ഇമ്മിണി
ബല്യ
കാര്യങ്ങൾ
ബഷീർ എന്തുകൊണ്ട് ആത്മകഥയെഴുതിയില്ല എന്നത് സ്വാഭാവികമായി ഉയർന്നു വരാവുന്ന ചോദ്യമാണ്. അതിന് ബഷീർ തന്നെ പറഞ്ഞ മറുപടി ” ഞാനെന്തിന് എന്റെ ജീവിതം പറയണം” എന്നാണ്. എന്നാൽ ബഷീറിന്റെ കൃതികൾ മുഴുവൻ വായിച്ചാൽ അതദ്ദേഹത്തിന്റെ ആത്മകഥയായി മാറുന്ന ഒരത്ഭുതക്കാഴ്ച കാണാനാകും. അനുരാഗത്തിന്റെ ദിനങ്ങളിൽ അദ്ദേഹം പറയുന്നത് ” ഭാവനയൊന്നുമില്ല, ഒന്നും കൂട്ടിച്ചേർത്തിട്ടില്ല” എന്നാണ്. ബേപ്പൂർ സുൽത്താൻ വിടപറഞ്ഞിട്ട് ജൂലൈ അഞ്ചിന് 28 വർഷം പിന്നിട്ടു.
“എനിക്കൊരുപാട് അനുഭവങ്ങളുണ്ട്. ചുട്ടുനീറുന്ന അനുഭവങ്ങളും പേനയുമല്ലാതെ എനിക്കൊന്നുമില്ല” എന്ന് പറഞ്ഞ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ.മാംഗോസ്റ്റെയിൻ മരത്തിനു ചുവട്ടിലിരുന്ന് ഗ്രാമഫോൺ സംഗീതത്തിന്റെ അകമ്പടിയോടെ മലയാള ഭാഷയിൽ മറ്റൊരു ഭാഷ കണ്ടെത്തി ബഷീർ . നവോത്ഥാന കാലത്തിന്റെ വക്താവ് എന്ന നിലയിലാണ് ബഷീറിനെ സാഹിത്യ ചരിത്രത്തിൽ അടയാളപ്പെടുത്തിയതെങ്കിലും പ്രാദേശികതയെ ഇത്ര സമർത്ഥമായി അതിനു മുമ്പ് ആരും സാഹിത്യത്തിൽ ഉപയോഗിച്ചിട്ടില്ല. പ്രാദേശികത്തനിമ തുളുമ്പുന്ന മുസ്ലിം ഭാഷയിൽ ബഷീർ വരച്ചിട്ടത് ജീവിതം തന്നെയാണ്. സൂഫി , സ്വാതന്ത്ര്യ സമര സേനാനി, വൈദ്യൻ, ജയിൽപ്പുള്ളി , എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം ആർജ്ജിച്ചെടുത്ത അനുഭവങ്ങൾ അദ്ദേഹം സാഹിത്യത്തിൽ സമർത്ഥമായി ഉപയോഗിച്ചു. മറ്റെല്ലാ ജോലികൾക്കും പരിശീലനം ആവശ്യമുണ്ട് എന്നും അതുകൊണ്ടാണ് പരിശീലനം ഒട്ടും ആവശ്യമില്ലാത്ത സാഹിത്യകാരനായി താൻ മാറിയതെന്നും ഫലിതം പറയാൻ ബഷീറിനല്ലാതെ മറ്റാർക്കാണ് സാധിക്കുക!
ഇത്രയൊക്കെ അനുഭവങ്ങളുള്ള ബഷീർ എന്തുകൊണ്ട് ആത്മകഥയെഴുതിയില്ല എന്നത് സ്വാഭാവികമായി ഉയർന്നു വരാവുന്ന ചോദ്യമാണ്. അതിന് ബഷീർ തന്നെ പറഞ്ഞ മറുപടി ” ഞാനെന്തിന് എന്റെ ജീവിതം പറയണം” എന്നാണ്. എന്നാൽ ബഷീറിന്റെ കൃതികൾ മുഴുവൻ വായിച്ചാൽ അതദ്ദേഹത്തിന്റെ ആത്മകഥയായി മാറുന്ന ഒരത്ഭുതക്കാഴ്ച കാണാനാകും. അനുരാഗത്തിന്റെ ദിനങ്ങളിൽ അദ്ദേഹം പറയുന്നത് ” ഭാവനയൊന്നുമില്ല , ഒന്നും കൂട്ടിച്ചേർത്തിട്ടില്ല” എന്നാണ്. യാഥാർത്ഥ്യത്തിന്റെ മറ്റൊരു വലിയ തലമാണ് ഭാവന എന്ന് ഈ എഴുത്തുകാരൻ നമ്മോട് ഇതിൽക്കൂടുതലെങ്ങനെ പറയാനാണ്.
വിവർത്തനം ചെയ്യാൻ പറ്റാത്ത ഭാഷ എന്നാണ് ബഷീർ ഭാഷയുടെ വലിയ പ്രത്യേകതയായി പറയാറ്. ഒന്നും ഒന്നും കൂട്ടിയാൽ ഇമ്മിണി ബല്യ ഒന്ന് എന്നത് വിവർത്തനാതീതമാണ് എന്നതൊരു യാഥാർത്ഥ്യമാണ്.” ഞാനാണ് ഭാഷ. ഞാനെഴുതുന്നത് ഭാഷയും” എന്ന് സ്വന്തമായി ഭാഷ നിർമ്മിച്ചയാളാണ് ബഷീർ. കോടി …. ‘കോടി … അനന്തകോടി ‘ ,’ വെളിച്ചത്തിനെന്ത് വെളിച്ചം’ പോലെ ഭാഷയുടെ നിയമങ്ങളെ പാടെ തിരിച്ചിട്ട പ്രയോഗങ്ങളും ബഷീറിന് സ്വന്തം. ശീർഷകത്തിലും കാണാം ഈയൊരു പ്രത്യേകത. ഒരു ഭഗവദ് ഗീതയും കുറെ മുലകളും എന്ന ശീർഷകം സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ചിന്തിക്കാൻ പോലും സാധിക്കാത്ത ഒന്നാണ്. ആന എന്ന് കേൾക്കുമ്പോൾ മനസ്സിൽ ആദ്യം ഓടി വരുന്നത് സവർണ്ണ ഹൈന്ദവതയുടെ ഒരു ബിംബമാണ്. ഹിന്ദുവിന് ആനയും മുസ്ലിമിന് ആടും എന്ന പരമ്പരാഗത സങ്കല്പത്തെ പൊളിച്ചെഴുതി ബഷീർ. പാത്തുമ്മയുടെ ആട് എഴുതിയതിലൂടെ ആടിനെ ഒഴിവാക്കിയതുമില്ല. ഇങ്ങനെ അജഗജങ്ങളെ സമർത്ഥമായി സമ്മേളിപ്പിച്ചു.
മുസ്ലിം ഭാഷയ്ക്ക് സാഹിത്യത്തിൽ ഇടം കൊടുത്ത ബഷീർ എന്നാൽ അതുവരെ ഭാഷയില്ലാത്തവർക്കും ഭാഷ നൽകി. പുട്ടുകച്ചവടക്കാരൻ ,സന്യാസി, വേശ്യ എല്ലാവർക്കും ഭാഷയുണ്ട് എന്ന് സാഹിത്യ പ്രേമികൾക്ക് ആദ്യം പറഞ്ഞു തന്നത് ബഷീറായിരുന്നു. ഇങ്ങനെ അരികുവത്ക്കരിക്കപ്പെട്ടവർക്ക് ഭാഷ നൽകിയതോടൊപ്പം സ്വന്തമായി ചില വാക്കുകളും ഭാഷയ്ക്ക് സമ്മാനിച്ചു. ചപ്ലോസ്കി , ഡംഗ് ഗിഗോഹോ , ആകാശമിഠായി തുടങ്ങിയവ ഉദാഹരണങ്ങൾ .ന്റ കരളില് വേതന എന്ന് അക്ഷരത്തെറ്റ് ബഷീർ ഉപയോഗിക്കുമ്പോൾ അത് നിഷ്ക്കളങ്കമായ മറ്റൊരു പുതിയ വാക്കായി മാറുന്നു.
മാമ്പഴത്തിലൂടെയാണ് മാതൃത്വത്തെ മലയാളി തൊട്ടറിഞ്ഞത്. കല്പറ്റ നാരായണന്റെ ആശ്വാസം എന്ന കവിതയിലും മറ്റും ഇന്നും അതിന് തുടർച്ചയുണ്ടാകുന്നു. എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായ വേശ്യയുടെ മാതൃത്വം നമുക്ക് കാട്ടിത്തന്നത് ബഷീറാണ്. വേശ്യാവൃത്തിയിലേർപ്പെട്ടിരിക്കുന്ന സമയത്ത് പുഴുവരിക്കുന്ന തന്റെ കുഞ്ഞിനെ കാണുന്ന അമ്മയുടെ അവസ്ഥ ലോക സാഹിത്യത്തിലെ തന്നെ ഏറ്റവും വേദനയുളവാക്കുന്ന ഒരു ചിത്രമാണ്. അതുകൊണ്ട് തന്നെയാണ് ബഷീർ വിശ്വസാഹിത്യകാരനായി മാറുന്നത്.
പ്രണയം എന്ന വാക്ക് മലയാളി കേട്ടുതുടങ്ങുന്നത് നവോത്ഥാന കാലത്തോടെയാണ്. അതിന് മുമ്പ് സ്ത്രീ ശരീര വർണ്ണന മാത്രമേ നമ്മൾ കണ്ടിട്ടുള്ളൂ. ഉണ്ണുനീലി സന്ദേശം മുതലിങ്ങോട്ടുള്ള സന്ദേശകാവ്യങ്ങൾ ഉദാഹരണം. ബദറുൾ മുനീർ ഹുസ്നുൽ ജമാൽ , കതിവനൂർ വീരനും ചെമ്പരത്തിയും തുടങ്ങിയ ചില അപവാദങ്ങൾ ഇല്ല എന്നല്ല. എങ്കിലും കുമാരനാശാനിലൂടെയാണ് പ്രണയം എന്ന വികാരത്തെ മലയാളി തൊട്ടറിഞ്ഞത്. പക്ഷേ ആശാന്റെ നായികമാർ മാത്രമേ പ്രണയിച്ചിരുന്നുള്ളൂ. നായകൻമാർ തങ്ങളുടെ പ്രണയം പ്രകടിപ്പിച്ചവരായിരുന്നില്ല. ആശാനെ സംബന്ധിച്ചിടത്തോളം പ്രണയം മാംസനിബദ്ധമല്ലാത്ത രാഗം തന്നെയായിരുന്നു. പ്രണയം എന്നത് തികച്ചും ജൈവികമായ ശരീരം കൂടി ചേർന്ന ഒന്നാണ് എന്ന യാഥാർത്ഥ്യം പറഞ്ഞത് വൈക്കം മുഹമ്മദ് ബഷീർ ആണ്. ജയിൽപ്പുള്ളിയുടെ പ്രണയം, വിവിധ ജാതി മത വിഭാഗത്തിൽ പെട്ടവരുടെ പ്രണയം, വിശക്കുന്നവന്റെ പ്രണയം ഇതൊക്കെ വളരെ തന്മയത്വത്തോടെ ബഷീർ എഴുതി.
തന്റെ കാമുകിയുടെ വിവാഹത്തലേന്ന് അവളെ കാണാൻ പോകുന്ന കാമുകൻ വഴിയിൽ സുന്ദരികളായ മറ്റ് സ്ത്രീകളെ നോക്കുന്ന ഒരു കാഴ്ച കാണാം. മനുഷ്യന്റെ നിസ്സാരതയെ ഇതിൽ കൂടുതലെങ്ങനെ എഴുതാനാണ് !?. കാമുകിയുടെ വിവാഹപ്പിറ്റേന്ന് അവളുടെ കണ്ണടയിൽ ചുംബിച്ച് ” ദീർഘ സുമംഗലീ ഭവ” എന്ന് കാമുകൻ പറയുന്നുണ്ട്. എല്ലാക്കാലത്തും അനുവർത്തിക്കേണ്ട ഒരു ശീലമാണ് ഇതെന്ന് നിസ്സംശയം പറയാൻ സാധിക്കും. സൗന്ദര്യം എന്നത് ഒരു ആത്മബോധമാണെന്ന് ബഷീർ കൃതികൾ പരിശോധിച്ചാൽ മനസ്സിലാകും. വിശപ്പും ദാരിദ്ര്യവും പ്രണയവുമൊക്കെ കൂട്ടിക്കുഴഞ്ഞ് കിടക്കുന്ന ചില സന്ദർഭങ്ങളുണ്ട്. ബാല്യകാലസഖിയിൽ സുഹറയുടെയും മജീദിന്റെയും പ്രണയത്തിൽ വില്ലനായി വരുന്നത് ദാരിദ്ര്യമാണ്.
സ്നേഹത്തിന്റെ മറ്റൊരു തലമാണ് സ്വാർത്ഥത.പാത്തുമ്മയുടെ ആടിൽ മകന്റെ കഷ്ടപ്പാടറിയാതെ ഉമ്മ ഇരുപത്തഞ്ച് രൂപ ചോദിക്കുന്നു. മകൻ അതെങ്ങനെയോ സംഘടിപ്പിച്ച് കൊടുക്കുന്നു. അപ്പോൾ ഉമ്മ കരുതുന്നത് ഒരു നൂറു രൂപ ചോദിക്കാമായിരുന്നു എന്നാണ്. ഉമ്മയ്ക്ക് സ്നേഹമില്ലാഞ്ഞിട്ടല്ല. പകരം ഉമ്മ സ്നേഹം പ്രകടിപ്പിക്കുന്നത് ഇത്തരത്തിലാണ്. ഇതേ കൃതിയിൽ തന്നെ തന്റെ മറ്റ് കൃതികൾ ചവച്ച് തിന്നുന്ന ആടിനെ എഴുത്തുകാരൻ കാട്ടിത്തരുന്നുണ്ട്. ഇങ്ങനെ സ്വയം ‘ട്രോളാൻ’ മറ്റേത് എഴുത്തുകാരന് സാധിക്കും.
ഞാൻ ഒരു പാട് സ്ത്രീകളുടെ മുല കുടിച്ചിട്ടുണ്ട്. ഒരുപാട് സ്ത്രീകളുമായി രമിച്ചിട്ടുണ്ട്. അതിൽ എല്ലാ ജാതി മത വിഭാഗങ്ങളുമുണ്ട് എന്ന് പറയുന്നതിലൂടെ ഏക ലോകമെന്ന വലിയ ആശയമാണ് ബഷീർ മുന്നോട്ട് വയ്ക്കുന്നത്. ആരാണ് ഭൂമിയുടെ യഥാർത്ഥ അവകാശികൾ എന്ന ചോദ്യത്തിന് അത് പാമ്പും കുരങ്ങനും അണ്ണാനുമൊക്കെയാണെന്ന് ലളിതമായി പറഞ്ഞ് പരിസ്ഥിതി സൗന്ദര്യ ശാസ്ത്രത്തെ മുൻപോട്ട് വച്ചു. ശബ്ദങ്ങളിൽ യുദ്ധം കഴിഞ്ഞു . അതുകൊണ്ട് ഇനി തിരിച്ചു പോകേണ്ടതില്ല എന്ന് പറയുന്ന പട്ടാളക്കാരനിലൂടെ ദേശഭക്തിയുടെ കാപട്യത്തെ തുറന്ന് കാട്ടുന്നു. ലോകത്ത് യുദ്ധം ഇല്ലാതാവണമെങ്കിൽ , സ്ത്രീ പുരുഷ ഭേദമന്യേ സർവർക്കും പരമ രസികൻ വരട്ടു ചൊറി വരണം. ചൊറിയുന്നിടത്ത് മാന്തുന്നതിനേക്കാൾ സമാധാനപൂർണ്ണമായ ഒരാനന്ദവും ലോകത്ത് വേറെയില്ല. ഇത്ര സരസമായി യുദ്ധത്തിന്റെ നിരർത്ഥകതയെ പറയാൻ ബഷീറിനോളം വലിയ ഒരു എഴുത്തുകാരനില്ല.
കൂട്ടിയെടുത്ത മുറികളെ കുറിച്ച് പറഞ്ഞ്, ഇന്ദുലേഖയിൽ കണ്ട സവർണ്ണ കൂട്ടുകുടുംബ സങ്കല്പത്തെ പാടെ തകർത്ത് കൂട്ടുകുടുംബം എന്ന യാഥാർത്ഥ്യത്തെ നമുക്ക് മുമ്പിൽ തുറന്നു കാട്ടി അദ്ദേഹം. ശുചി മുറികളുടെ ആവശ്യകതയെക്കുറിച്ച് എത്രയോ കാലം മുൻപേ ബഷീർ പറഞ്ഞിരുന്നു. ഇങ്ങനെ വിവിധ തലങ്ങളിൽ നോക്കിക്കാണാവുന്നതാണ് ബഷീർ കൃതികൾ. സാഹിത്യത്തിൽ മാത്രമല്ല ജീവിതത്തിലും ഫലിതം കാത്തുസൂക്ഷിച്ച ആ എഴുത്തുകാരന്റെ കൃതികൾ അതുകൊണ്ട് തന്നെയാണ് കാലാതിവർത്തിയായി നിലനിൽക്കുന്നത്.