ജാതിവൃക്ഷത്തിന്റെ വേരറുക്കണം

രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും അജ്ഞതയുടെ അന്ധകാരത്തില്‍ കിടക്കുമ്പോള്‍ സാംസ്‌കാരിക മുന്നേറ്റത്തിനും നവോത്ഥാന ചിന്തകള്‍ക്കും എന്തു പ്രസക്തിയാണുള്ളത് . അതുകൊണ്ട് ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയില്‍ നിന്നും വര്‍ണാധിഷ്ഠിതമായ ജാതി
ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കപ്പെടണം. അതിനുള്ള സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ക്കു വേണ്ടിയുള്ള കര്‍മ്മപരിപാടികള്‍ക്കു ഓരോ ജനാധിപത്യ
പ്രസ്ഥാനവും മുന്‍കൈ എടുക്കണം

‘ക്രൂരതേ നീ താനത്രേ ശാശ്വതസത്യം’ എന്ന ഇടശ്ശേരിക്കവിതയിലെ വരികള്‍ ഉള്ളില്‍ നിന്നുമുയിര്‍ക്കൊള്ളുകയാണ്, ഓരോ ദിവസവും!

രാജസ്ഥാനിൽ ദളിത് ബാലൻ മർദ്ദനമേറ്റ് മരിച്ചതിനെ തുടർന്ന് നടന്ന പ്രക്ഷോഭം

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ രാജ്യമെമ്പാടും തിരംഗ് മഹോത്സവം കൊണ്ടാടി നാം. നാം ഒന്നാണ് ,നമ്മുടെ നാട് ഒന്നാണ്, നാമൊരൊറ്റ ദേശക്കാരാണ്. നമ്മുടേത് ഒരേയൊരു ദേശിയതയാണ്. നാം സ്വതന്ത്രരാണ്. നാം നമ്മുടെ സ്വാതന്ത്ര്യത്തില്‍ ആഹ് ളാദിക്കുക! അഭിമാനിക്കുക! തുടങ്ങിയ മോഹിപ്പിക്കുന്ന ശ്ലോകങ്ങള്‍ക്കു മുമ്പില്‍ നാം നമ്രശിരസ്‌കരായി, പുളകിതരായി, പുഷ്പിതരായി! പക്ഷെ ഈ ആഘോഷ നാളുകളിലൊന്നില്‍ പൊലിഞ്ഞു പോയ ഇന്ദ്രമേഘ്‌വാള്‍ എന്ന കുട്ടിയുടെ ചിത്രം മറക്കാന്‍ കഴിയാത്ത വിധം നമ്മെ തുറിച്ചു നോക്കിക്കൊണ്ടേയിരിക്കുന്നു! ജാതി വെറിയുടെ ക്രൗര്യത്തോടെ!

രാജസ്ഥാനിലെ സയ്‌ല ഗ്രാമത്തിലെ ഒരു ഒമ്പതു വയസ്സുകാരന്‍ കുട്ടിയായിരുന്നു ഇന്ദ്ര. അവന്‍ പഠിച്ചിരുന്ന സ്‌കൂളിലെ കുടിവെള്ള പാത്രത്തില്‍ തൊട്ടുവെന്ന കുറ്റത്തിന് ക്രൂരമായി മര്‍ദ്ദന മേറ്റ് അവന്‍ വീഴുകയായിരുന്നു. ജൂലൈ 20ന് മര്‍ദ്ദനമേറ്റ അവന്റെ കണ്ണും മൂക്കും ചെവിയുമെല്ലാം ചുവുന്നു തുടുത്തു നീരുവന്നു വീങ്ങിയിരിക്കുന്നു. ഗുരുതരാവസ്ഥയില്‍ അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടി ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ പരാജയപ്പെട്ടു പോയി! ജീവിക്കുന്നതിനു വേണ്ടിയെന്ന പോലെ ജീവന്‍ നിലനിര്‍ത്തുന്നതിനു വേണ്ടിയും പൊരുതിപ്പരാജയപ്പെടുന്നവരില്‍ അവനും ഒരുവനായി! അതാവണമല്ലോ ദരിദ്രകോടികളുടെ നാട്!

ഇന്ദ്രയുടെ മരണം കേവലം യാദൃശ്ചികമോ ഇത്തരത്തിലുള്ള ആദ്യത്തേതോ അല്ല! നൂറ്റാണ്ടുകളുടെ അടിമത്തത്തിലും അയിത്തത്തിലും കിടന്ന് നരകിച്ച ദളിത് വിഭാഗത്തിലെ ഒരു കുട്ടിയായി ജനിച്ചുവെന്നതാണ് അവന്റെ ദുരന്തം. രോഹിത് വെമൂല ആത്മഹത്യ കുറിപ്പിലൂടെ ലോകത്തോടു പറഞ്ഞതു പോലെ അവന്റെ ജന്മമായിരുന്നു അവന്‌റെ മരണകാരണം. രാജസ്ഥാനിലെ സവര്‍ണ്ണരായ രജ് പുത് വിഭാഗത്തില്‍പ്പെട്ട ചയില്‍സിങ് എന്ന തന്റെ അദ്ധ്യാപകനാല്‍ തച്ചു കൊല്ലപ്പെടുമ്പോള്‍ ഇന്ദ്രയ്ക്കറിയില്ലായിരിക്കാം. ‘ജാതി’ എന്നത് എന്താണെന്ന്! കുടിവെള്ളത്തിന് ജാതി ഉണ്ടെന്ന്! തൊട്ടുകൂടായ്മ ഉണ്ടെന്ന പാഠം അവനെ അയാള്‍ പഠിപ്പിച്ചിട്ടുണ്ടായിരുന്നോ ആവോ!

എന്റെ ജന്മമാണ് എന്റെ മരണകാരണം :
രോഹിത് വെമൂല

ഇന്ത്യയുടെ സാമൂഹ്യ ജീവിതത്തില്‍ ജാതി ഒരു വിഷവൃക്ഷം പോലെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുകയാണ്. അതിന്റെ വേരും പടലും കായും പൂവും നമ്മുടെ സമാധാന ജീവിതത്തേയും സമത്വ ചിന്തകളേയും മുറിവേല്‍പ്പിക്കുകയാണ്.

നവോത്ഥാന കാലഘട്ടത്തില്‍ നിന്നും ഏറെ മുന്നോട്ടു പോകുവാന്‍ കേരളത്തിനു പോലും കഴിഞ്ഞിട്ടില്ലായെന്ന വസ്തുത നാം കാണാതിരിക്കരുത്. ശ്രീനാരായണഗുരുവും മഹാത്മ അയ്യങ്കാളിയും ഉഴുതു മറിച്ച കേരളത്തിന്റെ നവോത്ഥാന മണ്ണില്‍ ഇന്നും ജാതി ചിന്തകളുടെ മാറാല ഒളിപ്പിച്ച മനസ്സുകളുമായി ജീവിക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ ഉണ്ട് എന്നറിയുന്ന നമുക്ക് ഇതരഭാരതത്തിലെ സവര്‍ണ്ണമേധാവിത്വ മേഖലയിലെ സാഹചര്യം എന്തായിരിക്കുമെന്ന കാര്യം ചിന്തിക്കാവുന്നതല്ലേ ഉള്ളു!

75-ാം സ്വാതന്ത്ര്യ വാര്‍ഷികപ്പിറ്റേന്ന് പത്രത്തില്‍ കണ്ട മറ്റൊരു വാര്‍ത്തയും അതിശയമുണര്‍ത്തുന്നതായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുമുള്ള ഒരു റിപ്പോര്‍ട്ടായിരുന്നു അത്. സാക്ഷാല്‍ പെരിയോരുടെ നാട്ടില്‍ നിന്ന്! സ്വാതന്ത്ര്യദിനത്തില്‍ 19 ദളിത് പഞ്ചായത്ത് പ്രസിഡന്റുമാര്‍ ആദ്യമായി ദേശീയ പതാക ഉയര്‍ത്തി എന്നതായിരുന്നു വാര്‍ത്തയുടെ കാതല്‍. തമിഴ്‌നാട് അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ തമിഴ്‌നാട്ടിലെ 386 ഗ്രാമപഞ്ചായത്തുകളെ ഉള്‍പ്പെടുത്തി 24 ജില്ലകളിലായി ഒരു സര്‍വ്വേ സംഘടിപ്പിക്കുകയുണ്ടായി. സര്‍വേ ഫലമനുസരിച്ച് 22 ഗ്രാമപഞ്ചായത്തുകളില്‍ ദളിത് പഞ്ചായത്തു പ്രസിഡന്റുമാരെ കസേരയില്‍ ഇരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് കണ്ടെത്തി. 42 പഞ്ചായത്തുകളില്‍ നെയിം ബോര്‍ഡ് വയ്ക്കാന്‍ അനുവാദമില്ലെന്നും സര്‍വേ ചൂണ്ടിക്കാട്ടി. പട്ടികജാതി പ്രസിഡന്റുമാര്‍ക്ക് പതാക ഉയര്‍ത്താന്‍ അനുവാദമില്ലാത്ത 20 ഗ്രാമപഞ്ചായത്തുകളുണ്ടെന്ന വിവരവും സര്‍വേ പറയുന്നു. വില്ലുപുരം വടക്കുച്ചിപ്പാളയത്ത് പഞ്ചായത്തു പ്രസിഡന്റ് പതാക ഉയര്‍ത്തുന്നതു തടയാന്‍ നേതൃത്വം നല്‍കിയത് ഗ്രാമസഭാ സെക്രട്ടറിയായിരുന്നുവത്രേ! പുതുക്കോട്ടയിലെ തന്നെ സേന്തങ്കടി ഗ്രാമത്തില്‍ കീഴയ്യൂർ സര്‍ക്കാര്‍ സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്താനെത്തിയ ദളിത് പഞ്ചായത്ത് പ്രസിഡന്റിനെ സവര്‍ണ്ണഹിന്ദുക്കള്‍ തടഞ്ഞു. തുടര്‍ന്ന് ഹെഡ് മാസ്റ്റര്‍ പഞ്ചായത്തു പ്രസിഡന്റിനെ മടക്കി അയക്കുകയായിരുന്നു! നമ്മുടെ തൊട്ടടുത്ത തമിഴ്‌നാട്ടിലെ തിരംഗ് മഹോത്സവം ഇപ്രകാരമാണാഘോഷിച്ചതെങ്കില്‍ ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്ത തുല്യനീതിയും അവസരസമത്വവും എന്നേക്കിനി സ്വപ്‌നം കാണാനാകും!

‘മനുഷ്യാണാം മനുഷ്യത്വം
ജാതിര്‍ ഗോത്വം ഗവാംയഥാ-
ന ബ്രാഹ്‌മണാദിരസൈവം
ഹാ തത്ത്വം വേത്തി കോപിന’
‘പശുക്കള്‍ക്ക് ഗോത്വം എന്ന ജാതിയുള്ളതു പോലെ മനുഷ്യര്‍ക്ക് മനുഷ്യജാതിയുണ്ട്. ബ്രാഹ്‌മണാദി ജാതിയില്ല. എന്നാല്‍ കഷ്ടം! പരമാര്‍ത്ഥദർശികളായി ആരുമില്ല’ എന്നായിരുന്നു ശ്രീനാരായണഗുരുദേവന്‍ അരുളി ചെയ്തത്.

‘ജാതി ഒന്നാണെന്നതിന് തെളിവൊന്നും വേണ്ടല്ലോ. ഒരു പട്ടി വേറൊരു പട്ടിയെ കണ്ടാല്‍ അതിന്റെ സ്വന്തം ജാതിയാണെന്ന് മനസ്സിലാക്കുന്നു. എല്ലാ മൃഗങ്ങള്‍ക്കും ഒരു വകതിരിവുണ്ട്. അതനുസരിച്ചു ജീവിക്കുന്നുമുണ്ട്. മനുഷ്യര്‍ക്ക് മാത്രം സംശയം. സ്വന്തം ജാതി തിരിച്ചറിയാനുള്ള ശക്തിയില്ല. മൃഗങ്ങളെക്കാളും മോശം! ഗുരു വീണ്ടുമൊരു സന്ദര്‍ഭത്തില്‍ വിവരിച്ചതിങ്ങനെ. ഗുരുവിനോടു ജാതി ഏതാഎന്ന് ചോദിച്ചവനോട് ‘കണ്ടാല്‍ അറിയാത്തവനോടു പറഞ്ഞിട്ടെന്ത്’ എന്നാണ് മറ്റൊരു സന്ദര്‍ഭത്തിലെ പ്രതികരണം! ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്’ എന്ന അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം ഗുരു പറഞ്ഞു വച്ചു! എന്നിട്ട് അതൊഴിച്ചെല്ലാം നാം ഓര്‍ക്കുന്നു.

‘മനുഷ്യന് ജാതിയില്ലെന്ന് നാം പറഞ്ഞതായി എഴുതി വയ്ക്കണം. ജാതിയുണ്ടെന്ന വിചാരം പോകണം. ജാതിയെ സൂചിപ്പിക്കുന്ന പേരുകള്‍ പോലും ഉപയോഗിക്കരുത്. ഓര്‍ത്തു നോക്കൂ. നാം മനുഷ്യരെല്ലാം ഒറ്റജാതി. ബ്രാഹ്ണര്‍, പുലയര്‍, ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ എന്നിങ്ങനെ മതഭേദവും ജാതി വ്യത്യാസവും മനുഷ്യര്‍ തന്നെ ഉണ്ടാക്കിയതാണ്. എല്ലാ മനുഷ്യരും ഒരുപോലെ ജനിക്കുന്നു. ഒരു പോലെ മരിക്കുന്നു. എല്ലാ മനുഷ്യരുടെ മാംസവും മജ്ജയും ഒരുപോലെ തന്നെ. ജാതിഭേദവും, അയിത്തവും തീണ്ടലുമൊക്കെ കൃത്രിമമാണ്. ഇപ്രകാരം കാലത്തേയും ലോകത്തേയും വഴി തെളിക്കുന്ന എത്രയെത്ര ശ്രീനാരായണദര്‍ശനങ്ങളാണ് നിഷ് ഫലമാകുന്നത്.

ദളിതനും ആദിവാസിയും അരികുവല്‍ക്കരണത്തിനു വിധേയമാകുമ്പോള്‍, അവന്റെ മുന്നില്‍ പൗരാവകാശങ്ങളും തുല്യനീതിയും വാതിലടക്കപ്പെട്ട് വെളിയില്‍ നില്‍ക്കുമ്പോള്‍ നമ്മുടെ ഉള്ളം നീറുന്നില്ല. വൈക്കത്തെ ഇണ്ടംതുരുത്തി മനയിലെ നമ്പൂതിരി മഹാത്മാഗാന്ധിയോടു തര്‍ക്കിച്ചുകൊണ്ടു പറഞ്ഞ പോലെ ‘അവരുടെ മുജ്ജമ്മ കാലത്തെ ചീത്ത കര്‍മ്മങ്ങളുടെ ഫലമായാണ് അവര്‍ ഈ ജാതിയില്‍ പിറന്നത്. അതുകൊണ്ടു തന്നെയാണ് അവരിപ്രകാരം ശിക്ഷിക്കപ്പെടുന്നത്. ഞങ്ങള്‍ ശരിയാണെന്ന് ഞങ്ങള്‍ വിചാരിക്കുന്നു” ഈ മനോഭാവത്തിന്റെ ലാഞ്ചനയെങ്കിലും നമ്മുടെ നിസ്സംഗത ബോധത്തെ സ്വാധീനിക്കുന്നുണ്ടാവണം. അട്ടപ്പാടിയിലെ പട്ടിണിക്കാരനായ മധുവിനെ ഭക്ഷണം മോഷ്ടിച്ചു തിന്നതിന്റെ പേരില്‍ കൂട്ടം ചേര്‍ന്ന് അടിച്ചു കൊന്നത് നാം കണ്ടതാണല്ലോ! സമൂഹ മന:സ്സാക്ഷിക്കുമേല്‍ മനുഷ്യമൃഗങ്ങള്‍ നടത്തിയ കൊടുംപാതകം കൂടിയായിരുന്നു ആ സംഭവം. എന്നിരിക്കിലും അതിന്റെ വിചാരണ വേളയില്‍ മിക്കവാറും എല്ലാ സര്‍ക്കാര്‍ സാക്ഷികളേയും സ്വാധീനിക്കാനും കൂറുമാറ്റാനും കഴിയുന്ന സാഹചര്യം ഇവിടെ നിലനിന്നിരുന്നു എന്‌നത് എത്ര ദുഃഖകരമാണ്. ഇത്തരം അവസ്ഥകള്‍ക്ക് മാറ്റമുണ്ടാകാത്തിടത്തോളം നാം നേടിയ പുരോഗതിയുടെ പൊള്ളത്തരങ്ങള്‍ വെളിച്ചത്തു വന്നുകൊണ്ടേയിരിക്കും.

ഇന്ത്യന്‍ സാമൂഹ്യജീവിതത്തില്‍ രൂഢമൂലമായിക്കിടക്കുന്ന ഗോത്രവ്യവസ്ഥയും അതിന്റെ ഉള്ളിലെ ആചാരാനുഷ്ഠാനനിബദ്ധമായ ജാതി സങ്കീര്‍ണ്ണതകളും ജനാധിപത്യത്തിന്റെ വളര്‍ച്ചയ്ക്കും സാംസ്‌കാരിക മുന്നേറ്റത്തിനും വിഘാതം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നുവെന്നത് ഗൗരവമുള്ള യാഥാര്‍ത്ഥ്യമാണ്. ജാതിയേയും മതത്തേയും വെവ്വേറെ കളങ്ങളില്‍ സംരക്ഷിച്ചു നിലനിര്‍ത്തുകയും സഹകരിപ്പിക്കേണ്ടിടത്ത് സഹകരിപ്പിക്കുകയും പകയോടെ അകറ്റി നിര്‍ത്തേണ്ടിടത്ത് അപ്രകാരം ചെയ്യുകയും ചെയ്യുന്ന കൗടില്യബുദ്ധിയാണ് ഭരണവര്‍ഗ്ഗം ദയാരഹിതമായി വച്ചുപുലര്‍ത്തുന്നത്. അതുകൊണ്ടാണ് സ്വന്തം കുലപെരുമയുടെയും സ്വത്വമഹിമയുടെയും വ്യാജങ്ങള്‍ മയക്കു മരുന്നുകളായി നുണഞ്ഞിറക്കിക്കൊണ്ട് നൂറ്റാണ്ടുകളായി കഴിഞ്ഞുകൂടുന്ന ജനതതിയെ യഥാര്‍ത്ഥ നാഗരികതയുടെയും സാങ്കേതിക ശാസ്ത്ര വിപ്ലവത്തിന്റെയും വെള്ളി വെളിച്ചത്തില്‍ നിന്നും അകറ്റി നിര്‍ത്തുവാന്‍ യജമാന വര്‍ഗ്ഗത്തിനു എളുപ്പം കഴിയുന്നത്. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും അജ്ഞതയുടെ അന്ധകാരത്തില്‍ കിടക്കുമ്പോള്‍ സാംസ്‌കാരിക മുന്നേറ്റത്തിനും നവോത്ഥാന ചിന്തകള്‍ക്കും എന്തു പ്രസക്തിയാണുള്ളത് .അതുകൊണ്ട് ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയില്‍ നിന്നും വര്‍ണാധിഷ്ഠിതമായ ജാതി ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കപ്പെടണം. അതിനുള്ള സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ക്കു വേണ്ടിയുള്ള കര്‍മ്മപരിപാടികള്‍ക്കു ഓരോ ജനാധിപത്യ പ്രസ്ഥാനങ്ങളും മുന്‍കൈ എടുക്കണം. ഉല്‍പതിഷ്ണുതയും പുരോഗമന പ്രവര്‍ത്തനങ്ങളും മുഖമുദ്രയാക്കിയ പുതിയൊരു യൗവ്വനം വഴികാട്ടികളാകണം. എല്ലാ രാഷ്ട്രീയ മതജാതി പ്രസ്ഥാനങ്ങളും സ്വയം നവീകരണത്തിനു വിധേയമാകണം. അതിനുള്ള ചിന്തകള്‍ക്കു തീപ്പൊരിയാകുവാന്‍ നമുക്കു ചിലതു ചെയ്യാനാകും. മഹാത്മാഗാന്ധി പറഞ്ഞ പോലെ, ‘സമൂഹം ആദ്യം നിങ്ങളെ അവഗണിക്കും, പിന്നെ പരിഹസിക്കും. പിന്നെ പോരടിക്കും. ഒടുവില്‍ നിങ്ങള്‍ ജയിക്കും.’

Author

Scroll to top
Close
Browse Categories