കെ.രാഘവൻ:സംഗീതത്തിന്റെ കടലാഴങ്ങൾ

ഡൽഹിയിൽ തമിഴ് പരിപാടികൾക്കായി ആകാശവാണി അഡീഷണൽ സൗത്ത് ഇന്ത്യൻ സർവ്വീസ് ആരംഭിക്കുന്നു.അങ്ങോട്ട് പോകുന്നതിനെ കുറിച്ച് കെ.രാഘവൻ റേഡിയോ പ്രക്ഷേപണത്തിലെ കുലപതിയായ ജി.പി.എസ് നായരുടെ ഉപദേശം തേടി. അദ്ദേഹം പറഞ്ഞു: “പോകുന്നതാണ് ബുദ്ധി. മദിരാശി ആകാശവാണിയിൽ
അബ്രാഹ്മണനായ രാഘവൻ ഒരിക്കലും രക്ഷപെടില്ല. സംഗീതം തമിഴ്
ബ്രാഹ്മണരുടെ കുത്തകയാണിവിടെ. “(‘മധുരമീ ജീവിതം’ : കെ.രാഘവൻ).

തലശ്ശേരിയിലെ തലായി കടപ്പുറത്ത് നിന്ന് ആഴക്കടലിലേക്കായിരുന്നു ആ യാത്ര ;സംഗീത സാഗരത്തിൽ മുത്തും പവിഴങ്ങളും തേടി.. രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ച സംഗീത ജീവിതം.

മയ്യഴിയിൽ നിന്ന് വന്ന കിട്ടന്റെ മകൻ രാഘവൻ പഠിപ്പ് ഉപേക്ഷിച്ച്, കളരി അഭ്യസിച്ച്,ഫുട് ബാൾ കളിച്ച്,കല്യാണവീടുകളിലും മരണവീടുകളിലും പാടിനടന്നു.പിന്നെ,വെള്ളരിനാടകത്തിന് ഹാർമോണിയം വായിച്ചും പാടിയും കിട്ടുന്ന കാശുകൊണ്ട് തമിഴ് അഗ്രഹാരത്തിലെ നാണാഭാഗവതരുടെയടുക്കൽ ശാസ്ത്രീയ സംഗീതമഭ്യസിക്കാൻ തുടങ്ങി.ഫീസുമുടക്കിയ ശിഷ്യനെ അഞ്ചുവർഷം അദ്ദേഹം കാശൊന്നും വാങ്ങാതെ പാട്ടു പഠിപ്പിച്ചു; പൊതു വേദിയിയിൽ കച്ചേരി അവതരിപ്പിച്ചു.

-കെ.രാഘവൻ എന്ന സംഗീതജ്ഞന്റെ തുടക്കമങ്ങനെയായിരുന്നു..

പിന്നെ,ജോലി തേടിപ്പോയ രാഘവൻ മദ്രാസ് ആകാശവാണി നിലയത്തിൽ ഓഡിഷൻ പാസായി,കച്ചേരി പാടിത്തുടങ്ങി.രണ്ടാം ലോകമഹായുദ്ധാരംഭകാലത്ത്,റേഡിയോ പ്രക്ഷേപണത്തിലെ കുലപതിയായ ജി.പി.എസ് നായർ മുൻകൈയെടുത്ത് , ആ യുവ ഭാഗവതരെ 1942-ൽ അവിടെ തംബുരു ആർട്ടിസ്റ്റായി നിയമിച്ചു.20 രൂപയായിരുന്നു പ്രതിമാസ ശമ്പളം.കച്ചേരികൾക്ക് തംബുരു വായിക്കുക,വായ്പ്പാട്ടിന് ആളെത്താതെ വന്നാൽ പാടുക..ഒരു വർഷം കഴിഞ്ഞപ്പോൾ 10 രൂപ കൂടുതൽ കിട്ടി.

കെ.രാഘവൻ നീലക്കുയിലിന്റെ പാട്ടുകളുടെറെക്കാർഡിങ്ങ് വേളയിൽ : ഒപ്പം, രാമു കാര്യാട്ട്, കോഴിക്കോട് പുഷ്പ .

കെ.രാഘവൻ ജി.പി.എസ് നായരുടെ പ്രിയപ്പെട്ട ഭാഗവതർ മാത്രമല്ല, സുഹൃത്തുമായിരുന്നു. യുദ്ധം കൊടുമ്പിരി കൊണ്ടപ്പോൾ മിക്കവരും ജോലിയുപേക്ഷിച്ച് മടങ്ങിത്തുടങ്ങി. അവധിയെടുത്ത് നാട്ടിലേക്ക് തിരിക്കുന്നതിന് അനുമതിക്കായി രാഘവൻ ഡയറക്ടറെ കണ്ടപ്പോൾ, അദ്ദേഹം ചോദിച്ചു: ഡൽഹിയിൽ തമിഴ് പരിപാടികൾക്കായി അഡീഷണൽ സൗത്ത് ഇന്ത്യൻ സർവ്വീസ് ആരംഭിക്കുന്നു.അങ്ങോട്ട് പൊയ്ക്കൂടെ?

രാഘവൻ ജി.പി.എസ് നായരുടെ ഉപദേശം തേടി. അദ്ദേഹം പറഞ്ഞു: “പോകുന്നതാണ് ബുദ്ധി. മദിരാശി ആകാശവാണിയിൽ അബ്രാഹ്മണനായ രാഘവൻ ഒരിക്കലും രക്ഷപെടില്ല. സംഗീതം തമിഴ് ബ്രാഹ്മണരുടെ കുത്തകയാണിവിടെ. “(‘മധുരമീ ജീവിതം’ : കെ.രാഘവൻ ).
അങ്ങനെ, 50 രൂപ ശമ്പളത്തിൽ വോക്കലിസ്റ്റായി കെ.രാഘവൻ ഡൽഹിയിൽ നിയമിക്കപ്പെട്ടു. യുദ്ധവാർത്തകളും മറ്റും ലോകമെമ്പാടുമുള്ള ദക്ഷിണേന്ത്യക്കാർക്ക് എത്തിക്കാൻ തുടങ്ങിയ പ്രത്യേക പരിപാടിയിൽ എം.എസ്.സുബ്ബലക്ഷ്മിയെപ്പോലുള്ള വലിയ സംഗീതജ്ഞർക്കൊപ്പം കെ.രാഘവന്റേയും സംഗീതക്കച്ചേരികൾ പ്രക്ഷേപണം ചെയ്യപ്പെട്ടു. അതിന്റെ വാർത്തകൾ ആകാശവാണി പ്രസിദ്ധീകരണങ്ങളിലും മറ്റും വരാൻ തുടങ്ങി. അത് അധികം നീണ്ടു നിന്നില്ല..
യുദ്ധാനന്തരം,അഡീഷണൽ സർവ്വീസ് നിർത്തലാക്കി.അദ്ദേഹം ഉൾപ്പെടെയുള്ളവരെ വിദേശകാര്യ പ്രക്ഷേപണ വിഭാഗത്തിലേക്ക് മാറ്റി. രാഘവന്റെ ഭാഗ്യത്തിന്, അപ്പോൾ അവിടെ അസിസ്റ്റന്റ് ഡയറക്ടറായി ജി.പി.എസ്.നായർ വന്നു.1950ൽ,‘മാർഗ്ഗദർശിയും അഭ്യൂദയകാംക്ഷി’യുമായ അദ്ദേഹത്തെ,പുതിയ ചുമതലകളുമായി കേരളത്തിലേക്കയച്ചു.

കോഴിക്കോട് നിലയം ആരംഭിയ്ക്കുന്ന സമയമായിരുന്നു,അത്.. ഏതാനും മാസങ്ങൾക്കകം കെ.രാഘവൻ സ്വന്തം നാട്ടിലെ റേഡിയോനിലയത്തിലെത്തി. അക്കാലമത്രയും വരേണ്യർ കൈയ്യടക്കി വച്ചിരുന്ന കർണ്ണാടകസംഗീതത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച്, കേന്ദ്ര സർക്കാരിന്റെ ഉന്നത സാംസ്കാരിക സ്ഥാപനത്തിൽ സംഗീത വിഭാഗത്തിലെ അധികാരികളിലൊരാളായി, പരിചയ സമ്പന്നനായ ആർട്ടിസ്റ്റായി, കെ.രാഘവൻ പുതിയ യാത്ര തുടങ്ങി.

നിലയത്തിന്റെ. ഉദ്ഘാടനവേദിയിൽ തന്നെ പുള്ളുവൻ പാട്ട് അവതരിപ്പിച്ചു കൊണ്ട്, നാടൻപാട്ടുകളെ മലയാള സംഗീതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന വലിയ വിപ്ലവത്തിന് കോഴിക്കോട് ആകാശവാണി നിലയം തുടക്കം കുറിച്ചിരുന്നു.കെ.പത്മനാഭൻ നായരായിരുന്നു അതിന്റെ പിന്നിൽ.

കെ.രാഘവനും പി.ഭാസ്കരനും
പൂവും മണവും പോലെ

വോക്കലിസ്റ്റായി വന്ന് ലളിതഗാന വിഭാഗത്തിന്റെ പ്രൊഡ്യൂസറായി, സംഗീതത്തിന്റെ എല്ലാമേഖലയിലും കെ.രാഘവൻ മാസ്റ്റർ നിറഞ്ഞുനിന്നു.

പൊതുവേദികളിൽ പ്രവേശനം പോലുമില്ലാതിരുന്ന അധ:സ്ഥിത സമുദായങ്ങളുടെ നാടൻ പാട്ടുകളും, മാപ്പിളപ്പാട്ടുകളും കർണ്ണാടക സംഗീതത്തോടൊപ്പം, തുല്യ പ്രാധാന്യത്തോടെ,കോഴിക്കോട് നിലയത്തിൽ നിന്ന് പ്രക്ഷേപണം ചെയ്യാൻ തുടങ്ങി. അവയുടെ ഈണങ്ങളും ഈരടികളും ഉൾക്കൊണ്ട്,ലളിതഗാനം എന്ന പുതിയൊരു സംഗീതശാഖ പിറവിയെടുത്തു. ആ നാട്ടുഭാഷയും ഈണങ്ങളും പിന്നെ, ‘നീലക്കുയിലി’ലൂടെ മലയാളികളുടെ ഹൃദയരാഗങ്ങളായി മാറി.

പി.ഭാസ്ക്കരനും, ഉറൂബും തിക്കോടിയനുമൊക്കെ പാരമ്പര്യത്തിൽ നിന്ന് വഴിമാറി സഞ്ചരിക്കുന്നവരായിരുന്നു. “അക്കാലത്ത് പി.ഭാസ്ക്കരൻ ലളിതഗാനം എന്നൊരാശയത്തിന് വിത്തുപാകി. പാട്ട് എഴുതിയിട്ട് അതിന് ട്യൂൺ കൊടുക്കാൻ എന്നോട് ആവശ്യപ്പെടും. ശാസ്ത്രീയ സംഗീതമൊഴികെ ഒന്നിനോടും താല്പര്യമില്ലാതിരുന്ന ഞാൻ അദ്ദേഹത്തിന്റെ നിർബന്ധത്തിന് വഴങ്ങി ലളിതസംഗീതത്തിന്റെ ചാലിൽ വന്നു വീഴുകയായിരുന്നു… ഗാനങ്ങൾ മാത്രമല്ല, സംഗീതശില്പം, ചിത്രീകരണം , നാടകം തുടങ്ങി പലതിലും സഹകരിച്ച് പ്രവർത്തിക്കേണ്ടി വന്നു .ചിലപ്പോൾ പെട്ടെന്നായിരിക്കും ഒരു ഗാനം വേണ്ടി വരുക .ഭാസ്കരനോ ഉറൂബോ അത് കൈകാര്യം ചെയ്യും. ഒരു നല്ല കൂട്ടായ്മ അന്ന് ആകാശവാണിയിലുണ്ടായിരുന്നു. ഉറൂബ് എന്ന പ്രശസ്ത നോവലിസ്റ്റിന്റേയും തിക്കോടിയൻ എന്ന അതുല്യനാടകകൃത്തിന്റേയും വളർച്ച ആകാശവാണിയുടെ കുടക്കീഴിലായിരുന്നു” , കെ.രാഘവൻ മാസ്റ്റർ ആ കാലത്തെക്കുറിച്ച് രേഖപ്പെടുത്തി.

പി.ഭാസ്കരനുമായി ആത്മബന്ധമുണ്ടായിരുന്നതിനാൽ,അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ പുറത്താക്കൽ രാഘവൻ മാസ്റ്ററിനെയും ഏറെ തളർത്തി.അതെക്കുറിച്ച് തിക്കോടിയൻ എഴുതിയതിങ്ങനെ:“കെ.രാഘവനും ഭാസ്കരനും പൂവും മണവും പോലെ, താളവും ശ്രുതിയും പോലെ, സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും അനുഭൂതി വർഷിച്ചു കൊണ്ടാണ് നിലയത്തിന്റെ പേരും പ്രശസ്തിയും പെരുപ്പിച്ചു പോന്നത്’.

എസ്.കെ.പൊറ്റെക്കാട്ടിന്റെ “പുള്ളിമാൻ” സിനിമയാക്കാൻ പി.ഭാസ്കരൻ നടത്തിയ ശ്രമമാണ് കെ.രാഘവനെ സിനിമാ സംഗീതത്തിലേക്ക് എത്തിച്ചത്. ഈ സിനിമയിലെ ഗാനങ്ങൾ ചിട്ടപ്പെടുത്താൻ കെ. രാഘവനെ അദ്ദേഹം ഏല്പിച്ചു. സഹായിയായി ബാബുരാജും. രണ്ടുപേരുടെയും ആദ്യ സംരംഭം.അതിന് മുൻപ്,പൊൻകുന്നം വർക്കിയുടെ ‘കതിരുകാണാക്കിളി’ നാടകം സിനിമയാക്കാൻ ശ്രമിച്ചപ്പോൾ,സംഗീതം ചിട്ടപ്പെടുത്താൻ രാഘവനെ ഏല്പിച്ചിരുന്നെങ്കിലും, അത് ഫലപ്രാപ്തിയിലെത്തിരുന്നില്ല.സിനിമക്ക് ട്യൂൺ കൊടുക്കാൻ തനിക്കാവില്ലെന്ന് പറഞ്ഞൊഴിഞ്ഞ രാഘവനെ, ‘നമ്മളിപ്പോൾ ആകാശവാണിയിൽ ചെയ്തു കൊണ്ടിരിക്കുന്നതു പോലെ മതി’ എന്ന് പറഞ്ഞ്, അദ്ദേഹം നിർബന്ധിച്ച് ചെയ്യിക്കുകയായിരുന്നു.

‘പുള്ളിമാനു’വേണ്ടി എഴുതിയതാണ് തന്റെ ഏറ്റവും മനോജ്ഞമായ ഗാനങ്ങൾ എന്ന് പി.ഭാസ്ക്കരൻ മാസ്റ്റർ ഈ ലേഖകനോട് പറഞ്ഞിട്ടുണ്ട് (ആത്മകഥ – പി.ഭാസ്ക്കരൻ ). ഈ ഗാനങ്ങൾക്ക് രാഘവനും ബാബുരാജും ചേർന്ന് മനോഹരമായ ഈണം നൽകി. മദിരാശിയിൽ പാട്ടുകൾ റെക്കാർഡ് ചെയ്തു. പി.ലീല, ശാന്ത പി നായർ , എ.എം. രാജ , കോഴിക്കോട് അബ്ദുൽ ഖാദർ തുടങ്ങിയവരായിരുന്നു , ഗായകർ. പാട്ടുകൾ ചെവിക്കു ചെവി പാടിക്കേട്ട് ,പ്രചാരത്തിലായി. പക്ഷേ, നിർമ്മാതാവിനെ പിടികൂടിയ സാമ്പത്തിക പ്രശ്നങ്ങൾ കാരണം പടം മുടങ്ങി.

നീലക്കുയിലിന്റെ യുഗം

‘പുള്ളിമാൻ’ കെ.രാഘവന്റെ ആകാശവാണി ജീവിതത്തിൽ ഒരു അർദ്ധവിരാമത്തിനിടയാക്കി. “തുടർന്ന് പല സിനിമകളും വരുമെന്നും അവയ്ക്ക ല്ലാം സംഗീതം ചെയ്യേണ്ടിവരുമെന്നുമുള്ള ധാരണ വല്ലാതെ ശക്തമായി. മരീചികയിൽ ഭ്രമിച്ച് ഞാൻ ആകാശവാണിയിലെ ജോലി രാജിവച്ചു.”അത് അവിവേകമായി എന്ന് ബോദ്ധ്യപ്പെടാൻ അധിക സമയം വേണ്ടി വന്നില്ല. കോഴിക്കോട് വിട്ട്, തലശ്ശേരി തലായിൽ ഒരു വാടക വീട്ടിൽ താമസമായി. “ജോലിയില്ല. സിനിമയില്ല. സംഗീതവുമില്ല…. ഒരു കൊല്ലക്കാലം ആരുമല്ലാതെ, ഒന്നുമല്ലാതെ കഴിഞ്ഞു. ഒരു യുഗം പിന്നിട്ട പ്രതീതി. “

ആയിടക്ക് പി.ഭാസ്കരന്റെ ഒരു കത്ത് കിട്ടി. എറണാകുളത്തെ ഒരു ടി.കെ പരീക്കുട്ടി സിനിമ എടുക്കുന്നു. “പാട്ടിന്റെ ചുമതല നമ്മൾക്കാണ്”.

“പാട്ടെഴുതാനെത്തിയ ഭാസ്കരൻ കഥയുടെ ചർച്ചകളിലും മറ്റ് പ്രവർത്തനങ്ങളിലും സജീവമായി. രാമുവിനോട് ഭാസ്കരനെക്കൂട്ടി സിനിമ ചെയ്യാൻ പറഞ്ഞത് പരീക്കുട്ടിയാണ്. ഭാസ്കരന്റെ സിനിമാപരിചയം കാരണമാകാം, ഇത്. അങ്ങനെ രാമുവും ഭാസ്ക്കരനും ചേർന്ന് ‘നീലക്കുയിൽ’ പിടിക്കാൻ തീരുമാനിക്കുന്നു. മലയാളത്തിലെ ആദ്യത്തെ ഇരട്ട സംവിധായകർ പിറക്കുന്നതങ്ങനെയാണ് ” .

കെ രാഘവനും എം.എസ്.ബാബുരാജും 1950 കളിൽ.കോഴിക്കോട്ടെ അക്കാലത്തെ പ്രശസ്തമായ നീന സ്റ്റുഡിയോയിലെ നീന ബാലൻ എടുത്ത ചിത്രം.

സിനിമാ ചർച്ചയ്ക്കെത്തിയ കെ.രാഘവനോട് പരീക്കുട്ടി പറഞ്ഞു: “ഞാൻ വലിയ പണക്കാരനൊന്നുമല്ല. നിങ്ങല്ലാം കൂടി സഹകരിക്കുകയും സഹായിക്കുകയും ചെയ്താൽ നമുക്ക് ഈ സിനിമ പിടിക്കാം. സംഗീതം ചെയ്യുന്നതിന് ആയിരം രൂപ തരും. സംരംഭം വിജയിച്ചാൽ വേണ്ടതുപോലെ ചെയ്യാം. “
അക്കാലത്തെ നല്ല തുകയായിരുന്നു അത്. നായകനായ സത്യന്റെ പ്രതിഫലം മൂവായിരം രൂപയായിരുന്നു.

ആ സിനിമയിലെ 9 പാട്ടുകളും ചിട്ടപ്പെടുത്തിയത് ആലുവാപ്പുഴയുടെ തീരത്തെ ഒരു വാടക വീട്ടിൽ വച്ചായിരുന്നു. ‘കായലരികത്ത് ‘ ചിട്ടപ്പെടുത്തി, നിർമ്മാതാവിനെ രാഘവൻ മാസ്റ്റർ ഉച്ചത്തിൽ പാടിക്കേൾപ്പിച്ചു. അദ്ദേഹം പറഞ്ഞു: ഇതായിരിക്കും സിനിമയിലെ ഏറ്റവും നല്ല പാട്ട്.

കൊച്ചിയിലെ ഗായകനായ അബ്ദുൾ ഖാദർ ഹാജിയെകൊണ്ട് ആ പാട്ട് പാടിക്കാനായിരുന്നു, തീരുമാനം. മദ്രാസിലെ സ്റ്റുഡിയോയിൽ രാത്രി ഒരു മണിക്ക് പാട്ട് പാടാൻ ഹാജിയെ വിളിച്ചപ്പോൾ പരീക്കുട്ടി തടഞ്ഞു. : “വേണ്ട, ഈ പാട്ട് മാഷ് തന്നെ പാടണം”.

1954 ലെ ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തിൽ മെരിറ്റ് സർട്ടിഫിക്കേറ്റും, പ്രാദേശിക ഭാഷയിലെ ഏറ്റവും നല്ല ചിത്രത്തിനുള്ള വെള്ളിമെഡലും നേടി ‘നീലക്കുയിൽ’ മലയാള ചലച്ചിത്രചരിത്രത്തിലും സംഗീതത്തിലും ഒരു പുതിയ യുഗം തുറന്നു. കോഴിക്കോട് ആകാശവാണിയെ ആ സിനിമ മലയാളിയുടെ മനസിലും കുടിയിരുത്തി. അതൊരു വലിയ തുടക്കമായിരുന്നു.

തിരികെ ആകാശവാണിയിൽ

നീലക്കുയിലിന്റെ റെക്കാർഡിങ്ങിന് മദ്രാസിൽ പോയപ്പോൾ , കെ.രാഘവൻ മാസ്റ്റർ ബീച്ചിലെ ആകാശവാണി നിലയത്തിലും പോയി. ആകാശവാണി ജീവിതത്തിന് തുടക്കമിട്ട നിലയം. അന്ന് അതിന്റെ മേധാവി ഒരു മലയാളിയായിരുന്നു – പിന്നീട് ഡയറക്ടർ ജനറലായ ഡോ. വി.കെ.നാരായണ മേനോൻ.
‘ആകാശവാണിയിൽ നിന്ന് രാജിവച്ചത് ശരിയായി എന്നു തോന്നുന്നുണ്ടോ ?”
” ഇല്ല , അബദ്ധമായെന്നു തോന്നുന്നു ”.
“മൂസിക് അസിസ്റ്റന്റ് പ്രൊഡ്യൂസർ എന്നൊരു പുതിയ തസ്തിക വരുന്നു .ഞാൻ രാഘവന്റെ പേര് ശുപാർശ ചെയ്യട്ടെ ?”

ഡൽഹിയിൽ നിന്ന് അംഗീകാരം തേടി ഉത്തരവിറങ്ങാൻ സമയമെടുക്കും.’നീലക്കുയിൽ ഫെയിം’ രാഘവൻ മാസ്റ്റർക്ക് ധാരാളം പാട്ടുകച്ചേരികൾ കിട്ടി. പാട്ട് കേട്ട് ഇഷ്ടപെട്ടുന്നവർ സ്വർണ്ണമാലയും മോതിരവുമൊക്കെ ഊരി, സമ്മാനങ്ങൾ നൽകാൻ തുടങ്ങി. കച്ചേരികൾ കൂടിയതോടെ എറണാകുളത്തായി താമസം.

” ഒരു ദിവസം കരുനാഗപ്പള്ളിയിൽ ഒരു കച്ചേരി നടക്കുകയാണ്. പാടിക്കൊണ്ടിരുന്ന എന്റെ മുന്നിൽ ഒരു ടെലിഗ്രാം വന്നു. ആദ്യം ഒന്നു പതറി. പാട്ട് നിർത്തി, വായിച്ചു നോക്കി. കോഴിക്കോട് ആകാശവാണിയിൽ എന്നെ നിയമിച്ചു കൊണ്ടുള്ള ഉത്തരവായിരുന്നു , അത് …. മേൽവിലാസമറിയാതെ, എവിടെയെല്ലാമോ കറങ്ങിത്തിരിഞ്ഞ്, കച്ചേരി നടക്കുന്ന സ്റ്റേജിൽ വന്നു കയറിയ ആ ഉത്തരവ് എന്റെ ജീവിതത്തിന് മറ്റൊരു മുഖച്ഛായ പകർന്നു”.

‘നീലക്കുയിലി’ന്റെ വെള്ളിവെളിച്ചവുമായി കെ. രാഘവൻ കോഴിക്കോട് ആകാശവാണിയിൽ ലളിത ഗാനവിഭാഗത്തിന്റെ അസിസ്റ്റന്റ് പ്രൊഡ്യൂസറായി തിരികെ ജോലിയിൽ പ്രവേശിച്ചു. പഴയന്നൂർ പരമേശ്വരൻ ആയിരുന്നു ശാസ്ത്രീയ സംഗീത വിഭാഗത്തിന്റെ ചുമതല. അദ്ദേഹം ശാസ്ത്രീയ സംഗീത പാഠവും രാഘവൻ ലളിത സംഗീത പാഠവും ആരംഭിച്ചു.

പി.ഭാസ്ക്കരന്റെ ‘രാരിച്ചൻ എന്ന പൗരൻ(1956),’നായരു പിടിച്ച പുലിവാല്'(1958) ,’അമ്മയെക്കാണാൻ’ (1963) തുടങ്ങിയ എഴുപതോളം ചിത്രങ്ങളിലൂടെ കെ.രാഘവൻ വ്യതിരിക്തനായ സംഗീത സംവിധായകനായിത്തീർന്നു.സംഗീതോപകരണങ്ങളുടെ ആധിക്യമില്ലാത്ത, ശബ്ദഘോഷങ്ങളില്ലാത്ത ഓർക്കസ്ട്രേഷൻ.കാവ്യങ്ങളെ താളരാഗങ്ങളിൽ മാത്രം ചിട്ടപ്പെടുത്തി, അദ്ദേഹം.പി.ഭാസ്കരന്റേയും വയലാറിന്റേയും ഒട്ടേറെ ഗാനങ്ങളെ മലയാളികളുടെ മനസിൽ നിത്യഹരിതമായി കുടിയിരുത്തി, കെ.രാഘവൻ.1973,77 വർഷങ്ങളിൽ‘നിർമാല്യം’,‘പൂജയ്ക്കെടുക്കാത്ത പൂക്കൾ’എന്നിചിത്രങ്ങളിലെ ഗാനങ്ങൾക്ക് മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരങ്ങൾ ലഭിച്ചു.ഒപ്പം , കെ.പി.എ.സിയുടെ ‘അശ്വമേധം’,‘പാഞ്ചാലി’ അടക്കമുള്ള നാടകങ്ങളിലെ അനശ്വരഗാനങ്ങൾക്കും ഈണം നൽകി , അദ്ദേഹം.ആകാശവാണിയിൽ നൂറുകണക്കിനു ലളിതഗാനങ്ങൾ,സംഗീതശിൽ‌പ്പങ്ങൾ…

സിനിമയും റേഡിയോയും ഒന്നിച്ചുകോണ്ടുപോകുക ചിലപ്പോഴൊക്കെ ദുഷ്കരമായിരുന്നു. സർവീസ് ചട്ടങ്ങൾ പലപ്പോഴും വഴിമുടക്കി. സംഗീത സംവിധാനത്തിന് മുൻകൂർ അനുമതി കിട്ടാതെ വന്നപ്പോൾ ‘രഘുനാഥാ’യും ‘മോളി’യായും രാഘവൻ മാസ്റ്റർ തല്ക്കാലം മറഞ്ഞു നിന്നു.

അദ്ദേഹത്തിൽ നിന്ന് സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും,രാഘവൻ മാസ്റ്ററിനെ ഗുരുവായി തന്നെ കണക്കാക്കുന്ന വി.ടി മുരളി അദ്ദേഹത്തിന്റെ സംഗീതനിഷ്ഠകളെക്കുറിച്ച് പറയുന്നതിങ്ങനെ;“സ്റ്റുഡിയോയിൽ എല്ലാ കലാകാരന്മാരും എത്തുന്നതിനു മുൻപ് മാസ്റ്റർ എത്തിയിരിക്കും.ഒരിക്കൽ ,ഒരു റിഹേഴ്സിലിനിടയ്ക്ക് വൈകി കയറിവന്ന സ്റ്റാഫ് ഗിറ്റാറിസ്റ്റ് ആർച്ചി ഹട്ടനോട് അദ്ദേഹം പറഞ്ഞു; ഈ ഗാനത്തിൽ ഗിറ്റാറിസ്റ്റിന്റെ ആവശ്യമില്ല.തിരിച്ചുപോകാം“

കൃത്യനിഷ്ഠ പാലിച്ച് സൈക്കിളിൽ

നല്ല പോലെ ഗൃഹപാഠം ചെയ്താണ് അദ്ദേഹം വരുക.“പാട്ടുകൾ നേരത്തെ തന്നെ സംവിധാനം ചെയ്ത്,അതെല്ലാം ഒരു പാഡിൽ വച്ച്,തയ്യാറാക്കിയിട്ടുണ്ടാകും. ഒന്നിൽ തന്റെ കൈപ്പടയിൽ എഴുതിയ പാട്ടിന്റെ വരികൾ.മറ്റൊന്നിൽ പാട്ടിന്റേയും ഉപകരണസംഗീതത്തിന്റേയും നൊട്ടേഷൻ.അവ തമിഴിലായിരിക്കും.അദ്ദേഹം തയ്യാറാക്കിയതു പോലെ പാടാൻ കഴിയില്ലെങ്കിൽ മാറ്റിത്തരും.ഉടനെ തന്റെ കടലാസിൽ അത് രേഖപ്പെടുത്തും.പക്ഷേ,പിന്നീടത് മാറ്റാൻ സമ്മതിക്കില്ല.തൃപ്തിയാകുന്നതുവരെ പാടിച്ചുകൊണ്ടിരിക്കും”.

ആകാശവാണിയിൽ അദ്ദേഹം സംഗീതം നൽകിയ ധാരാളം ലളിതഗാനങ്ങൾ ആലപിച്ച വി.ടി.മുരളിക്ക് സിനിമയിൽ സ്ഥാനമുണ്ടാക്കിക്കൊടുത്തതും കെ.രാഘവൻ മാസ്റ്റർ സംഗീതം നൽകിയ ഒരു ഗാനമായിരുന്നു.കെ.പി.കുമാരൻ സംവിധാനം ചെയ്ത്,1971ൽ ഇറങ്ങിയ ‘തേൻതുള്ളി’യുടെ ഒരു പ്രിന്റ് പോലും ഇപ്പോൾ അവശേഷിച്ചില്ലെങ്കിലും, അതിൽ പി.ടി.അബ്ദുൾ റഹ്മാൻ എഴുതിയ ‘ഓത്തുപള്ളിയിലന്നു നമ്മൾ..’എന്ന ഗാനം ഇന്നും ജനപ്രിയം.

തേൻതുള്ളി’യുടെറെക്കോർഡിഗ് വേളയിൽ കെ.രാഘവനും
വി.ടി.മുരളിയും. ഒപ്പമുള്ളവർ -തലശ്ശേരി ഏ. ഉമ്മർ ,ഹമീദ് ഷർവാണി ,പീർ മുഹമ്മദ്‌ പള്ളിക്കര വി. പി. മുഹമ്മദ്‌, പി.ടി അബ്ദുറഹ്മാൻ ,എം. പി. ഉമ്മർകുട്ടി

അച്ചടിയെ വെല്ലുന്ന നല്ല വടിവൊത്ത കൈപ്പടയായിരുന്നു,കെ.രാഘവന്റേത്.അക്കിത്തത്തിന്റെ മാത്രമല്ല,തിക്കോടിയന്റേയും,കക്കാടിന്റേയും ഗാനങ്ങൾ അദ്ദേഹം എഴുതിച്ച് വാങ്ങിയിട്ടുണ്ടു.’നമുക്കൊരു പാട്ട് ഫിറ്റ് ചെയ്യണമെല്ലോ,മാഷേ”എന്നാണ് അതിന് അദ്ദേഹത്തിന്റെ പതിവു ശൈലി.വായിച്ചുനോക്കി, എന്തെങ്കിലും സംശയമുണ്ടെങ്കിൽ,ഈണത്തിനുവഴങ്ങാത്ത പദങ്ങളുണ്ടെങ്കിൽ അപ്പോൾ തന്നെ ചോദിയ്ക്കും.പിൻ തലമുറയിൽ പെട്ട കവികളും സഹപ്രവർത്തകരുമായിരുന്ന പി.എസ്.നമ്പീശൻ, പി.പി.ശ്രീധരനുണ്ണി,പി.ഉദയഭാനു തുടങ്ങിയവരോടും അദ്ദേഹം ചില വരികളുടെ അർത്ഥത്തെക്കുറിച്ച് സംശയനിവൃത്തിവരുത്തുമായിരുന്നു.

ഏറെ കൃത്യനിഷ്ഠ പാലിച്ചിരുന്ന രാഘവൻ മാസ്റ്റർ തന്റെ സൈക്കിളിൽ നേരത്തെയെത്തി,സ്റ്റുഡിയോയിൽ സാധകം ചെയ്യുക പതിവായിരുന്നു. “ആർജ്ജവത്തോടെ, ആത്മവിശ്വാസത്തോടെ തുല്യതയോടെ നമ്മളൊന്ന് എന്ന ഭാവത്തോടെ ആരോടും ഇടപഴകാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ധാരാളം തമാശക്കഥകൾ പറഞ്ഞ് അദ്ദേഹം ഞങ്ങളെ രസിപ്പിക്കുമായിരുന്നു. കൂടെ അദ്ദേഹവും രസിക്കും” , എന്ന് അക്കിത്തം രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ,ഔദ്യോഗിക കാര്യങ്ങളിൽ കണിശക്കാരനായിരുന്നു അദ്ദേഹമെന്ന്,1970കളിൽ,ട്രാൻസ്മിഷൻ എക്സിക്യൂട്ടീവായി ഒപ്പം ജോലിനോക്കിയ എൻ.എസ്.ഐസക്(ഡെപ്യൂട്ടി ഡയറക്ടർ ജനറലായി വിരമിച്ച)ഓർക്കുന്നു ;”പരിപാടികളിലെ അച്ചടക്കം കടുകട്ടി.പുറത്ത് ചിരിച്ച്-കളിച്ചുനടക്കുന്ന ആളല്ല,സ്റ്റുഡിയോയിലെ രാഘവൻ മാസ്റ്റർ. റിഹേഴ്‌സലും റെക്കാർഡിങ്ങും നടക്കുമ്പോൾ പരിപാടിയുമായി ബന്ധമില്ലാത്ത ആർക്കും പ്രവേശനമില്ല..റെക്കാർഡിങ്ങുളളപ്പോൾ കലാകാരന്മാർക്ക് അവധി കൊടുക്കുകയില്ല.ആദ്യം ജോലി എന്നതായിരുന്നു,നിലപാട്’’.

ഒരിക്കൽ പയ്യന്നൂരിൽ നിന്ന് പൂരക്കളിയ്ക്ക് റെക്കാർഡിങ്ങിനെത്തിയ പന്ത്രണ്ടംഗ സംഗത്തിലെ ഒരാൾ പുതുമുഖമായിരുന്നു.ഓഡിഷൻ ടെസ്റ്റ് പാസായവർ തന്നെ പരിപാടി അവതരപ്പിക്കണമെന്നാണ് നിയമം.അവരോട് മടങ്ങിപ്പോകാൻ അദ്ദേഹം പറഞ്ഞു. സംഘത്തലവൻ പരുങ്ങി നിൽക്കുന്നു. തിരികെപ്പോകാൻ കാശില്ല.അന്ന് റെക്കാർഡിങ്ങ് കഴിഞ്ഞാൽ, ഉടൻ ചെക്ക് നൽകും.അത് അവിടെ തന്നെ മാറി,പണമാക്കാം.”രാഘവൻ മാസ്റ്റർ തന്നെ മുൻകൈയെടുത്ത്, പിരിവെടുത്ത് അവർക്ക് വണ്ടിക്കൂലിയ്ക്കും ഭക്ഷണത്തിനുമുള്ള കാശ് നൽകി വിട്ടു”.

‘അപ്പോഴും പറഞ്ഞില്ലേ,

പോരണ്ടാ പോരണ്ടാന്ന്..’

‘അപ്പോഴും പറഞ്ഞില്ലേ,പോരണ്ടാ പോരണ്ടാന്ന്..’എന്ന പ്രസിദ്ധമായ നാടൻപാട്ട് ‘കടമ്പ ’ സിനിമയിലേതാണ്.അതെഴുതിയത് തിക്കോടിയനും പാടിയത് രാഘവൻ മാസ്റ്ററും.പക്ഷേ, ആ ഗാനം പിറന്നത് ആകാശവാണിയിലാണ്.
റഷ്യയിൽ നിന്നു വന്ന ഒരു സാംസ്കാരിക
സംഘത്തിന്റെ ബഹുമാനാർത്ഥം, മാനാഞ്ചിറയിലൊരുക്കുന്ന പരിപാടിയിൽ നാടൻ ടച്ചുള്ള എന്തെങ്കിലും ഗാനം ഒരുക്കണമെന്ന് എം.ടി വാസുദേവൻ നായർ അദ്ദേഹത്തോടാവശ്യപ്പെട്ടു.ആകാശവാണിയിലെ ശബ്ദശേഖരം പരതിയപ്പോൾ , പഴയൊരു നാടൻപാട്ടിലെ രണ്ടു വരികൾ രാഘവൻ മാസ്റ്ററിന്റെ മനസിൽ കയറി;’അപ്പോഴും പറഞ്ഞില്ലേ,പോരണ്ടാ പോരണ്ടാന്ന്’.രണ്ടു കഥാപാത്രങ്ങളെ സൃഷ്ടിച്ച്,ഒരു സംഭാഷണഗാനമായി ഇത് എഴുതാൻ തിക്കോടിയനോട് അദ്ദേഹം പറഞ്ഞു.കോരനേയും നീലിപ്പെണ്ണിനേയും കേന്ദ്രീകരിച്ച്,ഈ വരികൾ ഉൾപ്പെടുത്തി, തിക്കോടിയൻ പാട്ടെഴ
മൈതാനം നിറഞ്ഞുകവിഞ്ഞ ജനസഞ്ചയം.അവസാനത്തെ ഇനമായിരുന്നു ഈ പാട്ട്.രാഘവൻ മാസ്റ്റർ ഉച്ചസ്ഥായിയിൽ പാട്ടുതുടങ്ങിയതോടെ കാണികൾ ഇളകിമറിഞ്ഞു.അർത്ഥം മനസിലായില്ലെങ്കിലും, മുൻ നിരയിലിരുന്ന റഷ്യൻ സംഘത്തിനും പാട്ട് ഇഷ്ടപ്പെട്ടു.അവർ താളം പിടിച്ചു.‘പോരണ്ട..പോരണ്ടാന്ന്” പാടിക്കൊണ്ടായിരുന്നു,എല്ലാവരും പിരിഞ്ഞുപോയത്.
വർഷങ്ങൾക്ക് ശേഷം,1983ൽ, ‘കടമ്പ’യുടെ പാട്ടുകൾ ചിട്ടപ്പെടുത്തവേ,സംവിധായകൻ പി.എൻ.മേനോനോട് അദ്ദേഹം ഇക്കഥ പറഞ്ഞു.തന്റെ സിനിമയിൽ ഈ ഗാനവും ഉൾപ്പെടുത്തണമെന്നായി അദ്ദേഹം.അങ്ങനെ അത് സിനിമാഗാനമായി.

‘മാനത്തെക്കായലിൽ..’

ആകാശവാണിയിൽ പാടി കഴിവു തെളിയിച്ച ഒട്ടേറെപേരെ അദ്ദേഹം സിനിമാപിന്നണിഗാനരംഗത്തേയ്ക്ക് കൊണ്ടുവന്നു.കോഴിക്കോട് അബ്ദുൽ ഖാദർ,ശാന്ത പി നായർ,കോഴിക്കോട് പുഷ്പ,ഗായത്രി ശ്രീകൃഷ്ണൻ,ജാനമ്മ ഡേവിഡ്,രേണുക,കെ.പി.ഉദയഭാനു,കെ.പി.ബ്രഹ്മാനന്ദൻ തുടങ്ങിയവർ.പൂവച്ചൽ ഖാദർ,രാഘവൻ മാസ്റ്റർ സംഗീതം നൽകിയ ആകാശവാണി ലളിതഗാനങ്ങളിലൂടെയാണ് രചനയിൽ ശ്രദ്ധേയനായത്.

തിരുവനന്തപുരം ആകാശവാണിയിൽ ഒരു സംഗീതപരിപാടിയുടെ ഓഡിഷന് പോയപ്പോൾ അദ്ദേഹം നല്ലപോലെ പാടുന്ന ഒരു ചെറുപ്പക്കാരനെ പരിചയപ്പെട്ടു: കെ.പി ബ്രഹ്മാനന്ദൻ.നാടകങ്ങളിൽ പാടുന്നയാൾ.‘നീലക്കുയിലി’ന്റെ സ്റ്റിൽ ഫോട്ടോഗ്രാഫറായി വന്ന ശോഭന പരമേശ്വരൻ നായർ,ജി.വിവേകാനന്ദന്റെ ‘കള്ളിച്ചെല്ലമ്മ’സിനിമയാക്കിയപ്പോൾ,കെ.രാഘവൻ ആ പുതിയ ശബ്ദത്തെ മലയാളസിനിമാസംഗീതത്തിന് പരിചയപ്പെടുത്തി;‘മാനത്തെക്കായലിൽ..’എന്ന ആ ഒറ്റപ്പാട്ടിലെ വേറിട്ട ആലാപനത്തിലൂടെ ബ്രഹ്മാനന്ദൻ ശ്രദ്ധേയനായി.

കോഴിക്കോട് ആകാശവാണിയിൽ അനൗൺസറായിരുന്ന കെ.പി.ഉദയഭാനുവിനെ “നായരു പിടിച്ച് പിലിവാല്”എന്ന ചിത്രത്തിൽ പാടിച്ചത് അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം കാരണമായിരുന്നു. എ.എം.രാജയെക്കൊണ്ട് പാടിക്കണമെന്നായിരുന്നു,നിർമ്മാതാവ് ടി.ഇ വാസുദേവിന്റെ ആഗ്രഹം. എന്നാൽ,ഭാഷാശുദ്ധിയുള്ള നാട്ടുകാർക്ക് അവസരം നൽകണമെന്നായിരുന്നു രാഘവൻ മാസ്റ്ററിന്റെ നിലപാട്.അദ്ദേഹം അത് സമ്മതിച്ചു.പക്ഷേ, കുറേക്കഴിഞ്ഞ് സംവിധായകനായ പി.ഭാസ്കരൻ അദ്ദേഹത്തിനെഴുതി;പുതിയ പാട്ടുകരൊന്നും വേണ്ടെന്നാണു നിർമ്മാതാവിന്റെ ആഗ്രഹം.

എങ്കിൽ,വാങ്ങിയ അഡ്വാൻസ് തിരികെക്കൊടുക്കാം എന്ന് അറിയിക്കാൻ അദ്ദേഹം ഭാസ്കരൻ മാസ്റ്റർക്ക് മറുപടി നൽകി.സിനിമ മുടങ്ങിയാലോ എന്ന് പേടിച്ച് അദ്ദേഹം ഇക്കാര്യം വാസുദേവിനെ അറിയിച്ചില്ല.കുറെ നാൾ കഴിഞ്ഞ് , ഇത് അദ്ദേഹത്തോട് ഭാസ്കരൻ മാസ്റ്റർ പറഞ്ഞു. അപ്പോൾ വാസുദേവ് സമ്മതിച്ചു.അങ്ങനെ, ഉദയഭാനു എന്ന ചലച്ചിത്ര പിന്നണി ഗായകൻ പിറന്നു.‘കള്ളിച്ചെല്ലമ്മ’യിലെ ‘കരിമുകിൽ കാട്ടിലേ..’എന്ന ഗാനമാണ് ഭാവഗായകൻ പി.ജയചന്ദ്രനെ ഗാനരംഗത്ത് ശ്രദ്ധേയനാക്കിയത് എന്ന പ്രത്യേകതയുമുണ്ട്.

നഷ്ടമായ മണിമുത്തുകൾ

പക്ഷേ,കെ.രാഘവൻ ചിട്ടപ്പെടുത്തിയ ആകാശവാണിയിലെ നൂറുകണക്കിനു മനോഹരമായ ലളിതഗാനങ്ങൾ നഷ്ടപ്പെട്ടു പോയി.ആകാശവാണിയുടെ കോഴിക്കോട്ടെ ശബ്ദശേഖരത്തിൽ അദ്ദേഹത്തിന്റെ 20ൽ താഴെ പാട്ടുകൾ മാത്രമാണുള്ളത്.
(കോഴിക്കോട്,തൃശൂർ നിലയങ്ങളിൽ നൂറുകണക്കിന് ലളിതഗാനങ്ങൾ, സംഘഗാനങ്ങൾ,ദേശഭക്തിഗാനങ്ങൾ,ഭക്തിഗാനങ്ങൾ, സംഗീതശിൽ‌പ്പങ്ങൾ തുടങ്ങിയവയും ഇനിയൊരിക്കലും തിരിച്ചെടുക്കാനാകാത്തവിധം നഷ്ടപ്പെട്ടുപോയിട്ടുണ്ട്.

പണ്ട് ടേപ്പുകൾക്ക് കടുത്ത ക്ഷാമമുണ്ടായിരുന്നു.ഇവയുടെ മൂല്യം തിരിച്ചറിയാനാകാത്ത മുൻകാല നയവും ഇവ നശിക്കാൻ ഇടയാക്കിയിട്ടുണ്ട്.അന്ന്,ആവർത്തിക്കുന്ന ഒരോ പ്രക്ഷേപണത്തിനും ഗാനരചയിതാക്കൾക്കും ഗായകർക്കും മറ്റും ഫീസ് നൽകണമായിരുന്നു.അപൂർവ്വമായി മാത്രമേ,കൂടുതൽ പ്രതിഫലം നൽകി, പൂർണ്ണപ്രക്ഷേപണാവകാശം(complete broadcasting right)വാങ്ങുകയുള്ളുവെന്ന് കവി പി.പി.ശ്രീധരനുണ്ണി പറയുന്നു.”ഒരോ പരിപാടിയും ‘പ്രക്ഷേപണം ചെയ്താൽ ഉടൻ മായ്ച്ചുകളയുക’(erase immediately after broadcat)എന്ന് ക്യൂഷീറ്റിൽ രേഖപ്പെടുത്തിയാകും പ്രക്ഷേപണത്തിനയയ്ക്കുക.ഡ്യൂട്ടി ഓഫീസർ അത് കൃത്യമായി ചെയ്യും’‘!)

കെ.രാഘവന്റെ ആകാശവാണിക്കാലത്തെ സൂക്ഷ്മമായി അപഗ്രഥിച്ച്,സംഗീതജ്ഞനും,മുൻ അസിസ്റ്റന്റ് ഡയറക്ടറുമായ എം.എൻ.രാജീവ് ഇങ്ങനെ രേഖപ്പെടുത്തുന്നു;“അന്ന് ശാസ്ത്രീയ സംഗീതമൊഴികെയുള്ളതെല്ലാം ലളിതഗാനങ്ങളായാണ് കണക്കാക്കപ്പെട്ടിരുന്നത്.വിവിധ നാടൻ കലാരൂപങ്ങളുടെ തനത് ശൈലിയിലുള്ള ആലേഖനം,ഇവയുടെ സംഗീതാംശത്തിന്റെ ശാസ്ത്രീയതയുടെ പരിശോധന,അവയുടെ ശബ്ദഘടനയ്ക്ക് പ്രകടമായ വ്യത്യാസങ്ങൾ വരുത്താതെയുള്ള ശാസ്ത്രീയവൽക്കരണം,ശ്രവ്യ സുഖം ആധാരമാക്കി പ്രത്യേക ഭാഗങ്ങളുടെ തെരഞ്ഞെടുപ്പ്,അനുവദനീയ സമയപരിധിയ്ക്കുള്ളിൽ പൂർണ്ണത നഷ്ടപ്പെടാതെയുള്ള പ്രക്ഷേപണം തുടങ്ങി,സൂക്ഷ്മവും സങ്കീർണ്ണവുമായ അനേകമനേകം നടപടികളിലൂടെയാണ് പലതരം സംഗീതരൂപങ്ങൾ ഇന്നത്തെ ഭക്തിഗാനം,നാടൻപാട്ട്,ലളിതഗാനം എന്നിങ്ങനെയുള്ള പേരുകളിൽ ക്രമപ്പെടുത്താൻ കഴിഞ്ഞത്”.

സംഗീതത്തിന്റെ
പ്രായോഗികസാദ്ധ്യതകൾ

സംഗീതത്തിന്റെ എല്ലാ തലങ്ങളിലുമുള്ള പ്രായോഗികസാദ്ധ്യതകൾ ഈ കാലഘട്ടത്തിൽ പരീക്ഷണ വിധേയമാക്കി.

“ശീർഷകഗാനങ്ങൾ,നാടകങ്ങൾക്കും മറ്റുമുള്ള ഇഫക്റ്റ് മ്യൂസിക്,ഫില്ലറുകൾ,സംഗീത സമന്വയപരിപാടികൾ തുടങ്ങിയവ ഇതിന്റെ ദൃഷ്ടാന്തങ്ങളാണ്”.അദ്ദേഹത്തിന്റെ “മേഘസന്ദേശം” എന്ന സംഗീതശിൽ‌പ്പത്തിൽ,ശകുന്തളയെ വണ്ട് ആക്രമിയ്ക്കുന്നത് സംഗീതോപകരണങ്ങളാൽ സൃഷ്ടിക്കപ്പെട്ടു.മഹാകവി കുട്ടമത്തിന്റെ “പാരമാശ്ചര്യം” എന്ന ദേശഭക്തി ഗാനം അദ്ദേഹം ചിട്ടപ്പെടുത്തിയ രീതിയും എം.എൻ.രാജീവ് ഉദാഹരിക്കുന്നുണ്ട്.നാടൻ പാട്ടുകളുടെ ഈണത്തിലായിരുന്നു അത് ജനങ്ങൾ പാടിയിരുന്നത്.രാഘവൻ മാസ്റ്റർ നാട്ടിൻപുറങ്ങളിൽ സഞ്ചരിച്ച്,ആ ഈണങ്ങൾ പഠിച്ച്,കർണ്ണാടകസംഗീതത്തിലെ വക്രരാഗങ്ങളിലൊന്നായ ഹുസേനിയിൽ ആ ഗാനം വീണ്ടും ചിട്ടപ്പെടുത്തി. ആ ഈണത്തിലാണിപ്പോൾ ആ ഗാനം എല്ലാവരും പാടുന്നത്.

സിനിമാസംഗീതത്തിൽ നമ്മുടെ ചെണ്ടയും ഇടയ്ക്കയും തിമിലയും മാത്രമല്ല, ഗിത്താറും സരോദും കൂടി ഉപയോഗിച്ചാണ് കേരളീയതയുടെ മധുരക്കൂട്ടുകൾ അദ്ദേഹം സൃഷ്ടിച്ചത്.”അദ്ദേഹം മലയാളഗാന സംസ്കാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ശബ്ദപ്രമാണമാകുന്നു.മലയാള ചലച്ചിത്രസംഗീത പിതാമഹൻ രാഘവൻ മാസ്റ്റർ തന്നെ”.
1976ൽ രാഘവൻ മാസ്റ്ററുടെ ആകാശവാണി ജീവിതം അവസാനിച്ചു-ഉറൂബിനെപ്പോലെ, പെൻഷനും ആനുകൂല്യങ്ങളൊന്നുമില്ലാതെ അദ്ദേഹം പടിയിറങ്ങിപ്പോയി.

പിന്നെ,തലശ്ശേരിയിലെ ചക്യാത്തുമുക്കിലുള്ള ‘ശരവണ’ത്തിൽ,നൂറാം പിറന്നാളിനു തൊട്ടുമുൻപുവരെ, സക്രിയം,സഫലമായ ആ സംഗീതജീവിതം.2013 ഒക്ടോബർ 19നു അദ്ദേഹം അന്തരിച്ചു.

Author

Scroll to top
Close
Browse Categories