ജാതി വിമോചനവും ഹിന്ദുമതവും

ലഹളക്കാരായി വന്നവര്‍ ആരായിരുന്നു? അവരുടെ പൂര്‍വികര്‍ ആരായിരുന്നു? എന്തിവര്‍ക്കിങ്ങനെ തോന്നുവാന്‍? എന്നെല്ലാമുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം ദുരവസ്ഥനല്‍കുന്നുണ്ട്. ഒരു മഹാവിപത്തിനെ പുതിയ പാഠം പഠിക്കാനുള്ള ഉപായമായി കാണുവാനാണ് കവി ഇഷ്ടപ്പെട്ടത്. അതിനുള്ള ആഹ്വാനമായിട്ടാണ് ദുരവസ്ഥയെഴുതിയത്.

ഹിന്ദുമതത്തിനുള്ളില്‍ നിന്നുകൊണ്ട് ജാതി നിര്‍മ്മാര്‍ജ്ജനം സാധ്യമല്ലെന്ന ബോദ്ധ്യമാണോ ബുദ്ധമാര്‍ഗ്ഗത്തില്‍ നിന്നുകൊണ്ട് ജാതിയെ നേരിടാമെന്നുള്ള തീരുമാനത്തിലേക്കെത്താന്‍ കവിയെ പ്രേരിപ്പിച്ചത്? ദുരവസ്ഥയുടെ അവസാനത്തെ ഈരടി എഴുതിക്കഴിഞ്ഞപ്പോള്‍ത്തന്നെ കവിക്ക് ബോധ്യംവന്നിരിക്കണം ഹിന്ദുമതത്തിനുള്ളില്‍ നിന്നുകൊണ്ട് ജാതിനിര്‍മ്മാര്‍ജ്ജനം സാധ്യമല്ലെന്ന്.

”ഇപ്പാഴുപാട്ടാമെളിയവിജ്ഞാപനം
മുല്‍പ്പാടുവച്ചു വണങ്ങിടുന്നേന്‍”.

മുല്‍പ്പാടുവച്ചു വണങ്ങേണ്ടതില്ലാത്ത ഒരു ധര്‍മ്മ ശാസ്ത്രത്തിലേക്ക് പോകാമെന്ന തീരുമാനം ആ വരികള്‍ എഴുതിക്കഴിഞ്ഞ ശേഷമാണു കവിക്ക് എടുക്കേണ്ടിവന്നത്. ഹിന്ദുമതത്തിനുള്ളില്‍ നിന്നുകൊണ്ട് ജാതിവിമോചനം സാധ്യമല്ലെന്ന കാര്യം ‘ ദുരവസ്ഥ’യ്ക്കു ശേഷം ആശാനില്‍ രൂഢമായിരിക്കണം. ഭാരതത്തില്‍ ഒരാള്‍ക്ക് മാറാന്‍ പറ്റാത്തതാണ് ജാതി. മതം മാറാം. പക്ഷെ, ജാതി എപ്പോഴും കൂടെ ഉണ്ടായിരിക്കും. മതം മാറിയവന്‍ ഘര്‍വാപ്പസി ചെയ്താലും അവന്‍ എത്തിചേരുന്നത് പഴയ ‘ജാതിവീട്ടി’ല്‍ത്തന്നെയായിരിക്കും. ഇതാണ് ജാതിയുടെ പ്രത്യേകത. പൂര്‍വാചാരങ്ങള്‍ അലംഘനീയങ്ങളാണെന്നു കരുതുന്ന പുരോഹിതവര്‍ഗ്ഗം ഹിന്ദു സമൂഹത്തിന്റെ ആവിഷ്‌ക്കര്‍ത്താക്കളായി തുടരുന്നിടത്തോളം ഹിന്ദുമതത്തില്‍ നിന്നും ജാതിജീവിതത്തെ ഇല്ലാതാക്കാന്‍ കഴിയില്ല. ‘മനുഷ്യാണാം മനുഷ്യത്വം ജാതി’ എന്ന് അര്‍ത്ഥശങ്കയില്ലാതെ വ്യക്തമാക്കിയ ശ്രീനാരായണഗുരുദേവന്‍ ‘ ഹാ! തത്ത്വം വേത്തി കോ പിഽ ന ‘ എന്നാണ് മനഃസ്താപപ്പെട്ടത്.

ഉദ്യാനപാലകര്‍ക്ക്
നേരേയുള്ള ചൂണ്ടുവിരല്‍

ഇത്രയും പറഞ്ഞത് ദുരവസ്ഥ വിരല്‍ചൂണ്ടുന്നത് എവിടേയ്ക്ക് എന്ന് വ്യക്തമാക്കുന്നതിനാണ്. ദുരവസ്ഥ എന്ന കൃതിയുടെ തൊണ്ണൂറ്റിയൊമ്പതാം കൊല്ലത്തിലും പ്രസ്തുത കൃതിയിലൂടെ ആശാന്‍ ഉദ്ഘോഷിച്ചത് എന്തിനെക്കുറിച്ചാണ് എന്ന് വീണ്ടും ഓര്‍മ്മപ്പെടുത്തേണ്ടതുണ്ട്. തെറ്റായ ദിശാസൂചകങ്ങള്‍ ദുരവസ്ഥക്കുമേല്‍ ചേര്‍ത്തുകെട്ടാതിരിക്കാന്‍ അതാവശ്യമാണ് .

ലഹളയെക്കുറിച്ച് മുഖവുരയില്‍ ഇപ്രകാരം പറയുന്നു, ‘കല്പനാ ശക്തിയെതോല്‍പ്പിക്കുന്ന ഭയങ്കരങ്ങളും പൈശാചികങ്ങളുമായ സംഭവങ്ങളെക്കൊണ്ട് കേരളത്തെ മാത്രമല്ല ഇന്ത്യയെ മുഴുവന്‍ ഒരുപ്രകാരത്തില്‍ അല്ലെങ്കില്‍ മറ്റൊരുപ്രകാരത്തില്‍ ഇളക്കിമറിച്ചിരുന്ന ആ കൊടുംകാറ്റ് ഭാഗ്യവശാല്‍ ഇപ്പോള്‍ മിക്കവാറും ശമിച്ചുകഴിഞ്ഞിരിക്കുന്നു’. ആനുകാലികമായി ലഭ്യമായ വിവരങ്ങളെ ആശ്രയിച്ചുകൊണ്ടാണ് ദുരവസ്ഥ രചിച്ചത്.അതുകൊണ്ട് മാപ്പിള ലഹളയെ ‘രക്തരൂക്ഷിതമായ അദ്ധ്യായം’ എന്നുതന്നെ ആശാന്‍ ഉറപ്പിച്ചു പറയുന്നുണ്ട്. ലഹളക്കാരെ സൂചിപ്പിക്കുന്ന പദാവലികളും വ്യക്തതയോടെ തന്നെയാണ് പ്രയോഗിച്ചത്. ‘ക്രൂരമുഹമ്മദര്‍’, ‘മാപ്പിളക്കയ്യര്‍’, ‘ദുഷ്ടമുഹമ്മദരാക്ഷസന്മാര്‍ ‘, ‘മ്ലേച്ഛന്മാര്‍’, ‘കശ്‌മലന്മാര്‍’, ‘മൂര്‍ഖര്‍’, ‘പീറജോനകര്‍’. ലഹളയില്‍ പങ്കെടുത്ത മതവിഭാഗം ഏതെന്നു സുതാര്യമായിത്തന്നെ പറയുന്നുണ്ട്.

ദുരവസ്ഥയില്‍ കവി നല്‍കുന്ന മറ്റുചില സൂചനകളുണ്ട്. അത് ലഹളയെക്കുറിച്ച് വില്യം ലോഗന്‍ മുതലിങ്ങോട്ടുള്ള ചരിത്രാന്വേഷികള്‍ നടത്തിയ കണ്ടെത്തലുകളാണ്. ആ സൂചനകളിലൂടെ കവിയും കടന്നു പോകുന്നുണ്ട്. ഭീകരമായിരുന്നു ലഹളയുടെ ആഘാതമെന്നു കവി വ്യക്തമായും മനസ്സിലാക്കിയിരുന്നു. ‘ആപത്തിനേക്കാള്‍ വലിയൊരധ്യാപകന്‍ ഇല്ലെന്ന് ചരിത്രവും മതവും ഒരുപോലെ സമ്മതിക്കുന്ന വസ്തുതയാകുന്നു’. ലഹളയില്‍ നിന്നും പാഠം പഠിക്കേണ്ടതുണ്ടെന്നാണല്ലോ തുടര്‍ന്നെഴുതിയത്. ആര്? അതിലേക്കാണ് വീണ്ടും മുഖവുര തുടരുന്നത്. ‘…. ഹിന്ദുസമുദായം പുരാതനമായ ഒരു നാഗരികതയുടെ പ്രാധിനിധ്യം വഹിക്കുന്ന ഒന്നാണെന്നുള്ളത് ശരിതന്നെ. എന്നാല്‍ നവീനാദര്‍ശം അനുസരിച്ചുനോക്കിയാല്‍ ഈ സമുദായം ഇന്നും ശൈശവാവസ്ഥയില്‍ ഇരിക്കയാണെന്നുള്ളതും സമ്മതിച്ചേ തീരൂ.’ ലഹളയെക്കുറിച്ചല്ല ലഹളയുടെ കാരണത്തെക്കുറിച്ചാണ് കവി ഉടനേതന്നെ ശ്രദ്ധതിരിക്കുന്നത്. പാഠം പഠിക്കേണ്ടത് ഹിന്ദുസമുദായമാണ്. ശൈശവാവസ്ഥയില്‍ നിന്നും സമുദായം വളരേണ്ടതുണ്ട്. വീണ്ടും തുടരുകയാണ്… ‘ഈ മഹാവിപത്തിന്റെയും ഇത് പഠിപ്പിച്ച പാഠങ്ങളില്‍ ചിലതിന്റെയും ഓര്‍മ്മയെ സമുദായത്തിന്റെ പുനഃസംഘടനക്ക് പ്രേരകമാകത്തക്കവണ്ണം നിലനിറുത്തണമെന്നുള്ളതാണ് ദുരവസ്ഥയെന്ന പേരില്‍ അടിയില്‍ കാണുന്ന പാട്ടിന്റെ വിനീതമായ ഉദ്ദേശം.’ ലഹളയെ അപലപിക്കുന്നതിനു പകരം യഥാര്‍ത്ഥ കാരണങ്ങളിലേക്ക് കടക്കുകയാണ്. കാലത്തിനനുസരിച്ചു നവീനമാകേണ്ട ഒന്നാണ് മതം. നവീനമാക്കുവാന്‍ പുനഃസംഘാടനം ആവശ്യമാണ്. നവീനതയ്ക്കു തടസ്സമായി നില്‍ക്കുന്നതാണ് മതത്തിന്റെ പേരില്‍ കാത്തു സൂക്ഷിച്ചുപോരുന്ന ആചാരങ്ങള്‍. ആചാരങ്ങളുടെ പരിഷ്‌ക്കരണത്തെയാണ് പുനഃസംഘാടനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

മണ്ഡലച്ഛത്രരും മണ്ണറിയാതെ
നടക്കുന്നവരും

പ്രതിദ്വന്ദ്വികളായ രണ്ടുകൂട്ടരെയാണ് ദുരവസ്ഥയുടെ തുടക്കത്തില്‍ അവതരിപ്പിക്കുന്നത്. മാപ്പിളമാരാല്‍ ദുരവസ്ഥയില്‍പെട്ടുപോയ മണ്ഡലച്ഛത്രരായ നമ്പൂതിരിമാര്‍ ഒരുവശത്തും, നമ്പൂതിരിമാരാല്‍ നൂറ്റാണ്ടുകളായി ദുരവസ്ഥയനുഭവിക്കുന്നവര്‍ മറുവശത്തും എന്ന രീതിയിലാണ് കാവ്യ പശ്ചാത്തലം രൂപം കൊള്ളുന്നത്. ഒരു കൂട്ടരുടെ ദുരവസ്ഥ ക്ഷണികമായി ഉണ്ടായതും മറ്റൊരു കൂട്ടരുടേത് കാലങ്ങളായി അനുഭവിച്ചുവരുന്നതുമാണെന്ന പ്രത്യേകതയുണ്ട്. ലഹളക്കാരെ സവര്‍ണ്ണജന്മികളുടെ ശത്രുപക്ഷത്തുറപ്പിച്ചു നിര്‍ത്തിക്കൊണ്ട് കഥാകഥനം നടത്തുന്നതിന് പകരം സമുദായപരിഷ്‌കരണം ലക്ഷ്യമിട്ട്, കേദാരവും, കാടും മലകളും അടക്കിവാണവരെ എല്ലാറ്റിന്റെയും കാരണക്കാരായി അവതരിപ്പിക്കുകയാണ്. ഈ രീതിയെ കവി സൂചിപ്പിക്കുന്നത് അക്ഷുണ്ണമാര്‍ഗ്ഗസഞ്ചരണമായിട്ടാണ്. തന്നെയുമല്ല ഇത്രയും കൂടി മുഖവുരയില്‍ പറയുന്നുണ്ട് – ‘ഉല്‍കൃഷ്ടമായ ഒരു ധര്‍മ്മാദര്‍ശത്തെ പുരസ്‌ക്കരിച്ചുള്ള കൃത്യബോധത്താല്‍ പ്രേരിതനായി ഈ സാഹസത്തിന് ഒരുമ്പെട്ടതാകുന്നു. ശക്തിയേറിയ ഒഴുക്കില്‍ മുന്നോട്ട് നീന്താനുള്ള ഈ ശ്രമത്തെ സഹൃദയരായ വായനക്കാര്‍ അനുകമ്പാപൂര്‍വ്വം നിരീക്ഷിക്കുമെന്നും ഇതിലെ തോല്‍വി തന്നെയും ഒരുവക വിജയമായി ഗണിക്കുമെന്നും ആശിച്ചുകൊള്ളുന്നു.’

ശക്തിയേറിയ ഒഴുക്ക് എന്നത് ഹൈന്ദവാചാരമാണ്. വമ്പാര്‍ന്നനാചാരമണ്ഡലച്ഛത്രര്‍ക്കെതിരായി നീന്തുവാനാണ് ആശാനും കൂട്ടരും 1903 മുതല്‍ ശ്രമിച്ചുതുടങ്ങിയത്. എസ്.എന്‍.ഡി.പി യോഗസ്ഥാപനംമുതല്‍ തുടങ്ങിയതാണ് ഈ അക്ഷുണ്ണമാര്‍ഗ്ഗസഞ്ചരണം. ‘ആരാമസഞ്ചരണം’ പോലെ അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ല അത് എന്ന് ദളവാക്കുളത്തില്‍ ബലിയര്‍പ്പിക്കപ്പെട്ടവരെയും വൈകുണ്ഠസ്വാമികളെയും ആറാട്ടുപുഴ വേലായുധപ്പണിക്കരെയും പോലുള്ളവര്‍ യോഗസ്ഥാപനത്തിനു മുമ്പേതന്നെ അനുഭവിച്ചറിഞ്ഞതാണ്. മണ്ഡലച്ഛത്രരും മണ്ണറിയാതെ നടന്നവരും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു അവയെല്ലാം. അതിനുള്ള പശ്ചാത്തലമൊരുക്കുവാന്‍ വീണുകിട്ടിയ സന്ദര്‍ഭമായിട്ടാണ് 1921-ലെ മലബാര്‍ കലാപത്തെ കാവ്യബീജമായി ആശാന്‍ സ്വീകരിച്ചത്. അതുകൊണ്ടാണ് കാവ്യശരീരത്തിന്റെ ഭൂരിഭാഗവും മണ്ണറിയാതെ നടന്ന എല്ലാറ്റിലും തുച്ഛമായ ചെറുമക്കളുടെ പുറവഴിജീവിതത്തെ വര്‍ണ്ണിക്കുവാനായി കവി വിനിയോഗിച്ചത്. സനാതനമെന്നു കരുതിയ മൂഢവും രൂഢവുമായ ജാത്യാചാരങ്ങളുടെ നേര്‍ക്കാണ് ദുരവസ്ഥയുടെ കവി ക്രുദ്ധനായത്. ജാത്യാചാരങ്ങള്‍ നൂറ്റാണ്ടുകളായി സൃഷ്ടിച്ച നഷ്ടങ്ങളെയോര്‍ത്താണ് കവി നെടുവീര്‍പ്പിട്ടത്.

എത്രപെരുമാക്കള്‍ ശങ്കരാചാര്യന്മാ-
രെത്രയോ തുഞ്ചന്മാര്‍ കുഞ്ചന്‍മാരും
ക്രൂരയാം ജാതിയാല്‍ നൂനമലസിപ്പോയ്
കേരളമാതാവേ, നിന്‍വയറ്റില്‍
തേച്ചുമിനുക്കിയാല്‍ കാന്തിയും മൂല്യവും
വാച്ചിടും കല്ലുകള്‍ ഭാരതാംബേ
താണുകിടക്കുന്നു നിന്‍കുക്ഷിയില്‍
ചാണകാണാതെയാറേഴുകോടിയിന്നും.
എന്തിന്നു കേഴുന്നു ദീനയോ നീ ദേവി
എന്തുഖേദിപ്പാന്‍ ദരിദ്രയോ നീ?
ഹന്തയിജ്ജാതിയെ
ഹോമിച്ചൊഴിച്ചാല്‍ നിന്‍
ചിന്തിതം സാധിച്ചു രത്നഗര്‍ഭേ.

പലമഹിതജന്മങ്ങള്‍ക്കും വിഘാതമായിനിന്ന ജാത്യാചാരത്തിന്റെ രത്നച്ചുരുക്കമാണ് കുറഞ്ഞവരികളാല്‍ അനശ്വരമാക്കിയത്. ആ അനുഭവജ്ഞാനത്തിന്റെ പരിസമാപ്തി വേളയിലാണ് ദുരവസ്ഥയ്ക്കാധാരമായ ഇതിവൃത്തം കവിക്ക് വീണുകിട്ടിയത്.

ലഹളയുടെ ന്യായാന്യായതകളെന്തായാലും കൃത്യമായ ഇടത്തിലേക്ക് സാവിത്രിയുടെ ചിന്തയിലൂടെ കവി കടന്നുചെല്ലുന്നു. ലഹളയെക്കുറിച്ച് പില്‍ക്കാല ചരിത്രകാരന്മാര്‍ വിലയിരുത്തിയതിലേക്കാണ് ആശാനും നിഷ്പക്ഷനായി ചെന്നുചേരുന്നത്.

‘എന്നല്ലിവരില്‍ പലരും മനയ്ക്കലെ-
ക്കുന്നുവാരത്തെ കൃഷിക്കാരല്ലോ.
പേര്‍ത്തും ചിലരിവര്‍ നമ്മുടെ വസ്തുക്കള്‍
ചാര്‍ത്തിച്ചു വാങ്ങിക്കഴിവോരല്ലോ.
എന്നല്ലീമൂസ്സായും കാസീനും കൂട്ടരും
സ്വന്തം പടിക്കലെ ഭൃത്യരല്ലോ
എന്തിവര്‍ക്കിങ്ങനെ തോന്നുവാന്‍?’

അതൊരു കര്‍ഷക ലഹളയായിരുന്നുവെന്ന് ദുരവസ്ഥയിലെ ഈ വരികള്‍ തന്നെ സാക്ഷ്യം വഹിക്കുന്നു. പക്ഷെ, ലഹളക്കാര്‍ മുസ്ലീങ്ങളായിരുന്നു. അവര്‍ കര്‍ഷകരുമായിരുന്നു. ‘എന്തിവര്‍ക്കിങ്ങനെ തോന്നുവാന്‍?’ എന്ന സാവിത്രിയുടെ ചോദ്യത്തിന്റെ ഉത്തരം കിടക്കുന്നത് അവളുടെ വന്ദ്യപിതാവിന്റെ ജനനത്തിനും മുമ്പുള്ള കാലത്തിലാണ്.വില്യം ലോഗനില്‍ തുടങ്ങി ഒട്ടേറെപ്പേര്‍ സൂചിപ്പിച്ചകാര്യം ആശാനും സ്വകൃതിയില്‍ വ്യക്തമാക്കി.

‘ക്രൂരമുഹമ്മദര്‍’ തുടങ്ങിയ വിശേഷണങ്ങള്‍ കഴിഞ്ഞ് അവരെല്ലാം മുമ്പ് ആരായിരുന്നുവെന്ന ചരിത്രപരതയിലേയ്ക് കൂടികടന്നുചെല്ലുന്നുണ്ട്.

‘വിട്ടുപോയൊന്നു ഭവതിക്കെന്നാത്തോലേ-
ഒട്ടധികം പേരിവരില്‍മുമ്പേ
ഹന്ത! നായന്മാര്‍ തുടങ്ങിക്കീഴ്പ്പോട്ടുള്ള
ഹിന്തുക്കളായുമിരുന്നോരത്രെ.
വിട്ടതാം ഹിന്തുമതം- ജാതിയാല്‍ താനേ
കെട്ടുകഴിഞ്ഞ നമ്പൂരിമതം.
കേരളത്തിങ്കല്‍ മുസല്‍മാന്‍മാര്‍ പശ്ചിമ-
പാരങ്ങളില്‍ നിന്നു വന്‍കടലിന്‍
ചീറും തിരകള്‍ കടന്നോ ഹിമാലയ-
മേറിയോ വന്നവരേറെയില്ല.’

ഇതിലപ്പുറം എന്തുപറയാനാണ്. ലഹളക്കാരായി വന്നവര്‍ ആരായിരുന്നു? അവരുടെ പൂര്‍വികര്‍ ആരായിരുന്നു? എന്തിവര്‍ക്കിങ്ങനെ തോന്നുവാന്‍? എന്നെല്ലാമുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം ദുരവസ്ഥനല്‍കുന്നുണ്ട്. ഒരു മഹാവിപത്തിനെ പുതിയ പാഠം പഠിക്കാനുള്ള ഉപായമായി കാണുവാനാണ് കവി ഇഷ്ടപ്പെട്ടത്. അതിനുള്ള ആഹ്വാനമായിട്ടാണ് ദുരവസ്ഥയെഴുതിയത്.
ജന്മിവിരുദ്ധവും ബ്രിട്ടീഷ് വിരുദ്ധവുമായിരുന്ന ലഹള വര്‍ഗ്ഗീയഭ്രാന്ത് നിറഞ്ഞതായി പിന്നീട് പരിണമിച്ചത് കുമാരനാശാന്‍ വ്യക്തമായി വരച്ചുകാട്ടുന്നുണ്ട്.

‘വെള്ളക്കാരെ ചുട്ടൊടുക്കുവിന്‍ ജന്മിമാ-
രില്ലമിടിച്ചു കുളംകുഴിപ്പിന്‍
അള്ളായല്ലാതൊരു ദൈവം മലയാള-
ത്തില്ലാതാക്കീടുവിനേതു ചെയ്തും.’

1921-ല്‍ എത്തുമ്പോള്‍ ലഹളപരിണമിച്ചത് ഇങ്ങനെയാണ്. എങ്കിലും ചരിത്രമറിയാവുന്ന കവി സൂക്ഷ്മകാരണങ്ങളില്‍ തന്നെയാണ് ചുവടുറപ്പിച്ചത്. ഹിന്ദുമതത്തിന്റെ പുറവഴിയെ പോയവരുടെ കൂടെനിന്നു ആചാരപരിഷ്‌ക്കരണത്തിനായി സനാതനികളെ ബോധവല്‍ക്കരിക്കാന്‍ എഴുതിയ കൃതിയാണ് ദുരവസ്ഥ. ഉദ്യാനപാലകരെന്നു മേനിനടിച്ച അവരോട് കവിക്ക് ഉദ്ബോധനം ചെയ്യാനുള്ളതും അതായിരുന്നു.

‘ഉദ്യാനപാലകരേ ഭവാന്മാരുണര്‍-
ന്നുദ്ദ്യമിപ്പിന്‍ പുഷ്‌പ്പ കാലമായി.
ഉച്ചാവചങ്ങളാമോമല്‍ സുമങ്ങളാല്‍
മെച്ചമേറീടുമീയാരാമത്തില്‍
ദേവന്‍ വനമാലിക്കാനന്ദമേകാത്ത
പൂവൊന്നുമില്ലെന്നതോര്‍ത്തുകൊള്‍വിന്‍
………………………………………………
……………………………………………….
തമ്മില്‍ കലര്‍ന്നാല്‍ ഗുണമേറും പൂക്കളെ
സമ്മേളിപ്പിപ്പിന്‍ സരസമായി.’

തന്റെ കാവ്യസങ്കല്‍പ്പത്തിനു വിരുദ്ധമായി വര്‍ത്തമാനകാലത്തിലൂടെ കാവ്യപഥം തെരഞ്ഞെടുത്ത കവി ഭയന്നത്, കാവ്യം മുദ്രാവാക്യപ്രായമാകുമോ എന്നുകൂടിയായിരുന്നു.

തത്ത്വചിന്തയുടെ കരുണനിറഞ്ഞ മുത്തുരത്നങ്ങള്‍കൊണ്ട് ജീവിതപാഠം പകര്‍ന്നു നല്‍കിയ കവിയായിരുന്നല്ലോ കുമാരനാശാന്‍. ‘അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികള്‍.’/ ‘ഗുണ പരിണാമ പരീക്ഷകന്‍ വിധി’ / ‘ആരറിഞ്ഞു നിയതിതന്‍ ത്രാസുപൊങ്ങുന്നതും താനേ താണുപോവതും’/ . ഇങ്ങനെ എത്രയോ തത്ത്വകഥനങ്ങള്‍ മലയാളകവിതയില്‍ മുദ്രണം ചെയ്ത കവിയാണ് കുമാരനാശാന്‍. അത്തരമൊരു കവിയ്ക്ക് മുദ്രാവാക്യമായും പടപ്പാട്ടായും കവിത മാറുന്നതിനോട് വിപ്രതിപത്തിതന്നെയാണ് ഉണ്ടായിരുന്നത്. എന്നിട്ടും അതെല്ലാം അവഗണിച്ചുകൊണ്ട് അനാചാരങ്ങള്‍ക്കെതിരെ മുദ്രാവാക്യങ്ങളേക്കാള്‍ കാലാതിവര്‍ത്തിയായ വരികളാല്‍ ഇങ്ങനെ ആഹ്വാനം ചെയ്തു.

‘പൂജ്യരാം വൈദികന്മാരേ, തുനിഞ്ഞിവന്‍
യോജ്യമല്ലെങ്കിലുമൊന്നോതുന്നേന്‍;
രാജ്യത്തെയോര്‍ത്തും
മതത്തെയോര്‍ത്തും പിന്നെ
പ്രാജ്യരാം നിങ്ങളെത്തന്നെയോര്‍ത്തും!
കാലം വൈകിപ്പോയി, കേവലമാചാര-
നൂലുകളെല്ലാം പഴകിപ്പോയി
കെട്ടിനിറുത്താന്‍ കഴിയാതെ ദുര്‍ബ്ബല
പ്പെട്ട ചരടില്‍ ജനതനില്ക്കാ.
മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെത്താന്‍.’

അനശ്വരമായ വാക്യമുദ്രകളുമായി വൈദികശ്രേഷ്ഠര്‍ക്കെതിരെ ഉയര്‍ന്നു കേള്‍ക്കുന്ന ഉദ്ദേശശുദ്ധിയുള്ള കാവ്യമായി ദുരവസ്ഥ ഇന്നും പരിലസിക്കുന്നു. അതിനപ്പുറമുള്ള ഒരു ലക്ഷ്യവും കുമാരനാശാന് ദുരവസ്ഥയെഴുതിയതിനു പിന്നില്‍ ഉണ്ടായിരുന്നില്ല.
9037286399

Author

Scroll to top
Close
Browse Categories