വേണം മൂന്നാം ഈഴവ മെമ്മോറിയൽ
കേരള നിയമസഭയിൽ യു.ഡി.എഫ് അംഗങ്ങളിൽ ഈഴവപ്രാതിനിധ്യം ഒറ്റയാളിൽ മാത്രമായി ഒതുങ്ങുന്നുവെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. കഴിഞ്ഞ നിയമസഭയിലും യു.ഡി.എഫിലെ ഈഴവ പ്രാതിനിധ്യം ഒറ്റയാളിൽ മാത്രമായി ഒതുങ്ങിയെങ്കിൽ അതിനു മുമ്പ് മൂന്ന് പേർ മാത്രമായിരുന്നു. സമസ്ത മേഖലകളിലും പിന്തള്ളപ്പെടുന്നതിനെക്കുറിച്ച് സമുദായാംഗങ്ങൾ പോലും ബോധവാന്മാരല്ലെന്നതാണ് ഏറെ ദു:ഖകരം. എല്ലാമായി എന്ന് കരുതി ജീവിക്കുന്ന സമുദായാംഗങ്ങൾ ഇനിയെങ്കിലും യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് ജാഗരൂകരായി ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ട അവസരമാണിത്.
തിരുവിതാംകൂറിന്റെ മൊത്തം ജനസംഖ്യയുടെ അഞ്ചിലൊന്നുണ്ടായിരുന്നിട്ടും ഈഴവ സമുദായാംഗങ്ങളെ സർക്കാരുദ്യോഗങ്ങളിൽ നിന്ന് തീണ്ടാപ്പാടകലേക്ക് അകറ്റി നിർത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. പ്രതികൂല സാഹചര്യങ്ങളെ തൃണവൽഗണിച്ച് ഉന്നതവിദ്യാഭ്യാസം നേടിയ സമുദായാംഗങ്ങളായ പലർക്കും ഉദ്യോഗം അന്വേഷിച്ച് രാജ്യത്തിനു പുറത്ത് പോകേണ്ടിവന്നു. തങ്ങൾക്ക് വിദ്യാഭ്യാസ, ഉദ്യോഗ കാര്യങ്ങളിൽ നീതി ലഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സാമൂഹ്യ പരിഷ്ക്കർത്താവായ ഡോ.പൽപ്പുവിന്റെ നേതൃത്വത്തിൽ 13,176 പേർ ഒപ്പിട്ട ഹർജി 1896 സെപ്തംബർ 3 ന് ശ്രീമൂലം തിരുനാൾ മഹാരാജാവിന് സമർപ്പിച്ചതാണ് ചരിത്രപ്രസിദ്ധമായ ഈഴവ മെമ്മോറിയൽ. അനീതിക്കും അസമത്വത്തിനും എതിരെ ഉയർന്ന ഈഴവമെമ്മോറിയൽ 126-ാം വാർഷികദിനമായിരുന്നു സെപ്തംബർ മൂന്നിന്
തിരുവിതാംകൂറിലെപരദേശി ബ്രാഹ്മണ മേധാവിത്വത്തെ അപലപിച്ച് കൊണ്ട് 1891 ജനുവരിയിൽ നായർ പ്രമാണിമാരും ഈഴവരും ഉൾപ്പെടെ ഒപ്പിട്ട് സമർപ്പിച്ച ‘മലയാളി മെമ്മോറിയലി”ന് വേണ്ടി പ്രവർത്തിച്ചതുംഏറ്റവും കൂടുതൽ സംഭാവന നൽകിയതും ഡോ.പി. പല്പുവായിരുന്നു. എന്നാൽ സവർണർക്ക് മാത്രമാണ് ‘മലയാളി മെമ്മോറിയൽ’ കൊണ്ട് ഗുണം ലഭിച്ചത്. ഈഴവരുടെ ദു:സ്ഥിതിയ്ക്ക് മാറ്റമൊന്നുമുണ്ടായില്ല. ഉദ്ദേശിച്ച ഫലം ലഭിച്ചില്ലെങ്കിലും അനീതിക്കെതിരെ ശബ്ദമുയത്താനുള്ള ശക്തി പകരാൻ മലയാളി മെമ്മോറിയലിന് കഴിഞ്ഞു. അതിൽനിന്ന് ഉൾക്കൊണ്ട ഊർജ്ജമാണ് ഡോ.പൽപ്പുവിന്റെ നേതൃത്വത്തിൽ ഈഴവ സമുദായാംഗങ്ങൾ ഒപ്പിട്ട് നൽകിയ ഈഴവ മെമ്മോറിയൽ എന്ന ഭീമഹർജി. തിരുവിതാംകൂർ ജനസംഖ്യയിൽ ഇരുപത് ശതമാനം ഈഴവരായിട്ടും പഠിക്കാനും സർക്കാർ ജോലിയിൽ പ്രവേശിക്കാനുമുള്ള സൗകര്യം ഈഴവർക്കുണ്ടായിരുന്നില്ല. ഉന്നതവിദ്യാഭ്യാസം നേടിയ ചെറുപ്പക്കാർ ഉണ്ടായിട്ടും അഞ്ച് രൂപയിൽ കൂടുതൽ ശമ്പളമുള്ള ഒരു ഈഴവനും തിരുവിതാംകൂർ സർവീസിൽ ഉണ്ടായിരുന്നില്ല. ഇതിനു പുറമെയാണ് അയിത്തവും തീണ്ടലും മൂലമുള്ള അപമാനവും. ഈ സാഹചര്യമാണ് ഈഴവ മെമ്മോറിയലിന് വഴി തുറന്നത്. സർക്കാരിൽ നിന്ന് അനുകൂല പ്രതികരണം ഉണ്ടായില്ലെങ്കിലും സാമൂഹികമായ അസമത്വവും അവഗണനയും നേരിട്ട ഈഴവസമുദായത്തിന് സംഘടനാ ശക്തിയുടെ ഊർജ്ജം പകരാൻ ഇത് കാരണമായി. വിദ്യകൊണ്ട് സ്വതന്ത്രരാകാനും സംഘടന കൊണ്ട് ശക്തരാകാനും ആഹ്വാനം ചെയ്ത ശ്രീനാരായണ ഗുരുദേവന്റെ ആദ്ധ്യാത്മിക സാന്നിദ്ധ്യവും ഈമുന്നേറ്റത്തിന് ശക്തിയേകി. അക്കാലത്തെ രീതിയനുസരിച്ചുള്ള നിവേദനത്തിലെ ഭാഷയും വിധേയത്വവും കൗതുകമുണർത്തുന്നതാണ്. ഈഴവർ ആദ്യമായി സംഘടിച്ച് അവരുടെ ആവശ്യങ്ങൾ മഹാരാജാവിന് മുമ്പാകെ ഉണർത്തിച്ച നിവേദനത്തിലെ പ്രസക്ത ഭാഗങ്ങൾ ഇതാണ്.
“ഇഹപരസുഖങ്ങൾക്കു നിദാനമായിരിക്കുന്ന വിദ്യാഭ്യാസം ജാതിഭേദം കൂടാതെ സകല പ്രജകൾക്കും ഒന്നുപോലെ സിദ്ധിക്കത്തക്കവണ്ണം തിരുവുള്ളമുണ്ടായി സംസ്ഥാനം ഒട്ടുക്കും പാഠശാലകൾ സ്ഥാപിച്ചു നടത്തിവരുന്നുണ്ടെങ്കിലും അടിയങ്ങളുടെ കിടാങ്ങളെയും പഠിത്തത്തിൽ പ്രോത്സാഹിപ്പിക്കേണ്ട ഗവൺമെന്റ് ഇന്നും അവരെ മിക്ക പാഠശാലകളിലും പഠിക്കാൻ സമ്മതിക്കാതെ നിർദ്ദയം ആട്ടിക്കളയുകയാണ് ചെയ്തുവരുന്നത്. 1891 ലെ കനേഷുമാരി കണക്കിൻ പ്രകാരം അടിയങ്ങളിൽ പുരുഷന്മാർ തന്നെ 25000 പേരെങ്കിലും വിദ്യാഭ്യാസമുള്ളവരായി ഉണ്ടായിരുന്നു. എന്നാൽ ഇവരിൽ മിക്കവരും കച്ചവടം, കുത്തക, വൈദ്യം, ജ്യോതിഷം മുതലായ സർക്കാരിനെ ആശ്രയിക്കാത്ത വല്ല പണികളിലും ഒരുവിധം മാനമായി കാലക്ഷേപം ചെയ്തുവരുന്നതുകൂടാതെ, ഉയർന്നതരം ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ചിട്ടുള്ളവർ അന്യഗവൺമെന്റുകളുടെ കീഴിൽ തക്കതായ ഉദ്യോഗങ്ങൾ ഭരിച്ചും പോരുന്നുണ്ട്. എന്നിട്ടും ഇതിൽ ഒരാളെങ്കിലും പൊന്നുതിരുമേനിയുടെ ഗവൺമെന്റിന്റെ കീഴിൽ കുറഞ്ഞപക്ഷം അഞ്ചുരൂപ ശമ്പളമുള്ള ഒരു ചെറിയ ജീവനത്തിൽ പോലും ഇരുന്നുകാണാത്തത് എന്തുകൊണ്ടാണെന്ന് അടിയങ്ങൾക്ക് അറിവാൻ പാടില്ല. അടിയങ്ങളുടെ സഹോദരങ്ങളായ ബ്രിട്ടീഷ് മലബാറിലെ തീയരും ആ ഗവൺമെന്റിന്റെ കീഴിൽ നാട്ടുകാർക്ക് വഹിക്കത്തക്കതായ ഏതുതരം ഉയർന്ന ഉദ്യോഗങ്ങളിലും ഇരിക്കുന്നതായി അടിയങ്ങൾ കാണുന്നും ഉണ്ട്.
ഈ സങ്കടത്തിന് തിരുവുള്ളമുണർന്ന് ഉടൻ ഒരു നിവൃത്തിയുണ്ടാക്കുമെന്ന് അടിയങ്ങൾ വിശ്വസിക്കുകയും പൊന്നുതിരുമേനി അടിയങ്ങളുടെ സകലസങ്കടങ്ങളും തീർത്തു വളരെക്കാലം ആയുരാരോഗ്യസമ്പൽസമൃദ്ധിയോട് കൂടി എഴുന്നരുളിയിരുന്നു അടിയങ്ങളെ രക്ഷിപ്പാറാകണമെന്ന് സദാ ഈശ്വരനെ പ്രാർഥിക്കുകയും ചെയ്യുന്നു.”
ഈഴവ മെമ്മോറിയൽ സമർപ്പണത്തിലൂടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണാൻ കഴിഞ്ഞില്ലെങ്കിലും അതിലൂടെ രൂപപ്പെട്ടുവന്ന ഈഴവ ഐക്യം 1903 ൽ എസ്.എൻ.ഡി.പി യോഗത്തിന്റെ ചരിത്രപരമായ പിറവിക്ക് ഒരു കാരണമായി. ഈഴവരുടെ ആത്മാഭിമാനമുണർത്തിയ വലിയ പോരാട്ടമായിരുന്നു അത്. ഗവൺമെന്റിൽ നിന്നുള്ള പല ഭീഷണികളെയും അതിജീവിച്ചാണ് തിരുവിതാംകൂറിലെ 13,000 ത്തിലേറെ ഈഴവർ ഈ നിവേദനത്തിൽ ഒപ്പിടാൻ തയ്യാറായെന്നത് കേവലം ഒപ്പു ശേഖരണത്തിനപ്പുറം ആദ്യകാല ബഹുജന പ്രക്ഷോഭവും ഒരു പൊതുജന ജിഹ്വയുമായിരുന്നു.
യാഥാർത്ഥ്യം
തിരിച്ചറിയണം
126 വർഷം മുമ്പ് സമർപ്പിച്ച ഈഴവ മെമ്മോറിയലിനു ശേഷം കേരളത്തിലെ ഈഴവ സമുദായത്തിന് സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി ഒട്ടേറെ പുരോഗതി ഉണ്ടായെന്നതിൽ തർക്കമില്ലെങ്കിലും ഇന്നും എക്സിക്യൂട്ടീവിലും ജുഡിഷ്യറിയിലും ജനപ്രതിനിധി സഭകളിലും ആനുപാതികമായ പ്രാതിനിധ്യം പോയിട്ട് നാമമാത്രമായ പ്രാതിനിധ്യം പോലും ലഭിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ഈഴവ മെമ്മോറിയൽ പോലെ സംഘടിത ശക്തിയായി ഈഴവ സമുദായം മാറേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയായിരിക്കുന്നു. സർക്കാർ സർവ്വീസിൽ താരതമ്യേന കൂടുതൽ ജോലികൾ ലഭിക്കുന്നുവെങ്കിലും അടുത്തകാലത്ത് മുന്നാക്കവിഭാഗക്കാർക്കായി ഏർപ്പെടുത്തിയ 10 ശതമാനം സാമ്പത്തിക സംവരണം കാര്യങ്ങളെ കീഴ്‌മേൽ മറിച്ചിരിക്കുകയാണ്. മുന്നാക്കക്കാരെ മാത്രം കുത്തി നിറച്ചിരുന്ന ദേവസ്വം ബോർഡുകളിൽ സാമ്പത്തിക സംവരണം കൂടി നടപ്പിലാക്കിയതോടെ ഈഴവർ പൂർണ്ണമായും പിന്തള്ളപ്പെടുന്ന അവസ്ഥയായി.
അധികാരത്തിന്റെ ഉന്നതശ്രേണികളിൽ നാമമാത്രമായ സ്ഥാനങ്ങൾ പോലും ലഭിക്കുന്നില്ല. സംഘടിതസമുദായങ്ങൾ സമ്പത്തിന്റെ സിംഹഭാഗവും കൈയടക്കുമ്പോൾ നോക്കുകുത്തികളെപ്പോലെ നിൽക്കാനേ ഈഴവ സമുദായാംഗങ്ങൾക്ക് കഴിയുന്നുള്ളു. രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയിൽ ഇതുവരെയും ഒരു ഈഴവ ജഡ്ജി ഉണ്ടായിട്ടില്ല. ഐ.ഐ. ടി കളിലും സിവിൽ സർവ്വീസ് മേഖലയിലും ഈഴവ പ്രാതിനിധ്യം നാമമാത്രമായി തുടരുന്നു. കേരളത്തിൽ ഐ.എ.എസ്, ഐ.പി.എസ് ഉള്ളവർ വിരലിലെണ്ണാവുന്നവർ മാത്രമാണ്. ജനപ്രതിനിധി സഭകളിലും ഇതേ അവഗണന തുടരുന്നു. കേരള നിയമസഭയിൽ യു.ഡി.എഫ് അംഗങ്ങളിൽ ഈഴവപ്രാതിനിധ്യം ഒറ്റയാളിൽ മാത്രമായി ഒതുങ്ങുന്നുവെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. കഴിഞ്ഞ നിയമസഭയിലും യു.ഡി.എഫിലെ ഈഴവ പ്രാതിനിധ്യം ഒറ്റയാളിൽ മാത്രമായി ഒതുങ്ങിയെങ്കിൽ അതിനു മുമ്പ് മൂന്ന് പേർ മാത്രമായിരുന്നു. സമസ്ത മേഖലകളിലും പിന്തള്ളപ്പെടുന്നതിനെക്കുറിച്ച് സമുദായാംഗങ്ങൾ പോലും ബോധവാന്മാരല്ലെന്നതാണ് ഏറെ ദു:ഖകരം. എല്ലാമായി എന്ന് കരുതി ജീവിക്കുന്ന സമുദായാംഗങ്ങൾ ഇനിയെങ്കിലും യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് ജാഗരൂകരായി ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ട അവസരമാണിത്.