ലങ്കാദഹനം
ഇന്ത്യയുടെ രണ്ടിരട്ടി പ്രതിശീര്‍ഷവരുമാനമുണ്ടായിരുന്ന ശ്രീലങ്ക എന്തുകൊണ്ടാണ് ഈ സാമ്പത്തിക ദുരന്തത്തിലേയ്ക്ക് കൂപ്പുകുത്തിയതെന്നത് വലിയ ചോദ്യമായി ഉയര്‍ന്നു പൊങ്ങുകയാണ്. ഇന്ത്യയെക്കാള്‍ മികച്ച ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്‍ഡെക്‌സ് ഉള്ള രാജ്യമായിരുന്നു ശ്രീലങ്ക. എന്നിട്ടും സാമ്പത്തിക ദുരന്തത്തിന്റെ അഗാധഗര്‍ത്തത്തില്‍ അത് ആണ്ടുപോയി. എന്താണ് ഇതിന് കാരണം?.
രാമായണത്തില്‍ സീതാപഹരണത്തെ തുടര്‍ന്ന് രാമദൂതനായി ലങ്കയിലെത്തിയ ഹനുമാനെ ലങ്കാധിപതിയായ രാവണന്‍ പിടികൂടുന്നു. പിന്നീട് വധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ കൊട്ടാരത്തിലെത്തിയ വിഭീഷണന്‍ ദൂതനെ വധിക്കുന്നത് ധാര്‍മ്മികതയല്ലെന്ന് ഉപദേശിക്കുന്നു. ആ ഉപദേശം കേട്ട് രാവണന്‍ ഹനുമാന്‍ വധത്തില്‍ നിന്ന് പിന്തിരിയുകയും പകരം ഹനുമാനെ അപമാനിച്ച് വിടാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. അങ്ങിനെയാണ് ഹനുമാന്റെ വാലില്‍ തുണിചുറ്റി എണ്ണയൊഴിച്ച് കത്തിച്ച് നഗരവീഥികളിലൂടെ നടത്തുന്നത്. ഹനുമാന്‍ തന്റെ ദിവ്യശക്തികൊണ്ട് വാല്‍ വലുതാക്കുകയും അന്തഃപുരത്തിലെ മുഴുവന്‍ തുണിയും വാലില്‍ ചുറ്റിക്കുകയും പിന്നീട് തീ കൊളുത്തിയ വാലിലെ തുണികള്‍ ഓരോന്നായി ലങ്കാപുരിയിലെ ഓരോ കെട്ടിടങ്ങള്‍ക്ക് മുകളിലും വീഴ്ത്തി ലങ്കാദഹനം നടത്തുകയും ചെയ്തു.
ഇത് പുരാണവും മിത്തും ആണെങ്കില്‍ ഇപ്പോള്‍ ശ്രീലങ്കന്‍ തെരുവുകള്‍ ആളിക്കത്തുകയാണ്. 2022 മാര്‍ച്ച് 9-നാണ് ശ്രീലങ്കയില്‍ ഭരണവിരുദ്ധ വികാരം ആളിക്കത്തിയത്. സമരം തെരുവുകളില്‍ കൊടുമ്പിരികൊണ്ടപ്പോള്‍ അത് അക്രമത്തിന്റെ പാതയിലേയ്ക്ക് വഴുതി. മെയ് മാസത്തില്‍ ജനങ്ങള്‍ ലങ്കന്‍ തെരുവുകള്‍ക്ക് തീയിട്ടു. ഭരണകക്ഷി എം.പി.മാരെ വളഞ്ഞിട്ട് അക്രമിച്ചു. മന്ത്രിമാരുടെ വീടുകള്‍ക്ക് തീയിട്ടു. സമരക്കാര്‍ തടഞ്ഞ ഭരണകക്ഷി എം.പി.യായ അമരകീര്‍ത്തി സമരക്കാര്‍ക്ക് നേരെ വെടിവച്ചു. സമരക്കാരുടെ പോരാട്ടവും തിരിച്ചടിയും സഹിക്കാനാവാതെ അവസാനം സ്വയം വെടിവെച്ച് മരിച്ചു. മഹീന്ദ്രരാജ് പക്‌സെയുടെ വീടും ജനങ്ങള്‍ തീയിട്ട് ചുട്ടെരിച്ചു. പുതിയ ലങ്കാദഹനം പൂര്‍ത്തിയാക്കി ജനങ്ങള്‍ ലങ്കന്‍ പ്രസിഡന്റിന്റെ കൊട്ടാരം കയ്യേറി. കൊട്ടാര വിപ്ലവം പൂര്‍ത്തിയാക്കി. അവര്‍ സ്വിമ്മിംഗ് പൂളില്‍ കുളിച്ച് സ്വീകരണ മുറിയില്‍ ചീട്ട് കളിച്ച് പ്രസിഡന്റിന്റെ രാജകീയ കിടക്കയില്‍ വിശ്രമിച്ചു.
രാജപക്‌സെയുടെ കുടുംബാധിപത്യം ശ്രീലങ്ക എന്ന രാജ്യത്തെയും അതിലെ ജനങ്ങളെയും ഹൃദയശൂന്യമായ രീതിയില്‍ പാപ്പരീകരിച്ചത് എങ്ങിനെയാണെന്ന് വ്യക്തമാക്കുന്ന കാഴ്ചയാണ് ലങ്കയില്‍ ഇന്ന് നാം കാണുന്നത്. രാജപക്‌സെ കുടുംബാധിപത്യത്തിന്റെ അടിത്തറ സിംഹളരായിരുന്നു. അവരാണ് പട്ടിണികൊണ്ട് ജീവിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ രാജപക്‌സെ കുടുംബത്തിനെതിരെ തെരുവിലിറങ്ങിയത്. ഗോട്ടബായ രാജപക്‌സെയുടെ പതനത്തിന് പ്രധാനകാരണം അദ്ദേഹത്തിനു ചുറ്റും അദ്ദേഹം കൊണ്ടുനടന്ന സ്തുതിപാഠകരാണ്. ഒപ്പം രാഷ്ട്രീയ നേതൃത്വത്തെ അകറ്റാന്‍ സൈനിക ഓഫീസര്‍മാര്‍ക്കാണ് അദ്ദേഹം അവസരം നല്‍കിയത്. ഇത് സ്വന്തം പാര്‍ട്ടിയില്‍ പോലും ഗോട്ടബായക്ക് അനുയായികളെ ഇല്ലാതാക്കി. ധാര്‍ഷ്ട്യത്തിന്റെയും അഹങ്കാരത്തിന്റെയും ആള്‍രൂപമായി അയാള്‍ മാറി. അധികാരം മനുഷ്യനെ അഴിമതിക്കാരനും അഹങ്കാരിയുമാക്കിമാറ്റും. അതിന്റെ ജീവിക്കുന്ന സ്മാരകമാണ് ഗോട്ടബായ.
ചായയ്ക്ക് 100 രൂപ,
പാല്‍പ്പൊടിക്ക് 2000 രൂപ
സ്വാതന്ത്ര്യത്തിനുശേഷം ശ്രീലങ്ക നേരിട്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയുടെ അഗ്നിയിലാണ് ലങ്കാദഹനം നടക്കുന്നത്. നിത്യോപയോഗ വസ്തുക്കള്‍ വാങ്ങാന്‍ പണമില്ലാത്ത രാജ്യം. ഭക്ഷണത്തിനും മരുന്നിനും ഇന്ധനത്തിനും വേണ്ടി ജനങ്ങള്‍ പരക്കം പായുന്നു. പെട്രോളിനും മണ്ണെണ്ണയ്ക്കും മണിക്കൂറുകള്‍ നീണ്ട ക്യൂ. 4 മണിക്കൂര്‍ പൊരിവെയിലത്ത് ക്യൂനിന്ന് രണ്ട് വയോധികര്‍ കുഴഞ്ഞുവീണ് മരിച്ചത് കഴിഞ്ഞ ദിവസമാണ്. അച്ചടി മഷിയ്ക്കും കടലാസിനും കടുത്ത ക്ഷാമം. കടലാസ് ക്ഷാമം മൂലം പരീക്ഷകള്‍ മുടങ്ങി. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ പഠിപ്പ് മുട്ടി. പാചക വാതക സിലിണ്ടറിന് ഒറ്റയടിക്ക് 1500 രൂപ വര്‍ദ്ധിപ്പിച്ചു. അഞ്ച് മണിക്കൂറില്‍ കൂടുതല്‍ നീളുന്ന പവര്‍കട്ട്, വ്യവസായ സ്ഥാപനങ്ങള്‍ മുഴുവന്‍ പൂട്ടി, തൊഴിലില്ലായ്മ വര്‍ദ്ധിച്ചു, ചായയ്ക്ക് 100 രൂപ, അരിക്ക് കിലോഗ്രാമിന് 250 രൂപ, പാല്‍പ്പൊടി കിലോഗ്രാമിന് 2000 രൂപ. സാധാരണക്കാരന് ജീവിക്കാന്‍ സാധ്യമല്ലാതായി. ജീവിതം വഴിമുട്ടിയ ജനങ്ങള്‍ തെരുവിലിറങ്ങി. ചലോ കൊളംബോ മുദ്രാവാക്യത്തില്‍ ആകൃഷ്ടരായി ആയിരങ്ങള്‍ തെരുവിലെത്തി. അത് പതിനായിരങ്ങളായി പെരുകി. അവര്‍ അവസാനം എത്തിയത് പ്രസിഡന്റിന്റെ കൊട്ടാരത്തില്‍.
എന്തുകൊണ്ട്
ശ്രീലങ്ക വീഴുന്നു
ഇന്ത്യയുടെ രണ്ടിരട്ടി പ്രതിശീര്‍ഷവരുമാനമുണ്ടായിരുന്ന ശ്രീലങ്ക എന്തുകൊണ്ടാണ് ഈ സാമ്പത്തിക ദുരന്തത്തിലേയ്ക്ക് കൂപ്പുകുത്തിയതെന്നത് വലിയ ചോദ്യമായി ഉയര്‍ന്നു പൊങ്ങുകയാണ്. ഇന്ത്യയെക്കാള്‍ മികച്ച ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്‍ഡെക്‌സ് ഉള്ള രാജ്യമായിരുന്നു ശ്രീലങ്ക. എന്നിട്ടും സാമ്പത്തിക ദുരന്തത്തിന്റെ അഗാധഗര്‍ത്തത്തില്‍ അത് ആണ്ടുപോയി. എന്താണ് ഇതിന് കാരണം?. ശ്രീലങ്കയുടെ പ്രതിസന്ധിയ്ക്ക് ഒന്നിലധികം കാരണങ്ങളാണ് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതില്‍ മൂന്ന് പ്രധാന കാരണങ്ങളാണ് ഉള്ളത്. ഒന്ന്, കടക്കെണി. തമിഴ് ഈഴം ആവശ്യപ്പെട്ട് തമിഴ് വംശജരും അതിനെതിരെ സിംഹള വംശജരും നടത്തിയ ആഭ്യന്തരയുദ്ധം അവസാനിച്ചതിന് ശേഷം വികസനത്തിന്റെ വഴിയെ എടുത്തു ചാടുകയായിരുന്നു ശ്രീലങ്ക. ഇടംവലം നോക്കാതെ കോടിക്കണക്കിന് രൂപ കടമെടുത്ത് മെഗാ ഇന്‍ഫ്രാ സ്ട്രക് ചര്‍ പ്രൊജക്റ്റുകള്‍ പലതും പൂര്‍ത്തീകരിച്ചു. പക്ഷെ അവയെല്ലാം കടുത്ത നഷ്ടത്തിലായി. കടമെടുത്ത കാശ് തിരിച്ചു കൊടുക്കാന്‍ പറ്റാതായി. കടത്തിന്റെ പലിശ അടക്കാന്‍ വീണ്ടും കടം. അങ്ങിനെ കടത്തിനു മുകളില്‍ കടം എന്ന നിലയില്‍ ലങ്ക മുങ്ങി. കോടിക്കണക്കിന് രൂപ കടമെടുക്കുന്നതിന് യാതൊരു മടിയും രാജപക്‌സെ കാണിച്ചില്ല. രണ്ടാമതായി ബാലന്‍സ് ഓഫ് പേയ്‌മെന്റ് അപകടകരമായ രീതിയില്‍ താളം തെറ്റിയതാണ്. കയറ്റുമതി-ഇറക്കുമതി അനുപാതത്തിലുണ്ടായ അസന്തുലിതാവസ്ഥ വിദേശ കരുതല്‍ ധനശേഖരത്തെ ചോര്‍ത്തി. ഇറക്കുമതി കൂടി കയറ്റുമതി തീരെ ഇല്ലാതായി. വിദേശ കരുതല്‍ ധനശേഖരം 1.5 ബില്യണ്‍ ഡോളറായി ചുരുങ്ങി. ഇതിന്റെ ഫലമായി നിത്യോപയോഗ സാധനങ്ങള്‍ പോലും ഇറക്കുമതി ചെയ്യാന്‍ പറ്റാത്ത തരത്തിലേയ്ക്ക് സര്‍ക്കാര്‍ നിസ്സഹായരായി. മൂന്നാമതായി ശ്രീലങ്കയുടെ കാലനായി മാറിയത് കോവിഡ് 19 ആണ്. കോവിഡ് 19 പകര്‍ച്ചവ്യാധിയെ കാര്യക്ഷമമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞു. അതിന്റെ അംഗീകാരത്തിലാണ് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതും. എന്നാല്‍ കോവിഡ് ശ്രീലങ്കയുടെ സാമ്പത്തിക അടിത്തറ കുഴിതോണ്ടി. ലങ്കയ്ക്ക് വിദേശ നാണ്യം നേടിക്കൊടുക്കുന്ന ഏറ്റവും മികച്ച വ്യവസായമായ ടൂറിസം തകര്‍ന്ന് തരിപ്പണമായി. കോവിഡ് കാലത്ത് കാലണപോലും ടൂറിസം മേഖലയില്‍ നിന്ന് വരുമാനമില്ലാതായി.
2020 മാര്‍ച്ചിലാണ് ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുന്നത്. 2021 ല്‍ പ്രതിസന്ധി നേരിടാന്‍ സര്‍ക്കാര്‍ ശ്രീലങ്കന്‍ രൂപയുടെ മൂല്യം 36% കുറച്ചു. ഇത് അപ്രതീക്ഷിതമായ വിലക്കയറ്റത്തിന് കാരണമായി. ആവശ്യസാധനങ്ങള്‍ക്കും പാചകവാതകത്തിനും പെട്രോളിനും മണ്ണണ്ണെയ്ക്കും തീപിടിച്ച വിലയായി. ജനങ്ങളെ തെരുവിലെത്തിച്ചത് ഈ വിലക്കയറ്റമാണ്.
രാജപക്‌സെ സര്‍ക്കാരിനെതിരെ
ജനവികാരം ഉയരുന്നു
2021 ന്റെ ആദ്യപാദം ഗോട്ടബായ രാജപക്‌സസെ ഭരണകൂടത്തിന് ജനപ്രിയത വര്‍ദ്ധിച്ച സമയമായിരുന്നു. കോവിഡ്-19 നെ ഫലപ്രദമായ രീതിയില്‍ കൈകാര്യം ചെയ്യാനും വാക്‌സിനേഷന്‍ വ്യാപകമായ രീതിയില്‍ പൂര്‍ത്തീകരിക്കാനും സര്‍ക്കാരിന് കഴിഞ്ഞു. എന്നാല്‍ രണ്ടാം പാദത്തില്‍ സര്‍ക്കാരിന് ജയപ്രിയത നഷ്ടമാകാന്‍ തുടങ്ങി. അടിസ്ഥാന കാരണം സാമ്പത്തിക പ്രതിസന്ധിയായിരുന്നു. സാമ്പത്തിക രംഗത്ത് കെടുകാര്യസ്ഥത, ധൂര്‍ത്ത്, അഴിമതി എന്നിവ അഴിഞ്ഞാടി. രാജപക്‌സെ കുടുംബത്തിന്റെ ആര്‍ഭാടമായ ജീവിതവും ആഢംബരവും ജനങ്ങളെ ദുരിതത്തിലാക്കിയിട്ടായിരുന്നു. ജനങ്ങള്‍ക്ക് അപ്പവും റൊട്ടിയും കിട്ടാതെ തെരുവില്‍ അലയുമ്പോള്‍ രാജപ ക്സെ കുടുംബം രാജ്യത്തിന്റെ സ്വത്ത് കൊള്ളയടിച്ച് വിദേശ ബാങ്കുകളിലും കമ്പനികളും നിക്ഷേപിക്കുകയായിരുന്നു.
രാസവളം
നിരോധിക്കുന്നു
പെട്ടെന്ന് കേള്‍ക്കുമ്പോള്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ പരിസ്ഥിതി സൗഹൃദ സര്‍ക്കാരായി മാറിയെന്ന് തോന്നും. ഒരു സുപ്രഭാതത്തില്‍ സര്‍ക്കാര്‍ കൃഷിക്ക് ഉപയോഗിക്കുന്ന രാസവളം പൂര്‍ണമായി നിരോധിച്ചു. യാതൊരു ആസൂത്രണവും ഇല്ലാതെ രാസവളം നിരോധിച്ചതിന്റെ ഫലമായി കൃഷിയുടെ താളം തെറ്റി. ഗവണ്‍മെന്റ് തീരുമാനം കൃഷിക്കാരുടെ നട്ടെല്ല് ഒടിച്ചു. അവര്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞു. ഇന്ത്യയിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയായ ഡോക്ടര്‍ വന്ദനശിവയുമായി ചര്‍ച്ച ചെയ്താണ് പ്രസിഡന്റ് ഗോട്ടബായ പ്രസ്തുത തീരുമാനമെടുത്തത് എന്നാണ് വാര്‍ത്ത. ശ്രീലങ്കന്‍ സാഹചര്യങ്ങള്‍ മനസ്സിലാക്കാതെ എടുത്ത ഈ തീരുമാനം ശ്രീലങ്കയിലെ കാര്‍ഷിക വിദഗ് ദ്ധരുടെ എതിര്‍പ്പ് ക്ഷണിച്ചു വരുത്തി. ഗോട്ടബായയെ ബാധിച്ച ലെഗസി ക്രേസ് ഒന്നുകൊണ്ട് മാത്രമാണ് പെട്ടെന്ന് അത്തരത്തിലുള്ള തീരുമാനത്തിലേയ്ക്ക് അദ്ദേഹം എത്തിച്ചേര്‍ന്നത്. 100% ഓര്‍ഗാനിക് ഫാമിംഗില്‍ എത്തിച്ചേര്‍ന്ന ആദ്യരാജ്യമായി ശ്രീലങ്കയെ മാറ്റലായിരുന്നു ഗോട്ടബായയുടെ ലക്ഷ്യം. പക്ഷെ രാസവള നിരോധനത്തിന്റെ ഫലമായി ഭക്ഷ്യവിള വല്ലാതെ ചുരുങ്ങി. ഭക്ഷ്യക്ഷാമം രൂക്ഷമായി. അത് ജനങ്ങളുടെ വാങ്ങല്‍ ശേഷിയെ ദുര്‍ബലപ്പെടുത്തി. പഞ്ചസാര, പാല്‍പ്പൊടി, മണ്ണെണ്ണ, പാചകവാതകം തുടങ്ങിയവയ്ക്കുവേണ്ടി ജനങ്ങള്‍ മണിക്കൂറുകളോളം ക്യൂ നിന്നു.
2021-ല്‍ സര്‍ക്കാര്‍ രാജ്യത്ത് സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ആവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരാവസ്ഥ നിയമങ്ങള്‍ ശക്തമാക്കി. പാല്‍പ്പൊടിയും പഞ്ചസാരയും പൂഴ്ത്തിവെച്ച് കരിഞ്ചന്തയും കള്ളക്കച്ചവടവും നടത്തി ജനങ്ങളെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കുന്നു എന്നുപറഞ്ഞ് സര്‍ക്കാര്‍ കച്ചവടക്കാരെയും ബിസിനസ്സുകാരെയും കുറ്റപ്പെടുത്തി. ഒപ്പം സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് നേരെയും തിരിഞ്ഞു. ജനങ്ങളെ അനാവശ്യമായ ഭയത്തിലേയ്ക്ക് മാധ്യമങ്ങള്‍ തള്ളിവിടുകയാണ് എന്ന് സര്‍ക്കാര്‍ കുറ്റപ്പെടുത്തി. ഇതിനെല്ലാം എതിരെ ജനങ്ങളുടെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. പാര്‍ലിമെന്റ് കവാടത്തിനു മുന്നില്‍ പ്രക്ഷോഭങ്ങള്‍ ശക്തിയാര്‍ജ്ജിച്ചു. ഭക്ഷ്യവസ്തുക്കളുടെ വില പിടിച്ചാല്‍ കിട്ടാത്ത തരത്തില്‍ ഉയര്‍ന്നു. അവസാനം സര്‍ക്കാര്‍ 2021 നവംബറില്‍ ലോകത്തെ ആദ്യത്തെ ജൈവകൃഷി രാജ്യമായി മാറാനുള്ള അതിമോഹം ഉപേക്ഷിച്ചു. വീണ്ടും രാസവളങ്ങള്‍ ശ്രീലങ്കയുടെ പാടശേഖരങ്ങളില്‍ പതിച്ചു. രാസവള നിരോധനം ഒരു തുഗ്‌ളഗ് പരിഷ്‌കാരമായി അധഃപതിച്ചു.
ഗവണ്‍മെന്റിന് എതിരെ ജനം തിരിയാന്‍ മറ്റൊരു കാരണമായി മാറിയത് പാചകവാതക സിലിണ്ടറുകളുടെ ഘടനയില്‍ വരുത്തിയ മാറ്റമാണ്. ഇതിന്റെ ഫലമായി സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കുന്നത് ഒരു നിത്യസംഭവമായി മാറി. വീടുകളിലും ഹോട്ടലുകളിലും പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിക്കുന്നത് ഒരു സ്ഥിരം വാര്‍ത്തയായി. ജനം ഗവണ്‍മെന്റിന് എതിരെ സംസാരിക്കാന്‍ തുടങ്ങി. ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാത്ത സര്‍ക്കാര്‍ എന്ന പേര് ഗോട്ടബായ സര്‍ക്കാരിന് സ്വന്തമായി. സുരക്ഷിതത്വത്തിനുവേണ്ടി ജനങ്ങള്‍ തന്നെ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തി. അവര്‍ ഇലക്ട്രിക് കുക്കറുകളും ഓവനുകളും ഉപയോഗിക്കാന്‍ തുടങ്ങി. വിദേശ കരുതല്‍ ധന ശേഖരം സൂക്ഷിക്കാന്‍ സര്‍ക്കാരിന് കഴിയാത്തതുകൊണ്ട് ഇറക്കുമതി നിരോധിച്ചു. ആദ്യ നിരോധനം മോട്ടോര്‍ വാഹനങ്ങള്‍ നിരോധിക്കുകയായിരുന്നു. അത് വാഹന ഇറക്കുമതിക്കാരെയും അവരുടെ ജീവിതത്തെയും ബാധിച്ചു. അവര്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞു. അതോടൊപ്പം ഉയര്‍ന്ന സാലറി ആവശ്യപ്പെട്ടുകൊണ്ട് സ്‌കൂള്‍ അദ്ധ്യാപകര്‍ സമരം ആരംഭിച്ചു. എല്ലാ മേഖലകളില്‍ നിന്നും സര്‍ക്കാരിനെതിരെ ജനകീയ പ്രതിഷേധം ഉയര്‍ന്നു.
രാഷ്ട്രീയ
അസ്ഥിരത
സാമ്പത്തിക മേഖലയിലുണ്ടായ തകര്‍ച്ചയെ തുടര്‍ന്ന് രാഷ്ട്രീയ അസ്ഥിരതയില്‍ രാഷ്ട്രം മുങ്ങി. 2022 ഏപ്രില്‍ 3-ന് 26 കാബിനറ്റ് മന്ത്രിമാര്‍ രാജിവെച്ചു. രാജ പക്സെ കുടുംബാംഗങ്ങളായ നമല്‍ രാജപക്‌സെ, അദ്ദേഹത്തിന്റെ സഹോദരന്മാരായ ചമല്‍ പക്‌സെ, ബെയ്‌സില്‍ രാജപക്‌സെ എന്നിവരും രാജിവെച്ചു. ഈ നിര്‍ണ്ണായക സാഹചര്യത്തിലാണ് പ്രസിഡന്റ് ഗോട്ടബായ സര്‍വ്വകക്ഷി സര്‍ക്കാരിനെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയതും അത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചതും. എന്നാല്‍ പ്രസിഡന്റും പ്രധാനമന്ത്രിയും മാറാതെ അത് സാധ്യമല്ലെന്ന് പ്രധാന പ്രതിപക്ഷ കക്ഷികളായ എസ്.ജെ.ബി.യും ജെ.വി.പി.യും ശഠിച്ചു. അവര്‍ സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ചു. അതിന്റെ നേതൃത്വത്തില്‍ പ്രേമദാസയുമുണ്ടായിരുന്നു.
അങ്ങിനെയാണ് ചലോ കൊളംബോ ആരംഭിക്കുന്നത്. ശ്രീലങ്കയുടെ എല്ലാ മേഖലകളില്‍ നിന്നും ജനങ്ങള്‍ തെരുവിലേക്ക് ഇരച്ചെത്തി. 2022 ജൂലൈ 9-ന് അവര്‍ പ്രധാനമന്ത്രിയുടെ വീടിന് തീവെച്ചു. കാറും മറ്റ് സാധനങ്ങളും തല്ലിപ്പൊളിച്ചു. എതിര്‍ത്താല്‍ ലങ്ക കത്തുമെന്ന് ഉറപ്പായപ്പോള്‍ പട്ടാളം പ്രധാനമന്ത്രിയെയും പ്രസിഡന്റിനെയും സംരക്ഷിച്ചു. ജനങ്ങളെ സ്വതന്ത്രമായി സഞ്ചരിക്കാന്‍ അനുവദിച്ചു. അങ്ങിനെയാണ് ജനങ്ങള്‍ പ്രസിഡന്റിന്റെ കൊട്ടാരം കയ്യടക്കിയത്. പട്ടാളത്തിന്റെ പ്രതിരോധം ഇല്ലാത്തതുകൊണ്ട് സമരത്തിന് മുല്ലപ്പൂ വിപ്ലവത്തിന്റെ മണമുണ്ടായി. അല്ലെങ്കില്‍ ലങ്കന്‍ തെരുവുകളില്‍ ചോരപ്പൂക്കള്‍ വിടരുമായിരുന്നു.
ശ്രീലങ്കയില്‍
എന്താണ് പ്രതീക്ഷ
ജനങ്ങള്‍ പുറത്താക്കിയ പ്രസിഡന്റ് മുന്‍പൊരിക്കല്‍ പറഞ്ഞത്. ‘ഞാന്‍ പുറത്തു പോകില്ല, ‘എന്നെ പുറത്താക്കാന്‍ ആര്‍ക്കും കഴിയില്ല’ എന്നായിരുന്നു. പക്ഷെ ജനസാഗരത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഒരു ഏകാധിപതിക്കും കഴിഞ്ഞിട്ടില്ല. ഹിറ്റ്‌ലറും മുസോളിനിയും ജനകീയ പ്രതിരോധത്തില്‍ എറിഞ്ഞു വീഴ്ത്തപ്പെട്ടവരാണ്. ലങ്കയിലും ഏകാധിപതിയായ ഗോട്ടബായ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടിരിക്കുന്നു. ജനം അധികാര കസേരയില്‍ നിന്ന് ഗോട്ടബായയെ ആട്ടിയോടിച്ചു. ദക്ഷിണ ഏഷ്യയില്‍ ആദ്യമായി രൂപപ്പെട്ട ഒരു മുല്ലപ്പൂ വിപ്ലവമായി നമുക്കതിനെ വിലയിരുത്താം. രണ്ട് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ലങ്കയില്‍ നടന്ന കലാപങ്ങള്‍ ലങ്ക ദഹനമായിരുന്നു. അധികാരികളുടെ കെട്ടിടങ്ങളും കാറുകളും ജനങ്ങള്‍ അഗ്നിക്കിരയാക്കി. എന്നാല്‍ ഗോട്ടബായയെ കൊട്ടാരത്തില്‍ നിന്ന് ഓടിച്ചു കളഞ്ഞപ്പോള്‍ കൊട്ടാരത്തിന്റെ ഒരു ചില്ലുപോലും തകര്‍ക്കപ്പെട്ടില്ല. തികച്ചും സമാധാനപരമായ ഈ വിപ്ലവം ജനകീയ വിപ്ലവം തന്നെയാണ്. അത് അക്രമത്തിന്റെ വഴിയെ ചരിക്കാത്തത് പട്ടാളം ഒഴിഞ്ഞുപോയതുകൊണ്ടാണ്.
ജനങ്ങള്‍ പുറത്താക്കിയ പ്രസിഡന്റ് മുന്‍പൊരിക്കല്‍ പറഞ്ഞത്. ‘ഞാന്‍ പുറത്തു പോകില്ല, ‘എന്നെ പുറത്താക്കാന്‍ ആര്‍ക്കും കഴിയില്ല’ എന്നായിരുന്നു. പക്ഷെ ജനസാഗരത്തിനു മുന്നില്‍ പിടിച്ചു
നില്‍ക്കാന്‍ ഒരു ഏകാധിപതിക്കും കഴിഞ്ഞിട്ടില്ല. ഹിറ്റ്‌ലറും മുസോളിനിയും ജനകീയ പ്രതിരോധത്തില്‍ എറിഞ്ഞു വീഴ്ത്തപ്പെട്ടവരാണ്. ലങ്കയിലും ഏകാധിപതിയായ ഗോട്ടബായ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടിരിക്കുന്നു
ഈ വിപ്ലവത്തിന് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. ലങ്കയെ കടത്തിലാഴ്ത്തിയ രാജപ ക്സെ കുടുംബത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കുക, അതവര്‍ നേടിയെടുത്തു.
മൂന്‍പ് സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് രാജ്യത്തെ ചെലവ് ചുരുക്കാന്‍ സര്‍ക്കാര്‍ ഒരു ശ്രമം നടത്തിയിരുന്നു. പക്ഷേ അപ്പോഴും സൈന്യത്തിന്റെ ചെലവ് കുറക്കാന്‍ ഗോട്ടബായ തയ്യാറല്ലായിരുന്നു. ജി.ഡി.പിയുടെ 1.93% വും സൈന്യത്തിനായി മാറ്റിവെച്ചു. സൈനിക ചെലവിനു വേണ്ടി ഇത്രയധികം പണം മാറ്റിവെക്കുന്ന രാജ്യം ദക്ഷിണേഷ്യയില്‍ വേറെയില്ല. ആധുനിക ലോകത്ത് സൈന്യത്തിനുവേണ്ടി മാറ്റി വെക്കുന്ന പണം വലിയ ബാധ്യതയായി മാറുകയാണ്.
ഇതിനെല്ലാം പരിഹാരം കാണുന്ന രീതിയില്‍ പുതിയ ഭരണനേതൃത്വം അധികാരത്തില്‍ വന്നാല്‍ മാത്രമേ എന്തെങ്കിലും പ്രതീക്ഷ വച്ചു പുലര്‍ത്താന്‍ ലങ്കയ്ക്ക് കഴിയുകയുള്ളൂ. പലതരം അരക്ഷിതാവസ്ഥകളാണ് ശ്രീലങ്കയുടെ ഇതുവരെയുള്ള ചരിത്രം രേഖപ്പെടുത്തിയത്. വളരെ നാള്‍ നീണ്ട ആഭ്യന്തരയുദ്ധം ശ്രീലങ്കയുടെ നട്ടെല്ല് ഒടിച്ചു കളഞ്ഞു. പിന്നീട് വീണ്ടും സാധാരണ നിലയിലേയ്ക്ക് രാജ്യം കടക്കാന്‍ തുടങ്ങിയപ്പോള്‍ ഭീകരര്‍ സ്‌ഫോടനശൃംഖലകള്‍ സൃഷ്ടിച്ചുകൊണ്ട് രാജ്യത്തെ വീണ്ടും അരക്ഷിതാവസ്ഥയിലാഴ്ത്തി. അവിടെ നിന്ന് വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന സമയത്താണ് കോവിഡ്-19 ന്റെ ആക്രമണമുണ്ടാകുന്നത്. അതോടെ വീണ്ടും തകര്‍ച്ചയും അനിശ്ചിതാവസ്ഥയും തിരിച്ചു വന്നു. രോഗപ്രതിരോധം ഒരു പരിധി വരെ ഫലപ്രദമായി നിര്‍വ്വഹിച്ച ശേഷം തിരിഞ്ഞു നോക്കുമ്പോഴാണ് കടക്കെണി ഭീമാകാര രൂപം പൂണ്ട് ശ്രീലങ്കയെ വിഴുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം സര്‍ക്കാരിന്റെ മൊത്ത വരുമാനത്തിന്റെ 71 ശതമാനവും പലിശ നല്‍കാനാണ് ഉപയോഗിക്കപ്പെട്ടത്.
ശ്രീലങ്കയുടെ ദുര്‍ഗതി കടം വാങ്ങി വലിയ പ്രൊജക്ടുകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഇന്ത്യയിലെ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും പാഠമാകേണ്ടതാണ്. പണം കടം വാങ്ങാം പക്ഷെ തിരിച്ചടക്കാന്‍ കഴിവുണ്ടാകണം. റീപേയ്‌മെന്റ് കപ്പാസിറ്റിയാണ് കടമെടുക്കാനുള്ള മാനദണ്ഡം. ഭക്ഷണത്തിന്റെയും എണ്ണയുടെയും ദൗര്‍ലഭ്യമാണ് ശ്രീലങ്കയെ പൊള്ളിക്കുന്നത്. ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെയും ചൈനയുടെ സഹായത്തോടെ നിര്‍മ്മിച്ച വിമാനത്താവളത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അമേരിക്കയില്‍ നിന്നെടുത്ത 17.5 കോടി യു.എസ് ഡോളറിന്റെ തിരിച്ചടവ് നിന്ന് പോയിരിക്കുന്നു. പവര്‍കട്ട് കാരണം പരീക്ഷ മാത്രമല്ല മുടങ്ങിയത് ആശുപത്രിയിലെ ഓപ്പറേഷനുകളും നിലച്ചു.
ഈ സാഹചര്യത്തില്‍ ലങ്ക പ്രതീക്ഷിക്കുന്നത് സര്‍വ്വകക്ഷി സര്‍ക്കാര്‍ രൂപീകരിച്ച് രാഷ്ട്രീയ സ്ഥിരത നേടുക എന്നതാണ്. രാഷ്ട്രീയ സ്ഥിരത നേടിയശേഷം സാമ്പത്തിക സുസ്ഥിരത കെട്ടിപ്പടുക്കാന്‍ കഴിയും എന്നത് പ്രത്യാശയും പ്രതീക്ഷയുമാണ്. ഭരണാധികാരികള്‍ സത്യസന്ധരല്ലെങ്കില്‍ ജനജീവിതം ദുരിതപൂരിതമാകും. അതിനാല്‍ ഏത് സമൂഹവും ഏത് കാരണത്തിന്റെ പേരിലും രാഷ്ട്രീയ ജാഗ്രത കൈവെടിയാന്‍ പാടില്ല. അതൊരു രാഷ്ട്രീയ പാഠമാണ്. ഇന്ത്യയെയും കേരളത്തെയും ശ്രീലങ്ക ജാഗ്രതയുടെ വിരല്‍തുമ്പില്‍ നിര്‍ത്തുന്നു.