ചിത്രാപൗര്‍ണ്ണമിയിലെ
അറിവിന്റെ
മഹാപ്രകാശത്തിന്
നൂറ്റിപ്പത്ത്
ഗുരുവിന്റെ ക്ഷേത്രസങ്കല്‍പ്പത്തിന്റെ മകുടോദാഹരണമാണ് ശിവഗിരിയിലെ ശാരദ. മറ്റ് പരമ്പരാഗത ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി, കാറ്റും പ്രകാശവും കടന്നു വരത്തക്ക രീതിയില്‍, അഷ്ടകോണാകൃതിയില്‍ നിര്‍മ്മിക്കപ്പെട്ടതാണീ ക്ഷേത്രം. ചുറ്റും മനോഹരമായ രീതിയില്‍ നാനാവര്‍ണ്ണമുള്ള ചില്ലുകള്‍ പതിപ്പിച്ച ജനാലകള്‍ വച്ചിട്ടുണ്ട്. തൂവെള്ള നിറത്തിലുള്ള കെട്ടിടത്തിനുചുറ്റും പഞ്ചാരമണല്‍ തൂകിയിരിക്കുന്നു. അതിനുചുറ്റും ഒരരമതിലുമുണ്ട്. ഇവിടെ നിവേദ്യങ്ങളൊന്നും തന്നെയില്ല. അഭിഷേകങ്ങളുമില്ല. ശാരദാമ്മയ്ക്ക് പൂവിട്ട് വിളക്ക് വച്ച് പ്രാര്‍ത്ഥിക്കുന്നുവെന്നു മാത്രം.
ശിവഗിരിയില്‍ ശ്രീനാരായണഗുരു സ്ഥാപിച്ച ശാരദാമഠത്തിന് 110 വയസ്സ് തികയുന്നു. ഇവിടെ ശാരദാദേവിയെ അറിവിന്റെ ദേവതയായാണ് ഗുരു പ്രതിഷ്ഠിച്ചിരിക്കുന്നത്. സകലതും അറിവായിരിക്കുമ്പോള്‍, നമുക്ക് സകലവും പ്രദാനം ചെയ്യുന്ന രാജയോഗജനനിയായി ഗുരു ശാരദയെ അവതരിപ്പിച്ചിരിക്കുന്നു. 1912 ഏപ്രില്‍-മേയ് മാസം പ്രതിഷ്ഠിച്ച ഈ അറിവിന്റെ ദേവതക്കു മുമ്പില്‍ ഓരോ വര്‍ഷവും ആയിരക്കണക്കിനു കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുവാനെത്തുന്നു.
ശാരദാപ്രതിഷ്ഠയുടെ സവിശേഷതയും
ശാരദാക്ഷേത്രത്തിന്റെ അതുല്യതയും
ഗുരുവിന്റെ ക്ഷേത്രസങ്കല്‍പ്പത്തിന്റെ മകുടോദാഹരണമാണ് ശിവഗിരിയിലെ ശാരദ. മറ്റ് പരമ്പരാഗത ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി, കാറ്റും പ്രകാശവും കടന്നു വരത്തക്ക രീതിയില്‍, ജനാലകള്‍ വച്ചിട്ടുണ്ട്. തൂവെള്ള നിറത്തിലുള്ള അഷ്ടകോണാകൃതിയില്‍ നിര്‍മ്മിക്കപ്പെട്ടതാണീ ക്ഷേത്രം. ചുറ്റും മനോഹരമായ രീതിയില്‍ നാനാവര്‍ണ്ണമുള്ള ചില്ലുകള്‍ പതിപ്പിച്ച കെട്ടിടത്തിനുചുറ്റും പഞ്ചാരമണല്‍ തൂകിയിരിക്കുന്നു. അതിനുചുറ്റും ഒരരമതിലുമുണ്ട്. ഇവിടെ നിവേദ്യങ്ങളൊന്നും തന്നെയില്ല. അഭിഷേകങ്ങളുമില്ല. ശാരദാമ്മയ്ക്ക് പൂവിട്ട് വിളക്ക് വച്ച് പ്രാര്‍ത്ഥിക്കുന്നുവെന്നു മാത്രം. വെളുത്ത താമരയില്‍ നിലകൊള്ളുന്ന ശാരദാമ്മയുടെ സുന്ദരരൂപം ഒരിക്കല്‍ ദര്‍ശിച്ചവരെ ആ കാഴ്ച, വീണ്ടും അവരെ അങ്ങോട്ടേക്ക് അടുപ്പിക്കും. ഗുരുവിന്റെ പ്രതിഷ്ഠകളില്‍ വച്ച് അതിവിശിഷ്ടവും അതുല്യവുമാണ് ശിവഗിരിയിലെ ശാരദാ പ്രതിഷ്ഠ. 1912, മേടമാസത്തിലെ പൗര്‍ണ്ണമി നാളിലാണ് ഗുരു ശാരദാദേവിയെ പ്രതിഷ്ഠിച്ചത് (1912, ഏപ്രില്‍-മേയ് മാസമാണ് വരുന്നത്). എസ്.എന്‍.ഡി.പിയോഗത്തിന്റെ 9-ാം വാര്‍ഷിക സമ്മേളനവും അന്നവിടെ നടക്കുകയുണ്ടായി. പ്രതിഷ്ഠയുടെ സവിശേഷത കൊണ്ടും ക്ഷേത്രത്തിന്റെ അതുല്യതകൊണ്ടും ശിവഗിരി ശാരദാമഠത്തിന് ക്ഷേത്ര പാരമ്പര്യചരിത്രത്തില്‍ അദ്വിതീയ സ്ഥാനമാണുള്ളത്.
ഉത്തമമായ ഈശ്വരാരാധനാക്രമം
പരമ്പരാഗത ക്ഷേത്രങ്ങളുടെ ആരാധനാസമ്പ്രദായങ്ങളില്‍ നിന്ന് വ്യത്യസ്തമായി, സകലര്‍ക്കും ഒരുപോലെ ഈശ്വരനെ ആരാധിക്കാവുന്ന ഒരുത്തമ ആരാധനാക്രമമാണ് ഗുരു, ശാരദാക്ഷേത്രത്തില്‍ നടപ്പില്‍ വരുത്തിയത്. അധികം പണച്ചെലവൊന്നുമില്ലാതെ എല്ലാവര്‍ക്കും ഈശ്വരനെ ആരാധിക്കാവുന്ന ഒരിടമാണ് ശിവഗിരിയിലെ ശാരദാമഠം. നിലവിലുണ്ടായിരുന്ന ആരാധനാരീതികളേക്കാള്‍ ഒരുപരമമാര്‍ഗത്തിന്റെ മാതൃക കാണിക്കുകയാണ് ശാരദാപ്രതിഷ്ഠയിലൂടെ ഗുരു സാധ്യമാക്കിയത്. ഭക്തര്‍ക്ക് അവിടെവന്ന് സ്തോത്രങ്ങള്‍ ചൊല്ലി ആരാധന നടത്താവുന്നതാണ്.
ജനനീനവരത്നമഞ്ജരി
ഈ പ്രതിഷ്ഠാവേളയില്‍ ദേവിയെ ധ്യാനിക്കുവാനായി ഗുരു രചിച്ചു നല്‍കിയ കൃതിയാണ് ജനനീനവരത്നമഞ്ജരി. ഗുരുവിന്റെ ദേവീസ്തോത്രകൃതികളില്‍, ദര്‍ശനത്തനിമകൊണ്ടും ഭാഷാപ്രയോഗംകൊണ്ടും ഏറെ പ്രാധാന്യമുള്ളതാണ് ജനനീ നവരത്നമഞ്ജരി. ദേവിയെ സ്തുതിച്ചുകൊണ്ടുള്ള ഒന്‍പത് രത്നങ്ങളാണിവ. സര്‍വ്വവിദ്യകളുടെയും അധിപതിയായിരിക്കുന്ന ജനനിക്ക് നല്‍കുന്ന ഒരു കാവ്യാര്‍ച്ചന. ഈ കൃതി നിത്യവും പാരായണം ചെയ്താല്‍ അതിമഹത്തായിരിക്കുന്ന ജനനിയുടെ അഖണ്ഡാനുഭൂതിയിലെത്താനാകും.
വാസ്തവത്തില്‍ ഉള്ളത് എന്താണോ അതിനെക്കാണാതെ, ഭൗതികവിഷയസുഖങ്ങള്‍ക്കു പിന്നാലെ പാഞ്ഞാല്‍ ദുഃഖമായിരിക്കും ഫലമെന്ന് ഇതിന്റെ ആദ്യശ്ലോകത്തില്‍ത്തന്നെ ഗുരു സൂചിപ്പിക്കുന്നു. മനുഷ്യജീവിതത്തിന്റെ പൊതുസ്വഭാവത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട്, അവനെ ദുഃഖത്തില്‍നിന്നും കരകയറ്റുന്നതിന് പ്രപഞ്ചത്തിന്റെ അമ്മയായിരിക്കുന്ന സത്യസ്വരൂപത്തിലേക്ക് ആനയിക്കുന്ന വേദാഗമസാരങ്ങളാണ് ജനനീനവരത്നമഞ്ജരി. പ്രപഞ്ചത്തിലെ എണ്ണമറ്റ നാമരൂപങ്ങള്‍ ഉള്ളതായിത്തോന്നുന്ന സ്ഥൂലമായ അറിവില്‍പ്പെട്ട് ഉള്ളതിനെ ഇല്ലാത്തതായും ഇല്ലാത്തതിനെ ഉള്ളതായും ധരിച്ച് ജീവിക്കേണ്ടിവരുന്നതുകൊണ്ടാണ് ഈ ദുഃഖങ്ങളെല്ലാം ഉണ്ടാകുന്നത്. ഇതിനു കാരണമാകുന്ന മായയാകുന്ന ആവരണത്തെ മാറ്റി, അല്ലയോ അമ്മേ, നിന്‍പാദതാരിലണയുവാനുള്ള പരമഗതി എനിക്കുണ്ടാകണേ എന്നാണ് ദേവിയോട് പ്രാര്‍ത്ഥിക്കുന്നത്. അതിനും നിന്റെ കാരുണ്യം ആവശ്യമാണ്.
ഈ പ്രപഞ്ചത്തില്‍ മാനായും മീനായും നാഗമായും പക്ഷിയായും പര്‍വതമായും ഭൂമിയായും നദിയായും നരിയായും നരനായും ഞാനായും എനിക്കറിയേണ്ട വിഷയമായും എന്റെ കര്‍മ്മമായും സുഖമായും ഒക്കെ ആയി തീര്‍ന്നിരിക്കുന്നത് നീയാണെന്നത് മറക്കുമ്പോഴാണ് നാം ആടലാകുന്ന കടലില്‍ വീണ് എരിയുവാനിടയാകുന്നത്. നൈമിഷികമായ സംഖവിഷയങ്ങളില്‍പ്പെട്ട് പരക്കം പായുന്ന ജനങ്ങള്‍ അറിവാകുന്ന ദേവിയില്‍ മനസ്സര്‍പ്പിച്ചുകൊണ്ട് അഥവാ ദേവിയാകുന്ന അറിവില്‍ സ്ഥിതിചെയ്തുകൊണ്ട് ജീവിതം നയിച്ചാല്‍ പരമഗതി പ്രാപിക്കാന്‍ ഇടവരുമെന്ന് ജനനീനവരത്നമഞ്ജരിയിലൂടെ മഹാഗുരു നമ്മോടോതുന്നു. എല്ലാ അറിവും ഉണ്ടാകുന്നത് ഒരൊറ്റ ബോധത്തിലാണ്. ഒരാളിന്റെ ബോധസത്തയുടെ വ്യാപ്തി എത്രയാണെന്ന് അളന്ന് തിട്ടപ്പെടുത്താനാകില്ല. ഒരാളിന്റെ അറിവിന്റെ വ്യാപ്തിക്കുള്ളില്‍ വരാത്തത് അറിവിനപ്പുറമുള്ളതാണ്. അതും ഒരു അറിവാണ്. അതായത് അറിവിന്റെ മണ്ഡലത്തിന് പുറത്തുള്ളത് എന്ന് കരുതിയതുപോലും വാസ്തവത്തില്‍ അറിവിനുള്ളിലാണ്. ആ അറിവ് അനന്തവ്യാപ്തിയുള്ളതാണ്. അനന്തവ്യാപ്തിയുള്ള അറിവ് പലതാകാന്‍ തരമില്ല. അത് ഏകമായ അറിവാണ് അഥവാ ‘പരമാവധി ബോധമാണ്’. ഈ ഏകദൈവമാണ് സകലതിനെയും പ്രഭവിപ്പിക്കുന്ന ജനനി.
നൂറ്റിപത്ത് തികയുന്ന ശിവിഗിരിയിലെ അറിവിന്റെ മഹാപ്രകാശത്തെ നാം ഓരോരുത്തരും സ്വാംശീകരിക്കുകയും ആ പ്രകാശത്തിന്റെ തണലില്‍ നിന്നുകൊണ്ട് ജീവിതസുഖം അനുഭവിക്കുകയും വേണം. ശാരദാപ്രതിഷ്ഠയിലൂടെ ഗുരു വരച്ചുകാട്ടിയതും ജനനീനവരത്നമഞ്ജരിയിലൂടെ പകര്‍ന്നുനല്‍കിയ അറിവിനെയും ചേര്‍ത്ത് വച്ചുവേണം ശിവഗിരിയിലെ ശാരദാമഠത്തിന്റെ സവിശേഷത നാം മനസ്സിലാക്കേണ്ടത്. ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ക്ക് എക്കാലവും മാതൃകയാക്കാവുന്ന ഒന്നാണ് ശിവഗിരിയിലെ ശാരദാമഠം.