അപരസാമ്യമില്ലാത്ത ഗുരു
അന്ധകാരത്തെ അകറ്റുന്ന വെളിച്ചമാണ് ഗുരു. ”നൂറുവര്‍ഷം ഇരുട്ടിലാണ്ടുകിടന്ന മുറിക്കുള്ളില്‍ പ്രകാശം വരുവാന്‍ നൂറ് വര്‍ഷം വിളക്കു കത്തിയ്‌ക്കേണ്ട. ഒരു വിളക്ക് കത്തിച്ചാല്‍ പോരെ” എന്ന ഗുരുവചനം പ്രസക്തമാണ്. നൂറ്റാണ്ടുകളായി അന്ധകാരത്തിലാണ്ടു കിടന്ന ജനങ്ങള്‍ക്ക് ഗുരുവചനങ്ങള്‍ നിറദീപമായിരുന്നു.
ലോകത്തിലെ മഹാപുരുഷന്മാരുടെ വ്യക്തിത്വവും ജീവിതവും അവലോകനം ചെയ്യുമ്പോള്‍, ഒരു പ്രത്യേക ചട്ടക്കൂടില്‍ ഒതുക്കി നിര്‍ത്താന്‍ കഴിയാത്ത,നിരുപമായ വ്യക്തിവൈശിഷ്ട്യങ്ങളുടെ ഉടമയായിരുന്നു ശ്രീനാരായണഗുരു. .അനന്തര തലമുറക്കുവേണ്ടി ആ മഹാത്മാവ് രേഖപ്പെടുത്തി വെച്ച വാക്കുകളും അവിടുത്തെ ചിന്തകളും പ്രവൃത്തികളും സമകാലീന ജീവിതത്തില്‍ ചെലുത്തിയ സ്വാധീനവും അപരസാമ്യമില്ലാത്ത ഗുരുവായി ഗുരുവിനെ അടയാളപ്പെടുത്തുന്നു. ഗുരു മഹാതപസ്വിയായിരുന്നു, ബ്രഹ്മര്‍ഷിയായിരുന്നു. ഗുരുവായിരുന്നു,മഹാകവിയായിരുന്നു,വിദ്യാഭ്യാസവിചക്ഷണനായിരുന്നു, സാമ്പത്തിക വിദഗ്ദ്ധനായിരുന്നു, ഇവയ്‌ക്കൊക്കെ പുറമേ ലോകം കണ്ട വലിയൊരു മനുഷ്യസ്‌നേഹിയും.
ആദിഗുരുവായ ദക്ഷിണാമൂര്‍ത്തി മൗനമായി ഇരുന്ന് ശിഷ്യര്‍ക്ക് ഉപദേശം നല്‍കുന്നു. സംശയലേശമില്ലാതെയായി ശിഷ്യരെല്ലാം. ലേശം പോലും സ്വാര്‍ത്ഥതയില്ലാതെ നമുക്ക് ശരിയായ വഴിയും മാര്‍ഗ്ഗവും ഉപദേശിക്കുന്ന ആളാണ് ഗുരു. അവരുടെ ഉപദേശങ്ങള്‍ എന്നും മാര്‍ഗ്ഗദീപമായിത്തീരുന്നു. അതുകൊണ്ട് ഗുരുപദത്തിന് ഉപദേശകന്‍ എന്നുകൂടി അര്‍ത്ഥമുണ്ട്. ‘ഉപദേശകസ്തു ഗുരു’ .മറ്റൊന്ന് ‘ഗു’എന്നാല്‍ ഇരുട്ട് ‘രു’ രോധിക്കുന്നു.അപ്പോള്‍ അന്ധകാരത്തെ അകറ്റുന്ന വെളിച്ചമാണ് ഗുരു. ”നൂറുവര്‍ഷം ഇരുട്ടിലാണ്ടുകിടന്ന മുറിക്കുള്ളില്‍ പ്രകാശം വരുവാന്‍ നൂറ് വര്‍ഷം വിളക്കു കത്തിയ്‌ക്കേണ്ട. ഒരു വിളക്ക് കത്തിച്ചാല്‍ പോരെ” എന്ന ഗുരുവചനം പ്രസക്തമാണ്. നൂറ്റാണ്ടുകളായി അന്ധകാരത്തിലാണ്ടു കിടന്ന ജനങ്ങള്‍ക്ക് ഗുരുവചനങ്ങള്‍ നിറദീപമായിരുന്നു. ആ അര്‍ത്ഥത്തിലും ശ്രീനാരായണഗുരു ഗുരുവായിത്തന്നെ നില്‍ക്കുന്നു.
അധിഗതത്ത്വ: ശിഷ്യഹിതാ
യോദ്യ സതതം
പൂര്‍ണമായി അനുഭവിച്ചറിഞ്ഞ സത്യത്തെ ശിഷ്യന്മാരുടെ ഉദ്ഗതിക്കും നന്മയ്ക്കും വേണ്ടി ഉപദേശിക്കുന്ന ആളാണ് ഗുരു. ഒരു പതിനായിരമാദിതേയരോരോന്നായ് വന്നതുപോലെ ബോധമുണര്‍ന്ന ഗുരു ഈ സത്യം എത്രയെത്ര ശ്ലോകങ്ങളിലൂടെയാണ് ശിഷ്യന്മാരെ അറിയിച്ചിരിക്കുന്നത്.
അണുവറിവിന്‍ മഹിമാവിലംഗമില്ലാ-
തണയുമഖണ്ഡവുമന്നു പൂര്‍ണമാകും
അനുഭവിയാതറിവീലഖണ്ഡമാം ചിദ്
ഘനമിതു മൗനഘനാമൃതബ്ധിയാകും
ഏതൊന്നിനെയും അംശങ്ങളായി വിഭജിച്ചാല്‍ അവസാനമെത്തിച്ചേരുന്ന ഏറ്റവും ചെറിയ അംശമാണല്ലോ അണു. വീണ്ടും വിഭജിക്കാനൊക്കാത്തതാണ് അണു എന്നതിനര്‍ത്ഥം. ഏകമായ അറിവിന്റെ (ആത്മാവിന്റെ) മഹിമാവിനെ കണ്ടെത്തുമ്പോള്‍ അണുവെന്ന ഭാവം അതിലണഞ്ഞു പോകും. ഞാനെന്ന ഭാവവും അണഞ്ഞു പോകും. അറിവിന് അംഗമില്ല. അണുവിന്റെ അംഗത്വം ആ ഏകതയില്‍ അലിഞ്ഞു പോകും. അഖണ്ഡമായ അറിവിന്റെ ഏകതയും പൂര്‍ണതയും നേരിട്ടനുഭവമാകുക കൂടി ചെയ്യും. അണുവിന്റെ അംഗത്വം ഇല്ലാതായിത്തീരുന്നതും അഖണ്ഡത്തിന്റെ പൂര്‍ണത സാക്ഷാല്‍ക്കൃതമായിത്തീരുന്നതും ഒരനുഭവം തന്നെയാണ്. ആത്മോപദേശശതകത്തിന്റെ അവസാന ശ്ലോകത്തില്‍ ഗുരു പറയുന്നു.
അതുമിതുമല്ല, സദര്‍ത്ഥമല്ലഹം സ-
ച്ചിദമൃതമെന്നു തെളിഞ്ഞു ധീരനായി
സദസദിതി പ്രതിപത്തിയറ്റു, സത്തോ-
മിതി മൃദുവായ് മൃദുവായമര്‍ന്നിടേണം.
ഞാന്‍ അതുമല്ല ഇതുമല്ല. ഞാന്‍ ശരീരവുമല്ല ശരീരിയുമല്ല. എന്നെപ്പറ്റി ‘അതെന്നോ ഇതെന്നോ’ പറയാന്‍ ആകുകയില്ല. ഞാന്‍ സത്തെന്നതിന്റെ അര്‍ത്ഥമല്ല. ഉള്ളതായി കാണുന്നതിലെല്ലാം അര്‍ത്ഥമായിരിക്കുന്ന പൊരുള്‍ എന്ന് സങ്കല്‍പ്പിക്കാവുന്നതുമല്ല. ഞാന്‍ സത്താണ്, ചിത്താണ് അമൃതമാണ്-സച്ചിദാനന്ദമാണ്. നാശരഹിതമാണ്. ഈ അനുഭൂതി തെളിഞ്ഞ് ആ തെളിവ് മാത്രമായി തീരണം. അപ്പോള്‍ ധീരനായി അറിയുകയും അറിയിക്കുകയും ചെയ്യുന്നവനാണ് ധീരന്‍. ഇങ്ങനെ താന്‍ ആനുഭൂതികമായി അനുഭവിച്ചത് വാക്കുകളിലൂടെ ശിഷ്യന്മാര്‍ക്ക് പകര്‍ന്നുകൊടുക്കാനാണ് ശ്രീനാരായണഗുരു കാരുണ്യത്തോടെ കൃതികള്‍ രചിച്ചത്. ആ കാരുണ്യം ഒരു ഗുരുവിന്റേതുമാത്രമാണ്.
ദീര്‍ഘകാലം ആരാലും അറിയപ്പെടാതെ വിജനപ്രദേശങ്ങളിലും പര്‍വതങ്ങളിലെ മഹാഗഹ്വരങ്ങളിലും തപസു ചെയ്ത്, ചില വലിയ ജീവിത പ്രശ്‌നങ്ങള്‍ക്കു മറുപടി ലഭിച്ച ശേഷം, താന്‍ കണ്ടെത്തിയ പരിഹാര നിര്‍ദ്ദേശങ്ങള്‍ ലോകത്തിനു സംഭാവന ചെയ്യുവാനായി ഗുരുഏകാന്തത വെടിഞ്ഞ് പുറത്തു വന്നു. സ്വധര്‍മ്മത്തെപ്പറ്റി ബോധവാനായിരുന്ന ആ തത്വവിത്തിനെ സംശയലേശം കൂടാതെ ഗുരുവായി പ്രഖ്യാപിക്കപ്പെടുകയും ജഗദ്ഗുരുക്കന്മാരില്‍ സമുന്നതസ്ഥാനം നല്‍കി ആദരിക്കുകയും ചെയ്യുന്നു. ഗുരുവിന്റെ ഏതൊരാജ്ഞയെയും സര്‍വഥാ അംഗീകരിച്ച് അനുവര്‍ത്തിക്കുവാന്‍ പാവപ്പെട്ടവനും പണക്കാരനും, അജ്ഞനും വിജ്ഞനും ഒരുപോലെ തയ്യാറായി. ആ മഹാഗുരുവിന്റെ പാദാംബുജങ്ങള്‍ നെറുകയിലണിയുവാന്‍ എവിടെയും ജനങ്ങള്‍ തിങ്ങിക്കൂടി.
ഒരു കാലത്ത്, ഇരുപതുലക്ഷത്തോളം ജനങ്ങള്‍ രാജശാസനത്തെക്കാള്‍ വിലയേറിയ നിയമങ്ങളായിത്തന്നെ ഗുരുവിന്റെ വാക്കുകളെ കരുതി അനുസരിച്ചു പോന്നു. ഒരു വ്യാഴവട്ടത്തിനിടയില്‍ ദക്ഷിണേന്ത്യയുടെ പശ്ചിമതീരത്തില്‍ നൂറോളം ആരാധനാലയങ്ങള്‍ അദ്ദേഹം സ്ഥാപിക്കുകയും അവയെല്ലാം തന്നെ വിദ്യാഭ്യാസപരവും സാംസ്‌കാരികവും സാമ്പത്തികവുമായ വിവിധ കര്‍മ്മപരിപാടികളുടെ പ്രവര്‍ത്തനകേന്ദ്രങ്ങളായിത്തീരുകയും ചെയ്തു. ഗുരുവിന്റെ ആദര്‍ശങ്ങളുടെ അര്‍ത്ഥവ്യാപ്തി മനസ്സിലാക്കുവാനും വ്യാഖ്യാനിക്കുവാനും ഉപദേശങ്ങള്‍ പ്രചരിപ്പിക്കുവാനുമായി വിവിധ സംഘടനകള്‍ പലയിടത്തും രൂപം കൊണ്ടു. നാരായണ നാമമന്ത്രം നല്‍കുന്ന പ്രചോദനത്താല്‍ പുളകിതരായി യുവാക്കളും പ്രായമേറിയവരും പൊതുസംരഭങ്ങളില്‍ സഹകാരികളായി നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ ഉദ്യുക്തരായി. ഇന്ത്യയെന്നല്ല ലോകത്തെത്തന്നെ പുനഃസംവിധാനം ചെയ്ത് യോഗക്ഷേമമുള്ളതാക്കുവാന്‍ പര്യാപ്തമാകുന്ന ഒരു നവ്യചലനത്തിന്റെ പ്രണേതാവും പ്രയോക്താവുമാണ് നാരായണഗുരു എന്നു കരുതുന്നതില്‍ തെറ്റില്ല.
വിപ്ലവമനോഭാവക്കാരെയും യാഥാസ്ഥിതികരെയും ഗുരു ഒരുപോലെ എങ്ങനെ ആകര്‍ഷിച്ചു. സമന്വയിച്ചു എന്നു പറയാനാവില്ല. തമ്മില്‍ പൊരുതുന്ന രണ്ടു സംഘങ്ങളുടെയും മധ്യത്തില്‍ നിന്നിരുന്ന ഗുരുവിന്റെ ദര്‍ശനമാത്രയില്‍ത്തന്നെ അവര്‍ വൈരം മറന്ന് ഒരുപോലെ ഗുരുവില്‍ അനുരക്തരായിത്തീര്‍ന്നു. അങ്ങനെ ഗുരു എന്നും അത്ഭുതാവഹമായ ഒരു സമന്വയ രഹസ്യമായി പ്രകാശിക്കുന്നു. പ്രേമം കൊണ്ടു മാത്രം അദ്ദേഹം ഏവരുടെയും സമാധാനദൂതനായിത്തീര്‍ന്നു. എന്നാല്‍ താത്വികമായ ദൃഢനിശ്ചയത്തില്‍ നിന്ന് ഗുരുവിനെ വ്യതിചലിപ്പിക്കുവാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.
ഗുരുവിന്റെ ജീവിതം അനേകം സമരമുഖങ്ങളിലുള്ള ഒരു യുദ്ധഭൂമി പോലെയായിരുന്നു. പോരാട്ടം മനുഷ്യര്‍ക്കെതിരെ ആയിരുന്നില്ല. അസമത്വങ്ങളോടും അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടും കുടിലമായ സാമൂഹിക സാമ്പത്തിക വ്യവസ്ഥകളോടും നീതിയറ്റ കീഴ്‌വഴക്കങ്ങളോടുമുള്ള സന്ധിയില്ലാത്ത സമരപരിപാടികളായിരുന്നു അവ. യഥാര്‍ത്ഥമായ സംഘട്ടനം സംഭവിച്ചുകൊണ്ടിരുന്നത് ഗുരുവിന്റെ തത്വചിന്ത മാനവസമുദായത്തിന്റെ നൈതിക ജീവിത്തതെ സ്പര്‍ശിക്കുന്ന മേഖലകളില്‍ത്തന്നെയായിരുന്നു.
ഗുരു ഒന്നും ചെയ്യുന്നതായി അനുഭവപ്പെട്ടിരുന്നില്ല. എന്നാലും സത്യസങ്കല്‍പ്പങ്ങളില്‍ നിന്ന് പാറി വന്ന സ്ഫുലിംഗങ്ങള്‍ അനാചാരങ്ങളെ ചുട്ടു വെണ്ണീറാക്കുവാനും അസമത്വങ്ങളെ ഭസ്മീകരിക്കുവാനും പോരുന്ന തീമഴ പെയ്യുവാന്‍ കഴിയുന്നവയായിരുന്നു.
രാഷ്ട്രീയത്തിന്റെ ഏകീകൃതമായ വികാരവീര്യം മഹാത്മജിയുടെ ശബ്ദത്തില്‍ കേന്ദ്രീകൃതമായെങ്കില്‍, ഗുരുവില്‍ നിറഞ്ഞുനിന്നത് സമഷ്ടിയുടെ സുഖത്തെ കുറിക്കുന്ന നിഷ്പക്ഷമായ ആത്മതത്വത്തിന്റെ പൂര്‍ണദര്‍ശനമായിരുന്നു. ഒരു വൃക്ഷത്തിലെ തായ്ത്തടിയും ശാഖകളും പോലെ ഗുരുവിന്റെ ജീവിതത്തില്‍ തത്വവും അനുഷ്ഠാനവും മാര്‍ഗവും ലക്ഷ്യവും അഭേദമായി യോജിച്ചു നിന്നു. അവയുടെ ഹൃദയസ്ഥാനത്തു തന്നെ പ്രകാശിക്കുന്ന തത്വബിന്ദുവില്‍ മാത്രമായിരുന്നു ത്രസിക്കുന്ന ധ്യാനാത്മകമായ ഒരു മൗനമായിരുന്നു ഗുരുവിന്റെ ജീവിതം. വേറൊരു തരത്തില്‍ പറഞ്ഞാല്‍,
സര്‍വകര്‍മാണി മനസാ
സംന്യസ്യാസ്‌തേ സുഖം വശീ
നവദ്വാരേ പുരേ ദേഹി
നൈവ കുര്‍വന്‍ ന കാരയന്‍.
”സര്‍വകര്‍മ്മങ്ങളെയും മനസാ ത്യജിച്ച്, ഇന്ദ്രിയങ്ങളും മനസ്സും ജയിച്ച ദേഹി, ഒമ്പത് വാതിലുകളുള്ള ഒരു പട്ടണത്തിനു സാമ്യം വഹിക്കുന്ന ശരീരത്തില്‍ സ്വയം കര്‍മ്മം ചെയ്യുകയോ ചെയ്യിപ്പിക്കുകയോ കൂടാതെ ആത്മാനന്ദത്തില്‍ കഴിയുന്നു” എന്ന ഗീതാവചനത്തിന്റെ ഒരു നിദര്‍ശനമായിരുന്നു ഗുരുവിന്റെ ജീവിതം.
മഹിമയെ രണ്ടുതരത്തില്‍ മനസ്സിലാക്കാം. ഒന്ന്, സമകാലിന ചരിത്രത്തില്‍ തേജസാര്‍ജിച്ച് വ്യാപിച്ചു നില്‍ക്കുന്ന കീര്‍ത്തനമായ മഹിമ. മറ്റേതാകട്ടെ, അനന്തവിസ്തൃതമായ കാലത്തിന്റെ മണല്‍ത്തിട്ടകളില്‍ സ്വജീവിതത്തിന്റെ കാല്‍പ്പാടുകള്‍ എക്കാലവും മാനവരാശിക്കു പിന്തുടരത്തക്കവണ്ണം മുദ്രണം ചെയ്തിട്ട് കടന്നുപോകുന്ന ധന്യാത്മകതകളുടെ ഗരിമാവ്. നാരായണഗുരുവിന്റെ ജീവിതം ഇതില്‍ രണ്ടാമതു പറഞ്ഞതില്‍പ്പെടുന്നു. സ്വജീവിതകാലത്തു ദിഗന്തങ്ങളിലേക്കു വ്യാപിക്കുവാന്‍ മടിക്കുന്ന കീര്‍ത്തിക്കു പകരം വിദൂരഭാവിയുടെ വിശാലമായ മാര്‍ത്തട്ടിലേക്ക് നിര്‍ഗളം ഒഴുകിച്ചെന്ന് പുതിയ തലമുറകള്‍ക്ക് കുളിര്‍മയും നവ്യതേജസും പകര്‍ന്നു കൊടുക്കുന്നു. ഗുരുവിനെപ്പോലെയുള്ള മഹാപുരുഷന്മാരുടെ കീര്‍ത്തി എക്കാലവും ലോകത്തിനു വഴി കാട്ടുന്ന ഉജ്ജ്വലതാരമായി പ്രകാശിക്കുന്നു. അതിന്റെ മൗനമുദ്രിതമായ നിശ്ശബ്ദ സന്ദേശം ഭൂതകാലത്തിലെന്ന പോലെ ഭാവിയിലും അത്യന്തം പ്രസക്തമാണെന്നു മാത്രമല്ല, ഭൂത-വര്‍ത്തമാന-ഭാവി കാലങ്ങളെ ഇണക്കിച്ചേര്‍ക്കുന്ന ഒരു സുവര്‍ണ സൂത്രമായിത്തീരുകയും ചെയ്യുന്നു.
ഉദാഹരണമായി, ശിവഗിരി തീര്‍ത്ഥാടനത്തിന് അനുമതി നല്‍കുമ്പോള്‍, പാലിക്കേണ്ട ഗുരുവിന്റെ നിര്‍ദ്ദേശങ്ങള്‍ മനുഷ്യന്റെ ആധ്യാത്മികവും ഭൗതികവുമായ സമഗ്രവളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായതാണ്. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, ശാസ്ത്രസാങ്കേതിക പരിശീലനം എന്നിവയാണവ. വിദ്യാഭ്യാസത്തിലൂടെ കൈവരിക്കുന്ന സ്വാതന്ത്ര്യം ഏവരുടെയും സ്വാതന്ത്ര്യത്തെ അംഗീകരിക്കല്‍ കൂടിയാണ്. യഥാര്‍ത്ഥ വിദ്യാഭ്യാസത്തിലൂടെ ഒരാള്‍ അവന്റെ ഉണ്മയെ തിരിച്ചറിയുന്നു. ഈ തിരിച്ചറിവ് അവനെ കൂടുതല്‍ സ്വതന്ത്രനും നിര്‍ഭയനും സ്‌നേഹസമ്പന്നനുമാക്കിത്തീര്‍ക്കുന്നു. ഈ വിദ്യാഭ്യാസം സകല അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ പോരാടാന്‍ അവനെ പ്രചോദിതനാക്കുന്നു. മാത്രമല്ല, സകലബന്ധങ്ങളില്‍ നിന്നും സ്വതന്ത്രനായി അനന്തവിവേകത്തോടെ ജീവിക്കാന്‍ അവനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഗുരു പറയുന്നു.
പരയുടെ പാലുനുകര്‍ന്നു ഭാഗ്യവാന്‍മാര്‍-
ക്കൊരു പതിനായിരമാണ്ടൊരല്‍പ്പനേരം
അറിവപരപ്രകൃതിക്കധീനമായാ-
ലരനൊടിയായിരമാണ്ടുപോലെ തോന്നും.
തന്റെ സ്വരൂപം ആനന്ദമാണെന്നറിഞ്ഞ് ആ പരംപൊരുളില്‍ മാത്രം രമിക്കുന്ന ഭാഗ്യവാന്‍മാര്‍ എന്നും നിത്യവര്‍ത്തമാനത്തില്‍ ജീവിക്കുകയാല്‍ കാലത്തിന്റെ ദൈര്‍ഘ്യത്തെ ഒട്ടുംതന്നെ അറിയുന്നില്ല. മായാശക്തിയാല്‍ ആരുടെ അറിവാണോ അപരപ്രകൃതിയില്‍ കുടുങ്ങിയിരിക്കുന്നത്. അവര്‍ക്ക് ഓരോ നിമിഷവും വളരെ ദൈര്‍ഘ്യമുള്ളതായി അനുഭവപ്പെടുന്നു.
അപ്പോള്‍ കാലത്തിന്റെ നീക്കം നാം അനുഭവിക്കുന്ന ആനന്ദത്തെ ആശ്രയിച്ചിരിക്കും. നല്ല രസമുള്ള കാര്യത്തില്‍ മുഴുകിയിരുന്നാല്‍ സമയം പോയതറിഞ്ഞില്ല എന്നു നാം പറയാറില്ലേ, ഇത് വലിയ തത്വങ്ങളൊന്നും മനസ്സിലാക്കിയിട്ടല്ലെങ്കിലും നമുക്കനുഭവമാകുന്നതങ്ങനെയാണ്. ഇങ്ങനെ മനുഷ്യനെ നിത്യമായി ശാന്തിയിലേക്കും സമാധാനത്തിലേക്കും ആനന്ദത്തിലേക്കും നയിക്കുന്നതായിരിക്കണം വിദ്യാഭ്യാസം എന്നാണ് ഗുരു വിഭാവന ചെയ്തത്. അതുപോലെ പ്രാധാന്യമേറിയതാണ് കൃഷി, വ്യവസായം, ശാസ്ത്രസാങ്കേതിക പരിശീലനം എന്നിവ. കൃഷിയും വ്യവസായവും സാമ്പത്തിക മേഖലയുടെ രണ്ട് വ്യത്യസ്ത തലങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഒന്ന്, വിഭവസമൃദ്ധിയുടെ ലോകവും മറ്റൊന്ന് പണസമൃദ്ധിയുടെ ലോകവും. ഈ രണ്ടു തലങ്ങളില്‍ നിന്നും മനുഷ്യന് ക്ഷേമവും സംതൃപ്തിയും ലഭിക്കണമെങ്കില്‍ നാം സ്വീകരിക്കേണ്ട സാമ്പത്തിക നടപടികളെക്കുറിച്ച് വ്യക്തമായ ധാരണ ഗുരുവിനുണ്ടായിരുന്നു .ആധ്യാത്മശാസ്ത്ര ഗ്രന്ഥങ്ങള്‍ക്ക് ഭാഷ്യം ചമയ്ക്കുന്നതിനേക്കാള്‍ പ്രാധാന്യം ഗുരു നല്‍കിയതു തന്നെ കാണാനായി വിശന്നുവലഞ്ഞെത്തുന്ന സാധാരണക്കാരന് ആഹാരം അന്വേഷിച്ചു നല്‍കുക എന്നതായിരുന്നു.
മറ്റൊന്ന് ഈശ്വരഭക്തിയാണ്. ആരാണ് ഈശ്വരന്‍? എന്താണ് ഭക്തി? ഇവയെ വേണ്ടവണ്ണം മനസ്സിലാക്കിയില്ലെങ്കില്‍ ഈശ്വരഭക്തി വ്യര്‍ത്ഥമായ അധരവ്യായാമത്തിലൊതുങ്ങുന്നു. മനുഷ്യനുവേണ്ടി പല പേരുകളുള്ള ഈശ്വരനെ പ്രതിഷ്ഠിച്ചപ്പോഴും ഈശ്വരന്‍ അഥവാ ദൈവം ഒന്നേയുള്ളു എന്ന് ഗുരു ഉറപ്പിച്ചു പറഞ്ഞു. ദാര്‍ശനിക കൃതികളിലും സ്‌തോത്ര കൃതികളിലും അദ്വയമായ ഈ ഈശ്വരനെയാണ് ഗുരു സ്തുതിക്കുന്നത്. ഈ പരംപൊരുളിനെ മനസ്സിലാക്കി ആ ചൈതന്യത്തോടലിഞ്ഞു ചേര്‍ന്ന് ഒന്നായിച്ചേരുമ്പോഴാണ് പ്രാര്‍ത്ഥന സഫലമാകുന്നത്. ‘ഭക്തി ദര്‍ശന’ത്തില്‍ ഗുരു പറയുന്നു. ”ആത്മാനുസന്ധാനം ഭക്തി, ബ്രഹ്മാനുസന്ധാനം ഭക്തി, ആനന്ദാനുസന്ധാനം ഭക്തി” എന്ന്. ഈശ്വരനെക്കുറിച്ചുള്ള ജ്ഞാനവും അതിനോടുള്ള ഭക്തിയും പരസ്പരപൂരിതമാണ്. ഭക്തിയുടെ സ്പര്‍ശമില്ലാത്ത ജ്ഞാനം കേവലമായ അറിവ് മാത്രമാണ്. അതുപോലെ ജ്ഞാനത്തിന്റെ പിന്‍ബലമില്ലാത്ത ഭക്തി അന്ധവുമായിരിക്കും. ഭക്തിയും ജ്ഞാനവും ഒന്നുചേര്‍ന്ന് ആന്തരിക പരിവര്‍ത്തനം ഉണ്ടായാലേ മനുഷ്യന് ശ്രേയസ്സും പ്രേയസ്സും ലഭിക്കികയുള്ളൂവെന്ന് ഗുരു എപ്പോഴും ഉദ്‌ബോധിപ്പിച്ചിരുന്നു. ഛാന്ദോഗ്യോപനിഷത്തില്‍ ഇതിനെക്കുറിച്ചുള്ള വ്യക്തമായ ഒരു ചിത്രം അവതരിപ്പിക്കുന്നുണ്ട്. യജ്ഞശാലയിലെത്തിയ പട്ടികള്‍ക്ക് വിശക്കുന്നു. എന്തു ചെയ്യണമെന്ന് അവര്‍ ആരാഞ്ഞു. വിശക്കുന്നെങ്കില്‍ മന്ത്രം ചൊല്ലാന്‍ പറഞ്ഞു. ”ഹുയ്യേ…യ്യേ…ഹുയ്യേ… യ്യേ” എന്ന് പട്ടിയുടെ ഭാഷയില്‍ അത് മന്ത്രം ചൊല്ലി. അതിന് അന്നത്തേയ്ക്കുള്ള അന്നം കിട്ടി. എന്നാല്‍ അര്‍ത്ഥമറിഞ്ഞ് മന്ത്രം ചൊല്ലിയവന് അന്നവും ധനവും മോക്ഷവും സകലവും കിട്ടി. അതുകൊണ്ട് ഭക്തിയും ജ്ഞാനവും എപ്പോഴും ഒന്നുചേര്‍ന്ന് പോകേണ്ടത് ഈശ്വരചിന്തയുടെ അനിവാര്യഘടകമാണ്. മനുഷ്യരാശിയുടെ സമഗ്രവികസനത്തിനു മുകളില്‍ പ്രസ്താവിച്ച എട്ട് വിഷയങ്ങളും പരസ്പരം വേര്‍തിരിക്കാനാവാത്തവിധം ബന്ധപ്പെട്ടിരിക്കുന്നു. ഈ അര്‍ഥത്തിലാണ് ശിവഗിരി തീര്‍ത്ഥാടനം മറ്റു തീര്‍ത്ഥാടനങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നത്. ഇതിലൂടെ ഗുരു കൊളുത്തി വച്ച അറിവിന്റെ നിറദീപം എത്രപേര്‍ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് അറിയില്ല.