തങ്കമുദ്ര കിട്ടിയ നെയ്ത്തുകാരന്‍
സൂര്യപ്രകാശത്തില്‍ അധികം ശ്രദ്ധിക്കപ്പെടാതെകണ്ണുചിമ്മി നില്‍ക്കുന്ന എണ്ണമറ്റ നക്ഷത്രങ്ങളുണ്ട്. ദൂരദര്‍ശിനിയിലൂടെ നിരീക്ഷിക്കുമ്പോഴാകും അവയുടെ മാഹാത്മ്യം നമുക്ക് ബോധ്യമാകുക. അതുപോലെയാണ് പ്രസിദ്ധിയുടെയും ജനപ്രിയതയുടെയും പ്രകാശസമൃദ്ധിയില്‍ അധികം ചര്‍ച്ച ചെയ്യപ്പെടാതെയും ശ്രദ്ധിക്കപ്പെടാതെയും പോയ പല ആശാന്‍ കവിതകളും.അക്കൂട്ടത്തില്‍പ്പെട്ടതാണ് ‘തോട്ടത്തിലെ എട്ടുകാലി’
പുഷ്പവിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നതും ആകര്‍ഷിക്കപ്പെടുന്നതുമായ നിരവധി പൂക്കളുണ്ടാകും. അതൊക്കെ ജനപ്രിയമായിരിക്കുകയും ചെയ്യും. അതിനിടയില്‍ രാമതുളസിയും കൃഷ്ണതുളസിയും കൊഴുന്നും നിറഞ്ഞ പൂവട്ടികളുമുണ്ടായിരിക്കും. ജനപ്രിയതയില്‍ താമരയ്ക്കും പിച്ചിക്കും ജമന്തിക്കുമൊപ്പം പരിഗണന ലഭിച്ചില്ലെങ്കിലും ഇവയുടെ മാഹാത്മ്യവും സുഗന്ധവും ഒന്നുവേറെ തന്നെ. മഹാകാവ്യമെഴുതാതെ തന്നെ എക്കാലത്തെയും മഹാകവിപ്പട്ടവും സിംഹാസനവും സ്വന്തമാക്കിയ മഹാകവി കുമാരനാശാന്റെ കാവ്യങ്ങളെല്ലാം ചിന്തകളുടെ ആകാശവും മര്‍ത്ത്യജീവിതത്തിന്റെ പ്രക്ഷുബ്ധ സമുദ്രവും നിറഞ്ഞവയാണ്. നളിനി, ലീല, കരുണ, ചിന്താവിഷ്ടയായ സീത, ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, ശ്രീബുദ്ധചരിതം, പ്രരോദനം, ബാലരാമായണം തുടങ്ങിയവയില്‍ ഏതാണ് ഒന്നാം സ്ഥാനത്ത് എന്ന് സംശയിക്കുന്ന വായനക്കാരും നിരൂപകരും കണ്ടേക്കാം. അതില്‍ ഏതു കൃതി ഒന്നാം സ്ഥാനത്തെത്തിയാലും അതിന്റെ യഥാര്‍ത്ഥ ശില്പിയായ ആശാന്‍ തന്നെയാണ് കവികളില്‍ ഒന്നാംസ്ഥാനത്ത് എന്നതില്‍ ആര്‍ക്കും രണ്ടഭിപ്രായമില്ല.
സൂര്യപ്രകാശത്തില്‍ അധികം ശ്രദ്ധിക്കപ്പെടാതെ കണ്ണുചിമ്മി നില്‍ക്കുന്ന എണ്ണമറ്റ നക്ഷത്രങ്ങളുണ്ട്. ദൂരദര്‍ശിനിയിലൂടെ നിരീക്ഷിക്കുമ്പോഴാകും അവയുടെ മാഹാത്മ്യം നമുക്ക് ബോധ്യമാകുക. അതുപോലെയാണ് പ്രസിദ്ധിയുടെയും ജനപ്രിയതയുടെയും പ്രകാശസമൃദ്ധിയില്‍ അധികം ചര്‍ച്ച ചെയ്യപ്പെടാതെയും ശ്രദ്ധിക്കപ്പെടാതെയും പോയ പല ആശാന്‍ കവിതകളും. അക്കൂട്ടത്തില്‍പ്പെട്ടതാണ് ‘തോട്ടത്തിലെ എട്ടുകാലി’
ആത്മാംശം കലര്‍ന്നവയാണ് ആശാന്റെ ഭൂരിപക്ഷം രചനകളും. തോട്ടത്തിലെ എട്ടുകാലിയെന്ന ലഘുകവിതയിലും അത് പ്രകടം. ശ്രീനാരായണഗുരു നിയോഗിച്ച കര്‍മ്മമണ്ഡലത്തിലും ജന്മസിദ്ധമായ കവിതാരചനയിലും വെട്ടിത്തിളങ്ങാന്‍ തുടങ്ങിയപ്പോള്‍ പാത്തും പതുങ്ങിയിമിരുന്ന എതിരാളികള്‍ മാളങ്ങളില്‍ നിന്നു പുറത്തുചാടി. ചിലര്‍ ഒളിയമ്പുകളെയ്തു. മറ്റുചിലര്‍ വിഷശരങ്ങളും. ആശാന്റെ ആദ്യകാല കവിതകളില്‍ ചിലതൊക്കെ വെളിച്ചം കണ്ടപ്പോള്‍ ‘ചിലന്തിവല കെട്ടുന്നു’ എന്ന് ചിലര്‍ പരിഹാസം ചൊരിഞ്ഞു. ആശാന്‍ പിറന്ന സമുദായത്തിന്റെ കുലത്തൊഴിലായിരുന്നു വൈദ്യവും നെയ്ത്തും. ആ നെയ്ത്തു തൊഴിലിനെയും അതിലൂടെ ആശാനെയും ലക്ഷ്യംവച്ചായിരുന്നു ചിലരുടെ പരിഹാസശരങ്ങള്‍. തന്നെ അവഗണിക്കുന്നവരെയും നിന്ദിക്കുന്നവരെയും ആശാന്‍ ശരിക്കും മനസ്സിലാക്കിയിരുന്നു. അക്കൂട്ടരോട് ഒരിക്കലും വില കുറഞ്ഞ പ്രത്യാക്രമണത്തിനോ അധിക്ഷേപത്തിനോ ആശാന്‍ തുനിഞ്ഞില്ല. പകരം സര്‍ഗപരമായ കവിതകളിലൂടെ മറുപടി നല്‍കി. ഗ്രാമവൃക്ഷത്തിലെ കുയിലും അതിനുദാഹരണം. ഒരു മൗനം, വാചാലമായ ഒരു ധ്വനി, ഒരു വ്യാക്ഷേപകം അതൊക്കെ മതിയായിരുന്നു ആശാന് അര്‍ത്ഥമില്ലാത്ത ചില വിമര്‍ശക ഗുസ്തിക്കാരുടെ മര്‍മ്മം ഭേദിക്കാന്‍.
‘തോട്ടത്തിലെ എട്ടുകാലി’ എന്ന കവിതയുടെ പേരിലും ഉള്ളടക്കത്തിലും പ്രകൃതിവര്‍ണനയുടെ സൂക്ഷ്മതലങ്ങള്‍ കാണാം. അതോടൊപ്പം പ്രകൃതിയിലെ നെയ്ത്തുകാരനെ പ്രശംസിക്കുകയും ചെയ്യുന്നു. സര്‍ഗസൃഷ്ടിയുടെ തുറന്ന വേദിയാണ് ആശാന്‍ വിഭാവനം ചെയ്യുന്ന തോട്ടം. എട്ടുകാലിയെന്നാല്‍ എട്ടുദിക്കുകള്‍ എന്നും വ്യാഖ്യാനിക്കാം. എട്ട് ദിക്കുകളെയും ബന്ധിപ്പിക്കുന്ന ഈശ്വരചൈതന്യവും ഈ കവിതയില്‍ ദര്‍ശിക്കാം.
കേവലം ഇരുപത്തിനാലു വരികളേ ‘തോട്ടത്തിലെ എട്ടുകാലി’ എന്ന കവിതയിലുള്ളു.. 1910 നവംബര്‍ മാസത്തിലാണ് ഇതു രചിച്ചതെന്ന് കവി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. തളിര്‍ത്തുലഞ്ഞു നിന്നിടുന്ന മരങ്ങളുടെ ശാഖയില്‍ നീണ്ട നൂലുരശ്മി പോലെ നാലുഭാഗവും കൊളുത്തിയിട്ടിരിക്കുന്ന കാഴ്ച എത്ര സുന്ദരമാണ്. സാധാരണ രീതിയിലാണ് കവിതയുടെ തുടക്കം. പക്ഷെ കുളത്തിന്റെ ഉള്ളം കാണുന്ന അര്‍ക്കബിംബമൊത്ത് കാറ്റില്‍ ഈ വെളുത്ത കണ്ണിവച്ചെഴുന്ന വിചിത്ര രൂപനാര് എന്നാണ് കാവ്യാത്മകമായ ചോദ്യം. പ്രകൃതിയിലാകെ കിരണാവലികള്‍ നെയ്തു പ്രകാശവല കെട്ടുന്ന സൂര്യന്‍തന്നെ ഒരു നെയ്ത്തുകാരനല്ലേ?
അടുത്തുകൂടി പോകുന്ന ഈച്ച, പാറ്റ തുടങ്ങിയ പ്രാണികളെ കണ്ണികളില്‍ ഒളിച്ചിരുന്നു കുടുക്കുന്ന ഈ കള്ളനാരാണ്, പ്രഗത്ഭനായ മുക്കുവ കിടാത്തനാണോ അതോ കാട്ടിലെ കൊച്ചുവേടനോ? പ്രതിഭയുടെ പലതരം സന്ദേഹങ്ങള്‍ നോക്കു. മിനുത്തു നേര്‍ത്ത ഈ നൂലെവിടന്നാണ്. ദിവ്യമായ ഈ നെയ്ത്തുപണി എവിടെ നിന്ന് അഭ്യസിച്ചു? നിന്റെ തുന്നല്‍കാഴ്ച വേല കാണികളെ എത്രമാത്രം ആകര്‍ഷിക്കുന്നു? പ്രകൃതിയെയും മനുഷ്യമനസിനെയും വിസ്മയിപ്പിക്കുന്ന അല്ലയോ എട്ടുകാലി നിന്റെ മഹനീയമായ തൊഴിലിന് തങ്കമുദ്ര തന്നെ കിട്ടുമെന്ന് കവി ആശംസിക്കുകയും ചെയ്യുന്നു. ചിലന്തിവലയില്‍ കുടുങ്ങിയ മഞ്ഞിന്‍കണത്തില്‍ പ്രതിഫലിക്കുന്ന സൂര്യന്‍ തന്നെയല്ലേ ഏറ്റവും വിലയേറിയ തങ്കമുദ്ര. അതിനെക്കാള്‍ വിലപ്പെട്ട എന്തുപുരസ്‌കാരമാണ് പ്രകൃതിയുടെ ഈ നെയ്ത്തുകാരന് കിട്ടാന്‍? ലഘുകവിതയുടെ അക്ഷരമാലയിലെ സ്വര്‍ണലോക്കറ്റായി ഈ ഭാവന തുന്നിച്ചേര്‍ത്തിരിക്കുന്നു. തൊടുന്നതിലെല്ലാം തന്റെ കൈയൊപ്പ് അദൃശ്യമായെങ്കിലും പതിഞ്ഞിരിക്കണമെന്ന് ആശാന്‍ ആഗ്രഹിച്ചിരുന്നു. അതിനുദാഹരണമാണ് തോട്ടത്തിലെ എട്ടുകാലിയും.
1905 മേയില്‍ നെയ്ത്തുകാരുടെ ഒരു പാട്ട് എന്ന ലഘുകവിതയും ആശാന്‍ രചിച്ചിട്ടുണ്ട്. തുണി നെയ്യുന്ന സോദരനോടാണ് കവി മൊഴിയുന്നതെങ്കിലും തോട്ടത്തിലെ എട്ടുകാലിയുടെ ഇതിവൃത്തവുമായി ഇതിനൊരു ഛായയുമില്ല. അദ്ധ്വാനത്തിന്റെ മഹത്വമാണ് പ്രകൃതിദൃശ്യവര്‍ണനകളിലൂടെ ഈ കവിതയില്‍ കവി ഉയര്‍ത്തിക്കാട്ടുന്നത്.
കൂറ്റന്‍ കണ്ണാടിയിലും ഉടഞ്ഞ ചില്ലുകണ്ണാടിയിലും ദൃശ്യമാകുന്നത് ഒരേ ആകാശവും കാഴ്ചകളുമാണ്. അതുപോലെ ആശാന്റെ ഭാവനാവ്യാപ്തി ഖണ്ഡകാവ്യങ്ങളിലെന്ന പോലെ കൊച്ചുകവിതകളിലും പ്രതിഫലിക്കുന്നു. അതിന് ദൃഷ്ടാന്തമാണ് തോട്ടത്തിലെ എട്ടുകാലി. 9946108220