അവരുടെ
ജീവിതവും
മനോഹരമാകട്ടെ

സുരക്ഷിതരാക്കി
ചേര്‍ത്തു നിര്‍ത്താം പെണ്‍മക്കളെ

വിവാഹ ശേഷം മാനസിക-ശാരീരിക പീഡനങ്ങളെ തുടര്‍ന്ന് ജീവിതം അവസാനിപ്പിക്കുന്ന പെണ്‍കുട്ടികളുടെ വാര്‍ത്തകള്‍ തുടര്‍ക്കഥയാകുകയാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കേണ്ടതും ചേര്‍ത്തു പിടിക്കേണ്ടതും മാതാപിതാക്കളുടെ കടമ കൂടിയാണ്. ഭര്‍ത്താവിന്റെ വീട്ടില്‍ പ്രശ്നങ്ങള്‍ നേരിട്ടാലും അത് തുറന്നു പറയാന്‍ പെണ്‍കുട്ടികള്‍ പലപ്പോഴും തയ്യാറാകില്ല. ജനിച്ചു വളര്‍ന്ന വീട്ടില്‍ നിന്ന് പുറത്തായത് പോലെയും എന്നാല്‍ ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിപ്പെടാത്തതുപോലെയും ഒരു അനുഭവമായിരിക്കും അവര്‍ക്ക് തോന്നുക. ഇത് അവരെ മാനസികമായി ഒറ്റപ്പെടലിലേയ്ക്ക് നയിക്കും. വിവാഹ ശേഷം എങ്ങനെയാണ് പെണ്‍കുട്ടികളെ ചേര്‍ത്ത് പിടിക്കേണ്ടത് ?

രണ്ട് പതിറ്റാണ്ടിലധികം ജീവിച്ച ചുറ്റുപാടില്‍ നിന്ന് ഒരു ദിവസം അവര്‍ പറിച്ചു നടപ്പെടുകയാണ്. തികച്ചും അപരിചിതമായ ചുറ്റുപാടിലേയ്ക്കും സാഹചര്യങ്ങളിലേയ്ക്കും. ഇനി ഇതാണ് നിന്റെ വീട് എന്ന് പറയുമ്പോള്‍ അത് അവരെ സംബന്ധിച്ച് പെട്ടെന്ന് ഉള്‍ക്കൊള്ളാനോ പൊരുത്തപ്പെടാനോ കഴിയുന്ന ഒന്നായിരിക്കില്ല. അതുകൊണ്ടുതന്നെ ഇനി മുതല്‍ ഇതാണ് നിന്റെ വീട് എന്നല്ല ഇതും നിന്റെ വീടാണ് എന്നതരത്തില്‍ വേണം അവരോട് സംസാരിക്കാന്‍. ജനിച്ചു വളര്‍ന്ന വീടും അവള്‍ ഉറങ്ങിയ മുറിയും എത്രകാലം കഴിഞ്ഞാലും അവള്‍ക്കായി അവിടെതന്നെ ഉണ്ടാകും എന്ന ചിന്തയും വിശ്വാസവും പെണ്‍കുട്ടികള്‍ക്ക് കൊടുക്കാന്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും കഴിയണം. എത്ര ദൂരെപോയാലും ഓടിവരാന്‍ എനിക്ക് എന്റെ വീടുണ്ട് എന്ന ചിന്ത അവളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഒപ്പം ആത്മഹത്യപോലെ സ്വയം നഷ്ടപ്പെടുത്തുന്ന കാര്യങ്ങളെക്കുറിച്ചുള്ള ചിന്ത അവരില്‍ ഉണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കും. എനിക്കായി കാത്തിരിക്കുന്ന മാതാപിതാക്കളും സഹോദരങ്ങളും ഉണ്ട് എന്ന ചിന്ത തന്നെ പ്രതീക്ഷ നിര്‍ഭരമാണല്ലോ.

പരാതികള്‍ ചിരിച്ചു തള്ളാതിരിക്കുക

കുടുംബജീവിതത്തിലെ പ്രശ്നങ്ങള്‍ പറയുമ്പോള്‍ പെണ്‍മക്കള്‍ കേള്‍ക്കുന്ന ആദ്യത്തെ ഉപദേശം ‘ഇതൊക്കെ എല്ല കുടുംബത്തിലും ഉള്ളതല്ലേ, നീ അഡ് ജസ്റ്റ് ചെയ്യണം’ എന്നായിരിക്കും. ഇത്തരം ഉപദേശങ്ങള്‍ കേള്‍ക്കുമ്പോള്‍ മാതാപിതാക്കളോട് പറഞ്ഞിട്ടും കാര്യമില്ല ഇതില്‍ കൂടുതല്‍ ഒന്നു പ്രതീക്ഷിക്കേണ്ട എന്ന ചിന്ത മക്കളുടെ മനസില്‍ വളരും. ഈ ചിന്തകള്‍മൂലം ഭര്‍ത്താവില്‍ നിന്നും വീട്ടുകാരില്‍ നിന്നും മര്‍ദനമടക്കമുള്ള കാര്യങ്ങള്‍ ഉണ്ടായാലും ആരോടും പറയാതെ സഹിക്കാന്‍ അവര്‍ തീരുമാനിക്കും. അങ്ങനെ ഒരു സാഹചര്യത്തിലേയ്ക്ക് പെണ്‍കുട്ടികളെ എത്തിക്കാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.അവര്‍ പറയുന്ന പരാതികളെ ഗൗരവത്തോടെ കാണുക.

  • ജനിച്ചു വളര്‍ന്ന വീടും അവള്‍ ഉറങ്ങിയ മുറിയും എത്രകാലം കഴിഞ്ഞാലും അവള്‍ക്കായി അവിടെതന്നെ ഉണ്ടാകും എന്ന ചിന്തയും വിശ്വാസവും പെണ്‍കുട്ടികള്‍ക്ക് കൊടുക്കാന്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും കഴിയണം
  • കുടുംബജീവിതത്തിലെ പ്രശ്നങ്ങള്‍ പറയുമ്പോള്‍ പെണ്‍മക്കള്‍ കേള്‍ക്കുന്ന ആദ്യത്തെ ഉപദേശം ‘ഇതൊക്കെ എല്ല കുടുംബത്തിലും ഉള്ളതല്ലേ, നീ അഡ് ജസ്റ്റ് ചെയ്യണം’ എന്നായിരിക്കും.അവര്‍ പറയുന്ന പരാതികളെ ഗൗരവത്തോടെ കാണുക.
  • എത്ര തിരക്കുളള ദിവസത്തിന്റെയും അവസാനം ഫോണില്‍ സംസാരിക്കാന്‍ അഞ്ച് മിനിറ്റ് മാറ്റി വയ്ക്കുക.
  • സംസാരിക്കുമ്പോള്‍ കുറ്റപ്പെടുത്തലുകള്‍ക്കും ഉപദേശങ്ങള്‍ക്കും നില്‍ക്കാതെ ആദ്യം പൂര്‍ണമായും അവരെ കേള്‍ക്കുക. അതിനു ശേഷം മാത്രം മറുപടി പറയുക.
  • വിവാഹശേഷം പെണ്‍കുട്ടിയുടെ ഷെയര്‍ ചോദിക്കുന്ന സാഹചര്യം ഉണ്ടായാല്‍ ഗൗരവത്തോടെ തന്നെ കൈകാര്യം ചെയ്യുക. ഷെയര്‍ നല്‍കേണ്ട സാഹചര്യം ഉണ്ടായാല്‍ ഒരു നിയമവിദഗ്ദ്ധന്റെ സഹായം തേടികൊണ്ട് രേഖകളോടെ തന്നെ വേണം കൈമാറ്റം നടത്താന്‍
  • കുടുംബജീവിതത്തില്‍ എന്ത് പ്രശ്നമുണ്ടായാലും അതെല്ലാം സാധാരണമാണ് എന്നും എല്ലാം അഡ് ജസ്റ്റ് ചെയ്യേണ്ടതാണെന്നുമുള്ള ചിന്ത അവരില്‍ വളര്‍ത്താതിരിക്കുക
  • ആണ്‍കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ തന്നെ സഹജീവികളോട് സഹാനുഭൂതിയുള്ളവരായി വളര്‍ത്തുക. തുല്യതയുടെ പാഠങ്ങള്‍ അവര്‍ക്ക് പകര്‍ന്നു നല്‍കാം.

എന്നും വിളിച്ച് അന്വേഷിക്കുക

ഭര്‍ത്താവും വീട്ടുകാരും ഒപ്പമില്ലേ അതുകൊണ്ട് വിളിച്ച് അന്വേഷണമൊക്കെ ആഴ്ചയില്‍ രണ്ട് മതി എന്നു ചിന്തിക്കുന്ന മാതാപിതാക്കള്‍ ഉണ്ട്. എന്നാല്‍ എന്നും വിളിച്ച് മകളോടും മകനോടും സംസാരിക്കുന്നത് ഇരുകുടുംബങ്ങള്‍ക്കും ഇടയിലെ ഐക്യം വര്‍ദ്ധിപ്പിക്കുകയും മകളുടെ ഉള്ളില്‍ തനിച്ചല്ല എന്ന് ധൈര്യം നല്‍കുകയും ചെയ്യും. എത്ര തിരക്കുളള ദിവസത്തിന്റെയും അവസാനം അവര്‍ക്കായി ഒരു അഞ്ച് മിനിറ്റ് മാറ്റി വയ്ക്കുക.

ഫോണ്‍ വിളികള്‍
അവഗണിക്കാതിരിക്കുക

ചില സമയങ്ങളില്‍ നിങ്ങള്‍ക്ക് മക്കളുടെ ഫോണ്‍ എടുക്കാനും സംസാരിക്കാനും സാധിച്ചു എന്നു വരില്ല. ചിലപ്പോഴാകട്ടെ ഇപ്പോള്‍ സമയമില്ല എന്ന കാരണത്താല്‍ പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ഫോണ്‍ വിളി അവസാനിപ്പിക്കാറും ഉണ്ടാകും. ഫോണ്‍ വിളിക്കുമ്പോള്‍ എടുക്കാന്‍ സാധിച്ചിട്ടില്ല എങ്കില്‍ മകളുടെ കോള്‍ കാണുമ്പോള്‍ ഉടന്‍ തന്നെ തിരിച്ചു വിളിക്കുക. അല്‍പ്പസമയം അവരോട് സംസാരിക്കുക. നിങ്ങളുടെ ഒരു സാമീപ്യത്തിന് വേണ്ടിക്കൂടിയാകും അവര്‍ വിളിക്കുന്നത്. അത് ഉണ്ടാകും എന്ന ഉറപ്പുവരുത്തുക. ഒപ്പം പതിവില്ലാത്ത സമയങ്ങളില്‍ മകള്‍ വിളിക്കുമ്പോള്‍ ഇപ്പോള്‍ സമയമില്ല എന്ന കാരണം പറഞ്ഞ് ഫോണ്‍ എടുക്കാതിരിക്കരുത്. മറിച്ച് എത്ര തിരക്കിലാണെങ്കിലും ഫോണ്‍ എടുത്ത് സമാധാനപൂര്‍വം അവരെ കേള്‍ക്കുക. അല്‍പ്പസമയത്തിനകം തിരിച്ചു വിളിക്കാം എന്ന അറിയിക്കുക. ചിലപ്പോള്‍ അവര്‍ വിളിക്കുന്നത് ഒരു ആശ്വാസത്തിനു വേണ്ടിയായിരിക്കാം. അവര്‍ സംസാരിക്കുമ്പോള്‍ കുറ്റപ്പെടുത്തലുകള്‍ക്കും ഉപദേശങ്ങള്‍ക്കും നില്‍ക്കാതെ ആദ്യം പൂര്‍ണമായും അവരെ കേള്‍ക്കുക. അതിനു ശേഷം മാത്രം മറുപടി പറയുക.

ചില സമയങ്ങളില്‍ നിങ്ങള്‍ക്ക് മക്കളുടെ ഫോണ്‍ എടുക്കാനും സംസാരിക്കാനും സാധിച്ചു എന്നു വരില്ല. ചിലപ്പോഴാകട്ടെ ഇപ്പോള്‍ സമയമില്ല എന്ന കാരണത്താല്‍ പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ഫോണ്‍ വിളി അവസാനിപ്പിക്കാറും ഉണ്ടാകും. ഫോണ്‍ വിളിക്കുമ്പോള്‍ എടുക്കാന്‍ സാധിച്ചിട്ടില്ല എങ്കില്‍ മകളുടെ കോള്‍ കാണുമ്പോള്‍ ഉടന്‍ തന്നെ തിരിച്ചു വിളിക്കു

സ്ത്രീധന ചോദ്യങ്ങളെ പ്രോത്സാഹിപ്പിക്കരുത്

സ്ത്രീധനം നിയമംമൂലം നിരോധിച്ചിട്ടുണ്ടെങ്കിലും പെണ്‍കുട്ടികളുടെ ഷെയര്‍ എന്ന പേരില്‍ ഇപ്പോഴും സ്വര്‍ണം, വസ്തു, വാഹനം, പണം മുതലായ വിലപിടിപ്പുള്ളവ വിനിമയം ചെയ്യുന്ന രീതിയുണ്ട്. വിവാഹം ഉറപ്പിക്കുന്ന സമയത്തോ അതിനു ശേഷമോ ഇത്തരം ചോദ്യവുമായി വരനോ വീട്ടുകാരോ എത്തിയാല്‍ ആ ബന്ധം അവിടെ അവസാനിപ്പിക്കുന്നതാണ് ഉചിതം. വിവാഹശേഷം പെണ്‍കുട്ടിയുടെ ഷെയര്‍ ചോദിക്കുന്ന സാഹചര്യം ഉണ്ടായാല്‍ അതിനെ ഗൗരവത്തോടെ തന്നെ കൈകാര്യം ചെയ്യുക. ഷെയര്‍ നല്‍കേണ്ട സാഹചര്യം ഉണ്ടായാല്‍ ഒരു നിയമവിദഗ്ദ്ധന്റെ സഹായം തേടികൊണ്ട് രേഖകളോടെ തന്നെ വേണം ഇത്തരം കൈമാറ്റം നടത്താന്‍. സ്ത്രീധനം ആവശ്യപ്പെട്ടുള്ള ശാരീരിക മാനസിക ഉപദ്രവങ്ങള്‍ ഉണ്ടായി എന്ന് മകള്‍ അറിയിച്ചാല്‍ അതിനെ വളരെ ഗൗരവത്തോടെ കാണുകയും സംഭവം ആവര്‍ത്തിച്ചാല്‍ നിയമപരമായി നേരിടുകയും ചെയ്യണം.

നിര്‍ബന്ധിച്ച്
നിര്‍ത്താതിരിക്കുക

ഇനി എനിക്ക് ഇവിടെ തുടരാന്‍ കഴിയില്ല എന്ന് ഏതെങ്കിലും സാഹചര്യത്തില്‍ മകള്‍ അറിയിച്ചാല്‍ മകളോട് അവിടെ തുടരണം എന്ന ഉപദേശം നല്‍കി പിടിച്ച് നിര്‍ത്താതിരിക്കുക. ആദ്യം തന്നെ മകളെ സുരക്ഷിതയാക്കുക. മാതാപിതാക്കളുടെ സാമീപ്യം അവരെ ആശ്വസിപ്പിക്കും. ശേഷം കാര്യങ്ങളുടെ വസ്തുത വിലയിരുത്തി മകള്‍ക്ക് മാനസിക പിന്തുണ നല്‍കണം. അവര്‍ ആ ബന്ധം തുടരാന്‍ സാധിക്കില്ല എന്ന് പറഞ്ഞാല്‍ കാര്യങ്ങളുടെ ഗൗരവം മനസിലാക്കി മകളെ പിന്തുണയ്ക്കുക. ഇത് അവര്‍ക്ക് പുതിയ പ്രതീക്ഷയും മുന്നോട്ട് പോകാനുള്ള ധൈര്യവും നല്‍കും.

വിവാഹത്തിന്റെ അന്ന് ഭര്‍ത്താവിന്റെ ഒപ്പം പെണ്‍കുട്ടികളെ പറഞ്ഞയക്കുന്നതോടെ എല്ലാ ചുമതലകളും അവസാനിച്ചു എന്ന് ചിന്തിക്കുന്ന മാതാപിതാക്കളാണ് അധികവും. നമ്മള്‍ കണ്ടുവരുന്നരീതി അതായതു കൊണ്ടുതന്നെ പല മാതാപിതാക്കളും അത് പിന്തുടരുന്നു. ആദ്യ പ്രസവത്തിനുശേഷം പതിയെ പതിയെ സ്വന്തം മാതാപതാക്കളും സഹോദരങ്ങളും അവളെ മറന്നുതുടങ്ങും. നമ്മുടെ മകളാണ് സഹോദരിയാണ് എന്നതെല്ലാം മറന്ന് അവളെ കെട്ടിച്ചയച്ച പെണ്ണ് മാത്രമായി കാണാന്‍ തുടങ്ങും.

എല്ലാം അഡ് ജസ്റ്റ് ചെയ്യണ്ട

കുടുംബജീവിതത്തില്‍ എന്ത് പ്രശ്നമുണ്ടായാലും അതെല്ലാം സാധാരണമാണ് എന്നും എല്ലാം അഡ് ജസ്റ്റ് ചെയ്യേണ്ടതാണെന്നുമുള്ള ചിന്ത അവരില്‍ വളര്‍ത്താതിരിക്കുക. ഗൗരവതരമായ കാര്യങ്ങള്‍ ഗൗരവത്തില്‍ കൈകാര്യം ചെയ്യണമെന്നും അതിന് തങ്ങള്‍ ഒപ്പം ഉണ്ടാകുമെന്നും വിവാഹത്തിനു മുമ്പുതന്നെ പെണ്‍കുട്ടികളോട് പറയുന്നത് പ്രശ്നങ്ങള്‍ ഗുരുതരമാകാതിരിക്കാന്‍ സഹായിക്കും. എന്തൊക്കെ കാര്യങ്ങളാണ് വിവാഹ ജീവിതത്തില്‍ അഡ്ജസ്റ്റ് ചെയ്യേണ്ടത് എന്ന ധാരണ വിവാഹത്തിനു മുമ്പ് തന്നെ പെണ്‍കുട്ടികള്‍ക്ക് നല്‍കണം. വ്യക്തിത്വത്തെ ഇല്ലാതാക്കുന്ന ഉപദ്രവങ്ങളും അപമാനങ്ങളും സഹിക്കേണ്ടതല്ലെന്നും അവര്‍ക്ക് പറഞ്ഞു കൊടുക്കുക. സഹനമല്ല, പരസ്പര സ്നേഹവും സഹകരണവും പങ്കുവയ്ക്കലുമാണ് കുടുംബജീവിതം എന്ന് വിവാഹത്തിനു മുമ്പ് തന്നെ അവരെ ബോധ്യപ്പെടുത്തുക.

മക്കളെ വളര്‍ത്തുമ്പോള്‍ പരസ്പര ബഹുമാനവും സഹജീവികളോടുള്ള സ്നേഹവും കരുണയും പഠിപ്പിച്ചു കൊണ്ട് തന്നെ വളര്‍ത്തുക. ആണ്‍കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ തന്നെ സഹജീവികളോട് സഹാനുഭൂതിയുള്ളവരായി വളര്‍ത്തുക. തുല്യതയുടെ പാഠങ്ങള്‍ അവര്‍ക്ക് പകര്‍ന്നു നല്‍കാം. പങ്കാളിയെ ബഹുമാനിക്കാനും പരിഗണിക്കാനുമുള്ള പക്വതയില്‍ എത്തിയ ശേഷം മാത്രം അവരുടെ വിവാഹത്തിലേയ്ക്ക് കടക്കുക.

പരസ്പര ബഹുമാനം പഠിപ്പിക്കാം

മക്കളെ വളര്‍ത്തുമ്പോള്‍ പരസ്പര ബഹുമാനവും സഹജീവികളോടുള്ള സ്നേഹവും കരുണയും പഠിപ്പിച്ചു കൊണ്ട് തന്നെ വളര്‍ത്തുക. ആണ്‍കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ തന്നെ സഹജീവികളോട് സഹാനുഭൂതിയുള്ളവരായി വളര്‍ത്തുക. തുല്യതയുടെ പാഠങ്ങള്‍ അവര്‍ക്ക് പകര്‍ന്നു നല്‍കാം. പങ്കാളിയെ ബഹുമാനിക്കാനും പരിഗണിക്കാനുമുള്ള പക്വതയില്‍ എത്തിയ ശേഷം മാത്രം അവരുടെ വിവാഹത്തിലേയ്ക്ക് കടക്കുക. വിവാഹശേഷം പങ്കാളിക്ക് കരുതലും പരിഗണനയും ബഹുമാനവും സ്നേഹവും നല്‍കണ്ടേത് തന്റെ കടമയാണെന്ന് ബോദ്ധ്യം മകനില്‍ വളര്‍ത്തുക. മാതാപിതാക്കളുടെ ജീവിതം പലപ്പോഴും മക്കള്‍ക്ക് ഒരു പാഠമാകാറുണ്ട്. സ്നേഹവും സഹകരണവും അനുകമ്പയും നിറഞ്ഞ് മനോഹരമായ ഒരു ജീവിതം അവര്‍ക്ക് മാതൃകയായി നല്‍കാം. അതിലൂടെ അവരുടെ ജീവിതവും മനോഹരമാകട്ടെ. ശത്രുവല്ല ജീവിതത്തിന്റെ പാതിയാണ് പങ്കാളിയെന്ന് അവര്‍ തിരിച്ചറിയട്ടെ.

Author

Scroll to top
Close
Browse Categories