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ശാസ്ത്രബോധമുള്ള ഒരു സമൂഹത്തിനുമാത്രമേ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ട് ഒരു നല്ല നാളെയെ വാര്‍ത്തെടുക്കുവാനാകൂ. അതാവട്ടെ നമ്മുടെ ഒരു ചിന്തയുടെ ദൂരത്തിനപ്പുറം ഉണ്ടുതാനും.