കഥയുടെ രാഷ്ട്രീയം
നൂറ്റിമുപ്പത് വര്‍ഷം പിന്നിടുന്ന മലയാള ചെറുകഥയുടെ ഇതിവൃത്ത-ആഖ്യാന-സൗന്ദര്യശാസ്ത്ര തലങ്ങളിലേക്ക് ഒരു സമഗ്രാന്വേഷണം–
കഥയുടെ രാഷ്ട്രീയം എന്നത് ഏതെങ്കിലും പ്രത്യയശാസ്ത്രപരമായ നിലപാടുകളോ സമകാലിക വിഷയങ്ങളോ ആയി ബന്ധപ്പെടുത്തി വായിക്കേണ്ടതല്ല. മറിച്ച് വ്യവസ്ഥിതിയുടെ പൊള്ളത്തരങ്ങള്‍ മനുഷ്യമനോഭാവങ്ങളെയും ചിന്താസരണികളെയും ഏതൊക്കെ അളവില്‍ ബാധിക്കുന്നുവെന്നും അത് മനുഷ്യജീവിതത്തെ എത്രത്തോളം ദുരന്താത്മകമാക്കി തീര്‍ക്കുന്നുവെന്നും വിലയിരുത്തപ്പെടേണ്ടതുണ്ട്.
സാമുഹ്യവും രാഷ്ട്രീയവും മനശാസ്ത്രപരവുമായ ഒട്ടനവധി തലങ്ങളിലൂടെ കഥ കടന്നു പോവുകയും ആസ്വാദനക്ഷമത എന്ന വിലയേറിയ ഗുണം നഷ്ടപ്പെടാതെ കഥനം നിര്‍വഹിക്കുകയും ചെയ്യുന്നവയാണ് എം.മുകുന്ദന്റെ കഥകളില്‍ ഏറെയും. ഡയറക്ട്നസ് കഥനത്തിന്റെ ആന്തരഗൗരവം നഷ്ടപ്പെടുത്തുമെന്ന വൃഥാ ധാരണ ഭരിക്കുന്ന ഒട്ടേറെ എഴുത്തുകാരുണ്ട്. മുകുന്ദന്‍ ഈ അപകടഘട്ടത്തെ ബുദ്ധിപരമായി മറികടന്ന പ്രായോഗികതാവാദിയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ കഥാശില്‍പ്പങ്ങള്‍ അതിന്റെ ഗൗരവവും ക്‌ളാസിക് സ്വഭാവവും നിലനില്‍ക്കെ തന്നെ ഭൂരിപക്ഷത്തെ ആകര്‍ഷിക്കാന്‍ പര്യാപ്തമാവുന്നു.
‘ഡല്‍ഹി 1981 ‘നാല് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് രചിക്കപ്പെട്ട ഒരു കഥയാണ്. അതില്‍ പ്രതിപാദിക്കപ്പെടുന്നത് ഡല്‍ഹിയിലെ ഒരു നഗരപശ്ചാത്തലത്തില്‍ പട്ടാപ്പകല്‍ നടക്കുന്ന ഒരു ബലാത്സംഗം ആസ്വാദനതത്പരതയോടെ നോക്കി കാണുന്ന നിസംഗരായ മനുഷ്യരാണ്. ഇന്ത്യന്‍ മനസാക്ഷിയുടെ സഹജമായ പ്രതികരണവിമുഖത ഒരു പരിധിവരെ ലക്ഷ്യമിടുമ്പോള്‍ മറ്റൊരു തലത്തില്‍ സഹജീവിയായ ഒരു പെണ്‍കുട്ടിക്ക് സംഭവിക്കുന്ന ദുരന്തത്തെ രസവാഹിയായ ഒരു ദൃശ്യമായി കണ്ട് ആനന്ദിക്കാന്‍ പാകത്തില്‍ മനുഷ്യമനസാക്ഷിയില്‍ സംഭവിച്ച വിപരീതപരിണാമങ്ങളെക്കുറിച്ച് കൂടി കഥ ആനുഷികംഗമായി സൂചിപ്പിക്കുന്നു. കഥ നിഗൂഢമായി ധ്വനിപ്പിക്കുന്ന മറ്റ് ചില യാഥാര്‍ത്ഥ്യങ്ങള്‍ കൂടിയുണ്ട്.
ഒരു അപകടമോ കൊലപാതകമോ കുറ്റകൃത്യത്തിനോ ദൃക്സാക്ഷിയാവുകയും അത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്ന പൗരന്‍ അനുഭവിക്കേണ്ടി വരുന്ന നിയമപരമായ നൂലാമാലകളും തദനുബന്ധിയായ പ്രത്യാഘാതങ്ങളും ആപത്കരമാണ്. ഇതേക്കുറിച്ച് മികച്ച ബോധ്യമുളള ഇന്ത്യന്‍ പൗരന്‍ ഏത് ദുരന്താത്മകവും സഹതാപജന്യവുമായ സാഹചര്യത്തിലും ബോധപൂര്‍വമായ മൗനം ദീക്ഷിച്ചെന്ന് വരാം. അപ്പോള്‍ നിയമവ്യവസ്ഥയുടെ വൈപരീത്യങ്ങള്‍ മനുഷ്യമനസാക്ഷിയില്‍ സുഷ്ടിക്കുന്ന പ്രതിലോമകരമായ പരിണാമങ്ങളെക്കുറിച്ച് കൂടി കഥ അഭിവ്യഞ്ജിപ്പിക്കുന്നു. അങ്ങനെ നിരവധി തലങ്ങളിലേക്ക് പരിവര്‍ത്തിക്കുന്ന ഒന്നായി മാറുന്നു കഥയുടെ ആന്തരധ്വനികള്‍.
പില്‍ക്കാലത്ത് ബലാത്സംഗം വിദേശത്ത് ചായ കുടിക്കും പോലെയുള്ള ഏര്‍പ്പാട് മാത്രമാണെന്ന് ഒരു ഭരണാധികാരി പരസ്യപ്രസ്താവന ഇറക്കുന്നിടത്തോളം നിസംഗവും നിര്‍വികാരവും നിരുത്തരവാദിത്തപരവുമായി മാറി ഇന്ത്യന്‍ മനസാക്ഷി. ഈ യാഥാര്‍ത്ഥ്യത്തെ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കണ്ടെത്തി ആവിഷ്‌കരിക്കാന്‍ കഴിഞ്ഞു എന്നത് കൂടി ഈ കഥയുടെ മികവിനോട് ചേര്‍ത്തുവച്ച് വായിക്കപ്പെടേണ്ടതുണ്ട്.
കഥയുടെ രാഷ്ട്രീയം എന്നത് ഏതെങ്കിലും പ്രത്യയശാസ്ത്രപരമായ നിലപാടുകളോ സമകാലിക വിഷയങ്ങളോ ആയി ബന്ധപ്പെടുത്തി വായിക്കേണ്ടതല്ല. മറിച്ച് വ്യവസ്ഥിതിയുടെ പൊള്ളത്തരങ്ങള്‍ മനുഷ്യമനോഭാവങ്ങളെയും ചിന്താസരണികളെ ഏതൊക്കെ അളവില്‍ ബാധിക്കുന്നുവെന്നും അത് മനുഷ്യജീവിതത്തെ എത്രത്തോളം ദുരന്താത്മകമാക്കി തീര്‍ക്കുന്നുവെന്നും വിലയിരുത്തപ്പെടേണ്ടതുണ്ട്.
കാലദേശാതീതമായ
കഥ
ബഷീറിന്റെ വിശ്വവിഖ്യാതമായ മൂക്ക് ധ്വനിസാന്ദ്രതയുടെ അപാരതയെ സ്പര്‍ശിക്കുന്ന രചനയാണ്. ആക്ഷേപഹാസ്യത്തിന്റെയും അന്യോപദേശത്തിന്റെയും മട്ടില്‍ പ്രത്യക്ഷത്തില്‍ വായിക്കപ്പെടാവുന്ന ഈ കഥ ശ്രദ്ധേയമാകുന്നത് കഥയ്ക്കുള്ളില്‍ പതിയിരിക്കുന്ന നിഗൂഢധ്വനികളും വ്യംഗ്യഭംഗികളും കൊണ്ടാണ്. ഓര്‍ഹന്‍ പാമുക്ക് നിരന്തരം ആവര്‍ത്തിക്കുന്ന കഥാകേന്ദ്രം എന്ന സങ്കല്‍പ്പത്തിന്റെ ആഴം ത്വരിതപ്പെടുത്താന്‍ ഈ കഥയെ ഉദാഹരിക്കാവുന്നതാണ്. പ്രതിച്ഛായാ നിര്‍മ്മിതി, ബിംബവത്കരണം എന്നിങ്ങനെ ഒട്ടനവധി അവസ്ഥാന്തരങ്ങളുടെ സൂക്ഷ്മചിത്രണം കൂടിയാണ് ഈ കഥ.
നമ്മുടെ രാഷ്ട്രീയ-സാമൂഹ്യ-സാഹിത്യ-സാംസ്‌കാരിക-ആദ്ധ്യാത്മിക-ചലച്ചിത്രമണ്ഡലങ്ങളില്‍ ഒട്ടനവധി പൊയ്മുഖങ്ങള്‍ അഭിരമിക്കുന്നുണ്ട്. കൃത്രിമവും ബോധപൂര്‍വവും ആസൂത്രിതവുമായ പദ്ധതികളിലൂടെ ഇവര്‍ തങ്ങള്‍ക്കില്ലാത്ത മേന്മകളും ഗുണഗണങ്ങളും ഉണ്ടെന്ന് സ്ഥാപിച്ചെടുക്കുന്നു. യഥാര്‍ത്ഥ പ്രതിഭകളെ തമസ്‌കരിച്ചുകൊണ്ട് കേവലം തിണ്ണമിടുക്കിന്റെ മാത്രം പിന്‍ബലത്തില്‍ ഉന്നതപീഠങ്ങളില്‍ പ്രതിഷ്ഠിക്കപ്പെടുന്നു. ഇവര്‍ കേവലം മെഴുകുപ്രതിമകളാണെന്ന് ഒന്നുകില്‍ പൊതുസമൂഹം അറിയാതെ പോകുന്നു. അല്ലെങ്കില്‍ അറിയാന്‍ വൈകുന്നു. രണ്ടിലേതായാലും പൊതുബോധ്യത്തിന്റെയും സാമാന്യബുദ്ധിയുടെയും യുക്തിയുടെയും സീമകളെ തച്ചുടച്ചും അതിലംഘിച്ചും ഇവര്‍ അന്യാദൃശമായ പ്രതിഭയുടെ ഉടമകളായി സ്വയം വിഗ്രഹവത്കരിക്കുന്നു.
സമകാലിന മലയാളസാഹിത്യം നേരിടുന്ന ആപത്കരമായ അവസ്ഥ അടക്കം ഇതിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒന്നാണ്. അംഗീകാരങ്ങള്‍ പിടിച്ചുവാങ്ങാനും ബോധപൂര്‍വമായ ശ്രമങ്ങളിലൂടെ ഇല്ലാത്ത മഹത്ത്വമുണ്ടെന്ന് സ്ഥാപിച്ചെടുക്കാനുമുള്ള വ്യഗ്രതയ്ക്ക് ലഭിക്കുന്ന ഗുണഫലങ്ങള്‍ ഒരര്‍ത്ഥത്തില്‍ സാംസ്‌കാരിക മലിനീകരണമാണ്. ഇത്തരം വൈപരീത്യങ്ങളെ പ്രതിനീധികരിക്കുകയോ പ്രതീകവത് കരിക്കുകയോ ചെയ്യുന്ന രചനയാണ് വിശ്വവിഖ്യാതമായ മൂക്ക്. അനുദിനം വളരുന്ന ഈ മൂക്ക് കഥാന്ത്യത്തില്‍ കേവലം റബ്ബര്‍മൂക്കായിരുന്നുവെന്ന് സ്ഥിരീകരിക്കപ്പെടുന്നതോടെയാണ് പൂര്‍ണ്ണമാവുന്നത്. ബഷീറിയന്‍ ശൈലിയില്‍ നര്‍മ്മോക്തികളിലൂടെ സരസമായി പറഞ്ഞു പോകുന്ന ഈ കഥ മികച്ച മാതൃകകള്‍ നഷ്ടപ്പെടുന്ന ഒരു ജനതയുടെ നിസഹായതയുടെ ചിത്രം കൂടി വരഞ്ഞിടുന്നു. ശ്രീനാരായണഗുരു, അയ്യങ്കാളി, എ.കെ.ജി, പി.കൃഷ്ണപിളള, ഇ.എം.എസ്…എന്നിങ്ങനെ എത്രയോ മഹത്തുക്കളെ സംഭാവന ചെയ്ത കേരളം ഇന്ന് മികച്ച മാതൃകകളില്ലാതെ ഇരുട്ടില്‍ തപ്പുകയാണ്. റബ്ബര്‍മൂക്കന്‍മാര്‍ എവിടെയും സ്ഥാനം പിടിക്കുന്നു എന്ന ദുരന്തപൂര്‍ണ്ണമായ അവസ്ഥയ്ക്ക് നാം അനുദിനം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നു.
അനര്‍ഹമായ വ്യക്തി/ പ്രതീകം/ ബിംബം എങ്ങനെയാണ് അനുക്രമമായി മഹത്ത്വത്തിലേക്ക് നടന്നു കയറുന്നതെന്നും മഹനീയമാതൃക എന്ന തലത്തില്‍ എത്തിച്ചേരുന്നതെന്നും അവിടെ നിന്നും സ്വാഭാവികമായ പതനം വരിക്കുന്നതെന്നും ഈ കഥ പറഞ്ഞു തരുന്നു.
കൊറോണക്കാലത്തെ മുന്‍നിര്‍ത്തിയും ഈ കഥ അപഗ്രഥിക്കപ്പെടേണ്ടതുണ്ട്. പതിതരും ആലംബഹീനരുമായ ജനലക്ഷങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ പാകത്തില്‍ അമാനുഷിക സിദ്ധിയുണ്ടെന്ന് നടിച്ചിരുന്ന പല ആദ്ധ്യാത്മികവിഗ്രഹങ്ങളും കേവലം ഒരു ശ്വാസത്തില്‍ അണയുന്നത്ര നിസാരമാണ് തങ്ങളുടെ അസാധാരണത്വമെന്ന് സ്വയം സമ്മതിച്ച് സുരക്ഷിതകോണുകളിലേക്ക് പലായനം ചെയ്യുന്നത് നാം കണ്ടു. ഇത്തരം ഒരുപാട് അപഹാസ്യനിര്‍മ്മിതികളെ പ്രതിനിധാനം ചെയ്യുന്ന രചന എന്ന നിലയില്‍ ഈ ബഷീര്‍ കഥ കാലത്തെ അതിജീവിച്ച് നിലനില്‍ക്കുക തന്നെ ചെയ്യും.
ആത്യന്തികമായി യഥാതഥമായത് മാത്രമേ നിലനില്‍ക്കൂ എന്ന തിരിച്ചറിവിലേക്കും കഥ ഒടുവില്‍ എത്തിച്ചേരുന്നു. ബഷീറിന്റെ കഥകള്‍ സന്ദേശവാഹികളല്ല. ബോധവത്കരണവും ഉത്ബോധനവും അതിന്റെ വഴികളുമല്ല. ധ്വന്വാത്മകമാണ് അദ്ദേഹത്തിന്റെ കഥനവഴി. ഈ കഥയിലും അദ്ദേഹം കാതലായ ഒരു സത്യം പറയാതെ പറയുക തന്നെയാണ്. വിവേചനശേഷിയുള്ള വായനക്കാരന്‍ അത് വായിച്ചെടുക്കുകയും.
കഥയിലെ
ഏകാന്ത വിസ്മയങ്ങള്‍
മലയാള കഥയുടെ വികാസപരിണാമങ്ങളും ഗുണപരതയും പരിശോധിക്കുമ്പോള്‍ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാര്‍ക്കൊപ്പം അധികം അറിയപ്പെടാത്ത പേരുകളും കടന്നുവരുന്നു എന്നത് കഥയുടെ വളര്‍ച്ചയെ അടയാളപ്പെടുത്തുന്ന ഒന്നാണ്. മലയാളത്തിലെ മികച്ച കഥകളുടെ കണക്കെടുപ്പില്‍ അതിപ്രശസ്തര്‍ക്കൊപ്പംഅര്‍ദ്ധപ്രശസ്തരും അപ്രശസ്തരും കടന്നുവരുന്നുവെന്നത് അഭിമാനകരമായ ഒരു വൈരുദ്ധ്യമാണ്.
എന്‍.എസ്.മാധവന്റെ ഹിഗ്വിറ്റ, ശിഹാബുദ്ദീന്‍ പൊയ്ത്തും കടവിന്റെ ആര്‍ക്കും വേണ്ടാത്ത കണ്ണ്, മുണ്ടുര്‍ കൃഷ്ണന്‍കുട്ടിയുടെ മൂന്നാമതൊരാള്‍, വി.പി.ശിവകുമാര്‍, യു.പി.ജയരാജ്, ടി.വി.കൊച്ചുബാവ, വിക്ടര്‍ ലീനസ്, അയ്മനം ജോണ്‍, ജോര്‍ജ് ജോസഫ്.കെ….അങ്ങനെ കഥേതര ആഘോഷങ്ങളില്‍ സ്ഥാനം പിടിക്കാന്‍ കഴിയാതെ പോയ അസംഖ്യം പേര്‍ എണ്ണം പറഞ്ഞ കഥകള്‍ കൊണ്ട് മലയാള ചെറുകഥയെ സമ്പന്നമാക്കിയിട്ടുണ്ട്. ലോകനിലവാരത്തിലേക്ക് ഉയര്‍ന്നു നില്‍ക്കുന്ന പല കഥകളും മലയാളത്തിന് സമ്മാനിച്ചത് പലപ്പോഴും ആഘോഷങ്ങളില്‍ പെടാതെ പോയ എഴുത്തുകാരാണെന്നതും പ്രത്യേകം പ്രസ്താവ്യമാണ്.
ചലച്ചിത്രകാരന്‍ എന്ന തലത്തില്‍
മാത്രം ചിലര്‍
പരിമിതപ്പെടുത്തിയ പി.പത്മരാജനും തനിക്ക് മാത്രം വഴങ്ങുന്ന പ്രമേയ-ആഖ്യാന വിസ്മയം കൊണ്ട് സ്വയം അടയാളപ്പെടുത്തിയ കഥാകാരനാണ്. ഓര്‍മ്മ, കൈവരിയുടെ തെക്കേയറ്റം, ലോല…എന്നിങ്ങനെ എണ്ണം പറഞ്ഞ നിരവധി കഥകളില്‍ അന്യാദൃശമായ കഥനപാടവം ഒളിഞ്ഞുകിടപ്പുണ്ട്. മാധവിക്കുട്ടിയുടെ പക്ഷിയുടെ മണം മലയാള കഥയുടെ പ്രഭാവം വിളിച്ചോതുന്ന ഉത്തമരചനയാണ്. വിശ്വകഥയുടെ ജനുസിലേക്ക് മലയാളത്തിന് ഉയര്‍ത്തിക്കാട്ടാവുന്ന കഥ. ഇത്തരം മഹത് രചനകളേക്കാള്‍ ആഘോഷിക്കപ്പെട്ടത് മാധവിക്കുട്ടി എന്ന വ്യക്തിയാണെന്നതും
എം.സുകുമാരന്റെ കഥകള്‍ ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമായപ്പോഴും എഴുത്തുകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് അര്‍ഹിക്കുന്ന താരമൂല്യം ലഭിക്കാതെ പോയതും കാലത്തിന്റെ വൈരുദ്ധ്യങ്ങളായി കണക്കാക്കാം.
കഥയെ മാത്രം
ധ്യാനിച്ച് പത്മനാഭന്‍
മലയാള കഥയുടെ കുലപതിയെന്ന് വ്യാപകമായി വിശേഷിപ്പിക്കപ്പെട്ട പത്മനാഭന്‍ ഭാവഗീതത്തോട് അടുത്തു നില്‍ക്കുന്ന കഥകളിലൂടെ തന്റെ രചനാസപര്യ അവിഘ്നം തുടരുന്ന എഴുത്തുകാരനാണ്. ഇതിനെ ഒരു പരിമിതിയും പരാധീനതയുമായി വ്യഖ്യാനിച്ചവരുണ്ട്. ഇത്തരം വാദങ്ങള്‍ അടിസ്ഥാനപരമായി അര്‍ത്ഥശൂന്യമാണെന്ന് കാണാം. ഇതിവൃത്ത-ആഖ്യാന സമീപനങ്ങളില്‍ വ്യതിരിക്തത വേണമെന്നാണ് ഇക്കൂട്ടരുടെ വാദം. ഇതിന്റെ നിജസ്ഥിതി പരിശോധിക്കേണ്ടതുണ്ട്. പ്രമേയപരമായി ഒരു കാലത്തും സ്വയം ആവര്‍ത്തിച്ചിട്ടുളള കഥാകാരനല്ല പത്മനാഭന്‍. അദ്ദേഹത്തിന്റെ സമീപകാല രചനയായ ആക്രി മുതല്‍ ഗൗരിയും മഖന്‍സിംഗിന്റെ മരണവും മരയയും പ്രകാശം പരത്തുന്ന പെണ്‍കുട്ടിയും കടലും പ്രത്യഭിഭിന്നമാണ്. കഥയുടെ ആവിഷ്‌കാരസമീപനങ്ങളിലെ സാധര്‍മ്മ്യമാണ് സൂചനയെങ്കില്‍ അതില്‍ സമാനതയുണ്ടെന്ന് സമ്മതിക്കാം. സവിശേഷമായ താളലയങ്ങള്‍ ഉള്‍ക്കൊളളുന്ന സംഗീതസാന്ദ്രമായ ഭാഷ അദ്ദേഹത്തിന്റെ കയ്യൊപ്പാണ്. ആ വ്യക്തിത്വത്തിന്റെ തനത് മുദ്ര പതിഞ്ഞ ഭാവസാന്ദ്രവും അനുഭവവേദ്യവുമായ പ്രതിപാദനശൈലി ഒരു പോരായ്മ എന്നതിലുപരി മേന്മയായിത്തന്നെ ഗണിക്കപ്പെടേണ്ടതുണ്ട്. ഒരു എഴുത്തുകാരന്‍ ആത്മപ്രകാശനത്തിന് ഉപയുക്തമാക്കുന്ന ഭാഷയും ശൈലിയും പ്രതിപാദനരീതിയും അയാളുടെ ആത്മഭാവങ്ങളുമായി ഇഴപിരിക്കാനാവാത്ത വിധം ചേര്‍ന്നു കിടക്കുന്ന ഒന്നാണ്. അതിനെ ബോധപൂര്‍വം തമസ്‌കരിച്ചുകൊണ്ട് വൈവിധ്യത്തിനു വേണ്ടി അയാള്‍ ഒരു അപരഭാഷ നിര്‍മ്മിക്കണമെന്ന വാദം ബാലിശമാണ്.
എം.ടിയും മാധവിക്കുട്ടിയും ബഷീറും തകഴിയും അടക്കമുള്ള മഹാമേരുക്കള്‍ തങ്ങളുടെ സൃഷ്ടികളില്‍ ഏറിയ പങ്കും നിര്‍വഹിച്ചിട്ടുള്ളത് അവരുടെ തനത് ശൈലിയില്‍ തന്നെയാണ്. ഈ ശൈലിയാണ് അവരുടെ വ്യക്തിമുദ്ര. കുറെക്കൂടി ആഴത്തില്‍ വിലയിരുത്തുമ്പോള്‍ ആത്മമുദ്ര. ജനിതകമായ സവിശേഷതകളിലൂടെ രൂപപ്പെട്ടു വരുന്ന ആ ശൈലിയെ തമസ്‌കരിച്ചുകൊണ്ടുളള ഏത് രചനയും അവരെ അവരല്ലാതാക്കിത്തീര്‍ക്കാം.
എന്നാല്‍ ഓരോ കഥയ്ക്കും വേറിട്ട ഇതിവൃത്തങ്ങളും കഥാഭൂമികയും കഥനശൈലിയും ഭാഷയും നിര്‍മ്മിച്ചെടുക്കുകയെന്നതും അപരാധമല്ല. അനിതരസാധാരണമായ പ്രതിഭാവിലാസം ഒന്നുകൊണ്ട് മാത്രം സാധിക്കുന്ന അത്യപൂര്‍വമായ സൃഷ്ടിപരതയുടെ അനന്തരഫലമാണ് ഇത്തരം രചനകള്‍. വിശ്വസാഹിത്യത്തില്‍ പോലും ഇക്കൂട്ടരുടെ എണ്ണം പരിമിതമായിരിക്കും. എന്നിരിക്കിലും അത്തരം ഒറ്റപ്പെട്ട അത്ഭുതങ്ങളുമുണ്ടെന്ന് പറയാതെ വയ്യ.
ഗുണപരതയുടെ
സവിശേഷമുഖങ്ങള്‍
നേരിയ വരകളിലൂടെ അഗാധവും ദീപ്തവുമായ ജീവിതാവസ്ഥകളെ .അഭിവ്യഞ്ജിപ്പിക്കുന്ന ചിത്രം പോലെ മനസിനെ മഥിക്കുന്നതാവും മികച്ച കഥ. വരികള്‍ക്കിടയിലെ നിശ്ശബ്ദതയ്ക്ക് പോലും കഥയെ കൂടുതല്‍ ഭാവസാന്ദ്രമാക്കാനും കലാത്മകമായ ലാവണ്യാനുഭവം പകരാനും കഴിയും. അതുകൊണ്ട് തന്നെ വെല്‍എഡിറ്റഡ് ലിറ്റററി റൈറ്റിംഗിന്റെ ഉത്തമനിദര്‍ശനമാണ് കഥ എന്ന സാഹിത്യരൂപം.
മിതത്വവും കയ്യൊതുക്കവും കയ്യടക്കവും നിലനിര്‍ത്തിക്കൊണ്ട് കഥ പറയാനുള്ള ശ്രമത്തിന് സ്വാഭാവികമായി ലഭിക്കുന്ന ഗുണഫലമാണ് ഒരു നല്ല കഥയുടെ മൂല്യനിര്‍ണ്ണയത്തില്‍ പ്രധാനം.
ഇമേജറികള്‍ കഥയെ ഭാവസമ്പുഷ്മാക്കുന്നതിലും അനുവാചകമനസില്‍ കൂടുതല്‍ വ്യക്തമായ ചിത്രം വരഞ്ഞിടുന്നതിനും ഉപയുക്തമാണെന്നിരിക്കിലും പ്രതീകവത്കരണത്തിന്റെയും ഇമേജറികളിലൂടെ വ്യഞ്ജിപ്പിക്കുന്നതിന്റെയും കാലം കടന്ന് ആഖ്യാനം നേരിട്ട് നിര്‍വഹിക്കപ്പെടുന്നവയാണ് സമകാലീന രചനകളില്‍ ഏറെയും. ഇക്കാര്യത്തില്‍ നിയാമകമായ ധാരണകള്‍ക്ക് പ്രസക്തിയില്ല. ഏത് സങ്കേതത്തിനും സാധ്യതകളും സാധ്യതയില്ലായ്മയുമുണ്ട്. നിര്‍ദ്ദിഷ്ട നിര്‍വചനങ്ങളുടെ കളളിയിലൊതുങ്ങി നിന്ന് സംഭവിക്കേണ്ട ഒന്നല്ല കഥനം. അതിന്റെ വഴികള്‍ അത് സ്വയം കണ്ടെത്തുകയാണ്. അതുകൊണ്ട് തന്നെ കഥയുടെ നവീനമായ രൂപഭാവസങ്കല്‍പ്പങ്ങള്‍ ഇനിയും രൂപപ്പെട്ട് വരാനിരിക്കുന്നതേയുള്ളു. (തുടരും)
9995907849