മര്യാദയ്ക്ക്, മര്യാദയ്ക്ക് ജീവിച്ചാൽ….

മര്യാദക്ക് ജീവിച്ചാല്‍ നമ്മള്‍ക്ക് ഇവിടെ കഴിയാം.അല്ലെങ്കില്‍
തടിയന്റവിടെ നസീറിന്റെ അവസ്ഥ വരും. അതല്ലെങ്കില്‍
അഹമ്മദാബാദ് സെന്‍ട്രല്‍ ജയിലില്‍ വധശിക്ഷ കാത്തു കിടക്കുന്ന
ശാദുലിയുടെയും ശിബിലിയുടെയും അവസ്ഥയുണ്ടാകും.
അതുമല്ലെങ്കില്‍ തൂക്കിലേറ്റപ്പെട്ട യാക്കൂബ് മേമന്റെയും
അഫ്‌സല്‍ഗുരുവിന്റെയും അജ് മല്‍ കസബിന്റെയും വിധിയുണ്ടാകും

അരിയും മലരും വാങ്ങിച്ച് വീട്ടില്‍ കാത്തു വെച്ചോടാ, കുന്തിരിക്കം വാങ്ങിച്ച് വീട്ടില്‍ കാത്ത് വെച്ചോടാ”

തീവ്രവാദ വിരുദ്ധ ദിനമായിരുന്നു മെയ് 21. നമ്മുടെ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധി തമിഴ് തീവ്രവാദികളുടെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ഷിക ദിനം. ആ ദിവസം തന്നെയാണ് ജയിൽ മോചിതനായ പേരറിവാളന്‍ ചെന്നൈയില്‍ മുഖ്യമന്ത്രി സ്റ്റാലിനെ സന്ദര്‍ശിച്ച് ആശിര്‍വാദം ഏറ്റുവാങ്ങിയത്. വളരെ പ്രതീകാത്മകമായ ഒരു സന്ദർശനം. അതി മനോഹരമായ ഒരു ദിവസം.

കേരളത്തിലും തീവ്രവാദദിനാചരണം തീരെ മോശമായില്ല.മെയ് 21-ാം തീയതി ശനിയാഴ്ച ആലപ്പുഴ പട്ടണത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ അതിഗംഭീരമായ പ്രകടനവും പരേഡുംനടന്നു. അതിന് കുറച്ച് മുമ്പായി ഭജ്റംഗ് ദളിന്റെ ഒരു പ്രകടനവും നടന്നു. അവര്‍ ശൗര്യദിനം എന്നോ മറ്റോ ആണ് അതിന് പേരിട്ടത്. രണ്ടും വളരെ നല്ല പരിപാടികളായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. ആലപ്പുഴയില്‍ സമീപ കാലത്ത് ഇരട്ടക്കൊലപാതകം നടന്നു. ഡിസംബർ 18 ന്ഒരു പോപ്പുലര്‍ഫ്രണ്ട്കാരനെ ആര്‍.എസ്.എസ്.കാർ വെട്ടിക്കൊന്നു. അതിന് പ്രതികാരമെന്നോണം നേരം പുലര്‍ന്നപ്പോഴേക്കും പോപ്പുലര്‍ഫ്രണ്ടുകാര്‍ ബി.ജെ.പി. നേതാവിനെ വീട്ടില്‍ ചെന്ന് കൂടംകൊണ്ട് അടിച്ചു കൊന്നു. രണ്ടും വളരെ പൈശാചികമായ കൊലപാതകങ്ങളായിരുന്നു .

അങ്ങനെ പച്ചച്ചോരയുടെ മണം ഇപ്പോഴും അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്ന ആലപ്പുഴയില്‍ മരിച്ചവരുടെ കുഴിമാടത്തിലെ മണ്ണ് ഉണങ്ങുന്നതിനു മുമ്പ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ ജനമഹാസമ്മേളനം നടത്താന്‍ തീരുമാനിച്ചു. അതോടൊപ്പം അവരുടെ ഗംഭീരമായ യൂണിഫോമൊക്കെ ധരിച്ചപരേഡും ആസൂത്രണം ചെയ്തു.. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ കാലം തൊട്ട് ഇവരുടെ ഒരു പരിപാടിക്കും സര്‍ക്കാര്‍ അംഗീകാരം കൊടുത്തിരുന്നില്ല.. യൂണിറ്റി മാര്‍ച്ച് നടത്താനും ഫ്രീഡം പരേഡ് നടത്താനുമൊക്കെ അവർ അപേക്ഷ കൊടുക്കും. അതിന്റെ പോസ്റ്റര്‍ ഒട്ടിക്കും. കാഞ്ഞിരപ്പള്ളിയില്‍ അല്ലെങ്കില്‍ ഈരാറ്റുപേട്ടയില്‍ അതല്ലെങ്കില്‍ ആലുവയില്‍. ഇങ്ങനെയൊക്കെ പറഞ്ഞ് ഇവര്‍ പരസ്യം കൊടുക്കും. എന്നാല്‍ കൃത്യസമയത്ത് ജില്ലാ പോലീസ് മേധാവി അനുമതി നിഷേധിക്കും. അല്ലെങ്കില്‍ കളക്ടര്‍ നിഷേധിക്കും .പരേഡ് നടക്കുകയില്ല.പോപ്പുലർ ഫ്രണ്ടുകാർ ഭരണകൂടഭീകരതയെ കുറിച്ച് ഒരു പ്രമേയം പാസാക്കി പിരിഞ്ഞു പോകും . അതായിരുന്നു നാട്ടുനടപ്പ്
മുസ്ലിം ലീഗ് പോലെയോ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെയോ അല്ല പോപ്പുലര്‍ഫ്രണ്ടുകാര്‍. അവർ അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തനങ്ങളില്‍ വളരെ വിദഗ്ദ്ധരാണ്.

മുസ്ലീം ജനസാമാന്യത്തെ സ്വാധീനിക്കാന്‍ അവര്‍ക്ക് സാധിക്കും. ജനമഹാസമ്മേളനത്തിന്റെ അവതരണഗാനം തന്നെ വളരെ പ്രകോപനപരമായിരുന്നു. അതിവിടെ ആവര്‍ത്തിക്കുന്നില്ല. താല്പര്യമുള്ളവര്‍ക്ക് സോഷ്യല്‍മീഡിയയില്‍ സെര്‍ച്ച് ചെയ്താല്‍ കിട്ടും. പോപ്പുലര്‍ഫ്രണ്ടിന്റെ മാര്‍ച്ചിനെതിരെ ഒരു സമാധാന പ്രേമി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ നീതിപീഠം കൈമലര്‍ത്തി . ഇത് ഞങ്ങൾ നോക്കേണ്ട കാര്യമല്ല.

മുസ്ലീം ജനസാമാന്യത്തെ സ്വാധീനിക്കാന്‍ അവര്‍ക്ക് സാധിക്കും. ജനമഹാസമ്മേളനത്തിന്റെ അവതരണഗാനം തന്നെ വളരെ പ്രകോപനപരമായിരുന്നു. അതിവിടെ ആവര്‍ത്തിക്കുന്നില്ല. താല്‍പര്യമുള്ളവര്‍ക്ക് സോഷ്യല്‍മീഡിയയില്‍ സെര്‍ച്ച് ചെയ്താല്‍ കിട്ടും. പോപ്പുലര്‍ഫ്രണ്ടിന്റെ മാര്‍ച്ചിനെതിരെ ഒരു സമാധാന പ്രേമി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ നീതിപീഠം കൈമലര്‍ത്തി . ഇത് ഞങ്ങൾ നോക്കേണ്ട കാര്യമല്ല.

ക്രമസമാധാനംപരിപാലിക്കാന്‍ പൊലീസ് മുന്‍കൈയെടുക്കണം എന്ന് നിർദേശിച്ചു.അതോടെ പോലീസുകാര്‍ക്ക് നല്ല പണിയായി. കടകമ്പോളങ്ങള്‍ അടച്ചിടുകയും ജാഥ പോകുന്ന വഴിയില്‍ വലിയ പോലീസ് വ്യൂഹത്തെ വിന്യസിക്കുകയും ചെയ്തു. ആലപ്പുഴയില്‍ അനിഷ്ടസംഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. പടച്ചോന്റെ കൃപ എന്നു വേണമെങ്കില്‍ പറയാം.

വെട്ടേറ്റ് മരിച്ച ബി.ജെ.പി. നേതാവിന്റെ വീടിന് സമീപം സീറോജംഗ്ഷനിൽ നിന്നാണ് പ്രകടനം ആരംഭിച്ചത്, ആലപ്പുഴ കടപ്പുറത്തായിരുന്നു സമാപനസമ്മേളനം. തിരുവനന്തപുരംമുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ നിന്ന് ആയിരക്കണക്കിന് പോപ്പുലര്‍ ഫ്രണ്ടുകാര്‍ പങ്കെടുത്തു. പ്രകടനത്തിന് മുന്നോടിയായി യൂണിഫോം ധരിച്ച വോളണ്ടിയര്‍മാരുടെ പരേഡും ഉണ്ടായിരുന്നു. സ്ത്രീകളും കുട്ടികളും കൂട്ടം കൂട്ടമായി പങ്കെടുത്തു അതു കൂടാതെ പതിനായിരക്കണക്കിന് പോപ്പുലര്‍ഫ്രണ്ടുകാർ പ്രകടനത്തിൽ പങ്കെടുത്തു എന്നാണ് മാധ്യമം പത്രത്തില്‍ കണ്ടത്. പത്രം മാധ്യമമായതുകൊണ്ട് ഇക്കാര്യത്തില്‍ ഒരിക്കലും തെറ്റുവരാന്‍ സാദ്ധ്യതയില്ല. പോപ്പുലര്‍ഫ്രണ്ടിന്റെ ചെയര്‍മാന്‍ ഒ.എം.എ. സലാം അവിടെ ഭരണകൂട ഭീകരതയ്ക്കും ഹിന്ദുത്വത്തിനും മറ്റെല്ലാ സാമ്രാജ്യത്വ ശക്തികള്‍ക്കുമെതിരെ മേഘഗര്‍ജ്ജനം മുഴക്കി. മൂവാറ്റുപുഴ അഷറഫ് മൗലവിയും, വി.എച്ച്. അലിയാര്‍ദാരിമി അടക്കമുള്ള മതപണ്ഡിതന്മാരും പോപ്പുലര്‍ഫ്രണ്ടിന്റെ ധീരതയേയും ശൂരതയേയും അവര്‍ ഈ രാജ്യത്ത് കൊണ്ടുവരാന്‍ പോകുന്ന ഭയങ്കരമായ വിപ്ലവത്തെയും ജിഹാദിനെയും കുറിച്ചുമൊക്കെ വാചാലമായി സംസാരിച്ചു. എല്ലാം വളരെ .ഗംഭീരമായി..

ആ പ്രകടനത്തിലാണ് ഒരു കുട്ടി-തീരെ ചെറിയ കുട്ടിയാണെന്ന് പറയാന്‍ വയ്യ. അത്യാവശ്യം തീയും വെള്ളവും തിരിച്ചറിയാന്‍ ശേഷിയുള്ള ഒരു കുട്ടി – ഒരാളുടെ ചുമലിലിരുന്ന് വിളിച്ച മുദ്രാവാക്യമാണ് നേരത്തെ പറഞ്ഞ ”അരിയും മലരും കാത്തുവെച്ചോളു, കുന്തിരിക്കം വാങ്ങിച്ച് വീട്ടില്‍ വച്ചോളു”. എന്നത്.അതിന്റെയൊക്കെ ഉദ്ദേശ്യം, ഈ മുദ്രാവാക്യത്തിന്റെ ഉദ്ദേശ്യലക്ഷ്യംവളരെ വ്യക്തമാണ്. നിന്റെയൊക്കെ കാലന്മാര്‍ പിറകേ തന്നെ വരുന്നുണ്ടെന്നാണ് ആ കുട്ടി വിളിക്കുന്നത്. മര്യാദയ്ക്ക്, മര്യാദയ്ക്ക്, മര്യാദയ്ക്ക് ജീവിച്ചോ. മര്യാദയ്ക്ക് ജീവിച്ചില്ലെങ്കില്‍ ഞങ്ങള്‍ക്കറിയാം ആസാദി. ആസാദി മുദ്രാവാക്യം വളരെ പ്രസിദ്ധമാണ്. കനയ്യകുമാറും മറ്റുമൊക്കെയാണ് ഇതാദ്യം വിളിച്ചത്. ജവഹര്‍ലാല്‍നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍. പിന്നെ വഴിയേ പോകുന്നസകലആസാമികളും ആസാദി വിളിക്കാന്‍ തുടങ്ങി. ഇന്ത്യയുടെ സര്‍വനാശത്തിനുവേണ്ടി ആസാദി. ഫാസിസത്തിനെതിരെ ആസാദി, ഇസ്ലാമോഫോബിയക്കെതിരെ ആസാദി എന്നൊക്കെ വിളിക്കാൻ ഇവിടെ ആളുകളുണ്ട്. അതൊക്കെ വിളിക്കാനുള്ള സ്വാതന്ത്ര്യവും നമ്മുടെ രാജ്യത്തുണ്ട്. ജനാധിപത്യ രാജ്യമാണല്ലോ ആര്‍ക്കുംആരേയും എന്തും വിളിക്കാം. കനയ്യകുമാര്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇപ്പോള്‍കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവാണ്. മറ്റു പലരുമുണ്ട്. ചിലരൊക്കെ ഡല്‍ഹി കലാപത്തില്‍ പ്രതിയാക്കപ്പെട്ടു. ചില ധീരദേശാഭിമാനികള്‍ തിഹാര്‍ ജയിലിലും മറ്റും ഉണ്ട തിന്ന് ശരീരം പുഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അങ്ങനെ അത് ഒരുഭാഗത്തു കൂടി നടക്കുന്നു.

അപ്പോഴാണ് ഇവിടെ ആസാദി മുദ്രാവാക്യവുമായി ഒരു ചെറിയ ബാലന്‍. ബാലനാണ് വിളിക്കുന്നതെങ്കിലും മുതിര്‍ന്ന പോപ്പുലര്‍ഫ്രണ്ടുകാര്‍, എസ്.ഡി.പി.ഐ.ക്കാര്‍ അത് ഏറ്റുവിളിച്ചു . അവര്‍ തന്നെ അതിന്റെ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. അങ്ങനെ നാട്ടിലെമ്പാടും അത് പാട്ടായി.ആദ്യഘട്ടത്തില്‍ പൊലീസ് മേധാവികള്‍ കണ്ടില്ലെന്ന് നടിച്ചു. മാധ്യമങ്ങളും ഉറക്കം നടിച്ചു. തീരെ നിവൃത്തിയില്ലാത്ത ഘട്ടത്തില്‍ ടെലിവിഷന്‍ ചാനലുകള്‍ ചര്‍ച്ച സംഘടിപ്പിച്ചു. എന്തെങ്കിലും ചെയ്‌തേ മതിയാവൂവെന്ന് പൊലീസിനും മനസ്സിലായി. അങ്ങനെ കുട്ടിയെ ചുമലിലെടുത്ത ചെറുപ്പക്കാരന്‍ അറസ്റ്റിലായി. പോപ്പുലര്‍ ഫ്രണ്ടിന്റെ ജില്ലാ പ്രസിഡന്റിനെയും പൊലീസ് പിടിച്ചു. ഈരാറ്റുപേട്ടയിലും ആലപ്പുഴയിലും പോപ്പുലര്‍ ഫ്രണ്ടുകാര്‍ വലിയ പ്രതിഷേധ പ്രകടനം നടത്തി. നാട്ടിലെങ്ങും അവര്‍ ഇതേ മുദ്രാവാക്യം ആവര്‍ത്തിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. വെറും മുന്നറിയിപ്പല്ല അത്യാവശ്യം പലയിടത്തും ഇത് ആവര്‍ത്തിക്കുകയും ചെയ്തു. എല്ലായിടത്തും ചെറിയ കുട്ടികളെ പങ്കെടുപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. വര്‍ഗീസ് വള്ളിക്കാടനെ പോലുള്ള വൈദികന്മാര്‍ അത് ഏറ്റുപിടിച്ചു. കുന്തിരിക്കത്തിന്റെ ആന്തരാര്‍ത്ഥം കത്തോലിക്കാ മെത്രാന്മാര്‍ക്കും ബോധ്യമായി. ഉടനെ മെത്രാന്‍ സമിതി.അനുകരണീയമായ.ശൈലിയില്‍ ഒരു പ്രമേയം പാസാക്കി.

റിപ്പബ്ലിക്കിനെ രക്ഷിക്കുമെന്ന് പോപ്പുലര്‍ഫ്രണ്ടുകാര്‍ പറഞ്ഞത് ഇസ്ലാമിക റിപ്പബ്ലിക്കിനെ ഉദ്ദേശിച്ചാണെന്ന് കത്തോലിക്ക വൈദീകരെങ്കിലും വിശ്വസിക്കുന്നു. അരിയാഹാരം കഴിക്കുന്ന കുറച്ചുപേര്‍ ആ അഭിപ്രായം പങ്കുവയ്ക്കുന്നവരാണ്. നമ്മുടെ നാട്ടിലെ മതേതര പുരോഗമന, നവോത്ഥാന ചിന്തകന്മാര്‍ എല്ലാവരും അഗാധമൗനത്തിലാണ്. പോപ്പുലര്‍ ഫ്രണ്ടിനെതിരെ പ്രതികരിച്ചാല്‍, കൈയാണോ, കാലാണോ, തലയാണോ നഷ്ടപ്പെടുക എന്ന് തിട്ടമില്ലാത്തതു കൊണ്ട് അവരൊക്കെ മാവിലായിക്കാരായി അഭിനയിക്കുന്നു.

പിഞ്ചുബാലന്റെ മുദ്രാവാക്യം കേട്ടപ്പോള്‍ പഴയ ഒരു സംഭവം ഓര്‍ത്തുപോയി.
ഏതാണ്ട് മുപ്പത് കൊല്ലംമുമ്പ് ഇതുപോലൊരു പ്രകടനത്തില്‍ പങ്കെടുക്കാനുള്ള അവസരം എനിക്കുമുണ്ടായി.

1992ലെ വേനല്‍ക്കാലം. ഇതുപോലെ മേയ് മാസമാണ് എന്നാണ് ഓര്‍മ്മ. അന്ന് കലൂര്‍ ആസാദ് റോഡിലാണ് വക്കീല്‍ ഓഫീസ്. ഓഫീസില്‍ നിന്ന് നടന്ന് മാതൃഭൂമി ജംഗ്ഷനിലെത്തുമ്പോള്‍ ഇസ്ലാമിക സേവക് സംഘിന്റെ ഗംഭീര പ്രകടനം നടക്കുന്നു. അബ്ദുള്‍നാസര്‍മദനി സ്ഥാപിച്ച ഒരു സന്നദ്ധസംഘടനയായിരുന്നു ഐ.എസ്.എസ്. പോപ്പുലര്‍ ഫ്രണ്ടിന്റെ മൂത്താപ്പഎന്ന് പറയാം. ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് മദനി അല്‍പ്പമൊന്ന് പത്തിയൊതുക്കി ഇരിക്കുകയായിരുന്നു. 91ല്‍ കരുണാകരന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ വന്നതോടെ അദ്ദേഹം പത്തിവിടര്‍ത്തി, ലീഗ് കൂടി ഭരണമുന്നണിയിലുണ്ട് എന്നത് അദ്ദേഹത്തിന് ആവേശം പകര്‍ന്നു. ഇനിയിപ്പോള്‍ ആരും ഒന്നും ചെയ്യില്ല എന്ന ധൈര്യത്തില്‍ നാടിന്റെ നാനാഭാഗത്തും അദ്ദേഹം പ്രചണ്ഡമായ പ്രസംഗ പര്യടനം നടത്തി. സിറാജുന്നീസയുടെ കൊലപാതകമായിരുന്നു പുള്ളിയുടെ തുറുപ്പ് ചീട്ട്. അങ്ങനെ 92ലെ വേനല്‍ക്കാലത്ത് എറണാകുളത്ത് ഇവരുടെ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. പ്രകടനം കാരണം നഗരത്തിലെമ്പാടും റോഡ് ബ്ലോക്കായി. ഞാന്‍ മാതൃഭൂമി ജംഗ്ഷനിലെത്തുമ്പോള്‍ ഒരു വാഹനവും ഓടുന്നില്ല. കിഴക്കോട്ടുമില്ല, പടിഞ്ഞാട്ടുമില്ല. ഒന്നും ചെയ്യാനില്ല. അതുകൊണ്ട് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ പോയി തീവണ്ടിക്ക് പോകാമെന്ന് വിചാരിച്ചു. പ്രകടനത്തോടൊപ്പം ഞാനും പടിഞ്ഞാറോട്ട് നടന്നു. അങ്ങനെ കുറച്ച് നടന്നപ്പോള്‍ സംഗതി ഇഷ്ടപ്പെട്ടു. ഇപ്പോൾ പോപ്പുലർ ഫ്രണ്ടുകാർ വിളിക്കുന്നത് പോലുള്ള മുദ്രാവാക്യങ്ങളാണ് അന്ന് ഐ.എസ്.എസുകാർ വിളിച്ചത്.അങ്ങനെ പ്രകടനത്തോടൊപ്പം ഞാനും മറൈന്‍ഡ്രൈവിലെത്തി. ഇപ്പോള്‍ ഒ.എം.എ. സലാം നടത്തുന്നതുപോലുള്ള പ്രസംഗമൊന്നുമല്ല. അതിനെയൊക്കെ കടത്തി വെട്ടുന്ന അതിഗംഭീരമായ പ്രസംഗമാണ് അബ്ദുള്‍നാസര്‍മദനി അവിടെ കാഴ്ചവെച്ചത്. എന്തൊരു വാക്‌ധോരണിയായിരുന്നു,എന്തൊരു ആവേശമായിരുന്നു,എന്തൊരു ഊര്‍ജ്ജമായിരുന്നു. അബ്ദുള്‍നാസര്‍ മദനി അന്ന് മറൈന്‍ഡ്രൈവില്‍ നടത്തിയ പ്രസംഗം ചാറ്റല്‍മഴയത്ത് ഇടിവെട്ടും മിന്നലും കൂടി ജനിപ്പിക്കാന്‍ പോന്ന ഒന്നായിരുന്നു. അതിഗംഭീരമായിരുന്നു. അത്യുജ്ജ്വല വാഗ്‌വിലാസമായിരുന്നു.

ഇന്ത്യാരാജത്ത് മുസ്ലീങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന വിവേചനവും പീഡനവുംഅവർക്കെതിരെ നടക്കുന്ന അക്രമങ്ങളും അദ്ദേഹം വാചാലമായി വിവരിച്ചു. ഇതിനൊക്കെ എണ്ണിയെണ്ണി പ്രതികാരം ചെയ്യുമെന്ന് ഗര്‍ജിച്ചു. ഗര്‍ജനമൊക്കെ അതിഗംഭീരമായിരുന്നു. ആളുകള്‍ സമാധാനപരമായി പിരിഞ്ഞു പോയി.അതിന് ശേഷം സംഭവിച്ചതെന്തെന്നാൽ , ഏതാണ്ട് ആറുമാസത്തിനകം ഒരു ബോംബ് സ്‌ഫോടനത്തില്‍ മദനിയുടെ ഒരു കാല്‍ നഷ്ടപ്പെട്ടു.

ഇന്ത്യയിലെ മൊത്തം മുസ്ലീങ്ങളെ രക്ഷിക്കാനിറങ്ങിയ മദനിക്ക് സ്വന്തം കാല്‍ പോലും സംരക്ഷിക്കാനായില്ലെന്ന് അന്നു മന്ത്രിയായിരുന്ന ടി.എച്ച്. മുസ്തഫ പരിഹസിച്ചു. അതുകഴിഞ്ഞ് 1992 ഡിസംബര്‍ മാസത്തില്‍ ഹിന്ദുത്വവാദികള്‍ അയോദ്ധ്യയിലെ ബാബ്‌റിമസ് ജിദ് തകര്‍ത്തു.
കേന്ദ്രഗവണ്‍മെന്റ് ആര്‍.എസ്.എസും, വി.എച്ച്.പി.യും ജമാഅത്തെ ഇസ്ലാമിയും നിരോധിച്ച കൂട്ടത്തില്‍ ഐ.എസ്.എസും നിരോധിച്ചു.

അബ്ദുള്‍നാസര്‍ മദനി ഒളിവില്‍ പോയി. ഒളിവിലിരുന്ന് നരസിംഹറാവുവിനെ അധിക്ഷേപിച്ചുകൊണ്ട് ഇദ്ദേഹം പ്രസംഗം കാസറ്റ് രൂപത്തില്‍ പുറത്തിറക്കി. മുസ്ലീംലീഗ് മറുപടി പറയണം എന്നായിരുന്നു അതിന്റെ ടൈറ്റില്‍. അതിനു ശേഷം ഏപ്രില്‍ 14ന് അംബേദ് കർ ജയന്തി ദിനത്തില്‍ പീപ്പിള്‍സ് ഡൊമോക്രാറ്റിക് പാര്‍ട്ടി രൂപീകരിച്ചു. അതിന് ശേഷവും അദ്ദേഹത്തിന്റെആളുകള്‍ ഇത്തരം കലാപരിപാടികള്‍ തുടര്‍ന്നു നടത്തി. മദനി തന്നെ ഇത്തരം പ്രസംഗങ്ങളും പ്രഭാഷണങ്ങളും പലയിടത്തും അവതരിപ്പിച്ചു. ഇ.കെ.നായനാരുടെ മൂന്നാമത്തെ മന്ത്രിസഭ അധികാരത്തിലിരുന്ന കാലത്ത് മദനിയെ തമിഴ്‌നാട് പോലീസ് പിടിച്ചുകൊണ്ടുപോയി. പിന്നീട് അദ്ദേഹം കോയമ്പത്തൂര്‍ ജയിലില്‍ വളരെയധികം യാതന അനുഭവിച്ച് ജീവിച്ചു. ഒമ്പത് കൊല്ലത്തിന് ശേഷം ജയില്‍ മോചിതനായി നാട്ടില്‍ വന്നപ്പോള്‍ വലിയ സ്വീകരണം ലഭിച്ചുവെങ്കിലും അധികം താമസിയാതെ കര്‍ണാടക പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ബാംഗ്ലൂര്‍ക്ക് കൊണ്ടുപോയി. ഇപ്പോള്‍ അദ്ദേഹം കാഴ്ചശക്തിയൊക്കെ നഷ്ടപ്പെട്ട് വളരെ ബുദ്ധിമുട്ടി അരിഷ്ടിച്ച് ജീവിക്കുകയാണ്. വീട്ടുതടങ്കലിലാണ്. രണ്ടു കാരണങ്ങള്‍ കൊണ്ട് പുറത്ത് പോകാനാവില്ല. ഒന്നാമത് നിയമപരമായ തടസ്സം. രണ്ടാമത് അദ്ദേഹത്തിന്റെ ശാരീരിക സ്ഥിതി വളരെ പരിതാപകരമാണ്.

ഈ കുട്ടിയുടെ മുദ്രാവാക്യം വിളി കേട്ടപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് മദനിയുടെ അനുഭവമാണ്.

മര്യാദക്ക് ജീവിച്ചാല്‍ നമ്മള്‍ക്ക് ഇവിടെ ജീവിക്കാം. മര്യാദയ്ക്ക്, മര്യാദയ്ക്ക്, മര്യാദയ്ക്ക് ജീവിച്ചോ. അല്ലെങ്കില്‍ തടിയന്റവിടെ നസീറിന്റെ അവസ്ഥ വരും. അതല്ലെങ്കില്‍ അഹമ്മദാബാദ് സെന്‍ട്രല്‍ ജയിലില്‍ വധശിക്ഷ കാത്തു കിടക്കുന്ന ശാദുലിയുടെയും ശിബിലിയുടെയും അവസ്ഥയുണ്ടാകും. അതുമല്ലെങ്കില്‍ തൂക്കിലേറ്റപ്പെട്ട യാക്കൂബ് മേമന്റെയും അഫ്‌സല്‍ഗുരുവിന്റെയും അജ് മല്‍ കസബിന്റെയും വിധിയുണ്ടാകും.

പോപ്പുലര്‍ ഫ്രണ്ടുകാരോടും കുട്ടിയുടെ മാതാപിതാക്കളോടും പറയാനുള്ളത് ഇതുതന്നെയാണ്. മര്യാദയ്ക്ക്, മര്യാദയ്ക്ക്, മര്യാദയ്ക്ക് ജീവിച്ചോ അല്ലെങ്കില്‍ സിറിയയില്‍ പോയി പൊട്ടിത്തെറിക്കുകയോ അ ഫ് ഗാനിസ്ഥാനില്‍ വെടികൊണ്ട് വീഴുകയോ ചെയ്യും. ഈ മുദ്രാവാക്യം കേട്ടാല്‍ ഞങ്ങളാരും പേടിക്കുമെന്ന് നിങ്ങള്‍ വിചാരിക്കേണ്ട. ഇതുകേൾക്കുമ്പോൾ നിങ്ങളുടെ ചില ആരാധകര്‍ക്ക് രോമാഞ്ചമുണ്ടാകും. പക്ഷേ അഫ്‌സല്‍ ഗുരുവിന്റെയും യാക്കൂബ്‌മേമന്റെയും അജ് മൽ കസബിന്റെയും വിധിയാണ് നിങ്ങളെ കാത്തിരിക്കുന്നത്.

മുദ്രാവാക്യം വിളിച്ചു തരാന്‍ പലരുമുണ്ടാകും. പക്ഷേ പുലിവാലു പിടിക്കേണ്ടവർ പിടിക്കുക തന്നെ ചെയ്യും. ഇതുമാത്രമാണ് വിനയപൂര്‍വം സ്‌നേഹബുദ്ധ്യാ ഉപദേശിക്കാനുള്ളത്.

Author

Scroll to top
Close
Browse Categories