ശതാബ്ദി പിന്നിട്ട്
ആദ്യ തൊഴിലാളി സംഘടന
എമ്പയര്‍ കയര്‍ വര്‍ക്സ് എന്ന സ്ഥാപനത്തിലെ ഫാക്ടറി മൂപ്പനായ (സൂപ്പര്‍വൈസര്‍) വാടപ്പുറം പി.കെ. ബാവ മുന്‍കൈയെടുത്ത് 1922 മാര്‍ച്ച് 31ന് വിളിച്ചുകൂട്ടിയ യോഗം കേരളത്തിലെ ആദ്യ തൊഴിലാളി സംഘടനയായ ‘ലേബര്‍ യൂണിയ’ന് രൂപം നല്‍കി. ശ്രീനാരായണഗുരുവിന്റെ ദൂതനായി സ്വാമി സത്യവ്രതന്‍ അവിടെയെത്തിയതോടെഏവരും ആവേശഭരിതരായി.
കിഴക്കിന്റെ വെനീസ് എന്നറിയപ്പെട്ടിരുന്ന ആലപ്പുഴ പട്ടണം ഒരു കാലത്ത് സംസ്ഥാനത്തെ ഏറ്റവും വലിയ വ്യവസായ വാണിജ്യ കേന്ദ്രമായിരുന്നു. 1859-ലാണ് കേരളത്തിലെ ആദ്യ കയര്‍ ഫാക്ടറിയായിരുന്ന ‘ഡെറാസ്മെയിന്‍’ ആലപ്പുഴയില്‍ സ്ഥാപിതമായത്. തുടര്‍ന്ന് വിദേശികള്‍ ഉടമകളായി കയറുല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന നിരവധി ഫാക്ടറികള്‍ അവിടെ പ്രവര്‍ത്തിച്ചു തുടങ്ങി.
ആയിരക്കണക്കിന് തൊഴിലാളികളെ അവിടെ ജോലിക്കായി നിയമിച്ചെങ്കിലും നിസ്സാരമായ കൂലി മാത്രമേ അവര്‍ക്ക് നല്‍കിയിരുന്നുള്ളൂ. രാവന്തിയോളം എല്ലുമുറിയെ പണിയെടുത്താല്‍ പട്ടിണി കൂടാതെ കഷ്ടിച്ചു കഴിഞ്ഞു കൂടാം എന്ന് മാത്രം. അസുഖം ബാധിച്ച് ജോലി ചെയ്യാന്‍ കഴിയാതെ വന്നാല്‍ പട്ടിണി കിടക്കുക മാത്രമേ ഗതിയുള്ളൂ. അത്യന്തം പരിതാപകരമായ ഈ അവസ്ഥയില്‍ നിന്ന് തൊഴിലാളികളെ മോചിപ്പിക്കുന്നതിനെ കുറിച്ച് മനുഷ്യസ്നേഹികളായ പൊതുപ്രവര്‍ത്തകര്‍ ആലോചിച്ചു തുടങ്ങി. ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തെക്കുറിച്ച് അവര്‍ കേട്ടറിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എമ്പയര്‍ കയര്‍ വര്‍ക്സ് എന്ന സ്ഥാപനത്തിലെ ഫാക്ടറി മൂപ്പനായ (സൂപ്പര്‍വൈസര്‍) വാടപ്പുറം പി.കെ. ബാവ മുന്‍കൈയെടുത്ത് 1922 മാര്‍ച്ച് 31ന് വിളിച്ചുകൂട്ടിയ യോഗം കേരളത്തിലെ ആദ്യ തൊഴിലാളി സംഘടനയായ ‘ലേബര്‍ യൂണിയ’ന് രൂപം നല്‍കി. ശ്രീനാരായണഗുരുവിന്റെ ദൂതനായി സ്വാമി സത്യവ്രതന്‍ അവിടെയെത്തിയതില്‍ ഏവരും ആവേശഭരിതരായി. വാടപ്പുറം ബാവയെ സെക്രട്ടറിയായും എം.കെ. ആന്റണിയെ പ്രസിഡന്റായും യോഗം തിരഞ്ഞെടുത്തു.
ഒരു മാസത്തിനു ശേഷം സംഘടനയുടെ പേര് തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍ എന്നാക്കാനും മറ്റ് ഫാക്ടറികളിലെ തൊഴിലാളികള്‍ക്കു കൂടി അംഗത്വം നല്‍കാനും തീരുമാനമായി.
അന്ന്, ജനങ്ങള്‍ പൊതുവേ നിരക്ഷരരായിരുന്നു. തൊഴിലാളികള്‍ സാക്ഷരരായാല്‍ മാത്രമേ അറിവും അവകാശബോധവും പകര്‍ന്നു നല്‍കാന്‍ ആകുകയുള്ളൂ എന്ന് തിരിച്ചറിഞ്ഞ അസോസിയേഷന്‍ ‘തൊഴിലാളി’ എന്ന പേരില്‍ ഒരു പത്രം പ്രസിദ്ധീകരിച്ചു തുടങ്ങി.
പൊതുപ്രവര്‍ത്തനമെന്നാല്‍ നന്മയുടെയും ത്യാഗത്തിന്റെയും നിസ്വാര്‍ത്ഥതയുടെയും പ്രതീകമായാണ് അന്ന് കരുതപ്പെട്ടിരുന്നത്. സൈക്കിള്‍ പോലും ആഡംബര വാഹനമായിരുന്ന അക്കാലത്ത് കാല്‍നടയായും കാളവണ്ടിയിലും മൈലുകള്‍ താണ്ടിയാണ് നേതാക്കളും പ്രവര്‍ത്തകരും സംഘടനാ പ്രവര്‍ത്തനം നടത്തിയിരുന്നത്. ഫോണും ഉച്ചഭാഷിണിയും അന്ന് അപൂര്‍വ്വ വസ്തുക്കളായിരുന്നു.
തൊള്ളായിരത്തി മുപ്പതുകളില്‍ ലേബര്‍ അസോസിയേഷന്റെ സെക്രട്ടറിയായിരുന്ന പി. കേശവദേവ് തന്റെ ആത്മകഥയായ ‘എതിര്‍പ്പി’ല്‍ ഇങ്ങനെ എഴുതി:- ”അസോസിയേഷന്റെ പ്രസിഡന്റായിരുന്ന വി.കെ. വേലായുധന്‍ അന്ന് താമസിക്കുന്നത് വൈ.എം.സി.എ പാലത്തിന് വടക്കുവശത്തുള്ള ഒരു വീട്ടിലാണ്. കേശവന്റെ (കേശവദേവിന്റെ) താമസം അദ്ദേഹത്തിന്റെ കൂടെയായിരുന്നു. അതിഥികള്‍ ധാരാളമുള്ള ഒരു വീടാണത്. അന്നത്തെ പല രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും അതൊരു വിശ്രമസങ്കേതമായിരുന്നു. പ്രസിദ്ധ കഥാപ്രാസംഗികന്‍ സത്യദേവന്‍ അവിടുത്തെ ഒരു സ്ഥിരം അതിഥിയായിരുന്നു. സഖാവ് ആര്‍. സുഗതന്‍ ആ വീട്ടിലെ സ്ഥിരതാമസക്കാരനായിരുന്നു രാത്രിയില്‍ ഉത്സവമാണ് ആ വീട്ടില്‍. ആഹ്‌ളാദത്തിന്റെ ഓളത്തില്‍ വീണു കഴിഞ്ഞാല്‍ ഗൗരവ പ്രകൃതക്കാരുടെ ഗൗരവമെല്ലാം പമ്പ കടക്കും. ചിലപ്പോള്‍ ആ വീട്ടില്‍ ഒരു കൊടുങ്കാറ്റ് കടന്ന് വരും. സി. കേശവന്‍ എന്ന കൊടുങ്കാറ്റ്…”
സി. കേശവന്‍ അന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി ആയിരുന്നു. തന്റെ വാസസ്ഥലമായ കൊല്ലത്ത് നിന്ന് ബസ്സില്‍ യാത്ര ചെയ്താണ് അദ്ദേഹം ആലപ്പുഴയില്‍ എത്തുന്നത്. അവിടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞാല്‍ വിശ്രമിക്കുന്നത് തന്റെ സഹപ്രവര്‍ത്തകന്റെ വീട്ടില്‍. അവിടെ വിളമ്പുന്ന കഞ്ഞിയാണ് രാത്രി ഭക്ഷണം. ഉറങ്ങുന്നത്, സാധാരണ പ്രവര്‍ത്തകര്‍ക്കൊപ്പം തറയില്‍ പായ് വിരിച്ച്.
ആദ്യത്തെ പൊതുപണിമുടക്ക്
1934-ലാണ് കേരളത്തില്‍ ആദ്യമായി തൊഴിലാളികളുടെ ഒരു പൊതുപണിമുടക്ക് നടന്നത്. എമ്പയര്‍ കയര്‍ വര്‍ക്സ് എന്ന സ്ഥാപനത്തിന്റെ ഉടമയ്ക്ക് വാര്‍ഷികത്തിലുണ്ടായ കുറവ് നികത്തുന്നതിന് തൊഴിലാളികളുടെ കൂലി വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് ആലപ്പുഴയിലെ എല്ലാ ഫാക്ടറികളിലെയും തൊഴിലാളികളെ പങ്കെടുപ്പിച്ച് ലേബര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച പണിമുടക്ക് ചരിത്രസംഭവമായി. ഇതിന്റെ തുടര്‍ച്ചയായി മഹാരാജാവിനെ കണ്ടു നിവേദനം സമര്‍പ്പിക്കാനായി അന്‍പത് തൊഴിലാളികള്‍ ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കാല്‍നടയായി പുറപ്പെട്ടു. എന്നാല്‍, ഈ നീക്കം തടഞ്ഞുകൊണ്ട് നേതാക്കളെ അറസ്റ്റ് ചെയ്ത് കേസെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് ആലപ്പുഴയിലെ തൊഴിലാളികള്‍ വീണ്ടും പണിമുടക്കി. കേരളത്തിലെ തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനും അവരുടെ അന്തസ്സും അഭിമാനവും ഉയര്‍ത്തിപ്പിടിക്കാനും സാദ്ധ്യമായതിന്റെ തുടക്കം ഇവിടെ നിന്നായിരുന്നു.
ആദ്യത്തെ ചെങ്കൊടി
ലേബര്‍ അസോസിയേഷന്റെ 15-ാം വാര്‍ഷിക സമ്മേളനത്തിലാണ് കേരളത്തിന്റെ അന്തരീക്ഷത്തില്‍ ആദ്യമായി അരിവാള്‍ ചുറ്റിക അടയാളമുള്ള ചെങ്കൊടി പാറിയത്. 1937മെയ് 22ന് ആലപ്പുഴയില്‍ നടന്ന ചടങ്ങില്‍ പതാക ഉയര്‍ത്തിയത് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയും നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവുമായ വി.കെ. വേലായുധന്‍. സൈമണ്‍ ആശാന്‍ എന്ന പ്രാദേശിക നേതാവാണ് പതാക നിര്‍മ്മിച്ചത്. കേട്ടറിവിന്റെ മാത്രം അടിസ്ഥാനത്തില്‍ നിര്‍മിച്ചത് കൊണ്ടാകാം അരിവാളിന് മേല്‍ ചുറ്റിക വരച്ചപ്പോള്‍ ദിശ തിരിഞ്ഞു പോയത്. പി.കെ. കുഞ്ഞ്, പി.എന്‍. കൃഷ്ണപിള്ള എന്നീ നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.
1936-ലാണ്‌കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ (പില്‍ക്കാലത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി) ഒരു ഘടകം സഖാവ് കൃഷ്ണപിള്ള ആലപ്പുഴയില്‍ സ്ഥാപിച്ചത്. ആലപ്പുഴയിലെ കയര്‍, കര്‍ഷകതൊഴിലാളികളെ ലക്ഷ്യമിട്ടാണ് .പി. കൃഷ്ണപിള്ള തന്റെ പ്രവര്‍ത്തനം കോഴിക്കോട് നിന്ന് ആലപ്പുഴയിലേക്ക് മാറ്റിയത്. എന്നാല്‍ തന്റെ ആവനാഴിയിലുള്ള എല്ലാ തന്ത്രങ്ങളും പുറത്തെടുത്തിട്ടും തൊഴിലാളികളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. തൊഴിലാളികള്‍ ഒന്നടങ്കം എസ്.എന്‍.ഡി.പി യോഗത്തിന്റെയും ലേബര്‍ അസോസിയേഷന്റെയും പിന്നില്‍ പാറ പോലെ ഉറച്ചു നിന്നു.
ഇങ്ങനെയിരിക്കെയാണ് 1938 ആദ്യം ഉത്തരവാദഭരണ പ്രക്ഷോഭം എന്നറിയപ്പെടുന്ന തിരുവിതാംകൂര്‍ സ്വാതന്ത്ര്യസമരം ആരംഭിച്ചത്. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ട്ടിയും എസ്.എന്‍.ഡി.പി യോഗവും സംയുക്തമായാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത്. തെരുവിലിറങ്ങി സമരം ചെയ്തവരില്‍ ബഹുഭൂരിപക്ഷവും എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തകരായിരുന്നു.
എന്നാല്‍ ഇരുസംഘടനകള്‍ക്കുമിടയില്‍ ഉടലെടുത്ത അഭിപ്രായ വ്യത്യാസങ്ങളുടെ ഫലമായി 1939 അവസാനത്തോടെ എസ്.എന്‍.ഡി.പി യോഗം സ്റ്റേറ്റ് കോണ്‍ഗ്രസ്സുമായുള്ള ബാന്ധവം അവസാനിപ്പിച്ച് പ്രക്ഷോഭത്തില്‍ നിന്ന് പിന്‍മാറി. തെരുവിലിറങ്ങി ചാവേറുകളാകാന്‍ പ്രവര്‍ത്തകരില്ലാതെ വന്നതോടെ പ്രക്ഷോഭം പൂര്‍ണ്ണമായും കെട്ടടങ്ങിയ അവസ്ഥയിലായി.
രണ്ടാം ലോകമഹായുദ്ധത്തിന്റെ ഫലമായി നാട്ടിലെങ്ങും തൊഴിലില്ലായ്മയും ദാരിദ്ര്യവും പട്ടിണിയും വ്യാപകമായതോടെ ജനങ്ങള്‍ വലിയ തോതില്‍ അസ്വസ്ഥരായി. നാട്ടില്‍ നിലനിന്ന ഈ സാമൂഹ്യ അരക്ഷിതാവസ്ഥയുടെ ഫലമായി സാധാരണ ജനങ്ങളും തൊഴിലാളികളും കൂട്ടമായി കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ചേക്കേറി. സംസ്ഥാനത്ത് പ്രത്യേകിച്ച് ആലപ്പുഴയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വളരെ പെട്ടെന്ന് ശക്തിപ്രാപിച്ചു. ഈ സംഭവവികാസങ്ങളുടെ സ്വാഭാവിക പരിണാമമെന്നോണം ലേബര്‍ അസോസിയേഷന്‍ പൂര്‍ണമായും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലായി. തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍ എന്ന് പേരുമാറ്റിയ സംഘടന ഇപ്പോള്‍ എ.ഐ.ടി.യു.സി യുമായി അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിച്ചു വരുന്നു.
അസോസിയേഷന്റെ കനകജൂബിലി വര്‍ണാഭമായ ചടങ്ങുകളോടെ 1972-ല്‍ ആഘോഷിച്ചു. എന്നാല്‍, അതിനുശേഷം അസോസിയേഷന്റെ സ്ഥാപക നേതാവായ വാടപ്പുറം ബാവയെയോ ആദ്യകാല ചരിത്ര മുഹൂര്‍ത്തങ്ങളെയോ അനുസ്മരിക്കുന്ന ഏതെങ്കിലും ചടങ്ങ് സംഘടനയുടെ ആഭിമുഖ്യത്തില്‍ നടന്നതായി അറിവില്ല. ഒരു കമ്യൂണിസ്റ്റ് നേതാവിനെ ഉയര്‍ത്തിക്കാണിക്കാന്‍ സാധിക്കാത്തത് കൊണ്ടാകാം ഈയൊരു നിസ്സംഗത അവരെ ബാധിച്ചത്. സംഘടനയുടെ ജന്മശതാബ്ദി പോലും മറന്നതായി ഭാവിക്കാനായിരുന്നു അവരുടെ തീരുമാനം. എന്നാല്‍, ഇതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കൊടുവില്‍ തീരുമാനം മാറ്റാന്‍ നിര്‍ബന്ധിതരാകുകയാണ് ഉണ്ടായത്. കേരളത്തിലെ ട്രേഡ് യൂണിയന്‍ ചരിത്രത്തെക്കുറിച്ച് അറിവും പാണ്ഡിത്യവുമുള്ളവരെ ഒഴിവാക്കി കുട്ടികളുടെ ചിത്രരചനയും കലാമേളയുമായി ശതാബ്ദി ആഘോഷിച്ചപ്പോള്‍ അപഹാസ്യരായത് കാനം രാജേന്ദ്രന്‍ പ്രസിഡന്റായുള്ള അസോസിയേഷന്റെ ഭാരവാഹികള്‍ തന്നെ
9446472520