ലഹരിയിലൊടുങ്ങരുത് നാളെയുടെ പ്രതീക്ഷകൾ
മദ്യപിക്കാത്തവരും, പുകവലിക്കാത്തവരും ഗ്രൂപ്പുകളില്‍ പഴഞ്ചന്‍മാരും, നട്ടെല്ലില്ലാത്തവന്മാരുമായി മുദ്രകുത്തപ്പെടുന്ന സാഹചര്യത്തില്‍ ഒരല്പം ധൈര്യം മാത്രം മതിയാവും ഇവര്‍ക്കൊക്കെ ലഹരിയുടെ ലോകത്തേക്ക് എത്തിപ്പെടുവാന്‍. കൂടാതെ പുതുമകളില്‍ അഭിരമിക്കുന്നവരാണ് കുട്ടികള്‍. ഈ താല്പര്യത്തെയാണ് പലപ്പോഴും ലഹരി മാഫിയ ചൂഷണം ചെയ്യുന്നത്.
ഓരോ വിദ്യാര്‍ത്ഥിയും നാളെയുടെ പ്രതീക്ഷയാണ്. അതുപോലെ ഓരോ യുവാവും, യുവതിയും നാളെ കുടുംബത്തിനും, സമൂഹത്തിനും, രാജ്യത്തിനുമൊക്കെ വലിയ പ്രതീക്ഷകളാണ് സമ്മാനിക്കുന്നത്.
രക്ഷകര്‍ത്താക്കളും, മുതിര്‍ന്നവരും ഏറെ പ്രതീക്ഷയോടെ വളര്‍ത്തുന്ന/നോക്കിക്കാണുന്ന യുവത്വം ഇന്ന് ലഹരിയുടെ മായിക വലയത്തിലാണ്. മദ്യം, പുകവലി, മയക്കുമരുന്ന്, കഞ്ചാവ് എന്നിങ്ങനെ എണ്ണമറ്റ ലഹരിവഴികളിലൂടെ ഉഴറേണ്ടതല്ല ഇന്നത്തെ ക്ഷുഭിതയൗവനം. കേരളത്തിലെ പല സ്‌കൂളുകളിലും നിശബ്ദമായി ഈ ലഹരി വസ്തുക്കളുടെ ക്രയവിക്രയങ്ങള്‍ അനസ്യൂതം തുടരുമ്പോളും പോലീസിനോ, എക്‌സൈസിനോ കാര്യമായി ഒന്നും ചെയ്യാനാവാത്തതും ഭയപ്പെടുത്തുന്ന കാര്യമാണ്. പരമരഹസ്യമായി നടക്കുന്ന ഇത്തരം ലഹരിവസ്തുക്കളുടെ കൈമാറ്റങ്ങള്‍ അവരുടെ ഭാഗത്തുനിന്നും തന്നെ വിവരങ്ങള്‍ ചോര്‍ന്നു ലഭിക്കാതെയല്ലാതെ പൊലീസിന് കണ്ടെത്തുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതും ലഹരിയുടെ വ്യാപനം കൂടുവാന്‍ കാരണമാകുന്നുമുണ്ട്.
ലഹരിയിലേക്കുള്ള
കടന്നുവരവ്
മയക്കുമരുന്ന് കച്ചവടം നടത്തുന്നവരില്‍ ഏറെപ്പേരും സ്‌കൂളുകളും, കോളേജുകളും കേന്ദ്രീകരിച്ചാണ് വിപണനം നടത്തുന്നത്. സ്‌കൂളുകളിലേക്കും, കോളേജുകളിലേക്കും കടന്നുകയറുവാനുള്ള പോലീസിന്റെ പരിമിതികളാണ് ഇവരെ ഇതിന് പ്രേരിപ്പിക്കുന്ന പ്രധാനപ്പെട്ട ഘടകം. തുടക്കക്കാരായതുകൊണ്ട് ഭയംകൊണ്ട് കൂടുതല്‍ പ്രകടമായി ലഹരിവസ്തുക്കളുടെ പ്രശ്‌നങ്ങള്‍ പ്രകടിപ്പിക്കാത്തതും, സഹപാഠികളുടെ സഹായം ലഭിക്കുന്നതും ലഹരിവ്യാപാരികള്‍ക്ക് വളംവച്ചുകൊടുക്കുന്ന കാരണങ്ങളാണ്.
ബിയറല്ലേ,
സാരമില്ല
കുട്ടികളില്‍ ലഹരിയുടെ ഉപയോഗം തുടങ്ങുന്നത് മദ്യത്തിലൂടെയാണ്. സ്‌കൂളുകളിലെ ആഘോഷങ്ങളില്‍ താരതമ്യേന ലഹരിയുടെ അളവുകുറഞ്ഞ ബിയറുകളിലൂടെ തുടങ്ങിവെക്കുന്നു. ഇതില്‍ പലരും ബിയറിനോടുള്ള താല്പര്യം കൊണ്ടല്ല കുടിക്കുവാന്‍ തുടങ്ങുന്നത്. അവിടെയാണ് നമ്മുടെ സിനിമയും, പരസ്യചിത്രങ്ങളും, ഹൃസ്വചിത്രങ്ങളുമടക്കം പ്രതിസ്ഥാനത്താവുന്നത്. മദ്യം കുടിച്ചിട്ട് വില്ലനെ അടിച്ചൊതുക്കുന്ന നായകനും, നായകസങ്കല്‍പ്പമെന്നുവച്ചാല്‍ അത് ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി മാത്രം ഒരാളെ ചിന്തിക്കാന്‍ കഴിയുന്നതും സമൂഹം ഉണ്ടാക്കിയെടുത്ത സങ്കല്‍പ്പങ്ങളാണ്. അത് അന്ധമായി അനുകരിക്കുന്ന കുട്ടികളാവട്ടെ ആ ഹീറോയിസത്തിന്റെ തണലിലാണ് ആദ്യത്തെ അവരുടെ ലഹരി ഉപഭോഗം ആസ്വദിക്കുന്നത്.
എന്നാല്‍, പിന്നീട് സംഭവിക്കുന്നതാവട്ടെ കൂട്ടുകാര്‍ക്കുമുമ്പില്‍ തങ്ങളുടെ പൗരുഷം പേറുന്ന സ്വത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനായി അത് തുടരുവാന്‍ നിര്‍ബന്ധിതരാവുന്നു. കൂട്ടുകെട്ടുകളില്‍ മദ്യപിക്കാതിരിക്കുകയും, പുകവലിക്കാത്തതുമായ കുട്ടികള്‍ ക്ളാസ്സിലെ പ്രധാന ഗ്രൂപ്പുകളില്‍ നിന്ന് പുറത്താകേണ്ടിവരുന്നു. അത്തരത്തില്‍ ഒറ്റപ്പെട്ടുകൊണ്ട് മുന്നോട്ടുപോകുവാന്‍ കഴിയാതെവരുന്ന സന്ദര്‍ഭത്തില്‍ അവര്‍ എന്തിനും തയ്യാറാവുന്നു. കൂട്ടത്തില്‍ ഒരാള്‍ വിചാരിച്ചാല്‍ മാത്രം ബാക്കിവരുന്ന എല്ലാവരെയും മദ്യത്തിന്റെ വഴികളിലേക്ക് കൊണ്ടുവരുവാന്‍ കഴിയും. മദ്യപിക്കാത്തവരും, പുകവലിക്കാത്തവരും ഗ്രൂപ്പുകളില്‍ പഴഞ്ചന്‍മാരും, നട്ടെല്ലില്ലാത്തവന്മാരുമായി മുദ്രകുത്തപ്പെടുന്ന സാഹചര്യത്തില്‍ ഒരല്പം ധൈര്യം മാത്രം മതിയാവും ഇവര്‍ക്കൊക്കെ ലഹരിയുടെ ലോകത്തേക്ക് എത്തിപ്പെടുവാന്‍. കൂടാതെ പുതുമകളില്‍ (Novelty Seekers) അഭിരമിക്കുന്നവരാണ് കുട്ടികള്‍. ഈ താല്പര്യത്തെയാണ് പലപ്പോഴും ലഹരി മാഫിയ ചൂഷണം ചെയ്യുന്നത്.
ആധുനികകാലത്ത് കുട്ടികളില്‍ രക്ഷാകര്‍ത്താക്കള്‍ക്ക് ഉള്ള സര്‍വ്വനിയന്ത്രണവും നഷ്ടപ്പെട്ടതും കുട്ടികളില്‍ തെറ്റായ വഴികളിലേക്ക് തിരിയുവാന്‍ കാരണമായിട്ടുണ്ട്. കുട്ടികള്‍ അവരുടെ സ്വകാര്യജീവിതത്തിലേക്ക് കടക്കുവാന്‍ രക്ഷകര്‍ത്താക്കളെ അനുവദിക്കുന്നില്ല. അതില്‍ അസ്വാഭാവികതയില്ല. പക്ഷേ, തെറ്റും ശരിയും തിരിച്ചറിയാന്‍ പാടില്ലാത്ത പ്രായത്തില്‍ തന്നെ രക്ഷകര്‍ത്താക്കളുടെ സ്വന്തം ജീവിതാനുഭവങ്ങള്‍ കുട്ടികളില്‍ നല്ലതിലേക്കുള്ള വഴികാട്ടിയായി മാറണമെന്നുള്ള രക്ഷകര്‍ത്താക്കളുടെ ആഗ്രഹം കുട്ടികളുടെ അടങ്ങാത്ത സ്വാതന്ത്ര്യാഭിലാഷത്തിനുമുന്നില്‍ ദുര്‍ബ്ബലമാകുന്നു. ഫലമോ, കുട്ടികളിലുണ്ടാകുന്ന ഈ ലഹരിയുടെ ഉപയോഗം രക്ഷാകര്‍ത്താക്കളില്‍ പലരും അറിയുന്നത് അവര്‍ക്ക് അതില്ലാതെ മുന്നോട്ടുപോകുവാന്‍ കഴിയാത്ത സാഹചര്യം വരുമ്പോള്‍ മാത്രം ആയിരിക്കും. പക്ഷേ, അപ്പോഴേക്കും അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാന്‍ കഴിയുന്നതിനും അപ്പുറത്തേക്ക് പ്രശ്‌നം വഷളാവുകയും ചെയ്തിരിക്കും.
സാമൂഹിക
പ്രശ്‌നങ്ങള്‍
സ്ഥിരമായി ഉപയോഗിക്കാന്‍ തുടങ്ങുന്ന കുട്ടികളില്‍ ഇതിന്റെ വില അധികമായതിനാല്‍ അവര്‍ക്കത് താങ്ങാനാവാതെവരുമ്പോളാണ് ഇത് ഒരു സാമൂഹികപ്രശ്‌നം കൂടിയായി മാറുന്നത്. ഈയവസരത്തിലാണ് ഇവര്‍ പണമുണ്ടാക്കുവാനായി ഇവ കൂടുതല്‍ ആള്‍ക്കാരില്‍ വില്‍ക്കുവാനായി വില്‍പ്പനസംഘത്തോടൊപ്പം ചേരേണ്ടിവരുന്ന സാഹചര്യം ഉണ്ടാകുന്നത്. അങ്ങനെ ഇതൊരു ചങ്ങലയായി മുന്നോട്ടു പോകുകയും കൂടുതല്‍ കൂടുതല്‍ യുവാക്കള്‍ ഈ വഴികളിലേക്ക് എത്തിപ്പെടുകയും മെല്ലേമെല്ലെ അടിമകളാവുകയും ചെയ്യുന്നു. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു സുലഭമായി ഇത് നല്‍കുവാന്‍ ആള്‍ക്കാര്‍ ഏറെയുള്ളപ്പോള്‍ അത് ലഭിക്കുവാനുള്ള താമസം ഉണ്ടാവുന്നുമില്ല.
ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരില്‍ എറിയസമയവും ഉന്മാദത്തിന്റെ ഭാവങ്ങളില്‍ ആയതിനാല്‍ മറ്റുള്ളവരെ തിരിച്ചറിയുവാന്‍ കഴിഞ്ഞെന്നുവരില്ല. മുന്നില്‍ കാണുന്നവരെ, അത് രക്ഷാകര്‍ത്താക്കളാവട്ടെ, സഹോദരങ്ങളാവട്ടെ, സുഹൃത്തുക്കളാവട്ടെ ആരായാലും അവരുടെ അപ്പോഴത്തെ മൂഡിനനുസരിച്ചു ആവും അവരോട് പ്രതികരിക്കുന്നത്. അമ്മയെയും, അച്ഛനെയും വരെ കയ്യേറ്റം ചെയ്യുന്ന മക്കളുടെ കഥകള്‍ ഈ അവസ്ഥയിലാണ് ഉടലെടുക്കുന്നത്.
ഭയപ്പെടുത്തുന്ന
കണക്കുകള്‍
സംസ്ഥാനത്തു ലഹരിവസ്തുക്കളുടെ ഉപയോഗം കുത്തനെ കൂടിയെന്നും, നിയന്ത്രിക്കുവാന്‍ കര്‍ശനമായ തീരുമാനങ്ങള്‍ എടുക്കുമെന്നുമാണ് കഴിഞ്ഞമാസം മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. തുടര്‍ച്ചയായ ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് കരുതല്‍ തടങ്കലുകള്‍ കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളില്‍ ലഹരിയുടെ ബന്ധപ്പെട്ട കേസുകളില്‍ മൂന്നിരട്ടി വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2020 ല്‍ 4,650 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 2021 ല്‍ 6,704 കേസുകളും, ഈവര്‍ഷം വെറും എട്ടുമാസം പിന്നിടുമ്പോള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് പതിനാറായിരത്തിലധികം കേസുകളുമാണ്. ഈ വര്‍ഷം ഒരു ടണ്ണിലധികം കഞ്ചാവാണ് പിടിച്ചെടുത്തത്. 6.7 കിലോ ഹാഷിഷ്, 23.4 കിലോ ഹാഷിഷ് ഓയില്‍ എന്നിവയും ഈ വര്‍ഷം പിടിച്ചെടുത്തവയാണ്.
നോക്കുകുത്തിയാകുന്ന
നിയമങ്ങള്‍
നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ചുകൊണ്ടും ലഹരിമാഫിയ തടിച്ചുകൊഴുക്കുന്നുണ്ട്. ഉദാഹരണത്തിന് സാധാരണകടകളില്‍ പോലും ലഭിക്കുന്ന ഓ.സി.ഡി (Odet Cascadec Bollore) പേപ്പര്‍ എന്നറിയപ്പെടുന്ന ഒരുതരം പേപ്പര്‍ ആണ് കഞ്ചാവ് അതില്‍ ചുരുട്ടി വലിക്കുവാനായി ഉപയോഗിക്കുന്നത്. മാത്രമല്ല, കഞ്ചാവും മറ്റ് ലഹരിപദാര്‍ഥങ്ങളും പിടികൂടിയാല്‍ തന്നെയും അവരുടെ കൈവശം ഉള്ള അളവ് അനുസരിച്ചാണ് ശിക്ഷ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ അവര്‍ പിടിക്കപ്പെടുമ്പോള്‍ ഉപയോഗിക്കുന്ന അളവ് കുറവായതിനാല്‍ നിയമത്തിന്റെ കയ്യില്‍ നിന്ന് എളുപ്പത്തില്‍ ഊരിപ്പോകുവാനുമാകുന്നു.
പരിഹാരമില്ലേ?
ലഹരിയുടെ പ്രശ്‌നങ്ങള്‍ ഒഴിവാക്കണമെങ്കില്‍ ഏറ്റവും പ്രധാനപ്പെട്ടകാര്യം ലഹരിയിലേക്ക് എത്തിപെടാതിരിക്കുക എന്നതാണ്. എത്തിപ്പെട്ടാല്‍ തിരികെ നടന്നുകയറുവാന്‍ പ്രയാസമുള്ളതിനാല്‍ ബോധവല്‍ക്കരണം കൊണ്ടും, ശക്തമായ നിയമങ്ങള്‍ കൊണ്ടും ഇവയുടെ ഉപയോഗം സമൂഹത്തില്‍നിന്നുതന്നെ തുടച്ചുമാറ്റപ്പെടുകയാണ് വേണ്ടത്. കുട്ടികളെ അവരുടെ ഇഷ്ടത്തിനുവിടുന്ന ഇന്നത്തെ രക്ഷകര്‍ത്താക്കള്‍ക്കു ഇക്കാര്യത്തില്‍ വലിയ പങ്കുണ്ട്. ലഹരിയുമായിബന്ധപ്പെടാന്‍ സാധ്യതയുള്ളവരില്‍ കൃത്യമായ നിരീക്ഷണം ആവശ്യമാണ്. തുടക്കത്തില്‍ തന്നെ അവരെ അതില്‍നിന്നും പിന്തിരിക്കേണ്ടതുണ്ട്. കൂടാതെ നാമോരുരുത്തരും ഈ കാര്യത്തില്‍ പോലീസിന്റെയും, എക്‌സൈസിന്റെയും ഒപ്പം നില്‍ക്കുകയും വേണം. ശക്തമായ വേരുകളാണ് നമ്മുടെ നാട്ടില്‍ ലഹരിമാഫിയയ്ക്കുള്ളത്. അത് വേരോടെ പിഴുതെറിയുക എന്നത് ഓരോരുത്തരുടെയും കടമയും, ഉത്തരവാദിത്തവുമാണ്.