മെച്ചപ്പെട്ട വിദ്യാഭ്യാസം,ശുചിത്വവും പരമപ്രധാനം
വിദ്യാഭ്യാസത്തിനും ശുചിത്വത്തിനും ഗുരുദേവന്‍ എത്രമാത്രം പ്രാധാന്യം നല്കിയിരുന്നുവെന്ന്കണ്ടറിഞ്ഞവരാണ് മലയാളികള്‍. വിദ്യകൊണ്ടു സ്വതന്ത്രരാകുവാനാണു ഗുരുദേവന്‍ ഉപദേശിച്ചത്. അതേപോലെ ശുചിത്വം അടുക്കളയില്‍ നിന്നും തുടങ്ങണമെന്നും അവിടുന്നു കല്പിച്ചു. ശിവഗിരിതീര്‍ത്ഥാടനത്തിനായി എട്ടു വിഷയങ്ങള്‍ ഉപദേശിച്ചപ്പോള്‍ പ്രഥമസ്ഥാനം നല്കിയത്
വിദ്യാഭ്യാസത്തിനായിരുന്നു. ശുചിത്വമായിരുന്നു തൊട്ടുപിന്നാലെ
കുഞ്ഞുങ്ങളെ വലിയ പ്രതീക്ഷകളോടെയാണ് മാതാപിതാക്കള്‍ സ്‌കൂളുകളിലേക്കയക്കുക. ഉന്നതവിദ്യാഭ്യാസം ചെയ്യുമ്പോഴുള്ളതിനേക്കാള്‍ ആഹ്ളാദമാണ് തങ്ങളുടെ മക്കള്‍ പ്രാഥമിക വിദ്യാഭ്യാസത്തിനായി വിദ്യാലയത്തിലേക്കു പോകുമ്പോള്‍ അനുഭവിക്കുക.
പുത്തനുടുപ്പും പുസ്തകങ്ങളും ബാഗിലാക്കി വീട്ടുമുറ്റത്തോ സമീപത്തോ വന്നുചേരുന്ന വാഹനങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ ഇക്കാലത്തു സ്‌കൂളുകളിലേക്കു പുറപ്പെടുക. ഈ വിധം മക്കളെ സന്തോഷത്തോടെ യാത്രയാക്കിയ ചില മാതാപിതാക്കള്‍ക്കെങ്കിലും പിന്നാലെ കേള്‍ക്കേണ്ടിവന്നത് ഭക്ഷ്യവിഷബാധമൂലം തങ്ങളുടെ പിഞ്ചോമനകള്‍ കുഴഞ്ഞു വീഴുന്നതും ആശുപത്രിയില്‍ അഭയം തേടിയെന്നുള്ള ഭീതി നിറഞ്ഞ വാര്‍ത്തകളായിരുന്നു. സ്‌കൂള്‍ വര്‍ഷാരംഭം തന്നെയായി ഈ മഹാദുരന്തം.
സംസ്ഥാനവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി കുട്ടികള്‍ക്കൊപ്പം ആദ്യദിനം ഉച്ച ഭക്ഷണം കഴിക്കുന്ന സന്തോഷം പകരുന്ന വാര്‍ത്തകളും ചിത്രങ്ങളും നമുക്കു കാണുവാനും കഴിഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത് ബോധപൂര്‍വ്വം സംഭവിച്ചതെന്നൊന്നും പറയുന്നില്ല. എങ്കിലും സംഭവിക്കരുതാത്തത് സംഭവിച്ചത് ഉത്കണ്ഠയോടെയാണ് സമൂഹം നേരിടേണ്ടിവന്നത്. ഇനിമേല്‍ ഈ വിധ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകരുതന്നു നമുക്ക് പ്രാര്‍ത്ഥിക്കാം.
ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാനില്ലാതെ വിദ്യതേടി നടന്ന ഒരു സമൂഹം നമ്മുടെ മുന്‍ഗാമികളായുണ്ടായിരുന്നു. ഭക്ഷണം ഉണ്ടെങ്കില്‍തന്നെ ജനിച്ച സമുദായത്തിന്റെ പേരില്‍ വിദ്യ വിലക്കപ്പെട്ടവര്‍ അനവധിയായിരുന്നു അക്കാലത്ത്. അത്തരം വേളയിലായിരുന്നു മാറ്റിനിര്‍ത്തപ്പെട്ടവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ചേര്‍ന്നു പഠനം നടത്താനാവും വിധം ശ്രീനാരായണ ഗുരുദേവന്‍ പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചു നല്കിയത്. കുടിപ്പള്ളിക്കൂടങ്ങളില്‍ പഠനം നടത്തിവന്നവര്‍ക്ക് തുടര്‍വിദ്യാഭ്യാസം ബാലികേറാമലയായിരുന്നു താനും. ഒട്ടേറെ യാതനകളും പോരാട്ടങ്ങളും നടത്തിയാണ് എല്ലാവര്‍ക്കും വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള സാഹചര്യം വന്നുചേര്‍ന്നത്. ഇന്നു കാണുംവിധം വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള അവസരം കൈവന്നതില്‍ അതിനു ഭാഗ്യം സിദ്ധിച്ചവര്‍ക്കു ഏറെ കടപ്പാടുള്ളതു ഗുരുദേവനോടുതന്നെ. പിന്നാലെ വിവിധ സജ്ജനങ്ങളും സംഘടനകളും ഈ രംഗത്തു നിലയുറപ്പിച്ചു പോരുന്നു. എങ്കിലും ഇഷ്ടവിദ്യാഭ്യാസം എന്നത് പലര്‍ക്കും ഇടയാകുന്നില്ല. നമ്മുടെ സംസ്ഥാനം വിദ്യാഭ്യാസരംഗത്തു കുതിച്ചുചാട്ടം തന്നെ നടത്തിയെന്നു കാണുമ്പോഴാണ് മുന്‍പു ചൂണ്ടിക്കാട്ടിയതുപോലെ പ്രാഥമിക വിദ്യാഭ്യാസത്തിനായി വിദ്യാലയങ്ങള്‍ തേടിപ്പോയ കുരുന്നുകള്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റതെന്ന ദുഃഖകരമായ അവസ്ഥ നാടു കാണേണ്ടി വന്നത്. വിവേകശാലികളില്‍ അമ്പരപ്പുണ്ടാക്കുന്നതായി ഈ അവസ്ഥ.
വിദ്യാഭ്യാസത്തിനും ശുചിത്വത്തിനും ഗുരുദേവന്‍ എത്രമാത്രം പ്രാധാന്യം നല്കിയിരുന്നുവെന്നു കണ്ടറിഞ്ഞവരാണ് മലയാളികള്‍. വിദ്യകൊണ്ടു സ്വതന്ത്രരാകുവാനാണു ഗുരുദേവന്‍ ഉപദേശിച്ചത്. അതേപോലെ ശുചിത്വം അടുക്കളയില്‍ നിന്നും തുടങ്ങണമെന്നും അവിടുന്നു കല്പിച്ചു. ശിവഗിരി തീര്‍ത്ഥാടനത്തിനായി എട്ടു വിഷയങ്ങള്‍ ഉപദേശിച്ചപ്പോള്‍ പ്രഥമസ്ഥാനം നല്കിയതു വിദ്യാഭ്യാസത്തിനായിരുന്നു. ശുചിത്വമായിരുന്നു തൊട്ടുപിന്നാലെ. ഈശ്വരചിന്തപോലും അതിനുശേഷമായിരുന്നുതാനും. വിദ്യാഭ്യാസവും ശുചിത്വവും കരഗതമായാല്‍ മനുഷ്യര്‍ ഈശ്വരവിശ്വാസികളായി മാറും എന്നു തൃപ്പാദങ്ങള്‍ കണ്ടറിഞ്ഞിരുന്നു. എത്രമാത്രം വിദ്യാഭ്യാസം നല്കിയാലും പഠനം തീരുന്നില്ലല്ലോ. വിദ്യ രണ്ടുതരമുണ്ട്. പരാവിദ്യ, അപരാവിദ്യ- പരമായ വിദ്യ എന്നത് ആത്മവിദ്യ ആണ്. അപരാവിദ്യ അവിദ്യ എന്നു പറയും. പക്ഷേ അപരമായ വിദ്യയിലൂടെ നമുക്ക് ഭൗതിക സാഹചര്യങ്ങള്‍ ഉണ്ടാകും എന്നിരുന്നാലും. ആധുനിക വിദ്യാഭ്യാസരീതികള്‍ കാലംതോറും പരിഷ്‌കരിച്ചു കൊണ്ടും നവീനങ്ങളായ മേഖലകള്‍ കീഴടക്കിക്കൊണ്ടുമിരിക്കും. ശിവഗിരി തീര്‍ത്ഥാടന ലക്ഷ്യങ്ങളില്‍ അവസാനമായി നല്കിയതു ശാസ്ത്രസാങ്കേതിക വിഷയങ്ങളില്‍ അവഗാഹം നേടണമെന്നതായിരുന്നു. ഇതൊക്കെ വന്നുചേരണമെങ്കില്‍ പ്രാഥമിക വിദ്യാഭ്യാസം മുതലെ നാം ഗുണമേന്മയുള്ള വിദ്യാഭ്യാസരീതികളുമായി പൊരുത്തപ്പെടാനുള്ള അനുകൂലസാഹചര്യം വന്നുചേരണം. അതിനുള്ള പ്രധാനഘടകങ്ങളില്‍ ഒന്നാണ് മെച്ചപ്പെട്ട ഭക്ഷണം കൂടി കുട്ടികള്‍ക്കു നല്കുവാന്‍ കഴിയുക എന്നത്.
സ്‌കൂള്‍ പ്രവേശനവേളയില്‍ത്തന്നെ ആരെയും വേദനിപ്പിക്കുന്നതും നാടിനെ നാണം കെടുത്തുന്നതു മായ അവസ്ഥയ്ക്കാണു സംസ്ഥാനം സാക്ഷ്യം വഹിച്ചത്. ഈശ്വരകൃപയാല്‍ വലിയ ദുരന്തം ഒന്നും സംഭവിക്കാതെ കാര്യങ്ങള്‍ കെട്ടടങ്ങുകയുണ്ടായി. കൂടുതല്‍ മേഖലകളിലേക്കു വ്യാപിച്ചതുമില്ല. ഈവിധം ദുരന്തം പിന്നാലെ വന്നതുമില്ല. ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന ഒരു മുന്നറിയിപ്പായി നമുക്ക് സ്‌കൂള്‍ പ്രവേശനവേളയില്‍ ചിലയിടത്തു സംഭവിച്ച ദുരന്തത്തെ കാണാനാകണം. ഗുരുദേവന്‍ വിദ്യാഭ്യാസത്തിനു നല്കിയ പ്രാധാന്യത്തെപ്പറ്റി ആവര്‍ത്തിക്കേണ്ടതില്ല.
കുഞ്ഞുങ്ങളെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഗുരുദേവന്‍ അവരോടു അന്വേഷിക്കാറുള്ളതു പഠിപ്പിനെപ്പറ്റിയായി. നന്നായി പഠിക്കണമെന്നവരെ ഉപദേശിക്കുമായിരുന്നു. മാത്രമല്ല മാതാപിതാക്കളോടും കുട്ടികളെ ഏറ്റവും നല്ലരീതിയില്‍ പഠിപ്പിക്കണമെന്നു ഉപദേശിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കു ധനസഹായം ചെയ്യുന്നതിന്റെ പ്രയോജനത്തെപ്പറ്റി ഗുരുദേവന്‍ പറഞ്ഞിരുന്നത് ‘ധനംവിദ്യയാകും. വിദ്യ സേവനമാകും എന്നായിരുന്നു. വര്‍ത്തമാനകാല ചിന്തകളില്‍ ഗുരുദേവ വാണികള്‍ കടന്നു വരണം.
നല്ല വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണത്തിനു പര്യാപ്തമായ ആഹാരം എന്നിവ ഉണ്ടാവണം. സ്‌കൂളുകളിലെ പാചക സംവിധാനങ്ങള്‍ ശുചിത്വമുള്ളതാകണം. ലഭ്യമാകുന്ന ഭക്ഷ്യധാന്യങ്ങള്‍ മെച്ചപ്പെട്ട നിലവാരം പുലര്‍ത്തുന്നവയാകണം. രക്ഷകര്‍ത്താക്കളെയും നാടിനെയും മുള്‍മുനയില്‍ നിര്‍ത്തുന്നവിധം അനിഷ്ടങ്ങള്‍ ഒന്നും സംഭവിക്കാതെയിരിക്കണം. അതാവട്ടെ നമ്മുടെ മുന്നോ ട്ടുള്ള കാഴ്ചപ്പാട്. എല്ലാ കുട്ടികള്‍ക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കാനും വിദ്യകൊണ്ടു സ്വതന്ത്രരാകാനും കഴിയട്ടെ,