“പലമതസാരവുമേകം”
കത്തോലിക്ക സഭയുടെ അധിപനായിരുന്നുകൊണ്ട് മതപരിവര്‍ത്തനത്തെ അര്‍ത്ഥമില്ലാത്തതായി കാണാന്‍ പോപ്പിന് പ്രചോദനമായത് സാമൂഹ്യമായ കാരണങ്ങളൊ ദാര്‍ശനികമായ കാരണങ്ങളൊ ആവാം. കാരണം ദാര്‍ശനികമാണെങ്കില്‍ അത് ‘മതമല്ല വലുത് മനുഷ്യനാണ് വലുത്’ എന്ന മനോഭാവമാകാം. ”മതമേതാ യാലും മനുഷ്യന്‍ നന്നായാല്‍ മതി” എന്ന് നൂറു വര്‍ഷം മുമ്പ് ശ്രീനാരായണഗുരു പറഞ്ഞ വചനത്തിന്റെ ആശയം തന്നെയാണ് ഈ മനോഭാവം.
യേശുവിന്റെ നാമത്തില്‍, മതത്തിന്റെ പേരില്‍, തന്റെ മുന്‍ഗാമികള്‍ കാട്ടിയ ക്രൂരതയുടെ പേരിലാണല്ലൊ വിശാലമനസ്‌കനായ പോപ്പിന് കാനഡയിൽ മാപ്പ് പറയേണ്ടി വന്നത്. അതുകൊണ്ട് മതത്തെപ്പറ്റിയുള്ള പോപ്പിന്റെ വീക്ഷണം അഭിമുഖത്തില്‍ നല്കിയത് എന്തായിരുന്നു എന്ന് നോക്കാം.
ശ്രീനാരായണഗുരു തന്റെ ദര്‍ശനം തനതായ രീതിയില്‍ മലയാളത്തില്‍ അവതരിപ്പിച്ചിട്ടുള്ള കൃതിയാണ് ‘ആത്മോപദേശശതകം.’ അതിലെ 44-ാം ശ്ലോകത്തിലാണ് ‘ഒരു മതം’ എന്ന ആശയത്തിന്റെ ദാര്‍ശനിക അടിത്തറയായ ‘പലമതസാരവുമേകം’ എന്ന പ്രയോഗമുള്ളത്. എല്ലാ മതങ്ങളുടെയും സാരം ഒന്നാകുമ്പോള്‍ സംഘടിതമായ മതപരിവര്‍ത്തന ശ്രമങ്ങള്‍ക്കും പ്രസക്തിയില്ലാതാവുമല്ലൊ.
1857-ലാണ് ആത്മോപദേശശതകത്തിന്റെ ആദ്യരൂപം പ്രസിദ്ധീകരിച്ചത്. ക്രൈസ്തവ പ്രസ്ഥാനങ്ങള്‍ മതപരിവര്‍ത്തന ശ്രമങ്ങള്‍ തകൃതിയായി നടത്തുന്ന കാലമാണത്. കാനഡയിലെ ക്രൂരതയുടെ അടിസ്ഥാനവും മതപരിവര്‍ത്തനം തന്നെയായിരുന്നല്ലൊ. ശ്രീനാരായണഗുരുവിനെ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കാനും പല ശ്രമങ്ങളും നടത്തിയിട്ടുണ്ട്. അത്തരം ഒരവസരത്തെക്കുറിച്ച് അതിന് ദൃക്‌സാക്ഷിയായിരുന്ന കുറ്റിപ്പുഴ കൃഷ്ണപിള്ള തന്റെ ‘സ്മരണമഞ്ജരി’ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ഒരു മിഷണറി സായ്പും മദാമ്മയും കുട്ടികളു മൊത്ത് വന്ന് ദ്വിഭാഷിയുടെ സഹായത്തോടെ ക്രിസ്തുമത മാഹാത്മ്യത്തെപ്പറ്റി ഗുരുവിനെ ഉദ്‌ബോധിപ്പിച്ചു. അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ ഗുരു പറഞ്ഞതെന്താ ണെന്നോ? ”പാവങ്ങള്‍.” അതും അനുകമ്പാര്‍ദ്രമായ സ്വരത്തിലായിരുന്നുവത്രെ!
ഈ സംഭവം നടന്ന് ഒരു നൂറ്റാണ്ട് കഴിയുമ്പോള്‍ മതപരിവര്‍ത്തന ശ്രമങ്ങളെപ്പറ്റി പോപ്പ് പറയുന്നതെന്താണ് ? പോപ്പ് അഭിമുഖം നടത്തിയത് ഇറ്റാലിയന്‍ ഭാഷയിലാണ്. അതിന്റെ ഇംഗ്ലീഷ് പരിഭാഷയില്‍ പറയുന്നത് ” സോളെം നോണ്‍സെന്‍സ്”(Solemn nonsense) എന്നാണ്. നോണ്‍സെന്‍സ് എന്നാല്‍ മലയാളത്തില്‍ അബദ്ധമെന്നൊ വിഡ്ഢിത്തമെന്നൊ ഒക്കെ പറയാം. ദൈവികമായ കാര്യങ്ങള്‍ അല്ലെങ്കില്‍ ഭയഭക്തി പുരസ്സരമായ കാര്യങ്ങള്‍ക്കാണ് ‘ സോളെം ‘ എന്ന് പറയുന്നത്. അപ്പോള്‍ മതപരിവര്‍ത്തന ശ്രമങ്ങള്‍ ദൈവത്തിന്റെ പേരില്‍ നടത്തുന്ന ഒരബദ്ധമൊ വിഡ്ഢിത്തമൊ മാത്രമാണെന്ന അഭിപ്രായമാണ് പോപ്പ് പ്രകടിപ്പിച്ചത്. മാത്രമല്ല, മതപരിവര്‍ത്തനം കൊണ്ട് ഒരു കാര്യവുമില്ല എന്നും തുടര്‍ന്ന് പറയുന്നു. ഒരു നൂറ്റാണ്ട് മുമ്പ് കേരള ത്തില്‍ മതപരിവര്‍ത്തനം സജീവചര്‍ച്ചയായിരുന്ന കാലത്ത് ഗുരു സഹോദരന്‍ അയ്യപ്പനോട് പറഞ്ഞ, മതപരിവര്‍ത്തനമല്ല വേണ്ടത് മനുഷ്യര്‍ നന്നാവുകയാണ് എന്ന ആശയം തന്നെയാണല്ലൊ പോപ്പ് ഇപ്പോള്‍ പ്രകടിപ്പിക്കുന്നതും?
കത്തോലിക്ക സഭയുടെ അധിപനായിരുന്നുകൊണ്ട് മതപരിവര്‍ത്തനത്തെ അര്‍ത്ഥമില്ലാത്തതായി കാണാന്‍ പോപ്പിന് പ്രചോദനമായത് സാമൂഹ്യമായ കാരണങ്ങളൊ ദാര്‍ശനികമായ കാരണങ്ങളൊ ആവാം. കാരണം ദാര്‍ശനികമാണെങ്കില്‍ അത് ‘മതമല്ല വലുത് മനുഷ്യനാണ് വലുത്’ എന്ന മനോഭാവമാകാം. ”മതമേതാ യാലും മനുഷ്യന്‍ നന്നായാല്‍ മതി” എന്ന് നൂറു വര്‍ഷം മുമ്പ് ശ്രീനാരായണഗുരു പറഞ്ഞ വചനത്തിന്റെ ആശയം തന്നെയാണ് ഈ മനോഭാവം. വാസ്തവത്തില്‍ ഈ സൂക്തത്തിന്റെ ധ്വനിതന്നെയാണല്ലൊ പോപ്പിന്റെ മതപരമായ വീക്ഷണവും. 21-ാം നൂറ്റാണ്ടില്‍ നിന്നുകൊണ്ട് പോപ്പ് മതത്തെക്കുറിച്ച് ഇങ്ങനെ പറയുമ്പോള്‍ അതില്‍ മറ്റൊരു ഗുരുവാക്യത്തിന്റെയും മുഴക്കം കേള്‍ക്കാം.
”പൊരുതു ജയിപ്പതസാദ്ധ്യം”
ഈ മുഴക്കത്തിന് അടിസ്ഥാനം ആത്മോപദേശശതകത്തിലെ 46-ാം ശ്ലോകമാണ്. ‘തമ്മില്‍ പൊരുതി ഒരു മതത്തിന് മറ്റൊരു മതത്തിനുമേല്‍ വിജയം കൈവരിക്കാന്‍ കഴിയില്ല. ഒന്ന് മറ്റൊന്നിനോട് പൊരുതുന്നതുകൊണ്ട് ഒരു മതവും നശിക്കുകയില്ല.’ ഈ ശ്ലോകത്തിലെ ആദ്യത്തെ രണ്ട് വരികളുടെ അര്‍ത്ഥമാണിത്. ഗുരുവിന്റെ വാക്കു കള്‍ ഇതാണ്:
പൊരുതു ജയിപ്പതസാദ്ധ്യമൊന്നിനോടൊ-
ന്നൊരു മതവും പൊരുതാലൊടുങ്ങുവീല
‘പൊരുതു ജയിപ്പതസാദ്ധ്യം’ എന്നുള്ളതിന് ചരിത്രം തന്നെ സാക്ഷിയാണ്. ക്രിസ്തു മതത്തിനും ഇസ്ലാം മതത്തിനും ഒരേ പാമ്പര്യമാണുള്ളത്. രണ്ട് മതങ്ങളും പൊതുവായി അംഗീകരിക്കുന്ന വിശുദ്ധഗ്രന്ഥം പോലുമുണ്ട്. ക്രിസ്തുമതത്തിന്റെ ഒരു കേന്ദ്രതത്ത്വം തന്നെ സ്‌നേഹമാണ്; ഇസ്ലാം മതത്തിന്റേത് സാഹോദര്യവും. സ്‌നേഹമുണ്ടാകുമ്പോള്‍ സാഹോദര്യം താനേവരും; സാഹോദര്യത്തിന് അടിസ്ഥാനം സ്‌നേഹവും. എന്നിട്ടും ഈ രണ്ട് മതങ്ങളുടെയും പേരില്‍ പതിനൊന്നാം നൂറ്റാണ്ടില്‍ ആരംഭിച്ച് മൂന്ന് നൂറ്റാണ്ട് നീണ്ടുനിന്ന യുദ്ധ പരമ്പര തന്നെ പാശ്ചാത്യ ലോകത്ത് നടന്നു. ”കുരിശുയുദ്ധങ്ങള്‍” എന്നാണ് ഈ യുദ്ധ പരമ്പര അറിയപ്പെടുന്നത്. ഈ യുദ്ധങ്ങളില്‍ ഇരുപതു ലക്ഷത്തിനും അറുപതു ലക്ഷത്തിനും ഇടയില്‍ ആളുകള്‍ മരിച്ചിട്ടുണ്ടെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. ലോകജനസംഖ്യ അന്‍പതു കോടി യുടെ താഴെമാത്രം ഉണ്ടായിരുന്ന കാലത്താണ് ഇത്രയും ആളുകള്‍ കൊല്ലപ്പെട്ടതെന്നോര്‍ക്കണം. ഇത്രയും മനുഷ്യ ജീവന്‍ അപഹരിച്ചതല്ലാതെ ഒരു മതത്തിന് മറ്റേ മതത്തെ ഇല്ലാതാക്കാന്‍ കുരിശുയുദ്ധങ്ങളിലൂടെ സാധിച്ചില്ല. അതാണ് ഗുരു പറയുന്നത് ”പൊരുതു ജയിപ്പതസാദ്ധ്യം” എന്ന്.
46-ാം ശ്ലോകത്തിന്റെ അടുത്ത രണ്ട് വരികളില്‍ ശ്രീനാരായണഗുരു പറഞ്ഞത് തന്നെയാണ് കുരിശുയുദ്ധങ്ങളില്‍ സംഭവിച്ചതും:
പരമതവാദിയിതോര്‍ത്തിടാതെ പാഴേ
പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധി വേണം.
‘മറ്റ് മതങ്ങളുടെ ദോഷത്തെപ്പറ്റി പറഞ്ഞു നടക്കുന്നവര്‍ ഇപ്പറഞ്ഞ തത്ത്വം ഓര്‍ക്കാതെ ഒരര്‍ത്ഥവുമില്ലാതെ പൊരുതി നശിക്കും എന്ന ബുദ്ധി ഉണ്ടാവണം’ എന്നര്‍ത്ഥം. ഈ ബുദ്ധിയുണ്ടായിരുന്നെങ്കില്‍ കുരിശുയുദ്ധങ്ങള്‍ മാത്രമല്ല മതത്തിന്റെ പേരില്‍ ലോകത്തു നടക്കുന്ന പല സംഘര്‍ഷങ്ങളും ഉണ്ടാകുമായിരുന്നില്ല.
ഈ ബുദ്ധി ഉണ്ടാകാതിരിക്കാനുള്ള കാരണവും പോപ്പ് നല്‍കിയ അഭിമുഖ ത്തിലുണ്ട്. ”ക്രൈസ്തവ സഭയുടെ മേധാവികള്‍ പലപ്പോഴും വ്യക്തിവൈകല്യം ഉള്ളവരായിരുന്നു” എന്ന നിരീക്ഷണമാണ് പോപ്പ് നടത്തിയത്.
Heads of the Church have often been narcissists എന്നാണ് അഭിമുഖത്തിലെ വാചകം. ഈ മനോവൈകല്യത്തിന്റെ ഫലമാണല്ലൊ പോപ്പിന് മാപ്പ് പറയേണ്ടിവന്ന അവസ്ഥയിലേക്കു നയിച്ച കാനഡയിലെ സംഭവവികാസങ്ങളും. കത്തോലിക്കാ സഭയുടെ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ പോപ്പ് പരാമര്‍ശിച്ചത് ക്രിസ്തുമതത്തെയാണെങ്കിലും മനോവൈകല്യ മുള്ളവര്‍ മതാചാര്യന്മാരാകുന്നത് ക്രിസ്തുമതത്തില്‍ മാത്രമല്ല, മറ്റു മതങ്ങള്‍ക്കും ബാധകമാണെന്നുള്ളതിനും തെളിവ് ചരിത്രത്തിലുണ്ട്.
മതം ഏതായാലും ശരി, മതങ്ങളുടെ പ്രമാണഗ്രന്ഥങ്ങളില്‍ മാനവികതയ്ക്കും ധാര്‍മ്മി കതയ്ക്കും നിരക്കാത്ത ഉപദേശങ്ങള്‍ കടന്നു കൂടിയിട്ടുണ്ടെങ്കില്‍ അവ കൃത്രിമ മെന്നു പറഞ്ഞത് മതാചാര്യന്മാര്‍തന്നെ തള്ളിക്കളയേണ്ടതാണ് എന്നായിരുന്നു ഗുരു വിന്റെ അഭിപ്രായം. 1925-ല്‍, അതായത് 1101 കന്നി 23-ാം തീയതി, ‘കേരളകൗമുദി’ യില്‍ പ്രസിദ്ധീകരിച്ച ഗുരുവും സി.വി. കുഞ്ഞുരാമനുമായുള്ള സംവാദത്തിലാണ് ഈ അഭിപ്രായമുള്ളത്. മതങ്ങള്‍ പറയുന്ന സ്വര്‍ഗ്ഗത്തിന്റെ പേരില്‍ ഭൂമിയിലെ ജീവിതം നരകമാക്കുകയല്ല വേണ്ടത്, ഭൂമിയിലെ ജീവിതത്തെ സ്വര്‍ഗ്ഗതുല്യമാക്കി മാറ്റാന്‍ ഉപകരിക്കുന്നതായിരിക്കണം മതം എന്ന തത്ത്വവും ഗുരുദര്‍ശനത്തില്‍ അന്തര്‍ലീന മാണ്.
സര്‍വ്വമത സമ്മേളനത്തിന്റെ സന്ദേശം
മതത്തിന്റെ മേഖലയില്‍ വേണ്ടത് സങ്കുചിത വീക്ഷണമൊ മനോവൈകല്യങ്ങളൊ അല്ല, വിശാലവീക്ഷണമാണെന്നുള്ളതിന്റെ സന്ദേശം കൂടിയാണല്ലൊ പോപ്പിന്റെ വാക്കും പ്രവൃത്തിയും. ഈ നിലപാടുകള്‍ ശ്രീനാരായണഗുരുവിന്റെ ദര്‍ശനത്തോട് എങ്ങനെ അടുത്തുവരുന്നു എന്നുള്ളതിന്റെ ചില സൂചനകളും കണ്ടുകഴിഞ്ഞു.
മതത്തിന്റെ പേരില്‍ വിശാലവീക്ഷണം ആവശ്യമാണെന്ന സന്ദേശം നല്‍കാനായിരുന്നു 1924-ല്‍ ശ്രീനാരായണഗുരുവിന്റെ ആവശ്യപ്രകാരം ആലുവ അദ്വൈതാ ശ്രമത്തില്‍ ഒരു സര്‍വ്വമതസമ്മേളനം വിളിച്ചു ചേര്‍ത്തതും. ഏഷ്യയിലെ ആദ്യത്തെ സര്‍വ്വമതസമ്മേളനമായിരുന്നു അത്. ”എല്ലാ മതങ്ങളുടെയും പരമോദ്ദേശ്യം ഒന്നാണെന്നും ഭിന്നമതാനുയായികള്‍ തമ്മില്‍ കലഹിച്ചിട്ടാവശ്യമില്ലെന്നും” ഉള്ള നിലപാടാ യിരുന്നു ഈ സമ്മേളനത്തിന്റേത്. ”മതപ്പോരിന് അവസാനമുണ്ടാകണമെങ്കില്‍ സമബുദ്ധിയോടുകൂടി എല്ലാ മതങ്ങളും എല്ലാവരും പഠിക്കണം. അപ്പോള്‍ പ്രധാന തത്ത്വങ്ങളില്‍ അവയ്ക്കു തമ്മില്‍ സാരമായ വ്യത്യാസമില്ലെന്നു വെളിപ്പെടുന്നതാണ്. അങ്ങനെ വെളിപ്പെട്ടു കിട്ടുന്ന മതമാണ് നാമുദ്ദേശിക്കുന്ന ഏകമതം” എന്നും ഗുരു പിന്നീട് പറയുകയുണ്ടായി.
ശ്രീനാരായണഗുരു തന്റെ ഏകമതദര്‍ശനം അവതരിപ്പിക്കുന്ന കാലത്ത് കത്തോ ലിക്കാ സഭയുടെ ദൈവ സങ്കല്പവും മതവീക്ഷണവും ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടേ തായിരുന്നില്ല. അത് സര്‍വ്വമത സമ്മേളനത്തിന്റെ വിശാലവീക്ഷണത്തിന് അനുസൃത മായിരുന്നു എന്നു പറയാനും കഴിയില്ല. എന്നാല്‍ ഏതാണ്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇപ്പോള്‍ അവതരിപ്പിക്കുന്ന, ഏത് മതാദ്ധ്യക്ഷനും മാതൃക യാക്കാവുന്ന, വീക്ഷണമാകട്ടെ സര്‍വ്വമതസമ്മേളനത്തിന്റെ ലക്ഷ്യത്തിലേയ്ക്ക് അടുക്കുന്നതാണ്.
ലോകം മതദ്വേഷമില്ലാത്ത മാതൃകാസ്ഥാനമായിരിക്കണമെന്ന സത്യഗീതം ആദ്യം ശ്രവിച്ചത് അരുവിപ്പുറമാണ്. അതിന്റെ മുഴക്കമാണ് ആലുവയിലെ സര്‍വ്വമത സമ്മേളനത്തില്‍ കേട്ടതും. ഇപ്പോള്‍ അതേ സ്വരംതന്നെ പോപ്പിന്റെ ആസ്ഥാനമായ വത്തിക്കാനില്‍ നിന്ന് കേട്ടുതുടങ്ങിയിരിക്കുന്നതായി ആലങ്കാരികമായി പറയാം. ഇവിടെ വിവരിച്ച ചരിത്രസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നോക്കുമ്പാള്‍ വത്തി ക്കാന്റെ ഈ സ്വരം ഒരു വലിയ മാറ്റത്തെക്കുറിക്കുന്നു. സര്‍വ്വമതസമ്മേളനത്തിന്റെ ലക്ഷ്യത്തിലേയ്ക്ക് അടുക്കുന്ന ഈ മാറ്റം, സര്‍വ്വമതസമ്മേളനത്തിന്റെ സ്വാഗതപ്രസം ഗത്തില്‍ സ്വാമി സത്യവ്രതന്‍ നടത്തിയ പ്രവചനസമാനമായ ഒരു പ്രസ്താവനയെ അനുസ്മരിപ്പിക്കുന്നു. ശ്രീനാരായണഗുരുവിന്റെ ഏകമതദര്‍ശനം ഗുരുവിന്റെ വചന ങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് വ്യക്തമാക്കിയതിനുശേഷം സ്വാമി പറഞ്ഞു:
”രാഷ്ട്രം, ഭാഷ മുതലായ ഭേദങ്ങള്‍ക്കു പുറമെ മതം, ജാതി മുതലായ ഭേദങ്ങള്‍ നിമിത്തം സാഹോദര്യവും സമുദായ ബന്ധവും ശിഥിലമായി രിക്കുന്ന ആധുനിക ലോകം സനാതനമായ ഈ ധര്‍മ്മോപദേശത്തെ ഇന്നോ നാളെയോ ഇനി ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടോ ഒരായിരത്താണ്ട് കഴിഞ്ഞിട്ടോ സ്വീകരിക്കുന്നതെന്നു നിശ്ചയമില്ലെങ്കിലും ജാതിമതഭേദം നിമിത്തമായ അസ്വസ്ഥത യുടെ ശമനം ഈ ഉപദേശ സ്വീകരണത്താല ല്ലാതെ ലോകത്തില്‍ സംഭ വിക്കുകയില്ലെന്നുള്ളത് നിര്‍വിവാദം തന്നെയെന്ന് ആലോചനാ ബുദ്ധി യുള്ള ആര്‍ക്കും അനായാസേന ഗ്രഹിക്കാ വുന്നതാകുന്നു.”
അറിഞ്ഞോ അറിയാതെയോ, ഈ പ്രസ്താവന അക്ഷരാര്‍ത്ഥത്തില്‍ സത്യമായി വരുന്നു എന്നുള്ളതിന് സമകാലിക ജീവിതത്തില്‍ നിന്നുള്ള ഒരു തെളിവായി, ആലോ ചനാ ബുദ്ധിയുള്ള അഭിവന്ദ്യ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പാപപ്രായശ്ചിത്ത തീര്‍ത്ഥാടനത്തെയും അഭിമുഖത്തെയും കാണുന്നതില്‍ തെറ്റില്ല.