ആര്.ശങ്കര്‍ :
ചരിത്രത്തില്‍
മഹാമുദ്ര പതിപ്പിച്ച ധിഷണാശാലി
ധിഷണാശക്തിയും ഭാവനയും കര്‍മ്മകുശലതയും കൊണ്ട് ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍ മഹാമുദ്ര പതിപ്പിച്ച മഹാനായ ആര്. ശങ്കറിന്റെ സ്മരണ 114-ാം ജന്മദിനത്തിലും ജ്വലിച്ചു നില്ക്കുന്നു
‘സംഘടനകൊണ്ട് ശക്തരാകുക, വിദ്യകൊണ്ട് സ്വതന്ത്രരാകുക’ എന്ന ഗുരുദേവ സൂക്തങ്ങള്‍ ജീവിതദര്‍ശനമാക്കി പിന്തള്ളപ്പെട്ടു കിടന്നിരുന്ന ഒരു വലിയ ജനസമൂഹത്തിന് അറിവിന്റെ വെളിച്ചം പകരുകയും കരുത്തുറ്റ ഭരണത്തിലൂടെ നാടിന് എന്നും നിലനില്‍ക്കുന്ന ഒട്ടേറെ സംഭാവനകള്‍ കാഴ്ചവയ്ക്കുകയും ചെയ്ത ആ ധിഷണാശാലിയെ കൃതജ്ഞതാ നിര്‍ഭരമായ മനസോടെ നമുക്ക് നമിക്കാം.
അദ്ധ്യാപകന്, അഭിഭാഷകന്, രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിലെ കരുത്തനായ നേതാവ്, വിദ്യാഭ്യാസ വിചക്ഷണന്‍, ഭരണാധികാരി, വാഗ്മി, കലാസ്വാദകന്, തുടങ്ങി ഏത് വിശേഷണങ്ങള്‍ക്കും അനുയോജ്യനായ അപൂര്‍വ വ്യക്തിത്വമായിരുന്നു ആര്. ശങ്കര്‍.
മുഖ്യമന്ത്രിയെന്ന നിലയില്‍ മാത്രമല്ല എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി, സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലിരുന്നും അദ്ദേഹം നല്കിയ സംഭാവനകള്‍ നിസ്തുലമാണ്.
‘കെട്ടുതേങ്ങയും പിടിയരിയും ‘മൂലധനമാക്കി ആര്. ശങ്കര്‍ പടുത്തുയര്‍ത്തിയത് കൊല്ലം എസ്.എന്‍. കോളേജ് മാത്രമല്ല, പിന്നാക്കക്കാരെ കൈപിടിച്ചുയര്‍ത്തിയ വലിയൊരു വിദ്യാഭ്യാസ ശൃംഖലയാണ്.
1938ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ നിയമനിഷേധ സമരത്തില്‍ പങ്കെടുത്ത് ജയിലിലാകുമ്പോള്‍ ആര്. ശങ്കറിന് മുപ്പത് വയസ്സ് മാത്രമായിരുന്നു പ്രായം. സെന്‍ട്രല്‍ ജയിലില്‍ സഹതടവുകാരനായിരുന്ന പത്രാധിപര്‍ കെ.സുകുമാരന്‍ ആര്. ശങ്കറിന്റെ ഗാംഭീര്യത്തെക്കുറിച്ച് എഴുതിയത് ഓര്‍മ്മ വരുന്നു. ”അരോഗദൃഢഗാത്രനായിരുന്നു ആ യുവകോമളന് അന്ന് എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പ്രഭാതവേളകളില് കുളി കഴിഞ്ഞ് ജയില്‍ വസ്ത്രങ്ങളണിഞ്ഞ് വട്ടത്തൊപ്പിയും വെച്ച് ജയില്‍ പുള്ളികളുടെ നമ്പര്‍ കൊത്തിയ ബന്തിങ്ങ ചരടില്‍ കോര്‍ത്ത് നെഞ്ചത്തണിഞ്ഞ് ഒരു കൈയില്‍ കുശച്ചട്ടിയും മറുകൈയില്‍ കൊച്ചട്ടിയുമായി കഞ്ഞി വാങ്ങാന്‍ രാജപ്രൗഢിയോടെ, തലയെടുപ്പോടുകൂടി ശങ്കര്‍ നടന്നു നീങ്ങുന്ന കാഴ്ച ഒന്ന് കാണേണ്ടതായിരുന്നു”
1959ല്‍ ആര്. ശങ്കര്‍ കെ.പി.സി.സി. പ്രസിഡന്റാകാനിടയായ സാഹചര്യവും തുടര്‍ന്ന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലിയും ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പാഠപുസ്തകം പോലെ വായിച്ച് ഹൃദിസ്ഥമാക്കേണ്ടതാണ്. കാരണം കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് സമാനമായ സ്ഥിതി വിശേഷമായിരുന്നു ആര്. ശങ്കര്‍ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കുമ്പോള്‍ നിലനിന്നിരുന്നത്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന കാലത്ത് സംഘടനാ ശക്തി ക്ഷയിച്ച് നാഥനില്ലാത്ത അവസ്ഥയിലായിരുന്നു കോണ്‍ഗ്രസ്. ഇന്നത്തെപ്പോലെ വാര്‍ഡ്, മണ്ഡലം കമ്മിറ്റികള്‍ അന്നും ശിഥിലമായിരുന്നു. സംസ്ഥാനമൊട്ടാകെ സഞ്ചരിച്ച് ഈ കമ്മിറ്റികള്‍ പുന:സംഘടിപ്പിച്ച് ശക്തിമത്താക്കാന്‍ എണ്‍പത് ഫുള്‍ ടൈം പ്രവര്‍ത്തകരെ ആര്. ശങ്കര്‍ നിയമിച്ചു. സംഘടനാ സംവിധാനം കെട്ടുറപ്പുള്ളതാക്കിയ ശേഷം മറ്റു രാഷ്ട്രീയ കക്ഷികളുമായി ഐക്യമുണ്ടാക്കാനുള്ള നീക്കം അദ്ദേഹം തുടങ്ങി. പില്ക്കാലത്ത് കോണ്‍ഗ്രസിന് അധികാരത്തിലേക്ക് മടങ്ങിവരാന്‍ വഴിയൊരുക്കിയ ഐക്യമുന്നണി സംവിധാനം ആവിഷ്കരിച്ചത് ആര്. ശങ്കര്‍ ആണെന്ന കാര്യം ഇന്ന് പല കോണ്‍ഗ്രസുകാര്‍ക്കും അറിയില്ല. തകര്‍ന്ന് തരിപ്പണമായി കിടന്ന കോണ്‍ഗ്രസിനെ കെട്ടിപ്പടുത്ത് അധികാരത്തിലേക്ക് മടക്കിക്കൊണ്ടു വന്ന ആര്. ശങ്കറിനെ ഉചിതമായ രീതിയില്‍ സ്മരിക്കാന്‍ ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാവുന്നുണ്ടോയെന്ന് അവര്‍ തന്നെ വിലയിരുത്തട്ടെ.
ആര്. ശങ്കര്‍ ധനകാര്യമന്ത്രിയായിരുന്നപ്പോഴാണ് ഇന്ത്യയില്‍ ആദ്യമായി വിധവാ പെന്‍ഷനും വാര്‍ദ്ധക്യകാല പെന്‍ഷനും ഏര്‍പ്പെടുത്തിയതെന്ന് ഇന്നത്തെ തലമുറയില്‍ എത്രപേര്‍ക്കറിയാം. ജീവനക്കാര്‍ക്ക് വീട്ടുവാടക അലവന്‍സ് ആദ്യമായി അനുവദിക്കുന്നതും അദ്ദേഹത്തിന്റെ കാലത്ത് തന്നെ. വിദ്യാഭ്യാസ കാര്യങ്ങളില്‍ ആര്. ശങ്കര്ക്കുണ്ടായിരുന്ന ക്രാന്തദര്‍ശിത്വം സര്‍വകലാശാലകളില്‍ വലിയ പരിഷ്കാര നടപടികള്‍ക്കാണ് വഴിവെച്ചതെന്ന വസ്തുത പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു.
ബിരുദ കോഴ്സിന് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിന് മുമ്പുള്ള അശാസ്ത്രീയമായ പ്രിയൂണിവേഴ്സിറ്റി കോഴ്സ് എടുത്തുമാറ്റി രണ്ടുകൊല്ലത്തെ പ്രീഡിഗ്രി കോഴ്സ് കൊണ്ടുവന്നത് ആര്. ശങ്കറാണ്. സംസ്കൃത വിദ്യാഭ്യാസം സര്‍വകലാശാല തലത്തില്‍ ഉള്‍ക്കൊള്ളിച്ചതും സംസ്കൃതാദ്ധ്യാപകര്‍ക്ക് ഇതര അദ്ധ്യാപകരുടെ പദവി നല്കിയതും അദ്ദേഹത്തിന്റെ ഭരണകാലത്ത് തന്നെ.
1944 ഡിസംബര്‍ 20ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശങ്കറിനെ ഏറെ അലട്ടിയത് സമുദായത്തിന്റെ വിദ്യാഭ്യാസ പിന്നോക്കവസ്ഥയാണ്. 1941ലെ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം ഈഴവ സമുദായത്തില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടുന്നത് വെറും 499 വിദ്യാര്‍ത്ഥികള്‍ മാത്രമായിരുന്നു. സാക്ഷരതയില്‍ പിന്നിലായിരുന്ന മുസ്ലീം മതവിഭാഗക്കാര്‍ വരെ ഉന്നത വിദ്യാഭ്യാസത്തില്‍ ഈഴവരുടെ മുന്നിലെത്തിയെന്നതായിരുന്നുഅന്നത്തെ യാഥാര്‍ത്ഥ്യം. ഈഴവ സമുദായാംഗങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസമില്ലായെന്ന കാരണത്താല്‍ ഉദ്യോഗങ്ങളും നിഷേധിക്കപ്പെട്ടു.
ഈഴവാദി ജനവിഭാഗങ്ങളുടെ ഈ ദയനീയാവസ്ഥ എസ്.എന്‍.ഡി.പി യോഗത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ ആര്. ശങ്കര്‍ ചൂണ്ടിക്കാട്ടി. കൊല്ലത്ത് ഒന്നാം ഗ്രേഡ് കോളേജ് സ്ഥാപിക്കാന്‍ ചടുലമായ നീക്കങ്ങള്‍ക്ക് അദ്ദേഹം ചുക്കാന്‍പിടിച്ചു
ശങ്കറിന്റെ ശ്രമഫലമായി കോളേജ് സ്ഥാപിക്കുന്നതിന് അന്നത്തെ സര്‍ക്കാര്‍ 27 ഏക്കര്‍ 10 സെന്റ് ഭൂമി ദീര്‍ഘകാല പാട്ട വ്യവസ്ഥയില്‍ അനുവദിച്ചു. എങ്കിലും മുന്നോട്ടുള്ള വഴി ഒട്ടും സുഗമമായിരുന്നില്ല.
കോളേജ് സ്ഥാപിക്കാന്‍ വേണ്ടിയിരുന്ന 15 ലക്ഷം രൂപ കണ്ടെത്തുക അക്കാലത്ത് അസാദ്ധ്യം എന്ന് തന്നെ പറയാം. പാവങ്ങളുടെയും പണക്കാരുടെയും വീട്ടില്‍ അദ്ദേഹം നേരിട്ടു ചെന്നു സംഭാവന ചോദിച്ചു. പണമില്ലാത്ത വീട്ടില്‍ നിന്ന് അരിയും മറ്റ് ഭക്ഷ്യസാധനങ്ങളും വാങ്ങി. കോളേജ് യാഥാര്‍ത്ഥ്യമാക്കാന്‍ ദുര്‍ഘടമായ പാതകളിലൂടെ ഒരുപാട് സഞ്ചരിക്കേണ്ടി വന്നു. സമുദായത്തെ സംബന്ധിച്ചിടത്തോളം കാതലായ മാറ്റമായിരുന്നു കൊല്ലം എസ്.എന്‍. കോളേജ്. കേരളത്തിന്റെ സാമൂഹ്യ വിദ്യാഭ്യാസ മേഖലയില്‍ അത് വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു.
വിദ്യാഭ്യാസ രംഗത്ത് വലിയൊരു കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കി 13 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും മൂന്ന് സ്കൂളുകളും ആര്.ശങ്കറിന്റ കാലഘട്ടത്തില്‍ സ്ഥാപിക്കപ്പെട്ടു. ആതുര സേവന രംഗത്തേക്കുള്ള കാല്‍വയ്പ്പായി ശങ്കേഴ്സ് ഹോസ്പിറ്റലും.
സ്വന്തം സമുദായത്തിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വാരിക്കോരി നല്‍കിയെന്ന ആരോപണവും തുടര്‍ന്ന് മറ്റു സമുദായങ്ങള്‍ക്കുണ്ടായ നീരസവുമായിരുന്നു മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് അദ്ദേഹത്തിന് പുറത്തു പോകേണ്ടി വന്നതിന്റെ പ്രധാന കാരണമെന്ന് എല്ലാവര്ക്കും അറിവുള്ളതാണല്ലോ.
കഴിഞ്ഞ കാല് നൂറ്റാണ്ടിനുള്ളില്‍ 23 കോളേജുകളും 28 സ്കൂളുകളും കൂടി സമുദായത്തിന് കൈവന്നെങ്കിലും മാറി മാറി വരുന്ന മന്ത്രിസഭകളും വോട്ട്ബാങ്ക് നോക്കി ആനുകൂല്യങ്ങള്‍ വാരിക്കോരി നല്കുന്ന രാഷ്ട്രീയ നേതൃത്വവും പുറം തിരിഞ്ഞ് നിന്നത് മൂലം പിന്നാക്കക്കാരുടെ അവസ്ഥ ഇന്നും ഒട്ടും മെച്ചമല്ല.പലപ്പോഴും സമ്പത്തിന്റെ കുറവുകൊണ്ട് നമ്മുടെ കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയുന്നില്ല. മറ്റു സമുദായങ്ങള്‍ക്ക് പഠിക്കാനും പഠിപ്പിക്കാനുമുള്ള സ്ഥാപനങ്ങളുണ്ട്. നമ്മള്‍ക്ക് അവിടെ അഡ് മിഷന് കിട്ടില്ല. ചില സമുദായങ്ങള്‍ക്ക് സര്‍ക്കാരിനുള്ളതിനേക്കാള്‍ മൂന്നിരട്ടി സ്ഥാപനങ്ങളുണ്ട്.ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കും പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കും സ്കോളര്ഷിപ്പുണ്ട്. ഈഴവ വിഭാഗത്തിന് ഒരു സ്കോളര്‍ഷിപ്പും ലഭിക്കുന്നില്ല. സര്‍ക്കാര്‍ എയ് ഡഡ് കോകോളേജുകളും ബാച്ചുകളും തരാതിരുന്നപ്പോള്‍ വെല്ലുവിളി നേരിടാന്‍ നമ്മള് സ്വാശ്രയകോളേജ് തുടങ്ങി. എന്നാല്‍ ഫീസ് കൊടുത്ത് പഠിക്കാന്‍ സാമ്പത്തികശേഷി ഇല്ലാത്തതിനാല്‍ വിദ്യാഭ്യാസ രംഗത്ത് നിന്നും ഒഴിഞ്ഞുമാറുന്ന അവസ്ഥയാണ് കാണുന്നത്. പ്ലസ് ടു കഴിഞ്ഞാല്‍ ഏതു വിഷയത്തിന് പോലും പോകണമെന്ന് അറിയാത്തവരുണ്ട് സമുദായത്തില്‍.
സവര്‍ണ-ന്യൂനപക്ഷ ലോബിയുടെ സംഘടിത ആക്രമണമാണ് അക്കാലത്ത് ആര്. ശങ്കറിന് നേരിടേണ്ടി വന്നത്. 1965ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ നിന്ന് മത്സരിച്ചപ്പോഴും 67ല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ചിറയിന്‍കീഴില്‍ നിന്ന് മത്സരിക്കാന്‍ ഒരുങ്ങിയപ്പോഴും ഇതേ ലോബി അദ്ദേഹത്തെ വളഞ്ഞിട്ടാക്രമിച്ചു.
എന്നാല്‍ ഇതിലേറെ നിര്‍ദ്ദയവും ക്രൂരവുമായിരുന്നു സ്വന്തം സമുദായത്തിലെ ചില പ്രമാണിമാര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍. എസ്.എന്‍. കോളേജ് സ്ഥാപിക്കാന്‍ കൊല്ലം കന്റോണ്‍മെന്റ് മൈതാനത്തോട് ചേര്‍ന്നുള്ള ഭൂമി പാട്ടത്തിന് ലഭിക്കാനായി അന്ന് ദിവാനായിരുന്ന സര് സി.പി.യെ നേരില്‍ പോയി കണ്ടത് വലിയ അപരാധമായി സമുദായത്തിലെ ചിലര്‍ ചിത്രീകരിച്ചു. സര്. സി.പി.യുടെ ‘ചെരുപ്പ് നക്കി’യെന്ന് വിളിച്ച് ചില അധമന്മാര് അദ്ദേഹത്തെ ആക്ഷേപിച്ചു.
യോഗനേതൃത്വത്തിനെതിരെ ഇപ്പോള്‍ നടക്കുന്നത് പോലെ നുണക്കഥകളും കഴമ്പില്ലാത്ത ആരോപണങ്ങളും നിരന്തരം ഉന്നയിച്ച് ആ മഹാനെ തളര്‍ത്താന്‍ ശ്രമം നടന്നു. കോളേജ് ആരംഭിക്കുന്നതിന്റെ നേട്ടം ധനികര്‍ക്ക് മാത്രമായിരിക്കുമെന്ന് അവര്‍ ദുഷ് പ്രചരണംനടത്തി. കോളേജിന് വേണ്ടിയുള്ള ഉല്പന്നപിരിവ് പൊളിക്കാനും സമുദായത്തിനുള്ളില്‍ നിന്നു തന്നെ ശ്രമമുണ്ടായി.
സമുദായാംഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തടയാനും തകര്‍ക്കാനും ഇക്കാലത്തും സ്വാര്‍ത്ഥ താല്പര്യക്കാരും അസൂയാലുക്കളും സ്ഥാനമോഹികളും ഒരേ പോലെ രംഗത്തുണ്ടെന്ന കാര്യം ശ്രദ്ധേയമാണ്.
ദുഷ്ടശക്തികളുടെ എതിര്‍പ്പുകള്‍ ആര്. ശങ്കര്‍ വകവെച്ചില്ല.1954ല്‍ യോഗത്തിന്റെ 51-ാം വാര്‍ഷിക റിപ്പോര്‍ട്ടില്‍ അദ്ദേഹം പറഞ്ഞു. ”യോഗത്തിന്റെ സുദീര്‍ഘമായ ചരിത്രം പരിശോധിച്ചാല്‍ യോഗ സംഘടനയേയും യോഗം പ്രവര്‍ത്തനങ്ങളെയും പറ്റി ആക്ഷേപം പുറപ്പെടുവിച്ചവര്‍ എല്ലാക്കാലത്തും ഉണ്ടായിരുന്നതായി കാണാവുന്നതാണ്. ഗുരുവിന്റെ മഹാസന്ദേശങ്ങള്‍ പ്രവൃത്തിയില്‍ കൊണ്ടുവരുന്നതിനായി വമ്പിച്ച പ്രതിബന്ധങ്ങളോട് പടവെട്ടി സഹോദര പ്രസ്ഥാനവുമായി മുന്നിട്ടിറങ്ങിയ ശ്രി. കെ. അയ്യപ്പന് സഹിക്കേണ്ടി വന്ന ആക്ഷേപങ്ങളും അവഹേളനങ്ങളും എത്ര ഭയങ്കരമായിരുന്നു സഞ്ചാര സ്വാതന്ത്ര്യവും ക്ഷേത്രപ്രവേശനവും സമ്പാദിക്കുന്നതിനായി ശ്രീ. ടി.കെ. മാധവന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട പ്രക്ഷോഭണങ്ങള്‍ സമുദായ പ്രമാണിമാരില്‍ തന്നെ പലരുടെയും നിശിതമായ വിമര്‍ശനങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും വിധേയമായി. രാഷ്ട്രീയ സ്വാതന്ത്ര്യ പ്രാപ്തിക്കായി ശ്രി. സി. കേശവന്റെ നേതൃത്വത്തില്‍ യോഗം നിവര്‍ത്തന പ്രക്ഷോഭത്തില്‍ പങ്കെടുത്ത കാലത്തും ഇതുപോലുള്ള വമ്പിച്ച എതിര്‍പ്പുകളും വിമര്‍ശനങ്ങളും ഉണ്ടായിട്ടുണ്ട്. സ്വാര്‍ത്ഥ മാത്ര പ്രേരിതങ്ങളായിരുന്ന ആ എതിര്‍പ്പുകളെ യോഗവും നേതാക്കളും എല്ലാക്കാലത്തും അതിജീവിച്ചിട്ടുണ്ടെന്നും നാം മറന്നുകൂടാ” . ആര്. ശങ്കര്‍ കുറിച്ചു.
നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ സംഘടിത ആക്രമണം നിരന്തരമായി നേരിട്ടു കൊണ്ടാണ് നിലവിലെ യോഗനേതൃത്വം രജതജൂബിലി വര്‍ഷത്തിലേക്ക് കടന്നത്. എല്ലാ എതിര്‍പ്പുകളേയും അതിജീവിച്ച് സമുദായത്തിന് ആത്മാഭിമാനം പകരാനും വിദ്യാഭ്യാസ രംഗത്ത് ഏറെ നേട്ടങ്ങള്‍ കൈവരിക്കാനും സമാനതകളില്ലാത്ത സമുദായ ക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനും കഴിഞ്ഞ 25 വര്‍ഷം സാധിച്ചതിന് പിന്നില്‍ മഹാനായ ആര്. ശങ്കറുടെ വാക്കുകള്‍ പകര്‍ന്ന ആത്മവിശ്വാസവും ആത്മധൈര്യവുമാണെന്ന് നിസംശയം പറയാം