ധന്യമിഹ നിന്റെ ജീവിതം
വിദ്യകൊണ്ട് ഉയരങ്ങള്‍ കീഴടക്കുവാന്‍ കഴിയുമെന്ന് സ്വജീവിതംകൊണ്ട് അനുഭവിച്ചറിഞ്ഞയാളായിരുന്നു ആര്‍.ശങ്കര്‍. വൈക്കം സത്യഗ്രഹവും സ്വാതന്ത്ര്യസമരവും മറ്റും നടക്കുന്ന കാലഘട്ടത്തിലായിരുന്നു ശങ്കറിന്റെ സ്‌കൂള്‍-കോളേജ് വിദ്യാഭ്യാസം. എന്നാല്‍ അതിലൊന്നും ഇഴുകിച്ചേരാതെ അവയുടെ പ്രാധാന്യം മനസ്സിലാക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത്
സ്വ ജീവിതം ധന്യമാക്കേണ്ടതെങ്ങനെയെന്ന പാഠം ആധുനിക കേരളം കേട്ടുണര്‍ന്നത് ശ്രീനാരായണവചനങ്ങളിലൂടെയാണ്. അതിനുമുമ്പു ധന്യജീവിതങ്ങള്‍ ഇല്ലായിരുന്നുവെന്നോ മുമ്പുണ്ടായിരുന്നതെല്ലാം മോശമായിരുന്നുവെന്നോ സ്ഥാപിക്കാനല്ല ഇങ്ങനെ കുറിച്ചത്. ശ്രീനാരായണഗുരുവിന്റെ ആത്മസുഖം നല്‍കുന്ന സന്ദേശവാക്യങ്ങള്‍ അക്ഷരംപ്രതി അനുവര്‍ത്തിക്കുവാന്‍ പോന്ന ഒരുകൂട്ടം മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് ജനജീവിതത്തെ സ്വാധീനിച്ചതെന്ന് അന്വേഷിക്കുമ്പോഴാണ് മേല്‍പ്പറഞ്ഞ പ്രസ്താവനയുടെ പൊരുള്‍ നമുക്ക് മനസ്സിലാകുന്നത്.
‘ അപരനുവേണ്ടി അഹര്‍ന്നിശം പ്രയത്നം
കൃപണതവിട്ടു കൃപാലുചെയ്തിടുന്നു
കൃപണന ധോമുഖനായ് കിടന്നുചെയ്യു-
ന്നപജയകര്‍മ്മമവന്നുവേണ്ടി മാത്രം”
അപരനുവേണ്ടിയും അവനവനുവേണ്ടിയും ചെയ്യുന്ന ക്രിയകള്‍ക്കിടയില്‍ ഒരു നേര്‍ത്ത വരമ്പുകൊണ്ടാണ് കൃപാലുവിനെയും കൃപണനെയും ഗുരു വേര്‍തിരിച്ചു കാണിച്ചത്. അധോമുഖത്വമാണ് കൃപണന്റെ ലക്ഷണം. ഇത് ബോധ്യംവന്ന ഒരു കാലഘട്ടമായിരുന്നു അത്. സന്ന്യസ്ത ശിഷ്യരായും ഗൃഹസ്ഥശിഷ്യരായും ധാരാളം കൃപാലുക്കളെ നിര്‍മ്മിച്ചെടുത്തുകൊണ്ടാണ് ഗുരുദേവന്‍ മോദസ്ഥിതനായി വസിച്ചത്. അവരിലൂടെയാണ് സോദരത്വേന വാഴുന്ന ഒരു മാതൃകാസ്ഥാനമാക്കി കേരളത്തെ ഗുരു പരിവര്‍ത്തിപ്പിച്ചത്. ഡോക്ടര്‍ പല്പുവായും, സ്വാമി സത്യവ്രതനായും, സഹോദരന്‍ അയ്യപ്പനായും, ടി.കെ മാധവനായും കൃപാലുക്കളുടെ ഒരു നീണ്ടനിര ഗുരുവിനൊപ്പം ഉണ്ടായിരുന്നു. അവരോരോരുത്തരും അവരവരുടെ നിയോഗങ്ങള്‍ പൂര്‍ത്തിയാക്കി അരങ്ങിനു പുറകിലേക്ക് നീങ്ങിനിന്നപ്പോള്‍ ഗുരുവിന്റെ ഒരു സന്ദേശവാക്യത്തിന്റെ ഉത്തരാര്‍ദ്ധം തന്റെ ഒസ്യത്തിന്റെ ഓഹരിയായി മറ്റൊരാള്‍ ഏറ്റെടുത്തുകൊണ്ട് രംഗത്തുവന്നു. അത് മറ്റാരുമായിരുന്നില്ല. മഹാനായ ആര്‍. ശങ്കര്‍ ആയിരുന്നു അത്. പ്രസിദ്ധമായ ആ സന്ദേശവാക്യത്തിന്റെ ഉത്തരാര്‍ദ്ധം ഇതായിരുന്നു. ‘വിദ്യകൊണ്ട് സ്വതന്ത്രരാകുവിന്‍’.
മഹത്തായ ആ സന്ദേശത്തിന്റെ പൂര്‍വ്വാര്‍ദ്ധം ‘സംഘടനകൊണ്ട് ശക്തരാകുവിന്‍’ എന്നത് പൂര്‍ണ്ണാര്‍ത്ഥത്തില്‍ പ്രയോഗത്തില്‍ വരുത്തിയത് ടി.കെ മാധവനായിരുന്നു. ആര്‍.ശങ്കര്‍ സംഘടനാരംഗത്തേക്ക് കടന്നുവരുന്നതിനും രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പ്. ഗുരുവിന്റെ പ്രസിദ്ധമായ ആ സന്ദേശവാക്യം രണ്ട് കാലഘട്ടങ്ങളിലായി രണ്ടു മഹാരഥന്മാരാണ് ഏറ്റെടുത്ത് സാക്ഷാത്കരിച്ചത്. ടി.കെ മാധവന്‍ സംഘടനാസെക്രട്ടറിയായപ്പോഴാണ് എസ്.എന്‍.ഡി.പി.യോഗത്തില്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ത്തതും കൂടുതല്‍ ശാഖകള്‍ രൂപീകരിച്ചതും. സംഘടനയുടെ ബലവും അതിന്റെ ഉദ്ദേശ്യവും എന്തെന്ന് അദ്ദേഹം പരീക്ഷിച്ചു കാണിച്ചത് കുട്ടനാടന്‍ പാടവരമ്പത്തായിരുന്നു. കാവാലം കുന്നുമ്മയിലെ ഒരു ചെറുകിട ജന്മിയുടെ വന്‍കിട തരികിടയെ എസ്.എന്‍.ഡി.പി.യോഗത്തിന്റെ സംഘബലംകൊണ്ടാണ് അദ്ദേഹം തകര്‍ത്തത്. സംഘടനകൊണ്ട് ശക്തരാകുക എന്ന ഗുരു വാക്യത്തിന്റെ പൊരുള്‍ പലര്‍ക്കും മനസ്സിലായിത്തുടങ്ങിയത് ടി.കെ.മാധവന്‍ എസ്.എന്‍.ഡി.പി. യോഗത്തിന്റെ നേതൃത്വത്തിലേക്ക് കടന്നു വന്നതോടെയാണ്.
‘വിദ്യകൊണ്ട് സ്വതന്ത്രരാവുക’ എന്ന ബാക്കിഭാഗം പൂരിപ്പിച്ചെടുത്തത് ആര്‍.ശങ്കറായിരുന്നു. എസ്.എന്‍.ഡി.പി.യോഗം സ്ഥാപിച്ച കാലം മുതല്‌ക്കുതന്നെ പല പ്രമേയങ്ങളായും നിര്‍ദേശങ്ങളായും വിദ്യാഭ്യാസപ്രചരണത്തിന് ആഹ്വാനം ചെയ്തിരുന്നു. കുറെയൊക്കെ സാധിതമായെങ്കിലും ആര്‍.ശങ്കറിനു സാധിച്ചതുപോലെ ശക്തമായ മുന്നേറ്റം വിദ്യാഭ്യാസമേഖലയില്‍ കാഴ്ചവയ്ക്കുവാന്‍ പൂര്‍വ്വഗാമികള്‍ക്ക് കഴിഞ്ഞിരുന്നില്ല. അധികാരത്തിന്റെ ഇടങ്ങളിലേയ്ക്ക് യോഗം നേതാക്കള്‍ കടന്നുവന്നത് വൈകിമാത്രമായിരുന്നല്ലോ. സി. കേശവനുശേഷം അധികാരത്തിന്റെ ഇടങ്ങളില്‍ എത്തിച്ചേരുവാന്‍ കഴിഞ്ഞത് ശങ്കറിനു മാത്രമായിരുന്നു. കിട്ടിയ സന്ദര്‍ഭത്തെ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുവാന്‍ ആ കര്‍മ്മയോഗിക്ക് സാധിക്കുകയും ചെയ്തു.
വിദ്യകൊണ്ട് ഉയരങ്ങള്‍ കീഴടക്കുവാന്‍ കഴിയുമെന്ന് സ്വജീവിതംകൊണ്ട് അനുഭവിച്ചറിഞ്ഞയാളായിരുന്നു ആര്‍.ശങ്കര്‍. വൈക്കം സത്യഗ്രഹവും സ്വാതന്ത്ര്യസമരവും മറ്റും നടക്കുന്ന കാലഘട്ടത്തിലായിരുന്നു ശങ്കറിന്റെ സ്‌കൂള്‍-കോളേജ് വിദ്യാഭ്യാസം. എന്നാല്‍ അതിലൊന്നും ഇഴുകിച്ചേരാതെ അവയുടെ പ്രാധാന്യം മനസ്സിലാക്കുക മാത്രമായിരുന്നു അദ്ദേഹം. പഠിക്കുന്ന കാലയളവില്‍ പഠനത്തില്‍ ശ്രദ്ധിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ തത്ത്വം. കൃത്യമായ കണക്കുകൂട്ടലുകളോടെയായിരുന്നു അദ്ദേഹം തന്റെ വിദ്യാഭ്യാസത്തെ മുന്നോട്ടു നയിച്ചത്. പത്തൊമ്പതാം വയസ്സില്‍ ഡിഗ്രി പൂര്‍ത്തിയാക്കുകയും ഏറെത്താമസിയാതെ അധ്യാപകവൃത്തിയില്‍ ഏര്‍പ്പെടുകയും ചെയ്തു. ശിവഗിരി ഹൈസ്‌കൂളിലായിരുന്നു അദ്ദേഹം ആദ്യമായി ജോലിയില്‍ പ്രവേശിച്ചത്. അവിടംകൊണ്ടു ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല ശങ്കറിന്റെ ഉല്‍ക്കര്‍ഷേച്ഛ. അധ്യാപകനായിരിക്കുമ്പോഴാണ് ഐ.സി.എസ് പരീക്ഷയെഴുതിയത്.ഒരു ഐ.സി.എസ് കാരനായിത്തീരുവാന്‍ നിയതി അദ്ദേഹത്തെ അനുവദിച്ചതുമില്ല. അത് സമുദായത്തിന്റെ ഭാഗ്യം. അദ്ദേഹത്തിന്റെയും. ചില തോല്‍വികള്‍ അങ്ങനെയാണ്. അത് മനസ്സിലാക്കുവാന്‍ കവി ഹൃദയങ്ങള്‍ക്കേ കഴിയുകയുള്ളൂ.
‘ മനമിങ്ങു ഗുണം വരുമ്പോഴും
വിനയെന്നോര്‍ത്ത് വൃഥാഭയപ്പെടും
കനിവാര്‍ന്നു പിടിച്ചിണക്കുവാന്‍
തുനിയുമ്പോള്‍ പിടയുന്ന പക്ഷിപോല്‍.”
വിധിയുടെ കനിവാര്‍ന്ന പിടിച്ചിണക്കലായിരുന്നു ആ തോല്‍വി. നാളത്തെ ധനമന്ത്രിയും, വിദ്യാഭ്യാസമന്ത്രിയും, മുഖ്യമന്ത്രിയും, എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറിയും, ഒരു ഐ.സി.എസ് പദവികൊണ്ട് ഇല്ലാതാകുവാന്‍ നിയതി അനുവദിച്ചില്ല. അധ്യാപകനായിരിക്കുമ്പോള്‍ മികച്ച അധ്യാപകന്‍, വക്കീലായിരിക്കുമ്പോള്‍ മികച്ച വക്കീല്‍, രാഷ്ട്രീയരംഗത്ത് കുശലനായ രാഷ്ട്രീയക്കാരന്‍, ഭരണകാര്യങ്ങളില്‍ നൂതനാശയങ്ങളുടെ ആവിഷ്‌കര്‍ത്താവ്, സമുദായ സേവനരംഗത്ത് പൂര്‍ണ്ണമായ സമുദായസ്നേഹി. എന്തും അതിന്റെ പൂര്‍ണ്ണതയില്‍, സമഗ്രതയില്‍ നിറവേറ്റിയതിലൂടെയാണ് ആര്‍.ശങ്കര്‍ മഹാനായത്. ഏതുജോലി ഏറ്റെടുത്താലും അതില്‍ തന്റെ ഒരടയാളം കോറിയിടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
‘ കുന്ദവല്ലി വനഭൂവില്‍ നില്‍ക്കിലും
കുന്ദമാണതിനു കാന്തിവേറെയാം.”
1944-ല്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയായി ആര്‍.ശങ്കര്‍ ചുമതലയേറ്റു. തൊട്ടടുത്ത യോഗത്തില്‍ (1945) ഒരു കോളേജ് സ്ഥാപിക്കാന്‍ തീരുമാനമെടുത്തു. 27 ഏക്കര്‍ 10 സെന്റ് സ്ഥലം സര്‍ക്കാരില്‍നിന്നും അനുവദിപ്പിച്ചു. വിദ്യാലയം സ്ഥാപിക്കാന്‍ കൊള്ളാവുന്ന സ്ഥലമായി ഗുരുദേവന്‍ മുമ്പേതന്നെ ആശീര്‍വദിച്ച സ്ഥലത്ത് ഏതോ നിയോഗത്താല്‍ സ്ഥലമളന്ന് വാങ്ങാന്‍ ആര്‍.ശങ്കറിനു കഴിഞ്ഞു. നാടെങ്ങും പട്ടിണിയും പരിവട്ടവുമായിരുന്ന അക്കാലത്ത് ഒരു കോളേജ് സ്ഥാപിക്കുക എന്നത് അത്ര എളുപ്പമല്ലായിരുന്നു. ദാരിദ്ര്യത്തെ ഊര്‍ജ്ജമാക്കി മാറ്റി കെട്ടുതേങ്ങയും, പിടിയരിയും കൊണ്ട് പണസമാഹരണം ചെയ്താണ് പ്രസിദ്ധമായ ശ്രീനാരായണ കോളേജുകളെല്ലാം സ്ഥാപിച്ചത്. പ്രഗത്ഭരായവരെ മാത്രം തെരഞ്ഞെടുത്താണ് കോളേജുകളില്‍ അധ്യാപകനിയമനം നടത്തിയിരുന്നത്. ഉന്നതമായ നിലയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരെ നേരിട്ട് സമീപിച്ച്, അവരെ തന്റെ സ്ഥാപനത്തിന്റെ മേധാവികളാക്കുകയായിരുന്നു അദ്ദേഹത്തിന്റെ രീതി. അവരില്‍ത്തന്നെ പ്രഗത്ഭരായവരെ ഉപരിപഠനാര്‍ത്ഥം വിദേശങ്ങളില്‍ പോയി പഠിക്കാന്‍ എസ്.എന്‍.ഡി.പി യോഗത്തില്‍ നിന്നും പൂര്‍ണ്ണമായ ധനസഹായവും ചെയ്തിരുന്നു. ആ സഹായം ഒന്നിന് പത്തിരട്ടിയായി സമുദായത്തിന് തിരിച്ചുകിട്ടുമെന്ന് ഉറപ്പുണ്ടായിരുന്നു അദ്ദേഹത്തിന്. അത് ശരിയായിരുന്നുവെന്ന് പിന്നീട് കാലം തെളിയിച്ചു.
കോളേജുകള്‍ സ്ഥാപിക്കാന്‍ പണമെവിടെ എന്ന് ചോദിച്ചവര്‍ ഒരുവശത്ത്, ഹൈസ്‌കൂള്‍ പോലും ഇല്ലാത്ത കുഗ്രാമത്തില്‍ കോളേജുകള്‍ എന്തിന് എന്ന് ചോദിച്ചവര്‍ മറുവശത്ത്, നട്ടെല്ലിലെ കശേരുക്കളുടെ ഘടന ശരിയായില്ല എന്ന് ആക്ഷേപിച്ചവര്‍ മറ്റൊരിടത്ത്. ഇങ്ങനെ എത്രയോ പ്രതിസന്ധികളെ തരണം ചെയ്താണ് ശങ്കര്‍ തന്റെ പ്രവര്‍ത്തനമേഖലയെ ഭാസുരമാക്കിയത്.
ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍, പോളിടെക്നിക്, എഞ്ചിനീയറിംഗ് കോളേജ്, ട്രെയിനിങ് കോളേജ് തുടങ്ങി നിരവധി വിദ്യാലയങ്ങള്‍ സ്ഥാപിച്ചതിലൂടെ അവശസമുദായങ്ങള്‍ക്കും വിദ്യാദേവതയുടെ അനുഗ്രഹം നേടാന്‍ കഴിഞ്ഞു. ഒരു സമൂഹത്തെയാകെ വിദ്യകൊണ്ട് സ്വതന്ത്രരാക്കുവാന്‍ മഹാനായ ആര്‍.ശങ്കറിനു സാധിച്ചു. അധഃകൃതരെന്നു പറയപ്പെട്ട ജനതയ്ക്കിടയില്‍ നിന്നും എത്രയോ നല്ല അധ്യാപകര്‍, പൊതുപ്രവര്‍ത്തകര്‍, സാങ്കേതിക വിദഗ്ദ്ധര്‍ തുടങ്ങിയവര്‍ ഉയര്‍ന്നുവന്നിരിക്കുന്നു. എല്ലാം അവര്‍ വിദ്യകൊണ്ട് സ്വതന്ത്രരായതിന്റെ ഗുണം.
സര്‍ക്കാര്‍ കോളേജുകളും സ്‌കൂളുകളും തുലോം കുറവായിരിക്കുന്ന ഇന്നാട്ടില്‍ ശ്രീനാരായണ കോളേജുകള്‍ ഇല്ലായിരുന്നുവെങ്കില്‍ അധഃസ്ഥിത സമൂഹത്തില്‍ നിന്നും എത്രപേര്‍ കോളേജ് അധ്യാപകരും, സ്‌കൂള്‍ അധ്യാപകരും ആകുമായിരുന്നു. സിംഹഭാഗം വിദ്യാലയങ്ങളും എയ് ഡഡ് സ്ഥാ പനങ്ങളായിരിക്കുന്നിടത്ത് സംവരണാനുകൂല്യത്തിലൂടെപ്പോലും ഉയര്‍ന്ന ഉദ്യോഗം വഹിക്കുവാന്‍ താഴ്ന്ന വിഭാഗത്തിന് സാധിക്കുകയില്ല എന്നത് ഒരു സത്യമായി അവശേഷിക്കുന്നു.
‘അന്യജീവനുതകി സ്വജീവിതം ധന്യമാക്കി’യ ശിഷ്യ പരമ്പരയുടെ തുടര്‍ച്ച തന്നെയാണ് മഹാനായ ആര്‍.ശങ്കര്‍.
9037286399