ആര്‍. ശങ്കര്‍
നട്ടെല്ല് വളയ്ക്കാത്ത പോരാളി
1964 സെപ്റ്റംബര്‍ 10 ന് നിയമസഭയില്‍ തന്റെ സര്‍ക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ നേരിട്ടുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രിയായിരുന്ന ആര്‍ ശങ്കര്‍ പറഞ്ഞ ഒരു വാചകമാണ് എന്റെ മനസ്സിലേക്ക് ഓടിവരുന്നത്. ‘ആരുടെ മുന്‍പിലും നട്ടെല്ലുവളയ്ക്കാത്ത ഒരു പോരാളിയാണ് ഞാന്‍’. എല്ലാ അര്‍ത്ഥത്തിലും ഈ വാക്കുകളോട് ചേര്‍ന്നുനിന്ന ഒന്നായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും. സ്വന്തം നിലപാടുകള്‍ക്കുവേണ്ടി ആരുടെ മുന്‍പിലും തലകുനിക്കാത്ത സ്വഭാവം ആയിരുന്നു അദ്ദേഹത്തിന്റേത്. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ അദ്ദേഹം സ്വീകരിച്ച അചഞ്ചലമായ നിലപാടുകള്‍ പില്‍ക്കാലത്ത് എന്നിലെ പൊതുപ്രവര്‍ത്തകനെ വലിയ അളവുവരെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഈ അവസരത്തില്‍ ഞാന്‍ നന്ദിയോടെ സ്മരിക്കുകയാണ്.
ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ച സാമൂഹിക രാഷ്ട്രീയ പ്രതിഭാശാലി ആയിരുന്നു ആര്‍ ശങ്കര്‍ എന്നത് തര്‍ക്കരഹിതമായ കാര്യമാണ്. കേരളത്തിലെ മുന്‍ മുഖ്യമന്ത്രി, കെ പി സി സി പ്രസിഡന്റ് , എസ്.എന്‍.ഡി.പി യോഗത്തിന്റെ സമുന്നത നേതാവ് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആര്‍.ശങ്കര്‍ എല്ലാ അര്‍ത്ഥത്തിലും ഒരു ധിഷണാശാലിയായിരുന്നു എന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു. കേരളത്തിന്റെ സമസ്തമേഖലകളിലും നിറഞ്ഞുനിന്ന ആ വ്യക്തിത്വത്തെ ശരിയാംവണ്ണം വിലയിരുത്തുന്നതില്‍ നമുക്ക് വീഴ്ച്ചകള്‍ വന്നിട്ടുണ്ടോ എന്നതില്‍ എനിക്കു സംശയമുണ്ട്. ആര്‍ ശങ്കറിന് അദ്ദേഹം അര്‍ഹിക്കുന്ന ആദരവ് നല്‍കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് കേരള സമൂഹം ആത്മപരിശോധന നടത്തേണ്ടതുണ്ട് എന്നാണ് എന്റെ വിശ്വാസം .
ഇടപെട്ട രംഗങ്ങളിലെല്ലാം നിശ്ചയദാര്‍ഢ്യത്തിന്റെ ആള്‍രൂപമായിരുന്നു ആര്‍ ശങ്കര്‍ എന്ന് നിസ്സംശയം പറയാം. വിദ്യാഭ്യാ സകാലം മുതല്‍ സാമൂഹികനീതിക്കുവേണ്ടിയുള്ള ചിന്തകള്‍ അദ്ദേഹത്തെ ആവേശഭരിതനാക്കിയിരുന്നു. നിയമ ബിരുദം നേടി അഭിഭാഷകനായി പ്രാക്ടീസ് നടത്തുമ്പോഴാണ് സ്വാതന്ത്ര്യസമരത്തില്‍ ആകൃഷ്ടനായി ശങ്കര്‍ കോണ്‍ഗ്രസിലേക്ക് എത്തുന്നത്. പിന്നീട് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ചുകൊണ്ട് സംഘടനയുടെ നേതൃനിരയിലേക്ക് എത്തിയ ശങ്കര്‍ സര്‍ സി പി സ്റ്റേറ്റ് കോണ്‍ഗ്രസ്സ് നിരോധിച്ചപ്പോള്‍ ജയിലിലടക്കപ്പെട്ടു. 18 മാസങ്ങള്‍ക്ക് ശേഷം ജയില്‍ മോചിതനായി പുറത്തുവന്ന ശങ്കര്‍ തുടര്‍ന്ന് പാര്‍ട്ടിയുടെ നേതാക്കളെല്ലാം അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ധൈര്യപൂര്‍വം മുന്‍പോട്ടുവന്നു സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുകയാണ് ഉണ്ടായത്. വീണ്ടും ജയിലിലടക്കപ്പെട്ട ശങ്കര്‍ തുടര്‍ന്ന് ഒന്നര വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചശേഷമാണ് പുറത്തുവന്നത്. ഇങ്ങനെ സുദീര്‍ഘമായ പോരാട്ടങ്ങളുടെ ചരിത്രമാണ് ശങ്കറിനുള്ളത്.
1948 ല്‍ തിരുവിതാംകൂര്‍ സംസ്ഥാന അസംബ്ലിയിലും, 1949 മുതല്‍ 1956 വരെ തിരുകൊച്ചി സംസ്ഥാന അസംബ്ലിയിലും 1960 ല്‍ കേരള നിയമസഭയിലും അംഗമായ ശങ്കര്‍ ഒരു മികച്ച നിയമസഭാ സാമാജികന്‍ എന്ന യശസ് കരസ്ഥമാക്കിയിരുന്നു. കൂടാതെ സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാണ സഭയിലെ അംഗമെന്ന നിലയിലും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു . 1959 ല്‍ വിമോചനസമരം കൊടുമ്പിരി കൊണ്ടപ്പോള്‍ കെ.പി.സി.സി അദ്ധ്യക്ഷസ്ഥാനം അലങ്കരിച്ചുകൊണ്ട് സമരത്തിന് ഉജ്ജ്വല നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു . ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കമ്മ്യുണിസ്റ്റ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ ആളിക്കത്തിയ വിമോചന സമരത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനം നല്‍കിയത് ശങ്കറിന്റെ നേതൃത്വത്തിലായിരുന്നു. വിമോചന സമരത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്നതിനെക്കുറിച്ച് പാര്‍ട്ടിയില്‍ എതിരഭിപ്രായങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ജനാധിപത്യ വിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുന്ന കമ്മ്യുണിസ്റ്റ് സര്‍ക്കാരിനെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിമോചന സമരത്തിന് ഒപ്പം നില്‍ക്കണം എന്ന ശക്തമായ നിലപാട് ആയിരുന്നു ശങ്കര്‍ സ്വീകരിച്ചത്. കെ പി സി സി പ്രസിഡന്റ് എന്ന നിലയില്‍ അന്ന് അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ ശരിയായിരുന്നു എന്ന് പിന്നീട് തെളിയുകയുണ്ടായി.
വിമോചന സമരത്തിനുശേഷം നടന്ന 1960ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ പി സി സി പ്രസിഡന്റായിരുന്ന ശങ്കറിന്റെ നേതൃത്വത്തില്‍ മത്സരിച്ച 80 ല്‍ 63 സീറ്റും നേടി കോണ്‍ഗ്രസ് ചരിത്രവിജയം നേടിയത് അദ്ദേഹത്തിന്റെ സംഘാടക മികവിന് കിട്ടിയ ഏറ്റവും വലിയ അംഗീകാരമായിരുന്നു. ആ തിരഞ്ഞെടുപ്പില്‍ തിരുവിതാംകൂറുകാരനായ ശങ്കര്‍ കണ്ണൂരില്‍നിന്നുമാണ് തിരഞ്ഞെടുക്കപ്പെട്ടത് എന്നത് വ്യക്തിപരമായിക്കൂടി എനിക്ക് ആഹ്‌ളാദം തരുന്ന കാര്യമാണ്.
പട്ടം മന്ത്രിസഭയില്‍ ധനകാര്യ വകുപ്പിന്റെ ചുമതല വഹിച്ചുകൊണ്ട് ഡെപ്യുട്ടി മുഖ്യമന്ത്രി സ്ഥാനം വഹിച്ച ശങ്കര്‍ മികച്ച ഒരു ഭരണാധികാരി എന്ന ബഹുമതി വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ത്തന്നെ കരസ്ഥമാക്കുകയുണ്ടായി. 1962 ല്‍ കേരള മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ളയെ കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണറായി നിയമിച്ചപ്പോള്‍ ശങ്കര്‍ കേരളത്തിന്റെ മൂന്നാമത് മുഖ്യമന്ത്രിയായി അധികാരമേറ്റു. കോണ്‍ഗ്രസുകാരനായ ആദ്യത്തെ കേരള മുഖ്യമന്ത്രി ശങ്കറായിരുന്നു എന്നത് വളരെ അഭിമാനകരമായ കാര്യമാണ്. ശങ്കറിന്റെ ഭരണനൈപുണ്യം തെളിയിക്കുന്ന നടപടികളാണ് പിന്നീട് കേരളം കണ്ടത്.
മുഖ്യമന്ത്രിയായിരിക്കെ കേരളത്തിന്റെ സമസ്തമേഖലകളിലും വിപ്ലവകരമായ നയങ്ങള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. വിദ്യാഭ്യാസ മേഖലയില്‍ നവീന ആശയങ്ങള്‍ ആവിഷ്‌ക്കരിക്കാനും പ്രത്യേകിച്ചും സാങ്കേതിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് അതിന് ആവശ്യമായ അടിത്തറ ഒരുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ ഭരണകാലത്ത് വിദ്യാഭ്യാസരംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് കേരളത്തില്‍ ഉണ്ടായത്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ അഞ്ഞൂറിലധികം സ്‌കൂളുകള്‍ അനുവദിച്ചു. കേരളത്തില്‍ ജൂനിയര്‍ കോളജുകള്‍ ആദ്യമായി തുടങ്ങിയതും അദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു. ശങ്കറിന്റെ ഭരണകാലത്ത് ആരംഭിച്ച ബഹുഭൂരിപക്ഷം വിദ്യാലയങ്ങളും കേരളത്തിന്റെ ഗ്രാമീണ പിന്നോക്ക മേഖലകളില്‍ ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. വിദ്യാഭ്യാസത്തിലൂടെയുള്ള സാമൂഹിക നവോത്ഥാനത്തെക്കുറിച്ച് ഉന്നതമായ ദര്‍ശനങ്ങളാണ് അദ്ദേഹം മനസ്സില്‍ സൂക്ഷിച്ചത്. ഒരു മികച്ച ഭരണാധികാരിയായും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായും അദ്ദേഹം ചാര്‍ത്തിയ കയ്യൊപ്പുകള്‍ കാലാതീതമാണ്.ആര്‍.ശങ്കറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം.