ചരിത്രബോധം നഷ്ടമാകുന്ന ഭരണകൂടങ്ങൾ
ശ്രീനാരായണഗുരുവിനേയും തമിഴകത്തെ നവോത്ഥാന നായകനായ പെരിയോറേയും കന്നഡ പാഠപുസ്തകങ്ങളില്‍ നിന്നും വെട്ടിമാറ്റാന്‍ നീക്കം നടക്കുന്നു. തമിഴക തന്റേട പ്രസ്ഥാനത്തേയും ദ്രാവിഡ സംഘത്തേയും ത്വരിപ്പിച്ച മാതൃകയായിരുന്നു ഗുരു. കര്‍ണാടകത്തിലെ ആധുനിക കാല സമൂഹ്യ മാറ്റത്തിനും അദ്ദേഹം പ്രത്യക്ഷമായും പരോക്ഷമായും പ്രേരണയും മാതൃകയുമായി.ഗുരുവിന്റെ സാമൂഹ്യ പ്രക്ഷോഭത്തില്‍ പ്രചോദനം കൊണ്ടാണ് ആദ്യം ദേശീയവാദ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന പെരിയോര്‍ രാമസാമി നായ്ക്കര്‍ വൈക്കം സത്യഗ്രഹത്തിലേക്കു വന്നു പ്രസംഗിച്ച് തടങ്കല്‍
വരിച്ചത്. അയലത്തു നടക്കുന്നത് കണ്ണടച്ചിരുട്ടാക്കി നാം കണ്ടിരുന്നുകൂട.
അനീതിയോട് അരുതെന്നു പറയേണ്ടതുണ്ട്.
ഗുരുവിനെ നമ്മുടെ അയല്‍ക്കാരും സഹോദരങ്ങളും സാമൂഹ്യ ശാസ്ത്ര പാഠപുസ്തകങ്ങളില്‍ നിന്നു വെട്ടിനീക്കുന്നു എന്നു പറയുമ്പോള്‍ നാമദ്ദേഹത്തോടു ചെയ്യുന്ന കാര്യങ്ങളും അദ്ദേഹമവശേഷിപ്പിക്കുന്ന നൈതിക വിമര്‍ശബോധത്തോടെ ഓര്‍ക്കേണ്ടതുണ്ട്. കന്‍ഷിറാമും മായാവതിയുമെല്ലാം ശ്രീ നാരായണഗുരുദേവ് എന്നു പറഞ്ഞ് ഗുരുവിന്‍ ശില്പങ്ങളും വാക്കുകളും യു. പി. യിലെമ്പാടും കൊത്തിവയ്പ്പിക്കുകയായിരുന്നു. ഫൂലേയോടും ഷാഹുമഹാരാജിനോടും അംബേദ് കറോടും ഒപ്പമുള്ള ചിത്രങ്ങളും സ്മാരകമന്ദിരങ്ങളും ഉത്തരേന്ത്യന്‍ ദലിതബഹുജനങ്ങള്‍ ഗുരുവിനു നല്‍കിയാദരിച്ചു.
എന്നാല്‍ കേരളത്തില്‍ വര്‍ണവരേണ്യരും പുരോഗമന ഇടതുവലതു ഭേദമില്ലാത്ത മലയാള കുലീനരും അവരുടെ പിണിയാളുകളായ അനുകര്‍ത്താക്കളും ഗുരുവിനെ ചെറുതാക്കാനും ഇകഴ്ത്താനും മുന്നിലായിരുന്നു. ഗുരുവിനെ ബ്രിട്ടീഷുകാരുടെ പാദദാസനായി പോലും പൊതുജനമധ്യത്തില്‍ ചിത്രീകരിക്കാന്‍ ശക്തരായിരുന്നു ഈ മലയാള ബ്രാഹ്മണികരും ക്ഷുദ്രരുമായ പൂജനീയ പിതൃരൂപങ്ങള്‍. ഗുരു സംസ്‌കൃതീകൃത വരേണ്യ ഹിന്ദു ദൈവങ്ങളെ പ്രതിഷ്ഠിച്ചു എന്നുപോലും ചില വര്‍ത്തമാന മാധ്യമ വീരന്മാര്‍ പറഞ്ഞു നടന്നു.”അയലുതഴപ്പതിനായഹര്‍നിശം പ്രയത്നി”ച്ച ഗുരുവചനങ്ങളെ ”അയലുതകര്‍പ്പനായി” പോലും പൂജനീയ മലയാള പണ്ഡിത മന്യര്‍ ഉദ്ധരിച്ചവമതിച്ചു. നിന്ദയ്ക്കും അതിരുണ്ടല്ലോ.പാശ്ചാത്യ ആധുനികതയേയും പ്രാചീന തെന്നിന്ത്യന്‍ സംഘസംസ്‌കാരത്തേയും കുറലടക്കമുള്ള തമിഴക ദ്രാവിഡ പാരമ്പര്യങ്ങളെയും ആധുനികമായി ഉള്ളുണര്‍ത്തിയ ഗുരുവിനെ കേവലം സംസ്‌കൃത വൈദിക വേദാന്ത ചിന്തയുടേയും ബ്രാഹ്മണിക അദ്വൈതവാദത്തിന്റേയും കേവലം അനുകര്‍ത്താവും പ്രാദേശിക പ്രയോക്താവും മാത്രമാക്കിയൊതുക്കി.
കേരളത്തില്‍ തന്നെ വാക്കുകളില്‍ ഒളിഞ്ഞും തെളിഞ്ഞും അക്ഷരപ്പിശകായി അഭിനയിച്ചും നിരവധി പ്രതിനിധാന ഹിംസാ വംശീയ പക വ്യവഹാരങ്ങള്‍ സവര്‍ണ-സിറിയന്‍ കുലീന സോദരര്‍ കാലാകാലം തരാതരം പോലെ ഇറക്കിപ്പോന്നു. 2022 ജനുവരി 26 ലെ റിപ്പബ്ലിക് പരേഡില്‍ നിന്നാണ് ഗുരു സമീപകാലത്ത് ഏറ്റവും പ്രമാദമായി പുറത്താക്കപ്പെട്ടത്.
മഹാമാരിയില്‍ മുടങ്ങി, കോവിഡാനന്തരം അരങ്ങേറിയ തൃശ്ശൂര്‍ പൂരത്തില്‍ നിന്നും ഗുരുവും അയ്യങ്കാളിയും മറ്റെല്ലാ അവര്‍ണരും കേരളത്തിനകത്തു തന്നെ പുറത്താക്കപ്പെട്ടു 2022 മെയ് മാസം ആദ്യം തന്നെ. അവിടെ വീഴുന്ന പണമധികവും ഹൈന്ദവരാകാന്‍ നടക്കുന്ന ഈ അവര്‍ണരുടേതാണു താനും. കഴിഞ്ഞ ഇരുപതു വര്‍ഷമായി പരമ്പരാഗത അവകാശങ്ങളും പ്രാതിനിധ്യവും പാറമേക്കാവ്, തിരുവന്‍പടി ദേവസ്വങ്ങളില്‍ ഈഴവര്‍ക്കു നിഷേധിച്ചിരിക്കുകയായിരുന്നു.പടിപടിയായി വെട്ടിനീക്കല്‍ വൈഷ്ണവമായ അമ്പാടിയായി മാറിയ അന്‍പടിക്കാരും അന്‍പലക്കാരും കാര്യക്കാരായി നടന്നുപോന്നു. പളളിത്താമവും അശോകേശ്വരവും മിഥുനപ്പളളിയും കാച്ചാനപ്പള്ളിയും അടങ്ങുന്ന ബുദ്ധാവശേഷിപ്പുകള്‍ തിരുവച്ചനൂരായ തിരുച്ചൂരില്‍ ഇന്നും അവശേഷിക്കുന്നു.
ജാതിഹിന്ദുക്കളാകാനല്ല, മനുഷ്യരാകാനും മനുഷ്യര്‍ നീതിബോധമുള്ളവരായി നന്നാകാനുമാണ് ഗുരു പഠിപ്പിച്ചത്. സഹോദരമതങ്ങളെ അദ്ദേഹം കണ്ടത് അനുകമ്പാദശകത്തില്‍ വായിക്കാം.
സ്വന്തം ചരിത്രം ജനത മറക്കുമ്പോള്‍ അധീശ അധികാര ശക്തികള്‍ അവരുടെ കടയ്ക്കല്‍ കത്തി വയ്ക്കുന്നു. വെറും കശാപ്പുമൃഗങ്ങളാക്കുന്നു.ഇത്തരം മൂടു മറക്കുന്ന, തല മറന്നുള്ള എണ്ണതേക്കലുകള്‍ പെരുകുകയാണ്. സത്യത്തിനും നീതിക്കും ചരിത്രത്തിനും നിരക്കാത്ത ഭരണഘടനാ അട്ടിമറികളും മറവികളും മായിക്കലുകളും കേരളത്തിലും പുറത്തും പെരുകുന്നു. യാഥാര്‍ഥ്യ ചരിത്ര ബോധങ്ങളെല്ലാം നഷ്ടപ്പെട്ട കര്‍ണാടകത്തിലെ ഭരണകൂടം തെന്നിന്ത്യന്‍ നാഗരീകത്തിന്റേയും നവോത്ഥാനത്തിന്റേയും അതുല്യ ശബ്ദവും വെളിച്ചവുമായ ശ്രീനാരായണഗുരുവിനേയും തമിഴകത്തെ നവോത്ഥാന നായകനായ പെരിയോറേയും സാമൂഹ്യ ശാസ്ത്ര പാഠപുസ്തകങ്ങളില്‍ നിന്നും വെട്ടിമാറ്റി. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സ്ഥാപക പിതൃരൂപമായ ഹെഡ്ഗേവാറിനെ കന്നഡ പാഠപുസ്തകങ്ങളിലൂടെ തിരുകിക്കയറ്റിയിരിക്കയാണ്. നവ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെയും ഭാഷാ ദുരഭിമാനം പെരുക്കി വര്‍ഗീയ ധ്രുവീകരണം നടപ്പാക്കുന്നു. ആധുനികതയേയും ഇംഗ്ലീഷിനേയും പുറത്താക്കി ഹിന്ദിയും സംസ്‌കൃതവും പെരുക്കുകയാണുദ്ദേശം. അയലത്തു നടക്കുന്നത് കണ്ണടച്ചിരുട്ടാക്കി നാം കണ്ടിരുന്നുകൂട. അനീതിയോട് അരുതെന്നു പറയേണ്ടതുണ്ട്.
കേരളത്തിലും തമിളകത്തും മാത്രമല്ല തെക്കന്‍ കര്‍ണാടകത്തിലും ഒരുനൂറ്റാണ്ടു മുമ്പുതന്നെ നേരിട്ടെത്തി സനാതന ഹിന്ദുമതത്താല്‍ തൊട്ടുകൂടാത്തവരാക്കപ്പെട്ട ബുദ്ധപാരമ്പര്യമുള്ള അടിസ്ഥാന അധ്വാന അവര്‍ണ ജനസഞ്ചയത്തിനായി പുത്തന്‍ കോവിലുകളും പള്ളിക്കൂടങ്ങളും സ്ഥാപിച്ച തെന്നിന്ത്യന്‍ നവോത്ഥാന ദാര്‍ശനീകനും മതേതര സാമൂഹ്യ പരിഷ്‌കരണ കര്‍തൃത്വവുമാണു ഗുരു. ഗുരു സ്ഥാപിച്ച പ്രബുദ്ധയായ മംഗലാദേവിയുടെ സ്വന്തമിടമായിരുന്ന മംഗലാപുരത്തെ കുദ്രോളി അമ്പലത്തില്‍ ഇന്നു വിധവകളായ ദലിത് വനിതകളാണു മേല്‍ശാന്തിമാരും പൂജാരിണികളുമായി വര്‍ത്തിക്കുന്നത്. ഇന്ത്യക്കും ലോകത്തിനും മാതൃകയും അനശ്വര പ്രചോദനവുമാണു ഗുരുവിന്റെ ഈ വിശ്വോത്തര മാനവിക സമതയുടെ സാമൂഹ്യ പ്രയോഗം. ശബരിമലയില്‍ മലയാളി നമ്പൂതിരി ബ്രാഹ്മണ പുരുഷര്‍ക്കുമാത്രമായി മേല്‍ശാന്തിപ്പണി ഇന്നും സംവരണം ചെയ്യപ്പെട്ടിരിക്കയാണ്. ഈഴവനായ ചീരപ്പന്‍ചിറ മൂപ്പീന്നിനുണ്ടായിരുന്ന അവകാശങ്ങള്‍ കാലക്രമേണ അന്യാധീനമാക്കിയെടുത്തു ജാതിഹിന്ദു ശക്തികള്‍. ഗുരുവായൂരും വൈക്കത്തും വടക്കുന്നാഥനിലും എല്ലാമിതു തന്നെയായിരുന്നു നടന്നത്.
ഗുരു തിരസ്‌കരിച്ച ഒരു ജാതിഹിന്ദു ആചാരവും കീഴ്വഴക്കവുമാണ് ബ്രാഹ്മണികവും ശൂദ്രവുമായ പ്രതിഷ്ഠാപനവും പൂജയും. ആരാധനയുടേയും മത, ധാര്‍മിക, മനുജ ജീവിതത്തിന്റേയും ജനായത്തവല്‍ക്കരണമായിരുന്നു ഈഴവ ശിവന്‍ എന്ന പ്രഖ്യാപനം. ഈഴമെന്ന സംഘത്തിന്റെ ശിവകാരകനായ ഗണനാഥനായ വിനായകനായ ബുദ്ധനേയാണ് ആറാട്ടുപുഴ 1852 ല്‍ ടി. മാധവറാവു എന്ന ദീവാനോടു പറഞ്ഞ പോലെ ഈഴവശിവനില്‍ സൂചിതമായിരിക്കുന്നത്. വര്‍ക്കലക്കുന്നില്‍ ഇന്ന് ഒരു നൂറ്റാണ്ടു പിന്നിട്ട ശാരദാ പ്രതിഷ്ഠയിലടക്കം ബ്രാഹ്മണ പൂജ കൊണ്ടുവന്നാലെന്തെന്ന് ഗുരുവിന്റെ അന്ത്യകാലത്ത് 1920 കളില്‍ ഒരു ചര്‍ച്ച വന്നു. അതിനെ അന്നു തന്നെ പരിപൂര്‍ണമായും നിരസിച്ചു കൊണ്ട് കേരള ആധുനികതയുടെ വിധാതാവായ ഗുരു പറഞ്ഞത് എന്നാല്‍ പോയതെല്ലാം, അതായത് വൈദികവും വര്‍ണാശ്രമപരവുമായ അനാചാരങ്ങളും അന്ധവിശ്വാങ്ങളുമെല്ലാം, തീണ്ടലും തൊടീലും ശുദ്ധാശുദ്ധ ബ്രാഹ്മണികാഭിരതികളും വരേണ്യതയും ഉച്ചനീചത്വവും തിരികെ വരും എന്നായിരുന്നു.
മാത്രമല്ല ഈഴവരുടേയും കീഴെയെന്ന് ജാതിവ്യവസ്ഥ ശട്ടം കെട്ടിയിരുന്ന ദലിതരേയും ദലിത് വനിതകളേയും തന്റെ എല്ലാ സ്ഥാപനങ്ങളിലും ഏകോദര സഹോദരങ്ങളും സ്വന്തം കുഞ്ഞുങ്ങളുമായി സകല സ്വാതന്ത്ര്യങ്ങളോടും സമഭാവനയോയും അനുകമ്പയോടും കൂടി അദ്ദേഹം സ്വീകരിക്കുകയും തന്റെ ശിഷ്യഗണങ്ങളെ ആ മാനവിക സാഹോദര്യഭാവനയും വിശ്വ സമുദായ ബോധവും പഠിപ്പിക്കുകയും ചെയ്തു. ഈഴവര്‍ പുലയരായാലേ മനുഷ്യരാകൂ എന്ന ഗുരു തത്വം മനസ്സിലായത് മൂലൂരിനേയും സഹോദരനെയും പോലെ കുറച്ചു പേര്‍ക്കു മാത്രമാണ്. ഗുരുവിനെ കുറിച്ചു പുസ്തകം എഡിറ്റു ചെയ്ത പി. കെ. ബാലകൃഷ്ണനതെഴുതിട്ടുണ്ട് ഈ മാനവിക സാഹോദര്യ തത്വം.
കന്നഡ പാഠപുസ്തകങ്ങളില്‍ ശ്രീനാരായണഗുരുവിനെയും പെരിയോര്‍ രാമസ്വാമിനായ്ക്കരേയും ഒഴിവാക്കിയിട്ടില്ല. ഗുരുദേവനെക്കുറിച്ചുള്ള അദ്ധ്യായം ഒരു ക്ലാസില്‍ നിന്നും മറ്റൊരു ക്ലാസിലേക്ക് മാറ്റുക മാത്രമാണ് ചെയ്തത്.
പെരിയോറെ കുറിച്ചുള്ള അദ്ധ്യായത്തില്‍ ഹിന്ദുക്കളെ വ്രണപ്പെടുത്തുന്ന ചില വരികള്‍ ഒഴിവാക്കിയിട്ടുണ്ട്.
ടിപ്പുസുല്‍ത്താനെ വാഴ്‌ത്തുന്ന ചില ഭാഗങ്ങള്‍ പാഠപുസ്തകത്തില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.
ആര്‍.എസ്.എസ് സ്ഥാപകന്‍ ഹെഡ്ഗെവാറിനെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത് ശരിയായ നടപടിയാണ്. മഹാനായ ദേശീയ വാദിയാണ് അദ്ദേഹം.
മൂലൂര്‍ കുറുമ്പന്‍ ദൈവത്താനും അയ്യന്‍കാളിയും ടി. ടി. കേശവന്‍ ശാസ്ത്രിയും ഓമലാളും കുഴലിയാളുമടക്കമുള്ള നിരവധി ദലിത് വനിതകളുമായി ചേര്‍ന്നു നടത്തിയ സാമൂഹ്യ വിപ്ലവങ്ങളും സഹോദരന്‍ പുലയനയ്യപ്പനായി മാറി പള്ളിപ്പുറം അയ്യനും മകന്‍ കണ്ണനുമായി ചേര്‍ന്നു നടത്തിയ പന്തിഭോജന സമര പരമ്പരകളുമെല്ലാം ഇങ്ങനെയാണ് കേരള സമൂഹത്തെ മാറ്റിമറിച്ചത്. തെന്നിന്ത്യന്‍ നാഗരീകത്തെ ഗുരുവും ശിഷ്യരും അടിത്തട്ടില്‍ മാറ്റിപ്പണിതു. മലബാറില്‍ മാത്രമല്ല, തുളുനാട്ടിലും തെക്കന്‍ കര്‍ണാടകത്തിലുമെത്തി അവിടെ ദലിതര്‍ക്കും വില്ലവര്‍ക്കും തീയര്‍ക്കുമെല്ലാം ആരാധനാലയങ്ങളും വിദ്യാലയങ്ങളും വായനശാലകളും സ്ഥാപിച്ചതും ഗുരു തന്നെയാണ്.കാശുണ്ടാക്കുന്ന തിരക്കില്‍ ഈഴവര്‍ തന്നെ സ്വന്തം ചരിത്രവും സംസ്‌കാരവും മറന്ന് ഹിന്ദുവിലെ ഒരു ജാതിയായി സ്വയം മാറി, നായരേയും നമ്പൂരിയേയും സവര്‍ണനേയും അനുകരിച്ചില്ലാതായി.
പ്രാചീന തമിഴകത്തിന്‍ ഭാഗമായിരുന്നു ചേരമെന്ന കേരളവും പാണ്ഡ്യ, ചോള നാടുകളും. എട്ടാം നൂറ്റാണ്ടുവരെയെങ്കിലും തെന്നിന്ത്യയുടെ പൊതുഭാഷയും പ്രാചീന പഴന്തമിഴായിരുന്നു എന്ന ചരിത്രവസ്തുതയും മറന്നുകൂട. ബുദ്ധനിലും അശോകനിലും തുടങ്ങുന്ന സംഘസാഹിത്യവും സമതയും കരുണയുമുള്ള ജനായത്തപരമായ സംഘസംസ്‌കാരവുമാണ് തെന്നിന്ത്യയുടെ നാഗരിക സഭ്യത. വൈദിക വര്‍ണാശ്രമപരമായ സുംഗ, ഗുപ്ത ഉത്തരേന്ത്യന്‍ ഹിന്ദു ബ്രാഹ്മണിക അധീശത്തത്തില്‍ നിന്നും വ്യത്യസ്തരാണു നാം. മഹാനായ മൗ ര്യ ചക്രവര്‍ത്തി പ്രബുദ്ധനായ അശോകരുടെ സ്തുപങ്ങളും സ്തംഭലിഖിതങ്ങളും അന്ത്യവിശ്രമസ്ഥാനമായ കനഗനഹള്ളി എന്ന കനകപ്പള്ളി ചൈത്യവിഹാരവും വടക്കന്‍ കര്‍ണാടകത്തിലെ സന്നതിയിലാണെന്ന ചരിത്ര പുരാവസ്തു സത്യവും എല്ലാവരും അറിഞ്ഞോര്‍മിക്കേണ്ടതായുണ്ട്. പ്രത്യേകിച്ചും അശോകന്‍ ”കേരപുത്തോ” എന്നു ബി. സി. മുന്നാം നൂറ്റാണ്ടില്‍ സംബോധന ചെയ്ത കേരളമക്കള്‍.
കഴിഞ്ഞ ഇരുപതു വര്‍ഷമായി സന്നതി എ. എസ്. ഐ. (ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ) യെ ദുരുപയോഗിച്ച് പൂട്ടിക്കെട്ടിയിട്ടിരിക്കുകയുമാണ് ഭരണകൂടം. 1986 ല്‍ അവിടുത്തെ ചന്ദ്രാളാംബാ കാളീ ക്ഷേത്ര ശ്രീകോവില്‍ പൊട്ടിവീണപ്പോഴാണ് അടിത്തറയില്‍ നിന്നും അശോകന്റെധര്‍മ്മലിപിയിലുള്ള ധര്‍മ്മശാസന ലിഖിതം പുറത്തു വന്നത്. ഈ ലോകപൈതൃകം മൂടിവച്ച് പകരം പതിനാറാം നൂറ്റാണ്ടിലുണ്ടായ തെന്നിന്ത്യയിലെ ആദ്യ ബ്രാഹ്മണിക രാജസ്ഥാനമായ വിജയനഗര ഹംപി പൊതുപണം ഉപയോഗിച്ച് പടുത്തുയര്‍ത്തുകയുമാണ് ഇന്ന്അവസരവാദികളും അല്‍പ്പരുമായ അധികാര വൃന്ദങ്ങള്‍. ഭരിക്കുന്നവര്‍ക്കായി അവര്‍ മൂടു മറക്കുന്നു. അശോകന്മാരാണു ശോവന്മാരെന്നു എഴുതിയത് ഒരു നൂറ്റാണ്ടു മുമ്പ് ഗുരു ശിഷ്യനായ സി. വി. കുഞ്ഞുരാമനാണ്. ശാസ്താവും തയ്യിലയ്യനും അരത്തനും ചിത്തനുമെല്ലാം ബുദ്ധരൂപങ്ങളാണെന്നും സി. വി. എഴുതി. തമിഴകത്തെ അരിത്തപ്പട്ടി, അളകാര്‍മലൈ ലിഖിതങ്ങളിലെല്ലാം ഈഴവരായ അര്‍ഹതരെ പരാമര്‍ശിക്കുന്നു. പുത്തരുടെ ഭിക്കു സംഘങ്ങള്‍ക്കു ദാനധര്‍മ്മങ്ങള്‍ ചെയ്ത ആതന്മാരാണവര്‍. സംഘകാലം മുതലുള്ള ഈഴവരെന്ന സംഘക്കാരുടെയും സംഘത്തിലേക്കു ചേരുന്ന ചേരമരുടേയും ചരിതമെല്ലാം നാം മറന്നു പോയി. ആധുനിക കാലത്തെ ഗുരുവിനെയും ശിഷ്യരേയും കുറിച്ചുള്ള സമീപകാല ചരിത്രം തന്നെ നാമോര്‍ക്കുന്നില്ല. കാശുകിട്ടുന്ന കാര്യമല്ലല്ലോ ചരിത്രവും സംസ്‌കാരവും. മാത്രമല്ല സവര്‍ണരുടെ മര്‍ദ്ദനവും ചതിയും ഏറെക്കിട്ടുകയും ചെയ്യും.
പയ്യന്നൂരിലെ ആനന്ദാശ്രത്തില്‍ പള്ളികൊള്ളുന്ന സ്വാമി ആനന്ദതീര്‍ഥര്‍ എന്ന പൂര്‍വാശ്രമത്തിലെ ആനന്ദ ഷേണായി ഗുരുവില്‍ നിന്നാണ് ദീക്ഷ സ്വീകരിച്ച് ജാതിക്കും മതവൈരങ്ങള്‍ക്കുമെതിരായ ജീവിതസമരം ആരംഭിച്ചതെന്ന ചരിത്ര സത്യം പലരും മറന്നു പോയിരിക്കുന്നു. ഹൈന്ദവ സാമ്രാജ്യത്ത ദുഷ്‌പ്രഭുത്വം(ഹിസ്റ്ററി ഓഫ് ഹിന്ദു ഇംപീരിയലിസം) എന്ന പുസ്തകം ഇംഗ്ലീഷിലും മലയാളത്തിലുമെഴുതി ലാഹോറില്‍ നിന്നു പ്രസിദ്ധീകരിച്ച സ്വാമി ജോണ്‍ ധര്‍മതീര്‍ഥരെന്ന ചാത്തനാട്ടു പരമേശ്വര മേനോനും ഗുരുവില്‍ നിന്നാണ് ദീക്ഷ സ്വീകരിച്ചത്. മക്കപ്പുഴക്കാരന്‍ കേശവന്‍ എന്ന ദലിതബാലനെ ഗുരു നേരിട്ടാണ് മൂലൂരിനെ ഏല്‍പ്പിക്കുന്നത്. നിയമസഭാ ഉപാധ്യക്ഷനും മഹാമനീഷിയും പണ്ഡിതനും ഭാഷാവിചക്ഷണനുമായി അദ്ദേഹം.
1830 കളില്‍ സമത്വസമാജം സ്ഥാപിച്ച അയ്യാവൈകുണ്ഠരെ പുലിമടയില്‍ തള്ളിയ തിരുവിതാംകൂര്‍ രാജാക്കന്മാരായ അനന്തപുരി നീചരും നങ്ങേലിയുടേയും ദളവാക്കുളം സമരധീരന്‍മാരുടേയും ചോരയൂറ്റിക്കുടിച്ച വരേണ്യ ജാതിഹിന്ദു സമൂഹവുമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം. അതിനെ മനുഷ്യത്തത്തിനും നീതിക്കും സത്യത്തിനും ധര്‍മ്മത്തിനും നിരക്കുന്ന ആധുനിക പൗരസമൂഹമാക്കിയത് ഗുരുവും ശിഷ്യരും തുടങ്ങിയ മനുഷ്യാവകാശ, പൗരാവകാശ, വിദ്യാഭ്യാസ സാംസ്‌കാരിക വിപ്ലവങ്ങളാണ്
നങ്ങേലിക്കു മുലക്കരം കൊടുക്കാന്‍ കാശില്ലായിരുന്നു അതിനാല്‍ പ്രശ്നം സാമ്പത്തികമായിരുന്നു എന്നാണ് മുഖ്യമന്ത്രിയുടെ ജന്‍ഡര്‍ ഉപദേശകയായ സാമൂഹ്യശാസ്ത്രകാരിയായ കുലീന പി. ആര്‍. ഡി. മുഖപത്രമായ ജനപഥം മാസിക ജനുവരി 2019 ലക്കത്തില്‍ എഴുതി വിട്ടത്. 2018 നവംബറില്‍ തന്നെ കേരള നിയമസഭയില്‍ ദേവസ്വം ബോഡിലെ സാമ്പത്തിക സംവരണ ഓഡിനന്‍സ് പാസാക്കിയിരുന്നു. കേന്ദ്രത്തിനെ പോലും വെല്ലുവിളിച്ചായിരുന്നു 85 ശതമാനത്തിലധികം ഒറ്റ ജാതിക്കാരായിരുന്ന ദേവസം ബോഡില്‍ അതു നടത്തിയത്. അമിത പ്രാതിനിധ്യ കുത്തകയുള്ളിടത്താണ് സാമ്പത്തിക കുയുക്തി പറഞ്ഞ് കുത്തക പെരുപ്പിച്ചത്.
ഗുരുവിന്റെ ഇടപെടലുകളാണ് യഥാര്‍ഥത്തില്‍ നാമമാത്രമായ പ്രാതിനിധ്യത്തിലേക്കു അവര്‍ണരെ നയിച്ചത്. പാശ്ചാത്യ ആധുനികതയുടേയും കൊളോണിയല്‍ മോഡേണിറ്റിയുടേയും പരിസരം അതിനു ഗുണകരമായിരുന്നു. നമുക്കു സന്യാസം തന്ന ബ്രിട്ടീഷുകാരായ നമ്മുടെ ഗുരുക്കന്മാരേ കുറിച്ചുള്ള 1914 ലേയും 1916 ലെ ശ്രീലങ്ക സന്ദര്‍ശിച്ച് നമ്മുടേതും ബുദ്ധമതം തന്നെ എന്ന ചരിത്രപ്രസ്താവവും ഓര്‍മിക്കേണ്ടതായുണ്ട്. അമരകോശമുദ്ധരിച്ചാണ് യഥാര്‍ഥ ആദിമ അദ്വയവാദിയായ വിനായകനായ ഗൗതമ ബുദ്ധരുടെ വഴിയിലുള്ള അദ്വയവാദിയാണു താനെന്നു ഗുരു വിശദീകരിച്ചത്. അപശൂദ്രാധികരണം എഴുതി വര്‍ണാശ്രമധര്‍മത്തെ സ്ഥാപിക്കാനായി പുഴുക്കുത്തിനേയും വ്യാഖ്യാനിക്കുന്ന, ജാതിയെ സ്ഥാപിക്കാനായി ബുദ്ധികൊണ്ടു പറന്ന ബ്രാഹ്മണിക പിതൃരൂപങ്ങളുടെ അടിച്ചുമാറ്റിയ പ്രച്ഛന്ന ബുദ്ധിസമല്ല മറിച്ച് ഗൗതമരുടെ അദ്വയവാദമായ അനിത്യവാദം അഥവാ സമുദയവാദമാണു തന്റെ തത്വചിന്ത എന്നദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രാപഞ്ചികമായ മാനവിക സമുദായവും വിശ്വ സാഹോദര്യവും ഗുരുവിലെത്തുന്നത് ഈഴവരെന്ന ഈഴത്തിന്റെ അഥവാ സംഘത്തിന്റെ സ്വജനമായ സംഘക്കാരായ ഈഴവരുടെ സ്വന്തം ചിന്തകനായ ബുദ്ധനിലൂടെയാണ്. മൈത്രിയും കരുണയും പ്രജ്ഞയുമാണദ്ദേഹത്തിന്റെ ”അറിവന്‍പനുകമ്പ മൂന്നിനും പൊരുളൊന്നായ” ജീവതാരകമായ അരുളുള്ള ജീവി സങ്കല്പം. സംഘത്തിനു തുല്യമായ തെന്നിന്ത്യന്‍ തമിഴ് പദമാണ് ഈഴം. പ്രകൃതിയിലും നെയ്ത്തിലുമെന്ന പോലെ അതിഴചേരുന്നു, ഇഴചേര്‍ന്നിരിക്കുന്നതാണ് ഈഴം അഥവാ സംഘടിതമായിരിക്കുന്നതെന്നു സൂചന. എഴുതിയാഴ്ത്തുന്നതുമാണ് ഈഴവഴിയെന്ന ധര്‍മ്മലിപിയുടെ അശോകന്‍ ധര്‍മ്മവിജയ പാത.
ഗുരുവിന്റെ സാമൂഹ്യ പ്രക്ഷോഭത്തില്‍ പ്രചോദനം കൊണ്ടാണ് ആദ്യം ദേശീയവാദ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന പെരിയാര്‍ രാമസാമി നായ്ക്കര്‍ വൈക്കം സത്യഗ്രഹത്തിലേക്കു വന്നു പ്രസംഗിച്ച് തടങ്കല്‍ വരിച്ചത്. തമിഴക തന്റേട പ്രസ്ഥാനത്തേയും ദ്രാവിഡ സംഘത്തേയും ത്വരിപ്പിച്ച മാതൃകയായിരുന്നു ഗുരു. കര്‍ണാടകത്തിലെ ആധുനിക കാല സമൂഹ്യ മാറ്റത്തിനും അദ്ദേഹം പ്രത്യക്ഷമായും പരോക്ഷമായും പ്രേരണയും മാതൃകയുമായി. ഇതെല്ലാം അപരനിഷേധപരവും ആത്മകേന്ദ്രിതവുമായ അതിദേശീയതയിലും ആക്രാമകവും സമരോല്‍സുകവുമായ സംസ്‌കാര ദേശീയവാദത്തിലും നഷ്ടപ്പെടുന്നത് തെന്നിന്ത്യയില്‍ ആര്‍ക്കും ഭൂഷണവും ആശാസ്യവുമല്ല. സത്യത്തേയും നീതിയേയും മാനിക്കുന്ന തെന്നിന്ത്യന്‍ ജനതയ്ക്കും ചരിത്രത്തിനും അപമാനവും സര്‍വനാശകവുമാണത്. വൈകിയ വേളയിലെങ്കിലും നമുക്കു തെറ്റുതിരുത്താന്‍ കഴിയണം.
ഭരണഘടന നിലവില്‍ വന്ന 1950 കളില്‍ തന്നെ അതിനോട്ടയിടുന്ന സങ്കുചിത സാമ്പത്തികവാദം കാര്യക്ഷമതാപരമായ സാമ്പത്തിക സംവരണവാദമായി രംഗത്തുവരികയും പിന്നെ 1990 കളില്‍ മണ്ഡലനന്തരം പിന്നാക്കരെ പിളര്‍ത്തുന്ന വെണ്ണപ്പാളിവാദമായി വിജൃംഭിച്ച് 2018 ലെ തീണ്ടാരി, നാമജപ, ശൂദ്രലഹളകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആധാരമായ സാമൂഹ്യ നീതിയെ അട്ടിമറിച്ചു കൊണ്ട് സവര്‍ണ ജാതികള്‍ക്ക് അമിത പ്രാതിനിധ്യമുള്ള ദേവസം ബോഡില്‍ തന്നെ നടപ്പാക്കപ്പെടുകയും ചെയ്തു.
ഗുരുവിന്റെ ജാതിവിമര്‍ശത്തേയും സാമൂഹ്യ നീതി സങ്കല്‍പ്പത്തേയും തിരസ്‌കരിച്ചതു കൊണ്ടാണിതു സംഭവിച്ചത്. അമിത പ്രാതിനിധ്യം നൂറ്റാണ്ടുകളായി കയ്യാളുന്ന സവര്‍ണര്‍ക്ക് സാമ്പത്തിക കുയുക്തിയില്‍ കൂടുതല്‍ അമിതാധികാര കുത്തകയും സമഗ്രാധിപത്യവും വര്‍ധിപ്പിക്കാനവസരം കൊടുക്കുന്ന സത്യനീതി വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ഈ കൗടില്യ സാമ്പത്തിക സംവരണ പരിപാടികള്‍ തിരുത്തിയേ തീരൂ. സാമൂഹ്യ പ്രാതിനിധ്യം അക്കാദമികളിലും മാധ്യമങ്ങളിലും നിര്‍ണായക നയതീരുമാന സ്ഥാനങ്ങളിലും ബോഡികളിലും പാലിച്ചേ ജനായത്തം പുനസ്ഥാപിക്കാനാവൂ. സാമൂഹ്യ പ്രാതിനിധ്യം മാത്രമാണ് കേരള നവോത്ഥാന ആധുനികതയുടേയും ആധുനിക ജനായത്തത്തിന്റേയും അടിസ്ഥാനപരമായ ഒഴിവാക്കാനാവാത്ത തത്വവും പ്രയോഗവും. സാമൂഹ്യ നീതി നിഷേധിക്കപ്പെട്ട് ജാതിപരമായി വെട്ടിനീക്കപ്പെട്ട ഇന്ത്യയില്‍ സാമ്പത്തികമല്ല, സാമൂഹ്യമാണ് നീതിയുടെ ആധാരം.(തുടരും).
(കാലടി സര്‍വകലാശാലയിലെ ഗവേഷണ മാര്‍ഗദര്‍ശിയും സെന്റര്‍ ഫോര്‍ ബുദ്ധിസ്റ്റ് സ്റ്റഡീസിന്റെ ആദ്യ കോഓര്‍ഡിനേറ്ററുമാണ്. കേരള നവോത്ഥാന ആധുനികത, കേരള സംസ്‌കാരത്തിന്റെബൗദ്ധ അടിത്തറ എന്നീ വിഷയങ്ങളിലാണ് പുതിയ പുസ്തകങ്ങള്‍.ഗുരു, അംബേദ് കര്‍, സഹോദരന്‍ എന്നിവരെ കുറിച്ചുള്ള രചനകളും ഇംഗ്ലീഷിലും മലയാളത്തിലുമായുണ്ട്. കോ ഓർഡിനേറ്ററുമാണ്ലേഖകൻ)