പ്രജാസഭ വെറുമൊരു സങ്കടഹര്‍ജിസഭ
ചോദ്യം ചോദിക്കാനുള്ള അവകാശമോ അധികാരമോ പ്രജാസഭയില്‍ മെമ്പര്‍മാര്‍ക്കില്ലായിരുന്നു. അനുമതി ലഭിച്ചാലും ഒരൊറ്റ ചോദ്യമേ ചോദിക്കാനാകുമായിരുന്നുള്ളു. അനുബന്ധചോദ്യങ്ങളോ വിശദീകരണ ചോദ്യങ്ങളോ പാടില്ല. ഗവണ്‍മെന്റ് നല്‍കുന്ന ഏകപക്ഷീയമായ മറുപടിയില്‍ മെമ്പര്‍മാര്‍ തൃപ്തിയടയണം! ചോദ്യകര്‍ത്താവിന്റെ ഉദ്ദേശ്യം സാധിക്കുന്ന നിലയിലായിരിക്കില്ല മിക്കപ്പോഴും ഉത്തരം. ജനവികാരം പ്രതിഫലിപ്പിക്കാനും കാലാനുസൃതമായി നിയമനിര്‍മ്മാണം നടത്താനും വേണ്ടി സ്ഥാപിതമായ സഭകള്‍, വാസ്തവത്തില്‍ രാജാവിന്റെയും ഉദ്യോഗസ്ഥരുടെയും സ്വേച്ഛാധിപത്യം നടപ്പിലാക്കാനുള്ള വെറുമൊരു വേദി മാത്രമായിരുന്നു.
തിരുവിതാംകൂറിലെ ചരിത്രത്തിലൂടെ കടന്നു പോയാല്‍ ജാതിഹിന്ദുക്കള്‍ മാത്രമല്ല, സവര്‍ണക്രിസ്ത്യാനികളും മുസ്ലീങ്ങളും ചില സന്ദര്‍ഭങ്ങളില്‍ അധഃകൃത പിന്നോക്ക വിഭാഗങ്ങളുടെ നവോത്ഥാനശ്രമങ്ങളെ തടസ്സപ്പെടുത്തിയതായി ദര്‍ശിക്കാനാവും.ശ്രീനാരായണഗുരുവിന്റെ ഷഷ്ഠിപൂര്‍ത്തിയോടനുബന്ധിച്ച് ആലപ്പുഴയിലെ ഈഴവര്‍ നടത്താനിരുന്ന ഘോഷയാത്രയെ സമാധാന ലംഘനത്തിന്റെ പേരു പറഞ്ഞു സവര്‍ണ്ണ നീതിപീഠവും പോലീസും അവിടത്തെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും തടഞ്ഞതിനെ അതിരൂക്ഷമായി വിമര്‍ശിച്ച് ഒരു മുഖപ്രസംഗം ടി.കെ. എഴുതുകയുണ്ടായി. മുസ്ലീങ്ങളും ക്രിസ്ത്യാനികളും എതിര്‍ക്കുന്ന തെരുവില്‍കൂടി ഘോഷയാത്ര കടന്നുപോയാല്‍ അതു സംഘര്‍ഷത്തിനു കാരണമാകുമെന്ന അടിസ്ഥാന രഹിതമായ പരാതിയെ അന്ധമായി വിശ്വസിച്ചു കോടതിയെടുത്ത നീതിവിരുദ്ധമായ വിധിയെയാണു മുഖ്യമായും ടി.കെ വിമര്‍ശിച്ചത്. അതേ സമയം ഘോഷയാത്രാ നിരോധനത്തിന് മുസ്ലീങ്ങള്‍ ആരോപിച്ച കാരണങ്ങള്‍, മുഹറത്തിനു ഘോഷയാത്ര നടത്താന്‍ അവര്‍ക്കു പ്രതിബന്ധമായില്ല! പറവൂര്‍ കണ്ണങ്കുളങ്ങര അഗ്രഹാര പ്രവേശനത്തിനു പ്രധാന തടസമായിരുന്നതു ക്രിസ്ത്യാനിയായ ഒരു മാത്തനായിരുന്നു. ദേവസ്വക്കാര്‍ അനുകൂലമായിരുന്നിട്ടും- ടി.കെ. കൂടിച്ചേര്‍ന്നു നടത്തിയ പൗരാവകാശസമത്വത്തിലൂടെ തുറന്നുകിട്ടിയ റവന്യൂ ഡിപ്പാര്‍ട്ടുമെന്റില്‍ പേഷ്‌കാരും പിന്നീട് ഡിസ്ട്രിക്ട് മജിസ്ട്രേട്ടുമായിത്തീര്‍ന്ന മാത്തന്‍, പാലുകൊടുത്ത കൈയില്‍ കൊത്തുന്ന പാമ്പിനെപോലെ പ്രവര്‍ത്തിക്കുകയായിരുന്നു. ഇക്കാലത്തും കേരളത്തിലെ സവര്‍ണ്ണ ക്രിസ്ത്യാനികള്‍ സവര്‍ണ്ണ ഹിന്ദുവിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലാണ് പ്രതിപത്തി കാണിച്ചത്. സവര്‍ണ്ണ സംവരണത്തിനുവേണ്ടി പരസ്യമായി വാദിച്ച കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ നിലപാട് ഒരു ദൃഷ്ടാന്തമാണ്. മുന്നണി മാറ്റത്തിനു സി.പി.എമ്മിന്റെ മുന്നില്‍ മൂന്ന്ഉപാധിയായി ഇവര്‍ വെച്ച ഡിമാന്റുകളില്‍ ഒന്ന് അതായിരുന്നല്ലോ. രോഗി ഇച്ഛിച്ചതും പാല് വൈദ്യന്‍ കല്‍പ്പിച്ചതും പാല് എന്ന അനുഭവമായിരുന്നു സി.പി.എം.ന്. പൊതുവില്‍ കേരളത്തിലെ സവര്‍ണ്ണ ക്രിസ്ത്യാനികള്‍, മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെപ്പോലെ ജാതിസംവരണ വിരുദ്ധരാണല്ലോ.
സര്‍ക്കാര്‍ സര്‍വീസിലും നിയമസഭയിലും ഈഴവര്‍ക്കു സമുദായ പ്രാതിനിധ്യം വേണമെന്നു കോണ്‍ഗ്രസ്സുകാരനായ ടി.കെ. വാദിച്ചതിന് എതിരെ ചില ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. മുന്‍പ് സൂചിപ്പിച്ചതു പോലെ ഗോപാലകൃഷ്ണ ഗോഖലെയുടെ സാധൂകരണമാണ് സംവരണവിഷയത്തില്‍ ടി.കെ.യ്ക്കും ഉണ്ടായിരുന്നത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട വര്‍ഗ്ഗങ്ങള്‍ക്ക് നീതിയുറപ്പിക്കാന്‍ പരിഷ്‌കൃതലോകം അംഗീകരിച്ച നയമാണ് ജനസംഖ്യാപ്രാതിനിധ്യം.
തൊണ്ണൂറു ശതമാനത്തിലധികം സവര്‍ണ്ണ പ്രാതിനിധ്യമുള്ള ദേവസ്വം ബോര്‍ഡില്‍ പത്തുശതമാനം സവര്‍ണ്ണസംവരണം നടപ്പിലാക്കിയ നടപടിയെ ജനാധിപത്യമെന്നല്ല സമഗ്രാധിപത്യമെന്നാണു വിളിക്കേണ്ടത്. സവര്‍ണ്ണ-മതന്യൂനപക്ഷങ്ങളെ ഒരു പോലെ പ്രീണിപ്പിക്കുന്ന നയം കോണ്‍ഗ്രസ്സിനും കമ്യൂണിസ്റ്റിനും ഒരുപോലെ പഥ്യമാണ്. രാജഭരണകാലത്തു ഫ്യൂഡല്‍ ഭരണകൂടം സ്വീകരിച്ച തന്ത്രം തന്നെയാണു ജനാധിപത്യമുഖംമൂടിയണിഞ്ഞ വരേണ്യപാര്‍ട്ടി നേതൃത്വങ്ങളും അവര്‍ തിരിക്കുന്ന ഭരണചക്രവും നിര്‍വഹിക്കുന്നത്. തിരുവിതാംകൂര്‍ നിയമസഭയിലെ ഈഴവരുടെ പ്രാതിനിധ്യക്കുറവില്‍ ടി.കെ. വ്യാകുലനായിരുന്നു. തിരുവിതാംകൂറില്‍ വോട്ടവകാശമുള്ള ജനങ്ങളില്‍ ഒന്നുമുതല്‍ അഞ്ചുവരെയുള്ള സ്ഥാനങ്ങളില്‍ യഥാക്രമം ക്രിസ്ത്യാനിയും നായരും ഈഴവരും മുസ്ലീമും ബ്രാഹ്മണരും വരും. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വിജയം കരസ്ഥമാക്കിയതു നായന്മാരായിരുന്നു. അവരുടെ സമുദായശക്തിയുടെ സ്വഭാവമത്രേ അതിനു ഹേതു. വിദ്യയും സ്വത്തും സ്വാധീനശക്തിയും പരസ്പരം യോജിപ്പും കര്‍മ്മകുശലതയുമായിരുന്നു ക്രിസ്ത്യാനികളുടെ വിജയത്തെ നിര്‍ണ്ണയിച്ചത്. മുഹമ്മദീയര്‍ക്കോ ഈഴവര്‍ക്കോ തങ്ങളുടെ സമുദായക്കാരുടെ മാത്രം വോട്ടു കൊണ്ട് ഒരിടത്തും ജയിക്കാനാവുമായിരുന്നില്ല. സര്‍ക്കാര്‍ കരവും ജന്മികളുടെ മിച്ചവാരവും മറ്റും ആയിരുന്നല്ലോ വോട്ടവകാശത്തിനു മാനദണ്ഡമായി നിശ്ചയിച്ചിരുന്നത്. ആധുനിക കേരളത്തില്‍ മുസ്ലീങ്ങളുടെ സ്ഥിതി മാറിമറിഞ്ഞിരിക്കുന്നു. വലിയൊരു സംഘടിതശക്തിയായി അവര്‍ പ്രതിഷ്ഠ നേടിക്കഴിഞ്ഞു. ഈഴവര്‍ ഇപ്പോഴും പഴയ അവസ്ഥയില്‍ തന്നെ. രാഷ്ട്രീയ പാര്‍ട്ടികളുടെ ചാവേറും അടിമകളുമായി ഭിന്നിച്ചു നില്‍ക്കുന്നതിനാല്‍ ജനസംഖ്യാപ്രാതിനിധ്യം ഇന്നും അവര്‍ക്കു ഒരു മരീചികയാണ്.
പ്രജകളുടെ ആവശ്യങ്ങളും സങ്കടങ്ങളും ഗവണ്‍മെന്റിനെയും ഗവണ്‍മെന്റിന്റെ നയപരിപാടികള്‍ പ്രജകളെയും അറിയിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ പ്രജാസഭ 1920 ആകുമ്പോള്‍ ഏതു സ്ഥിതിയിലെത്തിച്ചേര്‍ന്നുവെന്ന് ഗ്രഹിക്കണമെങ്കില്‍ ‘പ്രജാസഭ’എന്ന ശീര്‍ഷകത്തില്‍ ടി.കെ. എഴുതിയ മുഖപ്രസംഗം വായിച്ചാല്‍ മതി. അതിലെ ഒരു ഭാഗം കാണുക ”കാര്യസ്ഥന്മാരായ മെമ്പര്‍മാര്‍ക്കു സഭയില്‍ പോകണമെന്നും നിവേദനങ്ങള്‍ ചെയ്യണമെന്നുമുള്ള താല്‍പര്യം വര്‍ദ്ധിച്ചിട്ടില്ലെന്നു തീര്‍ച്ചയായി പറയാവുന്നതാകുന്നു. ഇതിന്റെ കാരണം എന്താണെന്നുള്ളതു പ്രത്യേകം ആലോചിച്ചു നോക്കേണ്ടതാകുന്നു. പ്രജാസഭ ഒരു വെറും സങ്കടഹര്‍ജിസഭയെന്ന നിലയില്‍ അധഃപതിച്ചിരിക്കുന്നുവെന്നും ഗൗരവമേറിയ വിഷയങ്ങളെപ്പറ്റി ഗൗരവമായ രീതിയില്‍ ചെയ്യുന്ന നിവേദനങ്ങള്‍ നിഷ്പ്രയോജനങ്ങളായി തീര്‍ന്നുപോകുന്നുവെന്നും പൊതുവെ ഉണ്ടായിട്ടുള്ള ഒരു ധാരണയാണു മെമ്പര്‍മാര്‍ പ്രജാസഭയില്‍ സന്നിഹിതരാകുന്ന സംഗതിയില്‍ പ്രധാനികളായ പലരേയും ഉത്സാഹശൂന്യരാക്കുന്നത്” തുടര്‍ന്നു പ്രജാസഭ ഏതാനും ദിവസത്തെ ഒരു തമാശ മാത്രമെന്നുള്ള പരാതിയെപ്പറ്റിയും പരാമര്‍ശിക്കുന്നു. പ്രജകളെ സംബന്ധിച്ചിടത്തോളം ഈ നില ദയനീയമാണെങ്കിലും ഇന്നത്തെ നമ്മുടെ നിയമസഭകളെ പോലെ അധഃപതിച്ചിരുന്നില്ല എന്നത് അനുസ്മരണീയമാണ്.
ഒരു പ്രജാസഭ എങ്ങനെ ആകാന്‍ പാടില്ല എന്നതു പോലെ ഒരു പൊതുപ്രവര്‍ത്തകന്‍ എങ്ങനെ പ്രവര്‍ത്തിക്കാന്‍ പാടില്ല അല്ലെങ്കില്‍ എങ്ങനെ ആകണം എന്നതിനെപ്പറ്റിയും ടി.കെ. എഴുതിയിട്ടുണ്ട്. ഇന്നും പ്രസക്തമാണു അതിലെ ആശയങ്ങള്‍. സ്വജീവിതത്തില്‍ ടി.കെ. പിന്തുടര്‍ന്നവയായിരുന്നു അവ. പൊതുപ്രവര്‍ത്തകരിലെ സ്വാര്‍ത്ഥമതികളെയും നിസ്വാര്‍ത്ഥബുദ്ധികളെയും അദ്ദേഹം വേര്‍തിരിച്ചു കാണിക്കുന്നുണ്ട്. സ്വന്തം ക്ഷേമം കാംക്ഷിക്കുന്നവരാണ് ആദ്യകൂട്ടര്‍. ജനക്ഷേമം വ്രതമാക്കിയരവാണു രണ്ടാമത്തെ വിഭാഗം. ഇവയില്‍ ഭാവിയില്‍ ഓര്‍മ്മിക്കപ്പെടുന്നവരെ തികഞ്ഞ ചരിത്രബോധത്തോടെ ടി.കെ. വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ മാനദണ്ഡം വച്ച് അളന്നാല്‍ ഭാവിയില്‍ ഓര്‍മ്മിക്കപ്പെടുന്ന നമ്മുടെ ജനാധിപത്യകാലത്തെ നേതാക്കന്മാര്‍ വളരെ ചുരുങ്ങും. ”എനിയ്ക്ക് ശേഷം പ്രളയം” എന്നു ചിന്തിക്കുന്നവരാണല്ലോ അവരില്‍ ഏറെ പേരും. പ്രജാസഭയെപ്പോലെ അധഃപതിച്ചു പോയ തിരുവിതാംകൂര്‍ നിയമനിര്‍മ്മാണ സഭയെപ്പറ്റിയും ടി.കെ. പരിതപിക്കുന്നുണ്ട്. രാഘവയ്യ ദിവാനായതിനു ശേഷമാണ് (1920) പുതിയ നിയമനിര്‍മ്മാണസഭാ റെഗുലേഷന്‍ അനുസരിച്ചു മെമ്പര്‍മാര്‍ ഗവണ്‍മെന്റിനോട് ചോദ്യം ചോദിച്ചുതുടങ്ങിയത്. അതിനുമുമ്പു നീണ്ട 32 വര്‍ഷക്കാലം ചോദ്യം ചോദിക്കാനുള്ള അവകാശമോ അധികാരമോ മെമ്പര്‍മാര്‍ക്കില്ലായിരുന്നുവെന്നു പ്രത്യേകം ഓര്‍ക്കണം. അനുമതി ലഭിച്ചപ്പോഴും ഒരൊറ്റ ചോദ്യമേ ചോദിക്കാനാകുമായിരുന്നുള്ളു. അനുബന്ധചോദ്യങ്ങളോ വിശദീകരണ ചോദ്യങ്ങളോ പാടില്ല. ഗവണ്‍മെന്റ് നല്‍കുന്ന ഏകപക്ഷീയമായ മറുപടിയില്‍ മെമ്പര്‍മാര്‍ തൃപ്തിയടയണം! ചോദ്യകര്‍ത്താവിന്റെ ഉദ്ദേശ്യം സാധിക്കുന്ന നിലയിലായിരിക്കില്ല മിക്കപ്പോഴും ഉത്തരം. ജനവികാരം പ്രതിഫലിപ്പിക്കാനും കാലാനുസൃതമായി നിയമനിര്‍മ്മാണം നടത്താനും വേണ്ടി സ്ഥാപിതമായ സഭകള്‍, വാസ്തവത്തില്‍ രാജാവിന്റെയും ഉദ്യോഗസ്ഥരുടെയും സ്വേച്ഛാധിപത്യം നടപ്പിലാക്കാനുള്ള വെറുമൊരു വേദി മാത്രമായിരുന്നു. 1920 ല്‍ നിയമനിര്‍മ്മാണ സഭ മെമ്പറായി നോമിനേറ്റ് ചെയ്യപ്പെട്ട ആശാന്‍, ”ഗ്രാന്റ് വാദ്ധ്യാന്മാരുടെ ദയനീയ സ്ഥിതിയെപ്പറ്റി ഗവണ്‍മെന്റിനു അറിവില്ലേ” എന്നൊരു ചോദ്യം സഭയില്‍ ഉന്നയിച്ചപ്പോള്‍, ”അറിയില്ല” എന്നായിരുന്നു ഗവണ്‍മെന്റ് കൊടുത്ത മറുപടി. ഇങ്ങനെ നിരുത്തരവാദപരമായി പ്രതികരിക്കുന്ന – ജനകീയ പ്രശ്നങ്ങള്‍ അറിയാത്ത- ഗവണ്‍മെന്റിന്റെ സഭാപ്രവര്‍ത്തനത്തെ ഒരു പ്രഹസനമായിട്ടാണു ടി.കെ. കണ്ടത്.
(തുടരും)
9442185111