രാഷ്ട്രീയ തന്ത്രങ്ങള്‍
ഗതി നിര്‍ണ്ണയിക്കുന്നു
നമ്മുടെ തെരഞ്ഞെടുപ്പുകള്‍ മാനിപ്പുലേറ്റിംഗ് എപ്പിസോഡുകളായി മാറി. ധാര്‍മ്മികത അല്ലെങ്കില്‍ രാഷ്ട്രീയ മൊറാലിറ്റി ഏതാണ്ട് പൂര്‍ണ്ണമായി കൈമോശം വന്നിരിക്കുന്നു. രാഷ്ട്രീയ ആദര്‍ശങ്ങള്‍ക്ക് വേണ്ടി നിലപാട് എടുക്കുകയും അതിന്റെ പേരില്‍ പരാജയപ്പെടുകയും ചെയ്താല്‍ അവരെ വിഡ്ഢികള്‍ എന്ന് വിളിക്കുന്ന ലോകമാണ് നമുക്ക് ചുറ്റുമുള്ളത്.
ജനാധിപത്യത്തിന്റെ വഴികളില്‍ നിരവധി നിഗൂഢതകള്‍ പതിയിരിക്കുന്നു. ജനാധിപത്യ മാര്‍ഗത്തിലൂടെയാണ് ഹിറ്റ്ലര്‍ അധികാരത്തിലെത്തുന്നത്. പിന്നീട് അദ്ദേഹത്തിന്റെ വാഴ്‌വ്ഫാസിസ്റ്റ് അധികാര വാഴ്ചയുടേതായി. അറുപതു ലക്ഷം ജൂതരെ വംശഹത്യ നടത്തി ചരിത്രത്തിലെ ഏറ്റവും ക്രൂരനായ ഭരണാധികാരിയായി അദ്ദേഹം മാറി. ഒരു സാഹചര്യത്തെ ഏറ്റവും ഗുണകരമോ ലാഭകരമോ ആക്കി മാറ്റാന്‍ മാനിപ്പുലേറ്റിംഗ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുമ്പോള്‍ അതിന് രാഷ്ട്രീയത്തില്‍ നല്‍കുന്ന വിശേഷണം മാക്യവെല്ലിനിസം എന്നാണ്. ലക്ഷ്യം നേടാന്‍ എന്ത് മാര്‍ഗ്ഗവും സ്വീകരിക്കുന്നത് മാക്യവെല്ലിനിസമാണ്. ആധുനിക രാഷ്ട്രീയ സിദ്ധാന്തങ്ങളുടെ പിതാവ് എന്ന് അറിയപ്പെടുന്ന ഇറ്റാലിയന്‍ രാഷ്ട്രീയ ചാണക്യനാണ് നിക്കോളോ മാക്യവെല്ലി. അദ്ദേഹത്തിന്റെ രാഷ്ട്രീയ തന്ത്രങ്ങളാണ് മാക്യവെല്ലിനിസം എന്ന പേരില്‍ ഇന്ന് ലോകം ആഘോഷിക്കുന്നത്.
നമ്മുടെ തെരഞ്ഞെടുപ്പുകള്‍ മാനിപ്പുലേറ്റിംഗ് എപ്പിസോഡുകളായി മാറി. ധാര്‍മ്മികത അല്ലെങ്കില്‍ രാഷ്ട്രീയ മൊറാലിറ്റി ഏതാണ്ട് പൂര്‍ണ്ണമായി കൈമോശം വന്നിരിക്കുന്നു. രാഷ്ട്രീയ ആദര്‍ശങ്ങള്‍ക്ക് വേണ്ടി നിലപാട് എടുക്കുകയും അതിന്റെ പേരില്‍ പരാജയപ്പെടുകയും ചെയ്താല്‍ അവരെ വിഡ്ഢികള്‍ എന്ന് വിളിക്കുന്ന ലോകമാണ് നമുക്ക് ചുറ്റുമുള്ളത്. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ ഭരണകാലത്ത് എട്ട് ഉപതെരഞ്ഞെടുപ്പുകളാണ് നടന്നത്. അതില്‍ ഭൂരിഭാഗവും അന്നത്തെ ഭരണകക്ഷിയായ എല്‍ഡിഎഫ് വിജയിച്ചു. വട്ടിയൂര്‍ക്കാവും, കോന്നിയും, പാലായും പിടിച്ചെടുത്തുകൊണ്ട് അന്ന് ഇടതുമുന്നണി കോണ്‍ഗ്രസ്സിനെ ഞെട്ടിച്ചു. വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫിനെതിരെ പരസ്യ നിലപാട് എടുത്ത എന്‍..എസ്.എസ്. നേതാവ് സുകുമാരന്‍നായരോട് മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം പറഞ്ഞു. ”ആരുടെയെങ്കിലും മുണ്ടിന്റെ കോന്തലയ്ക്ക് കെട്ടിയവരല്ല ജനങ്ങളെന്നും അവര്‍ സ്വതന്ത്രമായി ചിന്തിക്കുന്നവരും വേട്ടു ചെയ്യുന്നവരുമാണ്”. ജാതി, മത, സങ്കുചിത ശക്തികള്‍ക്ക് സംസ്ഥാനത്ത് വേരോട്ടമില്ലെന്നും മതനിരപേക്ഷ ശക്തികള്‍ വിജയം നേടുന്നത് അതിന് തെളിവാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
വട്ടിയൂര്‍ക്കാവും, കോന്നിയും, പാലയും പിടിച്ചെടുത്ത ആത്മവിശ്വാസം തൃക്കാക്കര പിടിക്കാന്‍ ഇടതുമുന്നണിയെ പ്രാപ്തരാക്കുമോ? ഇതൊരു ഹണ്ട്രഡ് ബില്യണ്‍(Hundread Billion) ചോദ്യമാണ്. അതിന് ഉത്തരം തേടാന്‍ പുതിയ രാഷ്ട്രീയ തന്ത്രങ്ങളാണ് ഇടതുമുന്നണി സ്വീകരിച്ചത്. അത് മാക്യവെല്ലിയന്‍ തന്ത്രം തന്നെയാണ്. തൃക്കാക്കരയില്‍ അരുണ്‍കുമാര്‍ എന്ന സി.പി.എം നേതാവിന് ഒന്നും ചെയ്യാനില്ലെന്ന് തിരിച്ചറിഞ്ഞ സി.പി.എമ്മിന്റെ ചാണക്യ തലച്ചോറാണ് ഡോ. ജോ ജോസഫിലേയ്ക്ക് എത്തിയത്.
സഭ ശ്രദ്ധാകേന്ദ്രമായി മാറി
സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റിയും സെക്രട്ടേറിയറ്റും തീരുമാനിച്ചത് എ.എസ്. അരുണ്‍കുമാറിനെയായിരുന്നു. സെക്രട്ടേറിയറ്റ് തീരുമാനം ലീക്ക് ഔട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും അരുണ്‍കുമാറിന്റെ പടവും അരിവാള്‍ ചുറ്റിക നക്ഷത്രവും പെയ്തിറങ്ങി. പലയിടത്തും ചുവരെഴുത്തായി. പക്ഷെ ഇ.പി. ജയരാജന്‍ പറഞ്ഞു ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെസ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചിട്ടില്ല. ഇടതുപക്ഷ മുന്നണിയുടെകണ്‍വീനറാണ് ജയരാജന്‍. ജയരാജന്‍ അറിയാതെ മുന്നണി സ്ഥാനാര്‍ത്ഥിയുണ്ടാവില്ലല്ലോ? എഴുതിയ മതിലുകളില്‍ നിന്ന് അരുണ്‍കുമാര്‍ ഡെലീറ്റ് ചെയ്യപ്പെട്ടു. 24 മണിക്കൂറിനുള്ളില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു.
സ്ഥാനാര്‍ത്ഥി ഡോക്ടര്‍ ജോ ജോസഫ് ലിസി ഹോസ്പിറ്റലിലെ ഡോക്ടറാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ലിസി ഹോസ്പിറ്റലില്‍ വെച്ചു തന്നെ നടത്തി.യുഡിഎഫ് നേതൃത്വത്തിന് അതൊരു ഷോക്കായി മാറി .സഭ എന്ന ബാഹ്യശക്തിയാണ് സി.പിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതെന്ന് സതീശന്‍ പറയാതെ പറഞ്ഞു. സി.പി.എം തന്ത്രം വിജയിച്ചു .ഇതിന്റെ അപകടം തിരിച്ചറിഞ്ഞാണ് രമേശ് ചെന്നിത്തല സഭയുടെ സ്ഥാനാര്‍ത്ഥിയാണ് ഡോ. ജോജോസഫ് എന്ന് ഞങ്ങള്‍ കരുതുന്നുന്നില്ല എന്ന് പറഞ്ഞത്. ഉമ്മന്‍ചാണ്ടിയും അതിനെ പിന്തുണച്ചു. സതീശന്‍ പതുക്കെ ആ നിലപാടില്‍ നിന്ന് മാറി.
സഭയ്ക്ക് അകത്തെ അന്ത:ഛിദ്രം പുറത്തേയ്ക്ക് പൊട്ടിയൊലിച്ചു. ആലഞ്ചേരി പിതാവും അദ്ദേഹത്തെ എതിര്‍ക്കുന്നവരും രണ്ട് ചേരിയാണെന്ന് പുറത്തറിഞ്ഞു. സഭയുടെ മുന്‍ വക്താവായ ഫാദര്‍. പോള്‍ തേലക്കാട് സഭയിലെ വിമത നിലപാട് വ്യക്തമാക്കി. ഇടത് സ്ഥാനാര്‍ത്ഥിയെ സഭാ സ്ഥാപനത്തില്‍ വെച്ച് അവതരിപ്പിച്ചത് ശരിയായില്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. സി.പി.എം ന്റെ പാര്‍ട്ടി ഓഫീസില്‍ വച്ച് നടത്തേണ്ട പത്രസമ്മേളനം ലിസി ആശുപത്രിയില്‍ വച്ച് നടത്തിയത് സഭാ സ്ഥാപനത്തിന്റെ ചിഹ്നം ഉപയോഗിക്കാനും സഭയെ തെരഞ്ഞെടുപ്പിലേയ്ക്ക് വലിച്ചിഴക്കാനുമാണെന്നായിരുന്നു പോള്‍ തേലേക്കാടിന്റെ അഭിപ്രായം.
തൃക്കാക്കരയിലെ ഇടതുസ്ഥാനാര്‍ത്ഥി നിര്‍ണയവും പ്രഖ്യാപനവും സീറോ മലബാര്‍ സഭയുടെ വിഷയമായി മാറിയപ്പോള്‍ അതില്‍ രണ്ട് ചേരികള്‍ ഉണ്ടായി. ഇതില്‍ ഒരു ചേരി ഇടതുപക്ഷത്തെ സഹായിച്ചാല്‍ തന്നെ ഇടതുപക്ഷത്തിന് അത് നേട്ടമായിരിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളെയും സീറോ മലബാര്‍ സഭ തള്ളി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പും സഭാ നേതൃത്വവും ഒരു തരത്തിലും ഇടപെട്ടിട്ടില്ല എന്ന് സഭ വ്യക്തമാക്കി. സഭയുടെ മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാദര്‍ അലക്സ് ഓണംപള്ളി പറഞ്ഞത് ചില സ്ഥാപിത താല്‍പര്യക്കാര്‍ ബോധപൂര്‍വം സഭയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ആരോപണങ്ങള്‍ എന്നായിരുന്നു. ഇത് യു.ഡി.എഫിന് അസ്വസ്ഥതയുണ്ടാക്കുകയായിരുന്നു. അതിന്റെ പരിഹാരക്രിയ എന്ന നിലയിലാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചത്. എന്തായാലും ഈ തെരഞ്ഞെടുപ്പില്‍ സഭ തുടക്കത്തില്‍ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ കേന്ദ്രമായി മാറി. അത് ഇനി എത്രമാത്രം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്നത് ഫലം വരുമ്പോഴെ തിരിച്ചറിയാനാവൂ.
ആപ്പും ട്വന്റിയും
തെരഞ്ഞെടുപ്പ് വിശകലന കാലത്ത് ആം ആദ് മിയുടെയും ട്വന്റി ട്വന്റിയുടെയും സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള ചര്‍ച്ച സജീവമായിരുന്നു. ആംആദ് മിയുടെ കോ-ഓര്‍ഡിനേറ്റര്‍ പി.സി. സിറിയക് ആദ്യഘട്ടത്തില്‍ സംയുക്ത സ്ഥാനാര്‍ത്ഥിയെക്കുറിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ പിന്നീട് അവര്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചില്ല
2021ലെ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ വാര്‍ത്താതാരം ട്വന്റി-ട്വന്റി ആയിരുന്നു. അനവധി പഞ്ചായത്തുകളുടെ ഭരണം പിടിച്ചെടുത്ത ട്വന്റി – ട്വന്റി നിയമസഭയിലെത്തുമെന്നും അത് ചരിത്രമാണെന്നും പല രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തി. അത് ഒരു പരിധിവരെ ശരിയായിരുന്നു. പക്ഷെ അവര്‍ സഭയില്‍ എത്തിയില്ല. തൃക്കാക്കരയില്‍ ആര് ജയിക്കുമെന്ന് ഞങ്ങള്‍ തീരുമാനിക്കും എന്ന സാബുവിന്റെ വാക്കുകള്‍ നിഷ് ഫലമായി. സാബുവിന്റെ പാര്‍ട്ടി പിടിച്ചതിനെക്കാള്‍ കൂടുതല്‍ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസ് ജയിച്ചത്. പി.ടി.യുടെ ഭൂരിപക്ഷം 14329 ആയിരുന്നു. ട്വന്റി-ട്വന്റി സ്ഥാനാര്‍ത്ഥി ഡോ. ടെറി തോമസിന് കിട്ടിയത് 13897 വോട്ടായിരുന്നു.
ഇക്കുറി തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതിന് കിറ്റക്സ് മുതലാളി സാബുവിന്റെ ഭാഷ്യം ഈ തെരഞ്ഞെടുപ്പിന് പ്രധാന്യമില്ലെന്നായിരുന്നു. സാബു ജേക്കബ് ഒരു സെഫോളജിസ്റ്റല്ല. തെരഞ്ഞെടുപ്പ് വിശകലന വിദഗ്ദ്ധനല്ലെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയ കോമണ്‍സെന്‍സ് അദ്ദേഹത്തിനോട് പറഞ്ഞു. ഈ മത്സരം നഷ്ടക്കച്ചവടമായിരിക്കും. ആം ആദ് മിയും അത് തിരിച്ചറിഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയും ട്വന്റി-ട്വന്റിയും ആം ആദ് മി യും കാഴ്ചക്കാരുടെ കവലയില്‍ കാത്തു നില്‍ക്കുന്നവരാണ്. കൈയ്യിലെ കാശ് കളയാതെ കാഴ്ച കാണുന്നതാണ് നല്ലതെന്ന് മനസ്സിലാക്കാന്‍ ആവശ്യമായ ബിസിനസ് മൈന്റ് സാബുവിനുണ്ട്.
കേരളത്തെ തോല്പിക്കാനും പിണറായി വിജയനെ മുട്ടുകുത്തിക്കാനും സ്വന്തം വ്യവസായ സ്ഥാപനം ആന്ധ്രപ്രദേശിലേക്ക് പൊളിച്ചുകൊണ്ടു പോയവനാണ് സാബു. തെരഞ്ഞെടുപ്പില്‍ ഒരു സംയുക്ത സ്ഥാനാര്‍ത്ഥി ട്വന്റി-ട്വന്റി ആംആദ് മി സഖ്യമായി ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് പരമാവധി സമാഹരിക്കാന്‍ കഴിയുമായിരുന്നത് പന്തീരായിരം വോട്ടുകളാണ്. എന്നാല്‍ മത്സരത്തിന് സ്ഥാനാര്‍ത്ഥിയില്ലാതെ ട്വന്റി-ട്വന്റിയുംആംആദ് മിയും ഒരുമിച്ച് അവരുടെ കോര്‍ വോട്ടുകള്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് നല്‍കാന്‍ തീരുമാനിച്ചാല്‍ അത് ആയിരത്തിനും രണ്ടായിരത്തിനും ഇടയ്ക്ക് നില്‍ക്കാനാണ് സാദ്ധ്യത.
മുകളില്‍ സൂചിപ്പിച്ച നിരീക്ഷണത്തിന്റെ വസ്തുതകള്‍ മനസ്സിലാക്കാന്‍ 2016ലെയും 21ലെയും വോട്ട് ശതമാനം താരതമ്യം ചെയ്താല്‍ മതിയാവും. 2016ല്‍ തൃക്കാക്കരയില്‍ ആകെ പോള്‍ ചെയ്ത വോട്ട് 135304 ആയിരുന്നു. അന്ന് ട്വന്റി-ട്വന്റി മത്സരത്തിനില്ല. ഓരോരുത്തര്‍ക്കും കിട്ടിയ വോട്ടും ശതമാനവും നോക്കാം. പി.ടി. തോമസിന് 61451 (45.4%) സി.പി.എം. സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍പോളിന് 49455 (36.55%), ബി.ജെ.പി. സ്ഥാനാര്‍ത്ഥി എസ്. സജി 21247 (15.7%) എന്നാല്‍ 2021ല്‍ ട്വന്റി-ട്വന്റി മത്സരത്തിനെത്തി. വിസ്മയകരമായ പ്രകടനമായിരിക്കും ട്വന്റി-ട്വന്റിയുടേത് എന്ന് കരുതപ്പെട്ടു. അത് കോണ്‍ഗ്രസ്സിനെ നിലംപരിശാക്കും പിണറായി വിജയനും കിറ്റക്സ് സാബുവും തമ്മിലുള്ള ബിസിനസ്സാണ്. സി.പി.എംന് അതിന് വലിയ നേട്ടമുണ്ടാക്കുമെന്ന് പലരും പ്രവചിച്ചു. പക്ഷെ ഫലം വന്നപ്പോള്‍ പറഞ്ഞതെല്ലാം പതിരായി മാറി. ട്വന്റി-ട്വന്റിയുടെ സാന്നിദ്ധ്യം ഏറ്റവും കൂടുതല്‍ ബാധിച്ചത് ബി.ജെ.പി.യെയായിരുന്നു. 2021-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി.ടി. തോമസിന് ലഭിച്ചത് 59839 (1.3% കുറവ്), സി.പി.എം സ്ഥാനാര്‍ത്ഥി ഡോ. ജെ. ജേക്കബ്ബിന് 45510 (3.03% കുറവ്), ബി.ജെ.പി സ്ഥാനാര്‍ത്ഥി എസ്. സജി 15483 (4.3% കുറവ്), ട്വന്റി-ട്വന്റി സ്ഥാനാര്‍ത്ഥി ഡോ. ടെറി തോമസിന് 13897 (10.15 %) ഈ കണക്കുകള്‍ വ്യക്തമാക്കുന്നത് ട്വന്റി-ട്വന്റിയുടെ സാന്നിദ്ധ്യം കൊണ്ട് ഏറ്റവും കൂടുതല്‍ ഗുണം ലഭിച്ചത് കോണ്‍ഗ്രസ്സിനായിരുന്നു എന്നാണ്. ട്വന്റി-ട്വന്റിയുടെ സാന്നിദ്ധ്യം കൊണ്ട് ബി.ജെ.പി.ക്ക് 5764 വോട്ടും സി.പി.എംന് 3945 വോട്ടും കോണ്‍ഗ്രസിന് 1612 വോട്ടും നഷ്ടപ്പെട്ടു.
ഈ വസ്തുത മറച്ചുപിടിച്ചു കൊണ്ടാണ് കോണ്‍ഗ്രസ്സിന്റെ നേതാക്കള്‍ ട്വന്റി-ട്വന്റി സി.പിഎമ്മിന്റെ ബി-ടീമാണെന്ന് പ്രസംഗിച്ചു കൊണ്ടിരിക്കുന്നത്. ഇതൊന്നും മനസ്സിലാക്കാന്‍ ശ്രമിക്കാതെയാണ് സി.പി.എം ശ്രീനിജന്റെ വിജയത്തെ ചൂണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത് ശരി എന്ന് കരുതി പ്രചരണങ്ങളില്‍ മുങ്ങിത്താഴുന്നത്. ഈ തെറ്റായ, തിമിരം ബാധിച്ച കാഴ്ചപ്പാടാണ് ആം ആദ് മിയുംട്വന്റി-ട്വന്റിയും മത്സരിക്കാത്തതിനെ ആവേശപൂര്‍വം കോണ്‍ഗ്രസ് നേതൃത്വം സ്വാഗതം ചെയ്തത്.
കോണ്‍ഗ്രസ്സിന്റെ വാട്ടര്‍ലൂ
1815 ജൂണ്‍ 18 ബെല്‍ജിയത്തിന്റെ ഭാഗമായ വാട്ടര്‍ലൂവില്‍ വെച്ച് നെപ്പോളിയന്‍ ബോണാപ്പാര്‍ട്ടിന്റെ പട്ടാളത്തെ സെവന്‍ത് കൊയിലീഷന്‍ പട്ടാളം പരാജയപ്പെടുത്തി. അത് നെപ്പോളിയന്‍ ചക്രവര്‍ത്തിയുടെ പോരാട്ടം അവസാനിപ്പിച്ച യുദ്ധമായിരുന്നു. ഒരു സംഘത്തിന്റെ പോരാട്ടത്തിന്റെ അന്ത്യം കുറിക്കുന്ന വാചകമായി അങ്ങിനെ വാട്ടര്‍ലൂ മാറി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പ്രാധാന്യം വളരെ വലുതാണ്. കേരള രാഷ്ട്രീയത്തിന്റെ ദിശാസൂചിയായി അത് മാറും. എല്‍.ഡി.എഫ് സ്ഥിരമായി തോല്‍ക്കുന്ന മണ്ഡലം. യുഡിഎഫ് സ്ഥിരമായി ജയിക്കുന്ന മണ്ഡലം. തൃക്കാക്കര നിയോജക മണ്ഡലം രൂപപ്പെട്ടതിനു ശേഷം കോണ്‍ഗ്രസ് അല്ലാതെ മറ്റാരും ജയിച്ചിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി.ടി. തോമസിന്റെ ഭൂരിപക്ഷം 14329 ആണ്. അതിനാല്‍ യു.ഡി. എഫ് ജയിച്ചാല്‍ അതൊരു വാര്‍ത്തയല്ല. പക്ഷെ തോറ്റാല്‍ അത് കോണ്‍ഗ്രസ്സിന്റെ വാട്ടര്‍ലൂ ആയി മാറും. മാത്രമല്ല ഭാവി രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിന്റെ നിലനില്‍പ്പിനെ തന്നെ അത് കാര്‍ന്ന് തിന്നും.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി. എഫ് റിസ്‌ക്കില്ലാതെ കളിക്കുകയാണ്. ഒന്നും നഷ്ടപ്പെടാനില്ലാത്ത ടീമിന്റെ ആത്മവിശ്വാസമാണ് നൂറിലെത്തുമെന്ന ഉറപ്പ്. കളി നടക്കുന്നത് യു.ഡി.എഫിന്റെ ഗോള്‍മുഖത്താണ്.
സ്ഥാനാർത്ഥി നിർണ്ണയം തന്ത്രപ്രധാനം
കോണ്‍ഗ്രസ് വേഗത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി എതിരാളികളെ അമ്പരപ്പിച്ചു. കോണ്‍ഗ്രസ്സിന് നിറുത്താന്‍ കഴിയുന്ന ഏറ്റവും നല്ല സ്ഥാനാര്‍ത്ഥി ഉമ തന്നെ. കാരണം, കോണ്‍ഗ്രസ്സില്‍ സ്ഥാനാര്‍ത്ഥി മോഹികള്‍ ഏറെയാണ്. അതിന്റെ തര്‍ക്കങ്ങളിലേയ്ക്ക് കാര്യങ്ങള്‍ നീണ്ടാല്‍ മത്സരത്തിന് മുമ്പ് തോല്‍ക്കുന്ന സ്ഥിതിയിലാവും കോണ്‍ഗ്രസ്. അതുണ്ടാക്കാതെ കാത്ത സ്ഥാനാര്‍ത്ഥിത്വമാണ് ഉമയുടേത്. പക്ഷെ കോണ്‍ഗ്രസ്സില്‍ കെട്ടുറപ്പില്ല. വി.ഡി. സതീശനും കെ. സുധാകരനും ഒരു വഴിക്ക് സഞ്ചരിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മറ്റൊരു വഴിക്കാണ് സഞ്ചരിക്കുന്നത്. ഐക്യം പ്രഹസനമാവുകയും അധികാരത്തിനു വേണ്ടിയുള്ള ചരടുവലികള്‍ ശക്തമാവുകയും ചെയ്യുമ്പോള്‍ പൊതു ലക്ഷ്യത്തിലേയ്ക്കുള്ള യാത്ര പതുക്കെ പതുക്കെയുള്ള ആമ ഓട്ടമായി മാറും.
പി.ടി. തോമസ് തുടങ്ങിവെച്ചത് പൂര്‍ത്തീകരിക്കാനാണ് ഉമ തോമസ് മത്സരിക്കുന്നത്. ഇത് ഉമ തൃക്കാക്കര മണ്ഡലത്തിലെ വോട്ടര്‍മാരോട് പറയുകയും അതിനു വേണ്ടി നിരന്തരം പ്രവര്‍ത്തിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ ജലഗോപുരമായ പശ്ചിമഘട്ടം നിലനിര്‍ത്താന്‍ ഗാഡ് ഗില്‍, റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പി.ടി. മുന്നില്‍ നിന്നു. പള്ളിയും പള്ളീലച്ചന്‍മാരും കുഞ്ഞാടുകളും ചേര്‍ന്ന് ഹൈറേഞ്ച് സംരക്ഷണ സമിതിയുണ്ടാക്കി.ഗാഡ് ഗില്‍, റിപ്പോര്‍ട്ടിനെതിരെ ശക്തമായ പ്രതിഷേധം നടത്തി. അവര്‍ പി.ടി.യുടെ ശവഘോഷയാത്ര നടത്തി. അടുത്ത തെരഞ്ഞെടുപ്പില്‍ പി.ടി.യെ മത്സരിപ്പിക്കരുതെന്ന് സഭ പറഞ്ഞു. സഭയുടെ നാവായി മാര്‍ ആനിക്കുഴിക്കാട്ടില്‍ മാറി. സഭ പറഞ്ഞത് കോണ്‍ഗ്രസ് കേട്ടു. അങ്ങിനെ പി.ടി. തോമസ് ഗാഡ് ഗില്‍, റിപ്പോര്‍ട്ടിന്റെ രക്തസാക്ഷിയായി മാറി. ജീവിച്ചിരിക്കുമ്പോള്‍ മതനേതാക്കള്‍ മൂന്ന് വട്ടം പി.ടി.യുടെ ശവഘോഷയാത്ര നടത്തി.
ഒരിക്കലും ജയിക്കാന്‍ സാദ്ധ്യതയില്ലാത്ത ഒരു മണ്ഡലം എങ്ങിനെ സ്വന്തമാക്കാം. അതായിരുന്നു സി.പി.എം. നേതൃത്വത്തിന്റെ ചിന്ത. അതിനാല്‍ അതിനു പറ്റിയ സ്ഥാനാര്‍ത്ഥിയെ അവര്‍ തെരഞ്ഞു നടന്നു. അങ്ങിനെയാണ് ജോജോസഫില്‍ ആ അന്വേഷണം എത്തിയത്. ജയിക്കാന്‍ സാദ്ധ്യതയുള്ള ഒരാളെ കണ്ടെത്തുക, ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ സംഘടനാ ബലവും ഭരണസ്വാധീനവും അതിന്റെ കൂടെ ചേര്‍ത്തു വെക്കുക ഫലം അനുകൂലമായിരിക്കും. ഇത് പല കാലത്തും ഇടതുപക്ഷവും കോണ്‍ഗ്രസ്സും സ്വീകരിച്ച തന്ത്രമായിരുന്നു.
1957ല്‍ തൃശൂര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിടിച്ചെടുത്തത് തന്ത്രപൂര്‍വ്വമായിരുന്നു. ജയിക്കാന്‍ സാദ്ധ്യതയില്ലാത്ത മണ്ഡലത്തില്‍ കോണ്‍ഗ്രസ്സുകാരനായിരുന്ന ഡോക്ടര്‍ എ.ആര്‍. മേനോനെ സ്ഥാനാര്‍ത്ഥിയാക്കി. ആ ഡോക്ടര്‍ അന്ന് 2485 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അദ്ദേഹം മന്ത്രിയായി.
1984-ല്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം കോണ്‍ഗ്രസ് പിടിക്കുന്നത് ഇതേ തന്ത്രം പ്രയോഗിച്ചാണ്. നാടാര്‍ സമുദായ അംഗമായ എ. ചാള്‍സിനെ കരുണാകരന്‍ കണ്ടെത്തുകയായിരുന്നു. ചാള്‍സ് കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തകനായിരുന്നില്ല. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് മത്സര യോഗ്യത അദ്ദേഹം നാടാര്‍ സമുദായാംഗമായിരുന്നു എന്നതാണ്. രാഷ്ട്രീയ തന്ത്രങ്ങളുടെ കുഴമറിച്ചിലില്‍ രാഷ്ട്രീയ ആദര്‍ശവും ധാര്‍മ്മികതയും മങ്ങിപ്പോകും. പക്ഷേ രാഷ്ട്രീയം സാധ്യതകളുടെ കലയാണ്. അതാണ് ഓരോരുത്തരും പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്.
കെ.വി. തോമസും വികസനവും
അവസാനം, ഞാനിതെഴുതാനിരിക്കു മ്പോള്‍ കളമശ്ശേരിയില്‍ നിന്ന് എന്റെ സുഹൃത്ത് വിളിച്ചു. അദ്ദേഹം അപ്പോള്‍ ജോജോസഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു”അങ്ങിനെ കെ.വി. തോമസ് കമ്യൂണിസ്റ്റായി” തൃക്കാക്കര തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ഉയര്‍ത്തുന്ന മുദ്രാവാക്യം വികസന രാഷ്ട്രീയത്തിന്റേതാണ് എന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. യോഗത്തില്‍ വൈകിയെത്തിയ തോമസിനെ ചൂണ്ടി ‘ഇതാണ് കെ. റെയില്‍ ആവശ്യമാണെന്ന് പറയുന്നതിന്റെ കാരണം ‘എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ട്രാഫിക് ബ്ലോക്കില്‍പ്പെട്ട തോമസ് മാഷിന് വേദിയിലെത്താന്‍ ഒരു മണിക്കൂര്‍ വഴിയില്‍ ബ്ലോക്കടിച്ച് കിടക്കേണ്ടി വന്നു.
പ്രൊഫസര്‍ കെ.വി. തോമസ് എന്ത് ഇംപാക്ടാണ് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കുക എന്ന കാര്യം എന്നോട് പലരും ചോദിച്ചു. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഒരു ഇംപാക്ടും ഉണ്ടാക്കില്ല എന്നാണ് ഉത്തരം. പക്ഷെ പ്രൊഫസര്‍ കെ.വി. തോമസ് പോകുന്നത് കോണ്‍ഗ്രസ്സിന് ക്ഷീണമാണ്. കോണ്‍ഗ്രസ്സിന്റെ ഒരു മുതിര്‍ന്ന നേതാവ്, ഒരു ലത്തീന്‍ കത്തോലിക്കന്‍, കോണ്‍ഗ്രസ് വിട്ടുപോകുന്നത് കോണ്‍ഗ്രസ്സിന് ക്ഷീണമാണ്. സതീശനും സുധാകരനും സെമികേഡര്‍ കളി കളിച്ചിട്ടും തോമസ് മാഷ് മുഖ്യമന്ത്രി പിണറായി വിജയന്റെ വേദിയിലെത്തി. ഭാവിയില്‍ ലത്തീന്‍ കത്തോലിക്കരിലേയ്ക്കുള്ള ഒരു പാലമായി തോമസ് മാറും. എറണാകുളം നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസ് ജയിക്കുന്നത് രാഷ്ട്രീയം പറഞ്ഞിട്ടല്ല ജാതി പറഞ്ഞിട്ടു തന്നെയാണ്. സി.പി.എം തലകുത്തി മറിഞ്ഞാലും അവിടെ ജയിക്കില്ല. അവിടെ ജയിക്കാനുള്ള ദീര്‍ഘകാല പദ്ധതികളാണ് സി.പി.എം ആവിഷ്‌കരിക്കുന്നത്. അതിനുള്ള ഒരു ഇരയാണ് കെ.വി. തോമസ്. ഈ ഉപതിരഞ്ഞെടുപ്പ് ജയപരാജയങ്ങളെ കെ.വി. തോമസ് ഒരു രീതിയിലും സ്വാധീനിക്കുന്നില്ല. കെ.വി. തോമസിന്റെ രാഷ്ട്രീയം വ്യക്തികേന്ദ്രീകൃതമാണ്. തനിക്ക് ഗുണമുണ്ടെങ്കില്‍ താനുണ്ട്. അതുകൊണ്ടാണ് അദ്ദേഹ
ഈ തെരഞ്ഞെടുപ്പ് ജനങ്ങളെ രണ്ടായി വിഭജിച്ചിരിക്കുന്നു. വികസനവാദികളും വികസന വിരുദ്ധരും. വി.എസ്. അച്യുതാനന്ദനെ വികസന വിരോധി എന്നാണ് കോണ്‍ഗ്രസ്സുകാര്‍ വിശേഷിപ്പിച്ചിരുന്നത്. ഇപ്പോള്‍ കാലം ഒന്ന് കറങ്ങി തിരിഞ്ഞപ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ വികസന വിരോധികളും സി.പി.എംകാര്‍ വികസന വാദികളുമായി മാറി. പ്രൊഫസര്‍ കെ.വി. തോമസ് പറഞ്ഞത് വികസന നായകനായി പിണറായി വിജയന്‍ മാറിയെന്നാണ്. 2026ലെ നിയമസഭ തെരഞ്ഞെടുപ്പിലെ സി.പി.എംന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഫ്ളാഗ് ഐറ്റം എന്‍.എച്ച് 66 ന്റെ വികസനമായിരിക്കും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡുവരെ നീണ്ട് നിവര്‍ന്ന് നീളുന്ന നാലുവരിപ്പാത. അതുകൊണ്ടാണ് അദ്ദേഹ ത്തിനൊപ്പം ഡല്‍ഹിയിലേയ്ക്ക് എറണാകുളം കായലിലെ കരിമീനുകള്‍ സഞ്ചരിച്ചിരുന്നത്.
വികസനമെന്നത് സാധാരണക്കാരന്റെയും പട്ടിണിപ്പാവങ്ങളുടെയും വികസനമാണെന്ന ചിന്ത കേരളം കൈയ്യൊഴിഞ്ഞിരിക്കുന്നു. ആകാശ ചുംബികളായ കെട്ടിടങ്ങള്‍, ഫ്ളാറ്റുകള്‍, ആകാശപ്പാതകള്‍, മാളുകള്‍, മള്‍ട്ടിപ്ലക്സുകള്‍, കണ്ണഞ്ചിപ്പിക്കുന്ന അത്ഭുത ലോകത്തിന്റെ വിസ്മയകാഴ്ചകള്‍ അവയാണ് പുതിയ തലമുറ ആവശ്യപ്പെടുന്നത്. അതാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. എന്നാണ് ഭരണവര്‍ഗ്ഗം പറയുന്നത്. സഭയുടെ സ്ഥാനാര്‍ത്ഥിയാണ് ജോജോസഫ് എന്ന് സി.പി.എം ന്റെ എതിരാളികള്‍ പറഞ്ഞപ്പോല്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് സഭയുടെ പ്രതിനിധിയാണ് ജോജോസഫ് എന്നാണ് എന്റെയും അഭിപ്രായമെന്നായിരുന്നു. എന്നിട്ട് അദ്ദേഹം സദസിനോട് ചോദിച്ചു ‘ഏത് സഭയുടെ?” ഇതിനുള്ള ഉത്തരവും മുഖ്യമന്ത്രി തന്നെ നല്‍കി.കേരള നിയമസഭയുടെ പ്രതിനിധിയാണ് എന്ന് ഉറക്കെ ചിരിച്ച് പ്രസ്താവിച്ചപ്പോള്‍ അതൊരു അസാധാരണമായ ആത്മവിശ്വാസത്തിന്റെ പ്രഖ്യാപനമായി മാറി.
പുറത്ത്, ടെലിവിഷനിലും പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും എന്തെല്ലാം പ്രചാരണങ്ങളും വിവാദങ്ങളും സംഭവിച്ചാലും തൃക്കാക്കരയില്‍ ഓരോ വോട്ടറെയും സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളെ കേന്ദ്രീകരിച്ചായിരിക്കും അവിടത്തെ തെരഞ്ഞെടുപ്പ് ഫലം നിര്‍ണ്ണയിക്കപ്പെടുന്നത്. ഉപതെരഞ്ഞെടുപ്പുകള്‍ വടക്കുനോക്കി യന്ത്രം പോലെയാണ്. അധികാരത്തോടുള്ള ആഭിമുഖ്യമാണ് അതിന്റെ ദിശ നിര്‍ണയിക്കുന്നത്. ഭരിക്കുന്ന പാര്‍ട്ടിക്ക് ഒരു ചെറിയ മുന്‍തൂക്കം അതെപ്പോഴും വാഗ്ദ്ധാനം ചെയ്യുന്നു. ആലഞ്ചേരി പിതാവും എതിരാളികളും രണ്ടായി തിരിഞ്ഞാല്‍ അത് ഇടതുപക്ഷ വിജയത്തിന് വഴിയൊരുക്കും.. തൃക്കാക്കര മണ്ഡലത്തിന്റെ പാരമ്പര്യ രാഷ്ട്രീയ രീതി നിലനിന്നാല്‍ മാത്രമേ യു.ഡി.എഫ് വിജയത്തിന് വഴി തെളിയുകയുള്ളു.