പ്രപഞ്ചവീക്ഷണം:
കാരണസത്യം
ഭൗതിക ശാസ്ത്രത്തിലും ദര്ശനശാസ്ത്രത്തിലും
ഗുരുവിന്റെ പ്രപഞ്ചവീക്ഷണത്തിലെ ശാസ്ത്രീയതയും ആധുനിക
ശാസ്ത്രചിന്തകരുടെ ആശയങ്ങളെയും ചെറുതായൊന്നു പരിശോധിക്കാം. ദൃശ്യപ്രപഞ്ചത്തിന്റെ സംരചനയും അതിനെ നോക്കിക്കാണുന്ന മനഷ്യമനസ്സിന്റെ സംരചനയും സ്വരൂപത്തില്‍ ഒന്നു തന്നെയാണെന്നത് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതായത്, അറിവിനെ സംബന്ധിക്കുന്ന ശാസ്ത്രത്തിന്റെ പശ്ചാത്തലത്തില്‍ നോക്കിയാല്‍, ദ്രഷ്ടാവും ദൃശ്യവും ഏകാത്മകമായ ഒരൊറ്റ സന്ദര്ഭത്തില്പ്പെടുന്നതാണ്.
കഴിഞ്ഞ ഭാഗത്തില്‍ ഭൗതിക ശാസ്ത്രവും ദര്‍ശനശാസ്ത്രവും അന്വേഷിക്കുന്ന കാരണ സത്യത്തെ വിശകലനം ചെയ്യുന്നിടത്താണ് എത്തിനിന്നത്. ഭൗതിക ശാസ്ത്രം സകലതിനും ആധാരമായ ഊര്‍ജ്ജമാണെന്നു പറയുമ്പോള്‍ നാം മനസ്സിലാക്കേണ്ടത് ജഢവസ്തുവായ കല്ലില്‍ സത്യമായിരിക്കുന്നത് ആ ഊര്‍ജ്ജമാണെന്നാണ്. ഇരുമ്പിലും, വൈരക്കല്ലിലും ചെളിയിലും സത്യമായിരിക്കുന്നത് അതുതന്നെ. മാത്രമല്ല മനുഷ്യശരീരമായും അതിലെ തലച്ചോറിലുമൊക്കെയിരിക്കുന്നത് ഈ ഊര്‍ജ്ജം ഭാവം പകര്‍ന്നതു തന്നെയാണ്. തലച്ചോറിന്റെ പ്രവര്‍ത്തനം കൊണ്ട് മനുഷ്യന് ഭാവനയില്‍ സൃഷ്ടിച്ചെടുക്കുന്ന ലോകത്തിന് ദൃശ്യ ലോകത്തിനേക്കാളും വ്യാപ്തിയുണ്ടാകാം. ആ ഭാവനാലോകം മുതല്‍ ദൃശ്യലോകം വരെയുള്ള സകലതിനും ആധാരമായിരിക്കുന്നത് ഈ ഊര്‍ജ്ജസത്യം തന്നെയാണ്. ദര്‍ശനശാസ്ത്രം കണ്ടെത്താന്‍ ശ്രമിക്കുന്നതും സര്‍വാധാരമായ ഒന്നിനെത്തന്നെയാണ്. ആ ഒന്നിനെ ദര്ശനമാലയില് അധ്യാരോപദര്‍ശനത്തിലെ ഒന്നാമത്തെ ശ്ലോകത്തില്‍ പരമേശ്വരനെന്നാണെങ്കില് മുകളില്‍ സൂചിപ്പിച്ച രണ്ടാമത്തെ ശ്ലോകത്തില്‍ പ്രഭുവെന്നാണ് വിളിക്കുന്നത്. പ്രഭവിക്കുന്നവന്‍ എന്നര്‍ത്ഥം. പരമേശ്വരന് എന്നു പറയുമ്പോഴും പ്രഭു എന്നു പറയുമ്പോഴും അതില്‍ മനുഷ്യത്വത്തെ ആരോപിച്ചിരിക്കുന്നതിന്റെ സൂചനയുണ്ട്. ചുരുക്കത്തില്‍ ഭൗതികശാസ്ത്രകാരന്‍ കേവലമായ ഊര്‍ജ്ജത്തില്‍ അനന്തസാദ്ധ്യതയെക്കാണുമ്പോള് ദര്ശനശാസ്ത്രജ്ഞന് അത് പ്രഭുവില്‍ കാണുന്നു എന്നുമാത്രം. രണ്ടും അപ്രമേയമാണ്. സങ്കല്പ്പിക്കാന് കഴിയാത്ത ഈ സത്യത്തിന് എന്ത് പേര് നല്കിയാലും സത്യം സത്യമായിത്തന്നെയിരിക്കുന്നു. അതിന് ഒരു മാറ്റവും സംഭവിക്കുന്നില്ല. ഈ സത്യത്തില്‍, സകലതുമായിത്തീരുവാനുള്ള ശക്തി അന്തര്‍ലീനമായിരിക്കുന്നു. ഇതിനെയാണ് വാസന എന്നു പറയുന്നത്. എന്നാല്‍ സൂക്ഷ്മവും അവിജ്ഞേയവുമായ ഈ സത്യം എങ്ങിനെയാണ് ഈ സ്ഥൂല പ്രപഞ്ചമായി മാറിയതെന്ന ചോദ്യത്തിന് ഭൗതിക ശാസ്ത്രജ്ഞന്മാര് ഉത്തരം പറയുന്നില്ല. എന്നാല്‍ ഗുരുവാകട്ടെ അതിനെ ഒരു മഹാത്ഭുതമായി കാണുകയും മായാമുഖാന്തിരമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും പറയുന്നു. ഈ മായയെക്കുറിച്ച് ദര്‍ശനമാലയിലെ മൂന്നും നാലും അദ്ധ്യായങ്ങളില്‍ വിശദീകരിക്കുന്നുണ്ട്. ഈ ശ്ലോകത്തില്‍, ഇന്ദ്രജാലക്കാരനെപ്പോലെ പ്രഭുവായ മായാവി കാണിക്കുന്ന മായാജാലമാണിതെന്നാണ് ശ്രീനാരായണഗുരു നിരീക്ഷിക്കുന്നത്. ഈ ഇന്ദ്രജാലം നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന നമ്മളും ഈ മായാദൃശ്യത്തിന്റെ ഭാഗമായിരിക്കെ നമുക്കെങ്ങിനെ ഈ മായാരഹസ്യം അറിയാനാകും?
മായാം തു പ്രകൃതിം വിദ്ധി
മായിനം തു മഹേശ്വരം‘
മായയാകട്ടെ പ്രകൃതി എന്നറിയണം. മായാവിയായിട്ട് മഹേശ്വരനെയും എന്നാണ് ശ്വേതാശ്വതരോപനിഷത്തിലും പറയുന്നത്.
മായാവിയായ പ്രഭുവില്‍ ഉള്ളടങ്ങിയിരിക്കുന്ന വാസനാരൂപത്തിലുള്ള അനന്തസാദ്ധ്യതകള്‍ സ്വയം വെളിപ്പെട്ട് പ്രപഞ്ചാകാരം കൈക്കൊണ്ടിരിക്കുന്നു. ഈ പ്രക്രിയ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുകയും പഴയ പഴയ രൂപങ്ങള്‍ മറഞ്ഞ് പുതിയ പുതിയ രൂപങ്ങള്‍ ഉണ്ടായിക്കൊണ്ടുമിരിക്കുന്നു. പ്രഭു ഈ പ്രക്രിയയില്‍ ആത്മാവിഷ്കാരത്തിന്റെ ആനന്ദം, ആത്മസ്വരൂപത്തിന്റെ ആനന്ദം നിരന്തരം അനുഭവിച്ചുകൊണ്ട് പരമാനന്ദത്തിലിരിക്കുകയും ചെയ്യുന്നു. ഈ പ്രഭുവിനെയാണ് ഗുരു ‘അറിവ്’ എന്നു വിളിച്ചത്. ആത്മോപദേശ ശതകത്തിലെ ഈ ശ്ലോകം വ്യക്തമാക്കുന്നതും ഇതുതന്നെയാണ്. ശ്ലോകം ഇപ്രകാരം
”അറിവുനിജസ്ഥിതിയിങ്ങറിഞ്ഞിടാനായ്
ധര മുതലായ വിഭൂതിയായി താനേ
മറിയുമവസ്ഥയിലേറി മാറി വട്ടം-
തിരിയുമലാതസമം തിരിഞ്ഞിടുന്നു”
ഗുരുവിന്റെ പ്രപഞ്ചവീക്ഷണത്തിലെ ശാസ്ത്രീയത
ഗുരുവിന്റെ പ്രപഞ്ചവീക്ഷണത്തിലെ ശാസ്ത്രീയതയും ആധുനിക ശാസ്ത്രചിന്തകരുടെ ആശയങ്ങളെയും ചെറുതായൊന്നു പരിശോധിക്കാം. ദൃശ്യപ്രപഞ്ചത്തിന്റെ സംരചനയും അതിനെ നോക്കിക്കാണുന്ന മനഷ്യമനസ്സിന്റെ സംരചനയും സ്വരൂപത്തില്‍ ഒന്നു തന്നെയാണെന്നത് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതായത്, അറിവിനെ സംബന്ധിക്കുന്ന ശാസ്ത്രത്തിന്റെ പശ്ചാത്തലത്തില്‍ നോക്കിയാല്‍, ദ്രഷ്ടാവും ദൃശ്യവും ഏകാത്മകമായ ഒരൊറ്റ സന്ദര്ഭത്തില്പ്പെടുന്നതാണ്. ഒരു ശാസ്ത്രമെന്ന നിലയില്‍ ഗണിതശാസ്ത്രത്തിന് വലിയ സ്ഥാനമാണുള്ളത്. ശാസ്ത്രങ്ങളുടെയെല്ലാം ശാസ്ത്രമെന്ന പദവിയും അതിനുണ്ട്. സ്വന്തമായ ശബ്ദാര്ത്ഥശാസ്ത്രമുള്ള ഒരു ഭാഷയും അതിന് കൈമുതലായുണ്ട്. ഇവയൊക്കെ, ഭാവിയില്‍, ഏകീകൃതമായ ഒരു ശാസ്ത്രത്തിന് വേണ്ട ഭാഷയെ ഗണിതശാസ്ത്രത്തെ അടിസ്ഥാനമാക്കി, വികസിപ്പിച്ചെടുക്കാനാകും. ഇത് ലൈബനീസ് എന്ന ഒരു പാശ്ചാത്യ ചിന്തകന്റെ സ്വപ്നമായിരുന്നു. അത്തരമൊരു ഗണിത ഭാഷ വികസിപ്പിച്ചെടുത്താല്‍, ശാസ്ത്രലോകത്ത് പ്രചാരത്തിലുള്ള ഗ്രന്ഥങ്ങളും പരമ്പരാഗതമായി മനുഷ്യരാശിക്ക് ലഭിച്ചിട്ടുള്ള ആദ്ധ്യാത്മിക ഗ്രന്ഥങ്ങളും നാരായണഗുരുവിന്റേതുള്പ്പെടെ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനാകും
(തുടരും)