എഴിയത്ത് കൊച്ചമ്പാളി ആശാന്
തിരുവിതാംകൂറിലെ ആദ്യ ഈഴവ കവി
കേരളത്തിന്റെ സാഹിത്യസാംസ്കാരിക സാമൂഹിക ചരിത്രത്തെ തിരുത്തിയെഴുതാന്‍ അക്ഷരക്കൂട്ടുകളെ നക്ഷത്രക്കൂട്ടങ്ങളാക്കി മാറ്റിയ കവിയാണ് കൊച്ചമ്പാളി ആശാന്. ജീവിതത്തിന്റെ സാരള്യവും പ്രകൃതി സൗന്ദര്യവും ഒരുപോലെ അദ്ദേഹത്തെ മത്തുപിടിപ്പിച്ചിരുന്നുവെന്ന് ആ വരികള്‍ വ്യക്തമാക്കുന്നു
അക്ഷരങ്ങളെ
നക്ഷത്രക്കൂട്ടങ്ങളാക്കിയ
കവി
എ.ഡി. 1809ല്‍ വേലുത്തമ്പി ദളവ പ്രസിദ്ധപ്പെടുത്തിയ ‘കുണ്ടറവിളംബര’ത്തില്‍ ഈഴവരാദി പിന്നോക്ക ജനവിഭാഗങ്ങളെ ‘കീഴ് പരിഷ’കളെന്ന്അഭിസംബോധന ചെയ്തതിനും ഒമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു (എ.ഡി. 1800). തിരുവിതാംകൂറിലെ ആദ്യ ഈഴവകവി കൊച്ചമ്പാളി ആശാന്റെ ജനനം. കൊല്ലം പരവൂരില്‍ എഴിയത്ത് കുടുംബത്തില്‍ കുഞ്ചുചക്കി ചാന്നാട്ടിയും കാഞ്ഞിരവിളാകത്തു ചക്കന്കാളിയും ആയിരുന്നു ഭാഷാസാഹിത്യ ചരിത്രത്തില്‍ ഇടം നേടിയ കൊച്ചമ്പാളി ആശാന്റെ മാതാപിതാക്കള്‍ .ബാല്യകാല വിദ്യാഭ്യാസം പരവൂരില്‍ തന്നെ നടത്തിയതിനു ശേഷം പല സ്ഥലങ്ങളിലും സഞ്ചരിച്ച് ജ്യോതിര്വിദ്യയില് നൈപുണ്യം നേടിയ അദ്ദേഹം ‘സരളപ്രകൃതിയും സത്യനിഷ്ഠനും കോമളഗാത്രനും ആയിരുന്നുവെന്നും ദ്രുതകോപത്തില് ദുര്വാസാവിനോടു സദൃശനായിരുന്നുവെന്നും’ ഭാഷാ സാഹിത്യചരിത്രകാരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആശാന് എഴിയത്ത് ഒരു കളരിയും സ്ഥാപിച്ചിരുന്നു. കളരികളിലെ ഗുരുനാഥന്മാരെ ‘ആശാന്മാ’രെന്നും ‘പണിക്കന്മാ’രെന്നുമുള്ള പേരുകളിലാണ് അറിയപ്പെട്ടിരുന്നതെന്ന്, തേഴ്സ്റ്റന്‍ രേഖപ്പെടുത്തുന്നു. യഥാകാലം ആശാന് പിതാവിന്റെ ഭാഗിനേയി കാളിയമ്മയെ വിവാഹം കഴിച്ചെങ്കിലും അവര്‍ക്ക് സന്താനങ്ങളില്ലായിരുന്നു. എ.ഡി. 1935ല്‍ മുപ്പത്തഞ്ചാം വയസ്സില്‍ അദ്ദേഹം കാലധര്‍മ്മം പ്രാപിച്ചു.
സംസ്കൃത പണ്ഡിതനും സമുദായ പ്രമാണിയും മഹാവൈദ്യനെന്ന ഖ്യാതി നേടിയ ആളുമെന്ന് ഉള്ളൂര്‍ പ്രശംസിച്ച എഴിയത്ത് വൈരവന് വൈദ്യന് കൊച്ചമ്പാളി ആശാന്റെ അനന്തിരവനായിരുന്നു. വൈരവന് വൈദ്യന്റെ ഏകപുത്രനായിരുന്നു തിരുവിതാംകൂറിലെ ആദ്യ ഈഴവപത്രമായിരുന്ന ‘സുജനാനന്ദിനിയുടെ പത്രാധിപരും, അക്കാലത്തെ അഗ്രഗണ്യനായ സംസ്കൃത പണ്ഡിതനും പ്രശസ്തനായ ആയുര്‍വേദ ഭിഷഗ്വരനും, കവിയും, ഗ്രന്ഥകാരനും താര്‍ക്കികനും, പ്രഥമ എസ്.എന്‍.ഡി.പി യോഗം ഡയറക്ടര്‍ ബോര്‍ഡംഗവും സര്‍വ്വോപരി ശ്രീനാരായണഗുരുദേവന്റെ ഗൃഹസ്ഥാശ്രമ ശിഷ്യനുമായിരുന്ന പരവൂര്‍ കേശവനാശാന്‍. കൊച്ചമ്പാളി ആശാന്റെ പൈതൃകം കേശവനാശാനെ ‘കവികുല പാരമ്പര്യമുള്ള എഴിയത്ത് വൈരവന് വൈദ്യന്റെ പുത്രന്’ എന്ന വിശേഷണത്തിനും അര്‍ഹനാക്കി. 1905-ല്‍ കൊല്ലത്തു വച്ചു നടന്ന എസ്.എന്‍.ഡി.പി യോഗത്തിന്റെ കനകജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന അഖിലേന്ത്യാ പ്രദര്‍ശനത്തില്‍ കൊച്ചമ്പാളി ആശാന്റെ രചനകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ശ്രീനാരായണ ഗുരുദേവന്റെ ജനനത്തിനും അര നൂറ്റാണ്ടിനു മുമ്പ് ജീവിച്ചിരുന്ന ഒരു പ്രതിഭാശാലി ആയിരുന്നു കൊച്ചമ്പാളി ആശാന്. ഗുരുദേവന്റെ പ്രഭാകിരണങ്ങള്‍ ഏല്ക്കുന്നതിനു മുമ്പുള്ള തിരുവിതാംകൂര്‍ ജാത്യാന്ധകാരം മൂടിയ അടിമകൂട്ടങ്ങളുടെ വെറുമൊരു കൂടാരം മാത്രമായിരുന്നു. ഈഴവരടക്കമുള്ള അവര്ണ്ണജാതികളെ അടിമകളാക്കിയിരുന്ന കാലം .എല്ലാം നിഷേധിക്കപ്പെട്ടവര്‍ – ആഹാരം മുതല്‍ അക്ഷരം വരെ ഉടുക്കാനും നടക്കാനും പഠിക്കാനും അവകാശമില്ലാതിരുന്ന അടിമത്തം അവരെ ‘കീഴ്പരിഷ’കളും ‘നീചപരിഷ’കളുമാക്കി. അതിനിടയിലും സമുദായം അറിവിന്റെയും അന്വേഷണത്തിന്റെയും പാതയില്‍ ചുവടു വെച്ചു തുടങ്ങിയിരുന്നുവെന്നുള്ളതിന് തെളിവാണ് ഈ പ്രാചീന കവിയുടെ അക്ഷരക്കൂട്ടുകൾ. തിരുവിതാംകൂറിലെ ആദ്യ ഈഴവകവി അവിടെ പിറവിയെടുത്തു. ഇരുന്നൂറ്റി ഇരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ്.
കുഞ്ചന്‍നമ്പ്യാരുടെ കാലശേഷം ‘സാഹിതീദേവി കുറെക്കാലം ‘നിദ്രിതാവസ്ഥ’യില്‍ കഴിച്ചുകൂട്ടിയെന്നാണ് അഭിജ്ഞമതം. അമ്മാനപ്പാട്ട്, പാവക്കളിപ്പാട്ട്, വഞ്ചിപ്പാട്ട്, കൈകൊട്ടിക്കളിപ്പാട്ട്, കുറത്തിപ്പാട്ട്, കമ്പടികളിപ്പാട്ട്, പാന, തിരുവാതിരകളിപ്പാട്ട്, കരടികളിപ്പാട്ട്, കിളിപ്പാട്ട് എന്നിങ്ങനെ വളരെ വ്യത്യസ്തങ്ങളായ ഗാനശാഖകളാണ് തുടര്‍ന്നുണ്ടായത്. ഈ കാലഘട്ടത്തിലാണ് കൊച്ചമ്പാളി ആശാന്റെ രംഗപ്രവേശം.
അക്കാലത്ത് അന്നത്തെ കെട്ടുകല്യാണത്തിനും മറ്റും അമ്മാനം ആടുന്ന പതിവ് ഉണ്ടായിരുന്നു. അതിനുവേണ്ടി അസംഖ്യം ഗാനങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. അമ്മാനപ്പാട്ട് എഴുതി പ്രസിദ്ധി സമ്പാദിച്ച പ്രാചീനകവികളില്‍ ഒരാളായിരുന്നു കൊച്ചമ്പാളി ആശാന്. അദ്ദേഹത്തിന്റെ രുക്മിണീ സ്വയംവരം അമ്മാനപ്പാട്ടിലെ നാലുവരികള്‍ താഴെ ചേര്‍ക്കുന്നു.
അംബേ കാര്‍ത്യായനീ കേള് കലുഷ കുലഹരേ
നിര്‍മ്മലേ ലോകമായേ
ബിംബാഭേ സംപ്രസന്നേ സുരുചിരവദനേ
കാരണീയെന് പുരാണീ.
അടുത്തത് ആശാന്റെ ലങ്കാമര്‍ദ്ദനം താളം വച്ച
അമ്മാന.
ആര്ത്തശരധൂര്ത്തന്
പരമാര്ത്ഥങ്ങളെയോര്ത്തിട്ടുട-
നത്താര് മകളെക്കട്ടു കടല്ക്കക്കരെ വച്ചു-
അക്കാലമിതക്കാര്ത്മജന സ്വാമിനിയോടത്തൊടു
മക്കാമിനിയെത്തേടിയയച്ചോരിലൊരുത്തന്
കാറ്റിന് മകനുറ്റന് കവിശ്രേഷ്ഠന് ഹനുമാന് താനവ
നേറ്റം ബാലവേഗേന കുതിച്ചംബര ഭാഗേ
കാറ്റോടെതിരായ് ദൈവകടാക്ഷേണയിലങ്കാപുരി
നോക്കിപ്പതഗാഢോപമനായ് പോയമ്മാന.
ആശാന്റെ മറ്റൊരു അമ്മാനപ്പാട്ട്
പേലവാംഗി തുഹിനാചല നന്ദിനി
കാലകാലനനുപിണിയായ്വന
ലീല തന്നലതിലോലുപയായരുള് ചെയ്തതു
ഭാഗവാന്
കേട്ടു തുഷ്ടിപൂണ്ടു പിന്നൊട്ടുമേ മടിയാത-
ക്കാട്ടിലുള്പ്പൂക്കകളികാട്ടി വേഗാല്‍
വാട്ടമെന്നിയേകിടി പ്രവരങ്ങളെ
ചാട്ടവും കുതുകമൊടു ശശരങ്ങടെ
കൂട്ടവും വന്യമൃഗങ്ങളെ നോട്ടവുമൊട്ടഥകണ്ടു
വല്ലിമേല്‍ വിളങ്ങുന്ന വല്ലരിതന്നില്‍ ഭൃംഗ
മുല്ലസിപ്പതും കണ്ടു മെല്ലെ മെല്ലേ
ഭല്ലജാലകര തല്ലജ കമ്പിത
കല്യപാദപ കദംബമതില് ബഹു
പല്ലവോല്ലസിത വല്ലികളല്ലല് വെടിഞ്ഞഥകണ്ടു
താമരപ്പൊയ്കകളില്‍ താമസിച്ചീടുവന്ന
ക്കോമളക്കിടാങ്ങളെക്കണ്ടു പിന്നെ
മത്ത ഹസ്തിവരൊത്തു കളിച്ചുട-
നത്തലെന്നി നിജ ചിത്തമതില്‍ ഭൃശ
മെത്തിടുന്ന കുതുകത്തൊടുമെന്നിവിടാടമ്മാന
ആശാന്റെ വഞ്ചിപ്പാട്ടുകളും അതീവഹൃദ്യങ്ങളാണ്. നദികളാലും കായലുകളാലും സമാലംകൃതമായ കേരളത്തില്‍ പുരാതനകാലം മുതല്‍ക്ക് വഞ്ചിപ്പാട്ടുകള്‍ പാടി വന്നിരുന്നു. ആറന്മുള, ചമ്പക്കുളം എന്നീ സ്ഥലങ്ങളില്‍ ഇപ്പോഴും ആണ്ടുതോറും വള്ളംകളി ആഘോഷപൂര്‍വം നടക്കുന്നു. ആറന്മുള പാര്‍ത്ഥസാരഥിയുടെ പ്രീതിക്കായി ഓണത്തോടനുബന്ധിച്ചു നടത്തിവരുന്ന ചുണ്ടന്‍വള്ളംകളി പ്രശസ്തമാണ്. ചമ്പക്കുളത്തെ കളി വേറൊരു വിധത്തിലാണ്. മിഥുനമാസത്തില്‍ ആറുകളെല്ലാം നിറഞ്ഞിരിക്കുമ്പോള്‍ മൂലം നക്ഷത്രത്തിലാണ് വള്ളംകളി നടത്തിയിരുന്നത്. കരക്കാര് അത്യുന്നതങ്ങളായ ചുണ്ടുകളോടു കൂടിയതും വളരെ നീളമുള്ളതുമായ വള്ളങ്ങളോടുകൂടി അന്ന് ചമ്പക്കുളത്താറ്റില്‍ വന്നുചേരുന്നു. ഏതുകരയാണ് ജയിക്കുന്നതെന്നറിയാന്‍ ഉത്സാഹത്തോടും ആഹ്ളാദാരവത്തോടും ആളുകള്‍ കരയില്‍ കൂടുമായിരുന്നു. ഒരേ ക്രമത്തിനല്ല വള്ളങ്ങളുടെ ഗതി സ്റ്റീം ബോട്ടുകള്‍ പലപ്പോഴും അവയോട് മത്സരിച്ചു തോല്ക്കുമായിരുന്നത്രെ. പൊതുവെ വള്ളംകളിക്കു രണ്ടുതരം പാട്ടുകള്‍ ഉപയോഗിച്ചിരുന്നു. ഒരുപോലെ എല്ലാ വള്ളങ്ങളും പതുക്കെ പോകുമ്പോള്‍ അഥവാ ഗതിവേഗം തെല്ലു കുറക്കേണ്ടിവരുമ്പോള് ‘വച്ചുപാട്ടാ’ണ് ഉപയോഗിക്കുക.
‘പച്ചക്കല്ലൊത്ത തിരുമേനിയും നിന്റെ പിച്ചക്കളികളും കാണുമാറാകണം’ എന്ന ഗാനം വച്ചുപാട്ടായി ഉപയോഗിക്കുമായിരുന്നു. തിത്തിത്ത-അയ്യത്ത എന്ന താളമൊപ്പിച്ചായിരിക്കും വഞ്ചി മുന്നോട്ടു പോകുന്നത്.
”കെല്‍പ്പോ-ടെല്ലാ-ജന-ങ്ങള്‍ക്കും കേടുതീരത്തക്കവണ്ണ
മെപ്പോഴുമന്നദാനവും ചെയ്തു ചെഞ്ചമ്മേ”
എന്ന രീതിയിലാണ് പാടേണ്ടത്. ഈരടി കഴിഞ്ഞ് ഒരു താളം ചവിട്ടുണ്ട്. കൊച്ചമ്പാളി ആശാന് വഞ്ചിപ്പാട്ട് രചനയില്‍ കേമനായിരുന്നു. കൊടുങ്ങല്ലൂര്‍ പോകുംവഴി വഞ്ചിയില്‍ വച്ച് രചിച്ച ഒരു പാട്ടിന്റെ കുറച്ചു വരികള്‍ താഴെ ചേര്‍ക്കുന്നു.
വഞ്ചിയേറിഗ്ഗമിക്കുമ്പോള് വായുവിനാലല്ലോ
നമ്മള്
വഞ്ചനയ്ക്കു പാത്രമായിഭവിച്ചീടുന്നു.
ഇച്ചരിതം വിശിഷ്ടമാമച്ഛനല്ലോ ഹനുമാനും
തച്ചരിതം പുകഴ്ത്തിക്കൊണ്ടിരിക്കയെന്നാല്
പുത്രശൌയ്യങ്ങളെക്കേട്ടാല്
കാറ്റുമേറ്റം പ്രസാദിക്കും
തത്രരാമസ്വാമികൂടിക്കടാക്ഷം ചെയ്യും
അബ്ധിരാജന് പ്രസാദിക്കുമപ്സരസ്സിന് ഗണങ്ങളു
മത്രയല്ല പ്രസന്നരാം മാമുനിമാരും.
നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഓണം സംബന്ധിച്ച് നടത്തിവരാറുണ്ടായിരുന്ന ഒരു കളിയാണ് പാവള്ളിക്കളി. പാവള്ളിക്കളിപ്പാട്ടിന്റെ രചനയിലും കൊച്ചമ്പാളി ആശാന് ‘പ്രഗത്ഭനായിരുന്നുവെന്നതിനുള്ള തെളിവാണ് അദ്ദേഹത്തിന്റെ ‘പ്രഹ്ളാദചരിതം പാവള്ളിക്കളിപ്പാട്ടി’ലെ താഴെ ഉദ്ധരിക്കുന്ന വരികള്‍, ശ്രീപത്മനാഭനെ ദര്‍ശിക്കാനുള്ള ഭാഗ്യമില്ലെങ്കിലും ആ നാരായണന്റെ തുണക്കുവേണ്ടി താണുവീണപേക്ഷിക്കുന്ന അന്നത്തെ അവര്‍ണ്ണന്റെ ആര്‍ത്തനാദവും ഈ വരികളില്‍ ദര്‍ശിക്കാന്‍ കഴിയും.
ഒന്നാനാം പാല്ക്കടല് തന്നിലങ്ങോമന
പെണ്ണുങ്ങള് രണ്ടിനോടും
നന്നായിപ്പള്ളികൊണ്ടീടുന്ന നായകന്
നമ്മുടെ നാരായണന്
ഒന്നാനാം തിരുവനന്തപുരത്തു മൌവണ്ണം
പള്ളികൊള്ളും
ഒന്നാമനോമനക്കാരണന് ശ്രീപത്മനാഭന്
തുണച്ചീടണം
ചമച്ചീടണം പാവള്ളിപ്പാട്ടൊന്നു ചന്തക്കേടേതു-
മകപ്പെടാതെ
തുണച്ചീടണം നീ കനിഞ്ഞെപ്പൊഴും
തൂമൊഴിപ്പൂമാതിനുള്ള കാന്ത.
കൊച്ചമ്പാളി ആശാന്:
ഉജ്വല സംഭാവന നല്കിയ കവി
സി.വി. പത്മരാജന്
മുന്‍മന്ത്രി, കെ.പി.സി.സി. മുന്‍പ്രസിഡന്റ്
കുഞ്ചന്‍നമ്പ്യാര്‍ക്ക് ശേഷം കലയേയും കവിതയേയും സാധാരണ ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെടുത്തി മനോഹരമായ സൃഷ്ടികള്‍ നടത്തിയ കൊച്ചമ്പാളി ആശാന് ഭാഷാ സാഹിത്യ ചരിത്രത്തില്‍ സ്വാഭാവികമായി ഇടം നേടി. എന്നാല്‍ സാമൂഹ്യ സാമുദായിക രംഗത്തുള്ള അദ്ദേഹത്തിന്റെ മഹത്തായ സ്ഥാനം ശ്രദ്ധിക്കപ്പെട്ടില്ല.
ഫൈന്‍ ആര്‍ട്സ് സൊസൈറ്റി പ്രസിദ്ധീകരിച്ച പരവൂര്‍-ഒരു ചരിത്ര സ്മരണികയില്‍ എം.കെ. രാഘവന് പിള്ള എഴുതിയ ലേഖനത്തില്‍ പരവൂര്‍ എഴിയത്ത് കൊച്ചമ്പാളി ആശാന് എന്ന ഭാഷാ കവിയെപ്പറ്റി സാഹിത്യചരിത്രത്തില്‍ സൂചനയുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. എസ്.എന്‍.ഡി.പി യോഗത്തിന്റെ 31-ാമത് വാര്‍ഷിക സമ്മേളനത്തില്‍ പത്രാധിപര്‍ ടി.കെ. നാരായണന് നടത്തിയ സ്വാഗത പ്രസംഗത്തില്‍ ‘പരവൂര്‍ കൊച്ചമ്പാളി ആശാന് മണിപ്രവാള ഭാഷയില്‍ മനോഹരമായ പല പദ്യകൃതികളും രചിച്ചിട്ടുള്ള ഒരു സരസഗായക കവി ആയിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്”
എസ്.എന്‍.ഡി.പി യോഗം കനക ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന അഖിലേന്ത്യാ പ്രദര്‍ശനത്തില്‍ കൊച്ചമ്പാളി ആശാന്റെ രചനകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ആശാന്റെ പല കൃതികളും പ്രസിദ്ധീകരണങ്ങളും ജനപ്രീതി ആര്ജ്ജിച്ചവയുമായിരുന്നു. എന്നാല്‍ കവി ഓര്മ്മിക്കപ്പെട്ടില്ല. കേരള നവോത്ഥാനത്തില്‍ അദ്ദേഹത്തിന്റെ സ്വാധീനം നിര്‍ണായകമാണ്.
എ.ഡി. 1800ല്‍ ജനിച്ച് 35 വര്‍ഷം മാത്രം ജീവിച്ചിരുന്ന അദ്ദേഹം അസാധാരണമായ ഒരു മഹത്വ്യക്തി ആയിരുന്നു. അദ്ദേഹത്തിന്റെ പാത പിന്തുടര്ന്നവരാണ് അദ്ദേഹത്തിന്റെ അനന്തരവന് വൈരവന് വൈദ്യരും പുത്രന് പരവൂര്‍ കേശവനാശാനും.
കേരള ചരിത്രത്തില്‍ ഉജ്വലമായ സംഭാവന നല്കി ചിര പ്രതിഷ്ഠ നേടിയ കൊച്ചമ്പാളി ആശാന്റെ സാഹിത്യ രചനകള്‍, ജീവിതം, സാമൂഹ്യ പരിവര്‍ത്തനത്തിന് നല്കിയ മഹത്തായ സംഭാവനകള്‍ മുതലായവ പഠനാര്‍ഹമാണ്. അവ ഒഴിവാക്കിയുള്ള കേരള ചരിത്രം തികച്ചും അപൂര്‍ണ്ണമാണ്.
ചരിത്രസത്യം ഗവേഷണത്തിലൂടെ കണ്ടെത്തിയ പ്രൊഫ. ചിത്രാഗോപാലിന്റെ സംഭാവന അനുപമമാണെന്ന് പറയേണ്ടിയിരിക്കുന്നു.
അക്കാലത്തെ ഗാനശാഖയിലെ രസകരമായ മറ്റൊരു വിഭാഗമായിരുന്നു ‘ കുറത്തിപ്പാട്ട്’. ഈ പാട്ടുകള്‍ കുറവന്കളിക്കായി അവരുടെ ഭാഷയില്‍ ചമച്ചുകൊടുക്കുന്ന രചനകളാണ്. പല പ്രസിദ്ധകവികളും കുറത്തിപ്പാട്ടുകള്‍ രചിച്ചിട്ടുണ്ട്. ‘രാമായണം കുറത്തത്തിപ്പാട്ട് വളരെ പ്രസിദ്ധമാണ്. അതുപോലെ ഉത്തരരാമായണം കുറത്തിപ്പാട്ട്, നളചരിതം കുറത്തിപ്പാട്ട് ഇങ്ങനെ പലതുണ്ട്. ജനകീയ വിദ്യ നിഷേധിക്കപ്പെട്ട അവര്‍ണ്ണര്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കാന്‍ ഇത്തരം പാട്ടുകള്‍ക്ക് കഴിഞ്ഞിരുന്നുവെന്നത് തര്‍ക്കമറ്റ കാര്യമാണ്. കുറവര്കളിക്കായി അവരുടെ ഭാഷയില്‍ കൊച്ചമ്പാളി ആശാന് രചിച്ച് രാമായണം കുറത്തിപ്പാട്ടില്‍ നിന്നുള്ള ചില വരികള്‍ താഴെ കൊടുക്കുന്നു. ഈ വരികള്‍ എല്ലാ വിഭാഗക്കാരും നിരന്തരം പാടിയിരുന്നതാണ്.
‘ജനകന്റെ മകളല്ലോ ചീതപ്പെണ്ണ്
അവള്‍ക്കല്ലോ ചീരാമന്‍ മുണ്ടുകൊടുത്തു
അവളെയല്ലോ രാവണച്ചന്‍ കട്ടോണ്ടുപോയ്’
ഓണത്തിന് അക്കാലത്ത് ഒഴിച്ചുകൂടാന്‍ വയ്യാത്ത
ഒരു കലാവിഭാഗമായിരുന്നു ‘കരടികളി’. ആശാന്റെ
ഒരു കരടികളിപ്പാട്ടാണ് അടുത്തത്.
കാട്ടില്‍ കിടന്നൊരു കള്ളക്കരടിയെ
പാട്ടിലാക്കി ഞങ്ങള്‍ കൊണ്ടു വന്നേയ്!
പാട്ടിലാക്കി ഞങ്ങള്‍ കൊണ്ടുവന്നേയ്!
തന്നനാ താനന്ന തന്നാനതന
താനന താനന തന്നാന
ചെട്ടികുളങ്ങര പാര്വ്വതിയമ്മേടെ
എട്ടാംവയസ്സിലെ കുട്ടിയാട്ടം, കുട്ടിയാട്ടം
തന്നനാ താനന തന്നാനതന
താനന താനന തന്നാനാ.
ആശാന്റെ പാടിപ്പതിഞ്ഞ മറ്റൊരു പാട്ടാണ് അടുത്തത് .വര്‍ത്തമാനകാലത്തും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലാത്ത ആ വരികള്‍ ശ്രദ്ധിക്കാം.
ഒന്നാനാം കുന്നിന്മേല് ഓരടിക്കുന്നിന്മേല്
ഓരായിരം കിളി കൂടണഞ്ഞു.
കൂട്ടിനിളംകിളി താമരപൈങ്കിളി
താണിരുന്നാടുന്ന പൊന്നോല
രണ്ടാനാം കുന്നിന്മേല്….
ഇങ്ങനെ എണ്ണം കൂട്ടി പാടാം. ഈ പാട്ടിന്റെ ചുവടുപിടിച്ച് മലയാള ഭാഷയില്‍ അസംഖ്യം പാട്ടുകള്‍ പില്ക്കാലത്ത് രചിക്കപ്പെട്ടിട്ടുണ്ട്. ഇവക്കു പുറമെ ബാണയുദ്ധം, നെയ്യാണ്ടിപ്പാട്ട്, ബാലിവധം, ആലിവപ്പരവന് തുള്ളല്പ്പാട്ട് എന്നിവയും അദ്ദേഹം രചിച്ചിട്ടുണ്ട്.
എസ്.എന്‍.ഡി.പി യോഗത്തിന്റെ 31-ാമതു വാര്‍ഷിക സമ്മേളനത്തില്‍ സ്വീകരണാദ്ധ്യക്ഷനായിരുന്ന പത്രാധിപര്‍ ടി.കെ. നാരായണന് നടത്തിയ സ്വാഗതപ്രസംഗത്തില്‍ കൊച്ചമ്പാളി ആശാനെക്കുറിച്ച് പരാമര്‍ശിച്ചത് ഇപ്രകാരമായിരുന്നു.
- കൊച്ചമ്പാളി ആശാന്
പരവൂര്‍ എഴിയത്ത് കുഞ്ചുചക്കി ചാന്നാട്ടി (മാതാവ്)
കാഞ്ഞിരവിളാകത്ത് ചക്കന്കാളി (പിതാവ്) - എഴിയത്ത് വൈരവന് വൈദ്യന്
(കൊച്ചമ്പാളി ആശാന്റെ അനന്തരവന്- ആശാന് മക്കളില്ല) - പരവൂര്‍ കേശവനാശാന്‍
(വൈരവന് വൈദ്യന്റെ ഏകപുത്രന്) - ഭിഷഗാചാര്യ
ബി. നീലകണ്ഠന് വൈദ്യര്
-കേശവനാശാന്റെ പ്രഥമ ഭാഗിനേയന്
അദ്ദേഹത്തിന്റെ പുത്രനായിരുന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ആയിരുന്ന ഡോ. എന്‍. രാധാകൃഷ്ണന് - ദിവാന് പേഷ്കാര്‍ ബി. പരമു
(കേശവനാശാന്റെ മറ്റൊരു ഭാഗിനേയന്) - പി. കുഞ്ഞുകൃഷ്ണന്‍
ബി.എ.ബി.എല്‍.എം.എല്‍.എ.
(കേശവനാശാന്റെ ഭാഗിനേയി പുത്രന്)
(അദ്ദേഹത്തിന്റെ പുത്രന് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണന്‍,)
കേശവനാശാന്റെ പുത്രന്മാര് ഡോ. കൃഷ്ണന്, അഡ്വ. പി.കെ. ദാമോദരന്‍, ഹൈക്കോടതി വക്കീല്‍
”പരവൂര്‍ കൊച്ചമ്പാളി ആശാന് മണിപ്രവാള ഭാഷയില്‍ മനോഹരമായ പല പദ്യകൃതികളും രചിച്ചിട്ടുള്ള ഒരു സരസ ഗായക കവിയായിരുന്നു” ഗുരുദേവന് ജീവിച്ചിരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതി തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ച ഗുരുശിഷ്യനായിരുന്നു ടി.കെ. നാരായണന്. കൂടാതെ ഗ്രന്ഥകാരനും മലയാളത്തിലും ഇംഗ്ലീഷിലും സംസ്കൃതത്തിലും അഗാധമായ വ്യുല്പത്തിയും ഉണ്ടായിരുന്ന ‘പത്രാധിപര്‍’ ടി.കെ. നാരായണന്റെ പരാമര്‍ശം ആധികാരികമാണ്. ‘ഈഴവരുടെ ആദ്യപത്ര’മായിരുന്ന പരവൂര്‍ കേശവനാശാന്റെ ‘സുജനാനന്ദിനി’യിലും അദ്ദേഹം സഹപത്രാധിപരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മനുഷ്യാത്മാവിന്റെ ചരിത്രമാണ് സാഹിത്യം. ആവിഷ്ക്കരണേച്ഛ ഒരിക്കലും വിലക്കുകള്‍ക്കു വിധേയമായ ചരിത്രമില്ല. ഉത്തമസാഹിത്യത്തിന് ജാതിഭേദമോ മതഭേദമോ ഇല്ല. അതുകൊണ്ടാണ് തിരുവിതാംകൂറിലെ ഈ ആദ്യ ഈഴവ കവിയുടെ വരികള്‍ക്ക് അന്നും ഇന്നും ജനകീയത കൈവരിക്കാന്‍ കഴിയുന്നത്. രണ്ടു നൂറ്റാണ്ടിനുമപ്പുറം ജാതീയതയുടെ അടിമപ്പുരയില് ജീവിക്കുമ്പോഴും സര്‍വതന്ത്രസ്വതന്ത്രമായ മനസ്സിന്റെ ഉടമയായിരുന്നു കവിയെന്നു കാണാം. ആത്മീയ സ്വാതന്ത്ര്യത്തിന്റെ പാരമ്യത്തില്‍ ഭൗതിക സ്വാതന്ത്ര്യങ്ങള്‍ അപ്രസക്തമാകും. അതുകൊണ്ടാണ് നിഷേധാത്മകതയുടെ സ്പര്‍ശം പോലുമില്ലാത്ത പ്രകൃതിയുടെ നീരൊഴുക്കായി ആ കവിയുടെ വരികള്‍ ഒഴുകുന്നത്.
മാതൃഭാഷയുടെ സംസ്കാര വിനിമയശേഷിയുടെ ഒരോര്‍മ്മപ്പെടുത്തല്‍ കൂടിയാണ് കൊച്ചമ്പാളി ആശാന്റെ ശീലുകള്‍. അവയില്‍ കേരളാന്തരീക്ഷം കൊണ്ടുവരാന്‍ കവി എപ്പോഴും ശ്രദ്ധാലുവാണ്. ധ്വന്യാത്മകമായ രീതിയില്‍ കാര്യങ്ങള്‍ ഒതുക്കിപ്പറയുന്ന രീതിയും കവിക്ക് പരിചിതം തന്നെ. കേരളത്തിന്റെ സാഹിത്യസാംസ്കാരിക സാമൂഹിക ചരിത്രത്തെ തിരുത്തിയെഴുതാന്‍ അക്ഷരക്കൂട്ടുകളെ നക്ഷത്രക്കൂട്ടങ്ങളാക്കി മാറ്റിയ കവിയാണ് കൊച്ചമ്പാളി ആശാന്. ജീവിതത്തിന്റെ സാരള്യവും പ്രകൃതി സൗന്ദര്യവും ഒരുപോലെ അദ്ദേഹത്തെ മത്തുപിടിപ്പിച്ചിരുന്നുവെന്ന് ആ വരികള്‍ വ്യക്തമാക്കുന്നു.
അതേ സമയം പ്രൗഢവും ഗൗരവതരവുമായ വിഷയങ്ങള്‍ക്കും ചിന്തകള്‍ക്കും അതില്‍ പ്രസക്തിയില്ല. പൊതുവെ മണിപ്രവാള കൃതികള്‍ അങ്ങനെയാണ്.
നിരന്തരവും നിസ്തന്ദ്രവുമായ അന്വേഷണം കണ്ടെത്തലുകളില്‍ എത്തിച്ചേരും. അത് പ്രകൃതി നിയമമാണ്. നമ്മുടെ അഭിമാനമായ മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാര്ഷികത്തില്, 222വര്‍ഷം മുമ്പ് ജീവിച്ച് അകാലത്തില്‍ പൊലിഞ്ഞുപോയ ഈ മലയാള കവിയെ കണ്ടെത്താന്‍ കഴിഞ്ഞത് ഒരു നിയോഗമായിരിക്കാം.
മഹത്വത്തിന്റെ വരമ്പത്താണ് താന്‍ നില്‍ക്കുന്നതെന്ന് എഴിയത്ത് കൊച്ചാമ്പാളി ആശാന് ആ മഹാശയന്റെ ഉള്ളിലെ കവി തിരിച്ചറിഞ്ഞില്ല.